Aksharathalukal

നീലനിലാവേ... 💙 - 9

കടയിൽ ഇരുന്ന് വിനുവിന്റെ കൂടെ ലുഡോ കളിക്കുന്ന തിരക്കിൽ ആയിരുന്നു നിള.. കണക്കുപുസ്തകത്തിൽ കണക്ക് എഴുതുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ ദേവ് തലയുയർത്തി അവളെ നോക്കുന്നുണ്ട്.. വന്ന നേരം മുതൽ തുടങ്ങിയതാണ് അവളുടെ കളി.. ഇന്നേരം വരെ അടുത്തിരിക്കുന്ന ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടിട്ടില്ല...

""" അയ്യോ.. വെട്ടല്ലേ.. വെട്ടല്ലേ.. വിനുവേട്ടാ... പ്ലീസ്... വേണ്ട .. വേണ്ട... വേണ്ടടാ, തെണ്ടീ... നോ!!! """ അലറി വിളിച്ച് കൊണ്ട് അവൾ വിനുവിന്റെ തോള് നോക്കി ശക്തിയിൽ ഒന്ന് കൊടുത്തു...

""" പോടാ പന്നീ... """ അവൾ ചുണ്ട് പിളർത്തി...

""" ലുഡോയിൽ ബന്ധങ്ങൾ ഇല്ല, മളകെ... """ അവൾ അടിച്ച തോളിൽ ഒന്ന് കൈ ഉയർത്തി ഉഴിഞ്ഞ് അവൻ നാടകീയമായി പറഞ്ഞു...

""" നോക്കിക്കോടാ, ദുഷ്ടാ.. നിനക്ക് ഞാൻ തരുന്നുണ്ട്... """ വീണ്ടും കളിയിലേക്ക് ശ്രദ്ധ തിരിച്ച് അവൾ വെല്ലുവിളിച്ചു...

""" ദേവാ, ഒരു രണ്ട് കിലോ പച്ചരി വേണം... """ കടയിലേക്ക് കയറി വന്നൊരു സ്ത്രീയുടെ ശബ്ദം കേട്ട് ദേവ് നിളയിൽ നിന്ന് നോട്ടം മാറ്റി അവരെ നോക്കി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

""" ഇപ്പൊ എടുക്കാം, സരിതേച്ചി... """ അവരെ നോക്കി പറഞ്ഞ ശേഷം അവൻ വിനുവിനെ നോക്കി...

""" ടാ.. മതി ഗെയിം കളിച്ച് ഇരുന്നത്.. പോയി രണ്ട് കിലോ പച്ചരിയെടുത്തേ... """ ശബ്ദം ഉയർത്തിയുള്ള ദേവിന്റെ വാക്കുകൾ കേൾക്കെ വിനു ഫോണിൽ നിന്ന് തലയുയർത്തി.. മുടക്ക് പറയാനാണ് വായ തുറന്നതെങ്കിലും അവന്റെ ദേഷ്യം നിറഞ്ഞ ഭാവം കണ്ടതുകൊണ്ടോ എന്തോ എതിർത്ത് ഒന്നും പറയാതെ അവൻ ഫോൺ മാറ്റി വെച്ച് വേഗം അരി എടുക്കാൻ പോയി...

""" നിള മോള് ഇന്ന് കോളേജിൽ പോയില്ലേ? """ ഫോണും പിടിച്ച് താളം ചവിട്ടി ഇരിക്കുന്ന നിളയെ നോക്കി സരിത കുഞ്ഞൊരു ചിരിയോടെ ചോദിച്ചു...

""" ഇന്ന് ഞായറാഴ്ചയാ, ചേച്ചീ... """ അവൾ എഴുന്നേറ്റ് നിന്നു...

""" ഓ.. അത് ഞാൻ മറന്നു... """ സരിത അബദ്ധം പറ്റിയത് പോലെ നെറ്റിയിൽ കൈ വെച്ചു...

