Aksharathalukal

നീലനിലാവേ... 💙 - 18

എങ്ങോ നോട്ടമെയ്ത് കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ദേവിനെ നോക്കി നിൽക്കെ ഉള്ളിൽ ഒരു ഭയം നിറയുന്നത് ഭദ്രൻ അറിഞ്ഞു.. അവന്റെ മനസ്സിൽ നിള ഒരു അനിയത്തിയുടെ സ്ഥാനത്ത് ആണെങ്കിൽ.... എന്നൊന്ന് ഓർക്കാൻ പോലും അവന് കഴിയുന്നുണ്ടായിരുന്നില്ല... അതിന്റെ പ്രധാന കാരണം വർഷങ്ങളായി കണ്ടറിയുന്ന ആ പെണ്ണിന്റെ ഭ്രാന്തമായ പ്രണയം തന്നെയായിരുന്നു...

\"\"\" ദേവാ... \"\"\" ഭദ്രൻ അവന്റെ തോളിൽ കൈ വെച്ചു.. ദേവ് ഒന്നും മിണ്ടിയില്ല.. അവന്റെ മനസ്സിന്റെ വിങ്ങൽ എടുത്ത് അറിയിക്കുന്ന വിധം ആ മുഖം ആകെ ചുവന്ന് പോയിരുന്നു...

\"\"\" എന്തെങ്കിലും ഒന്ന് പറയ്, ദേവാ... \"\"\" അത്ര നേരം കടന്ന് പോയിട്ടും ആ മൗനം തന്നെ അവൻ തുടരുന്നത് കണ്ട് ഭദ്രന്റെ ക്ഷമ നശിച്ചു...

\"\"\" എന്ത് പറയാനാണ് ഭദ്രാ ഞാൻ.. എനിക്കറിയില്ല.. അവളെനിക്ക്.. അവളെനിക്ക് ആരാണെന്ന് എനിക്ക് അറിയില്ല, ഭദ്രാ!!.. അമ്മായിയുടെ അടുത്ത് നിന്ന് എല്ലാം ഉപേക്ഷിച്ച് അവളെന്റെ അടുത്തേക്ക് വന്ന ദിവസം മുതൽ അവൾക്ക് നഷ്ടപ്പെട്ടതെല്ലാം.. നിഷേധിക്കപ്പെട്ടതെല്ലാം.. ഒരു കുറവും ഇല്ലാതെ അവൾക്ക് നൽകാനായിരുന്നു ഞാൻ ശ്രമിച്ചത്.. അതിന് വേണ്ടിയായിരുന്നു പിന്നീട് അങ്ങോട്ട് ഞാൻ ജീവിച്ചത് പോലും... എനിക്ക് കിട്ടിയിട്ടില്ലാത്തത് ഒന്നും അവൾക്ക് കിട്ടാതെ പോകരുത് എന്നൊരു മോഹം ആയിരുന്നു ഉള്ള് നിറയെ.. വന്ന നാൾ മുതൽ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ഓരോ നിമിഷവും അവളെ നോക്കിയതും അമ്മാവൻ കൊണ്ട് നടന്നത് പോലെ.. അവളെ ലാളിച്ച് കൊണ്ട് നടന്നതും ഒക്കെ.. അതുകൊണ്ട് തന്നെയാ... പക്ഷേ... ഞാൻ തോറ്റു പോയത് അന്ന് എന്റെ കാല് പിടിച്ച് അവള് ഞാൻ അവളെ വിവാഹം കഴിക്കാൻ പറഞ്ഞ് കരഞ്ഞ നിമിഷമാടാ... ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരുള്ള.. അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെയുള്ള ഒരു നല്ല പയ്യന് അവളെ കൈ പിടിച്ച് കൊടുക്കണം എന്ന് കൊതിച്ച് നടന്ന എനിക്ക് കിട്ടിയ ആദ്യത്തെ അടി... അത് കഴിഞ്ഞുള്ള ഗൗരിയേടത്തിയുടെ വാക്കുകൾ... മാമയുടെ നിർബന്ധം... എതിർക്കാൻ കഴിഞ്ഞില്ല.. അതിനൊപ്പം അവളുടെ രണ്ടാനച്ഛന്റെ ഭീഷണി കൂടിയായപ്പോ കെട്ടേണ്ടി വന്നു പോയി... ആ ദിവസം മുതൽ ഉരുകി ഉരുകിയാണ് ഞാൻ ജീവിക്കുന്നത്... \"\"\" ഓരോ വാക്ക് പറയുമ്പോഴും അവന്റെ ശബ്ദം വല്ലാതെ ഇടറി.. അടക്കി നിർത്താൻ ആകാത്തൊരു ഗദ്ഗദം അവന്റെ തൊണ്ടയിൽ കുരുങ്ങി...

