Aksharathalukal

നീലനിലാവേ... 💙 - 25

ഉമ്മറത്തെ തൂണിൽ ചാരി തിണ്ണയിൽ കാലും നീട്ടി ആകാശത്തേക്കും നോക്കി ഇരിക്കുകയായിരുന്നു ദേവ്.. നേരം പുലരാൻ തുടങ്ങിയിരിക്കുന്നു.. എത്ര കിടന്നിട്ടും ഉറക്കം വരാതെ മുറിയിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങിയതാണ് അവൻ.. ആ നിമിഷം മുതൽ ആലോചനകളിൽ മുഴുകി അതേ ഇരിപ്പ് തന്നെ ആയിരുന്നതിനാൽ ആകാം.. ചെറുതായി നടുവിന് ഒരു പിടിത്തം തോന്നി അവന്.. അസ്വസ്ഥതയോടെ തുറന്ന് കിടക്കുന്ന ജനാല വഴി അകത്തേക്ക് നോക്കിയപ്പോൾ സമയം ആറര ആകാറായെന്ന് കണ്ടതും നീട്ടി വെച്ചിരിക്കുന്ന തന്റെ ഇരുകാലുകളും നിലത്തേക്ക് ഇറക്കി അവൻ തിണ്ണയിൽ ഇരു കൈകളും താങ്ങി മുന്നോട്ട് ആഞ്ഞിരുന്നു.. അതേ നിമിഷം റോഡിന്റെ ഭാഗത്ത് നിന്ന് വീടിന് അരികിലേക്ക് വരുന്ന വഴി ഒരു കാൽ പെരുമാറ്റം കേട്ട് ദേവിന്റെ കണ്ണുകൾ അവിടേക്ക് നീങ്ങി.. വേലിയ്ക്ക് സമീപം തന്റെ അടുത്തേക്ക് വരാൻ ധൈര്യമില്ലാത്തവളെ പോലെ നിൽക്കുന്ന പഞ്ചമിയെ കാൺകെ അവന്റെ മുഖത്ത് സംശയമുണ്ടായി...

\"\"\" എന്താ?, പഞ്ചമീ... \"\"\" ഗൗരവത്തോടെ ചോദിച്ച് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. പഞ്ചമിയുടെ തലതാഴ്ന്നു.. എങ്കിലും അവനോട് സംസാരിക്കണമെന്ന ചിന്തയിൽ ദാവണിയുടെ ദുപ്പട്ടയിൽ മെല്ലെ വിരൽ ചുറ്റി വലിച്ച് അവൾ അവനടുത്തേക്ക് നടന്നു...

\"\"\" എന്താ? \"\"\" അവൾ വീടിന്റെ മുന്നിൽ എത്തിയതും പുറത്ത് ഇരിക്കുന്ന ബക്കറ്റിൽ നിന്ന് കാല് കഴുകി അവൻ ഉമ്മറത്തേക്ക് കയറി...

\"\"\" ഞാൻ.. ഞാൻ ദേവേട്ടനോട്‌ ഒന്ന് സംസാരിക്കാൻ വന്നതാ... \"\"\" തലയല്പം ഉയർത്തി അവൾ വിങ്ങുന്ന മുഖത്തോടെ പറഞ്ഞതും അവൻ അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി...

\"\"\" അ.. അത്.. ഞാൻ.. അന്ന് മറ്റൊന്നും ഉദ്ദേശിച്ചല്ല.. അവള്.. കുട്ടിയല്ലേ.. അപ്പൊ.. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അവൾക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞ് കൊടുക്കണം എന്നേ കരുതിയുള്ളൂ.. അത് ഇങ്ങനെ ഒന്നും ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല.. സത്യമായും മറ്റൊന്നും വിചാരിച്ചല്ല.. എന്നോട് ദേഷ്യം തോന്നല്ലേ.. ഞാൻ... \"\"\" ബാക്കി പറയാതെ അവളൊന്ന് നിർത്തി.. അവന് ഒന്നും തോന്നിയില്ല.. ഒരു തരത്തിൽ താൻ അന്ന് നിളയെ തല്ലാൻ അവളും ഒരു കാരണം ആണെന്ന ചിന്ത ഉള്ളിൽ എവിടെയോ തോന്നിയതിനാൽ ആകാം വെറുതെ അവളെ നോക്കി കഴിഞ്ഞോ എന്നൊരു ഭാവത്തിൽ നിന്നതേ ഉള്ളൂ അവൻ... 

