നഷ്ട മുകിലേ
ശരീരത്തിൽ നിന്നും ഹൃദയം താനെ അടർന്നു പറന്ന് പോകുന്നത് തടയാൻ ആകാതെ ....... നിശ്ചലം.......... ഒരിക്കലും സ്വന്തം ആകാത്ത എന്റെ നഷ്ടമുകിലേ........
അതേ,,,
അതിരില്ലാത്ത ഈ ഭൂമിയില്‍ ഒരിടത്ത് ഞാനുണ്ടാകും , വാർദ്ധക്യത്തിന്റെ ചവിട്ട്പടിയിൽ വെച്ച് വീണ്ടും
ഒരിക്കൽക്കൂടി നാം കണ്ട്മുട്ടും , പഴയ നീയും ഞാനും കണ്ടു മുട്ടിയ ഒരു സ്ഥലമില്ലെ ......അവിടെ നിനക്കൊരു കടം വീട്ടാന്‍ ഉണ്ടല്ലോ ??.....
ഇനിയുമെത്ര രാവുകള്‍ കാത്തിരുന്നാലാണ് ഞാനും നീയും അവിടെയെത്തുക….. നിനക്ക് വരാതിരിയ്ക്കാനാവില്ല, പതിറ്റാണ്ടുകൾ ഒളിപ്പിച്ചുവെച്ച വാക്കുകൾ ഒരു പൂമഴ കണക്കേ പെയ്തിറങ്ങും…. ജീവനേക്കാളേറെ ഞാന്‍ നെഞ്ചോട് ചേർത്തുവെച്ച ന്റ്റെ പെണ്ണേ ,
അന്ന് അതുവരെയുള്ള വേദനകള് മറന്ന് എന്റെ സ്നേഹമെല്ലാം ചുണ്ടിൽ ഒരു പുഞ്ചിരിയായി കരുതിവയ്ക്കും.. വിറയാർന്ന വിരലുകളിൽ അന്ന് പനിനീർപൂക്കൾ വിരിഞ്ഞ്നിൽക്കും…..പറയാൻ മറന്നുപോയതും പറയാതെ പോയതുമെല്ലാം അന്ന് പറയും..ശൂന്യതയിലേക്ക് നോട്ടമെറിഞ്ഞ് നാം നോക്കിനില്ക്കും ...
വരാൻവൈകിയ വസന്തം കുറ്റബോധത്താൽ അന്ന് നമ്മോട് മാപ്പ് പറയും .... പകുതിക്കു പറയാതെ വിഴുങ്ങിയതും ഹൃദയം കൊണ്ടറിയും .. കണ്ണുകൾ നിറഞ്ഞൊരു നീരുറവയാകും .... ഒരു സ്പർശനം കൊണ്ടു നഷ്ടപെട്ട വർഷങ്ങളുടെ വേദന മറക്കും.. ഒരു നോട്ടം കൊണ്ടു നരച്ച കവിളുകളിൽ അരുണിമ പരക്കും.. എനിക്കപ്പോൾ നിന്റെ ഗന്ധമായിരിക്കും..
ആ സമയമെല്ലാം ആരോ തിരുമ്മിയടച്ചയെൻ കണ്ണുകളിലേക്ക് സ്വപ്നത്തിലെന്നപോലെ കുറേനേരം നീ നോക്കിനിൽക്കും.. അപ്പോഴും അന്ന് പറയാൻ കൊതിച്ച വാക്ക് മാത്രം നിന്നില്‍ തേങ്ങുന്നുണ്ടാവണം.
വേദനിച്ചതും, പരിഭവിച്ചതും, കാത്തു നിന്നതും, അറിയാതെ പോയല്ലോ എന്നോര്‍ത്തു ആത്മാവിലെവിടെയോ മുറിവിലൊരു നീറ്റല് കേഴുന്നുണ്ടാവണം..
നിനക്കപ്പുറമെനിക്ക് മറ്റൊരു ലോകമില്ലായിരുന്നു എന്ന് നീ തിരിച്ചറിയുന്ന നിമിഷമായിരിക്കുമത്.. അന്നാകും എല്ലാം നിന്റെ കൈവെള്ളയില്‍ ഞാന്‍ ചേര്‍ത്ത് വെക്കുന്നത്....
ശേഷം ആരും കേൾക്കാതെ എന്റെ കാതോരം നീ മന്ത്രിക്കും.....
