ബെസ്റ്റ് കപ്പിൾ ഫോർ എവർ - റിയാലിറ്റി ഷോ!
Big Day ചാനലിന്റെ ഏറ്റവും പോപ്പുലർ റിയാലിറ്റി ഷോ ആയ Best Couple forever, ഈ ആഴ്ച്ച അതിന്റെ ഫൈനൽ റൗണ്ടിലേക്ക് കടക്കുകയാണ്. അവസാന റൗണ്ടിൽ നാല് ദമ്പതികളാണ് മാറ്റുരക്കുന്നത്.
പ്രോഗ്രാം ഡിസൈനർ അരുൺ മേനോൻ , തികച്ചും വ്യത്യസ്തമായ , അതേസമയം വളരെ ചലഞ്ചിങ് ആയ ഒരു റൗണ്ട് , പ്രധാനപ്പെട്ട മൂന്ന് പേരടങ്ങുന്ന മാനേജ്മെന്റ് കമ്മിറ്റിയുടെ മുമ്പാകെ വച്ചു.
വളരെ എസ്ക്ലൂസീവായ ഈ റൗണ്ട് ടെലികാസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഒരുപക്ഷേ, അഭിനന്ദനങ്ങൾക്കുമപ്പുറം, റിയാലിറ്റി ഷോകളിലെ ഏറ്റവും വലിയ ഒരു വിവാദത്തിനോ, വലിയ വിമർശനങ്ങൾക്കോ, ഒരു ജനവിചാരണയ്ക്ക് തന്നെയോ ഇത് വഴിവച്ചേക്കാം എന്ന് ഈ മൂവരും കരുതുന്നുണ്ട്.
അതുപോലെ, ഇത്രയും ത്രസിപ്പിക്കുന്ന ആ സെഗ്മെന്റ് ഒരു പക്ഷേ ചാനലിന്റെ റേറ്റിങ്ങിനെ വലിയൊരു കുതിപ്പിലേക്ക് ഉയർത്തിയേക്കാമെന്ന് അവർ കണക്കുകൂട്ടുന്നു മുണ്ട്.
അതുകൊണ്ടുതന്നെ ഫിനാലെയുടെ ഈ ലാസ്റ്റ് സെഗ്മെന്റ് അത്യന്തം രഹസ്യമാക്കി വെക്കാൻ അവർ തീരുമാനിച്ചു.
പ്രോഗ്രാം ഡിസൈനർ അരുൺ മേനോനും, ചാനൽ CEO ഉഷാ നമ്പ്യാർക്കും പിന്നെ പ്രോഗ്രാം പ്രൊഡ്യൂസർ പ്രശാന്ത് ബാനർജിക്കും അല്ലാതെ മറ്റൊരാൾക്കും ഈ റൗണ്ടിന്റെ ഉള്ളടക്കരഹസ്യം അറിയുകയില്ല.
അവർ ഈ മൽസരവുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
ശനിയാഴ്ച രാത്രി 9 മണിക്കാണ് ഈ എക്സ്ക്ലൂസീവ് റൗണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ശനിയാഴ്ച്ച രാത്രി 8 മണിക്ക് തന്നെ, വളരെ സർപ്രൈസ് ആയി നാല് കപ്പിൾസിലെയും ഭാര്യമാരെ , സ്റ്റുഡിയോയിൽ തന്നെയുള്ള മറ്റൊരു ലക്ഷ്വറി ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
അവരുടെയൊക്കെ ഭർത്താക്കന്മാരെ , കുറച്ച് അകലെയുള്ള മറ്റൊരു ലക്ഷ്വറി ഫ്ലാറ്റിലേക്ക് ഡ്രോപ്പ് ചെയ്യാൻ, ചാനൽ സ്റ്റാഫ് എന്ന വ്യാജേന ഓരോ യുവതികൾക്കുമൊപ്പമാണ് പറഞ്ഞയച്ചിരിക്കുന്നത്.
