Aksharathalukal

നീലനിലാവേ... 💙 - 21

ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിളയും ആരുവും വിദുവും ഹോട്ടലിൽ നിന്ന് ഇറങ്ങിയതും ദേവ് ആരെയും നോക്കാതെ അകത്തേക്ക് ചെന്ന് നാരായണന് മൂന്ന് ബിരിയാണിയുടെ കാശ് കൊടുത്തിട്ട് അയാളോട് യാത്ര പറഞ്ഞ് കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...

\"\"\" ആരവി പോകുവല്ലേ... \"\"\" കുറച്ച് അപ്പുറത്തായി കാണുന്ന ഹോസ്റ്റലിലേക്ക് ഒന്ന് നോക്കി ദേവ് ചോദിച്ചതും അവനെ നോക്കി അതേയെന്ന പോലെ തലയനക്കി ആരു വിദുവിനെ നോക്കി...

\"\"\" അപ്പൊ ശരി.. പറ്റുമെങ്കിൽ നാളെ കാണാട്ടോ... \"\"\" അവനോടും നിളയോടും കൈ വീശി കാണിച്ച് ആരു ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങിയതും ദേവ് അവരെ ഇരുവരെയും ഒന്ന് നോക്കി തിരികെ കടയിലേക്ക് നടന്നു...

\"\"\" വാടി... \"\"\" നിളയുടെ തോളിൽ കൈയ്യിട്ട് വിദു അവളുമായി അവന് പിന്നാലെ ചെന്നു...

\"\"\" ടാ, വിനൂ.. ആ ബാഗ് രണ്ടും ഇങ്ങ് എടുത്തേ... \"\"\" കടയുടെ മുന്നിൽ എത്തിയപ്പോൾ ദേവ് കടയുടെ അകത്തേക്ക് കയറാതെ തന്നെ വിനുവിനോട് പറഞ്ഞു...

\"\"\" അവരെന്തിയെ... \"\"\" വിനു അവരുടെ ബാഗ് രണ്ടും എടുത്ത് അവന്റെ കൈയ്യിലേക്ക് കൊടുത്തു.. ദേവ് പിന്നിലേക്ക് ഒന്ന് നോക്കിയിട്ട് മേശമേൽ നിന്ന് ബൈക്കിന്റെ കീ കൈയ്യിലേക്ക് എടുത്തു...

\"\"\" ഹായ്, വിനു ചേട്ടാ... \"\"\" ദേവിന് പിന്നാലെ നിളയോടൊപ്പം എത്തിയ വിദു വിനുവിനെ കണ്ട് അവനായി ഒരു പുഞ്ചിരി നൽകി... 

\"\"\" സുഖമാണോടാ നിനക്ക് ? \"\"\" വിനു അവന്റെ തോളിൽ തട്ടി...

\"\"\" പിന്നല്ലാണ്ട്... \"\"\" ഒന്ന് കണ്ണിറുക്കി കാണിച്ച് വിദു ദേവിന്റെ കൈയ്യിൽ നിന്ന് തന്റെ ബാഗ് വാങ്ങി...

\"\"\" വിനൂ, കട അടക്കുമ്പോ കീ നീ കൊണ്ട് പോയാൽ മതി.. ഞാൻ ഇന്നിനി വരില്ല... \"\"\" തിരിഞ്ഞ് നോക്കാതെ പറഞ്ഞ് ദേവ് ബൈക്കിലേക്ക് കയറി.. ഒപ്പം തൊട്ട് എതിർവശത്തായി കാണുന്ന വീട്ടിലേക്ക് ഒന്ന് നോക്കാനും അവൻ മറന്നില്ല...

\"\"\" വന്ന് കയറ്... \"\"\" അവിടെയൊന്നും ആരുമില്ലെന്ന് കണ്ടതും അവരോടായി പറഞ്ഞ് അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു...