\"\"\" വിരോധം ഉണ്ടാവല്ലേ, ദേവേട്ടാ.. അവളുടെ നല്ലത് കരുതിയാ ഞാൻ.. തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കണം... \"\"\" അവൻ മിണ്ടാതെ നിൽക്കെ അവൾ ഒരിക്കൽ കൂടി പറഞ്ഞു.. പക്ഷേ, എന്നിട്ടും അവനിൽ യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലെന്ന് കണ്ടതോടെ അവൾ വല്ലാതെയായി..

\"\"\" ഞാൻ... \"\"\" 

\"\"\" കഴിഞ്ഞെങ്കിൽ പഞ്ചമിയ്ക്ക് പോകാം... \"\"\" അവൾ പിന്നെയും എന്തോ പറയാൻ തുടങ്ങവെ ശാന്തമായതെങ്കിലും ഉറച്ച സ്വരത്തിൽ അവൻ അറിയിച്ചു.. പഞ്ചമിയുടെ മുഖം വിളറി.. കടുത്തൊരു അപമാനം തോന്നി പോയി അവൾക്ക്.. അതോടൊപ്പം ഇതിനെല്ലാം കാരണക്കാരിയായ നിളയോട് വല്ലാത്ത ദേഷ്യവും.. നിനക്ക് ഈ പഞ്ചമി ആരാണെന്ന് ഞാൻ കാണിച്ച് തരാം, നിളാ... ഉള്ളിൽ നിറയുന്ന നീരസത്തോടെ മനസ്സിൽ പറഞ്ഞ് ദേവിനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ അവിടുന്ന് തിരിഞ്ഞ് നടന്ന് തന്റെ വീട്ടിലേക്ക് പോകെ ദീർഘമായൊന്ന് നിശ്വസിച്ച് പോയി ദേവ്.. അവളുടെ മുഖത്തെ ആത്മാർത്ഥതയില്ലായ്മ ആദ്യമേ അവന് മനസ്സിലായിരുന്നു.. അതുപോലെ പലപ്പോഴും അവൾ തന്നോട് കാണിക്കാൻ ശ്രമിക്കുമായിരുന്ന സ്വാതന്ത്ര്യവും ഇപ്പോൾ അവന് വ്യക്തമായിരുന്നു.. ഓർത്ത് കൊണ്ട് മുണ്ടൊന്ന് മടക്കി ഉടുത്ത് അവൻ തിരിഞ്ഞ് വീടിന്റെ അകത്തേക്ക് കയറിയ അതേ നിമിഷമാണ് മുറിയിൽ നിന്ന് നിള വാതിൽ കടന്ന് ഇറങ്ങി വന്നത്.. അവനൊന്ന് നിന്നു...

\"\"\" നീ നേരത്തെ എഴുന്നേറ്റോ? \"\"\" മുഖം അമർത്തി തുടച്ച് നിള അവനെ സംശയത്തോടെ നോക്കി...

\"\"\" മ്മ്മ്... കുറച്ച് കൂടി കിടക്കാമായിരുന്നില്ലേ നിനക്ക് ..? ഇന്നിനി കോളേജിലേക്ക് പോകുന്നൊന്നുമില്ലല്ലോ... \"\"\" വാതിൽ ഒന്ന് ചാരി അവൻ അവൾക്ക് അടുത്തേക്ക് നടന്നു...

\"\"\" ആറരയായില്ലേ.. എന്റെ ഉറക്കം ഒക്കെ പോയി.. ഇനിയിപ്പോ കിടക്കുന്നില്ല.. ആരു കുറച്ച് കഴിയുമ്പോ വരും.. നിനക്ക് കടയിൽ പോകേണ്ടതല്ലേ.... ഞാൻ കുളിച്ചിട്ട് വരാം... \"\"\" പറഞ്ഞ് കഴിഞ്ഞ് അവൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൾക്ക് മുന്നിൽ എത്തിയ ദേവ് അവളുടെ കൈയ്യിൽ കയറി പിടിച്ചതും ഒന്നിച്ചാണ്... അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. ശേഷം അവൻ പിടിച്ച തന്റെ കൈയ്യിലേക്കും.. ദേവ് അവളുടെ കൈ വിട്ടില്ല.. പകരം.. ആ കൈയ്യിലെ പിടി മുറുക്കി അവൾക്ക് അരികിലേക്ക് അല്പമൊന്ന് നീങ്ങി നിന്ന് അവളുടെ കവിളിൽ കൈ വെച്ചു...

