ഇതാണ് ഞാന്‍ പറഞ്ഞ വീട്. സജി പറഞ്ഞു.
കട്ട ഞങ്ങളിറക്കും. ഇനി ഒറ്റയെണ്ണം കട്ടയില്‍ തൊട്ടുപോകരുത്. നേതാവിന്റെ താക്കീത്.
അതുകേട്ട് ചന്ദ്രന്‍ സാര്‍ മുന്നോട്ടുനീങ്ങി പരമശാന്തനായി കട്ട ഇറക്കുന്നവരോട്--നിങ്ങളിനി ഇറക്കണ്ടാ. ഇവരിറക്കിക്കൊള്ളും എന്നു പറഞ്ഞു. കട്ടയിറക്കുകാര്‍ മാറിനിന്നു.
നിങ്ങളെവിടത്തുകാരാ? സൗമ്യമായി ചന്ദ്രന്‍ സാര്‍ ചോദിച്ചു.
അതെ. ആരോടു ചോദിച്ചിട്ടാ താന്‍ ഇവന്മാരേക്കൊണ്ട് കട്ട ഇറക്കിച്ചത്?
അല്ലാ. ചന്ദ്രന്‍സാര്‍ അതേ ശാന്തതയില്‍ പറഞ്ഞു. നിങ്ങളേ ഞാന്‍ ആദ്യമായി കാണുകയാണ്. ഞാനൊരു മാസമായില്ലേ ഇവിടെ വന്നിട്ട്. ഇത്ര മാന്യതയുള്ളവര്‍ ഇവിടെയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. നിങ്ങള്‍ ഇറക്കിക്കൊള്ളൂ.
താനെന്താ ഞങ്ങളേ കളിയാക്കുകയാണോ? നേതാവിന്
കണ്‍ഫ്യൂഷന്‍ .
അല്ല. ചന്ദ്രന്‍സാര്‍ പറഞ്ഞു. സ്വയം കട്ടയിറക്കാന്‍ ത്യ്യാറുള്ള ആളുകള്‍ ഇവിടെയുള്ളപ്പോള്‍ ഞാന്‍ ദൂരെനിന്ന് ആളേ വിളിക്കാന്‍ ബുദ്ധിമുട്ടിയില്ലേ എന്നു വിചാരിച്ചു. എന്നാല്‍ വേഗം ഇറക്കിക്കൊള്ളൂ. ലോറി തിരിച്ചു വിടണ്ടതാ.
അഞ്ഞൂറു രുപയാണ് ഞങ്ങളുടെ റേറ്റ്--ആയിരം കട്ടയ്ക്ക്-നേതാവു പറഞ്ഞു.
രേറ്റോ? ചന്ദ്രന്‍സാര്‍ നിഷ്കളങ്കതയോടെ ചോദിച്ചു. ഇത് ഈ നാട്ടുകാര്‍ക്കുവേണ്ടി ആശുപത്രി പണിയാന്‍ ഒരു കമ്പനി സൗജന്യമായി തന്ന കട്ടയാണ്. ഇറക്കിയവര്‍ കൂലിക്കാരല്ല. സേവനമാണ്. നിങ്ങള്‍ക്ക് സേവനം ചെയ്യണമെന്നുണ്ടെങ്കില്‍--ശരിക്കും നിങ്ങളാണ് ചെയ്യേണ്ടത്--ചെയ്യാം. അതു തന്നെയല്ല ഇതിന്റെ പണി രണ്ടാഴ്ചക്കകം തുടങ്ങും. ഇനിയും കട്ടയും സിമന്റും വരും. അത് ഇറക്കാനും മെയ്ക്കാട് പണിക്കും ആള് വേണം. ആഴ്ചയില്‍ ഒരുദിവസം രണ്ടുപേര്‍ വീതം വന്നു സഹായിച്ചാല്‍ വളരെ ഉപകാരമായിരിക്കും.
വാശിയോടെ വന്നവര്‍ക്ക് ആശയക്കുഴപ്പം. കട്ടയിറക്കിക്കൊണ്ടു നിന്നവരും സാമാന്യക്കാരല്ല. അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഈ സംഭാഷണം ആസ്വദിക്കുകയാണ്. വന്നവര്‍ മുഖത്തോടുമുഖം നോക്കി കുറേനേരം നിന്നു. പിന്നീട് നേതാവ്--വാടാ ഇവന്റെ ഒരു സേവനം. നിന്നേ ഞങ്ങള്‍ കണ്ടോളാമെടാ എന്ന് ചന്ദ്രന്‍സാറിനേ നോക്കി അക്രോശിച്ചിട്ട് സ്ഥലം വിട്ടു. ചന്ദ്രന്‍ സാര്‍ മറ്റവരോട് കട്ട ഇറക്കിക്കൊള്ളാന്‍ കണ്ണുകൊണ്ട് കാണിച്ചു.