\"\"\" കയറ്, കുഞ്ഞൂസേ... \"\"\" വിദു ബാഗ് തോളിലേക്ക് എടുത്തിട്ടു.. നിള കൈയ്യിലെ ഫോൺ യൂണിഫോമിന്റെ കോട്ടിലേക്ക് ഇട്ട് ദേവിന് പിന്നിലായി അവന്റെ തോളിൽ കൈ വെച്ച് ബൈക്കിലേക്ക് കയറി.. അതിന് പുറകെ തന്നെ വിദുവും കയറി ഇരുന്നതും വിനുവിനെ നോക്കിയൊന്ന് തലയനക്കി ദേവ് വണ്ടിയെടുത്തു...

യാത്രയിൽ ഉടനീളം തനിക്ക് പിന്നിൽ തന്റെ തോളിൽ വലം കൈ വെച്ച് വിദുവിനോട് ഓരോന്ന് സംസാരിച്ചും അവന് അവിടുത്തെ ഓരോ സ്ഥലങ്ങൾ ചൂണ്ടി കാണിച്ച് കൊടുത്തും ഒക്കെ ഇരിക്കുന്ന നിളയെ ദേവ് മിററിലൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഇത്രയും ദിവസം ഇല്ലാത്തൊരു തിളക്കം... സന്തോഷം.. എല്ലാം ഇന്ന്.. ഈ നിമിഷം അവളുടെ ആ കുഞ്ഞ് മുഖത്ത് ഉണ്ടെന്ന് തോന്നി അവന്.. അതോടൊപ്പം അവളുടെ ചുണ്ടുകളിലെ നിറഞ്ഞ ചിരി അത്രയും നേരം തന്റെ ഉള്ളിൽ ഉണ്ടാക്കിയ അസ്വസ്ഥത മാറ്റുന്നതും അവൻ അറിഞ്ഞു...

അൽപ നേരത്തെ യാത്രക്കൊടുവിൽ ദേവ് ബൈക്ക് വീടിന് മുന്നിലായി കൊണ്ട് നിർത്തിയതും വിടർന്ന കണ്ണുകളോടെ വിദു നിളയുടെ തോളിൽ പിടിച്ച് വണ്ടിയിൽ നിന്ന് താഴേക്ക് ഇറങ്ങി...

\"\"\" ഇതാണോ നമ്മടെ വീട് ? \"\"\" കാര്യമായി ചോദിക്കുന്നവനെ ദേവ് ഒന്ന് നോക്കി...

\"\"\" Mhh... So calm and quiet area ........ എന്ത് ഭംഗിയാ ഈ വീട് കാണാൻ... ഇതിനെയാണോ ദേവേട്ടാ ഈ നാടൻ ഭംഗി.. നാടൻ ഭംഗി എന്ന് പറയുന്നത് ? \"\"\" ശ്വാസം ഉള്ളിലേക്ക് ആഞ്ഞ് വലിച്ച് പറഞ്ഞ ശേഷം കാലിലെ ഷൂസ് പടിയുടെ സൈഡിലേക്ക് ഊരിയെറിഞ്ഞ് വിദു വീട്ടിലേക്ക് കയറി...

\"\"\" ചെരുപ്പ് എടുത്ത് അകത്ത് ഇടെടാ.. പട്ടി കൊണ്ട് പോകും... \"\"\" ബൈക്കിൽ നിന്ന് ഇറങ്ങി നിളയുടെ ബാഗിൽ നിന്ന് വീടിന്റെ താക്കോൽ എടുത്ത് അവൻ ഉമ്മറത്തേക്ക് നടന്നു.. പിന്നാലെ അയയിൽ കിടക്കുന്ന തന്റെ വസ്ത്രം എടുത്ത് നിളയും പടികൾ കയറി ചെന്നതും ദേവ് വീടിന്റെ വാതിൽ തുറന്നു...