\"\"\" ദേവാ... \"\"\" അവൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് ഭദ്രന് മനസ്സിലായില്ല...

\"\"\" ഒരിക്കലും.. ഒരിക്കലും പ്രണയം എന്നൊരു വികാരം എനിക്ക് അവളോട് തോന്നിയിട്ടില്ല!!!, ഭദ്രാ .... കഴിയുന്നില്ല അവളെ എനിക്ക് എന്റെ ഭാര്യയായി കാണാൻ !! അംഗീകരിക്കാൻ.. ഒന്നും!!..... പണ്ട് പലപ്പോഴും എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിയിരുന്ന അവളെ ഇപ്പൊ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും എനിക്ക് ചില നേരം പേടിയാടാ... നാളെ മറ്റൊരുവന് അവളെ വിവാഹം ചെയ്ത് കൊടുക്കുമ്പോ അതൊരു തെറ്റായി മാറുമോ.. എന്ന ഭയമാണ് എന്റെ ഉള്ളില്.... \"\"\" മുഖം പോലും വിറയ്ച്ച് പോകുമ്പോഴും എങ്ങനെ ഒക്കെയോ അവൻ പറഞ്ഞ് നിർത്തിയ നിമിഷം ഞെട്ടി പോയിരുന്നു ഭദ്രൻ...

\"\"\" ദേവാ....!!! \"\"\" പകപ്പോടെ ഭദ്രന്റെ കൈ അവനിൽ നിന്ന് അകന്നു...

\"\"\" നീ.. നീ ഇപ്പൊ എന്താ പറഞ്ഞത്? ഇനി അവളെ.. നീ എന്തൊക്കെയാടാ വിളിച്ച് പറയുന്നത്?! \"\"\" ഭദ്രന്റെ ശബ്ദം ഉയർന്നു.. ദേവ് തലതാഴ്ത്തി...