\"ഇത്രമാത്രം നീയെന്നെ……..\"
അവസാനത്തെ പള്ളിമണിയും മുഴങ്ങിക്കഴിഞ്ഞ് ഒടുവിലത്തെ മെഴുകുതിരി നാളവും അണഞ്ഞതിന് ശേഷം ആകാശത്തിലെ നക്ഷത്രവിളക്കുകളെ സാക്ഷിയാക്കി അന്ന് ഞാൻ നിന്റെ തിരുമുറിവുകളിലേക്ക് അലിഞ്ഞു ചേരും....
മറ്റെല്ലാ മുഖങ്ങളും നിന്നിലൂടെയാണ് ഞാൻ കണ്ടത്.അത്കൊണ്ട് തന്നെ നിന്നോളം അവയിലൊന്നും എനിക്ക് എന്റെ മനസ്സിനെ കോർത്തിടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് പച്ചയായ സത്യം. ആത്മാവിനെ പുണരുന്ന നോട്ടം കൊണ്ട് ഒരൊറ്റ കാഴ്ച്ചയിൽ നീയെന്നെ മുറിവേൽപ്പിച്ചിട്ടുണ്ട്.
നിന്നോളം ഇനി മറ്റൊന്നിനും ഇത്രയേറെ എന്നെ സ്വാധീനിക്കാൻ കഴിയില്ല. ഏറ്റവും കുസൃതിയുള്ള സ്നേഹത്തോടെ നിന്നെ കെട്ടിപിടിച്ചുറങ്ങുന്ന ഭർത്താവിനെ നോക്കി എന്റെ ഭാഗ്യമാണിവൻ എന്നു നീ കരുതുമ്പോഴും ഞാൻ അറിയുന്നുണ്ട്. നിന്നോട് തന്നെ കലഹം കൂട്ടുന്ന, നീ പറയുന്നത് അനുസരിക്കാൻ കൂട്ടാക്കാത്ത നിന്‍റെ ഹൃദയത്തിന്റെ ഒരു ചെറു കഷ്ണം എനിക്കുവേണ്ടി കാത്തിരിക്കുന്നത്.
വാശി പിടിച്ചു മുഖം തിരിച്ചിരിക്കുന്ന, ഒരു കുഞ്ഞു കഷ്ണം ഹൃദയം!. അപ്പോളൊക്കെയും നിന്‍റെയാ ഹൃദയക്കഷ്ണത്തെയോർത്തു നീ വിങ്ങിക്കൊണ്ടേയിരിക്കും. ഒരുപക്ഷെ അവനെക്കാൾ കൂടുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടാവാം....
ഞാൻ ഏറ്റവും ആഗ്രഹിക്കുന്നതും ഭയക്കുന്നതും എന്താണെന്നോ? എന്നെ തന്നെയാണ് . നിന്നെ ഒരുവട്ടം കൂടി കാണാൻ, കഥ പറഞ്ഞു നടക്കാൻ, ആ കയ്യിൽ കൈ കോർക്കാൻ, തീഷ്ണമായി ഞാൻ ആഗ്രഹിക്കുന്നു.
പക്ഷെ എനിക്കു ഭയമാണ്. അങ്ങനെ നിന്റെയൊപ്പം ഇരുന്നാൽ പിന്നെ എനിക്ക് തിരിച്ചുവരാനായില്ലെങ്കിലോ? എന്റെ മനസ്സ് പറയുന്നതുപോലെ നിന്നെ എന്റേതാക്കാൻ ശ്രമിച്ചാൽ, നീയനുഭവിക്കുന്ന സന്തോഷം ഇല്ലാതാക്കാൻ എനിക്ക് വയ്യ. നിന്റെ സന്തോഷം കണ്ടാൽ മതിയെനിക്ക്. നിന്റെ ചിരി കെടാതെയിരിക്കണമെന്നു മാത്രമാണ് എന്റെ വാശി.....