\"\"\" ആഹാ.. നല്ല അടുക്കും ചിട്ടയും ഒക്കെ ഉണ്ടല്ലോ.. നീ എപ്പോഴാടി കുഞ്ഞൂസേ ഇത്ര വൃത്തിക്കാരി ആയത് ? \"\"\" അകത്തേക്ക് കയറി ചുറ്റും നോക്കി വിദു നിളയെ കളിയാക്കി...

\"\"\" ഞാനൊന്നുമല്ല.. ഇതൊക്കെ ഇവന്റെ പണിയാ... \"\"\" നിള ദേവിന്റെ കൈയ്യിൽ നിന്ന് തന്റെ ബാഗ് വാങ്ങി മുറിയിൽ കൊണ്ട് വെച്ചു...

\"\"\" ആഹ്.. അതെനിക്ക് തോന്നി.. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്, കേട്ടോ... \"\"\" വിദു അവിടെയെല്ലാം ഒന്ന് നോക്കി കണ്ടു...

\"\"\" നിന്ന് കറങ്ങാതെ പോയി വേഷം മാറടാ... \"\"\" ഇട്ടിരിക്കുന്ന ഷർട്ട് അഴിച്ച് മാറ്റി അവിടുത്തെ ഒരു ചെയറിൽ വിരിച്ചിട്ട് ടീവി ഓൺ ചെയ്ത് ദേവ് സോഫയിലേക്ക് ഇരുന്നു... 

\"\"\" ഓക്കേ.. എന്നാ ഞാൻ പോയി ഒന്ന് ഫ്രഷായി ഒരു ഉറക്കവും കഴിഞ്ഞ് വരാം.. നേരം വെളുത്തപ്പോ ഉണർന്നത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണം.. ഇതല്ലേ നിങ്ങളുടെ മുറി.. അപ്പൊ ഞാൻ ഈ മുറി യൂസ് ചെയ്യാം... \"\"\" ഒന്ന് മൂരി നിവർന്ന് പറഞ്ഞ ശേഷം നിള ബാഗ് കൊണ്ട് വെച്ച മുറിയിലേക്ക് നോക്കി ചോദിച്ചിട്ട് അതും പറഞ്ഞ് വിദു വലത് വശത്തായി കാണുന്ന മുറിയിലേക്ക് കയറി പോയതും ദേവ് ഒന്ന് ഞെട്ടി.. സത്യത്തിൽ ആ നിമിഷം ആയിരുന്നു അവൻ അതേ കുറിച്ച് ഓർത്തത്... തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് ഒഴിച്ചാൽ മറ്റൊന്നും വിദുവിന് അറിയില്ല എന്ന കാര്യം ഒരുവേള അവൻ മറന്ന് പോയിരുന്നു.. എല്ലാം വിദുവിനോട് തുറന്ന് പറയുന്ന നിള ഇക്കാര്യം ഒരിക്കലും അവനോട് പറയില്ല എന്ന് ദേവിന് ഉറപ്പായിരുന്നു.. അല്ലെങ്കിൽ തന്നെ സ്വന്തം ജീവിതം ഇത്രയും വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് തന്നെ ഇത്രയധികം സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരനോട് എങ്ങനെയാണ് പറയുക.. പറഞ്ഞാൽ അവനത് സഹിക്കില്ലെന്നും ദേവിനോട് അവൻ അത് ചോദ്യം ചെയ്യുമെന്നും മറ്റാരേക്കാളും നന്നായി അവൾക്കറിയാം... അവൾ ദേവിനോട് കാല് പിടിച്ച് തന്നെ വിവാഹം ചെയ്യാൻ അപേക്ഷിച്ചത് പോലും അവന് ഇന്നും അറിയില്ല... അറിഞ്ഞാൽ അതിന് തനിക്കാകും ആദ്യം അവന്റെ കൈയ്യിൽ നിന്ന് കിട്ടുക... എന്ന ഓർമ്മയിൽ ദേവിന്റെ മുഖത്തെ നടുക്കം ശ്രദ്ധിച്ച് നിന്ന നിള നിർവികാരമായി തിരിഞ്ഞ് തന്റെ മുറിയിലേക്ക് നടന്നു.. ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി നിളയ്ക്ക്.. ഇവിടെ നിന്ന് മടങ്ങി പോകുന്നത് വരെ അവൻ ഒന്നും അറിയാൻ പാടില്ല.. അങ്ങനെ എന്തെങ്കിലും സംശയം അവന് തോന്നിയാൽ... അവന് എല്ലാം മനസ്സിലായാൽ.. ഇത്രയും നാൾ താൻ പറഞ്ഞ കഥകൾ... തങ്ങൾ പരസ്പരം പ്രണയിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് എന്ന് അവനോട് പറഞ്ഞ വലിയ കള്ളം... അത് അവൻ അറിയില്ലേ... അവൾക്ക് ശ്വാസം വിലങ്ങി.. ദേവായി അവനോട് ഒന്നും പറയില്ല.. പറയാൻ അവന് കഴിയില്ല.. കാരണം വിദു അറിഞ്ഞാൽ ഗൗരിയേടത്തിയും മാമയും ഒക്കെ സത്യം അറിയും എന്ന് അവന് അറിയാം... പക്ഷേ, അപ്പോഴും എന്തൊക്കെയോ ബാക്കിയാണ്....! ജനാലയുടെ അരികിലേക്ക് ചെന്ന് ഭയം നിറഞ്ഞ തന്റെ മുഖം ആ ജനൽ കമ്പിയിലേക്ക് അമർത്തുമ്പോൾ വെറുതെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതിന് പകരം വിദുവിനോട് അങ്ങനെയെല്ലാം കള്ളങ്ങൾ പറഞ്ഞ് കൂട്ടാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു...

