നല്ല തെളിഞ്ഞ ആകാശം, ചന്ദ്രൻ ഉദിച്ചുയർന്നു കൊണ്ടിരിക്കുന്നു.അരിമണി വിതറിയ പോലെ താരകങ്ങൾ ചിതറി കിടക്കുന്നു. രാത്രി എട്ട് മണി ആയിട്ടുണ്ടാവും. ആദി മോൻ മുൻവശത്തെ കോലായിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മ അടുക്കളയിൽ പാചകത്തിലാണ്. ഇത്താത്തമാർ അകത്ത് പഠനത്തിൽ മുഴുകിയിരിക്കുന്നു. നാലു വയസ്സുകാരനാണ് ആദി. അവൻ്റെ ഉപ്പ വിദേശത്താണ്. അത് കൊണ്ട് തന്നെ അവൻ്റെ ഉപ്പ കൊടുത്ത് വിട്ട കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ്. ഇടയ്ക്കിടക്ക് അവൻ അംഗനവാടിയിൽ നിന്നും പഠിച്ച പാട്ടുകൾ പല താളത്തിൽ ആയി മൂളുന്നുണ്ട്. ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട്.അതിനിടയിൽ ആരോ വിളിച്ച പോലെ അവൻ ആകാശത്തേക്ക് കൗതുകത്തോടെ നോക്കി നിന്നു എന്തൊക്കെയോ തനിയെ സംസാരിക്കുന്നു.അവൻ പൊതുവേ സംസാരിക്കുന്ന കൂട്ടത്തിലാണ്.സാധാരണത്തേതിലും വിപരീതമായി മറ്റാരോടോ സംസാരിക്കുന്നത് പോലെയുള്ള സംസാരം കേട്ടപ്പോൾ ഇത്താത്തമാർ വന്നു കാര്യം തിരക്കി.😅\"എന്താ ചങ്ങായിയേ.. ഇജ്ജ് പറീണത്..? ഇജ്ജാരോടാ.. ഇങ്ങനെ ഒറ്റക്ക് ബർത്താനം പറീണത്...?\" അപ്പോൾ അവൻ പറഞ്ഞു.\"പിന്നെല്ലേ..ഞാന് ല്ലേ...ഞാനെയ്..
\"ഞാന് നച്ചതറത്തിനോട് ബർത്താനം പറയാ.. അത് കേട്ടതും ഇത്താത്തമാർ അവനെ കളിയാക്കി . അവരുടെ കളിയാക്കൽ കേട്ടപ്പോൾ അവന് അരിശം വന്നു അവൻ പറഞ്ഞു.\"കള്യക്കൊന്നും മാണ്ട... ഇങ്ങള് കള്യാക്കാതെ അങ്ങട്ട് നോക്കിം ദൂരക്ക്.. ആ നച്ചത്തരം കണ്ടില്ലേ.. അതില്ലേ ഇന്നോട് കണ്ണ്നോണ്ട് ഇങ്ങനെ കാട്ട്വാ\"..എന്നും പറഞ്ഞ് അവൻ കണ്ണിറുക്കി കാണിച്ചു. ഉടനെ ഇത്താത്തമാർ വീണ്ടും കളിയാക്കി പറഞ്ഞു.\"പോടാ പൊട്ടാട്യേ... അതനക്ക് തോന്ന്യെയതാവും.. ഹും.. ങ്ഹും 😅\"ഉടനെ ആദി മോൻ്റെ മറുപടി ഉരുളക്കുപ്പേരി പോലെ വന്നു. \"അല്ലാ ഞാന് കണ്ടു.., അങ്ങട്ട് നോക്ക് പൊട്ടത്തിക്കദ്യെമാ.. അനക്കെന്താ കണ്ണും കാണൂല്ലേ പൊട്ടത്ത്യെ... ഉടനെ ഇത്താത്ത ശ്രദ്ധിച്ചു നോക്കി. അപ്പോൾ കണ്ടു അങ്ങ് ദൂരെ ഭംഗിയുള്ള ഒരു നക്ഷത്രം തിളങ്ങി നിൽക്കുന്നു. എന്തെന്നില്ലാത്തെ വെളിച്ചവും തിളക്കവും വലിപ്പവും ഉള്ള ഒരു നക്ഷത്രം നിൽക്കുന്നു.
