നീലനിലാവേ... 💙 - 23
മുറിയിലെ വാഷ്റൂമിൽ നിന്ന് കുളിച്ചിറങ്ങി ഭദ്രൻ കപ്പ്‌ബോർഡ് തുറന്ന് അതിനുള്ളിൽ നിന്ന് തന്റെയൊരു ജോഗർസും ടീഷർട്ടും കൈയ്യിലേക്ക് എടുത്തു.. ജോലി കിട്ടിയതിൽ പിന്നെ അധികമൊന്നും ആ വീട്ടിൽ നിന്നിട്ടില്ലാത്തതിനാൽ അവന്റെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. കൈയ്യിലെ ജോഗർസും ടീഷർട്ടും കട്ടിലിലേക്ക് ഇട്ട് തലതുവർത്തി ഒന്ന് തിരിയെ പെട്ടന്ന് അവന്റെ കണ്ണുകൾ കട്ടിലിനോട് ചേർന്ന് കിടക്കുന്ന കുഞ്ഞ് ടേബിളിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിമിൽ ഉടക്കി.. പുഞ്ചിരിയോടെ ഉള്ളൊരു മുഖം... തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നൊരു പെണ്ണ് !! അവളുടെ നെറ്റിയിൽ അമർന്നിരിക്കുന്ന തന്റെ കവിൾത്തടം... ഭദ്രന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.. തല തുവർത്തി കൊണ്ടിരുന്ന തോർത്ത് സ്റ്റാൻഡിലേക്ക് ഇട്ട് അവൻ ആ ഫ്രെയിമിന്റെ അരികിലേക്ക് ചെന്ന് അത് കൈയ്യിലേക്ക് എടുത്തു.. കുഞ്ഞികൃഷ്ണമണികളിൽ ഒരായിരം കഥകൾ പറയുന്ന പീലി നിറഞ്ഞ മിഴികൾ... അവളുടെ ആ ആകർഷണീയമായ മുഖത്ത് അവൻ മെല്ലെയൊന്ന് തഴുകി...
\"\"\" ഭദ്രാ, കഴിക്കാൻ വാടാ... \"\"\" വാതിലിൽ മുട്ടിയുള്ള സനിജയുടെ വിളിയിൽ അവൻ ഫ്രെയിം തിരികെ ടേബിളിലേക്ക് തന്നെ വെച്ചിട്ട് വേഗം കട്ടിലിൽ ഇരിക്കുന്ന വസ്ത്രം എടുത്ത് ഇട്ട് അരയിൽ ചുറ്റിയിരിക്കുന്ന ടവൽ അഴിച്ച് മാറ്റി അതും കൂടി സ്റ്റാൻഡിലേക്ക് എറിഞ്ഞ് നേരെ വാതിൽക്കലേക്ക് നടന്നു...
ഡോർ തുറന്ന് അവൻ പുറത്ത് ഇറങ്ങിയതും അത്രയും നേരം ചുവരിൽ ചാരി മുറിയുടെ പുറത്ത് പടിയുടെ അരികിൽ അവനെ കാത്ത് നിന്ന സനിജ ചിരിയോടെ നിവർന്ന് നിന്നു...
\"\"\" എനിക്ക് വിശപ്പില്ല, അമ്മാ.. അമ്മ കഴിച്ചിട്ട് കിടന്നോ.. എനിക്ക് ദേവിനെ ഒന്ന് വിളിക്കണം... \"\"\" അവൻ അവർക്ക് അടുത്തേക്ക് ചെന്ന് പറഞ്ഞു.. സനിജയുടെ മുഖം മങ്ങി...
