Aksharathalukal

നീലനിലാവേ... 💙 - 7

ഉമ്മറത്തെ പടിയിൽ ആകാശത്തേക്കും നോക്കി നിള ഇരുന്നു.. എന്നും സന്ധ്യ കഴിഞ്ഞാൽ കട അടച്ച് ഇറങ്ങുന്ന നേരം പുഴക്കരയിൽ അനിയുടെയും ജിതേഷിന്റെയും ഒപ്പം കൂടിയിട്ടേ ദേവ് വീട്ടിൽ വരാറുള്ളൂ.. ഇവിടെ എത്തിയത് മുതൽ തുടങ്ങിയ ശീലമാണ് അവന് അത്.. കുടിച്ചില്ലെങ്കിൽ പോലും ആ ഇരിപ്പ് മുടക്കില്ല.. വെറുതെ ഓരോന്നും പറഞ്ഞ് അവിടെ ഇരിക്കുന്നത് ഒരു പതിവായിട്ടുണ്ട് മൂന്ന് പേർക്കും.. ഇടക്ക് വിനുവേട്ടനും ചെല്ലാറുണ്ട് എന്നാണ് കേട്ടത്.. മൂന്നും കൂടി കഴിഞ്ഞാൽ പിന്നെ അടുത്തൊന്നും നോക്കണ്ട.. സമയം പോലും ഓർക്കാതെ ഓരോരോ കളിയും ചിരിയും ഒക്കെയായി അങ്ങ് ഇരിക്കും.. ഓർത്ത് ഇരിക്കെ റോഡ് അരികിൽ ബൈക്ക് നിർത്തി ഭദ്രൻ ഇറങ്ങി വരുന്നത് കണ്ട് അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു...

\"\"\" എന്താ ഭദ്രാ വൈകിയെ? \"\"\" അവൻ അടുത്ത് എത്തിയതും അവൾ തിരക്കി...

\"\"\" ഷോപ്പ് അടക്കാൻ വൈകി... \"\"\" അവൻ അവൾക്ക് അടുത്തായി പടിയിലേക്ക് ഇരുന്നു...

\"\"\" രാത്രി ഒറ്റക്ക് ഇവിടെ വന്ന് ഇരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ, കുഞ്ഞൂ... \"\"\" ഫോൺ മുകളിലത്തെ പടിയിലേക്ക് വെച്ചിട്ട് അവൻ അവളുടെ നീട്ടി വെച്ചിരിക്കുന്ന കാല് എടുത്ത് തന്റെ മടിയിലേക്ക് വെച്ചു.. നിള അവന്റെ തോളിലേക്ക് ചാരി.. അവന്റെ നെറ്റിചുളിഞ്ഞു...

\"\"\" എന്ത് പറ്റി? \"\"\" ഒന്നും മിണ്ടാതെ എങ്ങോ നോക്കി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് അവനൊന്ന് തലതാഴ്ത്തി നോക്കി...

\"\"\" ഭദ്രാ... \"\"\" അവന്റെ ചോദ്യത്തെ അവഗണിച്ച് അവൾ മെല്ലെ വിളിച്ചു.. അവളുടെ നെറുകയിൽ കൈ വെച്ച് അവനൊന്ന് മൂളി.. ഒരു നിമിഷം അവൾ മൗനമായി.. അതിൽ നിന്ന് തന്നെ അവളുടെ ഉള്ളിൽ എന്തോ ഒന്നുണ്ടെന്ന് അവന് മനസ്സിലായി...

\"\"\" കുഞ്ഞൂ... \"\"\"

\"\"\" ഞാൻ.. ഞാൻ തിരിച്ച് പോകട്ടേ?, ഭദ്രാ... \"\"\" വലം കൈയ്യാൽ അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ വിളിച്ചതും അവൾ ഇടർച്ചയോടെ ചോദിച്ചു.. ഞെട്ടലോടെ അവൻ അവളെ തന്നിൽ നിന്ന് വലിച്ച് മാറ്റി...

\"\"\" എന്താ നീ ചോദിച്ചത് ? \"\"\" അവൻ അവളെ ഉറ്റു നോക്കി.. അവൾ തലതാഴ്ത്തി...

\"\"\" കുഞ്ഞൂ, നിന്നോടാ ഞാൻ ചോദിച്ചത്... \"\"\" അവന്റെ ശബ്ദം ഉയർന്നു...