                               🔹🔹🔹🔹

വൈകുന്നേരം അടുക്കളയിൽ നിന്ന് രാത്രിയിലേക്കുള്ള അത്താഴം തയ്യാറാക്കുകയായിരുന്നു ദേവ്.. പിന്നിലായി ഒരു കാൽപെരുമാറ്റം കേൾക്കെ അവനൊന്ന് തിരിഞ്ഞ് നോക്കി.. വേണമോ വേണ്ടയോ എന്ന പോലെ തത്തി കളിച്ച് വാതിൽക്കൽ നിൽക്കുന്ന നിളയെ കണ്ട് അവനൊന്ന് സംശയിച്ചു...

\"\"\" എന്താ?, കുഞ്ഞൂ... \"\"\" പരത്തിയ ചപ്പാത്തി എടുത്ത് അവൻ ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു...

\"\"\" അത്.. അത്, ദേവാ.. സെം എക്‌സാമിന്റെ നോട്ടിഫിക്കേഷൻ വന്നു.. ഈ മാസം ഇരുപത്തിയെട്ടിന് തുടങ്ങും... \"\"\" തെല്ലൊരു മടിയോടെ നിള അവനടുത്തായി ചെന്ന് നിന്നു...

\"\"\" ആഹാ.. അപ്പൊ ദേവർകാവിൽ നിളാദർശിയ്ക്ക് പഠിച്ച് തുടങ്ങേണ്ട സമയം ആയല്ലോ... \"\"\" ഉരുട്ടി വെച്ച അടുത്ത മാവ് എടുത്ത് ചപ്പാത്തി പലകയുടെ മേൽ വെച്ച് അവൻ തടി ഉപയോഗിച്ച് അത് പരത്താൻ തുടങ്ങി.. നിള അവനെയൊന്ന് നോക്കി.. അവന്റെ ആ വാക്കുകളിലെ ആക്കൽ മനസ്സിലായതിനാൽ ആകാം.. അവളുടെ ചുണ്ടൊന്ന് കൂർത്തു...

