Aksharathalukal

കനകമയൂരം



ഭാഗം - 18


പിന്നീട് ഞാൻ പിജി ക്ക് വേറെ കോളേജിലാണ് ചേർന്നത്. കീർത്തുവിൻ്റെ കല്യാണം കഴിഞ്ഞു. അവൾ ഇപ്പോ വേറെ കോളേജിലാണ് പഠിക്കുന്നത്. എനിക്ക് പോകേണ്ട ബസ് മാറി,സമയം മാറി. അങ്ങിനെ ജീവിതത്തിൽ മൊത്തം മാറ്റങ്ങൾ ആയിരുന്നു.

 എന്നും കണ്ടിരുന്ന, കാണാതെ ഒരു ദിവസം പോലും പറ്റില്ല എന്ന് ചിന്തിച്ചിരുന്ന, ആ മുഖം കണ്ടിട്ട് മാസങ്ങൾ ആയിരിക്കുന്നു. എന്നും അണിഞ്ഞൊരുങ്ങി കണ്ണെഴുതി പോകും,  ഇന്ന് കാണും ഇന്ന് കാണും എന്നുള്ള  പ്രതീക്ഷയിൽ.


എന്നെ കാണാതിരിക്കാൻ ആൾക്കും കഴിയുന്നുണ്ടാവില്ല.വേറെ എന്തെങ്കിലും പ്രശ്നം ആവും.ഞാൻ പോകുന്ന സമയം അറിയാഞ്ഞിട്ട് ആവും. എനിക്ക് തോന്നുന്ന ശ്വാസംമുട്ടലിൻ്റെ ഇരട്ടി ഇപ്പൊൾ അവിടെയും അനുഭവിക്കുന്നുണ്ടാകും.ഇങ്ങനെ എല്ലാം സ്വയം സമാധാനിപ്പിച്ചു. പെട്ടെന്നൊരു ദിവസം മുന്നിൽ വന്ന് പെടും എന്ന് തന്നെ വിശ്വസിച്ചു.

 എനിക്ക് കാണണം എങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്..? എവിടെ പോവാനാണ്..?
ആരോട് തിരക്കാനാണ്..?

അറിഞ്ഞൂടെ...? എന്നെ അല്ലെ തിരക്കി വരേണ്ടത്..? 

ഒന്നിനും ഉത്തരം ഇല്ല. പക്ഷേ, ഞാൻ സ്വയം ന്യായങ്ങൾ നിരത്തി കൊണ്ടിരുന്നു. ഒന്നുമില്ലെങ്കിലും , എനിക്ക് സ്വയം ഒന്ന് ആശ്വസിക്കാൻ, പിടിച്ച് നിൽക്കാൻ.

ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ എന്നോട് നേരിട്ട് ഒരിക്കലും ഇഷ്ടമാണെന്ന് പോലും പറയാത്ത ഒരാളെ ഓർത്താണ് ഞാൻ ഈ ഇരിക്കുന്നത്. എന്നാലോ ,ഞാൻ ഓർക്കുന്ന പോലെ ആൾ എന്നെ ഓർക്കുന്നുണ്ടാവില്ലേ എന്നൊരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ തന്നെ ഉണ്ടാക്കിയ ഒരു സ്വപനക്കൂട്ടിൽ ആണ് ഞാൻ അന്നൊക്കെ ജീവിച്ചിരുന്നത്.


 ചില ദിവസം വൈകിട്ട് നടന്ന് വരുമ്പോൾ ബുള്ളറ്റ് വരുന്നത് കണ്ട് നടത്തം സ്ലോ ആക്കിയിട്ട് ഉണ്ട്. എന്നെ ഒറ്റക്ക് കിട്ടിയാൽ എങ്കിലും വായ തുറന്ന് എന്തെങ്കിലും പറയാൻ. കേൾക്കാൻ കൊതിച്ചിട്ടുണ്ട്. തിരിച്ച് പറയാൻ മറുപടി റെഡി ആക്കി വെച്ച് നടന്നിട്ടുണ്ട് പല ദിവസങ്ങളിലും.


