നീലനിലാവേ... 💙 - 20
ബൈക്ക് മുന്നോട്ട് ഓടിച്ച് കവല കഴിഞ്ഞ് കടയുടെ അടുത്ത് എത്താറായപ്പോൾ ദേവ് തന്നെ ചുറ്റി പിടിച്ചിരിക്കുന്ന നിളയെ മിററിലൂടെ ഒന്ന് നോക്കി കൊണ്ട് വണ്ടി സൈഡ് ഒതുക്കി...
\"\"\" ഒന്ന് ഇറങ്ങിക്കേ രണ്ടാളും.. കഴിച്ചിട്ട് പോകാം... \"\"\" കീ ബൈക്കിൽ നിന്ന് ഊരിയെടുത്ത് അവൻ പറഞ്ഞതും ആരു നിളയുടെ തോളിൽ പിടിച്ച് ബൈക്കിൽ നിന്ന് ഇറങ്ങി.. വായനാശാല കഴിഞ്ഞ് ഹോസ്റ്റലിലേക്കുള്ള ഇടവഴി തിരിഞ്ഞ് പോകുമ്പോൾ ഒരു കുഞ്ഞ് ഹോട്ടൽ ഉണ്ട്.. അവിടെ ഉച്ചസമയങ്ങളിൽ എഴുപത് രൂപയ്ക്ക് നല്ല ബിരിയാണി കിട്ടും... ഒടുക്കത്തെ ചിലവാണ് അവിടെ മിക്ക ദിവസവും... അതിന് കാരണം ആ ബിരിയാണിയുടെ സ്വാദ് തന്നെയാണെന്നത് ഒരു സത്യമായ കാര്യവും.. ഓർത്ത് കൊണ്ട് ദേവിന്റെ വയറിൽ ചുറ്റി പിടിച്ചിരുന്ന തന്റെ കൈകൾ അയയ്ച്ച് അവന്റെ തോളിൽ കൈ വെച്ച് നിള ബൈക്കിൽ നിന്ന് താഴേക്ക് ഇറങ്ങി.. അതിന് പിന്നാലെ ദേവും ബൈക്ക് സ്റ്റാൻഡിൽ ഇട്ട് കീയുമായി വണ്ടിയിൽ നിന്ന് ഇറങ്ങി...
\"\"\" നീ എന്തെങ്കിലും കഴിച്ചോടാ ? \"\"\" കടയുടെ അകത്ത് ചെയറിൽ കാലും നീട്ടി ഇരിക്കുന്ന വിനുവിനെ ഒന്ന് നോക്കി ദേവ് കടയിലേക്ക് കയറി...
\"\"\" മ്മ്മ്.. കുറച്ച് മുൻപ് അനിയേട്ടൻ ഊണു വാങ്ങി തന്നു.. നീ പോയ കാര്യം എന്തായി ? \"\"\" കാലുകൾ നിലത്തേക്ക് ഇറക്കി വിനു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...
\"\"\" പ്രത്യേകിച്ച് ഒന്നും ആയില്ല.. നീ ആ മേശയിൽ നിന്ന് ഒരു മുന്നൂറ് രൂപയിങ്ങെടുക്ക്.. ഞാൻ ഇവർക്ക് എന്തെങ്കിലും വാങ്ങിച്ച് കൊടുത്തിട്ട് വരാം... \"\"\" പറയുന്നതിനൊപ്പം ദേവ് കൈയ്യിലെ കീ മേശമേലേക്ക് ഇട്ട് ഫോൺ എടുത്ത് ഭദ്രനെ ഒന്ന് വിളിച്ച് നോക്കി.. രാവിലെ പോയിട്ട് ഇന്നേരം വരെ എത്തിയോ ഇല്ലയോ എന്ന് പറയാൻ പോലും അവന്റെ ഒരു കാൾ തന്നെ തേടി വരാത്തതിൽ ദേവിന് അവനെ ഓർത്ത് ചെറിയൊരു പിരിമുറുക്കം തോന്നി.. അതേ സമയം അവനെ നോക്കി ബൈക്കിൽ ചാരി നിന്ന നിളയുടെ ഫോണിൽ ഒരു വൈബ്രേഷൻ ഉണ്ടായി.. മെസ്സേജ് നോട്ടിഫിക്കേഷൻ ആണെന്ന് മനസ്സിലാകെ സംശയത്തോടെ യൂണിഫോം കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിന്റെ സ്ക്രീനിലേക്ക് നോക്കിയ നിളയുടെ പുരികം ഒന്ന് ചുളിഞ്ഞു...
