Aksharathalukal

നീലനിലാവേ... 💙 - 11

നിർത്താതെയുള്ള ഫോൺ റിംഗ് കേട്ടാണ് കിടന്ന കിടപ്പിൽ എപ്പോഴോ മയങ്ങി പോയ ദേവ് ഉറക്കം വിട്ട് ഉണർന്നത്.. കണ്ണ് തുറന്ന് കൈയ്യെത്തിച്ച് മേശയുടെ മുകളിൽ ഇരിക്കുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വിനുവാണെന്ന് കണ്ട് അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു...

\"\"\" പറയ്, വിനൂ... \"\"\" ഫോൺ
ചെവിയോട് ചേർത്ത് കൊണ്ട് അവൻ മുഖം ഒരു കൈയ്യാൽ അമർത്തി തുടച്ചു...

\"\"\" നീ ഇത് എവിടെയാ?, ദേവാ.. സമയം ഏഴ് ആകാറായല്ലോ.. ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയതാണെന്ന് വല്ല ഓർമ്മയും ഉണ്ടോ? \"\"\" മറുതലക്കൽ നിന്ന് ദേഷ്യത്തോടെയുള്ള വിനുവിന്റെ ചോദ്യം കേൾക്കെ ബോധം വന്നത് പോലെ പിടഞ്ഞെഴുന്നേറ്റ് അവനൊന്ന് ചുറ്റും നോക്കി.. മുറിയാകെ ഇരുട്ട് പടർന്നിരിക്കുന്നു.. തുറന്ന് കിടക്കുന്ന ജനാല വഴി അകത്തേക്ക് പ്രവേശിക്കുന്ന നേർത്ത നിലാവ് മാത്രമാണ് അവിടെ ആകെയുള്ള വെളിച്ചം.. അവൻ തലയിൽ കൈ വെച്ചു...

\"\"\" എടാ.. ഞാൻ അറിയാതെ ഒന്ന് ഉറങ്ങി പോയടാ.. നീ കട അടച്ചോ? \"\"\" ഫോൺ തോൾ ഉപയോഗിച്ച് കാതിൽ നിന്ന് വീഴാതെ താങ്ങി കൊണ്ട് അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുണ്ടൊന്ന് മുറുക്കി ഉടുത്തു...

\"\"\" കടയൊക്കെ അടച്ചു.. നീ പുഴക്കരയിലേക്ക് വരുന്നുണ്ടോ? \"\"\"