\"\"\" എന്താ ഭദ്രാ ഇങ്ങനെ? വല്ലപ്പോഴും അല്ലേ നീ ഇവിടേക്ക് വരുന്നത്... എന്നിട്ട് ആ ദിവസം പോലും ഞങ്ങളുടെ ഒപ്പം ഇരുന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പറ്റില്ലേ നിനക്ക്?! \"\"\" അവരുടെ ശബ്ദത്തിൽ വേദന കലർന്നു.. ഭദ്രൻ മൗനമായി.. അമ്മയാണ്.. ജന്മം നൽകിയ ഏതൊരമ്മക്കും ആഗ്രഹം ഉണ്ടാകും സ്വന്തം മകന്റെ ഒപ്പം അൽപ സമയം ചിലവഴിക്കാൻ.. അവന് വേണ്ടി ഭക്ഷണം തയ്യാറാക്കി അവനെ ഊട്ടാൻ.. അങ്ങനെ എല്ലാം.. എന്തിന്.. ഉള്ളിന്റെ ഉള്ളിൽ താൻ പോലും ആഗ്രഹിക്കുന്നുണ്ട് അമ്മയോടൊപ്പം ഇരുന്ന് കഴിക്കാനും.. അമ്മയോടൊപ്പം നിൽക്കാനും.. ഒക്കെ.. പക്ഷേ.. അച്ഛൻ..! ഉള്ളിലൊരു നീരസം ഉണ്ടായെങ്കിലും അവരുടെ ആ അമ്മ മനസ്സിനെ വേദനിപ്പിക്കാൻ അവന് തോന്നിയില്ല.. നീട്ടിയൊരു ദീർഘ ശ്വാസം എടുത്ത് അവൻ അവരുടെ കൈയ്യിൽ പിടിച്ചു...
\"\"\" അമ്മ വാ.. കഴിക്കാം... \"\"\" അത്ര മാത്രം.. കൂടുതൽ ഒന്നും അവൻ പറഞ്ഞില്ല.. സനിജയുടെ മുഖം വിടർന്നു.. ആ പുഞ്ചിരി നിറഞ്ഞ മുഖം കാൺകെ അവനും ഒരു സന്തോഷം തോന്നി...
\"\"\" വാ... \"\"\" അവരുടെ കൈയ്യും പിടിച്ച് അവൻ താഴേക്കുള്ള പടികൾ ഇറങ്ങി.. പ്രവേശന മുറി കടന്ന് അവൻ അവരുമായി ഡൈനിംഗ് ഹാളിൽ എത്തിയപ്പോൾ ഊണുമേശയുടെ മുന്നിലെ കസേരയിൽ അവരെയും കാത്തെന്ന പോൽ ഇരിക്കുന്നുണ്ടായിരുന്നു ലക്ഷൺ...
\"\"\" ഓ.. വന്നോ.. ഞാൻ കരുതി ഇനിയിപ്പോ ഞാൻ ഉള്ളത് കൊണ്ട് ഭക്ഷണവും വേണ്ടന്ന് വെക്കുമെന്ന്... \"\"\"
\"\"\" അങ്ങനെ തന്നെയാണ് ആദ്യം കരുതിയത്.. പിന്നെ, എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി ഞാൻ എന്തിനാണ് ഭക്ഷണം വേണ്ടന്ന് വെക്കുന്നതെന്ന് ഓർത്തപ്പോ കഴിക്കാൻ തോന്നി... \"\"\" ലക്ഷൺ ചെറിയോടെ പുച്ഛത്തോടെ പറഞ്ഞതും അതിനേക്കാൾ പുച്ഛം നിറഞ്ഞ മുഖവുമായി സനിജയുടെ കൈയ്യിലെ പിടി വിട്ട് അവിടെ കിടന്നൊരു കസേര വലിച്ച് നീക്കിയിട്ട് ഭദ്രൻ അതിലേക്ക് ഇരുന്നു... സനിജ ലക്ഷണിനെ ഒന്ന് നോക്കി.. മുഖം മങ്ങി പോയിട്ടും പുച്ഛത്തോടെ.. എന്നാൽ അവന് മനസ്സിലാകാത്ത വിധം കണ്ണുകളിൽ ഒരു തിളക്കത്തോടെ ഇരിക്കുകയാണ് അയാൾ.. അവരൊന്ന് നിശ്വസിച്ചു...
\"\"\" മിണ്ടാതിരുന്ന് കഴിക്ക്, ഭദ്രാ... \"\"\" ഒരു ശാസനയോടെ പറഞ്ഞ് അവർ ലക്ഷണിന്റെ അടുത്തായി ഭദ്രന് എതിരായി ഉള്ള കസേരയിലേക്ക് ഇരുന്നു...
\"\"\" മോൾക്ക് സുഖമാണോ ? \"\"\" മുന്നിലെ പ്ലേറ്റ് നീക്കി വെച്ച് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയ നേരം തന്റെ പ്ളേറ്റിൽ ഉള്ളത് വായിലേക്ക് വെച്ച് കൊണ്ട് അയാൾ തിരക്കി...