\" Your surprise is on the way, Kunju \" എന്ന് ഭദ്രൻ അയച്ചിരിക്കുന്ന ആ മെസ്സേജിലേക്ക് അവൾ ഉറ്റു നോക്കി നിൽക്കെ പെട്ടന്ന് അവൾക്ക് പിന്നിലൂടെ ഒരു ബസ് കടന്ന് പോയി...
\"\"\" പോകാം...? \"\"\" കാൾ കട്ട് ചെയ്ത് കടയിൽ നിന്ന് ഇറങ്ങി മുണ്ടൊന്ന് മടക്കി ഉടുത്ത് ദേവ് അവരോടായി ചോദിച്ചതും അവിടം കടന്ന് പോയ ആ ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നു.. നിള ഒന്ന് തലകുലുക്കി.. ദേവ് ബൈക്കിൽ ഇരിക്കുന്ന അവളുടെ ബാഗ് എടുത്ത് കടയുടെ അകത്തേക്ക് വെച്ചിട്ട് അവളുടെ കൈയ്യിൽ പിടിച്ചു...
\"\"\" വാ, ആരവീ... \"\"\"
\"\"\" കുഞ്ഞൂസേയ് !!!!........ \"\"\" ചിരിയോടെ ദേവ് ആരുവിനെ നോക്കി അത് പറഞ്ഞതും ഉച്ചത്തിൽ അവർക്ക് ഇടത് വശത്തായി ബസ് സ്റ്റോപ്പിന്റെ ഭാഗത്ത് നിന്ന് ആ വിളി ഉയർന്ന് കേട്ടതും ഒന്നിച്ചാണ്.. ഒരൊറ്റ നിമിഷം കൊണ്ട് നിളയുടെ കണ്ണുകൾ മിഴിഞ്ഞു.. ആ ശബ്ദം... തനിക്ക് ആ ഏറെ പരിചിതമായ ശബ്ദം... കുഞ്ഞുനാൾ മുതൽ കേൾക്കുന്ന വിളി... അവളുടെ മുഖം വിടർന്നു...
\"\"\" വിദൂ ........ !!!!! \"\"\" അവളുടെ ചുണ്ടുകൾ സ്വയം അറിയാതെ അനങ്ങി.. കണ്ണുകൾ കലങ്ങി പോകെ.. അധരങ്ങളിൽ മനോഹരമായി വിരിഞ്ഞ സന്തോഷം നിറഞ്ഞ ചിരിയോടെ അവൾ വെട്ടി തിരിഞ്ഞ് നോക്കി.. തോളിൽ ഒരു ബാഗും തൂക്കി തന്നെ നോക്കി നിൽക്കുന്നവൻ...
\"\"\" വിദൂ....!!! \"\"\" ഉള്ളം കവിഞ്ഞൊഴുകുന്നൊരു ആനന്ദത്തോടെ ശബ്ദം ഉയർത്തി വിളിച്ച് അവൾ ദേവിന്റെ കൈ വിട്ട് കാല് വേഗത്തിൽ വെച്ച് വെച്ച് അവനടുത്തേക്ക് ഓടി.. എന്നാൽ അവളെ അധികദൂരം ഓടാൻ അനുവദിക്കാതെ ഉടനടി പാഞ്ഞ് ചെന്നിരുന്നു അവൻ അവൾക്ക് അടുത്തേക്ക്...
