Aksharathalukal

നീലനിലാവേ... 💙 - 22

ഗേറ്റിനുള്ളിലായി ഉയർന്ന് നിൽക്കുന്ന ഒരു ഇരുനില വീട്.. അത്യാവശ്യം മുറ്റവും പുറത്തായി കുറച്ച് ചെടികളും ഒക്കെ നിറഞ്ഞ ആ വീടിന് മുന്നിൽ ചെന്ന് നിന്ന് ഭദ്രൻ പുറത്തെ ബോർഡിലേക്ക് നോക്കി...

             \"\"\" ADV. LAKSHAN SHEKHAR
                        B. COM, LLB, LLM \"\"\"

അവന്റെ ചുണ്ടിൽ നിന്ദ കലർന്നൊരു ചിരി വിരിഞ്ഞു.. വീണ്ടും ഈ വീട്ടിലേക്ക് ഒരു മടങ്ങി വരവ് സത്യത്തിൽ ആഗ്രഹിച്ചതല്ല.. ഒരിക്കലും.. ഈ പടി പോലും ചവിട്ടരുത് എന്നാണ് കരുതിയിരുന്നത്.. പക്ഷേ, അമ്മ..!! അവനിൽ നിന്നൊരു നെടുവീർപ്പ് പുറത്തേക്ക് വന്നു.. ഗേറ്റിന്റെ കൊളുത്ത് ഇളക്കി അവൻ ഇന്റർലോക്ക് ഇട്ട് ഭംഗിയാക്കിയ ആ മുറ്റത്തേക്ക് കയറി.. നാട്ടിൽ എത്തിയപ്പോൾ അമ്മയുടെ ഫോണിലേക്ക് ഒന്ന് വിളിച്ചിരുന്നു.. അപ്പോഴാണ് അമ്മ രാവിലെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ കാര്യം പറയുന്നത്.. അതുകൊണ്ടാണ് ഇപ്പൊ ഇവിടേക്ക് വരേണ്ടി വന്നതും.. ഇല്ലായിരുന്നെങ്കിൽ ഹോസ്പിറ്റലിലേക്കേ പോകുമായിരുന്നുള്ളൂ.. ആലോചനയോടെ ആ വീടിന് മുന്നിൽ ചെന്ന് നിന്ന് തുറന്ന് കിടക്കുന്ന വാതിലിനുള്ളിലൂടെ ഹാളിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ ചെരുപ്പ് ഊരിയിട്ട് അകത്തേക്കുള്ള പടികൾ കയറി ഉമ്മറത്തേക്ക് പ്രവേശിച്ചു...

\"\"\" ഒന്ന് നിൽക്കണം... \"\"\" വാതിൽ പടി കടക്കാനായി ഒരു കാൽ മുന്നോട്ട് വെച്ചതും ഉടനടി അവന് ഇടത് വശത്ത് നിന്ന് ആ ശബ്ദം ഉയർന്നു.. മുന്നോട്ട് വെച്ച കാലൊന്ന് നിശ്ചലമായെങ്കിലും അവൻ അകത്തേക്ക് കയറി...

\"\"\" ഓഹ്.. അപ്പൊ അമ്മയ്ക്ക് വയ്യാതെ ആയാൽ ഈ വീട്ടിൽ കയറാൻ നിനക്കറിയാം.. അല്ലേ... \"\"\" പരിഹാസം കലർന്ന ആ ചോദ്യത്തോടൊപ്പം അയാൾ തനിക്ക് അരികിലേക്ക് ചുവട് വെക്കുന്നത് അവൻ അറിഞ്ഞു.. മറുപടി പറയാൻ നാവ് തരിച്ചെങ്കിലും അമ്മ അകത്തുണ്ടാകും എന്ന ചിന്തയിൽ അവൻ ഒരുവേള മൗനം പാലിച്ചു...

\"\"\" എന്താടാ.. നിനക്ക് നാവില്ലേ ? \"\"\" അവന് മുന്നിൽ ചെന്ന് നിന്ന് ലക്ഷൺ അവനെ തുറിച്ച് നോക്കി.. ഭദ്രന്റെ മുഖം കടുത്തു...