\"\"\" അവനെന്നെ ഇഷ്ടമല്ല, ഭദ്രാ... \"\"\" അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി നിലത്തേക്ക് ഇറ്റു വീണു.. അവന്റെ കൈ അവളിൽ നിന്ന് അയയ്ഞ്ഞു.. അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായില്ല...

\"\"\" സ്നേഹം.. സ്നേഹം മാത്രേ ഉള്ളൂ.. വാത്സല്യം.. വാത്സല്യമാ.. എപ്പോഴും... \"\"\" കണ്ണുനീരിലും അവന്റെ തോളോട് ചേർന്നിരുന്നവൾ പുഞ്ചിരിച്ചു.. ഭദ്രന്റെ മിഴികൾ അവളുടെ മുഖത്ത് തന്നെയായിരുന്നു.. അവൾ പറയുന്നതിന്റെ അർത്ഥം... അത് അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല...

\"\"\" നിളാ... \"\"\" അവന്റെ ശബ്ദം നേർത്തു.. അവൾ പിന്നെയും ചിരിച്ചു...

\"\"\" പ്രണയമില്ല, ഭദ്രാ... ദേവർകാവിൽ ദേവാദിദേവിന് അന്നും ഇന്നും നിള ദർശിയോട് ആകെയുള്ളത് സ്നേഹവും വാത്സല്യവും മാത്രമാണ്!!........ \"\"\" ഹൃദയം വിങ്ങുന്ന നോവിലും അവൾ നിറഞ്ഞ് ചിരിച്ചു.. പകച്ചു പോയി അവൻ...

\"\"\" നീ.. നീ എന്താ കുഞ്ഞൂ... \"\"\"

\"\"\" സത്യമാണ്!, ഭദ്രാ.. ഇന്നുവരെ സ്വന്തം പെണ്ണെന്ന നിലയിൽ അവനെന്നെ കണ്ടിട്ടില്ല.. ആ ഒരു ചിന്തയിൽ എന്നെ ചേർത്ത് പിടിച്ചിട്ടില്ല.. ഞാൻ അവന്റേതാണ് എന്നൊരു ചിന്ത പോലും അവനില്ല.. അമ്മയുടെ ഏട്ടന്റെ മകൾ.. ഒരു കൊച്ച് പെണ്ണ്.. അത് മാത്രമാണ് എനിക്ക് അവന്റെ മനസ്സിലുള്ള സ്ഥാനം..!! \"\"\" ഓരോ വാക്ക് പറയുമ്പോഴും ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു...

\"\"\" ഈ നാട്ടിൽ മാത്രമല്ല, ഭദ്രാ.. ഈ വീട്ടിലും ഒരുതരത്തിൽ ഞാൻ അവന് അനിയത്തി തന്നെയാ... എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയ്ക്ക് പോലും ഒരു വിലയും ഇല്ലെന്ന് തോന്നി പോകാറുണ്ട് എനിക്ക് ചില നേരത്ത്... \"\"\" വസ്ത്രത്തിനുള്ളിൽ മാറോട് ചേർന്ന് കിടക്കുന്ന താലിയിൽ കൈ അമർത്തി പറയുന്ന അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.. അവന്റെ ഉള്ളം വിങ്ങി.. മുന്നിൽ ഇരിക്കുന്ന ആ പെണ്ണിനെ എങ്ങനെ പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് പോലും അവന് അറിയുമായിരുന്നില്ല.. കാരണം... ദേവ്... അവന്റെ ഉള്ളിൽ അവൾക്ക് അങ്ങനെയൊരു സ്ഥാനം ഇല്ലെന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇന്നുവരെ അവരെ രണ്ടാളെയും ഒരുമിച്ച് കണ്ടിട്ടുള്ള നിമിഷങ്ങൾ അവനൊന്ന് ഓർത്തു... ദേവിന്റെ കണ്ണുകൾ.. അവയിൽ അവനൊന്ന് തിരഞ്ഞു.. സ്നേഹം.. വാത്സല്യം.. ഇതല്ലാതെ.. എന്തെങ്കിലും ആ കണ്ണുകളിൽ കണ്ടിട്ടുണ്ടോ.. എന്നവൻ ഓർമ്മകളിൽ ഒന്ന് തേടി.. ഒന്നിലും... ഒന്നിലും അങ്ങനെയൊന്ന് ഇല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം വിറയലോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി.. എങ്ങോ നോക്കി ചിരിക്കുന്നവൾ...