\"\"\" വിദൂ... \"\"\"
\"\"\" Missed you so much, Nila Babyyy ........ \"\"\" വീണ്ടും അവൾ വിളിക്കെ അവളുടെ മുന്നിൽ എത്തിയ അവൻ അവളെ പൊക്കിയെടുത്ത് വട്ടം കറക്കി കൊണ്ട് വിളിച്ച് കൂവി.. ആമോദം അതിന്റെ ഉച്ചസ്ഥായയിലേക്ക് എത്തിയത് പോലെ തോന്നി നിളയ്ക്ക്.. ചുറ്റും ആരൊക്കെ ഉണ്ടെന്നോ.. ആ നാട്ടുകാർ ഒക്കെ തങ്ങളെ നോക്കി നിൽക്കുകയാണെന്നോ ഒന്നും ഓർത്തില്ല അവർ...
\"\"\" സുഖല്ലേ, കുഞ്ഞൂസേ... \"\"\" അവളെ താഴേക്ക് ഇറക്കി അവൻ അവളെ മുറുകെ കെട്ടിപിടിച്ചു.. നിള മറുപടി പറഞ്ഞില്ല.. പകരം അവന്റെ കഴുത്തിൽ ഇരുകൈകളും ചുറ്റി തൂങ്ങി കിടന്ന് അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.. അത്രയും നേരം അവരെ കിളി പോയത് പോൽ നോക്കി നിന്ന ആരു ആ നിമിഷം ഒന്നും മനസ്സിലാകാതെ തല ചരിച്ച് തന്റെ അടുത്ത് നിൽക്കുന്ന ദേവിനെ നോക്കി...
\"\"\" ആരാ ദേവേട്ടാ അത് ? \"\"\" ചുണ്ടിൽ ചെറുചിരിയുമായി അവരെ നോക്കി നിൽക്കുന്ന ദേവിനോട് അവൾ സംശയത്തോടെ ആരാഞ്ഞു.. ദേവ് അവളെയൊന്ന് നോക്കി...
\"\"\" വിദ്വിത് ശിവരഞ്ജൻ ...... വിദു... ഒരു കാലം തൊട്ട് ബെസ്റ്റ് ഫ്രണ്ട്സ് ആണ് അവര്.. ഒന്നിച്ച് കളിച്ച് വളർന്നവർ... \"\"\" അവന്റെ നോട്ടം പിന്നെയും അവരിലേക്ക് നീണ്ടു.. പരസ്പരം അകന്ന് മാറി ഇപ്പൊ എന്തൊക്കെയോ സംസാരത്തിലാണ് അവർ...
\"\"\" താൻ വാ... \"\"\" ദേവ് ആരുവിനെയും വിളിച്ച് അവർക്ക് അടുത്തേക്ക് ചെന്നു...
\"\"\" ആഹാ... ഹലോ, മിസ്റ്റർ ദേവ് സുബ്രമണ്യം... സുഖമല്ലേ... \"\"\" അവർ അടുത്ത് എത്തിയതും നിളയിൽ നിന്ന് കൈയ്യെടുത്ത് നാടകീയമായി ചോദിച്ച് വിദു ദേവിന്റെ വയറിൽ മുഷ്ടി ചുരുട്ടി ഒരിടി കൊടുത്തു...
\"\"\" ടാ.. ഈ ചെക്കൻ!... നീ എന്താടാ ഇവിടെ? \"\"\" വയർ ഉഴിഞ്ഞ് ദേവ് അവനെ കൂർപ്പിച്ച് നോക്കി...
\"\"\" ഹാ.. അതെന്നാ ചോദ്യമാ.. ഞാൻ എന്റെ കുഞ്ഞൂസിനെ കാണാൻ വന്നതാ.. ഇനി കുറച്ച് ദിവസം നിങ്ങളോടൊപ്പം ഇവിടെ ഉണ്ടാകും.. അല്ലിയോടി, കള്ളിപെണ്ണെ... \"\"\" കാര്യമായി പറഞ്ഞ ശേഷം വിദു നിളയുടെ കവിളിൽ തുള്ളി ചോദിച്ചു...
\"\"\" പോടാ അവിടുന്ന്... \"\"\" ചിരിയോടെ അവന്റെ കൈ തട്ടി മാറ്റി നിള അവന്റെ കൈയ്യിൽ ചുറ്റി പിടിച്ചു.. പക്ഷേ, അവന്റെ മറുപടിയിൽ ദേവിന്റെ പുരികം ഒന്ന് ചുളുങ്ങി...
