Aksharathalukal

നീലനിലാവേ... 💙 - 10

\"\"\" വെറുതെ ആരെങ്കിലും കരയുമോ? \"\"\" അവളുടെ മറുപടിയിൽ തൃപ്തി വരാത്തത് പോലെ പഞ്ചമി വീണ്ടും ചോദിച്ചു.. നിളയ്ക്ക് ആകെ കലി കയറുന്നുണ്ടായിരുന്നു.. ഇവൾ എന്തിനാ ഇതൊക്കെ തിരക്കാൻ വരുന്നത്..?! എന്ന് അവളുടെ ഉള്ളം സ്വയം അവളോട് തന്നെ ആവർത്തിച്ച് ചോദിച്ച് കൊണ്ടിരുന്നു...

\"\"\" ഞാൻ നിന്നോടാ ചോദിക്കുന്നത്, നിളാ.. നിനക്ക് ചെവി കേൾക്കില്ലേ? എന്താ മറുപടി തരാത്തത്? \"\"\" ഇത്തവണ അവളുടെ ശബ്ദത്തിൽ ഒരു അധികാര ധ്വനി കലർന്നത് പോലെ തോന്നി നിളയ്ക്ക്...

\"\"\" ഞാൻ കരഞ്ഞാലും പറഞ്ഞില്ലെങ്കിലും നിനക്ക് എന്താ?, പഞ്ചമീ.. നീ എന്തിനാ ഇങ്ങനെ ഇടക്ക് ഇടക്ക് വന്ന് എന്നെ ചോദ്യം ചെയ്യുന്നത് പോലെ ഓരോന്ന് ചോദിക്കുന്നത്.. നീ ചോദിച്ചിട്ട് മറുപടി തന്നില്ലെങ്കിൽ അതിനർത്ഥം നിന്നോട് എനിക്ക് അത് പറയാൻ താല്പര്യമില്ലെന്നാണ്.. അത് മനസ്സിലാക്കാൻ ശ്രമിക്ക്... \"\"\" അസ്വസ്ഥതയോടെ പറഞ്ഞ് നിർത്തി അവളിൽ നിന്ന് മുഖം തിരിച്ച് നിള അയയുടെ അരികിലേക്ക് നടന്നു.. പഞ്ചമിയുടെ മുഖം കറുത്തു...

\"\"\" എന്താ നിളാ നീ ഇങ്ങനെ? ഇങ്ങനെയാണോ എന്നോട് സംസാരിക്കേണ്ടത്? ദേവേട്ടൻ വളർത്തിയ കുട്ടിയല്ലേ നീ? എന്നിട്ട് എങ്ങനെയാ നീ ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിച്ചത്? \"\"\" അവൾക്ക് പിന്നാലെ ചെന്ന് പഞ്ചമി അല്പം ദേഷ്യത്തോടെ ചോദിച്ചു.. നിള അവളെയൊന്ന് നോക്കി...

\"\"\" അതെന്താ ഒരു നിന്നോട്.. നിനക്ക് വല്ല കൊമ്പുമുണ്ടോ? \"\"\" ഇനിയും ഇതെല്ലാം കണ്ടും കേട്ടും അടങ്ങി ഇരിക്കാൻ കഴിയില്ലെന്ന് തോന്നിയതിനാൽ ആകാം ആ ചോദ്യത്തോടൊപ്പം പുച്ഛത്തോടെ നിള ചുണ്ടൊന്ന് കോട്ടി...

\"\"\" ആരോടാ സംസാരിക്കുന്നതെന്ന് അറിയില്ലേ നിളാ നിനക്ക്? \"\"\" അവളുടെ മറുപടിയിൽ ഒരുവേള വിളറി പോയെങ്കിലും ഞൊടിയിടയിൽ പഞ്ചമി അവളെ രൂക്ഷമായി നോക്കി...

\"\"\" ഒന്ന് നിർത്ത്, പഞ്ചമീ.. എന്താ നിന്റെ ശരിക്കുമുള്ള പ്രശ്നം? ഒരു കാര്യവും ഇല്ലാതെ വന്ന് മനുഷ്യനെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുന്നത് എന്തിനാ? \"\"\" സഹികെട്ട് അവസ്ഥയിൽ ദേഷ്യത്തോടെ നിള ചോദിച്ചതും പഞ്ചമി അവളുടെ കൈയ്യിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി...