\"\"\" ഞാനല്ലേ?, ഭദ്രാ... തെറ്റുകാരി.. ഉള്ളിൽ തോന്നിയൊരു ഭ്രാന്തമായ ഇഷ്ടത്തെ... പ്രണയത്തെ... എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഞാൻ അവനിൽ അടിച്ചേൽപ്പിച്ചു.. അല്ലേ?, ഭദ്രാ... \"\"\" അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" കുഞ്ഞൂ... \"\"\" അവന്റെ കണ്ണുകൾ കലങ്ങി...

\"\"\" വേണ്ടിയിരുന്നില്ല, ഭദ്രാ.. ഇന്നലെ അവൻ എന്നോട് പറഞ്ഞു.. ഞാൻ അവന്റെ അടുത്തേക്ക് വരാൻ പാടില്ലായിരുന്നു എന്ന്.. തെറ്റായി പോയി.. എല്ലാം സഹിച്ച്... അവർ കണ്ടെത്തുന്ന ഏതെങ്കിലും ഒരുത്തനെ കെട്ടി... ജീവിതം നശിച്ച് തീരണമായിരുന്നു ഞ.... \"\"\"

\"\"\" നിളാ!!! \"\"\" പറഞ്ഞ് പൂർത്തിയാക്കും മുൻപ് ശാസന നിറഞ്ഞ ആ വിളിയ്ക്ക് ശേഷം അവളെ തന്നിലേക്ക് പൊതിഞ്ഞ് പിടിച്ചിരുന്നു അവൻ.. ഇനിയും പിടിച്ച് നിൽക്കാൻ ആകില്ലെന്ന പോലെ അവൾ പൊട്ടി കരഞ്ഞു...

\"\"\" സത്യമല്ലേ, ഭദ്രാ.. നീ ഒന്ന് ഓർത്ത് നോക്ക്... എല്ലാം.. എല്ലാം എന്റെ വാക്കിൻ മേൽ നടന്നതാണ്... അവന്റെ ആഗ്രഹം ആയിരുന്നില്ല ഒന്നും.. താല്പര്യം ഉണ്ടായിരുന്നില്ല അവന് ഒന്നിനും... ഞാനാണ് എല്ലാം... വയ്യ, ഭദ്രാ.. മടുത്തു എനിക്ക്.. എന്തിനാ ദൈവം എന്നെ ഇങ്ങനെ.. ആർക്കും വേണ്ടാത്ത.. ഒരു മൊണ്ടി... \"\"\"

\"\"\" വായടക്ക്!!, കുഞ്ഞൂ... \"\"\" അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ ശബ്ദം ഉയർത്തി.. ചുണ്ടുകൾ കൂട്ടി പിടിച്ച് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു...

\"\"\" ഇനി.. ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും നിന്റെ വായിൽ നിന്ന് വന്നാൽ ഏട്ടത്തിയുടെ സ്ഥാനം ഉള്ളവളാണെന്നോ അനിയത്തിയാണെന്നോ ഒന്നും നോക്കില്ല ഞാൻ...!! നല്ല തല്ല് കിട്ടും നിനക്ക് എന്റെ കൈയ്യിൽ നിന്ന്... പറഞ്ഞത് കേട്ടോ...? \"\"\" ദേഷ്യത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അന്നേരം.. അവളൊന്നും മിണ്ടിയില്ല.. ഏങ്ങി കരയുന്ന അവളുടെ ചുമലിൽ അവൻ മെല്ലെ തട്ടി...

\"\"\" കരയുന്നത് നിർത്ത്, കുഞ്ഞൂ.. നീ കരുതുന്നത് പോലെയൊന്നും ആയിരിക്കില്ല.. കുഞ്ഞല്ലേ നീ.. അതോർത്ത് ആകും അവൻ.. അല്ലാതെ ഒന്നും ആകില്ല... \"\"\" അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. തന്റെ ഉള്ളിലെ തോന്നലുകളും മറ്റും അവളെ അറിയിക്കാതെ.. മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ ആശയക്കുഴപ്പത്തിൽ ആയപ്പോഴും അവൻ അതൊന്നും പുറത്ത് കാണിച്ചില്ല...