\"\"\" നീ എന്താ വിദൂ ഈ പറയുന്നത്? ഞങ്ങൾ എന്തിനാണ് ഇവിടേക്ക് വന്നതെന്ന് അറിയില്ലേ നിനക്ക് ? \"\"\" അവന്റെ കൈയ്യിൽ പിടിച്ച് ചുറ്റുമുള്ള ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ദേവ് ശബ്ദം താഴ്ത്തി അവനോട് ഗൗരവത്തോടെ തിരക്കി...
\"\"\" ഓ.. അതൊക്കെ എനിക്കറിയാം.. ഞാൻ വകയിൽ ഒരു ബന്ധുവാണെന്ന് പറഞ്ഞാൽ മതി എല്ലാവരോടും.. ഇതിലൊക്കെ ഇത്ര കാര്യം എന്തിരിക്കുന്നു... \"\"\" അവന്റെ കൈ തന്നിൽ നിന്ന് പിടിച്ച് മാറ്റി വിദു ചുണ്ട് കോട്ടി.. ദേവിന്റെ കണ്ണൊന്ന് കൂർത്തു.. എങ്കിലും നിളയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവന് അത് എതിർക്കാൻ തോന്നിയില്ല...
\"\"\" നീ എന്തെങ്കിലും കഴിച്ചതാണോ ? \"\"\" കൈയ്യിലെ ഫോൺ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ട് ദേവ് അവന്റെ തോളിൽ കിടക്കുന്ന ബാഗ് ഊരി വാങ്ങി...
\"\"\" ഏയ്.. വെളുപ്പിന് തിരിച്ചതാ ഞാൻ അവിടെ നിന്ന്.. ഇന്നേരം വരെ ഒരു വക കഴിച്ചിട്ടില്ല.. എന്തൊരു വിശപ്പാന്നോ... \"\"\" വയറ് തടവി വിദു മുഖത്ത് കുറച്ചധികം നിഷ്കളങ്കത വരുത്തി.. ആരുവിന് ചിരി വന്നു.. എത്ര പെട്ടന്നാണ് ഇവന്റെ ഭാവങ്ങൾ ഒക്കെ മാറി മറിയുന്നത്.. എന്നവൾ ചിന്തിക്കാതെയിരുന്നില്ല...
\"\"\" കോപ്രായം കാണിക്കാതെ അങ്ങോട്ട് നടക്കടാ... \"\"\" ഇല്ലാത്ത ദയനീയതയൊക്കെ ഇഷ്ടം പോലെ വാരി വിതറിയുള്ള അവന്റെ ആ നിൽപ്പിൽ അവന്റെ തലയികിട്ടിട്ടൊരു കൊട്ട് കൊടുത്തിട്ട് ദേവ് കൈയ്യിലെ ബാഗ് കടയുടെ അടുത്ത് അവരെ നോക്കി നിൽക്കുന്ന വിനുവിനെ ഏൽപ്പിച്ചു...
\"\"\" ഇത് അകത്ത് വെച്ചേക്ക്... \"\"\" അവനെ നോക്കി ഒന്ന് തലയനക്കിയിട്ട് ദേവ് അവരെയും കൂട്ടി ഹോട്ടലിലേക്ക് നടന്നു...
\"\"\" ബിരിയാണി തീർന്നോ?, നാരായണേട്ടാ... \"\"\" അൽപ ദൂരം പിന്നിട്ട് ഹോട്ടലിന് മുന്നിൽ എത്തിയതും തനിക്ക് മുന്നിലൂടെ സംസാരിച്ച് നടക്കുന്ന മൂന്നിനെയും മറി കടന്ന് ഹോട്ടലിന്റെ അകത്തേക്ക് കയറി കൊണ്ട് ദേവ് അതിനുള്ളിൽ ഇരിക്കുന്ന ആ ഹോട്ടലിന്റെ ഉടമസ്ഥനോടായി ആരാഞ്ഞു...