ഇതു പണിയാന്‍ മുന്‍കൈ എടുത്ത ഡോക്ടര്‍ ഒരു പഞ്ച പാവമാണ്. അദ്ദേഹം ഈ സംഘടനയുടെ പ്രസിഡന്റ്കൂടിയാണ്. താമസവും തല്‍ക്കാലം അവിടെത്തന്നെയാണ്. പുറത്തുനിന്നും ആള്‍ക്കാര്‍ വരുന്നതു കണ്ട് വിഷമിച്ച് അകത്തുകയറി ഇരിക്കുകയാണ്. ഇവര്‍ പോയിക്കഴിഞ്ഞ്--എന്റെ ചന്ദ്രാ മലപോലെ വന്നത് എലിപോലെ പോയല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കൊള്ളാം.
ചന്ദ്രന്‍ സാര്‍ കണ്ണിറുക്കി കാണിച്ചു.
എനിക്ക് ചന്ദ്രന്‍ സാറിനേക്കുറിച്ച് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എന്റെ ആദ്യത്തേ കൂടിക്കാഴ്ച. സജി പറഞ്ഞു.
ബോംബയില്‍ ഒരു സംഘര്‍ഷം ചന്ദ്രന്‍ കൈകാര്യം ചെയ്തത് ഞാനോര്‍മ്മിച്ചു. അടിച്ചു കരണക്കുറ്റി പൊട്ടിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നതു കണ്ടുകൊണ്ടാണ് ചന്ദ്രന്‍ അങ്ങോട്ട് വന്നത്. നേരേ ചെന്ന് അയാളുടെ ചെവിയില്‍ എന്തോ പറഞ്ഞു. പിന്നെ അയാളുടെ പൊട്ടിച്ചിരിയാണ് ഞങ്ങള്‍ കേട്ടത്.
എന്താണ് പറഞ്ഞത്-സജി ചോദിച്ചു.
നമ്മള്‍ അടിച്ചാല്‍ മതി. കരണക്കുറ്റി പൊട്ടിക്കൊള്ളും. വെറുതേ എന്തിനാ നമ്മള്‍ രണ്ടുംകൂടി ചെയ്തു ബുദ്ധിമുട്ടുന്നതെന്നാണ് അയാളോടു പറഞ്ഞത്.
ശരിക്കും ചന്ദ്രന്‍ സ്റ്റൈല്‍-സജി സമ്മതിച്ചു.
ഒരു ദിവസം-സജി തുടര്‍ന്നു-ലോക്കല്‍ ഐ.ഡി (പോലീസ് ഇന്റെലിജെന്‍സ്)ആഫീസര്‍ എന്നോടു പറഞ്ഞതാണ്. “എന്തൊരു സാധനമാടോ തന്റെ ആപ്പീസില്‍ ഇരിക്കുന്നത്. ഞാനങ്ങേര്‍ക്ക് പണം പിരിച്ചുകൊടുക്കാന്‍ കൂടെ ചെല്ലണമെന്ന്. പണ്ടു നിരോധിച്ച സംഘടനയല്ലേടോ. അതിന്റെ ഇപ്പോഴത്തേ പ്രവര്‍ത്തനത്തേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ ഞാനവിടെ പോയി. അങ്ങേര്‍ കസേരയില്‍ മുൻ വശത്തു തന്നെ ഇരിക്കുന്നു. ഞാന്‍ സൂത്രത്തില്‍ ചോദിച്ചു. എന്തൊക്കെയാ പരിപാടി?