\"\"\" ഇല്ല.. നീ വെച്ചോ.. ഞാൻ വിളിക്കാം... \"\"\" പറഞ്ഞ് കഴിഞ്ഞ് അവന്റെ മറുപടിയ്ക്ക് കാക്കാതെ കാൾ കട്ട്‌ ചെയ്ത് ഫോൺ മേശമേൽ വെച്ചിട്ട് ദേവ് മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി... വീടിന്റെ ഉള്ളിലെ ഇരുട്ടും.. നിലത്തെ ചെറിയ മേശയിൽ ഇരിക്കുന്ന കത്തിക്കാത്ത നിലവിളക്കും.. അടഞ്ഞു കിടക്കുന്ന മുൻവശത്തെ വാതിലും കണ്ടപ്പോൾ തന്നെ വൈകുന്നേരം അകത്ത് കയറിയ നിള പിന്നീട് ഇന്നേരം വരെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല എന്നവന് മനസ്സിലായി.. സ്വിച്ച് ബോർഡിന് അടുത്തേക്ക് ചെന്ന് ലൈറ്റ് ഓൺ ചെയ്തിട്ട് അവൻ അടുക്കളയിലേക്ക് നടന്നു.. പാല് തീർന്നത് കൊണ്ട് ഒരു കട്ടൻ ഉണ്ടാക്കാമെന്ന് കരുതി പാത്രം കൈയ്യിലേക്ക് എടുത്തെങ്കിലും അവന് ഒന്നും ചെയ്യാൻ തോന്നിയില്ല.. പഴയ ഓരോ കാര്യങ്ങൾ ഓർത്ത് കടയിൽ ഇരിക്കുന്ന നേരത്താണ് അവന് വിജയന്റെ ഫോൺ കാൾ വന്നത്.. \' ഒന്ന് കാണണം.. എത്രയും പെട്ടന്ന് വീട്ടിലേക്ക് വാ നീ... \' എന്ന് പറഞ്ഞ് അയാൾ കാൾ വെച്ചപ്പോൾ വാടകയുടെ എന്തെങ്കിലും കാര്യം പറയാൻ ആകും എന്നാണ് കരുതിയത്.. എന്നാൽ അവിടെ എത്തിയപ്പോഴാണ് പഞ്ചമിയുമായി നിള വഴക്ക് ഉണ്ടാക്കിയെന്നും.. ഇനി അവളുടെ നേരെ നിന്റെ പെങ്ങളുടെ ശബ്ദം ഉയർന്ന് കേട്ടാൽ പിന്നങ്ങോട്ട് ആങ്ങളയും പെങ്ങളും പെരുവഴിയിൽ കിടക്കേണ്ടി വരുമെന്നും ഒക്കെ പറഞ്ഞ് അയാൾ എല്ലാവരുടെയും മുന്നിൽ വെച്ച് ഓരോന്ന് വിളിച്ച് പറഞ്ഞത്.. അതിനൊപ്പം അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി കടയിലേക്ക് പോകുന്ന വഴിയിൽ വെച്ച് പഞ്ചമിയെയും കണ്ടിരുന്നു.. ഓരോന്ന് പറഞ്ഞ് അവസാനം \' വീട്ടിൽ കയറി വരുന്നവരെ ഒരു കാരണവും ഇല്ലാതെ ഇത്രയും മോശമായി അപമാനിക്കാൻ ആണോ ദേവേട്ടൻ നിളയെ പഠിപ്പിച്ചിരിക്കുന്നത്..?! \' എന്ന അവളുടെ ചോദ്യം കൂടി ആയപ്പോൾ ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.. അതിന്റെ ദേഷ്യത്തിലാണ് അപ്പൊ തന്നെ വണ്ടിയും എടുത്ത് ഇവിടേക്ക് വന്നത്.. അത്രയും തല്ലണം എന്നൊന്നും കരുതിയതല്ല.. പറ്റി പോയതാണ്... പാവം.. ഒത്തിരി നൊന്തിട്ടുണ്ടാവും... ഓർത്ത് കൊണ്ട് പാത്രം തിരികെ വെച്ചിട്ട് അവൻ ഊണുമേശയുടെ അടുത്തുള്ള വാഷ്ബേസിന് അടുത്ത് ചെന്ന് മുഖമൊന്ന് കഴുകി അവ മുണ്ടിന്റെ അറ്റം ഉപയോഗിച്ച് തുടച്ച ശേഷം നിളയുടെ മുറിയിലേക്ക് നടന്നു...

മുറിയുടെ മുന്നിൽ എത്തിയ നിമിഷം കൈ ഉയർത്തി വാതിലിൽ മുട്ടാൻ തുടങ്ങിയെങ്കിലും ഉയർത്തിയത് പോലെ തന്നെ അവൻ ആ കൈ പിൻവലിച്ചു.. ആകെ ഒരു അസ്വസ്ഥത തന്നെ മൂടുന്നത് പോലെ.. \' അടിക്കല്ലേ, ദേവാ... \' എന്ന് പറഞ്ഞ് തന്റെ മുന്നിൽ നിന്ന് കരഞ്ഞ ആ കുഞ്ഞിപെണ്ണിന്റെ മുഖം മനസ്സിലേക്ക് വരവെ മനപ്രയാസത്തോടെ കണ്ണുകളൊന്ന് മുറുക്കി അടച്ച് തുറന്ന് അവൻ വാതിലിന്റെ പിടിയിൽ പിടിച്ച് അത് ഒന്ന് താഴ്ത്തി നോക്കി.. വാതിൽ തുറന്ന് വന്നതും അവന്റെ മിഴികൾ ഉള്ളിലേക്ക് പാഞ്ഞു.. കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുന്ന പെണ്ണിനെ കാൺകെ അവന്റെ ഉള്ളൊന്ന് വിങ്ങി.. കുറ്റബോധമോ.. അതോ അവളെ അത്രയും തല്ലിയത് ഓർത്തുള്ള വേദനയോ.. എന്തുകൊണ്ടോ നെഞ്ച് വല്ലാതെ പിടഞ്ഞപ്പോൾ.. ആദ്യമായി.. അനുവാദം ചോദിക്കാതെ.. ആ പെണ്ണിന്റെ സമ്മതത്തിനായി കാത്തുനിൽക്കാതെ അവൻ അവളുടെ മുറിയിലേക്ക് കയറി...