\"\"\" ആഹ്.. ഇതാര് ദേവോ... വാടാ... ബിരിയാണിയൊന്നും തീർന്നില്ല.. നിങ്ങൾ ഇരിക്ക്... \"\"\" നാരായണൻ കൈയ്യിലെ കാശ് മേശയുടെ ഉള്ളിലേക്ക് വെച്ച് അവർക്ക് അടുത്തേക്ക് ചെന്നു...
\"\"\" എനിക്ക് വേണ്ട, നാരായണേട്ടാ.. ഇവർക്ക് മതി... \"\"\" ദേവ് അവിടെ ഓപ്പോസിറ്റായി കിടക്കുന്ന ഒരു ബെഞ്ചിലേക്ക് ഇരുന്നു...
\"\"\" ആണോ.. എന്നാ നിങ്ങൾ ഇരിക്ക്, മക്കളെ.. ടാ, ഗോപാലാ.. മൂന്ന് ബിരിയാണി ഇങ്ങോട്ട് എടുത്തേ... \"\"\" അവന് പിന്നാലെ കയറി വന്ന നിളയോടും ആരുവിനോടും വിദുവിനോടുമായി പറഞ്ഞിട്ട് അയാൾ ഭക്ഷണം തയ്യാറാക്കുന്ന മുറിയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.. നിള ദേവിനെയൊന്ന് നോക്കി.. ഫോണും നോക്കി കാലും ആട്ടി ബെഞ്ചിൽ മുന്നോട്ട് ആഞ്ഞ് ഇരിക്കുകയാണ് അവൻ.. ശ്രദ്ധ മുഴുവൻ ആർക്കോ മെസ്സേജ് അയക്കുന്നതിൽ ആണെന്ന് കാൺകെ കൈ കഴുകി തൊട്ടടുത്തെ ചെയറിലായി ഇരിപ്പ് ഉറപ്പിച്ച ആരുവിനെയും വിദുവിനെയും ഒന്ന് നോക്കി അവൾ മെല്ലെ അവനടുത്തേക്ക് നടന്നു...
\"\"\" ദേവാ... \"\"\" അവൻ ഇരിക്കുന്ന ബെഞ്ചിന് മുന്നിലായി ചെന്ന് നിന്ന് ടേബിളിൽ കൈ വെച്ച് നിള വിളിച്ചു.. ദേവ് തലയുയർത്തി...
\"\"\" എന്താ?, കുഞ്ഞൂ... \"\"\" അവളുടെ സംശയത്തോടെയുള്ള നോട്ടം കണ്ട് അവൻ കുഞ്ഞൊരു ചിരിയോടെ തിരക്കി...
\"\"\" നീ എന്താ കഴിക്കാത്തെ ? \"\"\" അവന്റെ ഫോണിലേക്ക് അവളുടെ കണ്ണുകൾ ചെന്നെത്തി...
\"\"\" വിശപ്പില്ലടാ.. മോള് ചെന്ന് ഇരിക്ക്... \"\"\" അവൻ അവളോട് ആരുവും വിദുവും ഇരിക്കുന്ന ചെയറിലേക്ക് ചെന്ന് ഇരിക്കാൻ കണ്ണ് കാണിച്ചു.. നിള അവനെയൊന്ന് നോക്കി.. നിർബന്ധിക്കാൻ മനസ്സ് ശാഠ്യം പിടിക്കുന്നുണ്ട്.. കഴിക്കാൻ പറഞ്ഞ് അവനോട് ദേഷ്യപ്പെടാനും തോന്നുന്നുണ്ട്.. എങ്കിലും മനസ്സിൽ ഉറപ്പിച്ചൊരു ചിന്തയിൽ ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞ് നടന്നു.. എന്നാൽ ആ ഒരൊറ്റ നിമിഷത്തിനാൽ.. ദേവിന്റെ നോട്ടം അവളുടെ മുഖത്ത് കുടുങ്ങി പോയിരുന്നു.. അവളിലെ ആ മാറ്റം.. അത് രാവിലെ മുതൽ അവന് മനസ്സിലാകുന്നുണ്ടായിരുന്നു.. തന്റെ കാര്യങ്ങളിൽ ഇടപെടില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചത് പോലെയുള്ള അവളുടെ പ്രവൃത്തി അവനെ എന്തിനോ അസ്വസ്ഥതയിലാഴ്ത്തി.. പിന്നീട് അവിടെ ഇരിക്കാൻ അവന് തോന്നിയില്ല.. ഫോണുമായി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ പുറത്തേക്ക് ഇറങ്ങി പോകുമ്പോഴേക്കും അകത്ത് നിന്ന് ഗോപാലൻ അവർക്കുള്ള ബിരിയാണി മേശപ്പുറത്ത് കൊണ്ട് വെച്ചിരുന്നു...
