Aksharathalukal

കനകമയൂരം



ഭാഗം - 10


പെട്ടെന്നാണ് അവൾ കൈമുട്ടിൽ തട്ടിയത്.

മനസ്സിലായി.


എന്തിനാണെന്ന് മനസിലായി.ഉള്ളിലെ തിരയിളക്കം അവളറിയാതിരിക്കാൻ വളരെ മെല്ലെ തിരിഞ്ഞ് നോക്കി.എന്താണെന്ന് അവൾക്ക് നേരെ പുരികമുയർത്തി കാട്ടി. അവൾ കണ്ണ് എതിർവശത്തേക്ക് പായിച്ചു.
കൺകോണിലൂടെ ഒന്ന് നോക്കി.അതെ. അവിടെ നിൽപ്പുണ്ട്. അതേ സ്ഥലത്ത്.


നോക്കല്ലേ നോക്കല്ലേ..
ഒന്നും കേൾക്കാത്ത പോലെ ബസ് വരുന്ന വഴിയിലേക്ക് കണ്ണുനട്ട് നിന്നു. ബസിലേക്ക് തിക്കിത്തിരക്കി കയറിപറ്റി. ബാക്കിലേക്ക് ഇറങ്ങിനിൽക്ക് എന്നലറിക്കൊണ്ട് കണ്ടക്ടർ ഓടി വന്ന് മുന്നിൽക്കയറി.വെറുതെ ഇനിയും ചീത്ത കേൾക്കണ്ടല്ലോ ഓർത്ത് പിറകിൽ നിൽക്കുന്ന അവൾക്കടുത്തേക്ക് ഇറങ്ങി നിന്നു.നല്ല തിരക്കാണ്.


ബസ് തിരിവ് കടന്ന് മുന്നോട്ടെടുത്തു.മനസ് നിയന്ത്രിക്കുന്നതിന് മുമ്പ് കണ്ണ് റോഡിലേക്ക് പാഞ്ഞു.അവിടെ നിൽപ്പുണ്ട്.ബസ് തിരിവു കടക്കുമ്പോൾ സ്ലോ ചെയ്യുന്ന അതേ സ്ഥലത്ത് ബുള്ളറ്റ് നിർത്തി, എന്നത്തേയും പോലെ ഒരു കാൽ നിലത്തും മറുകാൽ സൈഡ് സ്റ്റാൻഡിലും വെച്ച്.ഫോൺ ചെവിയോട് ചേർത്ത് പിടിച്ചിട്ടുണ്ട്.


ഈ തിരക്കിനിടയിലും കണ്ണൊന്ന് പതറുക പോലും ചെയ്യാതെ എൻ്റെ നേർക്ക് നീണ്ടു വന്നു ആ നോട്ടം.

ഞാൻ എവിടെ നിന്നാലും ആ കണ്ണുകൾ കൃത്യമായി എന്നിൽ തന്നെ വന്ന് പതിക്കും.അതെങ്ങനെ എന്ന് എങ്ങിനെ നോക്കിയിട്ടും മനസ്സിലാവുന്നില്ല. നോക്കരുതെന്ന് വിലക്കിയിട്ടും ആ കണ്ണുകളിലേക്ക് നോക്കി പോയി.നോട്ടം പിൻവലിക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്നോർത്തു.

" ഇന്നും സെയിം പോസാണല്ലോ മോളേ." പിന്നിൽ നിന്ന് കീർത്തുവാണ്.

" നീ പോടീ."


വിരലിലെണ്ണി.കറക്ട് 3 സ്റ്റോപ്പ് കഴിഞ്ഞു.
ആറ്റൂർ, ആറ്റൂർ, കണ്ടക്ടർ വിളിച്ച് പറഞ്ഞു. ബസ് നിർത്തിയപ്പോൾ ഇടത്തോട്ട് പതുക്കെ ഒന്ന് പാളി നോക്കി.അവിടെ നിൽക്കുന്നു.ബസിലേക്ക് ഉറ്റുനോക്കിക്കൊണ്ട്.അതേ.ഇന്നലെ നിന്ന അതേ സ്ഥലത്ത്.ഇന്നലെ ഒരു സംശയമേ തോന്നിയുള്ളൂ.ഒന്നുകൂടി ഉറപ്പിക്കാനാണ് ഇന്നും കൂടി നോക്കിയത്.അതേ.അപ്പോ മനപൂർവ്വം നിന്നത് തന്നെ.