""" ദാ, ചേച്ചീ... """ വിനു അരി കൊണ്ട് വന്ന് കവറിൽ ഇട്ട് അവർക്ക് കൊടുത്തു...

""" എന്നാ ശരി... """ കാശ് ദേവിന് നൽകിയിട്ട് അവരെ മൂവരെയും നോക്കി ഒന്ന് ചിരിച്ചിട്ട് അവർ കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കുട നിവർത്തി.. ദേവ് നിളയെ നോക്കി.. വിനുവിനോട്‌ വന്നിരിക്കാൻ കണ്ണ് കാണിച്ച് കൊണ്ട് തന്റെ ചെയറിലേക്ക് ഇരിക്കുന്നവളെ കാൺകെ അവന്റെ കണ്ണൊന്ന് കുറുകി...

""" കുഞ്ഞൂ, ആ ഫോൺ അവിടെ വെച്ചിട്ട് ഇങ്ങ് വാ... """ ഇടത് വശത്തെ മേശവലിപ്പ് വലിച്ച് തുറന്ന് അവൻ അവളെ നോക്കി ഗൗരവത്തോടെ പറഞ്ഞു...

""" ഞാനിപ്പോ എന്തിനാ വരുന്നെ? """ നിള മടിയോടെ ചുണ്ട് ചുളുക്കി...

""" നിന്നോട് അതവിടെ വെച്ചിട്ട് എഴുന്നേറ്റ് വരാനാ പറഞ്ഞത്... """ അവന്റെ ശബ്ദം കടുത്തു.. ഇനി ചെന്നില്ലെങ്കിൽ അവന്റെ വിധം മാറുമെന്ന് തോന്നിയതും അവൾ ഫോൺ സൈഡിലെ മേശപ്പുറത്ത് വെച്ചിട്ട് എഴുന്നേറ്റ് അവനടുത്തേക്ക് ചെന്നു...

""" എന്താ?, ദേവാ... """

മറുപടി പറയാതെ അവൻ മേശയിൽ ഒന്ന് തിരഞ്ഞു.. കൈയ്യിൽ എന്തോ തടഞ്ഞതും അവനത് വലിച്ച് പുറത്തേക്ക് എടുത്ത് പൊടി കളഞ്ഞ് അവൾക്ക് നേരെ നീട്ടി...

""" ഈ ബുക്ക് വായനാശാലയിൽ കൊണ്ട് കൊടുത്തിട്ട് വാ... """ മറു കൈയ്യാൽ അവൻ മേശ അടച്ചു...

""" ഞാനോ? നീ എടുത്ത ബുക്ക് അല്ലേ ഇത്.. അപ്പൊ നീയല്ലേ കൊണ്ട് കൊടുക്കേണ്ടത്.. എനിക്ക് വയ്യ, ദേവാ.. നീ പോയിട്ട് വാ... """ അവൾ മുഖത്ത് ദയനീയത വരുത്തി...

""" അതൊന്നും പ്രശ്നമില്ല.. അനൂപേട്ടന് അറിയാത്തത് ഒന്നുമല്ലല്ലോ നിന്നെ.. പറഞ്ഞാൽ മതി.. ചെല്ല്... """ ഒരു ഭാവമാറ്റവും ഇല്ലാതെ അവൻ പുറത്തേക്ക് കണ്ണ് കാണിച്ചു...

""" നിനക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹവും ഇല്ലാട്ടോ, ദേവാ... """ കണ്ണ് നിറച്ച് അവൾ ബുക്ക് അവന്റെ കൈയ്യിൽ നിന്ന് വാങ്ങി...

""" ആഹ്.. തീരെ സ്നേഹമില്ല.. കള്ള കരച്ചിൽ കരയാതെ വേഗം പോയിട്ട് വാ നീ... """ പറഞ്ഞ് കഴിഞ്ഞ് അവൻ ചെയറിലേക്ക് ഇരുന്ന് കണക്ക് എഴുത്ത് തുടർന്നു.. നിള വീർത്ത മുഖത്തോടെ പുറത്തേക്ക് നടന്നു...

