Aksharathalukal

നീലനിലാവേ... 💙 - 34

ദേവും അനിയും വീട്ടിൽ എത്തുമ്പോൾ വാതിൽ തുറന്നിട്ട് പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു നിളയും വിനുവും വിദുവും.. വേലി കടന്ന് നടന്ന് വരുന്ന അവരെ കണ്ടപ്പോൾ തന്നെ നിള കൈവരിയിൽ പിടിച്ച് പടിയിൽ നിന്ന് എഴുന്നേറ്റ് നിന്നു...

\"\"\" ആഹാ.. കിട്ടിയോ.. നിങ്ങൾ ഇതെവിടെ പോയി കിടക്കുവായിരുന്നു?!, മനുഷ്യാ... \"\"\" നിള എഴുന്നേറ്റ് നിന്നത് കണ്ട് വേലിയുടെ ഭാഗത്തേക്ക്‌ നോക്കിയ വിനു അതുവഴി നടന്ന് വരുന്നവരെ കണ്ട് അതും പറഞ്ഞ് തിണ്ണയിൽ നിന്ന് എഴുന്നേറ്റ് അവർക്ക് അടുത്തേക്ക് ചെന്ന് ചോദിച്ചു...

\"\"\" പുഴക്കരയിൽ പാമ്പ് കടിയും കാത്ത് കിടക്കുവായിരുന്നു മഹാൻ... \"\"\" ദേവിനെ തന്നെ നോക്കി നിൽക്കുന്ന നിളയിലേക്ക് ഒന്ന് നോട്ടം പായിച്ച് അനിയാണ് അതിന് മറുപടി പറഞ്ഞത്.. എന്നാൽ അവന്റെ ആ വാക്കുകൾ അവസാനിച്ച അതേ സമയമാണ് റോഡ് കടന്നെത്തിയ ഭദ്രന്റെ ബൈക്ക് ഒരിരമ്പലോടെ മുറ്റത്ത് വന്ന് നിന്നത്.. വീടിന് പുറത്ത് നിന്ന എല്ലാവരുടെയും നോട്ടം അവിടേക്ക് നീണ്ടു.. ബൈക്ക് നിർത്തി ഇറങ്ങി വരുന്ന ഭദ്രനെയും അവന് പിന്നിൽ നിന്ന് ഇറങ്ങിയ ദുർഗയെയും കാൺകെ ദേവിന്റെ മിഴികൾ ആദ്യം പോയത് വിനുവിലേക്കാണ്.. ആ നോട്ടം കണ്ടതും അവനൊന്ന് പരുങ്ങി കൊണ്ട് നിളയുടെ പിന്നിൽ ഒളിച്ചു...

\"\"\" എന്താ? എന്താ ഉണ്ടായത്? \"\"\" ബൈക്ക് സ്റ്റാൻഡിൽ ഇട്ട് വേഗത്തിൽ അവർക്ക് അടുത്തേക്ക് ചെന്ന് ഭദ്രൻ അത് ചോദിക്കുമ്പോൾ ദേവിന്റെ കണ്ണൊന്ന് കലങ്ങി.. വിനു വിളിച്ച് അറിയിച്ചിട്ട് ആണെങ്കിലും തന്നെ തിരക്കി വന്നല്ലോ.. എന്നൊരു പരിഭവം നിറഞ്ഞ വാക്ക് അവന്റെ നാവിൻ തുമ്പിൽ തങ്ങി...

\"\"\" നിങ്ങളോടാ ഞാൻ ചോദിച്ചത്.. ഇവൻ എവിടെ ആയിരുന്നു ?!! \"\"\" ദേവിന്റെ മുന്നിൽ ചെന്ന് നിന്ന് ഭദ്രൻ അവരെയെല്ലാം മാറി മാറി നോക്കി.. അനി തലയിൽ കൈ വെച്ചു...