ഈ യുവതികൾ തന്നെയാണ് അവർക്ക് സഞ്ചരിക്കാനുള്ള കാറുകൾ ഡ്രൈവ് ചെയ്യുക. ഈ ഭർത്താക്കന്മാർക്ക് ആർക്കും തന്നെ ഈ ഡ്രോപ്പ് ചെയ്യൽ ഒരു ഫൈനൽ റൗണ്ടിന്റെ ഭാഗമാണെന്ന് അറിയില്ല.
അവിടെ സ്റ്റുഡിയോയിൽ ഉള്ള ഭാര്യമാർക്കാണ് ടാസ്ക് എന്നാണ് ഭർത്താക്കന്മാരെ ധരിപ്പിച്ചിരിക്കുന്നത്.
തൽക്കാലം ഭാര്യമാരിൽ നിന്ന് അകറ്റി നിർത്താനും, അൽപം വിശ്രമിക്കാനും വേണ്ടി മാത്രമാണ് , മറ്റൊരു ഫ്ളാറ്റിലേക്ക് ഇവരെ ഡ്രോപ്പ് ചെയ്യുന്നത് എന്നാണ് ഭർത്താക്കന്മാരോട് പറഞ്ഞിരിക്കുന്നത്.
സത്യത്തിൽ ഭർത്താക്കന്മാരാണ് ഈ ടാസ്കിലെ മത്സരാർത്ഥികൾ .
പക്ഷേ മത്സരം എന്താണെന്ന് അവർക്കും നിശ്ചയമില്ല. അവരോട് ഇത് മൽസരത്തിന്റെ ഭാഗമായ യാത്രയാണെന്നോ മാറ്റിപ്പാർപ്പിക്കലാണെന്നോ ഒന്നും പറഞ്ഞിട്ടുമില്ല.
ഇതിൽ ദിവ്യ - ശ്യാംകുമാർ ദമ്പതികളാണ് ഗ്രാൻഡ് ഫിനാലെയിൽ വിന്നറാകാൻ കൂടുതൽ സാധ്യതയുള്ള ദമ്പതികൾ . നമുക്ക് തൽക്കാലം അവരെ പിന്തുടരാം .
ദിവ്യ , മറ്റു മൂന്നു മത്സരാർത്ഥികളായ ഭാര്യമാർക്ക് ഒപ്പം ചാനൽ സ്റ്റുഡിയോയിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഉണ്ട് .
ഇവരുടെ ഭർത്താക്കന്മാരായ നാലുപേരിൽ ഒരാളായ ശ്യാം, അതായത് ദിവ്യയുടെ ഭർത്താവ് , ഇപ്പോൾ ചാനൽ സ്റ്റാഫ് ഗീതയുടെ കൂടെ കാറിൽ കുറച്ചകലെയുള്ള ഒരു ലക്ഷ്വറി ഫ്ളാറ്റിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.
കാർ ഡ്രൈവ് ചെയ്യുന്നത് ഗീതയാണ്. ശ്യാം മുൻസീറ്റിൽ ഗീതയുടെ ഇടത് വശത്ത് തന്നെയുണ്ട്.
Best Couple 4 Ever ഷോയുടെ മത്സരങ്ങൾ രണ്ട് മാസത്തോളമായി
നടന്നുകൊണ്ടിരിക്കുകയാണ്.
പന്ത്രണ്ട് മത്സരാർത്ഥികളിൽ നാല് ദമ്പതികളാണ് ഇപ്പോൾ ഫിനാലെ വരെ എത്തി നിൽക്കുന്നത്.
ചാനലിലെ പല സ്റ്റാഫ് അംഗങ്ങളെയും മിക്ക മത്സരാർത്ഥികൾക്കും പരിചയമുണ്ടെങ്കിലും, ഗീതയെ ശ്യാം ആദ്യമായിട്ട് കാണുകയാണ്.