\"\"\" അല്ല.. ഇനി ഇപ്പൊ ഡിഗ്രിയ്ക്ക് ഒക്കെ ആയത് കൊണ്ട് എക്സാമിന്റെ തലേ ദിവസമേ ബുക്ക് കൈ കൊണ്ട് തൊടൂ എന്നെങ്ങാനും തീരുമാനിച്ചിട്ടുണ്ടോ...? \"\"\" അവളുടെ മൗനം കാൺകെ അവൻ അവളെയൊന്ന് പാളി നോക്കി.. ചെറുതായിട്ട് അങ്ങനെ ഒരു തീരുമാനം ഇല്ലാതില്ലാതില്ല... എന്ന് മറുപടി പറയാൻ നാവ് തരിച്ചെങ്കിലും പഠിക്കുന്ന കാര്യത്തിൽ തർക്കുത്തരം പറഞ്ഞ് ചെന്നാൽ അവന്റെ കൈയ്യിൽ ഇരിക്കുന്ന തടിയാകും അതിന് മറുപടി പറയുക എന്ന് അറിയുന്നതിനാൽ അവളൊന്നും മിണ്ടിയില്ല...

\"\"\" എന്താണാവോ പതിവില്ലാതെ എന്റെ കുഞ്ഞുവിന് ഒരു മിണ്ടാട്ടമില്ലായ്മ... \"\"\" പരത്തിയ അവസാന ചപ്പാത്തിയും പാത്രത്തിലേക്ക് മാറ്റി അവൻ അവൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നു...

\"\"\" ഒന്നുമില്ല.. അത് പിന്നെ.. വിദു വന്നതല്ലേ.. അപ്പൊ.. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് പഠിക്കാമെന്ന് വിചാരിക്കുവായിരുന്നു... \"\"\" അവളുടെ ശബ്ദം ഒന്ന് നേർത്തു.. അതൊരു അനുവാദം ചോദിക്കൽ ആണെന്ന് ദേവിന് മനസ്സിലായി...

\"\"\" രണ്ട് മൂന്ന് ദിവസം മതിയോ.. അത് കുറച്ച് കുറഞ്ഞ് പോയില്ലേ, കുഞ്ഞുവേ... \"\"\" അവൾക്ക് അടുത്തേക്ക് ഒന്ന് നീങ്ങി നിന്ന് അവൻ അവളുടെ കുനിച്ച് പിടിച്ചിരിക്കുന്ന മുഖത്തേക്ക് തലതാഴ്ത്തി നോക്കി.. അതോടെ നിളയുടെ ക്ഷമ നശിച്ചു...

\"\"\" നീ എന്താ എന്നെ കളിയാക്കാ ? \"\"\" തലയുയർത്തി അവൾ അവനെ തുറിച്ച് നോക്കി...

\"\"\" അയ്യോടാ.. ഞാൻ എന്റെ പൊന്നിനെ കളിയാക്കുമോ ? \"\"\" കൊഞ്ചലോടെ ചോദിച്ച് അവൻ അവളുടെ കവിളിൽ പിച്ചി.. നിള അവനെ കൂർപ്പിച്ച് നോക്കി...

\"\"\" കാർഡ് എന്റെ പേഴ്സിൽ ഇരിപ്പുണ്ട്.. പോയി ഫീസ് അടച്ചോ... \"\"\" അവളുടെ ആ നോട്ടം കണ്ടതായി ഭാവിക്കാതെ ചിരിയോടെ കണ്ണ് ചിമ്മി അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു...