\"\"\" പെൺകുട്ടികൾക്ക് ഈ ദേഷ്യം ഒന്നും അത്ര നല്ലതല്ല, നിളാ.. മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണാണ് നീ.. ഇതെല്ലാം പറഞ്ഞ് തരാൻ നിനക്കൊരു അമ്മയില്ലാത്തത് കൊണ്ടാ ഞാൻ ഈ പറയുന്നത്.. ദേവേട്ടനൊപ്പം തന്നെ കണ്ടാൽ മതിയെന്നെ നീ.. ദേവേട്ടന്റെ അനിയത്തിയെന്ന് വെച്ചാൽ എനിക്കും അനിയത്തിയാണ്.. നിന്നോടുള്ള സ്നേഹം കൊണ്ടാണ്‌ ഞാൻ ഈ പറയുന്നത്.. ഒരു കാലിന് നീളവും വണ്ണവും കുറവാണെന്ന് കരുതി നീ ഏത് നേരവും ദേവേട്ടനെ എന്തിനാ അടുക്കളയിൽ കയറ്റി ബുദ്ധിമുട്ടിക്കുന്നത്? അത് തന്നെ തെറ്റാണ്... നടക്കാനും നിൽക്കാനൊന്നും നിനക്ക് വലിയ പ്രശ്നം ഇല്ലല്ലോ.. ഇനി ഉണ്ടെങ്കിൽ തന്നെ നീ... \"\"\"

\"\"\" നിർത്തടി!!! \"\"\" അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ നിള അവൾക്ക് നേരെ ആക്രോശിച്ചു.. പഞ്ചമിയൊന്ന് പകച്ചു.. ചുവന്ന് കലങ്ങിയ കണ്ണുകളും.. രോഷത്താൽ വിറയ്ക്കുന്ന അവളുടെ മുഖവും പഞ്ചമിയിൽ അതിശയം ഉണ്ടാക്കി.. ഇന്നുവരെ തനിക്ക് നേരെ ഇത്തരത്തിൽ ഒരു നോട്ടം നൽകുകയോ.. ഇത്രയും ഉച്ചത്തിൽ ശബ്ദമോ ആരും ഉയർത്തിയിട്ടില്ലെന്ന ഓർമ്മയിൽ അവളുടെ ഉള്ളിൽ നിളയോടുള്ള ഇഷ്ടക്കേട് നിറഞ്ഞു...

\"\"\" നീ ആരാടി എന്നെ പഠിപ്പിക്കാൻ? എന്റെ ദേവിനൊപ്പം ഞാൻ നിന്നെ കാണാൻ നീ ഏതാടി?!!! എന്നേക്കാൾ വെറും ഒരു വയസ്സിന് മാത്രമാ നിനക്ക് പ്രായം കൂടുതൽ ഉള്ളത്.. അല്ലാതെ നീ വലിയ ആളൊന്നും അല്ല.. കുറേ ആയി സഹിക്കുന്നു... ദേവേട്ടന്റെ അനിയത്തി എങ്ങനെയാടി നിന്റെയും അനിയത്തി ആകുന്നത്...?! അവനാരാ നിന്റെ അമ്മായിടെ മോനോ.. കൂടുതൽ വേഷം കെട്ടും ഇറക്കി എന്റെ അടുത്തേക്ക് വരാൻ നിൽക്കല്ലേ, പഞ്ചമീ... നാട്ടിൽ നിന്നെ പൊക്കി നടക്കുന്ന ആളുകൾ ഉണ്ടെന്ന് കരുതി നിന്റെ കോപ്പിലെ നല്ല കുട്ടി ചമയൽ ഒന്നും എന്നെ കാണിക്കാൻ വരണ്ട... \"\"\" അലർച്ച പോലെ അത്രയും പറഞ്ഞ് അവളെയൊന്ന് തുറിച്ച് നോക്കിയിട്ട് നിള അയയിൽ നിന്നെടുത്ത തുണിയുമായി വീടിനടുത്തേക്ക് ചെന്ന് തൂണിൽ പിടിച്ച് പടികൾ കയറി അകത്തേക്ക് കടന്ന് വാതിൽ അടച്ചു... വിവർണ്ണമായ മുഖത്തോടെ പഞ്ചമി ചുറ്റും നോക്കി.. അപ്പുറത്തായി കുറച്ച് അകലെ കാണുന്ന വീട്ടിലെ ഒരു സ്ത്രീ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾക്ക് ആകെ അപമാനിക്കപ്പെട്ടത് പോലെ തോന്നി.. എങ്കിലും അത് മറച്ച് അവൾ അടഞ്ഞു കിടക്കുന്ന ആ വാതിലിലേക്ക് നോക്കി.. മനസ്സിൽ നിറയുന്ന നിളയോടുള്ള ദേവിന്റെ കരുതൽ ഓർത്തുള്ള നീരസം അവളിൽ അമർഷം നിറച്ചു.. ഒപ്പം അല്പം മുൻപ് നിള പറഞ്ഞ് വാക്കുകളും അവളുടെ കാതിൽ മുഴങ്ങി...