കാറിൽ തന്റെ ഇടതുവശത്ത് ഇരിക്കുന്ന ശ്യാമിന് കൈ നീട്ടിക്കൊണ്ട് ഗീത പറഞ്ഞു : \"ഞാൻ ഗീത . കുമ്പളങ്ങിയിലാണ് വീട്.\"
\"ഞാൻ ശ്യാം .\" അവളുടെ മൃദുലമായ കൈത്തലം തന്റെ കൈവെള്ളയിൽ ചേർത്തുപിടിച്ച് പുഞ്ചിരിച്ച് , അവൻ പറഞ്ഞു.
\"ഞാൻ പുതിയ ആളാണ്. ഈ ഷോയുടെ ഭാഗമായി,
Big Day Channel ലിൽ ഇന്നലെ ജോയിൻ ചെയ്തതേ ഉള്ളൂ\" അവൾ പറഞ്ഞു.
\" ഇന്ന് ഭാര്യമാർക്കുള്ള ടാസ്ക് എന്താണെന്ന് വല്ല ഐഡിയയും ഉണ്ടോ ഗീതയ്ക്ക്? \" ശ്യാം ചോദിച്ചു.
\" എന്തോ ഫണ്ണിയായ ടാസ്ക് ആണെന്ന് കേട്ടു. ഭാര്യമാരുടെയെല്ലാം മൊബൈൽ ഫോൺ പിടിച്ചു വച്ചിട്ടുണ്ട് എന്നും കേട്ടു.
ഇന്ന് രാത്രി മുഴുവൻ , പുറം ലോകവുമായുളള അവരുടെ കമ്മ്യൂണിക്കേഷൻ കട്ട് ഓഫ് ആക്കാനാണ് തോന്നുന്നു അങ്ങിനെ ചെയ്തത്.
അവർക്കും തമ്മിൽത്തമ്മിൽ കാണാനോ, സംസാരിക്കാനോ പറ്റില്ലെന്നും തോന്നുന്നു.\" ഗീത താൻ അറിഞ്ഞ കാര്യങ്ങൾ ശ്യാമുമായി പങ്കുവച്ചു.
\"അപ്പോൾ ഞങ്ങൾ ഭർത്താക്കന്മാരോ?\" ശ്യാം ചോദിച്ചു.
\"നിങ്ങളെ നിങ്ങളുടെ ഭാര്യമാരിൽ നിന്നും ഇന്ന് രാത്രി മാത്രം സെപ്പറേറ്റ് ചെയ്യാനായി മറ്റൊരിടത്തേക്ക് മാറ്റുകയാണ്.\" ഗീത പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
\"എല്ലാ ഭർത്താക്കന്മാരെയും ഇന്ന് ഒരു ദിവസത്തേക്ക് വേറെ വേറെ ഇടത്തായിരിക്കും പാർപ്പിക്കുക. നിങ്ങളിൽ മറ്റു മൂന്നുപേരെ എവിടേക്കാണ് ഷിഫ്റ്റ് ചെയ്തതെന്ന്
എനിക്കറിയില്ല \" ഗീത പറഞ്ഞു .
\"അവരെയൊക്കെ ആരാണ് ഡ്രോപ്പ് ചെയ്യുന്നത് ?\" ശ്യാം ചോദിച്ചു.
\" അതും എനിക്കറിയില്ല . എന്നോട് ശ്യാമിനെ seven heaven appartments ൽ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു. ഞാൻ അത് ചെയ്യുന്നു...\" ഗീത ഒരു പുഞ്ചിരിയോടെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.
സമയം 9 മണി കഴിഞ്ഞിരിക്കുന്നു. കാർ സിറ്റിയിൽ നിന്നും കുറച്ച് അകന്നു തുടങ്ങി.
\"ശ്യാം, നമുക്കൊരു കോഫി കുടിച്ചാലോ?\" ഗീത ചോദിച്ചു .