കൈകൾ രണ്ടും കൂട്ടി പിടിച്ച് തന്റെ മാറോട് ചേർത്ത് മിഴികൾ ഇറുക്കി അടച്ച് ചരിഞ്ഞ് കിടക്കുന്നവൾക്ക് അടുത്തായി അവളുടെ തലയുടെ ഭാഗത്ത് ചെന്നിരുന്ന് അവൻ വലം കൈ ഉയർത്തി അവളുടെ നെറുകയിൽ വെച്ചു.. ഒരുപാട് കരഞ്ഞതിന്റെ അവശേഷിപ്പായി ആ കുഞ്ഞി കവിളുകളിൽ തെളിഞ്ഞു കാണുന്ന കണ്ണുനീർ വറ്റിയ പാടുകൾ അവനിൽ വേദനയുണ്ടാക്കി.. താൻ കാരണം... അവന്റെ ഹൃദയം അവനെ കുറ്റപ്പെടുത്തി...

\"\"\" ത.. തല്ലല്ലേ, ദേവാ... \"\"\" പെട്ടന്ന് വിറച്ചത് പോലൊന്ന് കിടുകിടുങ്ങി പാതി മയക്കത്തിലും അവളുടെ അധരങ്ങൾ ഇടർച്ചയോടെ പുലമ്പി.. അവന്റെ കണ്ണുകൾ നനഞ്ഞു.. വേണ്ടിയിരുന്നില്ല... കുഞ്ഞല്ലേ.. വീണ്ടും വീണ്ടും ഉള്ളിൽ ഇരുന്ന് ആരോ പറയുന്നത് പോലെ അവന് തോന്നി.. മെല്ലെ.. മനസ്സ് വിങ്ങുന്ന നൊമ്പരത്തോടെ അവളുടെ തലയുടെ ഭാഗത്ത് നിന്ന് എഴുന്നേറ്റ് അവൻ അവൾക്ക് ഇടത് വശത്തായി ചെന്ന് ഇരുന്നു...

\"\"\" കുഞ്ഞൂ... \"\"\" അവളുടെ കൈകൾക്ക് മുകളിൽ പിടിച്ച് അവൻ അരുമയായി വിളിച്ചു...

\"\"\" ഞാ.. നൊന്നും ചെയ്.. തില്ല, ദേവാ... \"\"\" അവളുടെ ചുണ്ടുകൾ വിറപൂണ്ടു.. കലങ്ങി പോയി അവന്റെ കണ്ണുകൾ.. അടക്കി നിർത്താൻ ആകാത്തവണ്ണം സ്വയം അറിയാതെ അവന്റെ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി...

\"\"\" കുഞ്ഞൂ... \"\"\" അവൻ അവളുടെ വലം കവിളിലേക്ക് തന്റെ ഇടം കൈ ചേർത്ത് വെച്ചു.. എന്നാൽ അവളുടെ ശ്വാസത്തിന്റെ ചൂട് അല്ലാതെ ചെറുചൂട് ആ കവിൾതടത്തിലും അനുഭവപ്പെട്ടതും അവൻ ചുളിഞ്ഞ നെറ്റിയോടെ അവളുടെ നെറ്റിയിലും കഴുത്തിലും ഒന്ന് കൈ വെച്ച് നോക്കി...

\"\"\" പനിക്കുന്നുണ്ടോ?!, ഈശ്വരാ... \"\"\" അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി.. രണ്ട് വർഷം മുൻപ് ഇതുപോലൊരു പനി അവൾക്ക് വന്ന ഓർമ്മയിൽ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.. ബോധമില്ലാതെ കിടന്ന അവളെ അന്ന് കൈകളിൽ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയതോടൊപ്പം.. അവിടെ എത്തി അവളെ പരിശോധിച്ച ശേഷം \' കൃത്യസമയത്ത് കൊണ്ട് വന്നത് നന്നായി.. ഫിറ്റ്‌സിന്റെ ഒരു സ്റ്റാർട്ടിംഗ് ആയിരുന്നു ആൾക്ക്.. പക്ഷേ, പേടിക്കണ്ട.. ഇപ്പൊ ഓക്കേ ആണ്... \' എന്ന് ഡോക്ടർ പറഞ്ഞ ആ വാക്കുകൾ കൂടി മനസ്സിലേക്ക് വന്നതും അവന്റെ ശ്വാസഗതി ഉയർന്നു...