\"\"\" എന്താടാ മിണ്ടാത്തത് ? അല്ല.. അരയശ്ശേരിയിൽ ലക്ഷൺ ശേഖറിന്റെയും സനിജയുടെയും മകൻ വിശ്വഭദ്ര് ശേഖർ എപ്പോഴാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് നാടുവിട്ട, ഇന്ന് ആരോരുമില്ലാത്ത വർക്ക്‌ ഷോപ്പ് പണിക്കാരൻ വിശ്വഭദ്രൻ ആയത് ? \"\"\" ഗൗരവത്തോടെ അയാൾ പിന്നെയും ചോദിച്ചതും ഭദ്രൻ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി...

\"\"\" അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല, അഡ്വക്കേറ്റ് ലക്ഷൺ ശേഖർ.. അരയശ്ശേരിയിലേതാണ് എന്ന ഐഡന്റിറ്റി എനിക്ക് വേണ്ട എന്നും ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് !.. പിന്നെ, ഇപ്പൊ ഇവിടേക്ക് വന്നത് അമ്മയെ ഒന്ന് കാണാനാണ്.. അല്ലാതെ ലക്ഷൺ ശേഖറിന്റെ പട്ടി ഭവനത്തിൽ സ്ഥിരതാമസം നടത്താൻ അല്ല!!! \"\"\" പുച്ഛത്തോടെ ഒരു മയവും ഇല്ലാത്ത സ്വരത്തിൽ അവനത് പറഞ്ഞ് നിർത്തിയതും മുകളിൽ നിന്നൊരു ശബ്ദം കേട്ടതും ഒന്നിച്ചാണ്.. അതോടെ ദേഷ്യത്തോടെ തന്നെ നോക്കുന്ന അയാളെ ഒന്നുകൂടി ഒന്ന് ഇരുത്തി നോക്കിയിട്ട് അവൻ മുകളിലേക്ക് നടന്നു.. വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു അവന്.. അച്ഛൻ ആണെങ്കിൽ പോലും ആ മുഖം കാണുന്നത് തന്നെ വെറുപ്പാണ്... അയാളെ കാണാതിരിക്കാൻ വേണ്ടിയാണ് സ്വന്തമായി ഒരു ജോലി ഉണ്ടായപ്പോൾ ഇവിടെ നിന്ന് മാറി താമസിച്ചത് പോലും.. ഇടക്ക് വരാറുണ്ടെങ്കിലും അധികം അങ്ങനെ നിന്നിട്ടൊന്നുമില്ല.. അമ്മയ്ക്ക് വേണ്ടി മാത്രം വന്ന് പോകും.. അതായിരുന്നു പതിവ്... ഓരോന്ന് ആലോചിച്ച് മുകളിൽ എത്തിയപ്പോൾ തന്നെ അവൻ കണ്ടു.. ഇടത് വശത്തായി കാണുന്ന തന്റെ മുറിയിലെ ബെഡ്ഷീറ്റും മറ്റും കുടഞ്ഞ് വിരിക്കുന്ന സനിജയെ... അവരെ കണ്ടതും അവന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി തെളിഞ്ഞു...

\"\"\" എന്തിനാ അമ്മാ ഈ വയ്യാതിരിക്കുന്ന സമയത്ത് ഇതൊക്കെ ചെയ്യാനായി മുകളിലേക്ക് കയറി വന്നത് ? \"\"\" മുറിയുടെ ഉള്ളിലേക്ക് കയറി അവൻ ചോദിക്കെ ആ ശബ്ദം കേട്ട ഞെട്ടലിൽ സനിജ വെട്ടി തിരിഞ്ഞ് നോക്കി...