\"ഷുവർ. ഐ വുഡ് ലൈക് ടു . ഒന്ന് റിലാക്സ് ചെയ്യാലോ.\" ശ്യാം പറഞ്ഞു.
സർവീസ് റോഡിന് ഇടത് വശത്ത് കണ്ട ഒരു നൈറ്റ് കോഫിഷോപ്പിന് മുന്നിൽ ഗീത കാർ നിർത്തി.
കോഫി ഷോപ്പിൽ തിരക്ക് കുറഞ്ഞ സമയമായിരുന്നു. അവർ രണ്ട് കോഫിയും രണ്ട് സാൻവിച്ചും ഓർഡർ ചെയ്തു.
ഗീത വാഷ് റൂമിൽ പോയി തിരികെ വന്ന് ശ്യാമിന് എതിർവശത്തുള്ള കസേരയിൽ ഇരുന്നു.
അതുവരെ പോണിടെയിൽ പോലെ കെട്ടിയിരുന്ന അവളുടെ മുടി ഇപ്പോൾ അഴിച്ചിട്ടിരിക്കുകയാണ്.
അതിൽ അവളുടെ ലുക്കേ മാറിപ്പോയതായി ശ്യാമിന് തോന്നി. നേരത്തെ ഒരു ഒഫീഷ്യൽ ലുക്കിലായിരുന്നു അവൾ കാണപ്പെട്ടത്.
ഇപ്പോൾ നല്ലൊരു
സുന്ദരിപ്പെണ്ണിനെ പോലെയുണ്ടല്ലോ ഇവൾ എന്ന് ശ്യാമിന് തോന്നി.
അവളുടെ അധികം നീളമില്ലാത്ത മുടി,
കുഞ്ഞുതിരകളിളകും പോലെ ചുരുളുകൾ ഉള്ളതും ,സിൽക്ക് നൂൽപോലെ തിളക്കമുള്ളതും ആയിരുന്നു .
ഒരുപാട് നീളമുള്ള മുടി ഇഷ്ടമില്ലാത്ത ശ്യാമിന്, ഗീതയുടെ ഹെയർ സ്റ്റൈൽ വളരെ ഇഷ്ടമായി.
കോഫിയും സാൻവിച്ചും അവർക്കു മുന്നിൽ എത്തി.
\"ശ്യാം, നിങ്ങളുടെ വിജയസാധ്യത എങ്ങനെ ?\"
കോഫി ഒരു സിപ്പ് എടുത്ത് ആസ്വദിച്ചുകൊണ്ട് , ഗീത ചോദിച്ചു.
\"വിന്നർ ആകും എന്നാണ് എൻ്റെ പ്രതീക്ഷ.\" ശ്യാം പറഞ്ഞു.
\"ഇന്ന് സ്റ്റുഡിയോഫ്ലാറ്റിൽ നടക്കുന്ന മത്സരം എന്താണെന്ന് എനിക്കറിയില്ല എങ്കിലും , ദിവ്യ അതിൽ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.\" ശ്യാം ആത്മവിശ്വാസത്തോടെ പറഞ്ഞു .
\" എന്റെ ആശംസകൾ, ശ്യാം !\"
അവൾ ശ്യാമിനെ ഏറെ ആരാധനയോടെ നോക്കിക്കൊണ്ട് , അവനു നേരെ ഒന്ന് കണ്ണിറുക്കി ചിരിച്ചു.
അവളുടെ കവിളുകൾക്ക് മൂവന്തിച്ചുവപ്പിന്റെ കാന്തിയുണ്ടെന്ന് അവന് തോന്നി.
അവളുടെ കണ്ണുകളിലെ ലജ്ജയുടെ വശ്യത , അവനെ ഒരു നിമിഷം ചഞ്ചല ചിത്തനാക്കി.
