Aksharathalukal

അതിമോഹം



കേരളത്തിൻറെ തെക്കേ അറ്റത്തെ ഒരു മനോഹരമായ ഗ്രാമം. അവിടുത്തെ പേരുകേട്ട ഒരു തറവാട്ടിലെ ജോലിക്കാരൻ ആയിരുന്നു അറുമുഖൻ. അറുമുഖൻ ചെറുപ്പകാലത്ത് എവിടെനിന്നോ നാടുവിട്ട് ആ ഗ്രാമത്തിൽ വന്നതായിരുന്നു എന്തു പണിയെടുത്തും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെന്ന് മാത്രമായിരുന്നു ആ സമയത്ത് അറുമുഖന്റെ ഏറ്റവും വലിയ ആഗ്രഹം.
പട്ടിണിയും രോഗങ്ങളും കഷ്ടപ്പാട് മാത്രമുള്ള ഒരു ജനതയുടെ പ്രതിനിധിയായിരുന്നു അറുമുഖൻ. ആദ്യമൊക്കെ അവന് പണി കൊടുക്കുവാൻ ആരും തയ്യാറായില്ല. നല്ല ആരോഗ്യവും എന്തും ചെയ്യാനുള്ള മനക്കരുത്തും മാത്രമായിരുന്നു അവന് സ്വന്തമായി ഉണ്ടായിരുന്നത്. സ്വന്തമായി ഒരു വീട് കുടുംബം എന്നിവ അവന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
പതുക്കെ പതുക്കെ അവന് ചെറിയ ചെറിയ പണികൾ കിട്ടിത്തുടങ്ങി. അന്നത്തെ കാലത്ത് രാവിലെ മുതൽ വൈകുന്നേരം വരെ എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്നത് 5 രൂപയാണ്. പക്ഷേ അവൻ അതിന് ₹500 യുടെവിലയുണ്ടായിരുന്നു. പണിയുള്ള സമയത്ത് അവന് ആ വീട്ടിൽ നിന്ന് തന്നെ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കും ചിലപ്പോൾ വൈകുന്നേരം ഒരു കട്ടൻ കാപ്പിയും എന്തെങ്കിലും കടിയും ഉണ്ടാവും. അറുമുഖനെ സംബന്ധിച്ചിടത്തോളം അത് വളരെ ആഡംബരമായിരുന്നു.
 കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ അറുമുഖൻ ആ നാട്ടുകാർക്ക് സുപരിചിതനായി മാറി .കാരണം ആരുടെയും മനസ്സ് കീഴടക്കുന്ന സ്വഭാവവും ചെയ്യുന്ന പണിയോടുള്ള ആത്മാർത്ഥതയും. അവൻ്റെ  ഈ സവിശേഷതകൾ കാരണം പല എസ്റ്റേറ്റ് മുതലാളിമാരും അവന് സ്ഥിരം പണി നൽകുവാൻ തയ്യാറായി, അങ്ങനെ അവൻറെ ജീവിതം പച്ച പിടിക്കാൻ തുടങ്ങി.
 അക്കാലത്ത് നെൽകൃഷി വ്യാപകമായി ഉണ്ടായിരുന്നു. ഏക്കർ കണക്കിന് പാടം വിളഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു. അങ്ങനെ ഒരു കൊയ്ത്തുകാലം വന്നു. കൊയ്ത്ത് എന്ന് പറഞ്ഞാൽ ഒരു ആഘോഷമാണ് പത്തനൂറ് പേര് കാണും കൊയ്യാനും മെദിക്കാനുമെല്ലാം. അവിടെ വെച്ചാണ് അവൻ പത്മിനിയെ കണ്ടുമുട്ടുന്നത്. കൊയ്യാൻ വന്നതായിരുന്നു അവൾ .