രാത്രിയുടെ ഇരുളിമയിൽ ഞാനെന്‍റെ ആത്മാവിനെ തേടി അലയാറുണ്ട്... അവിടെ എനിക്കെന്നും മൗനമാണ് ഭാഷ.അടരുവാൻ നിനക്ക് ആകുമോ എന്ന ചോദ്യത്തിനു മുന്നിൽ നാവിൽ വാക്കുകൾ കുടുങ്ങി നിൽക്കുമ്പോ ഇന്ന് വാക്കുകൾ വറ്റിയിട്ടും വാ തോരാതെ മിണ്ടികൊണ്ടിരുന്ന നമുക്കിടയിൽ കടന്നു വന്ന ഒരതിഥി എന്താ “നിന്നോട് ഞാന്‍ പറയ “ എന്നായിരുന്നു
പ്രിയപ്പെട്ടവളെ ..... \"തൊണ്ട വരണ്ടുണങ്ങി വാക്കുകള്‍ മറന്ന് പോയ ആ നിമിഷം , പറയാതെ പോയ ആ ഇഷ്ടം ഇപ്പഴും എന്‍റെ കൂടെതന്നെയുണ്ട് ... അന്ന് എന്റെ പ്രണയം ഞാൻ പറയാതെ ഒളിച്ചുവെച്ചു .പിന്നെ നിരാശ തോന്നി,എന്നാൽ ഇപ്പോൾ തോന്നുന്നു... സ്വന്തമാക്കാൻ കഴിയാതെ പോയതിന് അതിന്റെതായ ഒരു സൗന്ദര്യം ഉണ്ടെന്ന്...............
ഒരിക്കലും കൂട്ടി മുട്ടാത്ത സമാന്തര രേഖകൾ ആയിപോയി നാം അന്നും ഇന്നും... നീയുണ്ടായിരുന്ന വഴികളിൽ കൂടി കടന്നു പോകുമ്പോൾ എത്ര കൊതിച്ചിരിക്കുന്നു ഒരു മാത്രയൊന്നു മുന്നിൽ വന്നെങ്കിലെന്ന്.. മനമുരുകി എത്ര പ്രാർത്ഥിച്ചിരിക്കുന്നു ഒരു നോക്ക് കണ്ടിരുന്നെങ്കിലെന്ന്......
പൂവാകുവാനായി നിനക്കും കഴിഞ്ഞില്ല, പൂമണം ആകാന്‍ എനിക്കും കഴിഞ്ഞില്ല… കാലത്തിനുപോലും മായ്ച്ചുകളയാൻ കഴിയാത്ത വിധം നിന്നിൽ മുറിവുണങ്ങാത്തൊരു ഓർമ്മയായ് ഞാൻ ഇന്നും മാറിയിട്ടുണ്ടെങ്കിൽ അതായിരുന്നു ഞാൻ നിനക്കായ് നൽകിയ എന്നിലെ സ്നേഹം ......
എനിക്കറിയാം , നീ ഇന്നും കരയും....... കണ്ണ് നിറഞ്ഞല്ലേ .... \"എനിക്ക് വേദനിപ്പിക്കാനും, എന്നെ വേദനിപ്പിക്കാനും നീയെല്ലാണ്ടാരാ ഉള്ളേ... എനിക്കാ സ്വാതന്ത്ര്യം നിന്നോട് മാത്രല്ലേ കാണിക്കാൻ പറ്റൂ...
ഇഷ്ട്ടപെടുന്ന ചിലതൊക്കെ നമുക്ക് ഉപേക്ഷിക്കേണ്ടി വരുന്ന സമയങ്ങളുണ്ട് അല്ലെ . നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒന്നും എന്റെ പക്കലില്ല . നിനക്ക് തരാൻ വിശദീകരണങ്ങളും ഇല്ല. എന്നാൽ ഒന്ന് മാത്രമറിയാം....
എന്നെക്കാൾ കൂടുതലായി ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു. ചേരേണ്ടവർ തമ്മിൽ ചേർത്ത് വെക്കുമ്പോഴാടീ , അത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്. അതിനുള്ള ഭാഗ്യമില്ലാത്തവരാണ് നമ്മൾ.
എനിക്കറിയാമായിരുന്നു, ഒരിക്കൽ ഞാനും തനിച്ചാവുമെന്ന്.
ചിലപ്പോഴോക്കെ ചിന്തിച്ചിട്ടുണ്ട്, രക്തബന്ധങ്ങളുടെയോ നാടിന്റെയോ ഒരു ഭാഗമല്ലാതിരുന്നിട്ടും ഇത്രയും വലിയൊരു ബന്ധം എന്ന് പറയുന്നതിന്റെ തീവ്രത എന്താണ്???