അയാള്‍ പറഞ്ഞു-ഇവിടെ കുറേ അനാഥരായ ആളുകള്‍ ഉണ്ട്. ( പറയുന്നതിനിടയ്ക്ക്-മിണ്ടാന്‍ വയ്യാത്തൊരു നമ്പൂതിരി, ഒറ്റകാലുള്ള ഒരു ആദിവാസിപെണ്‍കുട്ടി, കുറേ വയസ്സായ സ്ത്രീകള്‍ ഇവരേയൊക്കെ സംരക്ഷിക്കാന്‍ പഞ്ചായത്തും, പോലീസുകാരും കൊണ്ടേല്‍പ്പിച്ചവര്‍ അവിടെയുണ്ട്.) അവരേ സംരക്ഷിക്കണം. പൈസക്കാണെങ്കില്‍ വലിയ ബുദ്ധിമുട്ട്. സാറിന് വലിയ ആള്‍ക്കാരേ പരിചയമുണ്ടല്ലോ. നമുക്കൊന്നു പോയി കുറേപ്പേരേക്കണ്ടാലോ. എനിക്ക് ഇവിടെ വലിയ പരിചയമില്ല. ഞാന്‍ ചുറ്റും നോക്കി-ആരെങ്കിലും കേള്‍ക്കുന്നുണ്ടോ--പണി പോകുന്ന കാര്യമാണ്. ഞാന്‍ ഒന്നുമല്ലാത്തഭാവത്തില്‍ ഒന്നു മൂളി.
ഉടനേ അയാള്‍ ഒരു പാഡും പേനയും എടുത്തുകൊണ്ടുവന്നു. സാറ് ആ അഡ്രസ്സെല്ലാം ഒന്നു പറഞ്ഞേരെ. നമുക്കു പോയി കാണാന്‍ എളുപ്പമുണ്ട്. എന്റെ സജീ ഞാനവിടുന്ന് രക്ഷപെട്ടകാര്യം എനിക്കേ അറിയാവൂ. അയാള്‍ സേവനത്തേക്കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. പെട്ടെന്ന് ഒരാളെ കാണണമെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി. അപ്പോള്‍ അയാള്‍ പുറകില്‍ നിന്നു വിളിച്ചു പറയുന്നു-ഞാന്‍ അങ്ങോട്ടു വരാം എന്ന്.
ഞാന്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനല്ലേടോ. ചുറ്റിനും ശത്രുക്കളും. ആരെങ്കിലും കേട്ട് ആഫീസില്‍ പറഞ്ഞാല്‍ എന്റെ പണി എന്താകും. താന്‍ അയാളേ പറഞ്ഞു മനസ്സിലാക്കണം.” ഐ.ഡി ഒരു ദീര്‍ഘശ്വാസം വിട്ടു.
അന്നു ഞാന്‍ ചിരിച്ചതിനു കണക്കില്ല. സജി തുടര്‍ന്നു. ഞങ്ങളുടെ ആപ്പീസില്‍ സ്ഥിരമയി പൊയ്ക്കൊണ്ടിരുന്ന ഒരു പ്രവര്‍ത്തകനേ --അയാളുടെ വീട് തൊട്ടടുത്താണ്--വഴിയില്‍ തടഞ്ഞു നിര്‍ത്തി --എവിടെ പോന്നെടോ--എന്താണ് അവിടുത്തേ പരിപാടി--പണ്ടു നിരോധിച്ചതാണെന്നറിയാമല്ലോ. അകത്താകും-പറഞ്ഞേക്കാം. ഞാനിനിയും വരും--എന്നൊക്കെ പറഞ്ഞു വെരുട്ടികൊണ്ടിരുന്ന പുള്ളിയാണ് ഈ ഐ.ഡി.
അത് ആരാണെന്ന് ചന്ദ്രനെങ്ങനെ മനസ്സിലായി-ഞാന്‍ ചോദിച്ചു.
അതോ. ഈ പ്രവര്‍ത്തകന്‍ ഭയന്നു പോയി. ഞാന്‍ ഇനി കുറേ നാള്‍ ഇവിടെനിന്നും മാറി നിൽക്കാന്‍ പോവുകയാണെന്ന് എന്നോടു പറഞ്ഞ്, ഈ വിവരവും പറഞ്ഞ് അയാള്‍ ഒരു ബന്ധുവീട്ടില്‍ പോയി. ഞാന്‍ ചന്ദ്രന്‍സാറിനോടു വിവരം പറഞ്ഞു. അയാളേ ഇങ്ങോട്ടൊന്നു പറഞ്ഞയക്കാമോ എന്നു ചന്ദ്രന്‍ സാറു ചോദിച്ചു. ഞാനാണ് പുള്ളിയേ അങ്ങോട്ടു പറഞ്ഞു വിട്ടത്. ഏതായാലും പിന്നെ ചന്ദ്രന്‍ സാറു പോകുന്നിടം വരെ അയാള്‍ ആ വ്ഴിക്കു വന്നിട്ടില്ല. സജി പറഞ്ഞു നിര്‍ത്തി.