\"\"\" എന്താ നിനക്ക്? \"\"\" അവന്റെ ശബ്ദം.. വല്ലാതെ താഴ്ന്നു പോയി.. ആ മിഴികളിലെ നൊമ്പരം മനസ്സിലായിട്ടും അവൾ അത് മനസ്സിലായതായി ഭാവിച്ചില്ല...

\"\"\" എനിക്കെന്ത്... നീ കൈ വിട്ടേ, ദേവാ.. ഞാൻ പോയി കുളിച്ചിട്ട് ദോശ ചുടട്ടെ... \"\"\" അസ്വസ്ഥതയോടെ പറയുന്ന അവളുടെ മുഖത്ത് കാണുന്ന ഇഷ്ടക്കേട് അവന്റെ ഉള്ളിലൊരു തരിപ്പ് സൃഷ്ടിച്ചു.. അവളുടെ അകൽച്ച.. അവഗണന... മടുപ്പ് നിറഞ്ഞ സ്വരം.. എല്ലാം.. അവനെ സ്തംഭിതനാക്കി.. ശരിക്കും ഇപ്പോഴാണ് നീ തനിച്ചായത്.. എന്ന് ഹൃദയത്തിൽ നിന്ന് ആരോ മുറവിളി കൂട്ടുന്നത് പോലെ.. കണ്ണുകൾ കലങ്ങി പോകുമെന്ന് തോന്നിയ നിമിഷം അവൻ അവളുടെ കൈയ്യിലെ പിടി വിട്ടു.. ഉടനടി അവൾ അവനെ നോക്കാതെ തിരിഞ്ഞ് മുറിയിലേക്ക് കയറി പോയതും ശൂന്യമായ മനസ്സോടെ ദേവ് വീടിന്റെ പുറത്തേക്ക് തന്നെ ഇറങ്ങി.. അയയിൽ വിരിച്ചിട്ടിരിക്കുന്ന തോർത്തും എടുത്ത് പുഴക്കരയിലേക്ക് നടക്കുമ്പോൾ ഈ ഭൂമിയിൽ എന്തിന് നീ പിറന്നു എന്നവൻ സ്വയം വെറുതെ ഒന്ന് ചോദിച്ചു.. ഉത്തരം ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ...

                              🔹🔹🔹🔹

ഉച്ചയ്ക്ക് കടയിൽ ഇരുന്ന് കണക്ക് എഴുതുന്ന നേരം ദേവിന്റെ ശ്രദ്ധ മുഴുവൻ സൈഡിലെ വർക്ക്‌ഷോപ്പിലേക്ക് ആയിരുന്നു.. അല്പം മുൻപ് ഭദ്രന്റെ ബൈക്ക് കട കടന്ന് പോകുന്നത് അവൻ കണ്ടതാണ്.. പക്ഷേ, തനിക്ക് നേരെ ഒരു നോട്ടം പോലും നൽകാതെ ബൈക്കിൽ നിന്ന് ഇറങ്ങി അവൻ വർക്ക്‌ഷോപ്പിന്റെ അകത്തേക്ക് കയറി പോകുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ തോന്നി പോയി അവന്.. ഒറ്റ ദിവസം കൊണ്ട് വീണ്ടും ഒറ്റപ്പെട്ടത് പോലെ... ഒരു വീർപ്പുമുട്ടൽ അവനെ മൂടി.. ഒപ്പം നെഞ്ച് ആകെ പിടഞ്ഞു മുറുകുന്നത് പോലെ തോന്നെ മേശപ്പുറത്ത് ഇരിക്കുന്ന ഫോൺ കൈയ്യിലേക്ക് എടുത്ത് അവൻ അതിന്റെ സ്ക്രീനിലേക്ക് നോക്കി.. പിന്നിൽ നിന്ന് തന്റെ കഴുത്തിൽ ഇരു കൈകളും ചുറ്റി തന്റെ വലം കവിളിലേക്ക് കവിൾ ചേർത്ത് വെച്ച് നിൽക്കുന്ന നിള... അവളുടെ ഒരു കൈയ്യിൽ താനും പിടിച്ചിട്ടുണ്ട്.. മൂന്ന് വർഷം മുൻപ് എന്നോ എടുത്ത ഫോട്ടോയാണ്.. കണ്ടാൽ തന്നെ അറിയാം.. സന്തോഷമാണ്.. ആ രണ്ട് മുഖത്തും.. നിറഞ്ഞ ചിരി.. പക്ഷേ, ഇന്ന് ആ ആനന്ദത്തിന്റെ ഒരംശം പോലും തങ്ങളിൽ ബാക്കി ഇല്ലെന്ന് അവനൊരു നോവോടെ ഓർത്തു...