\"\"\" അറിഞ്ഞിട്ട് നിങ്ങൾക്കെന്തിനാണ്... വർഷങ്ങളായി ആരോരും ഇല്ലാതെ തനിച്ചായി പോയ നിങ്ങളുടെ ഏട്ടന്റെ മകനോട് പോലും ഇല്ലാത്ത സ്നേഹം നിങ്ങൾ അവളോട് കാണിക്കണ്ട... \"\"\" വല്ലാത്തൊരു പരിഹാസം അവന്റെ വാക്കുകളിൽ നിന്ന് അയാൾ അറിഞ്ഞു...
\"\"\" നിന്റെ അച്ഛനാണ്, ഭദ്രാ... \"\"\" ലക്ഷൺ എന്തെങ്കിലും പറയും മുൻപ് അയാളുടെ കൈയ്യിൽ പിടി മുറുക്കി സനിജ അവനോട് ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞു.. ഭദ്രൻ അത് കേട്ടതായി ഭാവിച്ചില്ല.. പ്ളേറ്റിലേക്ക് മുഖം താഴ്ത്തി അവൻ കഴിക്കുന്നതിൽ ശ്രദ്ധിച്ചു.. സനിജ ലക്ഷണിനെ ഒന്ന് നോക്കി.. നിർവികാരമായ മുഖത്തോടെ.. എന്നാൽ വാത്സല്യം തുളുമ്പുന്ന കണ്ണുകളോടെ ഭദ്രനെ നോക്കി ഇരിക്കുന്ന അയാളുടെ മുഖം കണ്ടതും അവർക്ക് വല്ലാത്ത വേദന തോന്നി.. എന്തിനാണ് ഇതൊക്കെ...?! ഇനിയെങ്കിലും അവനോട് എല്ലാം തുറന്ന് പറഞ്ഞൂടെ...?! എന്ന് അയാളോട് അവർ നിശബ്ദമായി ചോദിച്ചു.. അതേ നിമിഷം തന്റെ കഴിപ്പ് മതിയാക്കി ലക്ഷൺ ചെയറിൽ നിന്ന് എഴുന്നേറ്റു.. സനിജ ഞെട്ടി...
\"\"\" എ.. എന്ത് പറ്റി ? \"\"\" വെപ്പ്രാളത്തോടെ അവർ അയാളുടെ കൈയ്യിൽ കയറി പിടിച്ചു...
\"\"\" എനിക്ക് മതി... \"\"\" കടുത്ത സ്വരത്തിൽ പറഞ്ഞ് അവരുടെ കൈ തന്നിൽ നിന്ന് വിടുവിച്ച് വാഷ്ബേസിന് അരികിലേക്ക് ചെന്ന് കൈ കഴുകി അയാൾ മുറിയിലേക്ക് പോയതും സനിജ ദയനീയമായി ഭദ്രന്റെ മുഖത്തേക്ക് നോക്കി...
\"\"\" എന്തിനാ ഭദ്രാ അച്ഛനോട് അങ്ങനെയൊക്കെ... \"\"\"
\"\"\" ഈ സംസാരം നമുക്കിടയിൽ വേണ്ട, അമ്മാ... \"\"\" അവരെ പറഞ്ഞ് പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ ഇടയിൽ കയറി.. സനിജ ഒന്ന് തലയനക്കി.. ശരിയെന്ന മട്ടിൽ.. അല്ലെങ്കിലും എന്തിനാണ്.. ഒരു കാര്യവും ഇല്ല.. ആരും ഒന്നും അറിയരുതെന്ന് വാശി പിടിക്കുന്ന ഭർത്താവിനും.. ഒന്നും അറിയാതെ അച്ഛനെ വെറുക്കുന്ന മകനും.. ഇതിന് രണ്ടിനും നടുവിൽ ഉരുകി ജീവിക്കുന്നത് താനും ... സങ്കടം വന്നു പോയി അവർക്ക്.. എന്തിന്റെ പേരിൽ ആയാലും ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ വേദനിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.. അതുപോലെ സ്വന്തം മകനെയും.. കഴിച്ച് കൊണ്ടിരുന്ന തന്റെയും ലക്ഷണിന്റെയും പ്ലേറ്റ് മറ്റൊരു പ്ലേറ്റ് എടുത്ത് അടച്ച് വെച്ച ശേഷം അവർ എഴുന്നേറ്റ് കൈ കഴുകി ഭദ്രന്റെ അടുത്തേക്ക് ചെന്ന് അവന്റെ നെറുകയിൽ ഒന്ന് തഴുകിയിട്ട് മുറിയുടെ വാതിലിന് അരികിലേക്ക് ചെന്ന് ചാരി ഇട്ടിരിക്കുന്ന ഡോറിൽ കൈ വെക്കാൻ തുടങ്ങിയതും ലക്ഷൺ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി...