ഗീത, കോഫി പതിയെ പതിയെ സിപ്പ് ചെയ്തുകൊണ്ട് ,
ശ്യാമിനെത്തന്നെ നോക്കിയിരുന്നു.
അവളുടെ കണ്ണിനു ചുറ്റും ഭംഗിയിൽ പടർന്നിരുന്ന കൺമഷി, അവളുടെ കണ്ണുകളിലെ തിളക്കത്തിന് കുറച്ചുകൂടി മിഴിവേകി.
ഗീതയ്ക്ക് ഒരു സ്ഥായിയായ പ്രണയഭാവം ഉള്ളതായി ശ്യാമിന് തോന്നി.
കോഫി കുടിക്കാൻ കപ്പ് എടുക്കുമ്പോഴും, അത് ടേബിളിലേക്ക് തിരിച്ചു വയ്ക്കുമ്പോഴും അവളുടെ ഇടതു കൈത്തണ്ടയിലെ ചുവപ്പ് കണ്ണാടി വളകൾ, പ്രണയാതുരമായ മധുരസ്വരം പൊഴിച്ചു കൊണ്ടിരുന്നു.
അവളുടെ മുഖത്തേക്ക് വീണ് കുറുമ്പുകാട്ടിയ മുടിയിഴകളെ, ഇടയ്ക്കിടെ തന്റെ ഇടതു കൈകൊണ്ട് മാടിയൊതുക്കുകയും ചെയ്തുകൊണ്ടിരുന്നു അവൾ.
\"ഈ കോഫി ഷോപ്പ് ശ്യാമിനിഷ്ട്ടമായോ ?\" ഗീത ചോദിച്ചു .
അവൾ എന്താണ് ചോദിച്ചതെന്ന് ശ്യാം കേട്ടതേയില്ല.
അവൻ അവളുടെ പ്രണയപ്രകാശവലയത്തിൽ പെട്ടുപോയിരുന്നു.
അവന്റെ കൈകളിൽ വിരലുകൾ അമർത്തി ഗീത ചോദിച്ചു: \" ശ്യാം നിങ്ങൾ എവിടെയാണ് ?\"
അവൻ അവളെ നോക്കി : \"എന്താ ?\"
\"ഒന്നുമില്ല . ഈ കോഫി ഷോപ്പ് ഇഷ്ടമായോ എന്ന് ചോദിക്കുകയായിരുന്നു ഞാൻ . \"
\" ഇഷ്ട്ടമാകാതെ പിന്നെ!\"
ശ്യാം പറഞ്ഞു.
\"ഹോ ! ഒത്തിരി നേരമായില്ലേ നമ്മൾ വന്നിട്ട് ! നമുക്ക് പോയാലോ ?\" ഗീത ചോദിച്ചു.
\"എങ്കിൽ ശരി \" ശ്യാം പറഞ്ഞു.
ഗീത എഴുന്നേറ്റ് നടന്നു. അവളുടെ നടത്തത്തിന്റെ ഭംഗി, അവന്റെ കണ്ണുകൾക്ക് അവഗണിക്കാനായില്ല.
പെട്ടെന്ന് ഗീത തിരിഞ്ഞു നോക്കി . ചമ്മലകറ്റാൻ ശ്യാമപ്പോൾ അവൾക്ക് മുഖം കൊടുക്കാതെ മറ്റൊരു ഇടത്തേക്ക് ദൃഷ്ടി മാറ്റി.
അവരുടെ കാർ മുന്നോട്ട് നീങ്ങി.
പെട്ടെന്ന് മഴപെയ്യാൻ തുടങ്ങി. ഗീത കാറിന്റെ വേഗം കുറച്ചു .
\"എന്തു ഭംഗിയാണ് ഈ
രാത്രിമഴ കാണാൻ ! അല്ലെ ശ്യാം?\"
\"ശരിയാ ,രാത്രിമഴയ്ക്ക് മാത്രമാണ് ലാസ്യഭംഗിയുള്ളത് \" ശ്യാം പറഞ്ഞു.