അങ്ങിനെ ചിരിയും കളിയും നഷ്ടപ്പെട്ട് നടക്കുന്നതിനിടയിൽ ഒരു ദിവസം ചേച്ചിയുടെ കൂടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഒരു ഇടവഴിയിൽ വെച്ച് , വണ്ടി സ്ലോ ചെയ്ത് , ഇടതുഭാഗത്ത് ഉയരത്തുള്ള ഒരു വീട് ചൂണ്ടിക്കാണിച്ച് ചേച്ചി പറഞ്ഞു ..

" അതാണ് ഹരിയുടെ വീട്"

ഇങ്ങോട്ട് പുറപ്പെടുമ്പോൾ തന്നെ, ചേച്ചിയോട് ചോദിക്കണം എന്നുണ്ടായിരുന്നു. മടി കൊണ്ടാണ് ചോദിക്കാതിരുന്നത്. എന്നാൽ ഇപ്പൊൾ...
ഒത്തിരി സന്തോഷം തോന്നി. ആകാംക്ഷയോടെ, അതിലേറെ ഒത്തിരി കൊതിയോടെ ആണ് ആ വീട്ടിലേക്കന്ന് നോക്കിയത്. എനിക്ക് വലതുകാൽ വെച്ച് കയറി ചെല്ലണം എന്ന് ഞാൻ ആഗ്രഹിച്ച വീട്.


സുഭാഷിണിയമ്മ  ചേച്ചിയെ കണ്ട് ഓടി ഇറങ്ങി വന്നു. ഞാൻ മുമ്പ് കണ്ടിട്ടില്ല ഈ അമ്മയെ. അവരു ബന്ധുക്കൾ ആണല്ലോ.

" അപർണ മോളോ.എന്താ ഈ വഴിക്ക്?"

" ഞാൻ എൻ്റെ ഒരു ഫ്രണ്ടിൻ്റെ വീട്ടിൽ പോയതാ അമ്മായി."

പിന്നെ അവരു തമ്മിൽ എന്തൊക്കെയൊ സംസാരിക്കുന്നുണ്ടായിരുന്നു. 

" ഇതല്ലേ ചെറിയച്ചൻ്റെ മോൾ? "

" അതേ.ആതിര. എൻ്റെ കൂടെ എപ്പോളും ഉണ്ടാവും ഇവൾ"

എന്നോട് ഒന്ന് രണ്ട് വർത്തമാനം ഒക്കെ ചോദിച്ച് അവരു പിന്നെയും സംസാരം തുടർന്നു. ഇടക്കിടക്ക് ആ അമ്മയുടെ കണ്ണുകൾ എന്നെ തേടി വരുന്നതും എന്നെ തന്നെ മൊത്തം ഉഴിഞ്ഞു നോക്കുന്നതും കണ്ടു. എന്തോ ഒരു സംശയം.

എല്ലാം അമ്മയോട് പറഞ്ഞ് കാണുമോ? അതോ വേറെ ആരെങ്കിലും.?

പിന്നീടങ്ങോട്ട് ആ വീടും എൻ്റെ സ്വപ്നങ്ങളിൽ കടന്ന് കൂടി. ഇടക്ക് എന്നെ തന്നെ തളർത്തുന്ന ചില ചിന്തകൾ കേറി വരുമെങ്കിലും ഒരിക്കലും പിന്തിരിയണം എന്ന് തോന്നിയിട്ടില്ല..മടുപ്പും തോന്നിയിട്ടില്ല.

പിജി ഫൈനൽ ഇയർ ആയത്കൊണ്ട് തന്നെ ചില കല്യാണാലോചനകൾ ഒക്കെ വന്ന് തുടങ്ങിയിരുന്നു. പെണ്ണ് കാണാൻ വേറെ ഒരാളുടെ മുന്നിൽ പോയി നിൽക്കാൻ വയ്യ.അത് കൊണ്ട് അച്ഛനോട് എനിക്ക് കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറാൻ ആവുന്നത് നോക്കി. അമ്മക്ക് ആയിരുന്നു ഇരിക്കപ്പൊറുതി ഇല്ലാതിരുന്നത്.

അച്ഛൻ്റെ കൂട്ടുകാരൻ്റെ മകൻ്റെ ഒരു ആലോചന വന്ന് നിൽക്കുന്നുണ്ടായിരുന്നു. അയാൾ എന്നെ കണ്ടിട്ടുണ്ടത്രേ. ഒരുവിധം അച്ഛനോട് പറഞ്ഞ് അത് മുടക്കിയതാണ്. പിന്നെയും അവരു വിളിച്ചു പോലും. അതാണ് അമ്മക്ക് ഇപ്പൊൾ വഴക്ക് കൂടാൻ ഉള്ള പുതിയ കാരണം.