ഏറെ നേരം അവൾ ആ ഇരിപ്പ് ഇരുന്നു.. ഒരുവിധം മനസ്സൊന്ന് ശാന്തമായെന്ന് തോന്നുന്നത് വരെ.. എപ്പോഴോ തന്റെ ഏങ്ങലടികൾ നിലച്ച നിമിഷം.. പതിയെ.. അവൾ അവനിൽ നിന്ന് അകന്ന് മാറി തന്റെ മുഖം അമർത്തി തുടച്ചു...

\"\"\" നീ.. നീ ഇതൊന്നും ചെന്ന് അവനോട് ചോദിക്കണ്ട.. അവനോട് എന്തെങ്കിലും മറച്ച് വെക്കുക എന്നത് നിനക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം.. എങ്കിലും.. ഇതൊന്നും അവൻ അറിയണ്ട... \"\"\" അവന്റെ കൈയ്യിൽ പിടി മുറുക്കി അവൾ അറിയിച്ചു.. അവൻ അവളെയൊന്ന് നോക്കി.. എന്തെന്ന അർത്ഥത്തിൽ...

\"\"\" എന്നെങ്കിലും.. എന്നെങ്കിലും അവന് സ്വയം തോന്നുന്നെങ്കിൽ അന്ന് മതി, ഭദ്രാ.. അല്ലാതെ.. ഞാനോ നീയോ പറഞ്ഞ് അവൻ ഇതേ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്...! അതെന്റെ വാശിയാണെന്ന് തന്നെ നീ കരുതിക്കോ.. മനസ്സിലാമനസ്സോടെ ആണെങ്കിൽ പോലും അവൻ താലി കെട്ടിയ പെണ്ണാണ് ഞാൻ എന്ന് അവൻ സ്വയം ഓർക്കുന്നൊരു ദിവസം വരുമെങ്കിൽ വരട്ടെ.. അന്ന് മതി.. എന്തായാലും... എല്ലാം.. അന്ന് മതി... \"\"\" ഉറച്ചതായിരുന്നു അവളുടെ തീരുമാനം.. അത് ആ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി.. മറുത്തൊന്നും പറയാതെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവൻ ആ കുഞ്ഞ് നെറ്റിയിൽ തന്റെ ചുണ്ട് ചേർത്തു...