\"\"\" ഓയ്, മിസ്റ്റർ ദേവാ... \"\"\" പെട്ടന്ന് തന്റെ കണ്ണിന് കുറുകെ കൈ വീശിയുള്ള മുന്നിൽ നിന്ന് ഉയർന്ന ആ വിളിയിൽ ആലോചനകളിൽ മുഴുകി ഇരുന്ന ദേവ് ഞെട്ടി മുഖമുയർത്തി തനിക്ക് മുന്നിലേക്ക് നോക്കി.. ചിരിയോടെ.. എന്നാൽ സംശയത്തോടെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കാൺകെ അവന്റെ കണ്ണൊന്ന് വിടർന്നു...

\"\"\" ഇതാര്.. സാക്ഷാൽ ദുർഗാ ദേവിയോ.. നിന്നെ ഇങ്ങോട്ട് ഒക്കെ കണ്ടിട്ട് രണ്ട് മൂന്ന് ദിവസം ആയല്ലോടി.. വേല ഒഴിഞ്ഞ് നേരം ഇല്ലേ കവയത്രിയ്ക്ക് അവിടെ ? \"\"\" കളിയോടെ ചോദിച്ച് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" ഓ.. ഇപ്പോഴെങ്കിലും ഒന്ന് തിരക്കിയല്ലോ... വല്യ സന്തോഷം... \"\"\" കെറുവോടെ അവന് മുന്നിൽ ഇരിക്കുന്ന മെലഡിയുടെ ടിൻ തുറന്ന് അവൾ അതിൽ നിന്നൊരെണ്ണം കൈയ്യിലേക്ക് എടുത്തു.. ദേവിന് ചിരി വന്നു...

\"\"\" എന്ത് പറ്റി മുഖത്തൊരു വൈക്ലബ്യം ? നിന്റെ കൊച്ചമ്മ വല്ലതും പറഞ്ഞോ ? \"\"\" ചെയർ നീക്കി ടേബിളിന്റെ സൈഡിൽ ചാരി നിന്ന് ദേവ് പുരികം ഉയർത്തി...

\"\"\" അത് പിന്നെ ചോദിക്കാൻ ഉണ്ടോ.. അവർക്ക് അത് തന്നെയല്ലേ ഇരുപത്തിനാല് മണിക്കൂറും പണി.. മോനും കൂട്ടുകാരും പിന്നെ താഴേക്ക് വരാറില്ലാത്തത് കൊണ്ട് ആ ഭാഗത്ത് നിന്ന് ഒരു അറ്റാക്ക് ഇല്ല.. മുകളിൽ ഇരുന്ന് അവർ ഓർഡർ ഇടും... സാവിത്രി കൊച്ചമ്മ വന്ന് അത് എന്നോട് കൽപ്പിക്കും.. അതാ അവിടെ സ്ഥിരം നടക്കുന്നത്... \"\"\" മടുപ്പോടെ അവൾ കൈയ്യിലെ സഞ്ചി അവിടുത്തെ കസേരയുടെ മേൽ വെച്ചു.. അതേ സമയമാണ് വായനശാലയിലേക്ക് പോയിരുന്ന വിനു ഒരു പുസ്തകവും പിടിച്ച് കടയിലേക്ക് കയറി വന്നത്...