\"\"\" ഭദ്രാ....!!! \"\"\" അവരുടെ മുഖം വിടർന്നു.. സന്തോഷത്താൽ അവരുടെ കണ്ണുകൾ നിറഞ്ഞു.. തന്റെ മകൻ... നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച...! ഭദ്രൻ ചിരിച്ചു.. ആ ചിരി കാൺകെ ചുണ്ടൊന്ന് വിതുമ്പി പോയതും അവർ അവനടുത്തേക്ക് ഓടി ചെന്നു...

\"\"\" മോനെ... \"\"\" അവന്റെ മുഖം ആകെ അവർ കൈകളാൽ തഴുകി...

\"\"\" സുഖമല്ലേ, അമ്മാ.. ഇപ്പൊ എങ്ങനെയുണ്ട്... \"\"\" ഇരുകൈയ്യും നീട്ടി അവൻ അവരെ പുണർന്നു.. അവന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുമ്പോൾ ആ അമ്മ മനം പിടഞ്ഞു...

\"\"\" എനിക്ക് കുഴപ്പമൊന്നുമില്ലടാ.. പക്ഷേ, നീ.. നീ ആകെ ക്ഷീണിച്ച് പോയി, ഭദ്രാ... \"\"\" സ്നേഹവും നോവും ഒരുപോലെ നിറഞ്ഞ വാക്കുകൾ.. അതായിരുന്നു അവ...

\"\"\" അതൊക്കെ അമ്മയ്ക്ക് തോന്നുന്നതാണ്, അമ്മാ... \"\"\" അവരുടെ നെറുകയിൽ ചുംബിച്ച് മെല്ലെ പറഞ്ഞ് അവൻ കണ്ണുകൾ അടച്ചു.. സനിജ തന്റെ കരച്ചിൽ അടക്കി അവനെ മുറുകെ ചേർത്ത് പിടിച്ചു... കാത്തിരുന്ന തന്റെ മകനെ വീണ്ടും കണ്ടതിന്റെ ആമോദവും.. അവനോടുള്ള വാത്സല്യവും എല്ലാം അവരുടെ കണ്ണുകളിൽ ആനന്ദത്തിന്റെ നീർതുള്ളികൾ ജനിപ്പിച്ചു... ആ നിമിഷം അത്രയും സമയം ഇല്ലാതിരുന്ന ഒരു തണുപ്പ് തന്റെ ഉള്ളിൽ പടരുന്നത് പോലെ തോന്നി അവന്... 

\"\"\" മോള്.. മോളെ കൂടി കൊണ്ട് വരാമായിരുന്നില്ലേ?, ഭദ്രാ... \"\"\" ഒട്ടൊരു നിമിഷത്തിന് ശേഷം അവൻ അകന്ന് മാറിയ വേളയിൽ അവന്റെ കൈയ്യിൽ പിടിത്തമിട്ട് അവർ തിരക്കി...

\"\"\" അമ്മയ്ക്ക് അറിയില്ലേ അവിടുത്തെ കാര്യങ്ങള്.. ഞാൻ നാളെ തന്നെ മടങ്ങും.. ഇവിടെ നിൽക്കാനൊന്നും പറ്റില്ല.. പോയിട്ട് കാര്യങ്ങളുണ്ട്... \"\"\" അവരുടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ച് അവൻ കട്ടിലിന് അരികിലേക്ക് നടന്നു...

\"\"\" അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?, ഭദ്രാ.. വന്നല്ലേ ഉള്ളൂ നീ.. അപ്പോഴേക്കും... \"\"\" 

\"\"\" പറയുന്നത് മനസ്സിലാക്ക്, അമ്മാ.. അവിടെ ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്... \"\"\" അവർ പറഞ്ഞ് പൂർത്തിയാക്കും മുൻപ് അവൻ അറിയിച്ചു.. അവരുടെ മുഖം വാടി...

\"\"\" വിഷമിക്കല്ലേ, അമ്മാ... \"\"\" ഭദ്രൻ അവരുമായി കട്ടിലിലേക്ക് ഇരുന്ന് അവരുടെ രണ്ട് കൈയ്യും തന്റെ കൈകളാൽ പൊതിഞ്ഞ് പിടിച്ചു...

