അതെ ആദിയുടെ ഉപ്പയുടെ ജ്യേഷ്ഠൻ ഒരു വല്ലാത്ത മനുഷ്യൻ തന്നെയായിരുന്നു.നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പരോപകാരി.ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ ഒരുപോലെ പെരുമാറുമായിരുന്നു.എല്ലാവർക്കും തുല്യ പരിഗണന.എല്ലാവരെയും മനുഷ്യനായി കണ്ടു. ജാതി മത ഭേദമന്യേ എല്ലാവരും ഒരമ്മ പെറ്റ മക്കൾ,ദൈവത്തിൻ്റെ അടിമകൾ എന്നനിലയിൽ പെരുമാറി. അത് കൊണ്ട് തന്നെ നാട്ടുകാർക്ക് ഏറെ വേണ്ടപ്പെട്ടവരായിരുന്നു. ഏതൊരു കാര്യവും രമ്യമായി പരിഹരിക്കാൻ കഴിയുന്ന വ്യക്തിത്വം,കൊലപാതകത്തിൻ്റെ വക്കിലെത്തി കത്തി കയ്യിലെടുത്ത് നിൽക്കുന്ന പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണും, കണ്ടിട്ടുമുണ്ട്. സൗമ്യമായ സ്വഭാവം,പെരുമാറ്റം എന്നിവ അദ്ദേഹത്തിൻ്റെ പ്രത്യേകതകളാണ്. അതിലുപരി മത പണ്ഡിതനും പ്രാസംഗികനുമായിരുന്നു. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയാത്ത രീതിയിൽ സ്വന്തമായി ചാരിറ്റിയും സാമൂഹിക പ്രവർത്തനവും ഉണ്ടായിരുന്നു. കിട്ടുന്ന ശമ്പളത്തിൻ്റെ മുക്കാലും അതിലേറെയും പാവങ്ങൾക്കും കുടുംബങ്ങൾക്കും വിതരണം ചെയ്യും. തികയാതെ വരുന്നത് അറിയാവുന്ന പണക്കാരോട് അവതരിപ്പിച്ച് പാവങ്ങൾക്ക് എത്തിച്ചു നൽകും. അതിനു കൂടുതൽ കരുത്തേകാൻ അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും കൂടെയുണ്ട്.അവസാനമായി ജോലി ചെയ്തത് കർണാടകയിലെ മംഗലാപുരത്തിനടുത്ത് ദേർലഗട്ടെ എന്ന സ്ഥലത്തായിരുന്നു.
ആഴ്ചയിൽ മാത്രമാണ് വീട്ടിൽ വരികയുള്ളൂ.വെള്ളിയാഴ്ച വൈകീട്ട് വീട്ടിൽ എത്തിയാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തിരിച്ച് പോകും.അതായിരുന്നു പതിവ്. വീട്ടിലേക്ക് വരുമ്പോൾ രണ്ടോ മൂന്നോ കവറുകൾ കയ്യിൽ ഉണ്ടാകും.വീട്ടിലേക്കും സഹോദരങ്ങൾക്കും ഉള്ള സാധനങ്ങൾ കൂടി കോഴിക്കോട് ടൗണിൽ നിന്നും വാങ്ങിട്ടാണ് വീട്ടിലേക്ക് വരിക. പ്രവാചക അനുയായിമാരായായിരുന്ന ഖലീഫ അബൂബക്കർ, ഉമർ മാരെ പോലെ പ്രഭാത നമസ്കാരം കഴിഞ്ഞാൽ നാട്ടിൽ നിന്നും കൊണ്ട് വന്ന ഇരു ചക്ര വാഹനത്തിൽ കയറി ജോലി ചെയ്യുന്ന പള്ളിയുടെയും പരിസര പ്രദേശങ്ങളിലും ഒന്ന് കറങ്ങി പാവപ്പെട്ടവരെ കണ്ടെത്തി സഹായം എത്തിക്കും.സ്വന്തംനാട്ടുകാർക്ക് പോലുംഅറിയാത്ത സുനാമി കോളനി പോലെയുള്ള സ്ഥലം കണ്ടെത്തി സഹായം എത്തിച്ചിട്ടുണ്ട്. അങ്ങനെ യിരിക്കുന്ന സമയത്താണ് വീട്ടിൽ നിന്നും ജോലിക്ക് പോകാൻ റെഡി ആയി മുടി ചീകുമ്പോൾ കരണ്ടടിച്ച പോലെ ഒരു തോന്നൽ. ഉടനെ ഞെട്ടിതിരിഞ്ഞതും വെട്ടിയിട്ട വാഴ പോലെ തൊട്ടടുത്ത് ഉണ്ടായിരുന്ന കിടക്കയിലേക്ക് മറിഞ്ഞു വീണു. ഉടനെ വീട്ടുകാർ ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു.ശേഷം ഒരു ഹൃദയ സ്തംഭനവും ബ്രെയിൻ സ്ട്രോക്കും ആയി എട്ട് മാസം ആശുപത്രികളിലൂടെ നടത്തം. അപ്പോഴും പ്രസന്നവതനായി ചിരിച്ച മുഖത്തോടെ അല്ലാതെ ആരും കണ്ടിട്ടില്ല. മരണം അടുത്ത് മുന്നിൽ എത്തിയപ്പോൾ പോലും ആ ചിരി മാഞ്ഞിട്ടില്ല.മരിക്കുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് ആണ് ആശുപത്രിയിൽ വന്ന് ആദിക്ക് പേരിട്ട് പോയത്. അത് കൊണ്ട് തന്നെയാണ് ആദി അവൻ്റെ മൂത്താപ്പയെ കാണാതിരിക്കാൻ കാരണവും.
ഓരോ കളിയും ചിരിയുമായി സംസാരിച്ചിരിക്കിന്നതിനിടയിൽ എപ്പോഴോ നിശബ്ദനായിരിക്കുന്നു. ചെന്നു നോക്കുമ്പോൾ ആണ് നിലത്ത് ഒരു ഭാഗത്തേക്ക് തലയും ചരിച്ചു വെച്ച് ആദി എപ്പോഴോ ഉറങ്ങി പോയി എന്നത് അറിയുന്നത്.
*******************
ഇജ്ജ് = നീ
ചെങ്ങായി = ചങ്ങാതി
ബർത്താനം = സംസാരം
പറീണത് = പറയുന്നത്
നച്ചത്തരം = നക്ഷത്രം
കളിയാക്കുക = പരിഹസിക്കുക,തമാശയാക്കുക
പൊട്ടത്തി = വിവരമില്ലാത്തവൾ, അറിവില്ലാത്തവൾ
ബുളിച്ചു = വിളിച്ചു
പൊള്ള് = കളവ്, നുണ
മാരി = മാതിരി, പോലെ, രൂപേണ