\"\"\" നിനക്ക് ഞാൻ കാണിച്ച് തരാം, നിളാ... \"\"\" കൈമുഷ്ടി ചുരുട്ടി പിടിച്ച് തിരിഞ്ഞ് നടക്കുമ്പോൾ അവളുടെ അധരങ്ങൾ ദേഷ്യത്തോടെ മുരണ്ടു...

                               🔹🔹🔹🔹

വർക്ക്‌ഷോപ്പിൽ നിന്ന് ഒരു വണ്ടി ശരിയാക്കുകയായിരുന്നു ഭദ്രൻ.. അനി അല്പം മുൻപ് ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയതിനാൽ അവിടെ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചുറ്റും നിശബ്ദത പടർന്നിരിക്കെ വല്ലാത്തൊരു ഈർഷ്യ തോന്നി അവന്.. ഈ നാട്ടിലേക്ക് വന്നിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.. എന്നിട്ടും എന്തിനാണോ വന്നത് അതിൽ മാത്രം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.. ഇനി എന്നാണ് ഒന്ന് എല്ലാം അവസാനിപ്പിച്ച് തിരികെ പോകാൻ കഴിയുക..?! എന്ന് അവൻ വെറുതെയെങ്കിലും ഒന്ന് ഓർത്തു.. എന്നാൽ പെട്ടന്നാണ് അവൻ റോഡിലൂടെ പാഞ്ഞു കടന്ന് പോയ ഒരു ഥാർ ശ്രദ്ധിച്ചത്.. അവന്റെ കൈ വണ്ടിയിൽ നിന്ന് അകന്നു.. കണ്ണുകൾ ചുരുങ്ങി.. സംശയത്താൽ ചുളിഞ്ഞ നെറ്റിയോടെ കൈ സൈഡിൽ കിടന്നൊരു തുണി എടുത്ത് തുടച്ചിട്ട് അവൻ ഷോപ്പിന് വെളിയിലേക്ക് നടന്നു...

ഷോപ്പിന് എതിർവശത്ത് വലത് ഭാഗത്തായി കാണുന്ന വീടിന്റെ വലിയ ഗേറ്റ് കടന്ന് അകത്തേക്ക് ആ വണ്ടി കയറി പോയത് കണ്ട നിമിഷം അവന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി...

\"\"\" വിശ്വാ... \"\"\" ഓടി പാഞ്ഞ് വന്ന അനിയുടെ പിൻവിളി കേട്ട് ഭദ്രൻ തിരിഞ്ഞ് നോക്കി...

