Aksharathalukal

ഏഴാം ദിവസം


\"നീ എനിക്ക് കുറച്ചു സ്വൈര്യം താ. ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും\" ഹരി അടുക്കളയിൽ നിന്നും ഭാര്യയോട് ദേഷ്യപ്പെട്ട് ഇറങ്ങി വരുന്നത് കണ്ടു സരസ്വതിയമ്മയുടെ ഉള്ളു കാളി. കുട്ടികൾ ഉണ്ടാകാതെ എത്രയോ അമ്പലങ്ങളിൽ നേർച്ചയും കാഴ്ചയും വെച്ച കിട്ടിയ മകൻ ആണ്. എന്നിട്ട് അവനെ ഒരു നോക്ക് കാണാൻ പോലും നിക്കാതെ അവന്റെ അച്ഛൻ പോയപ്പോൾ തനിച്ചായതു അവർ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങൾ ആയിരുന്നു. അവനെ ഒറ്റയ്ക്കു വളർത്താൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട് അവർക്ക്. എല്ലാം മറക്കുന്നത് അവന്റെ തമാശകളും കുസൃതികളും കാണുമ്പോൾ ആയിരുന്നു. അത് എന്നും നിലനിൽക്കാൻ വേണ്ടി ആണ് അവനിഷ്ടപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സന്തോഷത്തോടെ അവർ സമ്മതിച്ചതും. ആദ്യമൊക്കെ കളിചിരികളും സന്തോഷവും നിറഞ്ഞ അവരുടെ ജീവിതം പതുക്കെ പതുക്കെ വഴക്കുകളിലേക്ക് വഴിതിരിഞ്ഞു. തന്റെ മകന്റെ വിഷമം കാണുമ്പോൾ അവർക്ക് സഹിക്കാൻ ആയില്ല. അതിന്റെ കാരണം താൻ അവിടെ നിൽക്കുന്നത്ത് ആണെന്ന് അറിഞ്ഞപ്പോൾ അതിലേറെ വിഷമം തോന്നി. ആയിരം കത്തി കൊണ്ട് ഹൃദയത്തെ കീറി മുറിക്കുന്നത് പോലെ. നിരന്തരം ആയുള്ള വഴക്കുകൾ കേട്ടു മരവിച്ചു സരസ്വതിയമ്മ അവസാനം ഒരു തീരുമാനത്തിൽ എത്തി. അവിടെ നിന്നും മാറുക. മകനോട് അത് പറഞ്ഞാൽ അവൻ ഒരിക്കലും സമ്മതിക്കില്ല അവനത് സഹിക്കാൻ ആകില്ല. അവൻ അറിയാതെ അവിടെ നിന്നും പോകണം. അവൻ ഒരുപാട് വിഷമിക്കുമെങ്കിലും 
അതാകും അവന്റെ മുന്നോട്ടുള്ള ജീവിതത്തിനു നന്ന് അവർ തീരുമാനിച്ചു. ഒരാഴ്ച്ച കൂടി അവിടെ പിടിച്ചു നിൽക്കണം, മോനെ കൊതി തീരെ കാണണം, എന്നിട്ട് ഗുരുവായൂർ പോയി കണ്ണന്റെ കൈ പിടിക്കണം. അവർ മനസ്സിൽ കണക്കു കൂട്ടി.

