Aksharathalukal

ഇനി തനിയെ നടക്കാം 💐

ഇരുളിൻ വനികയിൽ ദിശയറിയാ
തുഴറുമൊരു കിളി  തേങ്ങുകയായ്
വഴിയാറിയാതിടവഴിയിൽ  തളരുമെൻ
പാദങ്ങളിടരുകയായ്...

തഴുകിയൊഴുകും നിദ്രാ നദിതൻ പടവിൽ
ഇനിയും വീണുകിടക്കും എൻ
കനൽപ്പൂക്കൾ വാരിയെടുക്കാൻ
കനവെന്തേ വന്നില്ലിന്നും..

അരികിലായ് ഇത്തിരി കനിവിന്റെ വെട്ട മായ്  വരികില്ലൊരു മിന്നാമിന്നിപോലും
യാമങ്ങൾ താണ്ടിയും പിന്നെയും കേൾക്കുന്നു
യാത്രമൊഴിപോലെ മൂകഗാനം..

വാക്കുകൾ കൂരമ്പുപോലെ പോലെ തൊടുത്തവർ ജീവന്റെ മാംസത്തിലെയ്തിടുമ്പോൾ
കണ്ണുകൾ പോലും ചലിച്ചില്ല, എന്തിനോ
ചുണ്ടുകൾ പോലും വിതുമ്പിയില്ല

മിഴികളെല്ലാം  കൂർത്ത വാൾപോലെ
നീട്ടിയവർ
നെഞ്ചം തുളക്കുന്നതെന്തിനായി
ഒഴുകുന്നു ചുഴി തീർത്ത മുറിവിലായ്
ചുടു ചോര, നൊമ്പരക്കടലുപോലെ

അറിയാമെനിക്കെന്റെ വിധിയിതു തന്നെ
ഒരുനാൾ മുഖമുഖം വന്നുനിൽക്കും
അറിയാതെപോലും പകച്ചുനിൽക്കാതെന്റെ മൗനത്തെ
കൂട്ടി നടന്നിടണം

അറിയാത്തതല്ല ഈ ഒറ്റപ്പെടലിന്റെ കൈപുനീർ ഇന്നുമെൻ ജീവിതത്തിൽ
എങ്കിലും തേടി ഞാൻ ഒരു കുഞ്ഞു മധുരമീ ജീവന്റെ തുടിയൊന്നു നീട്ടീടുവാൻ

അമ്മയെന്നല്ലാതെ ചൊല്ലിയില്ലൊരു നാളും മമ്മയല്ലവരെന്നറിഞ്ഞെങ്കിലും
അച്ഛനുമിന്നന്യനയ് മാറിയോ ഞാൻ
ആ ചോരയെന്നുള്ളിൽ പരക്കുമ്പോഴും

ആർക്കുമെ വേണ്ടാതെയായോ ഞാൻ,
ഭൂമിയിൽ
\'എനിക്കെന്നു \' പറയുവാനില്ലയാരും
സ്വന്തങ്ങളെന്ന് ധരിച്ചൊരാ നിഴലുകൾ
മാഞ്ഞുപോയിന്നീ ഇരുൾ പുകയിൽ

ചുറ്റിനും നിന്നവർ കാട്ടിയ സ്നേഹത്തിൽ
ഇത്തിരിപ്പോലും നിറങ്ങളില്ല
നോവിച്ചതല്ലാതെ ലാളിച്ച ബാല്യവും
മോഹിച്ച സ്വർഗ്ഗവും കൂടെയില്ല

ഒറ്റക്കിരിക്കുവാൻ,ഓർമ്മകൾ നെയ്യുവാൻ  ശല്യമായരുമിനി വരികയില്ല
സ്വപ്‌നങ്ങൾ കാണുവാൻ, സ്വതന്ത്രമായി
പാടുവാൻ പെരുവഴിയിലാരും തടസമല്ല

ഉള്ളം തുറക്കുവാൻ പൊട്ടിക്കരയുവാൻ
ഇടനാഴിതേടേണ്ടതില്ലയിനിയും
ഉള്ളിലെ ഞാനെന്ന ഉണ്മയിൽ തുടരുവാൻ
അനുവാദമിനിയൊന്ന് തീരെ വേണ്ട

ബന്ധ ബന്ധങ്ങൾ തൻ നൂല് പൊട്ടിയടർന്നുപോയ്, നാഥനുണ്ടെങ്കിലു-
മനാഥനായ് ഞാൻ..
അനാഥത്വമിന്നൊരു  സൗഭാഗ്യമാണെ -
ന്റെ  ഉള്ളിലെ ജയിലഴികൾ തുറന്നിടുമ്പോൾ

സ്വാതന്ത്രനാണിന്നു ഞാൻ,മുന്നോട്ടു പോകണം,നേടാനെനിക്കുണ്ട് വലിയ ലോകം
തള്ളിപ്പറഞ്ഞവർ കണ്ടു തന്നറിയണം
കാലത്തിൻ ചോദ്യത്തിൽ പതറീടണം

നെഞ്ച് നിവർത്തി നിന്നൊന്നു പറയണം
കല്ലുകൾ ശിലായാകുമെന്ന സത്യം..
ചെയ്തുപകാരങ്ങൾക്കിരിക്കട്ടെ എന്നുള്ളിൽ ഉപ്പിട്ട മുറിവിന്റെ നന്ദികൂടി

©ഗൗരി പാർവതി