\"\"\" ഇനി എന്നാടാ... \"\"\" സനിജയുടെ ശബ്ദത്തിൽ വേദന കലർന്നു...

\"\"\" ഹാ.. വെറുതെ ഇനിയും ഓരോന്ന് ഓർത്ത് അമ്മ വീണ്ടും ബിപി കൂട്ടാൻ നിൽക്കണ്ട.. വൈകാതെ എല്ലാം ശരിയാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും.. എനിക്കുറപ്പുണ്ട്.. അമ്മ ചുമ്മാതിരുന്നേ... \"\"\" ശാസനയോടെ അവരുടെ കണ്ണുകൾ കൈ ഉയർത്തി തുടച്ച് കൊടുത്ത ശേഷം ഒന്ന് കുനിഞ്ഞ് ഭദ്രൻ അവരുടെ കവിളിൽ മുത്തി...

                               🔹🔹🔹🔹

പ്രവേശന മുറിയിലെ മേശമേൽ ഇരിക്കുന്ന ദേവിന്റെ പേഴ്സിനുള്ളിൽ നിന്ന് അവന്റെ കാർഡ് കൈയ്യിലേക്ക് എടുത്തിട്ട് തന്റെ ഫോണുമായി നിള നേരെ ഉമ്മറത്തേക്ക് നടന്നു...

\"\"\" ഇതിൽ കാശ് ഉണ്ടോ?, ദേവാ... \"\"\" പടിയിൽ അകലേക്ക്‌ നോക്കി ഇരിക്കുന്ന ദേവിന്റെ അടുത്തേക്ക് ചെന്ന് കൈവരിയിൽ ഇടം കൈ അമർത്തി അവൾ പതിയെ അവനടുത്തായി പടിയിലേക്ക് ഇരുന്നു...

\"\"\" കൈയ്യിൽ ഉണ്ടായിരുന്നത് ഞാൻ ഉച്ചയ്ക്ക് അക്കൗണ്ടിൽ കൊണ്ട് ഇട്ടിരുന്നു... \"\"\" ഒന്ന് നീങ്ങി അവൻ അവൾക്ക് ഇരിക്കാൻ അല്പം കൂടി സ്ഥലം ഒരുക്കി...

\"\"\" മ്മ്മ്.. പറ്റുമെങ്കിൽ ഇതൊന്ന് അടച്ച് തരുമോ? ഞാൻ നോക്കിയിട്ട് വരുന്നില്ല... \"\"\" അവൾ ഫോൺ അവന് നേർക്ക് നീട്ടി.. എന്നും തന്നോട് ആജ്ഞയോടെ പറയുന്നവളുടെ സംസാരത്തിലും മറ്റും ഓരോ നിമിഷം കഴിയും തോറും ഉണ്ടാകുന്ന മാറ്റം.. അതവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു... എങ്കിലും ഒന്നും പറയാതെ അവൻ ആ ഫോൺ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി...

\"\"\" ഭദ്രൻ വിളിച്ചിരുന്നോ നിന്നെ ? \"\"\" സൈറ്റിൽ കയറി എക്സാം രെജിസ്ട്രേഷനിൽ ഫീസ് പേയ്‌മെന്റ് ഓപ്ഷൻ എടുക്കുന്നതിനൊപ്പം അവൻ അവളോട് തിരക്കി...

\"\"\" വിളിച്ചില്ല.. മെസ്സേജ് അയച്ചിരുന്നു.. എന്തേ ? \"\"\" നിള അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" ഒന്നുമില്ല... \"\"\" അവന്റെ ശബ്ദം ഒന്ന് നേർത്തു.. ഇന്നേരം വരെ അവൻ തന്നെയൊന്ന് വിളിക്കുകയോ മെസ്സേജ് അയക്കുകയോ പോലും ചെയ്തിട്ടില്ല എന്നത് ദേവിൽ ഒരു വേദന സൃഷ്ടിച്ചു.. ആദ്യമായാണ് അവന്റെ ഒരു പരിഭവവും ദേഷ്യവും ഒക്കെ ഇത്രയും നീണ്ടു നിൽക്കുന്നത്.. ഇതിന് മുൻപ് ഒന്നും അങ്ങനെ ഉണ്ടായിട്ടില്ല.. പക്ഷേ.. ഇപ്പോൾ..! അവന് ആകെയൊരു വല്ലായ്മ തോന്നി...