\"\"\" അത് അവനാ, വിശ്വാ.. ഞാൻ കണ്ടു.. മുഖം.. അത് തന്നെയാ ആള്... അന്ന് ഞാൻ പറഞ്ഞില്ലേ.. അത്.. അത് അവനാ... \"\"\" വെപ്പ്രാളത്തോടെ അവൻ പറയുന്നത് കേൾക്കെ ഭദ്രന്റെ നോട്ടം വീണ്ടും ആ വീട്ടിലേക്ക് എത്തി.. ഥാറിൽ നിന്ന് അട്ടഹാസം പോലൊരു ചിരിയോടെ പുറത്തേക്ക് ഇറങ്ങി അവനെ കാത്തെന്ന പോൽ വീട്ടുമുറ്റത്ത് നിന്നവനെ ഓടി ചെന്ന് കെട്ടി പിടിക്കുന്ന താടി വളർത്തിയ രൂപത്തിൽ അവന്റെ മിഴികൾ തറച്ചു.. തേടി നടന്നവരിൽ രണ്ടാമത്തെവൻ...!! അവന്റെ മനസ്സ് ആ നിമിഷം പറഞ്ഞത് അതാണ്...

\"\"\" ഇനി മൂന്ന് പേരും കൂടി... അല്ലേ, വിശ്വാ... \"\"\" അനി അവന്റെ തോളിൽ കൈ വെച്ചു.. ഭദ്രൻ അവനെയൊന്ന് നോക്കി.. അനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

\"\"\" അവരെ കണ്ടെത്തിയാലും ജോലി തിരികെ കിട്ടുമെന്ന് അമിതമായി പ്രതീക്ഷിക്കണ്ട, അനീ.. ഇനിമുതൽ എന്തും നേരിടാൻ നിന്റെ മനസ്സിനെ നീ സ്വയം പ്രാപ്തമാക്കണം!.. ഇതെല്ലാം കഴിഞ്ഞ് തിരികെ പോകുമ്പോൾ ചിലപ്പോ നമ്മളിൽ ആരെങ്കിലും ഒക്കെ ജീവനോടെ ഉണ്ടായില്ലെന്ന് വരാം... \"\"\" ഗൗരവത്തോടെയുള്ള വാക്കുകൾ ആയിരുന്നു ഭദ്രന്റേത്.. അവൻ പറഞ്ഞ് വരുന്നത് എന്താണെന്ന് അനിയ്ക്ക് മനസ്സിലായില്ല...

\"\"\" നീ എന്താ ഉദ്ദേശിക്കുന്നത്? \"\"\" ഉള്ളിലെ സംശയം അതുപോലെ തന്നെ അനി അവനോട് ചോദിച്ചു.. ഭദ്രന്റെ നോട്ടം ആ വീടിന്റെ അടഞ്ഞ ഗേറ്റിലേക്ക് തന്നെ പിന്നെയും എത്തിച്ചേർന്നു...

\"\"\" നമ്മൾ ഈ നാട്ടിലേക്ക് എന്തിനാണോ വന്നത്.. ആ ലക്ഷ്യം ഇതുവരെ പൂർത്തിയായിട്ടില്ല, അനീ... ഇവരൊന്നുമല്ല.. ഇവർക്ക് മുകളിൽ ഇരിക്കുന്ന ഒരുവൻ...!! ആ അകത്തുള്ള രണ്ട് പേരെ കൂടാതെയുള്ള മൂന്ന് പേരെയും കൂടി കിട്ടി കഴിഞ്ഞാൽ.. പിന്നെ അവനെയാണ് നമ്മൾ തേടി പോകേണ്ടത്.. എങ്കിലേ പലതിനും ഉത്തരം കിട്ടൂ... അതിൽ പ്രധാനമായും അറിയേണ്ടത് ധ്രുവപദ് മാധവ വർമ്മയുടെ മരണത്തിന് ഉത്തരവാദിയായ ആ വ്യക്തി ... അതാരാണെന്നാണ്...!! ഒന്നും അറിയാത്ത ആ പാവത്തിനെ എന്തിന്റെ പേരിലാണ് അവർ കൊന്നതെന്ന്...! ഇതുവരെ കണ്ടതൊന്നുമല്ല.. ഇനിയും ഒരുപാട് കാണേണ്ടി വരും നമുക്ക്.. കാത്തിരിക്കണം.. ക്ഷമയോടെ... \"\"\" ആലോചനയോടെ അത്രയും പറയുമ്പോൾ അവന്റെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു.. നിറഞ്ഞ ചിരിയോടെയുള്ള ഒരു ഇരുപത്തി നാല് വയസ്സുകാരന്റെ.. എല്ലാവരെയും ചിരിപ്പിച്ച്.. എപ്പോഴും ചെറിയ ചെറിയ കാര്യങ്ങളിൽ ആനന്ദം തേടി സന്തോഷമായി ജീവിച്ചിരുന്ന ഒരു പാവം പയ്യന്റെ മുഖം.. കണ്ണുകൾ മുറുക്കി അടച്ച് ഭദ്രൻ തിരിഞ്ഞ് അകത്തേക്ക് നടന്നു...