കാണാതിരിക്കുമ്പോൾ മനസ്സ് അസ്വസ്ഥമാവുന്നത് എന്ത്ക്കൊണ്ടാ? ആരോടുമില്ലാത്ത ഒരടുപ്പം നിന്നോട് മാത്രം തോന്നിയത് എന്ത്കൊണ്ടാ?മാറിനിന്നു കരയുന്ന നിന്റെ കണ്ണുകളിലെ നനവൊപ്പിയെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ... എന്നെ നിനക്കു തീറെഴുതിതന്ന നിമിഷം ഞാൻ നിനക്കൊരു വാക്ക് തന്നിരുന്നു. ഇനിയൊരിക്കലും നിന്റെ കണ്ണുകൾ നനയാൻ സമ്മതിക്കില്ലെന്ന്. എന്നാൽ വിങ്ങിപ്പൊട്ടി കരയുന്ന നിന്നെ ഒന്നു ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ എന്റെ സാഹചര്യം അനുവദിക്കുന്നില്ലല്ലോ...
എനിക്കറിയാം നിനക്കാശ്വാസമേകാൻ എന്റെ ഈ ചുമലുകൾ വേണമെന്ന്.. ചേർത്തുപിടിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല..
കഴിഞ്ഞു പോയ ദിനങ്ങൾ തിരികെ വരില്ലെന്ന യഥാർത്ഥ്യബോധത്തിൽ കണ്ട കിനാവുകൾ ഒരു തുള്ളി കണ്ണിരിനാൽ നാളെ എന്ന പ്രതീക്ഷയ്ക്ക് ഒപ്പം ഓർമ്മത്താളിലെ ഓർമ്മ ചിത്രങ്ങളായ് കോറിയിടുമ്പോൾ ആശ്വസിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ പോയൊരു ഹൃദയം വിധിയെ പഴിക്കും...
ആഗ്രഹങ്ങൾ ഇനിയും ബാക്കിയുണ്ട്. സാരമില്ല... എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച ശേഷം ഈ ലോകം വിട്ടു പോകാൻ എത്രപേർക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു എനിക്കതിലൊന്നും നിരാശയില്ല. ജീവിച്ചിരുന്ന കാലത്തോളം ഞാൻ ഞാനായിത്തന്നെ ജീവിച്ചു. എന്റെ ജീവിതം നിന്നോടുള്ള സ്നേഹത്തിന് വേണ്ടി സമർപ്പിച്ചു. അതിനോളം ആനന്ദം എനിക്കൊന്നുമില്ല.......
മറ്റുള്ളവർ എന്നെ ഭ്രാന്തനെന്നു മുദ്രകുത്തിയാലും വിഡ്ഢിയെന്നു പരിഹസിച്ചാലും അതെന്നെ ബാധിക്കുന്നില്ല. കാരണം എനിക്ക് നല്ല ബോധ്യമുണ്ട് എവിടെ പരാജയപ്പെട്ടാലും മറ്റാരും നൽകിയിട്ടില്ലാത്ത സ്നേഹം നിനക്കു സമ്മാനിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്...
രണ്ടാകാശങ്ങൾക്കു കീഴിൽ പ്രകാശവേഗം പോലെ നമ്മുടെ മനസുകൾ പരസ്പരം സംവദിച്ചിരുന്നു.. അതുകൊണ്ടു തന്നെ എന്റെ ചിന്തകൾ നിനക്കു വായിച്ചെടുക്കാനാവുമെന്നു എനിക്കുറപ്പുണ്ട്. നീ ഇനിയും കരയണ്ട...
ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും നിനക്കെന്നെ തിരിച്ചറിയാൻ കഴിയും... എന്നിലേക്ക് മാത്രമായി ഇനിയെന്നാണ് നീ തിരിച്ചൊഴുകുക.മൗനങ്ങളുടെ താഴ് വരകളിൽ ഒറ്റപെട്ടുപോയൊരു ഭ്രാന്തിനെ വാരിയെടുത്തു നെഞ്ചോടു ചേർത്തവളാണ് നീ... നോവ് പൊള്ളിക്കുന്ന എന്റെ മുറിവുകളിലേക്ക് നിന്‍റെ സ്നേഹമിറ്റിച്ച് സ്വയം നഷപെട്ടവന്
അക്ഷരങ്ങളാൽ കൂടൊരുക്കിയവളാണ് നീ.......