\"\"\" നീ എന്തിനാ വിശ്വാ ഇപ്പൊ ഇങ്ങോട്ട് വന്നത്? നാട്ടുകാര് വല്ലതും കണ്ടോണ്ട് വന്നാൽ ഇത്രയും കാലം ഉണ്ടാക്കിയെടുത്ത ഡ്രാമ മൊത്തത്തിൽ പൊളിയും... \"\"\" എതിർ വശത്ത് മറ്റുമുള്ള ലൈറ്റ് അണഞ്ഞ വീടുകളിലേക്ക് നോക്കി ഒരു ആവാലാതിയോടെ അനി പറഞ്ഞു.. ഭദ്രൻ ദേവിനെ നോക്കി.. കരഞ്ഞ് വീങ്ങിയ അവന്റെ കണ്ണുകൾ.. കണ്ണുനീർ വറ്റിയ ആ കവിളുകൾ.. ഭദ്രന്റെ മുഖം മുറുകി...

\"\"\" നീ എന്തിനാ കരഞ്ഞത്? \"\"\" ദേഷ്യം നിറഞ്ഞ ചോദ്യം.. ദേവ് ഒന്നും മിണ്ടിയില്ല...

\"\"\" നിന്നോടാ ദേവാ ഞാൻ ചോദിച്ചത്..! നീ എന്തിനാ കരഞ്ഞതെന്ന്..?!! \"\"\" ഭദ്രന്റെ ശബ്ദം ഉയർന്നു... 

\"\"\" ഭദ്രാ, ചുമ്മാതിരിക്ക്.. നാട്ടുകാര് കേൾക്കും... \"\"\" ദുർഗ വേഗം അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈയ്യിൽ പിടിച്ചു.. അവൻ അവളെയൊന്ന് നോക്കി.. ശേഷം അവന്റെ മുഖത്തേക്കും...

\"\"\" നീ എവിടെയായിരുന്നു ? ഇവൻ എന്താ നിന്നെ കാണാൻ ഇല്ലെന്ന് വിളിച്ച് പറഞ്ഞത്.. എങ്ങോട്ടാ നീ പോയത്?! \"\"\" ഇത്രയും ചോദിച്ചിട്ടും അവൻ മിണ്ടാതെ നിൽക്കെ ഭദ്രന്റെ ക്ഷമ നശിച്ച് തുടങ്ങിയിരുന്നു.. ദേവ് അവന് മുഖം കൊടുക്കാതെ അനിയ്ക്ക് നേരെ തിരിഞ്ഞു...

\"\"\" നിങ്ങള് ചെല്ലടാ.. വൈകണ്ട.. നേരം ഒത്തിരി ആയില്ലേ.. ബൈക്ക് എടുത്തോ.. ഞാൻ രാവിലെ നടന്ന് വന്നോളാം... \"\"\" രാത്രി അത്രയും ദൂരം അവർ നടന്ന് പോകേണ്ടയെന്ന ചിന്തയിൽ അവൻ പറഞ്ഞു...

\"\"\" അതൊന്നും വേണ്ടടാ.. ഞങ്ങള് നടന്ന് പൊയ്ക്കോളാം... \"\"\" സ്നേഹത്തോടെ തന്നെ അനി അത് നിരസിച്ചു...

\"\"\" ചുമ്മാ ഫോർമാലിറ്റി കാണിക്കാതെ എടുത്തോണ്ട് പോ, അനീ.. കീ ഞാനിപ്പോ കൊണ്ട് വരാം... \"\"\" അവന്റെ തോളിൽ ഒന്ന് തട്ടി അത് പറഞ്ഞ് കഴിഞ്ഞ് അവൻ നേരെ മുന്നോട്ട് ചെന്ന് പടിയരികിൽ നിൽക്കുന്ന നിളയെ നോക്കാതെ വീട്ടിലേക്ക് കയറി പോയി.. ദുർഗയുടെ മിഴികൾ ചുരുങ്ങി.. അവൻ അകത്തേക്ക് കയറിയപ്പോൾ ഒതുങ്ങി നിന്ന് കൊടുത്ത നിളയിൽ അവളുടെ കൃഷ്ണമണികൾ തങ്ങി.. സാധാരണ കാണാറുള്ള തിളക്കമില്ല.. എപ്പോഴും അവനെ കാണുമ്പോൾ അവനിൽ ഒട്ടി നിൽക്കുന്ന ശീലമില്ല.. കുറ്റം ചെയ്തത് പോലെ.. ജീവിതമേ മടുത്തത് പോലെ.. അവനോട്‌ എന്തോ അകൽച്ച ഉണ്ടായത് പോലൊരു ഭാവം.. എങ്കിലും ആ കണ്ണുകളിൽ പ്രണയമുണ്ട്.. നോട്ടം മുഴുവൻ ദേവിൽ ചുറ്റിപറ്റിയുമാണ്.. സംശയത്തോടെ അവളെ നോക്കി ദുർഗ നിൽക്കെ ദേവ് വീട്ടിൽ നിന്ന് ഇറങ്ങി വന്ന് കൈയ്യിലെ ബൈക്കിന്റെ കീ അനിയെ ഏല്പിച്ചു.. ഇനി മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നതിനാൽ കൈ നീട്ടി അത് വാങ്ങി തിരിഞ്ഞ് അനി മുറ്റത്ത് ഇരിക്കുന്ന അവന്റെ ബൈക്കിലേക്ക് കയറി.. പിന്നാലെ നിളയെയും വിദുവിനെയും നോക്കി ഒന്ന് തലയനക്കിയിട്ട് ഭദ്രനോടും ദുർഗയോടും പറഞ്ഞ് വിനുവും ചെന്ന് കയറിയതും അനി ബൈക്ക് എടുത്തു...