""" ആ കുട എടുത്തിട്ട് പോ, കുഞ്ഞൂ... """ പുസ്തകത്തിൽ നിന്ന് തലയുയർത്താതെ അവൻ വിളിച്ച് പറഞ്ഞെങ്കിലും അവൾ അത് കേൾക്കാത്ത ഭാവത്തിൽ റോഡ് ക്രോസ് ചെയ്ത് വായനാശാലയിലേക്ക് നടന്നു.. കടയിൽ നിന്ന് അധികം ദൂരമൊന്നും ഇല്ല വായനാശാലയിലേക്ക്.. കോളേജിൽ നിന്ന് കവലയിലേക്ക് വരുന്ന വഴി അവരുടെ കടയ്ക്ക് കുറച്ച് അപ്പുറത്തായിട്ടാണ് വായനാശാല.. അതിനടുത്തായി ഒരു ചായകടയും കുഞ്ഞൊരു ബേക്കറിയും ഫാൻസി സ്റ്റോറും ഒക്കെ ഉണ്ട്... ഓരോന്ന് ആലോചിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് സൈഡിലെ ഇടവഴി തിരിഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുന്ന ആരുവിനെ അവൾ കണ്ടത്...

""" ആരൂ... """ കൈ പൊക്കിയുള്ള അവളുടെ വിളി കേട്ട് റോഡ് മറികടന്ന് വന്ന ആരുവിന്റെ ശ്രദ്ധ അവളിലേക്ക് എത്തി...

""" നിളാ... """ വിടർന്ന മിഴികളോടെ അവൾ നിളയുടെ അരികിലേക്ക് നടന്നു...

""" നീയെന്താ ഇവിടെ? ഇന്ന് നീയും വന്നിരുന്നോ കടയിലേക്ക്? """ അവൾക്ക് അടുത്ത് എത്തിയതും അവളുടെ കൈയ്യിൽ പിടിത്തമിട്ട് കൊണ്ട് ആരു ചിരിയോടെ തിരക്കി...

""" വീട്ടിൽ ഇരുന്ന് ബോർ അടിച്ചപ്പോ അവനൊപ്പം വന്നതാ.. നീ എന്താ ഇറങ്ങിയെ? """ ചോദിക്കുന്നതിനൊപ്പം നിള കൈയ്യിലെ പുസ്തകവുമായി മുന്നോട്ട് നടന്നു.. ഒപ്പം തന്നെ ആരുവും...

""" ഞാൻ ഫാൻസി സ്റ്റോറിൽ കയറാൻ വന്നതാടി.. എന്റെ മൂക്കുത്തി രാവിലെ മുഖം കഴുകിയപ്പോ ഞാൻ വാഷ്ബേസിന്റെ സൈഡിൽ ഒന്ന് ഊരി വെച്ചതാ.. അത് എങ്ങനെയോ എന്റെ കൈ തട്ടി ഹോളിൽ കൂടി ഇറങ്ങി അങ്ങ് പോയി.. വേറെ വാങ്ങി ഇട്ടില്ലെങ്കിൽ അടഞ്ഞ് പോകുമല്ലോ എന്നോർത്ത് വാങ്ങാൻ ഇറങ്ങിയതാ... """ നിർത്താതെ പറയുന്നവളെ നിള ചെറു ചിരിയോടെ നോക്കി...

""" അല്ല, നീ എന്താ കടയിൽ ഇരിക്കാതെ ഇറങ്ങി നടക്കുന്നത്? """ ആരു സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി...

""" ദേ.. ഈ ബുക്ക് വായനാശാലയിൽ കൊടുക്കാൻ വന്നതാ... """ അവൾ കൈയ്യിലെ ബുക്ക് ആരുവിനെ കാണിച്ചു.. അപ്പോഴേക്കും അവർ വായനാശാലയുടെ മുന്നിൽ എത്തിയിരുന്നു...