\"\"\" ഒരു കാലത്ത് അവൾ മനസ്സിലാക്കും, ഭദ്രാ.. അതൊക്കെ മാറും.. കുഞ്ഞല്ലേ അവള്.. ഒരു ഇരുപത്തിമൂന്ന് വയസ്സൊക്കെ ആകുമ്പോ അവൾക്ക് തന്നെ തോന്നും.. എന്നെ പോലെ ഒരുത്തൻ അവൾക്ക് എന്തിനാണെന്ന്.. പക്ഷേ.. അതിന് മുൻപ് നല്ലൊരുവനെ ഞാൻ അവൾക്ക് വേണ്ടി കണ്ടെത്തും... ഇന്നോ നാളെയോ അവസാനിച്ചേക്കാം എന്ന് കരുതിയുള്ള ജീവിതമാണ് നമ്മുടേതെന്ന് നിനക്ക് തന്നെ അറിയില്ലേ.. നാളെ ഇവിടെ നിന്ന് മടങ്ങുമ്പോൾ നമ്മളിൽ ആരൊക്കെ ബാക്കിയുണ്ടാകും എന്ന് പോലും ഉറപ്പില്ല... ആ ഒരവസ്ഥയിൽ നാളെ അവൾ തനിച്ചാകാതെ നോക്കേണ്ടത് എന്റെ കടമയല്ലേടാ... \"\"\" തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ പറയുന്നത് കേൾക്കെ ഭദ്രൻ വിലങ്ങനെ തലയാട്ടി.. സത്യത്തിൽ അറ്റവും മൂലവും എന്ന പോലെ അവൻ പറയുന്നതിൽ പകുതിയും ഭദ്രന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.. താൻ അവൾക്ക് ചേരില്ലെന്ന ചിന്ത... തന്റെയൊപ്പം ജീവിച്ചാൽ നാളെ ഒരു കാലത്ത് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾക്ക് ആരുമില്ലാതെയായി പോകും എന്ന പേടി... അതിൽ നിന്ന് ഉടലെടുത്ത ചില തീരുമാനങ്ങൾ... ആ തീരുമാനത്തിന്റെ ബാക്കിയായി പലതും അവൾക്ക് മുന്നിൽ മറന്നെന്ന പോലെ നടിക്കുന്നു... ഒരു കുഞ്ഞിനെ പോലെ... ഒരു അനിയത്തിയെ പോലെ അവളെ കൊണ്ട് നടന്ന്.. അവളോട് തനിക്ക് ഒരിക്കലും പ്രണയം എന്ന വികാരം തോന്നില്ലെന്ന് സ്വയം പറയാതെ തന്നെ അവളെ മനസ്സിലാക്കിപ്പിക്കാനും ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു... അങ്ങനെ സ്ഥാപിക്കാൻ കഷ്ടപ്പെടുന്നു... അതിലൂടെ.. അവൾ തന്റെ പ്രണയവും ഭർത്താവും എന്ന സ്ഥാനങ്ങളിൽ നിന്ന് അവനെ എന്നെന്നേക്കുമായി പടിയിറക്കി വിടാൻ ആഗ്രഹിക്കുന്നു... ഒടുവിൽ... ആ മോഹം നടന്ന് കഴിഞ്ഞ് അവളെ മറ്റൊരുവന് വിവാഹം ചെയ്ത് കൊടുക്കണം എന്നതാണ് അവന്റെ ഉള്ളിലെ ചിന്ത... അങ്ങനെ അവൾക്ക് സന്തോഷമായി ജീവിക്കാൻ കഴിയുമെന്ന ധാരണ .... താൻ കാരണം അവൾക്ക് എന്നും വേദനയും നഷ്ടവും മാത്രമാകും ലഭിക്കുക എന്ന അടിയുറച്ച വിശ്വാസം ..... ഇതെല്ലാമാണ് ഇതിന്റെ പിന്നിലെ കാരണം... എന്നാൽ.. അതിനെല്ലാം ഉപരി ഭദ്രന് മനസ്സിലായ മറ്റൊന്ന് ഉണ്ടായിരുന്നു.. ഓരോ നിമിഷവും മറവിയിലേക്ക് തള്ളി വിടാൻ ആകാതെ അവൻ ഓർക്കുന്ന ഒന്നാണ് അവളുടെ കഴുത്തിൽ താലി കെട്ടിയ ആ നിമിഷം എന്നുള്ളത്....! അതുകൊണ്ട് തന്നെയാണ് അവളൊന്ന് അടുത്ത് കിടക്കാൻ പറഞ്ഞാൽ പോലും അവൻ അത് ചെയ്യാത്തത്.... നാളെ അവൾക്കൊരു നല്ല ദാമ്പത്യ ജീവിതം ലഭിക്കാൻ വേണ്ടിയുള്ള കഷ്ടപ്പാട് ..... അതാണ് അവനീ ചെയ്ത് കൂട്ടുന്നത് എല്ലാം... 

\"\"\" ആരുമില്ലാതെയായി പോകരുത് അവൾക്ക് ഒരിക്കലും... \"\"\" ദയനീയത കലർന്ന ശബ്ദത്തിൽ ദേവ് വീണ്ടും പറഞ്ഞതും ഭദ്രന്റെ മുഖം ഞൊടിയിടയിൽ രൂക്ഷമായി...