\"\"\" കുഞ്ഞുവേ.. ഒന്നുമില്ലടാ.. ദേവ ഇനി തല്ലില്ല.. എന്റെ കുഞ്ഞുവല്ലേ.. കണ്ണ് തുറന്നെ.. ഇങ്ങോട്ട് നോക്കിയേ... \"\"\" പരിഭ്രാന്തിയോടെ അവൻ അവളുടെ കവിളിൽ തട്ടി.. 

\"\"\" കുഞ്ഞൂ.. എഴുന്നേറ്റെ... ദേ.. കണ്ണ് തുറന്നെ, കുഞ്ഞൂട്ടാ... \"\"\" അവളെ പൊക്കി തന്റെ നെഞ്ചോട് അടക്കി പിടിച്ച് അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു...

\"\"\" മ്മ്മ്... \"\"\" നിളയുടെ പുരികം ചുളുങ്ങി...

\"\"\" ഒന്നുമില്ല, വാവേ.. കണ്ണ് തുറന്നെ.. എന്നെ നോക്ക്യേ.. ആദിയേട്ടന്റെ പൊന്നല്ലേ.. കണ്ണ് തുറന്നേ, മോളെ... \"\"\" അവൻ അവളുടെ മുഖമാകെ കൈ കൊണ്ട് തുടച്ചു.. പതിയെ തല ഇടത്തേക്ക് ഒന്ന് വെട്ടിച്ച് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി...

\"\"\" കുഞ്ഞൂ.. എഴുന്നേൽക്ക്... \"\"\" പിന്നെയും നിർത്താതെ ഉച്ചത്തിൽ ദേവിന്റെ വിളി കാതുകളിൽ പതിച്ചതും കണ്ണുകൾ ആയാസപ്പെട്ട് ചിമ്മി തുറന്ന് അവൾ മുന്നിലേക്ക് നോക്കി.. വേവലാതിയോടെ തന്നെ നോക്കി ഇരിക്കുന്ന ദേവിനെ കാൺകെ അവളുടെ കണ്ണുകൾ നിറഞ്ഞു...

\"\"\" ഞാൻ ഒന്നും ചെയ്തില്ല, ദേവാ... \"\"\" വിതുമ്പലോടെ അവളൊന്ന് ഏങ്ങി.. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു...

\"\"\" സോറിയടാ.. പെട്ടന്ന് ദേഷ്യം വന്നപ്പോ തല്ലി പോയതാ.. ഇനി ഇങ്ങനെ ഉണ്ടാകില്ല.. സത്യം.. എന്റെ കുഞ്ഞ് എഴുന്നേൽക്ക്.. വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം.. പനിക്കുന്നുണ്ട് നിനക്ക്.. വന്നേ... \"\"\" പറഞ്ഞ് കൊണ്ട് അവളെ കട്ടിലിൽ എഴുന്നേൽപ്പിച്ച് ഇരുത്തി അവനും എഴുന്നേൽക്കാൻ തുടങ്ങിയതും നിള അവനെ തടഞ്ഞു.. ദേവ് അവളുടെ മുഖത്തേക്ക് നോക്കി...

\"\"\" എനിക്ക് കുഴപ്പമില്ല, ദേവാ.. ചെറിയ പനിയാ.. നീ വെറുതെ ബുദ്ധിമുട്ടണ്ട... \"\"\" അവൾ മുഖത്തൊരു ചിരി വരുത്തി.. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കപ്പെട്ടത് പോലെ അവനൊന്ന് നൊന്തു...