\"\"\" നീ ഇന്ന് പുഴക്കരയിലേക്ക് പോകുന്നുണ്ടോ? \"\"\" തൂണിലേക്ക് ചാരിയിരുന്ന് നിള എതിർവശത്തായി കാണുന്ന വീട്ടിലേക്ക് നോട്ടമെയ്തു...

\"\"\" ഇല്ല... \"\"\" ഒറ്റ വാക്കിൽ മറുപടി പറഞ്ഞ് ദേവ് ഫീസ് അടച്ച് ഫോൺ അവൾക്ക് തിരികെ കൊടുത്തു...

\"\"\" വിദു എവിടേ ? \"\"\" പിന്നിലെ കൈവരിയിൽ ചാരിയിരുന്ന് ദേവ് അകത്തേക്ക് നോക്കി ചോദിച്ചു... 

\"\"\" ഫോൺ ചെയ്യാൻ പോയി... \"\"\" നിള ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ആരുവിന് ഒരു മെസ്സേജ് ഇട്ടു... 

\"\"\" ടൈം ടേബിൾ വന്നോ ? \"\"\" മുണ്ടൊന്ന് ഒതുക്കി അവൻ എ.ടി.എം കാർഡ് കവറിന് ഉള്ളിലാക്കി മാറ്റി വെച്ചു...

\"\"\" ഇല്ല.. അത് ലേറ്റ് ആകുമെന്ന് തോന്നുന്നു... \"\"\" ഫോണിൽ ശ്രദ്ധിച്ച് തന്നെ അവൾ മറുപടി നൽകി...

\"\"\" ആഹാ.. നിങ്ങൾ ഇവിടെ വന്ന് ഇരിപ്പാണോ... ഞാൻ കരുതി കഴിക്കാൻ തുടങ്ങി കാണുമെന്ന്... \"\"\" പെട്ടന്ന് പിന്നിൽ നിന്ന് വിദുവിന്റെ ശബ്ദം കേൾക്കെ ദേവും നിളയും തിരിഞ്ഞ് നോക്കി.. വിദുവിനെ കണ്ടതും നിള ഫോൺ ഓഫ് ചെയ്ത് പടിയിലേക്ക് വെച്ചു... വിദു ഒരു ചിരിയോടെ അവർക്ക് അടുത്തേക്ക് ചെന്ന് നിളയുടെ വലത് വശത്തായി തിണ്ണയിലേക്ക് കിടന്ന് കൊണ്ട് തല എടുത്ത് അവളുടെ മടിയിൽ വെച്ചു...

\"\"\" ആഹാ.. ഇപ്പൊ ഒരു സമാധാനം... \"\"\" വിദു ശക്തമായൊന്ന് നിശ്വസിച്ചു...

\"\"\" നിന്റെ തലയ്ക്ക് വെയിറ്റ് കൂടി കേട്ടോ, വിദൂ... \"\"\" അവന്റെ മുടിയിൽ കൈ വെച്ച് നിള അവനെ കളിയാക്കി...

\"\"\" അത് പിന്നെ.. പ്രായം കൂടുന്നത് അനുസരിച്ച് വെയിറ്റ് കൂടില്ലേ?, കുഞ്ഞൂസേ... \"\"\" കൈ നീട്ടി വിദു അവളുടെ കവിളിൽ പിച്ചി.. നിള ചിരിച്ചു...