\"\"\" ഇന്ന് ചിന്തിച്ചത് പോലെ ഇനി ഒരിക്കലും ചിന്തിക്കരുത്... \"\"\" ചുണ്ടുകൾ വേർപെടുത്തും നേരം അവളുടെ മുഖത്തേക്ക് നോക്കി അത്ര മാത്രം അവൻ പറഞ്ഞു.. നേർത്തൊരു ചിരിയോടെ അവൾ കണ്ണ് ചിമ്മി.. ചില നേരം ഉള്ളിലെ സങ്കടങ്ങൾ മറച്ച് എപ്പോഴും ചിരിയോടെ ഇരിക്കാൻ അവൾക്കൊരു പ്രത്യേക കഴിവാണെന്ന് തോന്നി അവന്... കാണാൻ ചെറുത് ആണെങ്കിലും പല കാര്യങ്ങളിലും പ്രായത്തെക്കാൾ പക്വത ഉള്ളവളാണ്.. പക്ഷേ, കുഞ്ഞ് മനസ്സാണ് അവൾക്ക്... പെട്ടന്ന് സങ്കടം വരുന്ന കൂട്ട്... ഓർത്ത് കൊണ്ട് അവളെ വിടാതെ ചേർത്ത് പിടിച്ച് പിന്നിലെ കൈവരിയിൽ ചാരി അവൻ ഇരിക്കുമ്പോൾ നിളയുടെ മനസ്സും എങ്ങും ഇല്ലാതെ പാറി നടന്നു.. അവളുടെ ഉള്ളിൽ ഓർമ്മകളുടെ ഒരു കൊടും കാറ്റ് വീശി... മൂന്ന് വർഷം മുൻപ് ദേവിനൊപ്പം ദേവർകാവിലേക്ക് കയറി ചെന്ന ദിവസം അവളൊന്ന് ഓർത്തു.. സ്വന്തം അമ്മയുടെ വെറുപ്പും ദേഷ്യവും സഹിക്കാൻ കഴിയാതെ എന്നോ തനിക്ക് നഷ്ടപ്പെട്ട തന്റെ അച്ഛന്റെ ഒരു ഫോട്ടോ മാത്രം നെഞ്ചോട് ചേർത്ത് ആരും അറിയാതെ എന്നെന്നേക്കുമായി അമ്മയുടെ രണ്ടാം ഭർത്താവിന്റെ വീട്ടിലെ പടിയിറങ്ങിയത്.. രാത്രി ഭയന്ന് വിറച്ച് ബസ് സ്റ്റോപ്പിന്റെ മൂലയിൽ ഒളിച്ച് ഇരുന്ന് നേരം വെളുപ്പിച്ചത്.. രാവിലെ നേരം പുലർന്നപ്പോൾ, ആദ്യം കിട്ടിയ ബസ്സിൽ കയറി ദേവർകാവിലേക്കുള്ള വഴി പോലും അറിയാതെ എങ്ങനെ ഒക്കെയോ തേടി പിടിച്ച് ദേവിന് അരികിൽ എത്തിയത്.. എല്ലാം അവളുടെ ഉള്ളിലൂടെ ഒരു സ്വപ്നം പോലെ മിന്നിമറഞ്ഞു.. അന്ന്... അന്ന് എന്തായിരുന്നു മനസ്സിൽ...? അവൾ ആലോചിച്ചു.. ഭയം.. \' ഇനി അവളെ പഠിക്കാൻ വിടേണ്ട \' എന്ന രണ്ടാനച്ഛന്റെ വാക്കുകൾ...! \' പതിനെട്ട് വയസ്സ് തികഞ്ഞാൽ ഉടൻ കെട്ടിച്ച് വിടാം.. അതോടെ തീരുമല്ലോ ശല്യം!... \' എന്ന് അയാളുടെ അമ്മ പറഞ്ഞപ്പോൾ ഒരു ഭാവവ്യത്യാസവുമില്ലാതെ കേട്ട് നിന്ന സ്വന്തം അമ്മയുടെ മൗനം... സദാസമയവും അടുക്കളയിൽ കഴിച്ച് കൂട്ടിയ ദിനങ്ങൾ... ഇടിയുടെ മുഴക്കം കേൾക്കുമ്പോൾ തനിച്ച് ഭയന്ന് മുറിയുടെ ഒരു മൂലയിൽ ഒതുങ്ങി കൂടിയ രാത്രികൾ... ജനിപ്പിച്ച അവരിൽ നിന്ന് തന്നെ മൊണ്ടീ എന്ന അരിശത്തോടെയുള്ള വിളി കേട്ട് ചങ്ക് തകർന്ന് താൻ കരഞ്ഞത്... ഇനിയും പിടിച്ച് നിൽക്കാൻ ആകില്ലെന്ന് മനസ്സിൽ ഉറപ്പിച്ച് ഒടുവിൽ ആദിയേട്ടനെ തേടി ഇറങ്ങിയത്... എല്ലാം ഓർമ്മിക്കെ.. അവളുടെ കുഞ്ഞി കണ്ണുകളിൽ വീണ്ടും കണ്ണുനീർ തുള്ളികൾ ഉരുണ്ട് കൂടി.. ജന്മം നൽകിയ അമ്മയ്ക്ക് വെറുക്കപ്പെട്ടവൾ ആയി മാറിയ ഒരുത്തി..! എല്ലാവർക്കും ശല്യമായവൾ... എല്ലായിടത്തും അധികപെറ്റായവൾ... മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ജന്മം എടുത്തവൾ... അപ്പോഴും അവളുടെ ഹൃദയം അവളെ കുറ്റപ്പെടുത്തി പറഞ്ഞുകൊണ്ടിരുന്നു...

                                🔹🔹🔹🔹

പുഴക്കരയിൽ നിന്ന് പതിവിലും നേരത്തെയാണ് ദേവ് വീട്ടിൽ എത്തിയത്.. അവന്റെ ബൈക്ക് കണ്ടപ്പോഴേ ഭദ്രൻ പോകാൻ ഇറങ്ങി.. നിളയോട് യാത്ര പറഞ്ഞ് അവൻ റോഡ് കടന്നതും വീട്ടുമുറ്റത്ത് വണ്ടി കൊണ്ട് നിർത്തി ദേവ് ഒന്ന് തിരിഞ്ഞ് നോക്കി...

\"\"\" അവന്റെ മുഖമെന്താ ഒരു കടുപ്പത്തിൽ? \"\"\" ബൈക്കിൽ നിന്ന് ഇറങ്ങി ദേവ് അവൾക്ക് അടുത്തേക്ക് ചെന്നു...