\"\"\" നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് എങ്ങനെയാ കുഞ്ഞൂ എനിക്ക് ബുദ്ധിമുട്ട് ആകുന്നത്?... \"\"\" അവൾക്ക് അടുത്തായി ഇരുന്ന് അവൻ അവളെ ഒരു കൈയ്യാൽ ചേർത്ത് പിടിച്ചു.. നിള ഒന്നും മിണ്ടിയില്ല.. തലതാഴ്ത്തി ഇരിക്കുന്ന അവളുടെ മുഖം പിടിച്ച് അവൻ തനിക്ക് അഭിമുഖമായി തിരിച്ചു...

\"\"\" ഒത്തിരി നൊന്തോ എന്റെ പൊന്നിന്? \"\"\" സ്നേഹത്തോടെ അവൻ ചോദിച്ചതും അവളുടെ മുഖം സങ്കടത്താൽ ചുവന്നു...

\"\"\" നീ എന്നെ കൊഞ്ചി‌ക്കണ്ട, ദേവാ.. എനിക്കറിയാം.. ഞാൻ ബുദ്ധിമുട്ടാ.. എല്ലാവർക്കും.. എല്ലാവർക്കും ഞാൻ ബുദ്ധിമുട്ടാ.. എന്നെ.. എന്നെ ആർക്കും വേണ്ട.. ഒന്നിനും കൊള്ളില്ല ന്നെ... \"\"\" അവന്റെ കൈ തന്റെ മേൽ നിന്ന് തട്ടി മാറ്റാൻ ശ്രമിച്ച് കൊണ്ട് അവൾ കുതറി.. അവൻ അവളെ അടക്കി പിടിച്ചു.. എന്തൊക്കെയാണ് അന്നേരം വിളിച്ച് പറഞ്ഞതെന്ന് ഓർമ്മ പോലും ഇല്ലെങ്കിലും പറഞ്ഞതെല്ലാം അല്പം കൂടി പോയി എന്ന് അവന് അതിനോടകം തന്നെ മനസ്സിലായിരുന്നു...

\"\"\" ആരാ പറഞ്ഞെ എന്റെ കുഞ്ഞൂനെ ഒന്നിനും കൊള്ളില്ലെന്ന്.. എന്റെ കുഞ്ഞു ഒരു സംഭവല്ലേ.. എന്റെ കുഞ്ഞൂസ് അല്ലേ.. ഞാൻ എന്റെ കുഞ്ഞുനെ കൊഞ്ചിക്കും.. ഇനിയും കൊഞ്ചിക്കും.. എന്റെ കുഞ്ഞു എനിക്ക് ബുദ്ധിമുട്ടല്ല.. എനിക്ക് വേണം എന്റെ കുഞ്ഞൂട്ടനെ... \"\"\" തന്റെ കൈകളാൽ അവളെ മുഴുവനായും പൊതിഞ്ഞ് പിടിച്ച് അവൻ കൊഞ്ചിച്ച് പറഞ്ഞതും അവളുടെ ഉടലൊന്ന് വിറച്ചു.. അവന്റെ ചുണ്ടുകൾ ഇടവേളകളില്ലാതെ അവളുടെ നെറ്റിയിൽ അമരുമ്പോൾ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി.. അവൻ നൽകിയ ആ ചുംബനങ്ങൾ നിറയെ അവന്റെ സ്നേഹമായിരുന്നുവെങ്കിൽ.. അത് ഏറ്റു വാങ്ങിയ ഓരോ നിമിഷവും അവളുടെ ഉള്ളിൽ പ്രണയമായിരുന്നു.. അവളുടെ മാത്രം ആദിയേട്ടനോടുള്ള അടങ്ങാത്ത പ്രണയം ......!!

ഏറെ നേരം അവർ ആ ഇരിപ്പ് ഇരുന്നു.. അവളുടെ കണ്ണുനീരും.. കുതറലും ഒന്ന് അടങ്ങുന്നത് വരെ... അവൻ അവളെ തന്നിൽ നിന്ന് വേർപെടുത്തിയില്ല.. എപ്പോഴോ അവളുടെ തല തന്റെ നെഞ്ചിൽ നിന്നൊന്ന് ഉയർന്നതും അവൻ തല താഴ്ത്തി അവളുടെ മുഖത്തേക്ക് നോക്കി.. തന്നെ കണ്ണുകൾ ഉയർത്തി നോക്കുന്ന ആ കുഞ്ഞിപെണ്ണിന്റെ കവിളിൽ ഒന്ന് തഴുകിയിട്ട് അവൻ അവളെ കട്ടിലിന്റെ പിന്നിലെ ചുവരിലേക്ക് ചായ്ച്ചിരുത്തി...