അങ്ങോട്ട് നോക്കാതിരിക്കാൻ എത്ര പാടുപെട്ടിട്ടും കണ്ണുകൾ എന്നെ പലവട്ടം ചതിച്ചു.ബസ് എടുത്തപ്പോൾ സമാധനമാണുണ്ടായത്.
പക്ഷേ,ഇനിയും കഴിഞ്ഞിട്ടില്ല.ഇപ്പൊൾ നടന്നത് ഒരു വട്ടം കൂടി ആവർത്തിക്കും.
വീണ്ടും എണ്ണി.1,2,3....

"അമ്പലപുരം, അമ്പലപുരം

ഇത്തവണ എന്നെക്കാൾ മുന്നേ കണ്ട് പിടിച്ചത് അവളാണ്.

" ദേ ടി."

"നീ ഒന്ന് മിണ്ടാതിരുന്നെ പെണ്ണേ.കൈ ചൂണ്ടല്ലേ കഴുതെ."

" ഓഹോ, അപ്പോ തമ്പുരാട്ടിക്ക് അറിയാം സ്ഥിരം സ്ഥലങ്ങൾ ഒക്കെ ലേ"

"ഏയ്..ഞാൻ ബസ് നിർത്തുന്നതിന് മുമ്പ് കണ്ടിരുന്നു.

ഒരു വിധം ഒഴിഞ്ഞു മാറി.ബസ് എടുത്തു.ഇത്തവണ നോക്കില്ല എന്നുറപ്പിച്ചു സ്ട്രോങ്ങ് ആയി തന്നെ നിന്നു.
ഇന്നത്തെ കഴിഞ്ഞു.ഇനി ഒരു 4 സ്റ്റോപ്പ് കഴിഞ്ഞാൽ കോളേജ് എത്തും.

ഇതിപ്പോൾ തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നു.

ഒരു തിങ്കളാഴ്ച്ചയാണ് തുടക്കം.

അന്ന് ,പതിവ് പോലെ കാലത്ത് കീർത്തുവിനെയും കാത്ത് നിൽക്കായിരുന്നു.
അത് ശെരിക്കും ഒരു മൂന്നും കുടിയ കവല ആണ്.മെയിൻ റോഡിൽ നിന്ന് ഇടത് ഭാഗത്തേക്കുള്ളതാണ് എൻ്റെ വീട്ടിലേക്കുള്ള വഴി.പിന്നൊരു ഇറക്കം. കുളത്തിനരികിലേക്ക്.ഞാൻ അവിടെയാണ് കീർത്തുവിനെ കാത്ത് നിൽക്കുക.

 അന്ന് അവിടെ വെച്ച് എനിക്ക് പരിചയമുള്ള ഒരു ചേച്ചിയെ കണ്ടു.

കുളത്തിനരികിൽ നിന്ന് മുകളിലേക്ക് കയറി നിന്ന് സംസാരിക്കുകയായിരുന്നു ഞാൻ.

അകലെനിന്ന് വന്നിരുന്ന ഒരു ബുള്ളറ്റ് അടുത്ത് വന്നപ്പോൾ മാത്രമാണ് കണ്ടത്.അതിലെ ആളിൻ്റെ കണ്ണ് മുഴുവൻ എൻ്റെ നേർക്കാണ്.ആ ചുണ്ടുകളിൽ ഒരു ചിരിയുണ്ടായിരുന്നു. ഞാനും ചേച്ചിയും ഒരുപോലെ തിരിച്ച് ചിരിച്ചു. അന്ന് അത്രക്ക് കാര്യമായി എടുത്തില്ല.പക്ഷെ, ആ നോട്ടം എൻ്റെ കണ്ണുകളിൽ തങ്ങി നിന്നു.രണ്ടും മൂന്നും ദിവസം ഇത് തന്നെ ആവർത്തിച്ചു.


പിറ്റേന്ന്, മെയിൻ റോഡിൽ നിന്ന് പെട്ടെന്ന് കാണാത്ത രീതിയിൽ കുറച്ച് കുടി ഉള്ളിലേക്ക് കേറി നിന്നു.പക്ഷെ,കൃത്യം അതേ സ്ഥലത്ത് എത്തിയപ്പോൾ ബുള്ളറ്റ് സ്ലോ ആവുന്നതും ആ കണ്ണുകൾ എന്തോ പരതുന്നതും ഒടുവിൽ, എൻ്റെ കണ്ണുകളിൽ എത്തി നിൽക്കുന്നതും ഞെട്ടലോടെ കണ്ടു. എനിക്ക് വേണ്ടി മാത്രമെന്ന പോലെ ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞ്, എന്നിൽ നിന്ന് കണ്ണുകളെടുക്കുമ്പോൾ മായുന്നതും കണ്ടു.

നിമിഷങ്ങൾക്കുള്ളിൽ ഇതെല്ലാം സംഭവിക്കും.പക്ഷെ, കൊളുത്തിവലിച്ചുകൊണ്ടാണ് പോവുന്നത് എന്ന് മാത്രം.

