Aksharathalukal

കനകമയൂരം



ഭാഗം - 9


ഈശ്വരാ.......
എന്താണ് അൽപ്പം മുമ്പ് നടന്നത്.? 

ഓർക്കുമ്പോൾ തന്നെ ഉള്ളിൽ എന്തൊക്കെയൊ കലങ്ങി മറിയുന്നു.ആശുപത്രിയിൽ കിടന്നിരുന്ന കാലം മനസിൽ തെളിഞ്ഞു വരുന്നതേയുള്ളൂ.ഓരോ കാര്യങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ട് മിക്കപ്പോളും.ആരോടും ചോദിക്കാതെ തന്നെ സ്വയം എല്ലാം അറിയണം എന്ന് തോന്നി. ചിലപ്പോൾ ഒക്കെ കണ്ണുകൾ നിറയുന്നത് മറച്ചു പിടിക്കേണ്ടി വരുന്നു എന്ന് മാത്രം.


എവിടെ ആണ് ഞാൻ ഇപ്പൊൾ കിടക്കുന്നത് എന്ന് മനസ്സിലാക്കാൻ തന്നെ ദിവസങ്ങൾ എടുത്തു.കൊതിയോടെ ഞാൻ കണ്ടിരുന്നു ഒരിക്കൽ ഈ വീട്..ഒരിക്കൽ മാത്രം.അതും അകലെ നിന്ന് മാത്രം.പിന്നെ, സുഭാഷിണിയമ്മയെ കണ്ടപ്പോൾ സംശയങ്ങൾ തോന്നി മനസിൽ..എന്നാലും..


പിന്നെ, എൻ്റെ അടുത്ത് ഒരുപാട് നേരം വന്നിരുന്ന് വിശേഷങ്ങൾ മുഴുവൻ പറയുന്ന ആ മുഖം..അത് ഓർമ്മയിൽ എവിടെയോ ഉണ്ട്.വ്യക്തമായി തന്നെ.എന്നാലും അങ്ങോട്ട് പിടി കിട്ടിയില്ല.ഹോസ്പിറ്റലിൽ കിടന്നിരുന്ന തൻ്റെ അടുത്തിരുന്ന് വിറങ്ങലിച്ചു കിടന്നിരുന്ന വിരലുകിൽ തലോടുന്ന പോലെ നേരിയ ഒരോർമ്മ ബാക്കിയും ഉണ്ട്.

" ഹരീ.. "

എന്നുള്ള വിളിയാണ് ബാക്കി എല്ലാം ഓർമ്മയിലേക്ക് കൊണ്ട് വന്നത്.മനസ് പെരുമ്പറ മുഴക്കി.ബാക്കി എല്ലാം ഒന്നിച്ച് ഒഴുകി വന്നു, മലവെള്ളപ്പാച്ചിലു പോലെ..എങ്ങിനെ മറക്കാൻ കഴിയും.? ഒരിക്കൽ കുഴിച്ചു മൂടിയതൊക്കെ മുന്നിൽ വന്ന് കൊഞ്ഞനം കുത്തിയ പോലെ.

തൻ്റെ 19 ആം വയസ്സിൽ മനസിൽ ഇടിച്ചു കയറിയ ഒരേ ഒരാൾ.ഒരുപാട് അർഥങ്ങൾ കൊടുത്ത് താൻ താലോലിച്ചു വെച്ചതാണ് മനസ് മുഴുവൻ. പിന്നീട് കഷ്ടപെട്ട് ആ മുഖം മായ്ച്ചു കളഞ്ഞതുമാണ് ഒരിക്കൽ.

ഒരിക്കലും പറയാതിരുന്നിട്ടും, ഞാൻ കേൾക്കുവാൻ ഏറെ കൊതിച്ച വാക്കുകൾ, ഒരിക്കലും എനിക്കായി തരാതിരുന്ന ഒരാൾ.


+2 കഴിഞ്ഞ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത് കുറച്ച് ദൂരെ ഉള്ള എൻ എസ്സ് എസ്സ് കോളേജിലായിരുന്നു.എന്നാലും സന്തോഷമായിരുന്നു.അഡ്മിഷൻ എടുക്കാൻ അമ്മയുടെ കൂടെ ചെന്നപ്പോൾ അവിടത്തെ ചുമരിൽ കണ്ട മുദ്രാവാക്യങ്ങൾ..ഗ്രൗണ്ടിൽ എങ്ങും കണ്ട കൊടികൾ.അതൊക്കെ തന്നെ ആയിരുന്നു ഈ സന്തോഷത്തിന് കാരണം.അമ്മയെ ഒരു വിധത്തിൽ പറഞ്ഞ് സമ്മതിച്ച് അവിടെ തന്നെ അഡ്മിഷൻ എടുത്തു.