                               🔹🔹🔹🔹

മുറ്റത്ത് വന്ന് നിൽക്കുന്ന ദേവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് മുറിയിൽ നിന്ന് തുണികൾ അടുക്കി അലമാരയിൽ വെക്കുകയായിരുന്ന നിള അലമാര അടച്ച് പ്രവേശന മുറിയിലേക്ക് നടന്നത്...

\"\"\" ഇവനെന്താ ഈ നേരത്ത്... \"\"\" അഞ്ച് മണിയായ ക്ലോക്കിലേക്ക് നോക്കി സ്വയം പറഞ്ഞ് കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി...

\"\"\" എന്താ ദേവാ നേരത്തെ വന്നെ? കട അടച്ചോ? \"\"\" ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി വരുന്നവനെ നോക്കി അവൾ സംശയത്തോടെ ചോദിച്ചു.. ദേവ് ഒന്നും മിണ്ടിയില്ല.. പകരം അവളെയൊന്ന് നോക്കി.. നിളയുടെ നെറ്റിചുളിഞ്ഞു.. ദേഷ്യം നിറഞ്ഞ അവന്റെ ഭാവം കണ്ട് അവൾ ഒന്നും മനസ്സിലാകാതെ മുറ്റത്തേക്ക് ഇറങ്ങി...

\"\"\" എന്ത് പറ്റി?, ദേവാ... \"\"\" അവന് മുന്നിൽ ചെന്ന് നിന്ന് അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. എന്നാൽ അടുത്ത നിമിഷം അവൻ അവളുടെ ആ കൈ തട്ടി മാറ്റി തിരിഞ്ഞ് മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിയുടെ അടുത്തേക്ക് നടന്നു.. നിളയൊന്ന് ഞെട്ടി.. ചെമ്പരത്തി കമ്പ് ഒടിച്ചെടുത്ത് തനിക്ക് അരികിലേക്ക് വരുന്നവനെ കാൺകെ അവൾ വേഗം പടികൾ കയറാനായി തിരിഞ്ഞു...

\"\"\" നിളാ!!!.... \"\"\" പടിയിലേക്ക് അവൾ കാലെടുത്ത് വെച്ചതും അലർച്ച പോലെയുള്ള ആ വിളിയോടൊപ്പം അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അവൻ അവളെ തനിക്ക് മുന്നിലേക്ക് നിർത്തി...

\"\"\" നീ ഇന്ന് പഞ്ചമിയോട് വഴക്കിന് പോയോ? \"\"\" അവന്റെ ആദ്യത്തെ ചോദ്യം അവളെ തേടിയെത്തി...

\"\"\" ഇല്ല, ദേവാ.. അത് അങ്ങനെയല്ല... \"\"\" അവൾ അവന്റെ കൈയ്യിൽ ഇരിക്കുന്ന കമ്പിലേക്കും അവന്റെ മുഖത്തേക്കും ദയനീയമായും പേടിയോടെയും നോക്കി...

\"\"\" എങ്ങനെയാണെന്ന് അല്ല ചോദിച്ചത്.. നീ പോയോ ഇല്ലേ.. അതാണ് ഞാൻ ചോദിച്ചത്... \"\"\" അവന്റെ ശബ്ദം ഉയർന്നു.. നിളയുടെ കണ്ണ് നിറഞ്ഞു...