പത്മിനി അവിടെ അടുത്തുള്ള ഒരു കോളനിയിലാണ് താമസിക്കുന്നത്. എന്താണ് സുഖമെന്ന് അവൾ ഇതുവരെ അറിഞ്ഞിട്ടില്ല. അവളുടെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛൻ മരിച്ചിരുന്നു. അമ്മ പണിക്ക് പോയതാണ് ആ കുടുംബം പുലർന്നിരുന്നത്. അച്ഛൻറെ മരണശേഷം അച്ഛൻറെ ബന്ധുക്കൾ അവളെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇപ്പോൾ അവർ കോളനിയുടെ പുറമ്പോക്കിൽ ഒരു ചെറിയ കുടിൽ കെട്ടി താമസിക്കുകയാണ്. എത്ര കഷ്ടപ്പാട് ആണെങ്കിലും അവൾ അതൊന്നും പുറത്തു പറയില്ലായിരുന്നു .
എന്തോ അറുമുഖന് അവളോട് ഒരു ഇഷ്ടം തോന്നി. പക്ഷേ സ്നേഹിക്കാനോ,സ്നേഹം പങ്കുവയ്ക്കാനോ കഴിയാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു അവൾ. ആയിടെയാണ് ആ നാട്ടിൽ വസൂരി പടർന്നു പിടിക്കുന്നത്. നിർഭാഗ്യം എന്ന് പറയട്ടെ അവളുടെ അമ്മയ്ക്കും രോഗം പിടിപെട്ടു. വിദഗ്ധ ചികിത്സയോ അത് ചെയ്യാനുള്ള അറിവ് ഇല്ലാത്ത അക്കാലത്ത് അവളുടെ അമ്മ രോഗം മൂർച്ഛിച്ചു മരണത്തിന് കീഴടങ്ങി. അങ്ങനെ പത്മിനി ഒറ്റയ്ക്കായി.
 പ്രായപൂർത്തിയായ ഒരു പെണ്ണ് ആരോരുമില്ലാതെ ഒരു ഷെഡ്ഡിൽ താമസിക്കുക അന്നത്തെ കാലത്ത് ആലോചിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായിരുന്നു. അവളുടെ അപ്പോഴത്തെ അവസ്ഥ എങ്ങനെയോ അറുമുഖന്റെ ചെവിയിലും എത്തി. അവൻ അവളുടെ വീട് തേടി കണ്ടുപിടിച്ചു. അവിടെ ചെന്നു പത്മിനി ഷെഡിന് മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ചോദിച്ചു” ആരാ”. അവൻ മറുപടി പറഞ്ഞു “എൻറെ പേര് അറുമുഖൻ ജീവിക്കാൻ വേണ്ടി ഈ നാട്ടിൽ വന്നതാണ് എന്തും ചെയ്യാനുള്ള മനസ്സുറപ്പുണ്ട് നീ എൻറെ കൂടെ വരുന്നോ”.  പെട്ടെന്ന് അവൾ സ്പന്ദിച്ച് നിന്നു. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് അവൾ “എന്ത്” എന്ന് ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു. “തന്നെ പല പണിസ്ഥലങ്ങളിലും വെച്ചു ഞാൻ കണ്ടിട്ടുണ്ട് സഹതാപം കൊണ്ടൊന്നുമല്ല തന്നെ എനിക്ക് ഇഷ്ടമായതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത് പോരുന്നോ എൻറെ കൂടെ എൻറെ ആയുസ്സുള്ളടത്തോളം കാലം ഞാൻ നിന്നെ പൊന്നുപോലെ നോക്കി കൊള്ളാം” പത്മിനിക് എന്തോ അവന്റെ വാക്കിൽ വിശ്വാസം തോന്നി. അവൾ ധരിച്ചിരുന്ന വസ്ത്രം മാത്രം എടുത്തുകൊണ്ട് അവൻറെ കൂടെ നടന്നു.
