Aksharathalukal

സീതാലക്ഷ്മി തിരക്കിലാണ് - അവസാന ഭാഗം.


 കാലം അതിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ദിനരാത്രങ്ങളുടെ കടന്നുപോക്ക് മനുഷ്യരിലും പ്രകൃതിയിലും പല മാറ്റങ്ങളും ഉണ്ടാക്കി.
 അനന്തനിൽ വന്ന മാറ്റം മേനോനും ഭാര്യക്കും വിശ്വസിക്കാവുന്നതിൽ അപ്പുറമായിരുന്നു. അടച്ചിട്ട മുറിയിലെ അജ്ഞാതവാസം ഇന്ന് പാടെ അനന്തൻ ഉപേക്ഷിച്ചിരിക്കുന്നു. ഇതിനിടെ രണ്ട് പുസ്തകം എഴുതി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

 പുഞ്ചിരി നിറഞ്ഞ മുഖത്തോടെയുള്ള അവന്റെ സംസാരം ഉറങ്ങിക്കിടന്ന ആ വീടിനെ ഉണർത്തി. സീതയെ കാണുമ്പോൾ പലപ്പോഴും മേനോന്റെയും, ഭാര്യയുടെയും മനസ്സിൽ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരും. അപ്പോഴൊക്കെ തങ്ങളുടെ മകന്റെ പരിമിതികളിലേക്ക് അവരുടെ മനസ്സ് ഓടിയെത്തും. പിന്നെ സ്വയം ഏവ ആശ്വസിക്കുകയും ചെയ്യും. എന്നാലും മനസ്സിനുള്ളിലെ ഒരു നീറ്റലായി അനന്തന്റെ ഒറ്റയ്ക്കുള്ള ജീവിതം അവരുടെ മനസ്സിൽ അവശേഷിച്ചു.

 കാലം കടന്നുപോയി.
 അപ്രതീക്ഷിതമായി അനന്തന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിച്ച ഒരു സംഭവം ഉണ്ടായി. അനന്തനു മാത്രമല്ല മേനോനും ഭാര്യക്കും എല്ലാവർക്കും അത് സന്തോഷം നൽകുന്നത് തന്നെയായിരുന്നു. അനന്തൻ എഴുതിയ നോവലിന് ആ വർഷത്തെ സാഹിത്യ പുരസ്കാരം ലഭിച്ചു. ജീവിതത്തിലെ കയ്പേറിയ ദിനങ്ങളിൽ നിന്ന് മോചനം നേടുകയായിരുന്നു അനന്തൻ. താൻ ജീവിച്ചു തീർത്ത ലോകത്തെ കഥാപാത്രങ്ങൾ  പേനത്തുമ്പിലൂടെ അടർന്നുവീണപ്പോൾ മനസ്സിനുള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടാതിരുന്നില്ല. കാലം കുറെ കടന്നു പോയെങ്കിലും ഓരോ മുഖങ്ങളും തന്റെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്.

 നിറഞ്ഞ സദസ്സിനു മുന്നിൽ തന്റെ വീൽചെയറിൽ, സദസ്സിന് അഭിമുഖമായി സ്റ്റേജിൽ ഇരിക്കുമ്പോൾ, അനന്തന്റെ കണ്ണുകൾ ഒരാളുടെ മുഖം തിരയുകയായിരുന്നു.
 അവതാരകൻ തന്റെ നേരെ നീട്ടിയ മൈക്ക് ചുണ്ടോട് അടിപ്പിക്കുമ്പോൾ അനന്തന്റെ ചുണ്ടിൽ നിന്ന് അടർന്നുവീണത് തന്റെ ജീവിതത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയായിരുന്നു.

" പരാജയങ്ങളുടെ നായകനായിരുന്നു ഞാൻ.... ഒരു ആപത് ഘട്ടത്തിൽ ഉറ്റവർ ഓടി അകരുന്നത് വേദനയോടെ നോക്കിനിന്നവനാണ് ഞാൻ.... അതിൽ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച എന്റെ പ്രണയിനി പോലും  ഉണ്ടായിരുന്നു..... "

 അനന്തന്റെ വാക്കുകൾ മുറിയാൻ തുടങ്ങിയിരുന്നു. പൊടിഞ്ഞിറങ്ങാറായ കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ തുടർന്നു.

" പിന്നെ എങ്ങനെ ഞാൻ എന്റെ ഈ ഏകാന്തതയുടെ തടവറയിൽ നിന്ന് മോചിതനായി എന്ന് ചോദിച്ചാൽ അതിന് ഒരു കഥയുണ്ട്....ആ കഥയാണ് ഞാൻ എഴുതിയ ' സീതാലക്ഷ്മി തിരക്കിലാണ് ' എന്റെ ഈ അവാർഡിന് അർഹമായ നോവൽ. ആ സീതാലക്ഷ്മിയാണ് എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.... അവൾ ഇന്ന് എനിക്ക് ആരാണെന്ന് ചോദിച്ചാൽ പല ഉത്തരങ്ങളും ഉണ്ട്... എന്റെ  ജീവനാണ്... ജീവിതമാണ്.... എല്ലാറ്റിനും ഉപരി എന്റെ ഭാര്യയാണ്.... "