\"\"\" കിടക്കുന്നെങ്കിൽ കിടന്നോ, കുഞ്ഞൂട്ടാ.. ഞാനൊരു കാപ്പി ഇട്ടുകൊണ്ട് വരാട്ടോ.. അത് കുടിച്ചിട്ടും കുറവില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം... \"\"\" അവളുടെ കാലിന്റെ അറ്റത്തായി ചുരുണ്ട് കിടക്കുന്ന പുതപ്പ് എടുത്ത് അവളെ പുതപ്പിച്ച ശേഷം അവളുടെ നെറുകയിൽ ഒന്ന് തഴുകി അവൻ വാതിൽ ചാരി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. ആ നിമിഷം.. നിളയുടെ നോട്ടം തന്റെ കാലിനെ മറച്ച് കിടക്കുന്ന ആ പുതപ്പിലേക്ക് നീണ്ടു... \' ഒരു കാലിന് നീളവും വണ്ണവും കുറവാണെന്ന് കരുതി നീ ഏത് നേരവും ദേവേട്ടനെ എന്തിനാ അടുക്കളയിൽ കയറ്റി ബുദ്ധിമുട്ടിക്കുന്നത്? \' എന്ന പഞ്ചമിയുടെ വാക്കുകൾ അവളൊന്ന് ഓർത്തു.. പുതപ്പ് തന്റെ മേൽ നിന്ന് വലിച്ച് മാറ്റി അവൾ തന്റെ വലം കാലിലേക്ക് നോക്കി.. നീളവും കുറഞ്ഞ.. വണ്ണവും കുറഞ്ഞ.. ഒരു കാൽ....

\"\"\" മൊണ്ടി !!! \"\"\" അവളുടെ ചുണ്ടിൽ സ്വയം പുച്ഛിക്കും പോലൊരു ചിരി വിരിഞ്ഞു...

                               🔹🔹🔹🔹

ബൈക്ക് റോഡിന് അരികിൽ ഒതുക്കി വെച്ച് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഭദ്രൻ വരും വഴി വൈദ്യന്റെ കൈയ്യിൽ നിന്ന് വാങ്ങിയ തൈലവുമായി ദേവിന്റെ വീട്ടിലേക്ക് നടന്നു.. പുറത്ത് വീടിന് ഒരറ്റത്തായി ഇരിക്കുന്ന ബൈക്ക് കണ്ടപ്പോൾ തന്നെ ദേവ് അവിടെയുണ്ടെന്ന് അവന് മനസ്സിലായി.. ഒരിക്കൽ കൂടി അവിടെയാകെ ഒന്ന് കണ്ണുകൾ പായിച്ച് ആരുമില്ലെന്ന് ഉറപ്പാക്കി അവൻ പടികൾ കയറി ചെന്ന് വാതിലിൽ മുട്ടി... പുറത്തെ ലൈറ്റ് ഇട്ടിട്ടില്ലെങ്കിലും വിളിച്ചാൽ ചുറ്റുമുള്ള വീടുകളിൽ ഉള്ളവർ കേൾക്കും എന്ന് അറിയുന്നതിനാൽ അവൻ മെല്ലെയാണ് മുട്ടിയത്.. അൽപ നേരം കഴിഞ്ഞ് ദേവ് വന്ന് വാതിൽ തുറന്നതും ഭദ്രൻ വേഗം അകത്തേക്ക് കയറി...

\"\"\" നിനക്ക് ഒന്ന് പെട്ടന്ന് വന്ന് തുറന്നൂടെ..?! \"\"\" കൈയ്യിലെ തൈലം അവിടുത്തെ മേശമേൽ വെച്ച് ഭദ്രൻ അവനെ തിരിഞ്ഞ് നോക്കി...

\"\"\" ഞാൻ കുഞ്ഞൂന് കഞ്ഞിയുണ്ടാക്കുവായിരുന്നെടാ... \"\"\" വാതിൽ അടച്ച് ദേവ് അടുക്കളയിലേക്ക് നടന്നു...

