Aksharathalukal

കഥ - കാലം, പ്രണയം, സൗഹൃദം.

കാലം....🎨

 തിരക്കുപിടിച്ച ജീവിതയാത്രയിലും,ഇന്നലെയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ ഒരു സുഖമായിരുന്നു. ഇന്നിന്റെ  യാന്ത്രിക ലോകത്തുനിന്ന്, ഇന്നലെയുടെ  മധുര സ്വപ്നങ്ങളിലൂടെ ഒരു മടക്കയാത്ര ....

 കാണാൻ കൊതിച്ചതും, കേൾക്കാൻ ഇഷ്ടപ്പെട്ടതും എല്ലാം ഒരു നഷ്ടസ്വപ്നങ്ങൾ ആണെന്ന് കാലം പഠിപ്പിച്ച ബാല്യം.... പച്ചപ്പു നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം, ഒറ്റയടി പാത നിറഞ്ഞ ഇടവഴികൾ, കാലം തെറ്റാതെ കൃത്യമായി വന്നുകൊണ്ടിരുന്ന തുലാവർഷവും, ഇടവപ്പാതിയും, ഗ്രാമീണ സൗന്ദര്യത്തിൽ, മതസൗഹാർദ ത്തിന്റെ മുഖമുദ്രകൾ ആയിരുന്ന, പള്ളികളും അമ്പലങ്ങളും ദേവാലയങ്ങളും, ശാലീന സൗന്ദര്യം നിറഞ്ഞു നിന്നിരുന്ന ഗ്രാമീണ പെൺകൊടികളും,..... അങ്ങനെ അങ്ങനെ കടന്നുപോയ വഴിത്താരയിലെ സുന്ദരമായ ഓർമ്മകൾ.


 പ്രണയം....♥️

 ആ ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോൾ മനസ്സിലേക്ക് അറിയാതെ വന്നുചേർന്ന ഒരു പെൺകുട്ടി.... ആതിര. മനസ്സിൽ തോന്നിയ പ്രണയത്തെ തുറന്നു പറയാൻ ഒരു മടിയായിരുന്നു. ആ മടി എപ്പോഴും ഒരു പുഞ്ചിരിയിൽ മാത്രം ഒതുങ്ങി നിന്നു. ഒരു തുലാവർഷ മഴയിൽ, പുസ്തകം നെഞ്ചോട് ചേർത്തുവച്ച് മഴ നനഞ്ഞു വന്ന തന്നെ, അവളുടെ കുടക്കരിയിലേക്ക് ചേർത്തു നിർത്തുമ്പോൾ, മനസ്സിൽ അറിയാതെ  ഒരു പ്രണയം മൊട്ടിടുകയായിരുന്നു..... പക്ഷേ തന്റെ ഉള്ളിൽ തോന്നിയ ആ പ്രണയം, അവൾക്ക് അത് സഹജീവിയോടുള്ള ഒരു അനുകമ്പ മാത്രമായിരുന്നുവെന്ന് പിന്നീടാണ് താൻ അറിഞ്ഞത്.... അങ്ങനെ ആ പ്രണയം  ഒരു ദിശയിലൂടെ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്നു.

 കാലത്തിന്റെ രംഗവേദിയിൽ, കഥാപാത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു. തന്നെ ഒരു ഏകാന്ത കാമുകൻ ആക്കി, അവൾ മറ്റൊരുവന്റെ കയ്യും പിടിച്ചു പോകുന്നത് താൻ കണ്ടു. അതിന്റെ വേദനയിൽ കുറച്ചുനാൾ ഒരു വിഷാദ കാമുകനായി താൻ നടന്നു. കാലം കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ, കയ്യിൽ ഒരു കുഞ്ഞുമായി വീണ്ടും അവൾ തന്റെ മുന്നിലൂടെ നടന്നു നീങ്ങി.... തോൽവി നിറഞ്ഞ മുഖവുമായി താൻ നിൽക്കുമ്പോൾ, പുഞ്ചിരിക്കാൻ അവൾ മറന്നില്ല. തന്റെ പ്രണയത്തിന് അവളെ ഒരിക്കലും തനിക്ക് കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല. കാരണം ആ പ്രണയം ഒരിക്കലും താൻ അവളോട് തുറന്നു പറഞ്ഞിരുന്നില്ല. നിശബ്ദ പ്രണയത്തിന്റെ ഏകാന്ത കാമുകനായി കുറെ നാൾ അങ്ങനെ നടന്നു.

 കാലത്തിന്റെ രംഗവേദിയിൽ, വീണ്ടും കഥാപാത്രങ്ങൾ കടന്നുവന്നു.തന്റെ കൈകളിൽ പിടിച്ചു നടക്കാൻ മറ്റൊരാൾ എത്തി.... ഇന്ദു.... തന്റെ ഭാര്യ... ഏകാന്ത കാമുകനിൽ  നിന്ന്, ഭർത്താവിലേക്കുള്ള രംഗപ്രവേശം..


 സൗഹൃദം......🤝
 
 പിന്നീട് ഒരിക്കൽ കൂടി താനും ആതിരയും തമ്മിൽ കണ്ടുമുട്ടി. അത് ഒരു ആശുപത്രിയിൽ വച്ചായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ കുഞ്ഞിനും , ആതിരയുടെ രണ്ടാമത്തെ കുഞ്ഞിനും വേണ്ടി ഡോക്ടറെ കാണാൻ വന്ന സമയം... അന്ന് കൂടെ ആതിരയുടെ ഭർത്താവും ഉണ്ടായിരുന്നു. അവിടെവെച്ച് തങ്ങൾ വീണ്ടും തമ്മിൽ തമ്മിൽ പരിചയപ്പെട്ടു. അന്നുമുതൽ ആതിരയും, ഇന്ദുവും നല്ല കൂട്ടുകാരികളായി മാറി. ആതിര തന്റെ വീട്ടിൽ വരുമ്പോൾ, ഭർത്താവും ഒന്നിച്ച് തങ്ങളുടെ വീട്ടിലും വരാൻ തുടങ്ങി. തന്റെ ബാല്യകാല സുഹൃത്ത്, തന്റെ ഭാര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറുന്നത് താൻ കണ്ടു.

 ബാല്യം, കൗമാരം, പ്രണയം, വിവാഹം..... കാലത്തിന്റെ രംഗവേദിയിൽ ഓരോ കഥാപാത്രവുമായി നാം ആടിത്തീർക്കുകയാണ്..... പ്രണയം ഒരു അനുഭവമായി മാറുമ്പോഴേ, അത് ജീവിത യാത്രയിൽ വിജയം കാണുകയുള്ളൂ..... അല്ലാത്തപ്പോൾ അത് സൗഹൃദമായി മാറുന്നു..... ആ സൗഹൃദമാണ് ഇപ്പോൾ തങ്ങൾ രണ്ടു കുടുംബങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നത്..... ആ ജീവിത യാത്ര ഇങ്ങനെ തന്നെ തുടരട്ടെ.... തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെ  ഒരു നേർത്ത  ഓർമ്മയായി അത് എന്നും അവശേഷിക്കട്ടെ.


...................................... ശുഭം................................