""" ആണോ.. എന്നാ നീ വേഗം പോയി ഇത് കൊടുത്തിട്ട് വാ.. ഞാൻ ഇവിടെ നിൽക്കാം.. എന്നിട്ട് നമുക്ക് ഒരുമിച്ച് കടയിലേക്ക് പോകാം... """ ആരു പറഞ്ഞതും ശരിയെന്ന പോലെ തലയനക്കിയിട്ട് നിള വായനാശാലയിലേക്ക് നടന്നു.. തുറന്ന് കിടക്കുന്ന വാതിൽ കടന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ അവൾ കണ്ടു.. ഒരു ബെഞ്ചിൽ ചാരി നിന്ന് ആരോടോ സംസാരിക്കുന്ന അനൂപിനെ.. ആ നാട്ടിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരാളാണ് അനൂപ്.. ആളൊരു സഖാവ് ആണ്.. എന്തിനും ഏതിനും എല്ലാവർക്കും സഹായിയായി നിൽക്കുന്നവൻ.. മിക്കവർക്കും അനൂപ് എന്ന് കേട്ടാൽ പിന്നെ മറുത്തൊരു വാക്ക് വരാറില്ല.. സത്യത്തിൽ ആ അനൂപ് കാരണം തന്നെയാണ് ദേവിനും നിളയ്ക്കും ആ നാട്ടിൽ വാടകയ്ക്ക് വീട് കിട്ടിയത് പോലും...

""" അനൂപേട്ടാ... """ അടുത്തുള്ള ഒരു മേശയിൽ പിടിച്ച് നിന്ന് അവൾ അവനെ നോക്കി വിളിച്ചു.. അനൂപ് തിരിഞ്ഞ് നോക്കി...

""" ആഹാ.. ആരിത് നിളകുട്ടിയോ... """ തന്റെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനോട് ഒരു നിമിഷം എന്ന് പറഞ്ഞിട്ട് അവൻ അവൾക്ക് അടുത്തേക്ക് ചെന്നു.. നിള അവനെ നോക്കി ചിരിച്ചു...

""" എന്താ ഈ വഴിയ്ക്ക്? ദേവ് വന്നില്ലേ? """ അവന്റെ നോട്ടം പുറത്തേക്ക് നീണ്ടു...

""" ഇല്ല.. അവൻ കടയിലാ.. എന്നോട് ഇതിവിടെ തരാൻ പറഞ്ഞു... """ അവൾ കൈയ്യിലെ പുസ്തകം നീട്ടി പറഞ്ഞു...

""" ഓ.. അവനെ ഇപ്പൊ ക്ലബിലേക്ക് അങ്ങനെ കാണാറില്ലല്ലോ.. ഡിഅഡിക്ഷൻ സെന്ററിൽ നിന്ന് വന്നതിൽ പിന്നെ ഒരു വിവരവും ഇല്ല.. എന്ത് പറ്റി? """

""" വന്നതിന്റെ പിറ്റേ ദിവസം ആ വിജയൻ മാമൻ വാടക കൂട്ടി ചോദിച്ചു.. അത് കേട്ടപ്പോ തൊട്ട് അവൻ ആകെ വിഷമത്തിൽ ആയിരുന്നു.. അതാകും വരാതിരുന്നത്.. എന്നാ ഞാൻ പോട്ടെ, അനൂപേട്ടാ.. ആരു കാത്ത് നിൽക്കാ... """ പറഞ്ഞ് കൊണ്ട് അവനെ ഒന്ന് നോക്കി തലയനക്കിയിട്ട് അവൾ പുറത്തേക്ക് ഇറങ്ങി...