\"\"\" നിന്റെ കാമുകിയല്ല, ദേവാ... അവളൊരു ഭാര്യയാണ് !!!! നിന്റെ പേര് കൊത്തിയ താലി കഴുത്തിലിട്ട് നടക്കുന്ന നിന്റെ പെണ്ണ് !!!... നിന്റെ കൈ കൊണ്ട് സീമന്തരേഖ ചുവന്നവൾ .....!! അങ്ങനെയുള്ള സ്വന്തം ഭാര്യയെ രണ്ടാമത് കെട്ടിക്കുന്നതിനെ കുറിച്ച് പറയാൻ നാണമില്ലേ നിനക്ക്....?!! \"\"\" ഗർജ്ജനം പോലൊരു ശബ്ദത്തിൽ ഭദ്രൻ മുരണ്ടു.. ദേവിന്റെ മുഖം മുറുകി.. കേൾക്കാൻ ആഗ്രഹിക്കാത്ത... ഓർക്കാൻ ആഗ്രഹിക്കാത്ത... ഇഷ്ടപ്പെടാത്തത് എന്തോ കേട്ടത് പോലെ.... അവന്റെ മുഖം അസ്വസ്ഥമായി...

\"\"\" അവൾക്ക് ഒരുവനെ കണ്ട് പിടിച്ച് കൊടുത്ത് അവനിലൂടെ അവൾക്ക് എല്ലാം ലഭിക്കണം എന്നൊരു ചിന്ത നിനക്ക് ഉണ്ടായിരുന്നു.. ഇന്നും ഉണ്ട്.. എന്നത് ശരിയായിരിക്കാം.. പക്ഷേ... ഇക്കഴിഞ്ഞ ഓരോ നാളിലും നിങ്ങൾ സ്വയം നിങ്ങൾക്ക് എല്ലാമായി മാറിയിട്ടുണ്ട്, ദേവാ... നീ ഈ ചിന്തിക്കുന്നത് ഒന്നും ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ്... എത്ര കാലം കഴിഞ്ഞാലും.. നീ ഇനി അവളെ ഉപേക്ഷിച്ച് പോയാലും.. ആരൊക്കെ അവളുടെ ജീവിതത്തിലേക്ക് വന്നാലും.. എന്തിന്.. ഈ നിമിഷം നീ മരിച്ച് വീണാൽ പോലും... രണ്ടാതൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാനോ മറ്റൊരുവനെ പ്രണയിക്കാനോ അവൾക്ക് കഴിയില്ല!! \"\"\" ഉറച്ച വാക്കുകൾ ആയിരുന്നു ഭദ്രന്റേത്...

\"\"\" നിളാദർശിയാണ് ദേവാ അവൾ !!! ദേവർകാവിൽ ജഗന്നാഥൻ തമ്പിയെന്ന നിന്റെ അമ്മാവന്റെ ചോരയാണ് അവളിൽ ഓടുന്നത് ...!! തോന്നുമ്പോൾ തോന്നുമ്പോൾ തന്റെ ഇഷ്ടങ്ങൾ മാറ്റി കളിക്കുന്ന അത്രയ്ക്ക് പക്വതയില്ലാത്ത, പ്രായത്തിന്റെ ചാപല്യത്തിൽ ഓരോന്ന് ചെയ്യുകയും പറയുകയും ചെയ്യുന്ന ഒരുവൾ അല്ല അവൾ ! ഓർമ്മ വെച്ച കാലം മുതൽ നിന്റെ മുഖമാണ് അവളുടെ മനസ്സിലെങ്കിൽ അവളുടെ മരണം വരെ അതങ്ങനെ തന്നെയാകും .......!!!! \"\"\" അത്രയും പറഞ്ഞ് അവന്റെ മുഖത്തേക്ക് ഒരിക്കൽ കൂടി ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് ഭദ്രൻ തിരിഞ്ഞ് നടക്കുമ്പോൾ വിളറി പോയി ദേവിന്റെ മുഖം.. ഭദ്രൻ പറഞ്ഞത് ശരിയാണെന്ന് അറിയാമെങ്കിലും അത് സമ്മതിച്ച് കൊടുക്കാനോ തന്റെ ഉദ്ദേശത്തിൽ നിന്ന് പിൻമാറാനോ ആകാതെ അവൻ അസ്വസ്ഥനായി...

\"\"\" പിന്നൊരു കാര്യം കൂടി... \"\"\" പെട്ടന്ന് വാതിൽക്കൽ എത്തിയ ഭദ്രൻ ഒന്ന് നിന്ന് പിന്നെയും അവന് നേർക്ക് തിരിഞ്ഞു.. ദേവ് അവനെ സംശയഭാവത്തിലൊന്ന് നോക്കി.. അത് കണ്ട് ഭദ്രൻ ഒന്ന് ചിരിച്ചു...

\"\"\" നീ മനഃപൂർവം അല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒന്നില്ലേ.. അവൾ നിന്റെ ഭാര്യയാണെന്ന് ഉള്ളത്... അത് നിന്റെ മനസ്സ് മുൻപേ അംഗീകരിച്ച് കഴിഞ്ഞതാണ്, ദേവാ... ഇല്ലെന്ന് നീ നടിക്കുകയാണ്... നിനക്ക് അവളോട് പ്രണയം തോന്നുന്നുണ്ടോ എന്നത് എനിക്കറിയില്ല.. പക്ഷേ, ഒരു കുഞ്ഞിനെ പോലെ കാണുമ്പോഴും നിന്റെ മനസ്സിൽ എവിടെയോ അവൾക്ക് മറ്റൊരു സ്ഥാനമുണ്ട്.. & I\'m happy for that ........ \"\"\" സന്തോഷം നിറഞ്ഞ.. എന്നാൽ അവനെ പരിഹസിക്കുന്ന തരത്തിലെ ഒരു ചിരിയോടെ പറഞ്ഞിട്ട് ഭദ്രൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ കണ്ണുകൾ മുറുക്കി അടച്ച് കളഞ്ഞു ദേവ്... ദേഷ്യം.... അമർഷം... വിരോധം .... അങ്ങനെ അങ്ങനെ എന്തിനോടൊക്കെയോ അടങ്ങാത്ത വിദ്വേഷം തോന്നി പോയി അവന്... മനസ്സ് ശരിയാണെന്ന് പറയുമ്പോഴും അത് സത്യമല്ല എന്ന് വാദിക്കാൻ ശ്രമിക്കുന്ന തന്റെ ബുദ്ധിയോടൊപ്പം മാത്രം അവൻ നിന്നു...

                               🔹🔹🔹🔹

ഉച്ചയ്ക്ക് ഡിപ്പാർട്മെന്റിൽ ചെന്ന് അസൈൻമെന്റ് വെച്ചിട്ട് കോറിഡോറിലൂടെ നടക്കുകയായിരുന്നു നിളയും ആരുവും.. ഉച്ചയ്ക്ക് ശേഷം കോളേജ് ഗ്രൗണ്ടിൽ മാച്ച് ഉള്ളത് കൊണ്ട് വീട്ടിലേക്ക് പോകാനുള്ള പ്ലാനിൽ ആണ് നിള.. ആരു മാച്ച് കണ്ടിട്ട് പോകാൻ അവളെ ഒരുപാട് നിർബന്ധിച്ചെങ്കിലും ഒട്ടും താല്പര്യമില്ലാത്തതിനാൽ നിള അതിന് സമ്മതിച്ചില്ല.. പണ്ടേ ഇഷ്ടമല്ലാത്ത ഒന്നാണ് അവൾക്ക് ക്രിക്കറ്റും ഫുട്ബോളും ഒക്കെ കണ്ട് ഇരിക്കുന്നത്... മുൻപ് ദേവർകാവിൽ വെച്ച് രാത്രി നേരം ഒക്കെ ഇന്ന് കളിയുണ്ടെന്ന് പറഞ്ഞ് ദേവ് ടീവിയ്ക്ക് മുന്നിൽ ചെന്നിരിക്കുമ്പോൾ തന്നെ അവൾക്ക് കലി കയറുമായിരുന്നു.. പിന്നെ അവൻ എന്തോ ചെയ്യട്ടെ എന്ന പോലെ മുറിയിൽ പോയി കിടന്ന് ഉറങ്ങും... അതായിരുന്നു അന്നൊക്കെ അവളുടെ പതിവ്.. ഇന്ന് പക്ഷേ, ദേവ് അതിൽ നിന്നെല്ലാം നന്നേ മാറി... എല്ലാം തന്റെ കഴുത്തിൽ ഈ താലി വീണതിൽ പിന്നെയാണെന്ന് ഓർക്കെ അവൾക്ക് നെഞ്ചിൽ ഒരു പിടപ്പ് അനുഭവപ്പെട്ടു.. ഓരോന്ന് ഓർത്ത് മുന്നോട്ട് നടക്കുമ്പോഴാണ് പെട്ടന്ന് പ്രതീക്ഷിക്കാതെ മൈക്ക് അവൾക്ക് മുന്നിലായി വന്ന് നിന്നത്...