\"\"\" അതെന്താ ഇപ്പൊ കഞ്ഞി? അവളെവിടെ? \"\"\" ഭദ്രൻ ചുറ്റും നോക്കി...

\"\"\" ആ മുറിയിലുണ്ട്.. ചെറിയൊരു പനി.. നീ ചെല്ല്.. ഞാനിപ്പോ വരാം... \"\"\" പറഞ്ഞ് കൊണ്ട് ദേവ് അടുക്കളയിലേക്ക് പോയതും ഭദ്രൻ അവൻ പറഞ്ഞ മുറിയിലേക്ക് ചെന്ന് നോക്കി.. കട്ടിൽ മൂടി പുതച്ച് കണ്ണുകൾ അടച്ച് കിടക്കുന്നവളെ കണ്ട് അവൻ അകത്തേക്ക് കയറി...

\"\"\" കുഞ്ഞൂ... \"\"\" അവൾക്ക് അടുത്തായി കട്ടിലിലേക്ക് ഇരുന്ന് കൊണ്ട് അവളുടെ കൈയ്യിൽ കൈ വെച്ച് അവൻ വിളിച്ചു.. അതേ നിമിഷം അത്രയും നേരം വെറുതെ ഓരോന്ന് ഓർത്ത് കിടന്ന നിള സംശയത്തോടെ കണ്ണുകൾ തുറന്നു...

\"\"\" ഭദ്രാ... എപ്പോഴാ വന്നെ? \"\"\" മുന്നിൽ അവനെ കണ്ട് ചിരിയോടെ അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു...

\"\"\" ഇപ്പൊ വന്നതേ ഉള്ളൂ.. എന്ത് പറ്റി പെട്ടന്നൊരു പനി? കണ്ണൊക്കെ ആകെ വല്ലാതെയായല്ലോ... \"\"\" അവൻ അവളുടെ മുഖത്ത് തൊട്ട് നോക്കി...

\"\"\" ചൂട് ഇപ്പൊ ഇല്ല, ഭദ്രാ.. ക്ഷീണം മാത്രേ ഉള്ളൂ... \"\"\" അവൾ അവനായി ഒരു പുഞ്ചിരി നൽകി...

\"\"\" കിടന്നോ.. എഴുന്നേറ്റ് ഇരിക്കണ്ട.. ഞാൻ ആ തൈലം കൊണ്ട് വന്നിട്ടുണ്ട്.. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ഇട്ട് കഴുകി കളഞ്ഞാൽ മതി... \"\"\" അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന കുഞ്ഞ് മുടിയിഴകൾ ചെവിയ്ക്ക് പിന്നിലായി ഒതുക്കി വെച്ച് കൊടുത്തിട്ട് അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു...

\"\"\" നീ പോവാണോ? \"\"\" അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.. സാധാരണ ഉള്ള തെളിച്ചം ഒന്നും ആ കണ്ണുകളിൽ ഇല്ലെന്ന് തോന്നി അവന്.. എന്തോ ആ മുഖം വല്ലാതെ മങ്ങിയിരിക്കുന്നത് പോലെ...

\"\"\" എന്തെങ്കിലും വിഷമമുണ്ടോ നിനക്ക്? \"\"\" അവളുടെ മുടിയിൽ തഴുകി അവൻ ആരാഞ്ഞു...

\"\"\" ഇല്ല, ഭദ്രാ.. നിള ഹാപ്പി അല്ലേ.. എപ്പോഴും... \"\"\" അവന്റെ കൈ കവിളോട് ചേർത്ത് വെച്ച് അവളൊന്ന് കണ്ണ് ചിമ്മി കാണിച്ചു.. അതേ സമയമാണ് ദേവ് അവൾക്കുള്ള കഞ്ഞിയുമായി അടുക്കളയിൽ നിന്ന് മുറിയിലേക്ക് എത്തിയത്...

\"\"\" നീ അവിടെ ഇരിക്ക്, ഭദ്രാ.. പതിയെ പോയാൽ മതി.. രാത്രി ആര് കാണാനാ... \"\"\" അവിടെയുള്ള ഒരു കസേര വലിച്ച് കട്ടിലിന് അടുത്തേക്ക് ഇട്ട് ഭദ്രനോടായി പറയുന്നതിനൊപ്പം ദേവ് നിളയുടെ അടുത്തായി ഇരുന്ന് കൈയ്യിലെ മാങ്ങ അച്ചാർ അടങ്ങിയ കുഞ്ഞ് പാത്രം ആ കസേരയിൽ വെച്ചു...