\"\"\" നാളെ കാണാം... \"\"\" അവരെയെല്ലാം ഒന്ന് നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അനി വണ്ടി തിരിച്ച് റോഡിലേക്ക് ഇറക്കി.. ദേവ് ദുർഗയെ നോക്കി...

\"\"\" നിങ്ങള് കയറി ഇരിക്ക്.. ഞാനൊന്ന് കുളിച്ചിട്ട് വരാം... \"\"\" പടികൾ ഇറങ്ങി അയയിൽ കിടക്കുന്ന തോർത്ത് വലിച്ചെടുത്ത് തോളിലേക്ക് ഇട്ട് അവൻ അകത്തേക്ക് തന്നെ കയറി.. നിളയുടെ നോട്ടം ഭദ്രനിലേക്കും ദുർഗയിലേക്കും നീണ്ടു... 

\"\"\" കയറി വാ... \"\"\" അടഞ്ഞ ശബ്ദത്തിൽ പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.. പ്രവേശന മുറിയിലേക്ക് കാലെടുത്ത് വെച്ച് അവൾ നേരെ പോയത് തങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ആ മുറിയിലേക്ക് തന്നെയാണ്.. എന്നാൽ ചുറ്റും നോക്കിയിട്ടും അവിടെയൊന്നും അവൻ ഇല്ലെന്ന് കണ്ടതും നിള വേഗം അപ്പുറത്തെ മുറിയിലേക്ക് നടന്നു...

മുറിയുടെ മുന്നിൽ എത്തി ചാരി ഇട്ടിരിക്കുന്ന വാതിൽ തുറന്ന് അകത്തേക്ക് നോക്കിയപ്പോൾ തന്നെ അവൾ കണ്ടു, അപ്പുറത്തെ മുറിയിൽ നിന്ന് മാറിയിടാൻ വേണ്ടി എടുത്ത വസ്ത്രങ്ങൾ കട്ടിലിന്റെ കാലിന്റെ ഭാഗത്ത് വെച്ചിട്ട് കിടക്കയിലേക്ക് കണ്ണുകൾ അടച്ച് മലർന്ന് കിടക്കുന്നവനെ.. അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. താൻ കാരണം.. അറിയാതെ തന്റെ നാവിൽ നിന്ന് വീണു പോയ വാക്കുകൾ കാരണം... അവൾക്ക് ഉള്ളം വിങ്ങി.. താൻ അവനെ വേദനിപ്പിച്ചു എന്നതിനേക്കാൾ അവളെ നോവിച്ചത് താൻ അവനോട് അങ്ങനെ പറഞ്ഞല്ലോ എന്നതാണ്... എല്ലാം അറിയാമായിരുന്നിട്ടും.. അവന്റെ വേദന അറിയാമായിരുന്നിട്ടും.. അവനെ അറിയുന്ന.. ഈ താൻ തന്നെ.. അവളുടെ നെഞ്ച് പിടഞ്ഞു.. പാപം.. തെറ്റുമല്ല.. പാപമാണ് താൻ ചെയ്തത്... എന്നാണ് അവൾക്ക് തോന്നിയത്.. കണ്ണുകളിൽ തങ്ങി നിൽക്കുന്ന കണ്ണുനീർ പുറത്തേക്ക് ഒഴുകെ.. ഒന്നും പറയാതെ.. മുന്നോട്ട് ചെന്ന് അവൾ അവന്റെ കാലിന്റെ ഭാഗത്തായി കട്ടിലിന് അരികിൽ മുട്ട് കുത്തിയിരുന്നു.. മനസ്സിൽ അനുഭവപ്പെടുന്ന ഭാരം.. അവ താങ്ങാൻ കഴിയാത്ത അവസ്ഥയിൽ.. ഇരുകൈകളും ഉയർത്തി അവന്റെ രണ്ട് കാൽവണ്ണയിലുമായി പിടിച്ച് കൊണ്ട് അവൾ അവന്റെ പുറങ്കാലിലേക്ക് തന്റെ മുഖം അമർത്തി.. ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്ന് ദേവ് തന്റെ കാൽക്കലേക്ക് നോക്കി.. കവിൾ പൂർണ്ണമായും തന്റെ കാലിൽ ചേർത്ത് വെച്ച് ഇരുന്ന് വിങ്ങി കരയുന്ന പെണ്ണിനെ കാൺകെ അവൻ പകച്ചു...