\"\"\" ഏയ്.. നിളാ... \"\"\" ഞെട്ടി പിന്നോട്ട് ആഞ്ഞു പോയ നിളയെ ആരു താങ്ങി പിടിച്ചു...

\"\"\" നിനക്ക് ഒന്ന് പതിയെ വന്നൂടെ?, മൈക്കേ... \"\"\" പേടിയോടെ കിതച്ച് പോയ നിളയെ കാൺകെ ആരു അവനോട് ചൂടായി...

\"\"\" ഹാ.. ഒന്ന് അടങ്ങെന്റെ, ആരവീ.. ഞാൻ നമ്മടെ നിള കൊച്ചിനോട് രണ്ട് വർത്താനം പറയാൻ വന്നതല്ലേ... \"\"\" ഇന്നോളം ഇല്ലാത്തൊരു പുച്ഛ ഭാവത്തിൽ പറയുന്നവനെ നിള സംശയിച്ച് നോക്കി...

\"\"\" നിള കൊച്ച് എന്താ ഈ നോക്കുന്നത് ? \"\"\" അവളിൽ അടിമുടി അവന്റെ കണ്ണുകളൊന്ന് പാഞ്ഞു.. നിളയ്ക്ക് പെട്ടന്നുള്ള അവന്റെ മാറ്റത്തിന്റെ കാരണം മനസ്സിലായില്ല.. കഴിഞ്ഞ കുറച്ച് ദിവസം മുൻപ് വരെ തന്നോട് നന്നായി സംസാരിച്ചിരുന്നവന്റെ മുഖത്ത് ഈ നിമിഷം കാണുന്ന പരിഹാസം.. അവളുടെ നെറ്റിചുളിയാൻ കാരണമായി...

\"\"\" അയ്യോ.. ഒന്നും അറിയാത്തൊരു പാവം.. നിൽക്കുന്നത് നോക്കെടാ... \"\"\" മൈക്ക് തന്റെ ഒപ്പം നിൽക്കുന്ന വരുണിന്റെ തോളിൽ കൈയ്യിട്ട് അവളെ കളിയാക്കി...

\"\"\" നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ? \"\"\" നിളയെ ഒന്ന് നോക്കിയ ശേഷം ആരു അവനെ നോക്കി സംശയത്തോടെ ചോദിച്ചു...

\"\"\" ഓ.. അതോ.. അത് ഞാൻ ഇവളോട് ഒരു കാര്യം ചോദിച്ചറിയാൻ വന്നതാ... \"\"\" മൈക്കിന്റെ നോട്ടം വീണ്ടും നിളയുടെ മുഖത്തേക്കായി...

\"\"\" കാര്യം എന്താണെന്ന് വെച്ചാൽ പറയ്, മൈക്ക്.. എനിക്ക് പോയിട്ട് വേറെ ജോലിയുണ്ട്... \"\"\" നിളയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നു...