\"\"\" ഞാനൊന്ന് പുറത്തേക്കാ.. നാളെയേ വരൂ... \"\"\" അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞ ശേഷം അയാൾ അവരെ മറി കടന്ന് ചെന്ന് ഹാളിലെ പ്രധാന വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.. സനിജയുടെ ഉള്ളം വിങ്ങി...
\"\"\" ശേഖരേട്ടാ... \"\"\" തിരിഞ്ഞ് ഭക്ഷണം കഴിക്കുന്ന ഭദ്രനെ ഒന്ന് നോക്കി അവർ വേഗം അയാൾക്ക് പിന്നാലെ പാഞ്ഞു.. തന്റെ കാറിന് അരികിലേക്ക് നടക്കാൻ തുടങ്ങിയ ലക്ഷൺ ആ വിളി കേട്ടൊന്ന് നിന്നു.. സനിജ പെട്ടന്ന് തന്നെ വാതിൽ ചാരി അയാൾക്ക് അടുത്തേക്ക് ചെന്നു...
\"\"\" എ.. എങ്ങടാ ? ഇപ്പൊ.. നാളെ.. നാളെ പോയാൽ പോരേ? \"\"\" അയാളുടെ കൈയ്യിൽ പിടിച്ച് ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ലക്ഷൺ ഒന്ന് ചിരിച്ചു...
\"\"\" വർക്കിയുടെ അടുത്തേക്കാടോ.. അല്ലാതെവിടേക്കും അല്ല... താൻ അവന്റെ അടുത്തേക്ക് ചെല്ല്.. വല്ലപ്പോഴും അല്ലേ അവനെ ഇങ്ങനെ അടുത്ത് കിട്ടൂ.. ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നം ഉണ്ടാകണ്ട... \"\"\" അവരുടെ കവിളിൽ തഴുകി അയാളൊന്ന് കണ്ണ് ചിമ്മി...
\"\"\" ശേഖരേട്ടാ... \"\"\" വിതുമ്പി പോകുന്ന ചുണ്ടുകളോടെ കവിളിൽ ഇരിക്കുന്ന അയാളുടെ കൈയ്യിൽ പിടിച്ച് അവർ തേങ്ങി.. ഒന്നും പറഞ്ഞില്ല അയാൾ.. ഇടം കൈ നീട്ടി അവരെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അയാൾ അവരുടെ നെറ്റിയിൽ തന്റെ ചുണ്ട് അമർത്തി...
\"\"\" എനിക്കെന്റെ ഏട്ടനെ വേണം, മോളെ.. എന്നെ.. എനിക്ക് വേണ്ടി.. എന്നെ ഈ നിലയിൽ എത്തിച്ച എന്റെ ഏട്ടന്റെ വാക്ക് ധിക്കരിക്കാൻ.. അത്.. അതിനെനിക്ക് കഴിയില്ലെടാ.. അതുകൊണ്ടാണ്.. ദേവിനെ ഞാൻ ഈ വീട്ടിലേക്ക് കൂട്ടാതിരുന്നത്.. അല്ലാതെ.. സ്നേഹം.. സ്നേഹം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല.. ഞാൻ.. നിനക്ക്.. നിനക്കറിയില്ലേ എന്നെ... \"\"\" അവരുടെ നെറ്റിയിൽ കവിൾ അമർത്തി അയാൾ തന്റെ നിറഞ്ഞ കണ്ണുകളെ എങ്ങനെ ഒക്കെയോ നിയന്ത്രിച്ചു.. ആ സ്വരത്തിലെ ഇടർച്ച.. അവയിലെ വേദന.. അത് അവരെ പോലെ അറിയുന്ന മറ്റാരും ഭൂമിയിൽ വേറെ ഉണ്ടായിരുന്നില്ല...