ഞങ്ങള്‍ ഹരിപ്പാട്ടെത്തി. സാറേ പറയാനാണെങ്കില്‍ ഇതിലും രസകരമായ അനവധി കാര്യങ്ങള്‍ ഈ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. ഇന്നു സമയമില്ലല്ലോ. സാറേതായാലും ഇതൊക്കെ എഴുതാന്‍ പോവുകയല്ലേ. ഇനി കാണുമ്പോള്‍ പറയാം. ഞാന്‍ കോട്ടയത്തേക്ക് പോവുകയാണ്. നാളെ ഇടുക്കിക്കു പോകണം. സജി പിരിഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ ചന്ദ്രന്റെ വീട്ടില്‍ പോയി. എന്നേ പ്രതീക്ഷിച്ചിരിക്കുകയാണെന്നു പറഞ്ഞു ചന്ദ്രന്‍.
സജി ആളിനേ കൊണ്ടുവന്നോ? ഞാന്‍ ചോദിച്ചു.
ഹെവിടെ! കഴിഞ്ഞ ആഴ്ച ഞാന്‍ വിളിച്ചിരുന്നു. ചന്ദ്രന്‍ പറഞ്ഞു. അപ്പോള്‍ സജി പറയുകയാണ്--സാറേ ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്-അങ്ങോട്ടു വരാന്‍ . ആള് നാലുമണിക്ക് ഇവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വരും. ഞങ്ങള്‍ രണ്ട്പേരും കൂടി ഇന്നു വൈകിട്ട് ഏതെങ്കിലും സമയത്ത് അങ്ങെത്തും.
സജിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാനൊനും പറഞ്ഞില്ല.
ഇന്നലെ ഞാന്‍ വീനും വിളിച്ചു. അപ്പോള്‍ സജി--സാറെ ഞങ്ങള്‍ ബസ്സിലാണ്. അങ്ങോട്ടു വരുവാ. ഇപ്പോള്‍ അങ്ങെത്തും. ചായ്ക്കു വെള്ളം അടുപ്പേല്‍ വച്ചോ.
ദേ ഇതുവരെ ആ ബസ്സ് ഇങ്ങെത്തീയില്ല. ചന്ദ്രന്‍ ചിരിച്ചു.
ഇങ്ങനെ ഒക്കെയാണെങ്കിലും നിങ്ങള്‍ എന്തിനാ അവനോടു പറഞ്ഞുകൊണ്ടിരിക്കുന്നത്? ഞാന്‍ ചോദിച്ചു.
അതോ-ആളിനേകിട്ടിയാല്‍ സജി കൊണ്ടുവരും. വിശ്വസ്ഥനായിരിക്കുകയും ചെയ്യും. എന്തു കുഴപ്പം പറ്റിച്ചാലും സജി ഉത്തരവാദിത്വം എടുത്തോളും. എത്ര ആള്‍ക്കാരേയാണ് ഞങ്ങളുടെ പ്രോജെക്റ്റില്‍ കൊണ്ടു വന്നിരിക്കുനത്. ഒത്താലൊത്തു. അത്രയേ ഞാൻ കരുതിയിട്ടുള്ളൂ. ചന്ദ്രന്‍ പറഞ്ഞു.
ശരി. ഞാന്‍ പറഞ്ഞു. ഞാന്‍ തന്റെ കഥ എഴുതാാന്‍ പോവുകയാണ്. എല്ലാം വിശദമായി പറയണം.
അയ്യോ! ഈ വട്ടന്റെ കഥയോ! ചന്ദ്രന്‍ ചോദിച്ചു. തനിക്കു വേറേ പണിയില്ലേ?
ലോകത്തില്‍ ഇത്തരം വട്ടന്മാര്‍ കുറവാണെടൊ. അവരുടെ കഥ് എല്ലാര്‍ക്കും രസിക്കും. ഇല്ലെങ്കിലും തനിക്കു നഷ്ടമൊന്നുമില്ലല്ലോ. ആട്ടെ താന്‍ ബൊംബയില്‍ നിന്നും പോന്നതില്‍ പിന്നുള്ള ചരിത്രം--വേഗം. വേഗം.
തുടരും..