""" സൂക്ഷിച്ച് പോ... """ അവൻ വാതിൽക്കൽ ചെന്ന് നിന്നു.. മറുപടിയായി ഒന്ന് പുഞ്ചിരിച്ച ശേഷം നിള വേഗം പുറത്ത് അക്ഷമയോടെ തന്നെ കാത്ത് നിൽക്കുന്ന ആരുവിന്റെ അടുത്തേക്ക് ചെന്നു...

""" പോകാം, ആരൂ... """ നിള അവളുടെ കൈയ്യിൽ പിടിച്ചു.. ഒന്ന് മൂളിയിട്ട് ആരു തിരിഞ്ഞ് വായനാശാലയുടെ മുന്നിലേക്ക് നോക്കി.. അവിടെ വാതിൽ പടിയിൽ ചാരി തന്നെ നോക്കി കൈയ്യും കെട്ടി നിൽക്കുന്ന അനൂപിനെ കാൺകെ പിടയ്ച്ചിലോടെ അവനിൽ നിന്ന് മുഖം വെട്ടി തിരിച്ച് അവൾ നിളയോടൊപ്പം അവിടെ നിന്ന് തിരിഞ്ഞ് നടന്നു.. അതേ നിമിഷം അവളുടെ ആ നോട്ടവും പിടയ്ച്ചിലും കാണാൻ കാത്തു നിന്ന പോൽ അനൂപിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