\"\"\" ഇങ്ങനെയൊന്നും പറയല്ലേ, ശേഖരേട്ടാ.. എനിക്കറിയാം ഈ മനസ്സ്.. വർക്കി വഴി ദേവിന് വേണ്ടി ആരും അറിയാതെ ഇത്രയൊക്കെ ചെയ്തത് അവനോട് ഉള്ള സ്നേഹം കൊണ്ട് തന്നെയല്ലേ.. എനിക്ക് അറിയാം... വിഷമിക്കല്ലേ... \"\"\" വലം കൈ ഉയർത്തി അയാളുടെ കവിളിൽ വെച്ച് അവർ ആ നെഞ്ചിലേക്ക് ചാഞ്ഞു...
\"\"\" ഇല്ലടാ.. വിഷമിക്കില്ല.. ഞാൻ.. ഞാനൊന്ന് പോയിട്ട്.. നാളെ വന്നേക്കാം... \"\"\" ആ നെറ്റിയിൽ ഒരിക്കൽ കൂടി ചുണ്ട് അമർത്തി അയാൾ അവരെ തന്നിൽ നിന്ന് അടർത്തി മാറ്റി...
\"\"\" ചെന്ന് കഴിക്ക്.. വെറുതെ ഓരോന്ന് ഓർത്ത് സങ്കടപെടണ്ട... \"\"\" അവരുടെ കവിളിൽ തട്ടി മുഖത്തൊരു പുഞ്ചിരി വരുത്തി അയാൾ പോർച്ചിൽ കിടക്കുന്ന തന്റെ കാറിനടുത്തേക്ക് നടന്നു.. സനിജയുടെ മനം നൊന്തു.. എന്നും സ്വന്തം വേദന മറച്ച് തന്നോട് വേദനിക്കരുതെന്ന് പറയുന്ന.. കൂടെ കൂട്ടിയ അന്നുമുതൽ തന്നെ പൊതിഞ്ഞ് കൊണ്ട് നടക്കുന്ന... വർഷങ്ങൾ ഇത്ര കടന്ന് പോയിട്ടും അന്നത്തെ അതേ സ്നേഹത്താലും പ്രണയത്താലും ഓരോ നിമിഷവും തന്നെ ചേർത്ത് പിടിക്കുന്ന... ആ മനുഷ്യനോട് അവർക്ക് പ്രണയമായിരുന്നു... കാലങ്ങൾ പിന്നിടും തോറും വീര്യം കൂടുന്നൊരു വീഞ്ഞ് പോലെ വർദ്ധിച്ച് വരുന്ന ..... തീവ്രമായ പ്രണയം .......!
🔹🔹🔹🔹
ഊണുമേശയ്ക്ക് അരികിൽ ദേവിന്റെ എതിർവശത്തായി വിദുവിന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കെ നിളയുടെ ശ്രദ്ധ മുഴുവൻ ദേവിന്റെ മുഖത്ത് ആയിരുന്നു.. അവന്റെ ചുവന്നിരിക്കുന്ന മുഖം ... സങ്കടം തളം കെട്ടി നിൽക്കുന്ന മിഴികൾ.. ചുരുങ്ങിയിരിക്കുന്ന നെറ്റി... ഗൗരവം എടുത്ത് അറിയിക്കുന്ന പോൽ വളഞ്ഞ പുരികങ്ങൾ... അതെല്ലാം എന്തുകൊണ്ടാണ് എന്നവൾക്ക് മനസ്സിലായില്ല.. പക്ഷേ.. അവന് എന്തോ ഒരു വിഷമം ഉണ്ടെന്ന് മാത്രം അവളുടെ ഉള്ളിൽ ഇരുന്ന് ആരോ അവളോട് പറഞ്ഞു കൊണ്ടിരുന്നു...
\"\"\" നീ ഇതെന്താടി ദേവേട്ടന്റെ വായിൽ നോക്കി ഇരിക്കുന്നെ ? ആഹാരം എടുത്ത് കഴിക്കടി... \"\"\" ഇടക്ക് എപ്പോഴോ അവളോട് എന്തോ പറഞ്ഞ് തലയുയർത്തി നോക്കിയ വിദു അവളുടെ ഇരിപ്പ് കണ്ട് അവളുടെ കൈയ്യിൽ തട്ടി ഒരു ചിരിയോടെ പറഞ്ഞതും നിള ഒന്ന് ഞെട്ടിയത് പോലെ അവനെ നോക്കി...