\"\"\" കു.. കുഞ്ഞൂ.. എന്താ... എന്താ ഈ ചെയ്യണെ... \"\"\" അവളുടെ കൈക്കുള്ളിൽ നിന്ന് തന്റെ കാലുകൾ വലിച്ചെടുത്ത് അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.. നിള കരഞ്ഞു.. ഒന്നും മിണ്ടാതെ.. അവന് മുന്നിൽ.. മൗനമായി.. ആ വെറും നിലത്ത് ഇരുന്ന് അവൾ ഏങ്ങി കരഞ്ഞു.. ദേവിന്റെ കണ്ണ് കലങ്ങി.. സ്വന്തം വേദനയെക്കാൾ എന്നും അവളുടെ വേദന അവന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നത് കൊണ്ടാകണം.. അപ്പോഴും അവളുടെ കണ്ണുനീർ അവന് കണ്ട് നിൽക്കാൻ ആയില്ല...

\"\"\" എ.. എന്താടാ.. എന്തിനാ ഇങ്ങനെ കരയണെ... \"\"\" അവൾക്ക് മുന്നിലേക്ക് മുട്ടിലിരുന്ന് അവൻ അവളുടെ മുഖത്ത് കൈ വെച്ചു.. പിണങ്ങി ഇരിക്കാനോ.. അവളോട് മിണ്ടാതെ നടക്കാനോ.. അവൾ പറഞ്ഞതിന് അവളോട് ദേഷ്യം കാണിക്കാനോ അവന് കഴിയുമായിരുന്നില്ല..  ഒരു കുഞ്ഞിനെ പോലെ എന്നും കൊണ്ട് നടന്നത് അവളെ അത്രയേറെ ജീവനായത് കൊണ്ട് തന്നെയാണ്.. അത് പ്രണയമല്ലെങ്കിൽ പോലും.. തനിക്ക് ഈ ഒരൊറ്റ ഒരുവളേ ഉള്ളൂ...!!! ഉള്ള കാലം വരെ.. സ്വന്തമായി.. എന്റേതായി.. എനിക്ക് ഇവൾ മാത്രമേ ഉള്ളൂ !!.... ഒന്ന് ചേർത്ത് പിടിക്കാൻ തനിക്ക് ആകെ ഉള്ളത് ഈ കൊച്ച് പെണ്ണ് മാത്രമാണ്.. ഓർമ്മയിൽ പോലും അവന്റെ മുഖം വിങ്ങി...

\"\"\" കരയല്ലേ, കുഞ്ഞൂ... \"\"\" അവളുടെ കരച്ചിലിൽ മനം നൊന്ത് അവളുടെ കണ്ണ് തുടച്ച് കൊടുത്ത് അവൻ വീണ്ടും പറഞ്ഞു.. പുറത്തേക്ക് വരുന്ന തന്റെ ഏങ്ങൽ ചുണ്ടുകൾ കൂട്ടി പിടിച്ച് അകറ്റി നിള തന്റെ കവിളിൽ ഇരിക്കുന്ന അവന്റെ ഇരുകൈകളിലും പിടി മുറുക്കി... 