ഏഴ് ദിവസങ്ങൾ കൂടി. ഓരോ ദിവസവും കഴിയുമ്പോൾ മനസ്സ് മാറുമോ എന്നവർ ഭയപ്പെട്ടു. പക്ഷെ ദിവസങ്ങൾ കഴിയും തോറും ഹരി അവരോട് സംസാരിക്കാതെ ആയി. അവനു ആകെ ഒരു ടെൻഷൻ പോലെ. ചിരി ഇല്ല ആഹാരം കഴിപ്പില്ല സംസാരം ഇല്ല ഏതു നേരവും എന്തോ ആലോചനയിൽ ആണ്. ആറാം ദിവസം ഹരി അമ്മയോട് പറഞ്ഞു \"നമുക്ക് നാളെ ഗുരുവായൂർ അമ്പലം വരെ പോയാലോ അമ്മ?\" ആ ചോദ്യം കേട്ട് സരസ്വതിയമ്മ ഞെട്ടി. അത് പുറത്തു കാട്ടാതെ അവർ പറഞ്ഞു.
\"അതിനെന്താ മോനെ പോകാം. കണ്ണൻ എന്നെ വിളിക്കുന്നത്‌ പോലെ എനിക്കും തോന്നുന്നുണ്ട്\". അന്ന് രാത്രി അവർക്കു ഉറങ്ങാൻ കഴിഞ്ഞില്ല. നേരം പുലരും മുന്നേ അവർ കുളിച്ചു പോകാൻ ഒരുങ്ങി. ഹരിയും അമ്മയും യാത്ര തിരിച്ചു. കാറിൽ ഇരുന്നപ്പോളും രണ്ടാളും ഒന്നും മിണ്ടിയില്ല. സരസ്വതിയമ്മയ്ക്ക് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി. ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് പോലെ. അവർ ഗുരുവായൂർ എത്തി. സരസ്വതിയമ്മ കാറിൽ നിന്നിറങ്ങി ഹരിയോട് പറഞ്ഞു \"മോനെ, നീ ഇറങ്ങേണ്ട. ഞാൻ പോയ്കോളാം. നീ എന്റെ കൂടെ വന്നാൽ നിന്നെ തിരക്കിൽ നഷ്ടപെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. മോന് ഓർമ്മയുണ്ടോ? പണ്ട് ഇവിടെ വന്നു തിരക്കിൽ എന്റെ കൈ ഒന്ന് വിട്ട് പോയപ്പോൾ നീ അമ്മേ എന്ന് നിലവിളിച്ചു കരഞ്ഞത്? അന്ന് തൊട്ട് ഉള്ള ശീലം ആണ് തിരക്ക് കണ്ടാൽ എന്റെ സാരി തുമ്പ് നിന്റെ കൈത്തണ്ടയിൽ കെട്ടും.  
ഇപ്പൊ അങ്ങനെ കെട്ടാറില്ലെങ്കിലും നിന്നെ ഞാൻ ശ്രദ്ധിക്കും.
എത്ര പ്രായം ആയാലും നീ എന്നും എന്റെ കുഞ്ഞ് തന്നെയാ. നീ എന്റെ കൈ വിട്ടാലും ഞാൻ നിന്റെ കൈ വിടില്ല.\" 
ഹരി വിങ്ങലോടെ വിളിച്ചു \"അമ്മേ, ഞാൻ...\"

\"മോനെ, നിനക്ക് കണ്ണനെ കാണാൻ സമയം ആയിട്ടില്ല\" ഇതും പറഞ്ഞു സരസ്വതിയമ്മ മുന്നോട്ട് നടന്നു. ഓർമ്മകൾ അവരുടെ കണ്ണുകളെ ഈറൻ അണിയിച്ചു. ഈ ഒറ്റപ്പെടൽ താൻ എടുത്ത തീരുമാനം ആണെന്ന് സ്വയം വിശ്വസിക്കാൻ അവർ ശ്രമിച്ചു. തന്നെ ആരും ഉപേക്ഷിച്ചിട്ടില്ല താൻ ആണ് എല്ലാം ഉപേക്ഷിച്ചു വന്നത്. ചിന്തകൾ അവരെ വരിഞ്ഞു മുറുകി.
\"അമ്മേ\" ആ വിളി കേട്ടപ്പോൾ ആണ് അവരെ വരിഞ്ഞു മുറുക്കിയ അവരുടെ ചിന്തകൾ പതിയെ അയഞ്ഞത്. അവർ ചുറ്റും നോക്കി. 

\"അമ്മ ആരെയാ അന്വേഷിക്കുന്നത്? ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ!\" സരസ്വതിയമ്മ ഞെട്ടലോടെ തിരിഞ്ഞ് നോക്കി.
ഒരു കള്ള ചിരിയോടെ കണ്ണൻ തന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട് ഇനിയുള്ള കാലം ഹരിയായ്....

Greensa Asish