\"\"\" വഴക്കിന് പോയതല്ല, ദേവാ.. അവള്.. അവള് ഓരോന്ന് പറഞ്ഞപ്പോ... \"\"\" വിങ്ങലോടെയുള്ള അവളുടെ വാക്കുകൾ മുഴുവനാകും മുൻപ് അവന്റെ കൈയ്യിലെ ചെമ്പരത്തി കമ്പ് ശക്തിയിൽ അവളുടെ ഇടം കാൽ തുടയിൽ ചെന്ന് പതിച്ചിരുന്നു...

\"\"\" ആഹ്... അടിക്കല്ലേ, ദേവാ.. ഞാനല്ല.. അവളാ.. എന്നെ ഓരോന്ന് പറഞ്ഞിട്ടാ... സത്യമായും ഞാനല്ല... \"\"\" അവന്റെ കൈ തടയാൻ ശ്രമിച്ച് കൊണ്ട് അവൾ പിന്നിലേക്ക് നീങ്ങി...

\"\"\" നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ ആരോടും വഴക്ക് ഉണ്ടാക്കാൻ പോകരുതെന്ന്? ഏഹ്? പറഞ്ഞിട്ടുണ്ടോ എന്ന്..?! \"\"\" അവളുടെ പാവാട വലിച്ച് പിടിച്ച് അവൻ അവളുടെ കാൽ തുടയിൽ ഒരിക്കൽ കൂടി കമ്പ് വീശിയടിച്ചു...

\"\"\" ദേവാ... \"\"\" വീണ്ടും വീണ്ടും അവൻ കമ്പ് വീശിയടിക്കുമ്പോൾ അലറി കരഞ്ഞ് കൊണ്ട് നിള വേദനയോടെ ആ കമ്പിൽ പിടിച്ച് വെച്ചു...

\"\"\" മനുഷ്യന് ഒരു വിധത്തിലും സമാധാനം തരില്ലെന്ന് വാശി പിടിച്ച് തുനിഞ്ഞ് ഇറങ്ങിയതാണോ നീ?! ഒരു വക പഠിക്കുകയുമില്ല.. നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ എന്നെ കേൾപ്പിക്കുകയും ചെയ്യും.. ഇതല്ലാതെ എന്താടി നീ ഇന്നുവരെ ചെയ്തിട്ടുള്ളത്?! \"\"\" കമ്പ് അവളുടെ കൈയ്യിൽ നിന്ന് വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞ് അവൻ അലറി.. അറിയാതെ ഒന്ന് പിന്നിലേക്ക് വെച്ച് പോയി അവൾ.. ആദ്യമായി കാണുകയായിരുന്നു അവൾ അവനെ അത്രയും ദേഷ്യത്തിൽ.. തല്ലിയിട്ടുണ്ട്.. കുരുത്തക്കേട് കാണിക്കുമ്പോൾ ചെവിയ്ക്ക് പിടിച്ചിട്ടുമുണ്ട്.. എന്നാൽ ഇന്നോളം ഇത്രയും വേദനിപ്പിക്കുന്ന തരത്തിൽ അടിച്ചിട്ടില്ല... ആ അവൻ ഇന്ന് തന്നെ ഈ വിധം തല്ലിയത് ഓർക്കെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

\"\"\" എന്റെ സ്വസ്ഥത കളയണമെന്ന് ഇത്രയ്ക്ക് നിർബന്ധമെന്താടി നിനക്ക്?! കുഞ്ഞല്ലേ എന്ന് വെച്ച് നിന്നെയൊക്കെ ഇരുത്തി കൊഞ്ചിക്കുന്നതാ ഞാൻ ചെയ്യുന്ന തെറ്റ്... \"\"\" 

\"\"\" ദേ.. വാ... \"\"\" അവളുടെ ശബ്ദം ഇടറി...