\"\"\" ആഹാ.. ഇവിടെ ഭാര്യയും ഭർത്താവും കൂടി ഈവെനിംഗ് റൊമാൻസാ....?! \"\"\" പെട്ടന്ന് വാതിൽക്കൽ നിന്ന് ആ ചോദ്യം കേട്ട് നിളയും ദേവും ഒരുപോലെ ഞെട്ടി അവിടേക്ക് നോക്കി.. അത് പക്ഷേ മറ്റൊന്നും കൊണ്ടായിരുന്നില്ല.. അവന്റെ നാവിൽ നിന്ന് വന്ന ആ വാക്കുകൾ കേട്ടായിരുന്നു.. ദേവിന്റെ മുഖം വിളറി.. ഭാര്യ... മറക്കാൻ ആഗ്രഹിക്കെ.. വീണ്ടും വീണ്ടും ഓർമ്മകളിലേക്ക് ഓടിയെത്തുന്ന വാക്ക്... നിർവികാരമായ മുഖത്തോടെ അവൻ അവരിൽ നിന്ന് തിരിഞ്ഞ് വേഗം ചപ്പാത്തി പലക എടുത്ത് സിംഗിന്റെ അടുത്തേക്ക് ചെന്ന് അത് കഴുകാൻ തുടങ്ങി...

\"\"\" അ.. അങ്ങനെയൊന്നും ഇല്ല.. ഞങ്ങള്... എക്സാമിന്റെ കാര്യം... \"\"\" എന്തൊക്കെയോ നുള്ളി പെറുക്കി പറഞ്ഞ് നിള വിദുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. പുച്ഛം... സ്വയം പുച്ഛം തോന്നി പോയി അവൾക്ക്... ഭാര്യ... ഭർത്താവ്... അതിലും ഉപരി റൊമാൻസ്...!! ആ വാക്ക് ഓർക്കെ തന്നെ അവൾക്ക് ഒന്ന് പൊട്ടിച്ചിരിക്കാൻ തോന്നി... ഒപ്പം കരയാൻ... അലറി അലറി.. നെഞ്ചിൽ നിറയുന്ന വേദനയോടെ തന്നെ ദേവ് പ്രണയിക്കുന്നില്ലെന്ന് കാണുന്ന എല്ലാവരോടും ഒരു ഭ്രാന്തിയെ പോലെ പരാതി പറയാൻ... അവനോട് പറഞ്ഞ കള്ളങ്ങൾ തന്നിലേക്ക് തന്നെ ഒരു അസ്ത്രായുധമായി മടങ്ങി വരുന്നത് പോലെ തോന്നെ അവൾ ആകെ വിയർത്തു... 

\"\"\" നീയെന്താടി ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത് ? \"\"\" അവളുടെ മുഖത്ത് ചമ്മൽ പ്രതീക്ഷിച്ച വിദു അവളുടെ ആ ശില പോലെയുള്ള നിൽപ്പ് കണ്ട് സംശയത്തോടെ അടുക്കളയുടെ അകത്തേക്ക് കയറി...

\"\"\" ഏയ്.. ഞാൻ.. അല്ല, നിന്റെ ക്ഷീണം ഒക്കെ മാറിയോ ? \"\"\" പലകയും തടിയും കഴുകി മാറ്റി വെച്ച് ദേവ് ഫ്രിഡ്ജിന്റെ അടുത്തേക്ക് തന്നെ മറി കടന്ന് പോയതും നിള ബോധം വന്നത് പോലെ അവന്റെ കൈയ്യിൽ പിടിച്ച് തപ്പി പിടിച്ച് ചോദിച്ചു... 

\"\"\" ഓ.. അതൊക്കെ ഉറക്കം കഴിഞ്ഞപ്പോഴേ മാറി.. ആഹ് പിന്നെ.. ദേവേട്ടാ.. അലമാരയിൽ ഇരുന്ന ഏട്ടന്റെ ഷർട്ടും മുണ്ടും ഒക്കെ ഞാൻ നിങ്ങളുടെ മുറിയിലേക്ക് കൊണ്ട് വെച്ചിട്ടുണ്ടേ... \"\"\" നിളയോടായി പറഞ്ഞിട്ട് വിദു ഫ്രിഡ്ജിൽ നിന്ന് മൂന്ന് മുട്ട എടുത്ത് തിരിഞ്ഞവനെ നോക്കി അറിയിച്ചു.. ദേവ് നിശ്ചലമായി.. അങ്ങനെയൊന്ന് ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നതിനാൽ ഞെട്ടൽ ഒന്നും തോന്നിയില്ലെങ്കിലും അവന്റെ മുഖത്ത് വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു...