\"\"\" വാ തുറക്ക്... \"\"\" ദേവ് പ്ലേറ്റിലെ കഞ്ഞി ഒരു സ്പൂൺ കോരി എടുത്ത് അവൾക്ക് നേരെ നീട്ടി...

\"\"\" എനിക്ക് വിശപ്പില്ല, ദേവാ... \"\"\" അവൾ മുഖം തിരിച്ചു...

\"\"\" ഭക്ഷണത്തിന് മുന്നില് മുഖം തിരിക്കല്ലേ, കുഞ്ഞൂ.. വെറുതെ വാശി കാണിക്കാതെ ഇത് കുടിച്ചേ... \"\"\" അവൻ സ്പൂൺ അവളുടെ ചുണ്ടിലേക്ക് മുട്ടിച്ചു.. കഴിക്കാൻ തോന്നുന്നില്ലെങ്കിലും നല്ല ക്ഷീണം ഉള്ളതുകൊണ്ട് അവൾ പിന്നീട് ഒന്നും എതിർത്ത് പറഞ്ഞില്ല.. ഓരോ സ്പൂൺ ആയി കോരിയെടുത്ത് പതിയെ ഊതി അവൾക്ക് കൊടുക്കുന്ന ദേവിനെയും.. അത് അവന്റെ കൈയ്യിൽ നിന്ന് വാങ്ങി കുടിക്കുന്ന നിളയെയും നോക്കി പിന്നിലെ ചുവരിൽ ചാരി നിൽക്കുമ്പോൾ ഭദ്രന്റെ മനസ്സിൽ കഴിഞ്ഞ ദിവസം നിള പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... വാത്സല്യം... അതേ.. ശരിയാണ്.. അവളെ നോക്കുന്ന ആ കണ്ണുകളിൽ നിറയെ സ്നേഹമാണ്.. കരുതലാണ്.. ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്ന ഭാവം... അതാണ് അവനിൽ നിറയെ... തലയുയർത്തി അവൻ ആ മുറിയാകെ ഒന്ന് കണ്ണുകളോടിച്ചു.. നിളയുടെ പുസ്തകങ്ങൾ.. ബാഗ്.. ഉടുപ്പ്.. അങ്ങനെ അങ്ങനെ എല്ലാം.. ആ മുറിയിലെ ഓരോന്നും അവളുടേത് മാത്രമാണ്... ആലോചനയോടെ അവൻ ആ മുറിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു...










തുടരും..........................................










Tanvi 💕


നീലനിലാവേ... 💙 - 12

നീലനിലാവേ... 💙 - 12

5
691

നിളയുടെ മുറിയിൽ നിന്ന് ഇറങ്ങിയ ഭദ്രൻ നേരെ പോയത് പ്രവേശനമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്കാണ്.. മുറിയുടെ അകത്തെ ലൈറ്റ് ഓൺ ചെയ്ത് അവനൊന്ന് ചുറ്റും നോക്കി.. ചുറ്റും കാണുന്നതെല്ലാം ദേവിന്റെ വസ്തുക്കളാണ്.. അവിടെയൊന്ന് പോലും നിളയുടേതെന്ന് പറയാനില്ല.. അവൻ അലമാരയുടെ അടുത്തേക്ക് നടന്നു.. പൂട്ട് തിരിച്ച് ആ തടിയുടെ അലമാര വലിച്ച് തുറക്കുമ്പോൾ അവന്റെ കണ്ണുകളൊന്ന് ചുരുങ്ങി...നിളയ്ക്ക് കഞ്ഞി കൊടുത്ത് കഴിഞ്ഞ് പാത്രം അടുക്കളയിൽ കൊണ്ട് വെച്ചിട്ട് അവനെ കഴിക്കാൻ വിളിക്കാൻ വന്ന ദേവ് അവന്റെ അലമാരയും തുറന്നുള്ള നിൽപ്പ് കണ്ടൊന്ന് സംശയിച്ചു...\"\"\" എന്താടാ? \"\"\" ദേവ് മുറ