\"\"\" മിണ്ടരുത്, നിളാ.. നീ കാരണം ഈ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ പിന്നെ നീ നിൽക്കാൻ പോകുന്നത് എന്റെയൊപ്പം ആയിരിക്കില്ല.. എല്ലാം കഴിഞ്ഞ് ഞാൻ ഇവിടുന്ന് മടങ്ങി വരുന്നത് വരെ ഗൗരിയേടത്തിയുടെ ഒപ്പം പോയി നിൽക്കണ്ടന്ന് ഉണ്ടെങ്കിൽ ഇന്നത്തോടെ നിർത്തിക്കോളണം ആവശ്യമില്ലാതെ ഓരോരുത്തരുമായി വഴക്കിന് പോകുന്ന നിന്റെ ലൈസൻസ് ഇല്ലാത്ത സ്വഭാവം... ഇനി ഒരിക്കൽ കൂടി എന്നെ കൊണ്ട് ഇത് പറയിപ്പിക്കരുത്... \"\"\" കോപം വിട്ടുമാറാത്ത സ്വരത്തിൽ ഗർജ്ജനം പോൽ പറഞ്ഞിട്ട് സൈഡിലെ ബക്കറ്റ് തട്ടി തെറിപ്പിച്ച് അവൻ അകത്തേക്ക് കയറി പോകുമ്പോൾ നിളയുടെ കാലുകൾ ബലം കിട്ടാതെ കുഴഞ്ഞു പോകുന്നുണ്ടായിരുന്നു.. അവൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൻ മേൽ ചെന്ന് പതിച്ചു.. വീട്ടിൽ നിന്ന് ഇറങ്ങുന്ന കാര്യം അവൻ പറഞ്ഞത് കേട്ടപ്പോഴേ പഞ്ചമി വിജയനോട് എന്തെങ്കിലും ചെന്ന് പറഞ്ഞ് കാണും എന്നവൾ ഊഹിച്ചു.. ഇടത് വശത്തെ തൂണിൽ പിടിച്ച് ഏങ്ങി കരഞ്ഞ് അവൾ അവിടുത്തെ തിണ്ണയിലേക്ക് ഇരുന്നു.. തലയുയർത്തി നോക്കാതെ തന്നെ അടുത്തുള്ള വീടുകളിലെ നാട്ടുകാരിൽ പലരുടെയും കണ്ണുകൾ തന്റെ മേൽ ആകുമെന്ന് അവൾക്ക് അറിയാമായിരുന്നു.. അപമാനമോ വേദനയോ അങ്ങനെ എന്തെന്ന് അറിയാത്ത വികാരങ്ങൾ തന്നെയാകെ മൂടവെ വിങ്ങി കരഞ്ഞ് അവൾ കണ്ണുകൾ മുറുക്കി അടച്ചു.. അത്രയും നേരം അവളെ നോക്കി എതിർവശത്തെ വീട്ടിലെ ബാൽക്കണിയിൽ നിന്ന പഞ്ചമി ആ നിമിഷം പുച്ഛത്തോടെ ഒന്ന് ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി പോയി...









തുടരും...........................................









Tanvi 💕



നീലനിലാവേ... 💙 - 11

നീലനിലാവേ... 💙 - 11

5
693

നിർത്താതെയുള്ള ഫോൺ റിംഗ് കേട്ടാണ് കിടന്ന കിടപ്പിൽ എപ്പോഴോ മയങ്ങി പോയ ദേവ് ഉറക്കം വിട്ട് ഉണർന്നത്.. കണ്ണ് തുറന്ന് കൈയ്യെത്തിച്ച് മേശയുടെ മുകളിൽ ഇരിക്കുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വിനുവാണെന്ന് കണ്ട് അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു...\"\"\" പറയ്, വിനൂ... \"\"\" ഫോൺചെവിയോട് ചേർത്ത് കൊണ്ട് അവൻ മുഖം ഒരു കൈയ്യാൽ അമർത്തി തുടച്ചു...\"\"\" നീ ഇത് എവിടെയാ?, ദേവാ.. സമയം ഏഴ് ആകാറായല്ലോ.. ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയതാണെന്ന് വല്ല ഓർമ്മയും ഉണ്ടോ? \"\"\" മറുതലക്കൽ നിന്ന് ദേഷ്യത്തോടെയുള്ള വിനുവിന്റെ ചോദ്യം കേൾക്കെ ബോധം വന്നത് പോലെ പിടഞ്ഞെഴുന്നേറ്റ് അവനൊന്ന് ചുറ്റും നോക്കി.. മുറിയാകെ ഇരുട്ട് പ