\" ഓഹോ ! അങ്ങിനെയുണ്ടോ?\" അവൾ ചോദിച്ചു.
\" മഴയ്ക്ക് ഓരോ നേരത്തും ഓരോ ഭാവമല്ലേ ! അതുപോലെ തന്നെയാണ് മഴയുടെ പ്രായവും ..\" അവൻ പറഞ്ഞു.
\"പ്രായമോ? \" അവൾ അവൻ്റെ തുടയിൽ ഇടതു കൈകൊണ്ട് പതിയെ നുള്ളി കൊണ്ട് ചോദിച്ചു .
\"അതെ, ഗീതാ ..\" അവൻ പറഞ്ഞു.
\"എങ്കിൽ ഈ പെയ്യുന്ന മഴയുടെ പ്രായമെത്രയാണ്?\"
ഒരു തരം ഹസ്കി വോയ്സിലായിരുന്നു അവളുടെ ആ ചോദ്യം.
\" ഒരു പതിനേഴോ പതിനെട്ടോ...\" ശ്യാം കുസൃതിച്ചിരിയോടെ പറഞ്ഞു.
\" അല്ല ശ്യാം . ഈ മഴയ്ക്ക് നമ്മുടെ പ്രായമാ ...\" അവൾ അവന്റെ കണ്ണുകളിലേക്ക് കാന്തശക്തിയാലുള്ള
ഒരേറുകണ്ണിട്ടുകൊണ്ട് , ഒരു ചിരി ചിരിച്ചു.
ശ്യാമിന്റെ അടിവയറ്റിൽ നിന്നും മുകളിലേക്ക് ഒരു കുഞ്ഞു മിന്നൽപ്പിണർ, ഒരു തരിപ്പോടെ, നേരെ ശിരസ്സിലേക്ക് പാഞ്ഞു പോയി.
സെവൻ ഹെവൻ അപ്പാർട്ട്മെന്റ്‌സിന്റെ ഗേറ്റ് കടന്ന്, ഗീത കാർ നിർത്തി.
\"ഇറങ്ങ് ശ്യാം \" ഗീത അവനോട് ഇറങ്ങാൻ പറയേണ്ടി വന്നു.
ഫാറ്റ് നമ്പർ 304 തുറന്ന് ഗീത അകത്തേക്ക് പോയതിന് പിന്നാലെ ,ശ്യാം ചെന്നു.
ശ്യാം അവൻ്റെ ബാഗ് ബെഡ്ഡിലേക്കിട്ടു.
ഗീത ബാൽക്കണിയുടെ വാതിൽ തുറന്ന് അതിന്റെ കൈവരിക്കരികിൽ ചെന്ന്,
പുറത്ത് മഴ തകർത്തു പെയ്യുന്നത് നോക്കിനിന്നു.
ശ്യാം അവൾക്കരികിലേക്ക് ചെന്ന്,
അവളുടെ ഒരു ശ്വാസത്തിന്നകലത്തിൽ
നിന്നു.
അവൾ പെട്ടെന്ന് തിരിഞ്ഞ് നിന്ന് , അവനോട് പറഞ്ഞു:
\" ശ്യാം , യൂ ടേയ്ക്ക് റെസ്റ്റ് . ഐ ഹാവ് ടു ഗോ ബാക്ക് \"
അവൾ പോകാനായി തിരിഞ്ഞു നടന്നു.
\"ഗീതാ , ഈ മഴയത്ത് പോണോ ? ഐ തിങ്ക് യൂ ക്യാൻ സ്റ്റേ ഹിയർ\"
\"അതു വേണോ ശ്യാം ?\"
\"വേണം...\" അവൻ പറഞ്ഞു.