മനസിൽ എന്തൊക്കെയൊ വിസ്‌ഫോടനങ്ങൾ നടന്നു.ഒരേ നാട്ടുകാരായിരുന്നിട്ടും, ഞാൻ ഇത് വരെ ഇങ്ങിനെ ഒരു മുഖം കണ്ടിട്ട് പോലുമില്ലെന്നോർത്തു. അതും ബുള്ളറ്റ് ആയിരുന്നിട്ടും.ഞങ്ങളുടെ ഭാഗത്ത് ബുള്ളറ്റ് ഒന്നോ രണ്ടോ എണ്ണമേ ഉള്ളൂ.എനിക്ക് ഇഷ്ടപെട്ട വണ്ടിയായത് കൊണ്ട് തന്നെ ഞാൻ ശ്രദ്ധിക്കേണ്ടതാണ്.ഒരു വട്ടം എങ്കിലും.

കീർത്തു വന്നതും എൻ്റെ ചിന്തകൾ മുറിഞ്ഞു. അവളോട് ഇങ്ങിനെ ഒരു കാര്യം മിണ്ടിയില്ല.പക്ഷെ, കട്ടിപ്പുരികങ്ങൾക്ക് താഴെയുള്ള ആ വെള്ളാരംകണ്ണുകൾ എന്നെ പകലു മുഴുവൻ വേട്ടയാടികൊണ്ടിരുന്നു.

ആ ഒരു നോട്ടത്തിനും കുഞ്ഞു പുഞ്ചിരിക്കും എൻ്റെ ഉള്ളിൽ അത്ര കണ്ട് സ്ഥാനം പിടിക്കാൻ ഈ കുറഞ്ഞ സമയം കൊണ്ട് കഴിഞ്ഞിരിക്കുന്നു എന്ന് അന്നത്തോടെ മനസ്സിലാവുകയായിരുന്നു. കോളേജിലെ എത്രയോ ആൺകുട്ടികളുടെ പേര് പറഞ്ഞ് ഫ്രണ്ട്സ് കളിയാക്കിയിട്ടും അവരിൽ ഒരാളുടെ മുഖം പോലും മനസിൽ വരാറ് പോലും ഇല്ല.

കോളേജ് വിട്ട് വൈകിട്ട് നടന്ന് വരുമ്പോൾ മുഴുവൻ ആ ബുള്ളറ്റ് ശബ്ദത്തിനായി വെറുതെ കാതോർത്തു. കീർത്തു സംസാരിക്കുന്നതിൽ പകുതിയും കാതിൽ വീണില്ല.അവൾഎന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു.


ഇത്ര കാലം ഇതേ നാട്ടിൽ ജീവിച്ചിട്ടും ഞാൻ കണ്ടിട്ട് കൂടി ഇല്ലാത്ത ഒരാളാണ്.ഈ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയൊ ആയി മാറി, ഞാൻ തിരയുന്ന വരെ കൊണ്ട് നിർത്തിയിരിക്കുന്നത്. എനിക്ക് തന്നെ ഓർത്തിട്ട് ചിരി വന്നു.അതേ സമയം പേടിയും തോന്നി. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഒരു നോട്ടം കൊണ്ട് മാത്രം എത്രയെളുപ്പം അയാളെൻ്റെ മനസിൽ കയറിക്കുടിയിരിക്കുന്നു.

പേരോ വീടോ ജോലിയോ ഒന്നും അറിയാതെ..
എന്തിന്, എന്താണ് ഈ നോട്ടത്തിൻ്റെ അർത്ഥം എന്ന് പോലും അറിയാതെ. എത്രയോ ആണുങ്ങൾ പെൺകുട്ടികളെ നോക്കും.ചിലപ്പോൾ വെറുതെ ഒരു നേരം പോക്ക് ആയിട്ട്. ചിലപ്പോൾ വെറും വായനോട്ടം. ആ നോട്ടത്തിന് വേണ്ടാത്ത അർത്ഥങ്ങൾ നൽകുന്നത് താൻ തന്നെ ആണ് എന്നൊരു തോന്നൽ.


പിറ്റെ ദിവസം, കീർത്തു വന്നത് പുതിയൊരു വിവരവും കൊണ്ടാണ്.


"എടീ, നിന്നെ ഒരാൾക്ക് ഭയങ്കര ഇഷ്ടാണത്രെ."

" ഇഷ്ടോ..എന്നെയോ..ആർക്ക്?? "

"പറയണോ?"