അത് വരെ കോൺവെൻ്റ് സ്കൂളിൽ പഠിച്ചതിനാൽ തന്നെ അടുത്തടുത്ത് നിൽക്കുന്ന ഉയർന്ന ആറ് ഏഴ് നില കെട്ടിടങ്ങൾ അല്ലാതെ ഒരു ലോകം കണ്ടിട്ടുണ്ടായിരുന്നില്ല.സിസ്റ്റർമാരുടെ കടുത്ത നിയന്ത്രണങ്ങൾ.റോഡിൻ്റെ ഒപ്പോസിറ്റ് സൈഡിലെ കടയിലെ ഇഷ്ടപ്പെട്ട മിട്ടായി വരെ വാങ്ങി തിന്നാൻ പറ്റിയിട്ടില്ല അന്നൊന്നും.

ഇത് വിശാലമായ ഒരു ലോകമായിരുന്നു.ഗേറ്റ് കടന്ന് ചെല്ലുമ്പോൾ ഉള്ള മെയിൻ ബ്ലോക്ക് മാത്രം സിമൻ്റ് വാർത്ത ഒരു മൂന്നു നില കെട്ടിടം ആയിരുന്നു.അതിൻ്റെ ഇരുവശങ്ങളിലേക്കും നീണ്ടു കിടക്കുന്ന ചെറിയ ചെറിയ ഓടു കെട്ടിടങ്ങളായിരുന്നു ക്ലാസുകൾ.നിറയെ മരങ്ങൾ.അവക്ക് ചുറ്റും കെട്ടിയിരിക്കുന്ന ഇരിപ്പിടങ്ങൾ.മെയിൻ ബ്ലോക്കിൽ നിന്ന് കുറെ നടന്നാൽ മാത്രമാണ് മറ്റു ക്ലാസുകളിൽ എത്തുക.പലതും ഇടിഞ്ഞ് വീഴാൻ നിൽക്കുന്ന പോലെ ആണ് കണ്ടാൽ തോന്നുക.


മെയിൻ ബ്ലോക്കിൻ്റെ പിൻവശം അതിലും രസമാണ്.ഒരു വലിയ പറമ്പ്.അതിനറ്റം ആണ് ഹിസ്റ്ററി ബ്ലോക്ക്..അതിനു പിറകിൽ നിറയെ കാടാണ്.ഇതിൻ്റെ എല്ലാം ഒത്ത നടുക്കാണ് സ്റ്റേജ്..അതിൻ്റെ മുന്നിൽ ഒരു വലിയ ഗുൽമോഹർ മരം, ചുറ്റും ചുവന്ന പൂക്കൾ കൊണ്ട് പട്ടു വിരിച്ച് നടുവിൽ റാണിയെപ്പോലെ നിൽക്കുന്നു.


എൻ്റെ ക്ലാസും അറ്റത്തായിരുന്നു.ചുറ്റും കാടാണ്.മഴ പെയ്യുന്ന സമയത്താണ് ആ കോളേജിൽ ആദ്യമായി ചെന്ന് കയറുന്നത്.കാണണം, എന്തൊരു ഭംഗി ആയിരുന്നെന്നോ..വെള്ളത്തുള്ളികൾ ഞാന്നുകിടക്കുന്ന ഈ ജനലഴികൾ പോലും ഭംഗിയുള്ള ഒരു ചിത്രം പോലെ തോന്നിച്ചു.ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോ കാണുന്ന ചെറിയ ഇരുട്ട് ആ കോളേജു കാലത്തിനു തന്നെ വേറെ മണവും ഫീലും തന്നു.


കോൺവെൻ്റിലെ അടച്ചിട്ട ലോകത്ത് നിന്ന പെട്ടെന്ന് കൂട് തുറന്ന് പറത്തിവിട്ട ഒരു കിളിയുടെ അവസ്ഥ ആയിരുന്നു.നിറയെ ഫ്രണ്ട്സ്, ക്ലാസ് കട്ട് ചെയ്തുള്ള കറക്കം, ഇഷ്ടം പോലെ സ്വാതന്ത്ര്യം.