ഹൃദയസ്പർശം കൊണ്ട് എന്നിലെ സ്വപ്നങ്ങളെ നിറം പിടിപ്പിച്ചവളാണ് നീ.. എന്റേത് മാത്രമാണെന്ന് പകൽ കിനാവിൽ പോലും
എന്നിൽ അടയാളപ്പെടുത്തിയവളാണ് നീ.. മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് എന്നോട് മാത്രമായി ചേർന്ന് നിന്നവളാണ് നീ......
മങ്ങിയ ചില്ലുജാലകത്തിനപ്പുറത്തെ അദൃശ്യതയില്‍ നീ. അരിച്ചിറങ്ങിയ കോടയില്‍ ഒരു നനുത്ത രൂപം മാത്രമായ്. വെളിച്ചത്തിന്റെ സാന്ദ്രത കുറയുന്ന നേരമായതു കൊണ്ടോ നീയെനിക്ക് വിദൂരതയിലെന്നതുപ്പോലെ തോന്നുന്നത്...
പ്രണയിക്കാൻ കാലങ്ങളോ ദൂരങ്ങളോ നമുക്ക് തടസമായിരുന്നില്ലല്ലോ...
എന്നും ഓർമ്മകൾമാത്രം നൽകുന്ന ഋതുക്കൾ നമുക്ക് കൂട്ടുണ്ടായിരുന്നു...അതായിരുന്നല്ലോ നമുക്കിഷ്ടവും .. ചുറ്റും വസന്തം പൂക്കുന്നതോ ഇലകൾ പൊഴിക്കുന്നതോ മഞ്ഞു കുളിരുന്നതോ നാമറിഞ്ഞതേയില്ല ........
ഒരു മേഘക്കീറില്‍ നിന്ന് ഭൂമിയിലേക്ക് പുറപ്പെട്ട മഴത്തുള്ളി കണക്കെയാണ് തുളുമ്പുന്ന ഓര്‍മ്മകളും പേറി നിന്‍റെ അടുക്കലേക്കു യാത്രയാകുന്നത്. പാതിയിലേറെയും പിന്നിട്ടു....
പക്ഷേ, പാതിയിലേറെയും പിന്നിടുമ്പോഴും, ഒറ്റയ്ക്കാവരുതേ...
എന്നൊരു പ്രാർത്ഥനമാത്രം ബാക്കിയുണ്ട്
എന്‍റെ പ്രിയപ്പെട്ടവളെ നിന്നെ ഞാന്‍ വിട്ട് കൊടുക്കുകയാണ് ..... അറിയാം, വിട്ടു കൊടുക്കുന്നത് എന്റെ ജീവനാണെന്ന്... ഞാൻ കണ്ടു തീരാത്ത എന്റെ സ്വപ്‌നങ്ങളാണെന്ന്...
നിന്നെ വിട്ടു കൊടുക്കുകയെന്നാൽ ഹൃദയത്തിന് മാത്രമായി ഞാനൊരു കല്ലറയൊരുക്കി എന്നാണർഥം..!
ഇടം നെഞ്ചിൽ ഒരുണങ്ങിയ പനിനീർപ്പൂവിന്റെ മുള്ള് പതിയെ ആഴ്ന്നിറങ്ങുന്നുണ്ട് ... മാറ്റുരച്ച് തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്നേഹം , പറയാതെ പോയ സ്നേഹത്തിന്‍റെ കനത്ത മൌനം ഹൃദയത്തെ പിടിച്ച് വലിക്കുന്ന വേദനയും സഹിച്ച് കാത്തിരുന്നത് നിന്നെയായിരുന്നു , ലിപികളില്ലാതെ പോയ ഹൃദയത്തിന്റെ ഭാഷയില്‍ നമുക്ക് മാത്രം മനസ്സിലാകുന്ന നോട്ടങ്ങളില്‍ ഓര്‍മകളിലാകെ ചിന്നി ചിതറി കിടക്കുകയാണല്ലോ ....
പ്രിയപ്പെട്ടവളെ കടലായിരിന്നില്ലേ നമ്മുടെ മനസ്സ് .... സ്നേഹത്തിന്‍റെ വേലിയേറ്റവും മറവിയുടെ വേലിയിറക്കങ്ങളും നമ്മള്‍ കാലത്തിനു വിട്ടു കൊടുത്തതല്ലേ .... ഒരുനാള്‍ നമ്മുടെ സ്നേഹത്തിന്‍റെ വിത്തുകള്‍ മുളക്കും ... അതൊരു മരമായി നമ്മള്‍ കാണാതെ പോയ മുപ്പതു വര്‍ഷം ഉപ്പ് കാറ്റേറ്റ് നില്‍ക്കും, കാലത്തിനു മുന്പില്‍ ജേതാവിനെ പോലെയത് തല ഉയര്‍ത്തി നില്‍ക്കും ..... അവിടെ നമുക്ക് മാത്രം കാണാവുന്ന തരത്തില്‍ പൂക്കള്‍ ഉണ്ടാകും ...