\"എങ്കിൽ ശരി. ശ്യാമിന്റെ ഇഷ്ട്ടം . ഞാനൊന്ന് ഫ്രഷാവട്ടെ .\" അവൾ വാഷ് റൂമിലേക്ക് പോയി.
ഗീത വാഷ് റൂമിന്റെ കതക് അടച്ചത് കുറച്ചു ഉറക്കെ ആയിപ്പോയി .
ശ്യാം അത് കേട്ട് വല്ലാതെ ഞെട്ടി, ഒരു നിമിഷം തരിച്ചു നിന്നുപോയി !
\" ദിവ്യാ , നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ , വാതിൽ ഇങ്ങനെ ശക്തിയായി അടയ്ക്കരുതെന്ന് ! ഇത്തരത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ എനിക്ക് താങ്ങാൻ എളുപ്പമല്ലെന്ന് പലതവണ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ ?\"
പല വട്ടം ദിവ്യയോട് ഇങ്ങനെ കയർത്തു പറഞ്ഞത് അന്നേരം ശ്യാം ഓർത്തു.
പക്ഷേ ആ ഞെട്ടലിൽ ശ്യാം തന്റെ ശരിബോധത്തിലേക്ക് വന്നു.
ഇത്രനേരം താനേത് മായിക ലോകത്തായിരുന്നു ?
തന്റെ മനസ്സാകെ ഗീതയ്ക്ക് ചുറ്റും , ഏതോ മായാവലയത്തിൽ
പെട്ടപോലെ ചുറ്റുകയായിരുന്നില്ലേ ഇതുവരെ!
അവന് വല്ലാത്ത ലജ്ജയും അതിലേറെ ഒരു ഭർത്താവെന്ന നിലയിൽ കുറ്റബോധവും തോന്നി.
ഛെ! Best Couple 4 Ever ന്റെ മത്സരാർത്ഥിയായ താൻ എന്തു മണ്ടത്തരമാണ് ഈ കാണിച്ചു കൊണ്ടിരുന്നത് !
അൽപ നേരത്തേക്കാണെങ്കിലും, വഴിതെറ്റിയ തന്റെ മനസ്സിനെ പലവട്ടംശാസിച്ചു കൊണ്ട് ശ്യാം ബാൽക്കണിയിൽ തന്നെ നിന്നുപോയി.
അന്നേരം ശ്യാമിന്റെ ഒരു ലുങ്കിയും , അവൻ്റെ തന്നെ ഒരു ഷർട്ടും ധരിച്ചുകൊണ്ട് ഒരു കുസൃതിച്ചിരിയുമായി ഗീത ബാൽക്കണിയിലേക്ക് വന്നു.
ശ്യാമിന്റെ വല്ലാത്ത നോട്ടം കണ്ട് ഗീത പറഞ്ഞു: \"ശ്യാമിനെ ഡ്രോപ്പ്ചെയ്യാനല്ലേ ഞാൻ വന്നത് ! എന്റെ കയ്യിൽ ഡ്രസ്സ് ഒന്നും ഇല്ലായിരുന്നു ശ്യാം. അതുകൊണ്ടാണ് ട്ടോ ചോദിക്കാതെ തന്നെ ഞാൻ ഈ ഷർട്ടും ലുങ്കിയും ശ്യാമിന്റെ ബാഗ് തുറന്നു എടുത്തത്.\"
ശ്യാമിന്റെ മുഖം കടലാസ്സ് പോലെ വെളുത്തു.
\"എന്തുപറ്റി ശ്യാം ?\" വശ്യമായി ചിരിച്ചുകൊണ്ട് ഗീത ശ്യാമിനരികിലേക്ക് ചെന്നു.
ശ്യാം പെട്ടെന്ന് പുറകിലേക്ക് മാറി.
ഗീത ഒന്നുകൂടി അവനടുത്തേക്ക് ചെന്നു.
ശ്യാം അവളെ തള്ളി മാറ്റിക്കൊണ്ട് ലിവിങ്ങ്റൂമിലേക്ക് പോയി.
