ഒരാഴ്ച കഴിഞ്ഞു ..ഒരു ദിവസം ഉച്ചയ്ക്ക് അഖിൽ നയനയെ ഫോൺ വിളിച്ചു ചോദിച്ചു നീ എവിടെയാണ്? വീട്ടിലുണ്ടെങ്കിൽ ഒന്ന് പുറത്തേക്ക് വാ...
എവിടേക്ക്? അവൾ ആശ്ചര്യത്തോടെ ചോദിച്ചു..
ഞാനിവിടെ മെയിൻ റോഡിൽ നിന്നെ കാത്തു നിൽക്കുന്നുണ്ട് ..അവൻ പറഞ്ഞു
അഖിൽ തമാശ പറയുകയാണെന്ന് കരുതി അവൾ അവനോട് പറഞ്ഞു ചുമ്മാ കളിയാക്കാതെ..
നീയൊന്ന് പുറത്തേക്ക് വാ .. അപ്പോൾ കാണാം
അവൻറെ ഉറപ്പിച്ചുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി. അവൻ അവളെ കാണാൻ വന്നിട്ടുണ്ടെന്ന്... പിന്നെ ആകെ വെപ്രാളം ആയിരുന്നു തോളത്തൊരു ഷാൾ എടുത്തിട്ട് അമ്മയോട് പറഞ്ഞു. അമ്മേ അയാൾ റോഡിൽ റോഡിൽ വന്നു നിൽക്കുന്നുണ്ട് .. ഞാനിപ്പോൾ വരാം..
അയാളോ ..! അതാര് ?അമ്മ ചോദിച്ചു
വേറെ ആര് ..നിങ്ങൾക്ക് മരുമകൻ ആകാൻ പോകുന്നവൻ തന്നെ..
അഖിലേട്ടൻ എന്ന് വിളിക്കടി.. അമ്മ ഇഷ്ടത്തോടെ അവളെ ശാസിച്ചു.
ഓ...എന്നെ കെട്ടീട്ടൊന്നും ഇല്ലല്ലോ... എന്ന് പറഞ്ഞ് അവൾ റോഡിലേക്കോടി...
അവളുടെ വീട്ടിൽ നിന്നും അധികം ദൂരം റോഡിലേക്ക് ഉണ്ടായിരുന്നില്ല.അഖിൽ അവിടെ അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അഖിലിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ നയനയ്ക്ക് കാൽ നിലത്തുറക്കുന്നുണ്ടായിരുന്നില്ല ...താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് എന്ന ബോധത്തോടുകൂടി അഖിൽ നയനയെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു.ഇത് അവളും ശ്രദ്ധിച്ചിരുന്നു....ഇത്തിരി മടിയോട് കൂടി അവള് അവിടെ നിന്ന് അവനോട് സംസാരിച്ചു....
അവൻ കൊടുത്ത അവൾക്കിഷ്ടപ്പെട്ട വലിയ ചോക്ലേറ്റ് ബാർ കയ്യിൽ പിടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ\' രക്ഷപ്പെട്ടു\' എന്ന് അവൾ മനസ്സിൽ വിചാരിച്ചു. അഖിലുമായി വിവാഹം നിശ്ചയിച്ചെങ്കിലും വിവേകുമായുള്ള പ്രശ്നം അഖിലുമായി ഒരു അകലം അവളിൽ സൃഷ്ടിച്ചിരുന്നു.
ഇതിനിടയിൽ അഖിലിൻ്റെ അച്ഛന് പെട്ടെന്ന് വയ്യാതായി.....പ്രഷറും ഷുഗറും എല്ലാം അച്ഛന് ഉണ്ടായിരുന്നു.ഇടക്ക് സോഡിയം കുറയാറും ഉണ്ട്. വീണ്ടും സോഡിയം കുറഞ്ഞപ്പോൾ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..അച്ഛന് ഹോസ്പിറ്റലിൽ കൂട്ടിരിക്കുന്നതിനിടയിൽ അഖിൽ വിളിച്ചാൽ തന്നെ അവൻ ഏറെ ക്ഷീണിച്ചിരുന്നു.. ടെൻഷനും ഉണ്ടായിരുന്നു.എന്നാലും അവൻ നയനയെ വിളിക്കാതിരുന്നില്ല...
വിവാഹത്തിന് ഇനി ഒരു മാസം ബാക്കിനിൽക്കെ ഒരു ദിവസം രാവിലെ ആരൊക്കെയോ കരയുന്ന പോലെ ശബ്ദം കേട്ട് നയന ഞെട്ടി ഉണർന്നു. വീട്ടിലുള്ള എല്ലാവരും വല്ലാതെ ടെൻഷനോടുകൂടി നിൽക്കുന്നത് കണ്ടു . പുറത്തുനിന്നുള്ള ആരൊക്കെയോ ഉണ്ടായിരുന്നു..എന്താണെന്ന് അറിയല്ല എങ്കിലും എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് നയനക്ക് മനസ്സിലായി അവൾ അമ്മയോട് ചോദിച്ചു
എന്താ എല്ലാവർക്കും ഒരു ടെൻഷൻ പോലെ.. എന്തെങ്കിലും പ്രശ്നമുണ്ടോ?
അവളുടെ ചോദ്യം കേട്ട് എല്ലാവരും തരിച്ച് നിൽക്കുകയായിരുന്നു ആർക്കും പെട്ടെന്ന് ഉത്തരം വന്നില്ല...
അച്ഛൻ അവളെ ചേർത്തുപിടിച്ചിട്ട് പറഞ്ഞു
\"മോളെ മോള് ടെൻഷൻ അടിക്കാതെ പറയുന്ന കാര്യം ശ്രദ്ധയോടുകൂടി കേൾക്കണം...