\"\"\" നോക്കി ഇരിക്കാതെ കഴിക്കടി... \"\"\" ബിരിയാണി മുന്നിൽ എത്തിയിട്ടും അനങ്ങാതെ ഇരിക്കുന്ന നിളയുടെ കൈയ്യിൽ വിദു ഒരു തട്ട് കൊടുത്തു.. മൗനമായി.. നിള തന്റെ വലം കൈ ഉയർത്തി പ്ളേറ്റിലേക്ക് വെച്ചു...
\"\"\" നല്ല ടേസ്റ്റ് ഉണ്ടല്ലേ... \"\"\" ഇടക്ക് വിദു പറയുന്നത് അവൾ കേട്ടു.. അത് ഏറ്റു പിടിച്ച് ആരുവും അതേ എന്ന് പറയുന്നതും.. പക്ഷേ, അപ്പോഴും ഉള്ളിൽ ദേവ് ഒന്നും കഴിക്കാത്തതിന്റെ ഒരു വല്ലായ്മ ഉള്ളതിനാൽ ആകാം നിളയ്ക്ക് മുന്നിൽ ഇരിക്കുന്ന ഭക്ഷണം ഇറങ്ങിയില്ല... ചെന്ന് ഒന്ന് വിളിച്ചാലോ.. എന്ന് പല തവണ ഓർത്തെങ്കിലും സ്വയം വിലക്കി അവൾ എങ്ങനെയൊക്കെയോ തന്റെ ചിന്തകളെ നിയന്ത്രിച്ച് ഒരു ദീർഘശ്വാസം എടുത്ത് കഴിക്കാൻ തുടങ്ങുമ്പോൾ പുറത്തെ മതിലിൽ ചാരി ആലോചനകളിൽ മുഴുകി നിന്ന ദേവിന് അന്നാദ്യമായി അവളോട് മനസ്സിൽ തട്ടി ഒരു ദേഷ്യം തോന്നി.. എന്തിനെന്ന് പോലും അറിയാതെ...
തുടരും..............................................
Tanvi 💕
നീലനിലാവേ... 💙 - 21
ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിളയും ആരുവും വിദുവും ഹോട്ടലിൽ നിന്ന് ഇറങ്ങിയതും ദേവ് ആരെയും നോക്കാതെ അകത്തേക്ക് ചെന്ന് നാരായണന് മൂന്ന് ബിരിയാണിയുടെ കാശ് കൊടുത്തിട്ട് അയാളോട് യാത്ര പറഞ്ഞ് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...\"\"\" ആരവി പോകുവല്ലേ... \"\"\" കുറച്ച് അപ്പുറത്തായി കാണുന്ന ഹോസ്റ്റലിലേക്ക് ഒന്ന് നോക്കി ദേവ് ചോദിച്ചതും അവനെ നോക്കി അതേയെന്ന പോലെ തലയനക്കി ആരു വിദുവിനെ നോക്കി...\"\"\" അപ്പൊ ശരി.. പറ്റുമെങ്കിൽ നാളെ കാണാട്ടോ... \"\"\" അവനോടും നിളയോടും കൈ വീശി കാണിച്ച് ആരു ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങിയതും ദേവ് അവരെ ഇരുവരെയും ഒന്ന് നോക്കി തിരികെ കടയിലേക്ക് നടന്നു...\"\"\" വാടി... \"\"