                               🔹🔹🔹🔹

ഉച്ചക്ക് നിളയെ വീട്ടിൽ കൊണ്ട് വിട്ട ശേഷം കടയിലേക്ക് പോയതാണ് ദേവ്.. കടയിൽ ഇരുന്നാലും എവിടെ ഇരുന്നാലും അവളുടെ പഠിപ്പ് നടക്കില്ലെന്ന് മനസ്സിലാക്കി തോൽവി സമ്മതിച്ചാണ് അവൻ ഊണു കഴിച്ച് കഴിഞ്ഞ ശേഷം കടയിലേക്ക് പോയപ്പോൾ അവളെ ഒപ്പം കൂട്ടാതിരുന്നത്.. അതിന്റെ കെറുവിൽ തിണ്ണയിൽ ഇരുന്ന് ഓരോന്ന് പിറുപിറുക്കുമ്പോഴാണ് അവൾ ജലജ കായലിന്റെ അരികിലൂടെ ഒരു പശുകിടാവിനെയും വലിച്ച് നടന്ന് പോകുന്നത് കണ്ടത്.. അവളുടെ കണ്ണൊന്ന് വിടർന്നു.. കുഞ്ഞുനാളിൽ അച്ഛന്റെ കൈക്കുള്ളിൽ ഒതുങ്ങി മുന്നിൽ നിൽക്കുന്ന കിടാവിനെ തൊടാൻ പേടിച്ച് നിന്നൊരു നിളയെ അവൾ ഓർത്തു.. അന്ന് തന്നെ തൂക്കിയെടുത്ത് ആ കിടാവിന്റെ തൊട്ടടുത്ത് കൊണ്ട് നിർത്തി ' എന്റെ കുഞ്ഞൂസിനെ പോലെ തന്നെ പാവം പിടിച്ചൊരു കുഞ്ഞ് മുത്താ ഇവളും... ' എന്ന് കവിളിൽ ചുംബിച്ച് പറഞ്ഞൊരു ദേവിന്റെ മുഖം അവളുടെ ഓർമ്മയിൽ തെളിഞ്ഞു.. കുഞ്ഞ് മുഖവും.. ചിരി നിറഞ്ഞ അധരങ്ങളും.. വിടർന്ന കണ്ണുകളും ഉള്ളൊരു കുഞ്ഞിചെക്കൻ.. തന്റെ ആദിയേട്ടൻ... പലതും വിളിക്കുമായിരുന്നു ചെറുപ്പം മുതൽ അവനെ അവൾ... കൂടുതലും ദേവാ എന്നായിരുന്നെങ്കിലും സ്നേഹം കൂടുമ്പോൾ ആദിയേട്ടാ എന്ന് കൊഞ്ചി വിളിക്കും.. ആ വിളി കേൾക്കുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുമായിരുന്നൊരു ചിരിയുണ്ട്.. അന്നും ഇന്നും തന്റെ മനം കവരുന്ന പോലൊരു ചിരി... നാലാം വയസ്സ് മുതൽ വിദേശത്തുള്ള അച്ഛനോടും അമ്മയോടും തന്നെ തനിച്ചാക്കി പോയതിൽ ഒരു പരിഭവവും കാട്ടാതെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ഒപ്പം അവരുടെ കൈ പിടിച്ച് വളർന്നവൻ.. പതിനൊന്നാം വയസ്സിൽ സ്വന്തം മുത്തശ്ശിയ്ക്ക് വേണ്ടി അച്ഛനോടും അമ്മയോടും ' നമുക്ക് പോകണ്ട, അച്ഛേ... ' എന്ന് കരഞ്ഞ് പറഞ്ഞവൻ.. ഒടുവിൽ അവന്റെ സങ്കടം കണ്ട് ' കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും ഇല്ലാതെ ഞങ്ങൾക്ക് ദേവകിയമ്മയെ നോക്കാൻ ബുദ്ധിമുട്ടാണ്... ' എന്ന് ഗൗരിയേടത്തി പറഞ്ഞപ്പോൾ ' എന്നാൽ പിന്നെ ഇവൻ മുമ്പത്തെ പോലെ ഇവിടെ തന്നെ നിന്നോട്ടെ.. നിങ്ങളൊക്കെ ഉണ്ടല്ലോ.. ഞങ്ങൾക്ക് അവിടുത്തെ കമ്മിറ്റ്മെന്റസ് ഒന്നും വിട്ട് ഇവിടെ വന്ന് നിൽക്കാൻ കഴിയില്ല... ' എന്ന് ഒരു കൂസലും ഇല്ലാതെ മറുപടിയായി പറഞ്ഞിട്ട് സ്വന്തം അച്ഛൻ ആ വീടിന്റെ പടിയിറങ്ങി പോയപ്പോൾ ചങ്ക് തകർന്ന അവസ്ഥയിലും ' എനിക്ക് മുത്തശ്ശിയ്ക്കൊപ്പം ഉണ്ടാകാമല്ലോ.. എന്നെ ഏൽപ്പിച്ച് പോയതാ മുത്തശ്ശൻ... ' എന്ന് നിറഞ്ഞ ചിരിയോടെ കണ്ണുനീരിലും പറഞ്ഞവൻ... അന്ന് ഭർത്താവും ഭർത്താവിന്റെ അച്ഛനും മരിച്ച വേദനയിലും ആദിയേട്ടനെയും എന്നെയും ചേർത്ത് പിടിച്ചിരുന്നു ഈ നിളയെ നൊന്ത് പ്രസവിച്ച ആ അമ്മ.. പക്ഷേ... പിന്നീട് എപ്പോഴാണ് അമ്മയ്ക്ക് അയാളോട് ഭ്രമം തോന്നിയത്...?! ദേവർകാവിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിട്ടും സ്നേഹത്തോടെ തന്നെയാണ് അമ്മ തന്നോട് പെരുമാറിയിരുന്നത്.. ഇടക്ക് എപ്പോഴോ അകന്നു.. പിന്നീട് അയാളുമായുള്ള വിവാഹം നടന്നു... തന്നെയും കൂട്ടി ആ വീട്ടിലേക്ക് പോയി.. അതിന് ശേഷം എല്ലാം പെട്ടന്നായിരുന്നു.. താൻ അമ്മയ്ക്ക് എപ്പോഴോ അധികപെറ്റായി മാറി... ശല്യമായി... നാശമായി... അങ്ങനെ.. അങ്ങനെ... എല്ലാം കൊണ്ടും വെറുക്കപ്പെട്ടവളായി... സന്തോഷത്തോടെ തുടങ്ങിയ ആലോചനകൾ വേദനയിൽ അവസാനിക്കെ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി...