\"\"\" എ.. എന്താ നീ പറഞ്ഞെ? \"\"\" ചിന്തകൾ മുഴുവൻ ദേവിന്റെ മുഖഭാവത്തെ ചുറ്റി പറ്റി ആയിരുന്നതിനാൽ അവൻ പറഞ്ഞത് അവൾ കേട്ടിരുന്നില്ല...
\"\"\" അത് ശരി.. നീ ഇത് ഏത് ലോകത്താ.. ഇരുന്ന് കഴിക്കാൻ പറഞ്ഞതാ... \"\"\" അവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്ത് അവൻ തന്റെ കഴിച്ച് കഴിഞ്ഞ പ്ളേറ്റും എടുത്ത് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു...
നിള ദേവിനെ ഒന്ന് നോക്കി...
\"\"\" നിനക്ക് എന്ത് പറ്റി ? \"\"\" എത്ര ചോദിക്കണ്ടന്ന് വെച്ചിട്ടും അറിയാതെ അവൾ ചോദിച്ചു പോയി.. മുഖം താഴ്ത്തി ഇരുന്ന് ഭക്ഷണത്തിന്റെ അവസാന പിടിയും വായിലേക്ക് വെച്ച ദേവ് അവളുടെ ചോദ്യം കേൾക്കെ തലയുയർത്തി അവളെയൊന്ന് നോക്കി കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു...
\"\"\" വേഗം കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്... \"\"\" ഇരുന്നിരുന്ന കസേര തിരികെ നീക്കിയിട്ട് അവൻ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു...
\"\"\" പ്ലേറ്റ് അവിടെ വെച്ചേക്ക്, വിദൂ.. ഞാൻ കഴുകിക്കോളാം... \"\"\" അടുക്കളയിലെ ലൈറ്റ് ഓൺ ചെയ്ത് ദേവ് വിദുവിന്റെ കൈയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി.. രക്ഷപ്പെട്ടു എന്ന് മനസ്സിൽ മൊഴിഞ്ഞ് വിദു അടുക്കളയിൽ നിന്ന് ഇറങ്ങി ഊണുമേശയ്ക്ക് അരികിലെ വാഷ്ബേസിന്റെ അടുത്തേക്ക് ചെന്ന സമയം നിളയും കഴിച്ച് എഴുന്നേറ്റിരുന്നു.. കസേര നീക്കിയിട്ട് അവൾ പാത്രവുമായി അടുക്കള വാതിൽ കടന്നതും ഒന്ന് തിരിഞ്ഞ് നോക്കി ദേവ് അവളുടെ കൈയ്യിൽ നിന്ന് പാത്രം വാങ്ങി കഴുകാൻ തുടങ്ങി.. നിളയ്ക്ക് ഒരു വല്ലായ്മ തോന്നി.. അവന്റെ മനസ്സിനെ എന്താണ് വേദനിപ്പിക്കുന്നതെന്ന് അറിയാൻ.. അതൊന്ന് ചോദിച്ച് മനസ്സിലാക്കി അവനെ സമാധാനിപ്പിക്കാൻ.. അങ്ങനെ എന്തെല്ലാമൊക്കെയോ.. പക്ഷേ.. സ്വയം വിലക്കി ഒരു ദീർഘശ്വാസം എടുത്ത് അവൾ തിരിഞ്ഞ് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി...
പാത്രം കഴുകി കഴിഞ്ഞ് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന വാതിൽ അടച്ച് ദേവ് ലൈറ്റും ഓഫ് ചെയ്ത് പ്രവേശന മുറിയിലേക്ക് ചെല്ലുമ്പോൾ സോഫയിൽ മലർന്ന് കിടന്ന് ടീവി കാണുകയായിരുന്നു വിദു...
\"\"\" നീ കിടക്കുന്നില്ലേടാ... \"\"\" ദേവ് മുൻവശത്തെ വാതിൽ ചേർത്തടച്ച് കുറ്റിയിട്ട് പുറത്തെ ലൈറ്റ് അണച്ചു...