അല്പസമയം നോക്കി നിന്നപ്പോൾ നക്ഷത്രം കണ്ണുചിമ്മുന്നതായിട്ട് അവർക്കും തോന്നി. അവരുടെ കൂട്ടത്തിലെ ചെറിയ ഇത്താത്ത പറഞ്ഞു.\"ആ ശര്യാണ്ല്ലേ... അത് കണ്ണിംമ്പ്ണ് ണ്ട് ല്ലേ.. അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ഉടനെ ആദിമോന്റെ മറുപടി. \"ഞാനപ്ലേ പറഞ്ഞില്ലേ.. അതാരാന്ന റിയോ..? ആ ചോദ്യം കേട്ടപ്പോൾ ഇത്താത്ത മാർക്ക് ആകാംക്ഷയായി. അവർ പറഞ്ഞു.\"ആ... ഞങ്ങക്കെങ്ങനെ അറിയാ.. ഞങ്ങക്കറീല്ല.. ഇജ്ജ് പറ്യേ... എന്നും പറഞ്ഞു ഇത്താത്തമാർ അവൻ്റെ മറുപടിക്കായി കാതോർത്തു.
പിന്നല്ലേ.. പിന്നെ.. അതെയ്.. അത് ല്ലേ.. ഇൻറെ മൂത്താപ്യേണ്... ഇങ്ങക്കറ്യോ ഇൻ്റെ മൂത്താപ്പാനെ... ഇത് കേട്ടതും ഇത്താത്തമാർ അന്തംവിട്ടു തരിച്ചു നിന്നുപോയി. അവരുടെ കണ്ണുകളിൽ അന്താളിപ്പു പ്രകടമായി. അതിന് കാരണമുണ്ട്. അവൻ അവന്റെ മൂത്താപ്പയെ അതായത് ഉപ്പയുടെ ജേഷ്ഠനെ അവൻ കണ്ടിട്ടില്ല. അവൻ ജനിച്ച മൂന്നാം ദിവസം അവന് പേരിട്ട് അവർ ഈ ലോകത്തോട് വിട പറഞ്ഞു പോയി. പിന്നീട് ആരും അവന് അതിനെപ്പറ്റി പറഞ്ഞു കൊടുത്തിട്ടില്ല. പിന്നെങ്ങനെ അവനറിഞ്ഞു എന്നതു കാരണമാണ് അവർ അന്തം വിട്ടുപോയത്. അവരുടെ ഭാവവും ഇരിപ്പുംകണ്ടിട്ട് അവൻ ചോദിച്ചു.\"എന്താ പൊട്ടത്ത്യാളെ ഇങ്ങനെ നോക്ക്ണത്..? ഞാനില്ലെ.. ഞാന് ഒറക്കത്ത്ല് കണ്ടതാ...\" മൂത്താപ്പ ഒറക്കത്തില് വന്ന്ട്ട് \"ആദി മോനൂ..\" ന്ന് ബുളിച്ചു.അപ്പോ..ല്ലേ..ഞാന് എന്തേ.. ന്ന് ചോയ്ച്ചു. എന്താ അൻ്റെ ബർത്താനം ന്നു ചോയ്ച്ച്ട്ട് പറഞ്ഞു.ഇന്നെ അറിയ്യോ അനക്ക്.. ന്ന്,ഞ്ഞാംബറഞ്ഞൂ.. ഇല്ലാ.. ന്ന് ..അപ്പോ ല്ലെ ഞാനൻ്റെ മൂത്താപ്പെണ്ന്ന് പറഞ്ഞു\".ഉടനെ ഇത്താത്തമാർ പറഞ്ഞു. \"ഇജ്ജ് ബേർദേ പൊള്ളു പറേണ്ട.. എന്താ ചങ്ങായിയെ അനക്ക്.. ഇന്നാ എങ്ങനെ ഇള്ള ആളാണ് ഒന്ന് പറഞ്ഞാ...\" ഇത്താത്ത മാർ അവനെ പരീക്ഷിക്കാനായി ചോതിച്ചു.