"കൊഞ്ചാതെ പറയടി പെണ്ണേ "

" പേര് ഹരിമാധവ്.പ്രായം ഒരു 25 കാണും പാലക്കാട് വർക്ക് ചെയ്യുന്നു.എഞ്ചിനീയർ ആണ്." ഒരു ഈണത്തിൽ അവള് പറഞ്ഞ് നിർത്തി.

" അയാൾക്ക് എന്നെ എങ്ങിനെ അറിയാം.? ആരാത്?"

" അതല്ലേ രസം, ദിവസവും നമ്മൾ കോളേജിൽ പോവുന്ന അതേ സമയത്ത് തന്നെ ആത്രേ അയാളും ജോലിക്ക് പോവാ. നിന്നെ എന്നും കാണും ത്രേ. നമ്മുടെ ബസിൻ്റെ പുറകെ ഉണ്ടാവും ത്രെ ബൈക്കും കൊണ്ട് അമ്പലപുരം വരെ."

" എന്നിട്ട് നമ്മൾ കണ്ടില്ലല്ലോ ഇത് വരെ.വീട് എവിടെയാ അയാളുടെ.?"

"അതറീല്ലഡീ."

" അല്ല, ഇതൊക്കെ നിന്നോട് ആരാ പറഞ്ഞേ? "

"എൻ്റെയടുത്ത് കുട്ടേട്ടൻ, നമ്മുടെ മൊബൈൽ കടയിലെ."

"ആ.".

"പിന്നൊന്നുടെ പറഞ്ഞു "

"എന്ത്?"

"പിന്നെ പറയാം"

"പറയഡീ "

" അപ്പോ പെണ്ണിന് അറിയണം ഒക്കെ "

" പിന്നെ ആരാന്നു പോലും അറിയാത്ത ഒരാൾ എന്നെ നോക്കുന്നു എന്നൊക്കെ പറയുമ്പോ പിന്നെ അറിയണ്ടേ."

"ശെരി ശെരി.
നിൻ്റെ കണ്ണുകൾ ആണുത്രെ അയാൾക്ക് ഏറ്റവും ഇഷ്ടം. എന്നും കാണണം തോന്നും പോലും..പിന്നെ എന്തോ കൂടി പറഞ്ഞു.എന്തോ നക്ഷത്രങ്ങൾ ഉദിക്കുന്ന പോലെ ന്നോ മറ്റോ "

" ഓ , നിന്നോടൊക്കെ പറയാൻ തോന്നിയല്ലോ."

"ഹലോ ഹലോ.ഞാൻ ഉള്ളൊണ്ട് ഇത്രെങ്കിലും അറിഞ്ഞു"

" എന്നാലും"

" എൻ്റെ ഒരു ഊഹം പറയാണെങ്കിൽ..

" നീ അധികം ഊഹിക്കണ്ട."

മനസ് ചിന്തകളിൽ മുഴുകി.അവളോട് അങ്ങിനെ പറഞ്ഞെങ്കിലും ഏകദേശം ധാരണ ഉണ്ടായിരുന്നു മനസിൽ.അവളോട് പറഞ്ഞില്ലെങ്കിലും മനസിൽ തെളിഞ്ഞത് ആ മുഖം തന്നെ ആണ്.




തുടരും..........





കനകമയൂരം

കനകമയൂരം

4.3
659

ഭാഗം - 11അലാറം അടിക്കുന്നത് കേട്ടാണ് ഉണർന്നത്.ഇപ്പൊ കാലത്ത് കുറച്ച് നേരം കിടക്കയിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ ചെയ്യണം. മായ വൈകിട്ടേ വരൂ ഇപ്പൊൾ. ഹരിയേട്ടൻ വരും സഹായിക്കാൻ. അതോർത്തപ്പോൾ മനസ്സിനൊരു കനം പോലെ.ഇന്നലെ ഉണ്ടായത് ഓർക്കാൻ വയ്യ.മറക്കുകയും വയ്യ..!ഇന്നലെ മായ വന്നില്ല.അവൾക്ക് സുഖമില്ല. പക്ഷെ, എക്സർസൈസ് മുടക്കരുതെന്ന് വിളിച്ച് പറഞ്ഞിരിക്കുന്നു. അതും ഹരിയേട്ടനെ.കാലത്ത് താങ്ങിക്കൊണ്ടാണെങ്കിലും കുറച്ച് നേരം നടക്കണം എന്നാണ് നിർദേശം.മായ ചെയ്യിപ്പിക്കുമ്പോൾ ഇടക്ക് ഹരിയേട്ടൻ സഹായത്തിന് വരാറൊക്കെ ഉണ്ട്.പക്ഷെ, മായ ഉണ്ടല്ലോ.അന്ന് മായ ഇല്ല. പോരാത്തതിന് ഹരിയേ