 അനന്തൻ ഇതു പറയുമ്പോൾ സദസ്സിൽ പൂർണ്ണ നിശബ്ദത യായിരുന്നു. അയാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഓരോ കണ്ണുകളും പാഞ്ഞു. ആ കണ്ണുകൾ എല്ലാം ഒരു നിമിഷം സീതയിൽ തങ്ങിനിന്നു. സീതയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് സദസ്സിന്റെ നിശബ്ദത അതൊരു കരഘോഷമായി മാറി. സീതയ്ക്ക് അരികിലിരുന്ന മേനോനും ഭാര്യയും സന്തോഷത്തോടെ അവളുടെ ചുമലിൽ കൈകൾ വച്ചു. അവരുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. ഒരു ജോലി തേടി വന്ന്, തങ്ങളുടെ മരുമകളായി, ഇന്ന് മകളുടെ സ്ഥാനത്താണ് സീത. ഒരു കാലില്ലായിരുന്നിട്ട് കൂടി  അനന്തനെ സ്വീകരിക്കാൻ അവൾ കാണിച്ച മനസ്സ് അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ വയ്യ. തങ്ങളുടെ മകനെ കുറിച്ചുള്ള വേദനയുടെ പരിസമാപ്തിയായിരുന്നു അത്. സാവിത്രി, സീതയുടെ കൈകൾ എടുത്ത് തന്റെ ചുണ്ടോട് അടുപ്പിച്ചു. ഇപ്പോൾ തന്റെ മകന്റെ ജീവിതം ഈ കൈകളിൽ ഭദ്രമാണെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.

 ഈ സമയം അവാർഡ് സ്വീകരിക്കാൻ അനന്തനെ ക്ഷണിച്ചുകൊണ്ട് അവതാരക മുന്നോട്ട് വന്നു. അപ്പോഴും അനന്തന് ഒരു നിബന്ധന ഉണ്ടായിരുന്നു. ഈ അവാർഡ് സ്വീകരിക്കാൻ തന്നോടൊപ്പം സീതയും ഉണ്ടാവണം.
 നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ സീത, സ്റ്റേജിൽ അനന്തന് അരികിലേക്ക് നടന്നു. സ്റ്റേജിൽനിന്ന് നിറകണ്ണുകളോടെ സദസ്സിന് അഭിമുഖമായി നന്ദിയോടെ എല്ലാവർക്കും നേരെ സീത കൈകൂപ്പി.
 വീൽചെയറിൽ ഇരുന്ന അനന്തന്റെ തലമുടി ഇഴകളിലൂടെ തലോടി ആ കൈകളിൽ സീത മുറുകെ പിടിച്ചു.

 വിശിഷ്ടാതിഥി നൽകിയ അവാർഡ് ശില്പം സീതയും അനന്തനും ഒരുമിച്ചു വാങ്ങിച്ചു. ഈ സമയം സീതയുടെ മനസ്സിലൂടെ തന്റെ പഴയകാല ജീവിതയാത്ര കടന്നുപോയി. ഒരു നാട്ടിൻപുറത്തെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് തുടങ്ങിയ ജീവിതം ഇന്ന് ഇവിടെ എത്തി നിൽക്കുന്നു. ഈ ജീവിതം ഒരിക്കലും താൻ അനന്തേട്ടന് ദാനമായി കൊടുത്തതല്ല.... മറിച്ച് ഈശ്വരൻ തനിക്ക് ദാനമായി തന്ന ജീവിതമാണ്.

" സീതാലക്ഷ്മി ഇപ്പോഴും തിരക്കിലാണ് അല്ലേ.... "

 അനന്തന്റെ പുഞ്ചിരി നിറഞ്ഞ ചോദ്യമാണ് സീതയെ ഓർമ്മയിൽ നിന്നുണർത്തിയത്. അവൾ പുഞ്ചിരിയോടെ അനന്തനെ നോക്കി.

 എല്ലാവരോടും നന്ദി പറഞ്ഞ് സീത, അനന്തന്റെ വീൽചെയറിന്റെ  ഇരുവശങ്ങളിലും പിടിച്ച് തള്ളി മുന്നോട്ട് നടന്നു. വീണ്ടും തന്റെ തിരക്കുപിടിച്ച യാത്ര തുടരാൻ.... ഇപ്പോൾ താൻ ഒറ്റയ്ക്കല്ല.... ചേർത്തുപിടിക്കാൻ ഒരാൾ കൂടിയുണ്ട്... ദുരിതങ്ങൾ നിറഞ്ഞ ജീവിതയാത്രയിൽ  തനിക്ക് ചേർന്നുനിൽക്കാൻ കിട്ടിയ ഒരു തണൽ .

 പൊടിഞ്ഞിറങ്ങാറായ കണ്ണുനീർ തുടച്ചു കൊണ്ട്, നിറഞ്ഞ മനസ്സോടെ അവൾ മുന്നോട്ടു നടന്നു.


.............................. ശുഭം..........................................