\"\"\" അല്ല.. എന്തൊക്കെയുണ്ട് നിന്റെ ഇന്നത്തെ കോളേജ് വിശേഷങ്ങൾ.. പറയ്.. കേൾക്കട്ടെ... \"\"\" അവളുടെ മടിയിൽ കിടന്ന് തന്നെ വിദു കാര്യമായി അന്വേഷിച്ചു.. ദേവ് അവരെ തന്നെ നോക്കി.. അവളുടെ മടിയിൽ കിടന്ന് ആവേശത്തോടെ ഓരോന്ന് ചോദിക്കുന്ന വിദുവിനെയും.. സന്തോഷത്തോടെ അവന് ഓരോന്നിനും മറുപടി നൽകിയും.. തിരികെ ഓരോന്ന് ചോദിച്ചും ഒക്കെ.. കളിയും ചിരിയും ആയി ഇരിക്കുന്ന നിളയെയും കാൺകെ അവൻ ഓർത്തത് ഒരു വർഷം മുൻപ് ഉള്ള അവനെയും നിളയെയും തന്നെയാണ്.. എത്ര മനോഹരമായ നാളുകൾ.. ഒന്നും മനസ്സിലില്ലാതെ... ഒന്നും ഓർക്കാതെ.. അവളോടൊപ്പം കഴിഞ്ഞ ആ കാലം.. അതിനി ഒരിക്കലും തിരിച്ച് കിട്ടില്ല.. എന്ന പൂർണ്ണബോധ്യം ഉണ്ടെങ്കിൽ പോലും.. കഴിഞ്ഞ ദിവസം മുതൽ അവൾ കാണിക്കുന്ന ചെറിയ അകൽച്ച.. തന്റെ കാര്യങ്ങളിൽ ഒരു തരത്തിലും ഇടപെടില്ലെന്ന പോലെയുള്ള ഭാവം.. മറുപടികൾ.. ഒഴിഞ്ഞ് മാറ്റം.. എല്ലാം അവന്റെ മുഖം മങ്ങാൻ കാരണമായി.. വീണ്ടും.. വീണ്ടും തനിച്ചാകുന്നത് പോലെ.. അല്ലെങ്കിലും.. എന്നും തനിച്ചായിരുന്നില്ലേ താൻ... അവന്റെ കണ്ണൊന്ന് കലങ്ങി.. വയ്യാതെ.. തളർന്ന്.. ഒരക്ഷരം മിണ്ടാനോ.. എഴുന്നേൽക്കാനോ.. ഒന്നും ആകാതെ.. ഉണർത്താൻ പറ്റാത്ത അബോധാവസ്ഥയിൽ കിടപ്പിലായി പോയ മുത്തശ്ശിയെയും നോക്കി കണ്ണുനീർ പൊഴിച്ചിരുന്ന ഒരു പതിനൊന്ന് വയസ്സുകാരന്റെ മുഖം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു... എന്നും.. എന്നെന്നും തനിയെ... ഹൃദയം വിങ്ങി പൊട്ടും പോലെ തോന്നെ... അവന് മനസ്സിലാകുന്നുണ്ടായിരുന്നു നിളയിൽ ഉണ്ടായ ആ മാറ്റത്തിന്റെ കാരണം... പക്ഷേ.. എന്നെ എന്തേ.. ആരും മനസ്സിലാക്കാത്തത് ?! ആഗ്രഹങ്ങൾ ഉണ്ടായിട്ടില്ല... ജീവിച്ചത് എന്തിന് വേണ്ടിയാണ് എന്ന് പോലും ഇന്നും അറിയില്ല.. മുത്തശ്ശി.. മുത്തശ്ശിയെ നന്നായി നോക്കാൻ വേണ്ടിയാണ് പിടിച്ച് നിന്നത്.. എന്നിട്ടോ.. മുത്തശ്ശിയും പോയി.. എല്ലാം കൊണ്ടും ജീവിതം മടുത്തു എന്ന് തോന്നി തുടങ്ങിയ നിമിഷമാണ് ഈ മുന്നിൽ ഇരിക്കുന്നവൾ എല്ലാം ഉപേക്ഷിച്ച് അരികിലേക്ക് വരുന്നത്.. സത്യത്തിൽ എന്താണ് അന്ന് തോന്നിയത്...? അവളെ നന്നായി നോക്കണം... താൻ അനുഭവിച്ചത് ഒന്നും അവൾ അനുഭവിക്കരുത്... തനിക്ക് ലഭിക്കാതെ പോയത് ഒന്നും അവൾക്ക് ലഭിക്കാതെ പോകരുത്... അവൾക്ക് നഷ്ടപ്പെട്ട അമ്മയുടെയും അച്ഛന്റെയും സ്നേഹവും വാത്സല്യവും കരുതലും... എല്ലാം അവൾക്ക് നൽകണം... നല്ലൊരുവനെ അവൾക്കായി കണ്ടെത്തണം.. അതിലൂടെ താൻ ഇല്ലാതായാലും അവൾക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടാകണം... അങ്ങനെ അങ്ങനെ.. എന്തൊക്കെയോ ആഗ്രഹിച്ചു... സഹോദരി ആയിരുന്നോ.. അങ്ങനെ കണ്ടിരുന്നോ.. എന്ന് ചോദിച്ചാൽ.. അവളെനിക്ക് എല്ലാമായിരുന്നു എന്ന് പറയേണ്ടി വരും.. പതിനൊന്നാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയപ്പോൾ മുതൽ ഒന്ന് ചിരിക്കാൻ കഴിയുമായിരുന്നത്.. ആരോ ഉണ്ടെന്ന് തോന്നുമായിരുന്നത്.. ഇവളെ കാണാൻ പോകുന്ന ദിവസം മാത്രമായിരുന്നു... ഭദ്രൻ ജീവിതത്തിലേക്ക് വന്ന ശേഷം ഒരു സമാധാനം ആയിരുന്നു.. ഒരു താങ്ങായി.. ആരോ ഉണ്ടായത് പോലെ...! എന്തിരുന്നാലും, ഒരിക്കൽ പോലും ഇവളെ ഭാര്യയായി സങ്കൽപ്പിക്കുന്നത് പോയിട്ട് വിവാഹം കഴിക്കുന്നതിനെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ട് പോലുമില്ല... പ്രണയം എന്നൊന്ന് ഇവളോട് തോന്നിയിട്ടുമില്ല... ഒരുപാട് ഇഷ്ടമാണ്... പക്ഷേ.. അത്.. അത് സ്നേഹമാണ്.. അല്ലാതെ... ഒരു വർഷം മുൻപ് എന്തായിരുന്നോ ഉണ്ടായിരുന്നത്... അതേ വാത്സല്യവും സ്നേഹവും കരുതലും.. എല്ലാമാണ് ഇവളോട് ഇന്നും.. അതിലൊന്നും പ്രണയം എന്നൊന്ന് കടന്ന് വന്നിട്ടില്ല... ചിന്തകൾ കാട് കയറാൻ തുടങ്ങെ അവൻ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു.. ജനിച്ച നാൾ മുതൽ തന്നെ എന്താ അച്ഛനും അമ്മയ്ക്കും വേണ്ടാതിരുന്നത് ...?! പണം.. പണം ആണോ എല്ലാം ? താൻ.. തനിക്ക് എന്താ അവരാൽ സ്നേഹിക്കപ്പെടാൻ അർഹതയില്ലേ ? അതോ.. ഇനി.. ഞാൻ.. ഞാൻ അത്ര മോശമാണോ ? സ്നേഹിക്കാൻ തോന്നില്ലേ.. ഭദ്രനും.. ഭദ്രനും ദേഷ്യമായി എന്നോട്.. ഇപ്പൊ അവളും.. അവളും വെറുക്കാൻ തുടങ്ങിയോ എന്നെ... അതാണോ.. പക്ഷേ.. അവൾക്ക് ഒരു നല്ല ജീവിതം ലഭിക്കാൻ.. ഈ ആരുമില്ലാത്തവന്റെ കൂടെ കൂടി.. തന്നെ പോലെ അവളും കഴിയാതിരിക്കാൻ വേണ്ടി.. ഇത്രയും കാലമുള്ള അവളുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായൊരു സന്തോഷം നിറഞ്ഞ ജീവിതം അവൾക്ക് കിട്ടാൻ വേണ്ടി... ഇപ്പോൾ അവൾക്ക് താൻ മാത്രമേ ഉള്ളൂ സ്വന്തമെന്ന് പറയാൻ.. അതൊക്കെ മാറി.. എന്നെങ്കിലും താൻ ഇല്ലാതായാൽ പോലും.. താൻ അനുഭവിച്ച ഒറ്റപെടൽ അവൾ അനുഭവിക്കാതിരിക്കാൻ വേണ്ടി... അവളെ പ്രണയിക്കാൻ തനിക്ക് ആകില്ലെന്നും.. ഭാര്യയായി കാണാൻ കഴിയില്ലെന്നും അവളെ ബോധ്യപ്പെടുത്താൻ അല്ലേ താൻ ശ്രമിച്ചുള്ളൂ... അല്ലാതെ.. ഇങ്ങനെ... ഇങ്ങനെ ഒന്നും... ശ്വാസം മുട്ടുന്നത് പോലെ... അവൻ തന്റെ നെഞ്ചിൽ കൈ വെച്ചു.. ഉള്ളിൽ കൊണ്ട് നടക്കുന്ന തന്റെ വേദനകൾ... കൂട്ടിന് ആരുമില്ലാതെ ഇരുട്ടിൽ കരഞ്ഞ് തീർത്ത കഴിഞ്ഞ കാലങ്ങൾ ഓരോന്നും അവനെ ചുട്ട് പൊള്ളിച്ചു... കണ്ണുകൾ മുറുക്കി അടച്ച് വലത് വശത്തെ തന്റെ മുറിയിലേക്ക് കയറി ഡോർ വലിച്ചടച്ച് കട്ടിലിലേക്ക് കിടക്കുമ്പോൾ താനെന്നൊരാൾ ജനിക്കേണ്ടിയിരുന്നില്ലെന്ന് പോലും തോന്നി പോയി അവന്.. എന്നാൽ അപ്പോഴും അവൻ ഓർക്കാത്ത... അല്ലെങ്കിൽ ഓർക്കാൻ മറന്ന് പോയ ഒന്നുണ്ടായിരുന്നു... അങ്ങനെ അവൾ തനിക്കൊപ്പം ഇല്ലാതെ ആകുന്ന ഒരു നാൾ ഉണ്ടായാൽ.. അതിന് ശേഷം ഉള്ള തന്റെ ജീവിതം എന്താകുമെന്നും.. തന്റെ അവസ്ഥ എന്താകുമെന്നും.. ഉള്ള സത്യം .......