പ്രിയപ്പെട്ടവളെ , കലാമിനിയും നമുക്ക് ഇടയില്‍ മതില്‍ കെട്ട് പണിയും.നമ്മുടെ സ്നേഹത്തെ രണ്ടു തുരുത്തുകളായി വേര്‍തിരിക്കും .... നമുക്കിടയിലെ കടല്‍ വറ്റി തീരുന്നത് വരെ നമ്മള്‍ വീണ്ടും കാത്തിരിക്കും .... പ്രതീക്ഷയാണ് ജീവിതം അന്നും ഇന്നും ..................
എന്‍റെ മരണശേഷം എന്റെ സ്നേഹത്തിന്‍റെ മുൾപ്പടർപ്പുകൾക്ക് നീ തീയിടണം.. ഒരംശവും നിന്നില്‍ ബാക്കിയാവരുത് ... ശേഷം ഒരിക്കല്‍ കൂടി എന്നെ തേടി വരണം , മൈലാഞ്ചി കാടുകള്‍ തിങ്ങിനിറഞ്ഞ അവിടേക്ക് ... ഒറ്റ ഉമ്മയാല്‍ നീ വറ്റിച്ചെടുത്ത സങ്കടകടലിനെ എന്‍റെ കബറില്‍ ഉപേക്ഷിക്കാതെ മടങ്ങുകയും ചെയ്യരുത് ... മൈലാഞ്ചി കാടുകള്‍ വകഞ്ഞു മാറ്റി മീസാന്‍ കല്ലില്‍ കൊത്തിവെച്ച പേരുകളില്‍ നീ എന്നെ തിരയും ....
നീ മാത്രമായിട്ട് എന്നെ വിളിച്ച പലപേരുകളില്‍ അന്ന് നീ എന്നെ വിളിക്കും, ഒന്നും കാണാതെ നീ തിരഞ്ഞു മടങ്ങും.....നിന്‍റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ കിടക്കുന്നതറിയാതെ .............. നിന്റെ കാലടി പാടുകള്‍ മണ്ണിലാഴ്ത്തുമ്പോള്‍ നീയതറിഞ്ഞില്ലെന്നു മാത്രം...!
അന്നായിരിക്കും നീ എനിക്ക് മുന്നില്‍ ആദ്യമായി തോല്‍ക്കുന്നതും..... ഞാന്‍ നിത്യശാന്തിയില്‍ ലയിക്കുന്നതും .......
എന്‍റെ പ്രിയപ്പെട്ടവളെ ......ഈ ജന്മത്തില്‍ ഒന്നു ചേരാന്‍ നമുക്ക് കഴിയില്ല, മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെങ്കില്‍ അല്ലെങ്കില്‍ നീ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജൻമത്തിലാവാം...... .. നീ എനിക്കു വേണ്ടി കാത്തിരിക്കുമോ ?????.......
എനിക്ക് മാത്രമായവളേ......
നീ എനിക്ക് പുതപ്പാവുമെങ്കിൽ.....
നിന്റെ ശ്വാസമെനിക്ക്
താരാട്ടാവുമെങ്കിൽ.....
നിന്റെ കൈകളെനിക്ക്
തൊട്ടിലാവുമെങ്കിൽ.....
ഞാനുറങ്ങാം.....!!!
വരും ജൻമത്തിലും നോവായിട്ടാണേലും വാ... ഈ നോവിൻ്റെ ഒരു തരിപോലും കുറയാതെ അന്നും ഏറ്റോളാം..പക്ഷേ, വന്നുതന്നെയാകണം....
ഞാൻ നിന്നിൽ പൂർണ്ണമാകുന്നു...
ഞാൻ നിന്നെ ചേർത്തുവയ്ക്കുന്നു ...
അത്രമേൽ ഇഷ്ടത്തോടെ.......... എന്റെ നഷ്ടപ്പെട്ട മുകിലേ........