\"\"\" അറിയില്ല... \"\"\" അവന് മുഖം കൊടുക്കാതെ അവൾ കൈവരിയിൽ പിടിച്ച് എഴുന്നേറ്റ് അകത്തേക്ക് നടന്നു.. പിന്നാലെ ഒരിക്കൽ കൂടി ഭദ്രൻ പോയ വഴിയേ ഒന്ന് നോക്കിയിട്ട് ദേവും അകത്തേക്ക് കയറി...

\"\"\" നീ മേല് കഴുകിയിട്ട് വാ.. ഞാൻ അപ്പോഴേക്കും ചപ്പാത്തി ചുടാം... \"\"\" ഊണുമേശയുടെ ഭാഗത്തെ ലൈറ്റ് ഇട്ട് അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയതും പെട്ടന്ന് അവൻ അവളുടെ കൈയ്യിൽ കയറി പിടിച്ചു.. അവളുടെ കാലുകൾ നിശ്ചലമായി...

\"\"\" എന്തിനാ കരഞ്ഞത് ? \"\"\" തിരിഞ്ഞ് നോക്കും മുൻപ് അവന്റെ ചോദ്യം അവളെ തേടിയെത്തി.. അവൾ തിരിഞ്ഞ് നോക്കി...

\"\"\" ഞാനോ? ഞാൻ എന്തിനാ കരയുന്നത്? \"\"\" അവൾ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.. അവളിൽ നിന്ന് നോട്ടം മാറ്റാതെ അവൾക്ക് അടുത്തേക്ക് നീങ്ങി നിന്ന് അവൻ വലം കൈ ഉയർത്തി അവളുടെ കവിളിൽ വെച്ച് ഒന്ന് തഴുകി...

\"\"\" ആദ്യമായല്ല കുഞ്ഞൂ ഞാൻ നിന്നെ കാണുന്നത്... \"\"\" അവളുടെ വീർത്ത കൺപോളകളിൽ അവന്റെ നോട്ടം പതിഞ്ഞു.. ഒത്തിരി കരഞ്ഞാൽ മാത്രമേ ആ കണ്ണുകൾ ഇങ്ങനെ വീങ്ങാറുള്ളൂ.. എന്ന അറിവിൽ അവൻ ആ മിഴികളിൽ പതിയെ ഒന്ന് വിരൽ ചലിപ്പിച്ചു.. ആഞ്ഞ് മിടിച്ചു പോയി അവളുടെ ഹൃദയം!... കണ്ണുകൾ സ്വയം അറിയാതെ അവന്റെ സ്പർശനത്തിൽ അടയുമ്പോൾ അവൾക്ക് പിന്നെയും കരയാൻ തോന്നി.. ഈ മനുഷ്യൻ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ.. ഈ സാന്നിധ്യത്തിൽ... ഈ സ്പർശനത്തിൽ.. എല്ലാം.. തന്നിൽ ഉണ്ടാകുന്ന ഈ മാറ്റം.. അത് തനിക്ക് മാത്രമാണ് അറിയുന്നത്... അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി.. ഞൊടിയിടയിൽ അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്ന് അവൾ അവനിൽ നിന്ന് പിന്നിലേക്ക് മാറി...

\"\"\" അച്ഛനെ ഓർത്തതാ... \"\"\" അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അവൾ വേഗം തിരിഞ്ഞ് അടുക്കളയിലേക്ക് കയറി പോയി...

\"\"\" പാവം... \"\"\" ആരോടെന്നില്ലാതെ ഒരു നിശ്വാസത്തോടെ പറയുന്നതിനൊപ്പം അവനും തിരിഞ്ഞ് മുറിയിലേക്ക് നടന്നു...

________________________🦋

കുളി കഴിഞ്ഞ് കുളിമുറിയിൽ നിന്ന് ഇറങ്ങി ദേവ് തല തുവർത്തി കൊണ്ട് ഉമ്മറത്തേക്ക് കയറുമ്പോൾ സോഫയിൽ ഇരുന്ന് ടീവി കാണുന്ന നിളയെയാണ് കണ്ടത്...

\"\"\" ഇങ്ങനെ ഏത് നേരവും ഇതിന് മുന്നിൽ ഇരിക്കാതെ നിനക്ക് രണ്ടക്ഷരം ഇരുന്ന് പഠിച്ചൂടെ?, കുഞ്ഞൂ... \"\"\" തോർത്ത് കഴുത്തിന് കുറുകെ ഇട്ട് അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു...