 പിറ്റേദിവസം തന്നെ അവർ അടുത്ത അമ്പലത്തിൽ പോയി മാലയിട്ടു. അറുമുഖൻ തൻറെ സുഹൃത്ത് വഴി സംഘടിപ്പിച്ച ഒറ്റമുറി വീട്ടിലേക്ക് മാറി. ആ വീട് അവരെ സംബന്ധിച്ചിടത്തോളം ഒരു സ്വർഗ്ഗമായിരുന്നു. തങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടെന്ന് അവർ മനസ്സിലാക്കി തുടങ്ങി. ചെറുതാണെങ്കിലും സ്വന്തമായി ഒരു കൂര വേണമെന്ന് അവർ ആഗ്രഹിച്ചു. അതിനുവേണ്ടി അവർ രാവും പകലും അധ്വാനിച്ചു. കിട്ടുന്നതിൽ നിന്ന് മിച്ചം വെച്ച് അവർ ഒരു തുണ്ട് ഭൂമി വാങ്ങി. അവിടെ ഒരു കൂര കെട്ടി താമസമാക്കി.
 അതിനിടെ പത്മിനി മൂന്ന് പ്രസവിച്ചു. മൂത്തത് ആൺകുഞ്ഞായിരുന്നു. അവനവർ ശിവൻ എന്ന് പേരിട്ടു. രണ്ടാമത്തേതും മൂന്നാമത്തെതും പെൺകുഞ്ഞുങ്ങളും ശാന്തയും ,കമലയും .തങ്ങൾ വന്ന സാഹചര്യങ്ങളിൽ കൂടെ ഒരിക്കലും തങ്ങളുടെ മക്കൾ വളരുതെന്ന് അവർ ആഗ്രഹിച്ചു. അവരെ പഠിപ്പിച്ച വലിയവരാക്കണം. ഞങ്ങൾക്ക് കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും തങ്ങളുടെ മക്കൾക്ക് കിട്ടണം. അതിനുവേണ്ടി അവർ രാപകൽ അധ്വാനിച്ചു.
 അതിനിടെയാണ് ആ തറവാട്ട് വീട്ടിൽ അറുമുഖന് സ്ഥിരം ജോലി കിട്ടുന്നത്. അവിടുത്തെ പറമ്പിലെ പണികൾ നോക്കണം, പശുവിനെ കറക്കണം, പാലു സൊസൈറ്റിയിൽ കൊടുക്കണം, അത്യാവശ്യം സാധനങ്ങൾ വീട്ടിലേക്ക് വാങ്ങി കൊടുക്കണം. കുറച്ചുകാലം കഴിഞ്ഞപ്പോൾ പത്മിനിക്കും അവിടെ ജോലി ലഭിച്ചു. അടുക്കളപ്പണി ആയിരുന്നു.
 ആയിടെ അറുമുഖന് തുടരെ തുടരെ വയറുവേദന വരുമായിരുന്നു. അന്നത്തെ കാലമായതിനാൽ അവർ അത് കാര്യമാക്കിയില്ല. വയറുവേദന കൂടുമ്പോൾ അവൻ അടുത്തുള്ള വൈദ്യന്റെ അടുത്ത് പോയി കുറച്ചു കഷായം വാങ്ങി കുടിക്കും. തൽക്കാലം വേദന ശമിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അറുമുഖന് കലശാല  വയറുവേദന വന്നു. വൈദ്യനെ കാണിച്ചിട്ടോ കഷായം കുടിച്ചിട്ടോ ഒന്നും മാറുന്നില്ല. പിന്നെ ഒരു രക്ഷയുമില്ലാതെ പത്നിയെയും കൂട്ടി അടുത്തുള്ള ആശുപത്രിയിൽ പോയി .
ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്തസാധാരണ ഒരു ആശുപത്രി. അവിടെ ചെന്ന് കാര്യം പറഞ്ഞ അറുമുഖന്റെ വയറ്റിൽ അവിടെവിടെ ഞെക്കി നോക്കി ഡോക്ടർ പരിശോധിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു “എത്രയും പെട്ടെന്ന് മെഡിക്കൽ കോളജിൽ എത്തിക്കണം കുറച്ച് സീരിയസാണ്”. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന അവർ  ഉടനെ മുതലാളിയുടെ എടുത്തു പോയി വിവരം പറഞ്ഞു. അദ്ദേഹം അയാളുടെ അംബാസിഡർ കാർ കയറ്റി അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. അവിടുത്തെ വിദഗ്ധ പരിശോധനകൾക്കും സ്കാനിങ്ങിനും ശേഷം ഡോക്ടർമാർ പറഞ്ഞു “അറുമുഖന് ക്യാൻസറാണ്. ലാസ്റ്റ് സ്റ്റേജ് ആണ് രക്ഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല”, പത്മിനി എന്ത് ചെയ്യണമെന്ന് അറിയാതെവിറങ്ങലിച്ചു നിന്നു. ഡോക്ടർ തന്ന മരുന്നും വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി.
 ദിവസം കഴിയുംതോറും അറുമുഖന്റെ ആരോഗ്യം ക്ഷയിച്ചു വന്നു. പത്മിനിയുടെ ജോലി കൊണ്ട് മാത്രം ആ കുടുംബം പുലരാതെയായി. അതോടെ ശിവന്റെ പഠുത്തം  നിർത്തേണ്ടി വന്നു. അവൻ അറുമുഖത്തിന് പകരം തറവാട്ട് വീട്ടിൽ ജോലിക്ക് പോയി തുടങ്ങി. പേന പിടിക്കേണ്ട ആ കുഞ്ഞി കരങ്ങൾ കൊണ്ട് പുല്ലരിയാനും ചാണകം കോരാനും ഒക്കെ അവൻ പഠിച്ചു. അറുമുഖൻ കിടക്കയിൽ കിടന്നു ചിന്തിച്ചു ദൈവമേ എന്തിനാണ് എന്നോട് ഈ ചതി ചെയ്തത്. എന്നോട് ഇത് മുമ്പേ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളുടെ ജീവിതം കൂടെ കഷ്ടത്തിലാക്കുകയില്ലായിരുന്നു. എന്താ ദൈവമേ ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ കൊച്ചു സന്തോഷങ്ങൾ തല്ലിക്കെടുത്തുകയാണോ നിൻറെ വിനോദം. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.
 വൈകുന്നേരം ഒരു ദിവസവുമില്ലാത്ത ഉത്സാഹമായിരുന്നു അറുമുഖന്. അവൻ പത്മിനിയോട് കഞ്ഞിയും ഉണക്കമീനും ഉണ്ടാക്കി തരണമെന്ന് പറഞ്ഞു. അവൻ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. വളരെ കാലങ്ങൾക്ക് ശേഷമാണ് അറുമുഖൻ ഒരു ആഗ്രഹം പറയുന്നത്. അവൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൾ കുത്തരി കൊണ്ട് കഞ്ഞി ഉണ്ടാക്കി ഉണക്കമീൻ ചുട്ടെടുത്തു. എന്നിട്ട് അവർ രണ്ടുപേരും ഒരുമിച്ചിരുന്ന് കഴിച്ചു. 
അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. പതിവുപോലെ പത്മിനി രാവിലെ എഴുന്നേറ്റ് കട്ടൻകാപ്പിയുമായി അറുമുഖനെ ചെന്ന് വിളിച്ചു.. അറുമുഖൻ അനങ്ങിയില്ല പത്മിനിയാ സത്യം തിരിച്ചറിഞ്ഞു. തൻറെ പ്രിയപ്പെട്ടവൻ തന്നെ വിട്ടുപോയെന്ന്. എങ്ങനെയാണ് ചിലരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ പോലും ദൈവത്തിന് അതിമോഹമാണ്.