\"\"\" ഞ.. ഞാൻ.. ഞാൻ മനഃപൂർവം അല്ല, ദേവാ.. അറിയാതെ.. കുറേ ദിവസമായിട്ട് മനസ്സില്.. ഓരോന്ന്... പേടി.. നിന്നെ ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ട്.. അകന്ന്.. പറ്റാതെ.. വേദനിച്ചപ്പോ.. അതിന്റെ കൂടെ.. ഓരോന്ന്.. ഓർത്ത് ആകെ ഭ്രാന്ത്‌ പിടിച്ച് ഇരുന്നതാ.. രണ്ട് ദിവസം ആയിട്ട്.. പുറത്ത് കാണിക്കാതിരിക്കാൻ.. ഞാൻ കുറേ കഷ്ടപ്പെട്ട്.. പെട്ടന്ന് നീ ഞാൻ അത് പ്ലേ ചെയ്തതിന് ദേഷ്യപ്പെട്ടപ്പോ.. സങ്കടോം.. ദേഷ്യോം ഒക്കെ കൂടി കയറി വന്നത് കൊണ്ടാ.. അറിഞ്ഞോണ്ട് അല്ല.. നീ.. നീ.. എന്നോട് ക്ഷമിക്ക്, ദേവാ.. ഞാൻ അറിയാതെയാ.. സത്യമായിട്ടും മനസ്സിൽ തട്ടിയല്ല.. എന്റെ അച്ഛനാണേ.. നീയാണേ സത്യം.. മനഃപൂർവം അല്ല... എന്നോട്.. എന്നോട് പൊറുക്ക്, ദേവാ... \"\"\" അവന്റെ ഇരു കൈകളും ഒരുമിച്ച് തന്റെ നെറ്റിയിലേക്ക് കൂട്ടി മുട്ടിച്ച് വെച്ച് അവൾ കരഞ്ഞു.. അവളുടെ ഇടറിയ സ്വരം.. കുറ്റബോധവും വേദനയും നിറഞ്ഞ വാക്കുകൾ.. നിശബ്ദമായി.. വെറുതെ അവളെ നോക്കി.. അവൻ ആ ഇരിപ്പ് ഇരുന്നു.. ഏറെ നേരം...! 

മുറിയ്ക്ക് പുറത്ത് ശബ്ദം കേട്ട് എപ്പോഴോ അവിടേക്ക് എത്തിയ ഭദ്രനും ദുർഗയും വിദുവും അവരെ ഉറ്റു നോക്കി.. സംശയം.. ഭദ്രന്റെയും ദുർഗയുടെയും മുഖമാകെ ആശയക്കുഴപ്പം നിറഞ്ഞു.. ഈ കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്നും.. ഇതാണോ ഇനി ദുർഗ പറഞ്ഞ അവന്റെ വിഷമമെന്നും ആണ് ഭദ്രൻ ഓർത്തതെങ്കിൽ ദുർഗയുടെ മനസ്സിൽ മറ്റു ചിലത് ആയിരുന്നു... 

\"\"\" എൻ.. എന്തെങ്കിലും ഒന്ന് പറയ്, ദേവാ.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ.. എന്നെ.. എന്നെ നീ തല്ലിക്കോ.. എത്ര വേണമെങ്കിലും തല്ലിക്കോ.. നീയല്ലേ ഉള്ളൂ എന്നെ ശാസിക്കാൻ.. എന്റെ പൊട്ട സ്വഭാവം കൊണ്ട് പറ്റി പോയതാ.. പ്ലീസ്, ദേവാ.. മിണ്ടാതിരിക്കല്ലേ... \"\"\" സമയം കടന്ന് പോയിട്ടും അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി നിള കെഞ്ചി.. ദേവ് ഒന്ന് ചിരിച്ചു.. വേദനയിൽ ആഴ്ന്നു പോയൊരു ചിരി...

\"\"\" സാരമില്ല... \"\"\" അവളുടെ കൈക്കുള്ളിൽ നിന്ന് തന്റെ കൈ വേർപെടുത്തി പിന്നെയും നുറഞ്ഞൊഴുകുന്ന അവളുടെ കണ്ണ് തുടച്ച് കൊടുത്ത് അത്ര മാത്രം അവൻ പറഞ്ഞു.. നിള അവനെ ഉറ്റു നോക്കി.. അവന്റെ മിഴികളിൽ തെളിഞ്ഞ് കാണുന്ന ആ നോവ് മനസ്സിലാക്കാൻ അവൾക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല...