ഉടനെ അവൻ്റെ മറുപടി വന്നു. \"പിന്നെല്ലെ.. ഏ.. അതേയ്.. നല്ല നീളണ്ട്.. കൊറച്ചോക്കെ തടീണ്ട്..ഇപ്പച്ചിൻ്റയോക്കെ മാരിയെന്നേണ്...\"ഇത്കേട്ടതും ഇത്താത്തമാർ അന്തം വിട്ടു വായും പൊളിച്ചു മുഖത്തോടു മുഖം നോക്കി ഇരിപ്പായി. എങ്ങും മൂകത മാത്രമായി. അൽപ്പ സമയം കഴിഞ്ഞു ചെറിയ ഇത്താത്ത ഉമ്മയോട് വളരെ അതിശയത്തോടെ പറഞ്ഞു.\" അതാ.. ഇമ്മച്ചിയെ.. മ്മച്ചിയെ ഇങ്ങട്ട് നോക്കീം.. ഈ ആദി പറീണത് നേരെന്ന്യാണ്. ഇപ്പച്ചിൻ്റെ മാരി തന്യല്ലെ മൂത്താപ്പ.. ആണ്.. ആണ്\". ചോദ്യവും ഉത്തരവും അവള് തന്നെ പറഞ്ഞു. ഉടനെ ഉമ്മയുടെ മറുപടി. \"തേങ്ങ്യാണ് പോയാണിയവുടുന്ന് നൊണീം പറഞ്ഞൊണ്ട്..\" ഏ.... ഞാങ്കാണാത്താണല്ലോ... ങ്ങളെ മൂത്താപ്പാനേ....\"അതും പറഞ്ഞു കൊണ്ട് അവരുടെ ഉമ്മ അവരെ വഴക്ക് പറഞ്ഞു. ഉടനെ വലിയ ഇത്താത്ത യുടെ പ്രതികരണം വന്നു.\" ഇങ്ങള് മാത്രോന്നുഅല്ല .. ഞങ്ങളും കണ്ടുക്കുണ്.. ട്ടോ.. ഇപ്പാൻ്റെ മാരി തെന്ന്യണ്.. എന്തേ നീളല്ലെ..? തട്യല്ലെ കൊറവോള്ളൂ ഇപ്പച്ചിക്ക്...മൊകച്ചായീം അങ്ങനെ തെന്ന്യെല്ലേ...?\"പുറകിൽ വലിയ ഇത്താത്തയെ സപ്പോർട്ട് ചെയ്തു കൊണ്ട് ചെറിയ ഇത്താത്തയുംകൂടെകൂടി ,പിന്നെ ചെറ്യൊര് മാറ്റൊക്കെ എല്ലാര്ക്കുണ്ടാവൂലേ..ഞാനും താത്ത്യായിറ്റ് വല്യെ മാറ്റണ്ടൊ..? അല്ല പിന്നെ...! കൂട്ടത്തിൽ ചെറിയ ഇത്താത്ത കൂടി പറഞ്ഞു. ..\" ആ പ്രതികരണം കേട്ടപ്പോഴാണ് ഉമ്മാക്കും തലയിൽ ബൾബ് കത്തിയത്. സത്യത്തിൽ ഉമ്മ അതിൻ്റെ ശ്രദ്ധ വിട്ടു പോയതായിരുന്നു.ഉടനെ ഉമ്മയും അതിനു യോജിച്ചു സമ്മതിച്ചു. അപ്പോഴും അവരുടെ കണ്ണുകളിൽ അന്ധാളിപ്പു മാറിയിട്ടില്ലായിരുന്നൂ. കുഞ്ഞു മനസ്സിലെ സ്വപ്നം ഇത്ര വ്യക്തമാകുമോ എന്നതായിരുന്നു അവരുടെയെല്ലാം മനസ്സിൽ ഉണ്ടായിരുന്നത്. എന്തായാലും കുറച്ച് സമയത്തേക്ക് ആർക്കും ഒരു സംസാരവും കണ്ടില്ല.
(തുടരും)