\"\"\" ഹാ.. ആരിത്.. വേലക്കാരി ജാനുവോ.. കണ്ടിട്ട് കുറച്ചായല്ലോ ദുർഗ കൊച്ചേച്ച്യേ... \"\"\" ദേവിനോട് സംസാരിച്ച് നിൽക്കുന്ന ദുർഗയെ നോക്കി ഒരു കുസൃതിചിരിയോടെ അവൻ അവർക്ക് അടുത്തേക്ക് ചെന്നു...

\"\"\" ദേ, ചെക്കാ.. വെറുതെ ചൊറിയാൻ വരല്ലേ.. അല്ലെങ്കിൽ തന്നെ ആകെ തരിച്ച് കയറി നിൽപ്പാ ഞാൻ... അതിന്റെ ഇടയിലാ അവന്റെ ഒരു... \"\"\" ദേഷ്യത്തോടെ അവന് നേർക്ക് കൈ ചൂണ്ടി പറഞ്ഞിട്ട് ദുർഗ അവനിൽ നിന്ന് മുഖം തിരിച്ചു...

\"\"\" ശെടാ.. ഇങ്ങനെ ദേഷ്യപ്പെടാനും വേണ്ടി ഞാനൊന്നും പറഞ്ഞില്ലല്ലോ... സെർവന്റിനെ ഒക്കെ വേലക്കാരി എന്ന് തന്നെയല്ലേ മലയാളത്തിൽ പറയുക...? ഇനി അത് മാറ്റി വേറെ എന്തെങ്കിലും ആക്കിയിരുന്നോ.. അത് ഞാൻ അറിഞ്ഞില്ലാട്ടോ... \"\"\" അടക്കി പിടിച്ച ചിരിയോടെ വിനു കൈയ്യിലെ പുസ്തകം ദേവിനെ ഏൽപ്പിച്ചു.. ദേവ് ദുർഗയെ ഒന്ന് നോക്കി.. ആകെ വീർത്തുകെട്ടിയത് പോലെ ആയിട്ടുണ്ട് പെണ്ണിന്റെ മുഖമൊക്കെ.. ഇനി അവൻ എന്തെങ്കിലും പറഞ്ഞാൽ ഏത് നിമിഷവും ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് അതോടെ ദേവിന് മനസ്സിലായി...

\"\"\" കിന്നാരം പറഞ്ഞ് നിൽക്കാതെ പോയി ആ ചാക്ക് എടുത്ത് അകത്തേക്ക് കയറ്റി വെക്കടാ... \"\"\" വിഷയം മാറ്റാൻ എന്ന പോലെ അവൻ വിനുവിന്റെ തോളിൽ തട്ടി പറഞ്ഞു...

\"\"\" ഓ.. നമ്മള് ഒന്നും പറയുന്നില്ലേ... \"\"\" കൈയ്യിലെ ഫോൺ കൂടി മേശമേൽ വെച്ചിട്ട് അവളെ ഒളികണ്ണിട്ട് നോക്കി ഒരു ചിരിയോടെ വിനു അകത്തേക്ക് കയറി പോയി.. ദേവ് ദുർഗയ്ക്ക് നേരെ തിരിഞ്ഞു...

\"\"\" നിനക്ക് എന്തുവാ വേണ്ടത് ? \"\"\" എന്തോ ആലോചിച്ച് നിൽക്കുന്നവളോട് ആയി ചോദിച്ച് കൊണ്ട് അവൻ അവൾ മാറ്റി വെച്ച സഞ്ചി കൈയ്യിലേക്ക് എടുത്തു...

\"\"\" സാധാരണ വാങ്ങുന്നത് തന്നെ മതിയടാ.. ആ വീട്ടിൽ നിന്ന് തന്നെ പണിയെടുക്കുന്നത് കൊണ്ട് കാശൊന്നും കൈയ്യില് തരില്ല.. ഇല്ലായിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ വാങ്ങി കൊണ്ട് പോകാമായിരുന്നു.. ചോദിച്ചാൽ തിന്നും കുടിച്ചും ഇവിടെ തന്നെയല്ലേ നീയ്.. പിന്നെന്തിനാ ഇപ്പൊ കാശ് എന്നൊരു ഡയലോഗ് വരും.. എന്ത് ജന്മങ്ങൾ ആണോ... \"\"\" എതിർവശത്തായി കാണുന്ന വീടിന്റെ ഗേറ്റിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന സ്ത്രീയെ നോക്കിയാണ് അവളത് പറഞ്ഞത്.. അരി നാഴിയിൽ അളന്ന് എടുത്ത് കൊണ്ടിരുന്ന ദേവിന്റെ കണ്ണുകൾ ഒരു നിമിഷം ആ വീട്ടിലേക്ക് ഒന്ന് നീണ്ടു...