തുടരും................................................











Tanvi 💕



നീലനിലാവേ... 💙 - 23

നീലനിലാവേ... 💙 - 23

5
511

മുറിയിലെ വാഷ്റൂമിൽ നിന്ന് കുളിച്ചിറങ്ങി ഭദ്രൻ കപ്പ്‌ബോർഡ് തുറന്ന് അതിനുള്ളിൽ നിന്ന് തന്റെയൊരു ജോഗർസും ടീഷർട്ടും കൈയ്യിലേക്ക് എടുത്തു.. ജോലി കിട്ടിയതിൽ പിന്നെ അധികമൊന്നും ആ വീട്ടിൽ നിന്നിട്ടില്ലാത്തതിനാൽ അവന്റെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. കൈയ്യിലെ ജോഗർസും ടീഷർട്ടും കട്ടിലിലേക്ക് ഇട്ട് തലതുവർത്തി ഒന്ന് തിരിയെ പെട്ടന്ന് അവന്റെ കണ്ണുകൾ കട്ടിലിനോട്‌ ചേർന്ന് കിടക്കുന്ന കുഞ്ഞ് ടേബിളിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിമിൽ ഉടക്കി.. പുഞ്ചിരിയോടെ ഉള്ളൊരു മുഖം... തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നൊരു പെണ്ണ് !! അവളുടെ നെറ്റിയിൽ അമർ