\"\"\" ദേവാ... \"\"\" വേദനയോടെ അവൾ വിളിക്കെ.. ഇനിയും അവൾക്ക് മുന്നിൽ ഇരുന്നാൽ താൻ കരഞ്ഞ് പോകുമെന്ന് തോന്നി അവൻ വേഗം നിലത്ത് നിന്ന് എഴുന്നേറ്റ് തോർത്തും, കൊണ്ട് വെച്ച വസ്ത്രങ്ങളും എടുത്തുകൊണ്ട് കുളിമുറിയിലേക്ക് കയറി പോയി.. നിളയുടെ ചുണ്ട് വിതുമ്പി.. വേദന.. സഹിക്കാൻ ആകാത്ത വിങ്ങൽ.. അവളെ ഒട്ടാകെ കീഴ്പ്പെടുത്തി.. പറഞ്ഞ് പോയ വാക്കുകൾ തിരിച്ചെടുക്കാൻ ആകില്ലെന്ന തിരിച്ചറിവ്.. അവന്റെ സങ്കടം.. എല്ലാം അവളുടെ ഹൃദയത്തെ കുത്തി മുറിവേല്പിച്ചു.. ശ്വാസം ആഞ്ഞ് വലിച്ച് കാലിൽ അനുഭവപ്പെട്ട ശക്തമായ വേദനയിൽ.. ഇനിയും അങ്ങനെ ഇരിക്കാൻ സാധിക്കാതെ.. തളർന്ന മനസ്സോടെ മുഖം അമർത്തി തുടച്ച് നിലത്ത് നിന്ന് എഴുന്നേൽക്കുമ്പോഴാണ് അവൾ തന്നെ തന്നെ നോക്കി മുറിയ്ക്ക് പുറത്ത് നിൽക്കുന്ന മൂവരെയും കണ്ടത്.. അകത്തേക്ക് കയറിയപ്പോൾ വാതിൽ അടച്ചിരുന്നില്ല എന്നവൾ ഓർത്തു.. അകത്ത് കുളിമുറിയിൽ പൈപ്പ് തുറക്കുന്ന ശബ്ദം കേട്ടു.. പിന്നാലെ വെള്ളം വീഴുന്നതും.. തലതാഴ്ത്തി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൾ അവർക്ക് അടുത്തേക്ക് ചെന്നതും ഞൊടിയിടയിലാണ് ദുർഗയുടെ വലം കൈ ഒരു ഊക്കോടെ അവളുടെ ഇടം കവിളിൽ ചെന്ന് പതിച്ചത്...









തുടരും..........................................









Tanvi 💕




നീലനിലാവേ... 💙 - 35

നീലനിലാവേ... 💙 - 35

5
850

\"\"\" ദുർഗാ !!!!!!.......... \"\"\" ഒരു നിമിഷത്തെ പകപ്പിന് ശേഷം കവിളിൽ കൈ വെച്ച് ഞെട്ടി നിൽക്കുന്ന നിളയിൽ നിന്ന് കണ്ണുകൾ മാറ്റി ദുർഗയെ നോക്കി ഭദ്രൻ ഉച്ചത്തിൽ വിളിച്ചു...\"\"\" മിണ്ടരുത് നീ !!! \"\"\" ദുർഗയുടെ രൂക്ഷമായി നോട്ടം ഭദ്രനിലേക്ക് എത്തി...\"\"\" എനിക്ക് ചോദിക്കാൻ ഉള്ളത് ഇവളോടാണ്!! ഞാൻ ചോദിച്ച് തീരുന്നത് വരെ നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്! \"\"\" പകച്ച് നിൽക്കുന്ന അവനോട് ഒരു താക്കീതോടെ പറഞ്ഞ് ദുർഗ നിളയ്ക്ക് നേരെ തിരിഞ്ഞു.. നിളയുടെ കവിൾ പുകഞ്ഞു.. ശക്തമായ പ്രഹരം ... അത്രമേൽ ശക്തമായൊരു അടി.. അത് അന്നോളം ലഭിച്ചിട്ടില്ലാത്തത് കൊണ്ടോ.. അതോ.. അവളുടെ കൈക്കരുത്തിന്റെ ഫലമായോ.. എന്തോ.. തന്റെ ഇടം കവിൾ