\"\"\" ആ പയ്യന്മാർ എല്ലാം ഉണ്ടോ അവിടെ ? \"\"\" കുശലന്വേഷണം പോലെ ദേവ് അവളോട് തിരക്കി...

\"\"\" ഉണ്ട്.. ഉണ്ട്.. പക്ഷേ, ഞാൻ പറഞ്ഞില്ലേ.. ഇറങ്ങി വരാറില്ല.. മുകളിൽ തന്നെയാ ഏത് നേരവും.. മുന്നത്തെ പോലെ പുറത്ത് പോക്കൊന്നും അങ്ങനെയില്ല.. ഒരു കണക്കിന് അതും ഒരു സമാധാനമാ... \"\"\" നീരസത്തോടെ പറയുന്നവളെ കേൾക്കെ അവനൊന്ന് ചിരിച്ചു...

\"\"\" നിനക്ക് ശരിക്കും മടുത്തു, അല്ലേ...? \"\"\" പഞ്ചസാരയുടെ പാക്കറ്റ് എടുത്ത് സഞ്ചിയിലേക്ക് ഇട്ടുകൊണ്ട് അവൻ ചോദിച്ചതും അവളുടെ മുഖമൊന്ന് മങ്ങി...

\"\"\" വേറെ വഴിയില്ലല്ലോ, ദേവാ.. പിടിച്ച് നിന്നല്ലേ പറ്റൂ... \"\"\" നിർവികാരമായ അവളുടെ കണ്ണുകൾ കണ്ടതുകൊണ്ടോ എന്തോ.. പിന്നീട് അവൻ അതേ കുറിച്ച് ഒന്നും പറഞ്ഞില്ല...

\"\"\" അല്ല.. നമ്മടെ ഭദ്രൻ കുട്ടൻ നാട്ടില് പോയേച്ച് വന്നോ... \"\"\" അന്നേരം ഓർത്തത് പോലെ അവൾ വേഗം ഒന്ന് തിരിഞ്ഞ് കാൽവിരലുകളിൽ കുത്തി ഉയർന്ന് അടുത്തെ വർക്ക്‌ഷോപ്പിലേക്ക് എത്തി നോക്കി...

\"\"\" ഉവ്വ.. അവൻ കേൾക്കണ്ട നിന്റെ കുട്ടൻ വിളി.. കുറച്ച് മുമ്പ് വന്ന് കയറിയതേ ഉള്ളൂ... \"\"\" ദേവ് മുളക് പൊടിയും മറ്റും സഞ്ചിയിൽ നിറച്ച് ടേബിളിൽ കൊണ്ട് വെച്ചു...

\"\"\" ഓ.. പിന്നെ.. അവൻ കേട്ടാൽ എനിക്ക് പുല്ലാണ്... \"\"\" ദുർഗ ചുണ്ട് കോട്ടി...

\"\"\" മ്മ്മ്.. ഇതെപ്പോഴും പറഞ്ഞാൽ മതി.. നീ എങ്ങനെ അറിഞ്ഞു അവൻ നാട്ടിൽ പോയ കാര്യം ? \"\"\" ദേവ് ടേബിളിന് മുന്നിലേക്ക് ചെന്ന് കണക്കുപുസ്തകം തുറന്ന് കൊണ്ട് അവളെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" ഞാൻ കഴിഞ്ഞ ദിവസം ജനാല വഴി കണ്ടായിരുന്നു അവൻ ബൈക്കിൽ പോകുന്നത്... \"\"\" ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷോൾ ഒന്ന് വലിച്ച് ഇട്ട് അവൾ നേരെ നിന്ന് കൈയ്യിലെ പേഴ്സ് തുറന്ന് കാശ് എടുത്ത് അവന് നേർക്ക് നീട്ടി...

\"\"\" ഒന്നുകൂടി ഒന്ന് എണ്ണി നോക്കിയേക്ക്.. ഞാൻ നന്നായിട്ട് എണ്ണിയിരുന്നില്ല.. അവരെടുത്ത് തന്നതാ... \"\"\" 

അവനൊന്ന് മൂളി...