\"\"\" അ.. അതിപ്പോ.. എന്തിനാ? \"\"\" ഫ്രിഡ്ജിന്റെ ഡോർ അടച്ച് സ്വാഭാവികമായി അവന്റെ മുഖത്തേക്ക് നോക്കി അത് ചോദിക്കുമ്പോൾ തന്നിലെ ഭാവമാറ്റം അവൻ അറിയാതിരിക്കാൻ ദേവ് തന്നെ കൊണ്ട് ആകും വിധം ശ്രദ്ധിച്ചിരുന്നു...

\"\"\" അതിപ്പോ എന്തിനാണെന്നോ.. അത് കൊള്ളാം.. നിങ്ങൾക്ക് രണ്ട് പേർക്കും ഒരു അലമാര പോരേ സാധനങ്ങൾ വെക്കാൻ ?.. അല്ലെങ്കിൽ തന്നെ ഇതിനും മാത്രം തുണികള് വരാൻ ഭാണ്ഡകെട്ടും ആയിട്ടൊന്നും അല്ലല്ലോ നിങ്ങള് നാട്ടിൽ നിന്ന് ഇവിടേക്ക് വന്നത്..?! \"\"\" സ്ലാബിന്റെ മുകളിലേക്ക് ചാടി കയറി ഇരുന്ന് അവൻ അവരെ കളിയാക്കി.. ദേവ് മുഖം തിരിച്ചു.. അങ്ങനെ ചിന്തിക്കാൻ പാടില്ലെങ്കിൽ പോലും വിദു അവിടേക്ക് വന്നതിനോട് കടുത്തൊരു നീരസം തോന്നി പോയി അവന് ആ നിമിഷം.. ഇത്രയും കാലം താൻ കഷ്ടപ്പെട്ടത് മുഴുവൻ വെറുതെ ആകുന്നത് പോലൊരു തോന്നൽ... ഉള്ളിൽ പിന്നെയും അസ്വസ്ഥത നിറയെ.. ആരെയും നോക്കാതെ വേഗത്തിൽ അവൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി...










തുടരും..................................................











Tanvi 💕





നീലനിലാവേ... 💙 - 22

നീലനിലാവേ... 💙 - 22

5
758

ഗേറ്റിനുള്ളിലായി ഉയർന്ന് നിൽക്കുന്ന ഒരു ഇരുനില വീട്.. അത്യാവശ്യം മുറ്റവും പുറത്തായി കുറച്ച് ചെടികളും ഒക്കെ നിറഞ്ഞ ആ വീടിന് മുന്നിൽ ചെന്ന് നിന്ന് ഭദ്രൻ പുറത്തെ ബോർഡിലേക്ക് നോക്കി...             \"\"\" ADV. LAKSHAN SHEKHAR                        B. COM, LLB, LLM \"\"\"അവന്റെ ചുണ്ടിൽ നിന്ദ കലർന്നൊരു ചിരി വിരിഞ്ഞു.. വീണ്ടും ഈ വീട്ടിലേക്ക് ഒരു മടങ്ങി വരവ് സത്യത്തിൽ ആഗ്രഹിച്ചതല്ല.. ഒരിക്കലും.. ഈ പടി പോലും ചവിട്ടരുത് എന്നാണ് കരുതിയിരുന്നത്.. പക്ഷേ, അമ്മ..!! അവനിൽ നിന്നൊരു നെടുവീർപ്പ് പുറത്തേക്ക് വന്നു.. ഗേറ്റിന്റെ കൊളുത്ത് ഇളക്കി അവൻ ഇന്റർലോക്ക് ഇട്ട് ഭംഗിയാക്കിയ ആ മുറ്റത്തേക്ക