കാലത്ത് ഒരുങ്ങിയിറങ്ങി കീർത്തുവിനെ കാത്ത് നിൽക്കേണ്ടി വരും എന്നും. ആ പെണ്ണ് എന്നും നേരം വൈകുമായിരുന്നു.ഞാൻ എൻ്റെ വീട്ടിൽ നിന്ന് ഒരുങ്ങി ഇറങ്ങി കുളത്തിൻ്റെ അവിടെ പോയി നിൽക്കണം..കുളത്തിൻ്റെ അപ്പുറം നിറയെ പാടമാണ്. അതിനും അപ്പുറം ആണ് അവളുടെ വീട്.



ഞാൻ നിൽക്കുന്നതിൻ്റെ ഇടത് വശമാണ് മെയിൻ റോഡ്. പാടത്തേക്ക് കണ്ണ് നട്ട് അവളെയും കാത്ത് നിൽക്കുകയാണെങ്കിലും ഇടക്കിടക്ക് കണ്ണ് റോഡിലേക്കും നീളും.


കാണുന്നില്ലല്ലോ.. എവിടെപ്പോയി..?
വാച്ചിൽ നോക്കി.സമയം ആയല്ലോ..വരേണ്ട സമയം ആയി. പെട്ടെന്ന് കീർത്തുവിൻ്റെ വിളിയാണ് ചിന്തകളിൽ നിന്ന് തിരിച്ച് കൊണ്ട്  വന്നത്.


" നീ എന്ത് ആലോചിച്ച് നിൽക്കാ ആതീ ?"


" ഞാൻ ചുമ്മാ..നീ എന്താഡി വൈകിയത് ? "


"അയ്യ ,എനിക്ക് അറിഞ്ഞുടെ മോളേ ഇളക്കം..രണ്ട് ദിവസമായി ഞാൻ കാണുന്നുണ്ട്."


" എന്ത് ഇളക്കം ?" 


" വേണ്ട മോളേ..."


"നീ ഒന്ന് പോയെ കീർത്തു.."


" ഞാൻ പിടിക്കും മോളേ ഒരു ദിവസം കയ്യോടെ.നീ വേറെ എവിടെ പോവാൻ."


" നീ വേഗം വന്നേ.."


പറയുന്നതിനോടൊപ്പം മറുപടിക്ക് കാക്കാതെ, അവളുടെ കൈയ്യും വലിച്ച് വേഗം നടന്നിരുന്നു.കുറച്ച് നടക്കാൻ ഉണ്ട്.റോഡിൻ്റെ സൈഡിൽ കൂടി തിരിവ് കടന്ന് ബസ് കാത്ത് നിന്നു.






തുടരും................







കനകമയൂരം

കനകമയൂരം

4.3
577

ഭാഗം - 10പെട്ടെന്നാണ് അവൾ കൈമുട്ടിൽ തട്ടിയത്.മനസ്സിലായി.എന്തിനാണെന്ന് മനസിലായി.ഉള്ളിലെ തിരയിളക്കം അവളറിയാതിരിക്കാൻ വളരെ മെല്ലെ തിരിഞ്ഞ് നോക്കി.എന്താണെന്ന് അവൾക്ക് നേരെ പുരികമുയർത്തി കാട്ടി. അവൾ കണ്ണ് എതിർവശത്തേക്ക് പായിച്ചു.കൺകോണിലൂടെ ഒന്ന് നോക്കി.അതെ. അവിടെ നിൽപ്പുണ്ട്. അതേ സ്ഥലത്ത്.നോക്കല്ലേ നോക്കല്ലേ..ഒന്നും കേൾക്കാത്ത പോലെ ബസ് വരുന്ന വഴിയിലേക്ക് കണ്ണുനട്ട് നിന്നു. ബസിലേക്ക് തിക്കിത്തിരക്കി കയറിപറ്റി. ബാക്കിലേക്ക് ഇറങ്ങിനിൽക്ക് എന്നലറിക്കൊണ്ട് കണ്ടക്ടർ ഓടി വന്ന് മുന്നിൽക്കയറി.വെറുതെ ഇനിയും ചീത്ത കേൾക്കണ്ടല്ലോ ഓർത്ത് പിറകിൽ നിൽക്കുന്ന അവൾ