\"\"\" ആണോ.. എന്നാലേ.. നീ ഇത് പറ.. നീയും നിന്റെ ചേട്ടന്റെ ശത്രുവായ ആ വിശ്വഭദ്രനും തമ്മിൽ എന്താ ബന്ധം .......? \"\"\" വരുണിന്റെ തോളിൽ നിന്ന് കൈയ്യെടുത്ത് അവൾക്ക് അടുത്തേക്ക് ഒന്ന് നീങ്ങി നിന്ന് ഒരു വല്ലാത്ത ചിരിയോടെ മൈക്ക് പുരികം ഉയർത്തി...

\"\"\" മനസ്സിലായില്ല....? \"\"\" നിളയുടെ മുഖം കടുത്തു...

\"\"\" വ്യക്തമാക്കാം.. നീ കേട്ടോടാ വരുണേ... ഒരു രാത്രി നേരം... വീടിന്റെ ഉമ്മറ പടിയിൽ ഭദ്രാ എന്നും വിളിച്ച് അവന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്ന ഒരു നിള.. അല്ലടി... നിന്റെ ചേട്ടൻ അറിഞ്ഞോണ്ട് തന്നെയാണോ നീ ഈ തോന്നിവാസം ഒക്കെ കാണിക്കുന്നത് ? ഞാനൊന്ന് അനിയേട്ടനോട് സംസാരിക്കാൻ പറഞ്ഞപ്പോ എങ്ങും ഇല്ലാത്ത ജാഡ ആയിരുന്നല്ലോ നിനക്ക്... എന്നിട്ടിപ്പോ രാത്രി നേരത്ത് ഒരു ചെറുക്കന്റെ കൂടെ... \"\"\" ബാക്കി പറയാതെ അവൻ അവളെ ഒന്ന് ഉഴിഞ്ഞ് നോക്കിയതും ശാന്തമായ ഭാവത്തിൽ.. ഒരക്ഷരം പോലും പറയാതെ.. തൊട്ടടുത്ത നിമിഷം കൈ മുഷ്ടി ചുരുട്ടി അവന്റെ മൂക്കിലേക്ക് ആഞ്ഞ് ഇടിച്ചിരുന്നു നിള....

\"\"\" ആാാഹ്!!!...... \"\"\" മൂക്ക് പൊത്തി പിടിച്ച് മൈക്ക് നിലവിളിച്ചു.. തന്റെ കണ്ണുകളിൽ ഇരുട്ട് കയറിയത് പോൽ... തനിക്ക് ചുറ്റും ഭൂമി ഉരുണ്ട് മറിയുന്നത് പോൽ.. മൂക്കിന്റെ പാലത്തിന് മേൽ അനുഭവപ്പെടുന്ന നോവിൽ പകച്ച് നിന്നു പോയി അവൻ...









തുടരും..............................................










Tanvi 💕



നീലനിലാവേ... 💙 - 19

നീലനിലാവേ... 💙 - 19

4.8
931

മൂക്കിൽ കൈ അമർത്തി നിൽക്കെ വിരലുകളിൽ പതിഞ്ഞൊരു നനവിൽ മൈക്ക് ഭയത്തോടെ തന്റെ വലം കൈയ്യിലേക്ക് നോക്കി...\"\"\" രക്തം !!!!!......... \"\"\" അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. വരുൺ പകപ്പോടെ നിളയുടെ മുഖത്തേക്ക് നോക്കി.. അവിടെ ഇപ്പോഴും അതേ ഭാവമാണ്... ശാന്തത .... പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ ഇല്ല...\"\"\" ടീ... നീ... \"\"\" തന്റെ കൈവിരലുകളിൽ പടർന്ന ചോരയിൽ നിന്ന് കണ്ണുകൾ ഉയർത്തി മൈക്ക് നിളയെ ദേഷ്യത്തോടെ നോക്കി...\"\"\" അടങ്ങ്, മൈക്കേ.. പലരും എന്നോട് പറഞ്ഞതാണ് നീ നിന്റെ കാര്യം നേടാനാണ് നല്ല പിള്ള ചമഞ്ഞ് എന്റെ അടുത്തേക്ക് വരുന്നതെന്നും.. നിന്റെ സ്വഭാവം മഹാ ചീപ് ആണെന്നും.. പക്ഷേ, നമ്മളോട് ഒരാൾ എങ്ങ