\"\"\" കുറച്ച് കഴിയും, ഏട്ടാ.. ഹോസ്റ്റലിൽ വൈകിയാ കിടക്കാറ്... \"\"\" അവൻ ടീവിയിൽ നിന്ന് ശ്രദ്ധ മാറ്റാതെ പറഞ്ഞു.. ദേവ് അവനെയൊന്ന് നോക്കി.. ശേഷം തുറന്ന് കിടക്കുന്ന നിളയുടെ മുറിയിലെ വാതിലിലേക്കും.. എന്ത് ചെയ്യണമെന്ന് അറിയാതെ അവന്റെ മുഖമൊന്ന് അസ്വസ്ഥമായി.. അത്രയും നേരം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും.. സമയം ആയപ്പോൾ അത് അംഗീകരിക്കാൻ കഴിയാത്തത് പോലെ.. എന്തോ ഒന്ന് പിന്നിലേക്ക് വലിക്കുന്നു... അവന്റെ നോട്ടം ആ മുറിയിൽ നിന്ന് മാറി അത്രയും ദിവസം കിടന്നിരുന്ന തന്റെ മുറിയിലേക്ക് നീണ്ടു...
\"\"\" ഏട്ടൻ കിടക്കുന്നില്ലേ? \"\"\" പെട്ടന്ന് വിദു അവന്റെ മുഖത്തേക്ക് നോക്കി സംശയത്തോടെ തിരക്കി...
\"\"\" ഏഹ്.. ആഹ്.. പോകാൻ തുടങ്ങുവായിരുന്നു... \"\"\" ഒന്ന് പരുങ്ങി അവൻ പിന്നെയും നിളയുടെ മുറിയിലേക്ക് നോക്കി.. ബെഡ് ഷീറ്റ് തട്ടി കുടഞ്ഞ് വിരിക്കുന്ന നിളയുടെ രൂപം അവിടെ നിന്ന് അവൻ കണ്ടു.. ഹൃദയം ഒന്ന് മുറുകിയത് പോലെ.. ആദ്യമായിട്ട് ഒന്നും അല്ലല്ലോ, ദേവാ.. ഒരു വർഷം മുൻപ്.. നീ അവളോടൊപ്പം ഒത്തിരി തവണ കിടന്നിട്ടില്ലേ.. അതും അവളെ ചേർത്ത് പിടിച്ച്... സ്വയം മനസ്സിനെ ആവർത്തിച്ച് പറഞ്ഞ് പഠിപ്പിച്ച് അവൻ അവളുടെ മുറിയിലേക്ക് നടന്നു...
\"\"\" കിടക്കുമ്പോ ലൈറ്റും സ്വിച്ചും ഒക്കെ അണച്ചേക്കണേ, വിദൂ... \"\"\" മുറിയിലേക്ക് കയറും മുൻപ് അവനൊന്ന് തിരിഞ്ഞ് നോക്കി വിദുവിനെ ഓർമ്മിപ്പിച്ചു...
\"\"\" ആഹ്, ഏട്ടാ.. ഏട്ടൻ പോയി കിടന്നോ.. ഗുഡ് നൈറ്റ്... \"\"\" വിദു അവനായി ഒരു പുഞ്ചിരി നൽകി.. തിരികെ അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ദേവ് മുറിയിലേക്ക് കയറി...
തുടരും...............................................
Tanvi 💕
നീലനിലാവേ... 💙 - 24
ദേവ് മുറിയിലേക്ക് കയറി ചെല്ലുമ്പോൾ തലയിണ എടുത്ത് യഥാസ്ഥാനത്ത് വെച്ച് കിടക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു നിള.. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ദേവ് അവിടെ തന്നെ നിന്ന് പോയി.. എന്താണ് അവളോട് പറയുക.. കഴിഞ്ഞൊരു ദിവസം അവൾ ഒപ്പം കിടക്കുമോ എന്ന് ചോദിച്ചപ്പോൾ അത് കേട്ടതായി പോലും ഭാവിക്കാതിരുന്ന വ്യക്തിയാണ് താൻ.. എന്നിട്ടിപ്പോൾ.... അവന് വല്ലാത്തൊരു മനപ്രയാസം തോന്നി.. എങ്ങനെയാണ് ഈ പ്രതിസന്ധി മറികടക്കേണ്ടത് എന്നവന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.. പൂർണ്ണമായും മുറിയുടെ ഉള്ളിലേക്ക് കയറി അവനൊന്ന് തിരിഞ്ഞ് നോക്കി.. ടീവിയിൽ നടക്കുന്ന സിനിമയിൽ മുഴുകി ഇരിക്