അച്ഛൻ പറയുന്നത് എന്താണെന്ന് അറിയാതെ ആകാംക്ഷയോടെ അവൾ അച്ഛനെ നോക്കി... അവളിൽ നിന്നും എന്ത് മറുപടി ഉണ്ടാകും എന്നറിയാതെ ഒത്തിരി ഭയത്തോടെ അച്ഛൻ അവളോട് പറഞ്ഞു
\" അഖിലിന്റെ അച്ഛൻ കുറച്ചുമുമ്പ് മരിച്ചു..\"
പറഞ്ഞ നിമിഷം തന്നെ നയനയുടെ കണ്ണുകൾ നിറഞ്ഞ തുളുമ്പി.. അവൾ ഒന്നും പറയാതെ തന്നെ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു അന്ന് രാവിലെ തന്നെ അവളും അച്ഛനും അമ്മയും ചേർന്ന് അഖിലിന്റെ വീട്ടിലേക്ക് പോയി. ചിലർ സഹതാപത്തോട് കൂടിയും മറ്റു ചിലർ ഈ വിവാഹം നിശ്ചയിച്ചതിനുശേഷം ആണല്ലോ അച്ഛൻ മരിച്ചത് എന്ന ദുശ്ശ്കുന ചിന്തയോട് കൂടിയും കൂടിയും അവളെ നോക്കി.. അഖിലിന്റെ വീട്ടിലെത്തിയപ്പോൾ അവൾ മരിച്ചുകിടക്കുന്ന അച്ഛനെ കണ്ടു.അവള് അഖിലിൻ്റെ അച്ഛനെ സ്വന്തം അച്ഛനായി കണ്ടുതുടങ്ങിയിരുന്നു.അതുകൊണ്ട് തന്നെ അവൾക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.അവള് പരിസര ബോധമില്ലാതെ തേങ്ങി തേങ്ങി കരഞ്ഞു..തിരിച്ച് വീട്ടിലെത്തിയപ്പോഴും അവളുടെ സങ്കടം തീർന്നില്ല. എന്ത് പരീക്ഷണമാണ് ഇത് എന്ന് ചോദിച്ചു ദൈവത്തിനു മുന്നിൽ കുറെ കരഞ്ഞു തളർന്നു.. കല്യാണത്തിൽ നിന്നും അവർ പിന്തിരിയുമോ എന്ന് അവളുടെ അച്ഛൻ സംശയിച്ചു .എന്നാൽ , ഏകദേശം നാല് ദിവസം കഴിഞ്ഞു അഖിലിന്റെ വീട്ടുകാർ നയനയുടെ അച്ഛനെ വിളിച്ചു ..അഖിലിന്റെ അച്ഛൻറെ അവസാന ആഗ്രഹമായിരുന്നു അഖിലിന്റെ വിവാഹം .. എനിക്ക് എന്ത് സംഭവിച്ചാലും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണമെന്ന് അച്ഛൻ പറഞ്ഞിരുന്നു.. അതുകൊണ്ട് വിവാഹം മാറ്റിവെക്കേണ്ട എന്ന് അവർ അറിയിച്ചു. ആർഭാടമായി നടത്താനിരുന്ന വിവാഹം ലഘുവായ ചടങ്ങുകളോട് കൂടെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ച് അഖിൽ നനയുടെ കഴുത്തിൽ താലികെട്ടി. കല്യാണത്തിൽ പങ്കെടുക്കാൻ വിവേകും എത്തിയിരുന്നു . അവൻ നിശബ്ദനായി കല്യാണത്തിൽ പങ്കെടുത്ത് മടങ്ങി, ഒന്നും പറയാതെ തന്നെ.. നയനയും ഒന്നും പറഞ്ഞില്ല..
അഖിലിൻ്റെ അച്ഛൻറെ മരണം നയനയെ തളർത്തിയിരുന്നു. അവൾ താലികെട്ടാൻ ഇരിക്കുമ്പോൾ പോലും പൂർണ്ണ ബോധത്തോടെ ആയിരുന്നില്ല. എല്ലാംകൊണ്ടും നെഗറ്റീവായ ഒരു അന്തരീക്ഷത്തിലേക്കാണ് താൻ കാലെടുത്തുവെക്കുന്നത് എന്ന ബോധം അവൾക്ക് നന്നായിട്ടുണ്ടായിരുന്നു..
വിവാഹം കഴിഞ്ഞ് അനിയത്തിയും അച്ഛൻ അമ്മയും അവളെ വീട്ടിലേക്ക് യാത്രയാക്കി അവർ അവളുടെ കൂടെ പോയെങ്കിലും അഖിലിന്റെ വീട്ടിൽ കയറിയില്ല വീടിനു പുറത്തുനിന്ന് അഖിലിനോട് അച്ഛൻ പറഞ്ഞു
\"എൻറെ മോളെ നന്നായി നോക്കണം അവളെ സങ്കടപ്പെടുത്തരുത്\"
\"ഇല്ലച്ഛാ ഞാൻ അവളെ നന്നായി നോക്കും അവളെ സങ്കടപ്പെടുത്തില്ല ഒരിക്കലും..\". അഖിൽ പറഞ്ഞു
നയനയോട് യാത്ര പറഞ്ഞു അവളുടെ അച്ഛനും അമ്മയും അനിയത്തിയും മടങ്ങി.
വിളക്ക് പിടിച്ച് വലതുകാൽ വച്ച് അഖിലിന്റെ വീട്ടിലേക്ക് അവള് കയറുമ്പോൾ ഇനി എന്തായിരിക്കും എന്ന ചിന്ത അവളിൽ നിറഞ്ഞുനിന്നു