\"\"\" കഴിക്കാൻ എടുക്കാം... \"\"\" ടീവി ഓഫ് ചെയ്ത് അവൾ എഴുന്നേറ്റ് ഊണുമേശയുടെ അടുത്തേക്ക് പോയി.. തന്റെ ചോദ്യം കേട്ടതായി പോലും ഭാവിക്കാതെയുള്ള അവളുടെ പറച്ചിലും പോക്കും കണ്ട് അവൻ അവളെയൊന്ന് നോക്കി കൊണ്ട് ഊണുമേശയ്ക്ക് അരികിലേക്ക് ചെന്നു...

\"\"\" സെം എക്സാം എപ്പോഴാ? \"\"\" മേശയുടെ അടുത്തെ കസേര വലിച്ചിട്ട് അവൻ അതിലേക്ക് ഇരുന്നു...

\"\"\" അറിയില്ല... \"\"\" അവൾ പ്ലേറ്റ് എടുത്ത് അവന് ഓപ്പോസിറ്റായി ഇരുന്ന് രണ്ട് ചപ്പാത്തി എടുത്ത് അതിലേക്ക് വെച്ച് കഴിക്കാൻ തുടങ്ങി.. അവന്റെ മുഖമൊന്ന് കടുത്തു.. എങ്കിലും രാത്രി ഒരു വഴക്ക് വേണ്ടന്ന് കരുതി അവനൊന്നും മിണ്ടിയില്ല...

കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് അവൾ അടുക്കളയിലേക്ക് പോകുമ്പോഴേക്കും അവനും കഴിച്ച് കഴിഞ്ഞിരുന്നു.. പ്ലേറ്റും കറിയുടെ പാത്രവും എടുത്ത് അവൻ അവൾക്ക് പിന്നാലെ ചെന്നു...

\"\"\" മാറിക്കോ, കുഞ്ഞൂ.. ഞാൻ കഴുകാം... \"\"\" പ്ലേറ്റ് സ്ലാബിലേക്ക് വെച്ചിട്ട് അവൻ ഇടം കൈയ്യാൽ അവളെ സിംഗിന് അടുത്ത് നിന്ന് പിടിച്ച് മാറ്റി...

\"\"\" കാലിന് വേദനയെന്തെങ്കിലും ഉണ്ടോ? \"\"\" കഴുകിയ പ്ലേറ്റ് മാറ്റി വെക്കുന്ന കൂട്ടത്തിൽ തന്റെ അടുത്തായി സ്ലാബിൽ ചാരി നിൽക്കുന്നവളോടായി അവൻ ആരാഞ്ഞു...

\"\"\" ചെറുതായിട്ടേ ഉള്ളൂ, ദേവാ.. വലിയ കുഴപ്പമില്ല... \"\"\" അല്പം മുൻപ് ഉണ്ടായിരുന്ന കടും പിടിത്തം മാറി ഇപ്പൊ അവളുടെ ശബ്ദം ഒന്ന് അയഞ്ഞിട്ടുണ്ട് എന്നത് അവൻ ശ്രദ്ധിച്ചു...

പിന്നീട് പാത്രം കഴുകി തീരുന്നത് വരെ അവരൊന്നും മിണ്ടിയില്ല.. എല്ലാം കഴുകി കഴിഞ്ഞ ശേഷം അവൻ സ്ലാബ് തുടച്ച് വൃത്തിയാക്കിയിട്ട് അവൾക്ക് നേരെ തിരിഞ്ഞു.. ഒന്നും അറിയാതെ.. ഏതോ ലോകത്തെന്ന പോൽ ആലോചനയിൽ മുഴുകി നിൽക്കുന്നവളെ കാൺകെ അവനൊന്ന് സംശയിച്ചു...

\"\"\" ഏത് നേരവും ആലോചനയാണല്ലോ, കുഞ്ഞുവേ... എന്താ എന്റെ കുട്ടിയ്ക്ക് ഇതിനും മാത്രം ചിന്തിക്കാൻ ? \"\"\" കൈ രണ്ടും മുണ്ടിൽ തുടച്ചിട്ട് അവൾക്ക് അടുത്തായി സ്ലാബിൽ ചാരി നിന്ന് അവൻ അവളുടെ തോളിൽ കൈയ്യിട്ടു...

\"\"\" നമ്മളെന്നാ ദേവാ ഇവിടുന്ന് പോകുന്നത്? \"\"\" അവൾ അവന്റെ നെഞ്ചിലേക്ക് ചാരി...