ഗീതയുടെ മുഖത്ത് കുറുമ്പും കുസൃതിയും കലർന്ന ചിരി വിടർന്നു.
അവളുടെ തുടുത്ത ശരീരത്തിൽ മുറുകിയ ലുങ്കിയിലും, മുകൾഭാഗത്തെ രണ്ടു ബട്ടൺ തുറന്നു മാറിടം കാട്ടിക്കിടന്ന ഷർട്ടിലും, അവളുടെ അഴിച്ചിട്ട മുടിയിഴകളുടെ വശ്യതയിലും, പുറത്ത് യൗവ്വനതാളത്തിൽ പെയ്യുന്ന മഴസംഗീതത്തിന്റെ അകമ്പടിയിലും, ശ്യാമിലേക്ക് അലിയാനുള്ള മോഹമായി അവൾക്കുള്ളിലെ താപം ഏറിയിരുന്നു.
ബെഡ്റൂമിലേക്ക് കടന്നു നിന്നുകൊണ്ട് ,അവൾ ശ്യാമിനെ തൻ്റെ പ്രണയപാരവശ്യ നയനങ്ങളാൽ അകത്തേക്ക് ക്ഷണിച്ചു.
ഒരു നിമിഷത്തെ ഒരുൾപ്രേരണയാൽ ശ്യാം, ഗീത നിന്നിരുന്ന ബെഡ്റൂമിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി.
\"ഗുഡ് നൈറ്റ് ഗീതാ !
നന്നായി ഉറങ്ങൂ. ഞാൻ നാളെ വിളിക്കാം .\"
ശ്യാം അടച്ചിട്ട ഡോറിലേക്ക് മുഖം ചേർത്ത് വെച്ച് അവളോട് ഉറക്കെ വിളിച്ചുപറഞ്ഞു.
അതിനു മറുപടിയായി, ഗീത ആ വാതിലിൽ ആഞ്ഞു ചവിട്ടിയ ഒരു വലിയ ശബ്ദം ശ്യാം കേട്ടു .
ശ്യാം ഒഴികെയുള്ള മറ്റ് മൂന്ന് ഭർത്താക്കന്മാർക്ക്, അവരെ ഡ്രോപ്പ് ചെയ്യാൻ പോയ യുവതികളുടെ പ്രലോഭനങ്ങൾക്കു മുന്നിൽ മനോനിയന്ത്രണം നഷ്ട്ടപ്പെട്ട സീനുകൾ , തൽസമയം റിമോട്ട്- ഇന്റർനെറ്റ് -സീസി ടിവിയിൽ കണ്ട് തരിച്ചു നിൽക്കുകയാണ് നാലു മത്സരാർത്ഥികളായ ഭാര്യമാരും വിധികർത്താക്കളും.
ദിവ്യ ഒഴികെ മറ്റു മൂന്നു ഭാര്യമാരും
ഒരു വലിയ ദാമ്പത്യനാണക്കേടിന് ഒപ്പം , ആ സെഗ്മെന്റിലെ പരാജയകയ്പ്പ്നീർ കൂടി കുടിച്ച് തലതാഴ്ത്തി ഇരിക്കുകയാണ്.
അതേസമയം, ഗീതയെന്ന പെണ്ണിന്റെ ആകർഷണവലയെ ഭേദിച്ച്, വിശ്വാസത്തിന്റെ പ്രതീകമായി , ഉത്തമ ഭർത്താവായി, Test the Trust- \'വിശ്വാസമല്ലേ എല്ലാം\' റൗണ്ടിൽ ഏക വിജയിയായി പ്രഖ്യാപിക്കപ്പെട്ട തന്റെ ഭർത്താവ് ശ്യാമിന്റെ വരവ് കാത്ത്, അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് ദിവ്യ എന്ന ഉത്തമഭാര്യ.
*******