""" നിളാ... """ പെട്ടന്ന് തോളിൽ തട്ടി ആരോ വിളിച്ചതും സ്വപ്നലോകത്തിൽ നിന്ന് പുറത്തേക്ക് വന്നത് പോലെ അവളൊന്ന് ഞെട്ടി തല ചരിച്ച് നോക്കി.. തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന പഞ്ചമിയെ കണ്ട് അവൾ മുഖത്തൊരു ചിരി വരുത്തി...

""" എന്താ?, പഞ്ചമീ... """ മുഖം അമർത്തി തുടച്ച് അവൾ തിണ്ണയിൽ നിന്ന് എഴുന്നേറ്റു...

""" ഞാൻ നീ ഇവിടെ ഇരിക്കുന്നത് കണ്ട് വന്നതാ.. നീ എന്തിനാ കരഞ്ഞത്? """ പഞ്ചമി അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി...

""" ഏയ്.. ഞാൻ വെറുതെ... """ എന്തോ അവളോട് സംസാരിക്കാൻ തീരെ താല്പര്യം തോന്നുന്നുണ്ടായിരുന്നില്ല നിളയ്ക്ക്.. ഇടിച്ച് കയറി വരും പോലെയാണ് പലപ്പോഴും അവളുടെ രീതി.. അതിന്റെ കൂടെ ഇല്ലാത്ത അടുപ്പം കാണിക്കലും.. തന്നോട് മാത്രം ആണെങ്കിൽ പോട്ടെ എന്ന് വെക്കാം.. ഇത് ദേവിനോട് ആണ് അവളുടെ ഒട്ടൽ കൂടുതലും.. ചില നേരം തേനൊലിപ്പിച്ച് വെറുപ്പിക്കും പിശാശ്.. അതിന് നിന്ന് കൊടുക്കാൻ വേറൊരുത്തനും... ചിന്തിക്കെ അവളുടെ പല്ലുകൾ ദേഷ്യത്തോടെ ഒന്ന് ഞെരിഞ്ഞു പോയി...









തുടരും.........................................









Tanvi 💕





നീലനിലാവേ... 💙 - 10

നീലനിലാവേ... 💙 - 10

4.3
987

\"\"\" വെറുതെ ആരെങ്കിലും കരയുമോ? \"\"\" അവളുടെ മറുപടിയിൽ തൃപ്തി വരാത്തത് പോലെ പഞ്ചമി വീണ്ടും ചോദിച്ചു.. നിളയ്ക്ക് ആകെ കലി കയറുന്നുണ്ടായിരുന്നു.. ഇവൾ എന്തിനാ ഇതൊക്കെ തിരക്കാൻ വരുന്നത്..?! എന്ന് അവളുടെ ഉള്ളം സ്വയം അവളോട് തന്നെ ആവർത്തിച്ച് ചോദിച്ച് കൊണ്ടിരുന്നു...\"\"\" ഞാൻ നിന്നോടാ ചോദിക്കുന്നത്, നിളാ.. നിനക്ക് ചെവി കേൾക്കില്ലേ? എന്താ മറുപടി തരാത്തത്? \"\"\" ഇത്തവണ അവളുടെ ശബ്ദത്തിൽ ഒരു അധികാര ധ്വനി കലർന്നത് പോലെ തോന്നി നിളയ്ക്ക്...\"\"\" ഞാൻ കരഞ്ഞാലും പറഞ്ഞില്ലെങ്കിലും നിനക്ക് എന്താ?, പഞ്ചമീ.. നീ എന്തിനാ ഇങ്ങനെ ഇടക്ക് ഇടക്ക് വന്ന് എന്നെ ചോദ്യം ചെയ്യുന്നത് പോലെ ഓരോന്ന് ചോദിക്കുന