\"\"\" നിളയ്ക്ക് സുഖമാണോ ? \"\"\" അവൻ കാശ് എണ്ണി നോക്കുമ്പോൾ ആയിരുന്നു അവളുടെ ആ ചോദ്യം.. ഒരുവേള മൗനമായി പോയി ദേവ്.. കടയിലേക്ക് വന്നതിൽ പിന്നെ ഇന്നേരം വരെ തന്നെയൊന്ന് വിളിച്ചിട്ട് പോലുമില്ല അവൾ.. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ.. എന്തിന്.. താൻ ഡിഅഡിക്ഷൻ സെന്ററിൽ നിന്ന് മടങ്ങി വന്ന ദിവസം പോലും ഇങ്ങനെ ആയിരുന്നില്ല അവൾ.. പക്ഷേ... അതിന് ശേഷം എപ്പോഴോ.. അവൾ അകന്ന് തുടങ്ങി.. മാറി തുടങ്ങി.. ഒരുപക്ഷേ.. താൻ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ട് ആകുമോ.. അവളിങ്ങനെ.. അവൾ തന്റെ അടുത്തേക്ക് വരാൻ പാടില്ലായിരുന്നു എന്ന തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചത് കൊണ്ടാകുമോ.. അതോ.. ഇനി മറ്റെന്തെങ്കിലും.. അവളുടെ മനസ്സിൽ..?! ഓർക്കെ മുഖം വല്ലാതെയായതും കണ്ണൊന്ന് അമർത്തി തുടച്ച് അവൻ വീണ്ടും കാശ് എണ്ണി നോക്കാൻ ആരംഭിച്ചു.. എന്നാൽ അവന്റെ ആ ഭാവമാറ്റം ശ്രദ്ധിച്ച് അവന് മുന്നിൽ നിന്ന ദുർഗയുടെ മുഖത്ത് സംശയം നിഴലിക്കാൻ അധികസമയം വേണ്ടി വന്നില്ല...

\"\"\" ദേവാ... \"\"\" അവൾ ചുളിഞ്ഞ നെറ്റിയോടെ വിളിച്ചു...

\"\"\" എന്താടി? \"\"\" കാശ് മാറ്റി വെച്ച് അവൻ മുഖത്തൊരു ചിരി വരുത്തി.. ദുർഗയുടെ കണ്ണുകൾ അവന്റെ ആ ചിരിയിൽ തങ്ങി.. ആത്മാർത്ഥത ഒരു തരി പോലും ഇല്ലാത്ത... വേദനയിൽ മുങ്ങി താഴുന്ന നിമിഷവും എന്തിനോ വേണ്ടി അവൻ എടുത്തണിഞ്ഞ ഒന്നാണ് ആ ചിരിയെന്ന് അവൾ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു...










തുടരും.................................................











Tanvi 💕





നീലനിലാവേ... 💙 - 26

നീലനിലാവേ... 💙 - 26

5
797

മങ്ങിയിരിക്കുന്ന ദേവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കെ ദുർഗയുടെ മനസ്സിൽ പല വിധ സംശയങ്ങളും നിറഞ്ഞു...\"\"\" നിന്റെ മുഖം എന്താ ഇങ്ങനെ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? \"\"\" മുഖവുരയൊന്നും കൂടാതെ തന്നെ അവൾ അവനോട് ചോദിച്ചു...\"\"\" ഏയ്.. എന്ത് പ്രശ്നം.. ഒന്നുമില്ലടി... \"\"\" അവൻ അവൾക്ക് മുഖം കൊടുത്തില്ല...\"\"\" മ്മ്മ്.. ശരി.. കാശ് മുഴുവൻ ഇല്ലേ? \"\"\" ഇനി ചോദിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടോ എന്തോ അവൾ പിന്നീട് അതേ കുറിച്ച് ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല...\"\"\" ആഹ്.. ഉണ്ട്... \"\"\" അവൻ തലയനക്കി...\"\"\" ശരിയെന്നാൽ.. ഞാൻ അവനെ ഒന്ന് കണ്ടിട്ട് അങ്ങോട്ട്‌ ചെല്ലട്ടെ.. ഇല്ലെങ്കിൽ അതുമതി ഇനി