പിന്നെയൊരു ദിവസം അക്കുവിനെ വീണ്ടും കണ്ടു. അന്ന് വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവൾ ഒരു പുതിയ വിശേഷം കൂടി പറഞ്ഞു.


അവളുടെ ഏട്ടൻ്റെ കല്യാണം തീരുമാനമായി എന്ന്. 


തല കറങ്ങുന്നത് പോലെ തോന്നി. ആരോ നെഞ്ചിൽ കൂടം കൊണ്ട് അടിക്കുന്ന പോലെ.ഭയങ്കര വേദന. കണ്ണുകളിൽ നിന്ന് ചൂട് ആവി പറക്കുന്ന പോലെ. ഇപ്പൊൾ നിലത്ത് വീഴുമെന്ന് തോന്നി.


നുണയാവില്ല.അക്കു എന്തിന് എന്നോട് നുണ പറയണം.!


ബസ് ഇറങ്ങുമ്പോൾ കാലുകൾ വേച്ച് പോയി.നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകി.ശബ്ദമില്ലാതെ ഇങ്ങനെ കരയാൻ കഴിയുമെന്ന് അന്നാണ് മനസ്സിലായത്. നെഞ്ചു പൊട്ടിയുള്ള കരചിലായിരുന്നു അത്.


എന്തിനാ എന്നെ ഉപേക്ഷിച്ചത്?
ഞാൻ എന്ത് തെറ്റാ ചെയ്തത്?
എന്നെ ഇത്ര വേഗം മറന്നു പോയോ?
ഇത്രയേറെ ആശിപ്പിച്ചിട്ട് ... ആര് ആശിപ്പിച്ചു അല്ലെ..ഞാൻ തന്നെ സ്വയം ആണ് എല്ലാം ചിന്തിച്ച് കൂട്ടിയത്..കിനാവ് കണ്ടത്.എൻ്റെ തെറ്റാണ്.


രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെ മേശമേൽ നിന്ന് ആ കല്യാണക്കുറി കണ്ടു. ചങ്ക് തകർന്ന പോലെ ആണ് തോന്നിയത്


ഹരിമാധവ്     Weds       ചൈത്ര 


അപ്പോൾ തന്നെ അച്ഛൻ്റെ അടുത്ത് ചെന്ന് പറഞ്ഞു അച്ഛൻ്റെ കൂട്ടുകാരൻ്റെ മകനെ കല്ല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്. അന്നേരം, എന്താണ് മനസ്സിൽ തോന്നിയത് എന്നൊന്നും ചോദിച്ചാൽ അറിയില്ല. മനസ് ഒരു ശവം പോലെ ജീവനറ്റ് പോയിരുന്നു.




തുടരും...................








കനകമയൂരം

കനകമയൂരം

5
536

ഭാഗം -19ചൈത്രയുടെ കല്യാണത്തിന് പോകണ്ട എന്ന് തീരുമാനിച്ചുവെങ്കിലും ,തലേന്ന് ഒന്ന് പോകണം എന്ന് തോന്നി. ആ തോന്നൽ എൻ്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ ഉള്ള ഒന്നായിരുന്നു എന്ന് പിന്നീട് മനസ്സിലായി. വൈകിട്ട് അവളുടെ വീട്ടിലേക്ക് ചെന്നു.അവൾ ഒരുങ്ങി നല്ല സുന്ദരി ആയി നിൽപ്പുണ്ട്. മുമ്പ് ഞങ്ങളുടെ കല്യാണത്തിന് തലേന്ന് അവൾ ഒരുങ്ങിയിരുന്നു. അന്ന് അക്കു ഫോട്ടോസ് എല്ലാം അയച്ച് തന്നിരുന്നു. പക്ഷേ, ഇപ്പൊൾ ആ മുഖത്ത് കാണുന്ന തിളക്കം, ചിരി ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഇനി എനിക്ക് തോന്നുന്നതാണോ എന്നറിയില്ല. അവളുടെ അടുത്ത് പോയി കൈ കൊടുത്ത് സംസാരിച്ചു.ഒരു വിശാലമനസ്കൻ ആണെ