\"\"\" എന്തേ? പോകാൻ തിടുക്കം ആയോ എന്റെ കുഞ്ഞൂന്...? \"\"\" അവളെ ചേർത്ത് പിടിച്ച് അവൻ അവളുടെ മുഖത്തേക്ക് തലതാഴ്ത്തി നോക്കി.. അവളൊന്ന് ചിരിച്ചു...

\"\"\" ജീവിതം ഒരു അഭിനയം ആണെന്ന് തോന്നി പോവാ, ദേവാ.. ഇവിടെ നിൽക്കുമ്പോ.. ഞാനും.. നീയും.. ഒക്കെ.. മറ്റാരോ ആണെന്ന പോലെ... \"\"\" അവൾ ഇടം കൈയ്യാൽ അവനെയൊന്ന് ചുറ്റി പിടിച്ചു...

\"\"\" എന്തൊക്കെയാ പെണ്ണെ നീ പറയുന്നത്? \"\"\" അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാതെ അവൻ നെറ്റിചുളിച്ചു...

\"\"\" ഒന്നുല്ല, ദേവാ.. ഇവിടെ ഭയങ്കര ബോറടിയാ.. നീ നാളെ കടയിലേക്ക് പോകുമ്പോ ഞാനും വരട്ടെ നിന്റെ കൂടെ? പ്ലീസ്... \"\"\" കണ്ണൊക്കെ ചുരുക്കി അവൾ കെഞ്ചി.. ചിരി വന്നെങ്കിലും അവനത് പുറത്ത് കാണിക്കാതെ മുഖത്ത് കുറച്ച് ഗൗരവം വരുത്തി...

\"\"\" കടയിൽ വന്നിരുന്ന് പഠിക്കാമെന്ന് ഏറ്റാൽ കൊണ്ട് പോകാം... \"\"\" അതേ ഭാവത്തിൽ അവൻ പറഞ്ഞതും അവളുടെ ചുണ്ട് കൂർത്തു...

\"\"\" നീ കൊണ്ട് പോകണ്ടടാ!!.. ഞാൻ ഇവിടെ ഇരുന്നോളാം!.. എനിക്കൊന്നും വേണ്ട നിന്റെ പാട്ട ഔദാര്യം... ഹും.. അവന്റെ ഒരു പഠിപ്പ്... അലവലാതി തെണ്ടി പട്ടി ചെറ്റ!! \"\"\" അവനെ തള്ളി മാറ്റി പറഞ്ഞ ശേഷം മുഖം വെട്ടി തിരിച്ച് പിറുപിറുത്ത് കൊണ്ട് അവൾ ചവിട്ടി തുള്ളി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. പൊട്ടി വന്ന ചിരി ഒരു വിധം ഒതുക്കി അവിടുത്തെ ലൈറ്റ് ഓഫ് ചെയ്ത് അവനും അവൾക്ക് പിന്നാലെ ചെന്നു...









തുടരും........................................









Tanvi 💕



നീലനിലാവേ... 💙 - 8

നീലനിലാവേ... 💙 - 8

4.3
1472

ജനാലയിലൂടെ അകത്തേക്ക് പ്രവേശിച്ച പ്രകാശത്തിൽ കൈ ഉയർത്തി മുഖമൊന്ന് മറച്ച ശേഷം അവൾ മെല്ലെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു.. രാത്രി ഓരോന്ന് ഓർത്ത് ജനലരികിൽ നിന്നിട്ട് ഉറക്കം വരാൻ തുടങ്ങിയപ്പോ കട്ടിലിൽ വന്ന് കിടന്ന നേരം രാവിലെ തുറന്നിട്ട ആ ജനാല അടക്കാൻ മറന്നിരുന്നു എന്ന് അവൾ അപ്പോഴാണ് ഓർത്തത്...\"\"\" ഭഗവാനേ... \"\"\" കൈകൾ കൂപ്പി പിടിച്ച് നെറ്റിയിൽ നിന്ന് നെഞ്ചിലേക്ക് മുട്ടിച്ച് ഒന്ന് പ്രാർത്ഥിച്ചിട്ട് അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.. സൈഡിൽ ഇരിക്കുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ ഏഴ് മണി ആകുന്നതേയുള്ളുവെന്ന് കണ്ട് അവൾ പിന്നിലെ കട്ടിലിന്റെ തലപ്പിൽ ചാരിയിരുന