Aksharathalukal

Part -5 - പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

Part 5 -അവസാന ഭാഗം 

ജയദേവൻ മറ്റൊരു ലോകത്തിൽ നിന്ന് കിട്ടിയ സമ്മാനവുമായി ഇറങ്ങിപ്പോകുന്ന പോലെ, അയാളുടെ വീടിനെ ലക്ഷ്യമാക്കി യാത്രയായി.

ബാങ്കിൽ നിന്ന് മീര എത്തുന്നതിനു മുൻപ് വീട്ടിലെത്തിയ ജയദേവൻ ,
നയന നെയ്തെടുത്ത സാരി അലമാരിയിൽ ഒരു പ്രത്യേക ഇടത്ത് ഒളിപ്പിച്ചുവെച്ചു.

വിവാഹ വാർഷിക ദിവസം വൈകീട്ട് പുറത്തുപോയി സ്പെഷൽ ഡിന്നർ എല്ലാം നേരത്തെ കഴിച്ച്, ജയദേവനും മീരയും വീട്ടിലെത്തി.

വീണ്ടും ഒന്ന് കുളിച്ച് ഫ്രഷായി രണ്ടാളും ബെഡ്റൂമിൽ കയറി. 

\" ഇതുവരെ എനിക്ക് ഗിഫ്റ്റ് ഒന്നും തന്നില്ലല്ലോ ദേവാ.. ഇത്തവണ ഒന്നുമില്ലേ ? മറന്നു പോയോ ?\" അവൾ പരിഭവത്തോടെ ചോദിച്ചു.

\"മറക്കേ ! ഞാനൊ !
നീ ഞെട്ടാൻ ഒരുങ്ങിക്കോ മീരാ ! \" 

അയാൾ അലമാരയിൽ നിന്ന് ആ സാരി പുറത്തെടുത്തു.

\" ഓ സാരിയാണോ ...\"

അവളുടെ ചോദ്യത്തിൽ ഒരു എക്സൈറ്റുമെന്റും ഇല്ല എന്നത് ജയദേവനെ ഒരു നിമിഷം ഡൗണാക്കി.
 
അയാൾ സാരി മുഴുവനായി കവറിനു പുറത്തേക്ക് എടുത്തു. 

\"ദേവാ...! എന്ത് ഭംഗിയുള്ള സാരി ! നോക്കട്ടെ !!
അവൾ ഓടിവന്ന് അയാൾക്ക് അരികിലെത്തി, അത് പിടിച്ചു വാങ്ങി. അവളുടെ മുഖത്തെ വിസ്മയവും സന്തോഷവും അയാളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

ഇത്രയും കാലം എത്രയോ സമ്മാനങ്ങൾ ഞാൻ ഇവൾക്ക് കൊടുത്തിരിക്കുന്നു ! അപ്പോഴൊക്കെ, കൊടുക്കുന്ന തന്റെ എക്സൈസ്മെന്റിന്റെ അത്രയും, വാങ്ങുന്ന അവളുടെ മുഖത്ത് ഉള്ളതായി താൻ കണ്ടിരുന്നില്ല. പക്ഷേ ഈ നിമിഷം അവളുടെ മുഖഭാവം തന്നെ ആകെ വിസ്മയിപ്പിക്കുന്നു ! 

അവൾ അയാളെ മുറുകെപ്പുണർന്നു. കവിളുകളിൽ മാറിമാറി ഉമ്മവച്ചു. 

എന്നിട്ട് അയാളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു:  
\" ദേവാ, ഈ സാരി ഞാൻ ഇപ്പോൾ തന്നെ ഉടുക്കട്ടെ ! \"

\" നാളെ ബാങ്കിൽ പോകുമ്പോൾ ഉടുത്താൽ പോരേ മീരാ ?\" 
എല്ലാ തവണയും അതാണ് പതിവ്. അതുകൊണ്ടാണ് അയാൾ അങ്ങിനെ പറഞ്ഞത്.

\"ഇല്ല ദേവാ, എനിക്കിത് ഇപ്പോൾ തന്നെ ഉടുക്കണം. \"

അവൾ ഒരു നിമിഷം കൊണ്ട് അവളുടെ നൈറ്റ് ഗൗൺ അഴിച്ചു കളഞ്ഞു.
എന്നിട്ട് ആ സാരി ഉടുക്കാൻ തുടങ്ങി.

\" മീരാ , നീ ബ്ളവുസ് ഇട്ടിട്ടില്ല. \"

\" ഇവിടെയിപ്പോൾ ബ്ളവുസ് എന്തിനാ ദേവാ ! \" അവളൊരു കൊല്ലുന്ന കള്ളച്ചിരി ചിരിച്ചു ദേവനെ നോക്കി കണ്ണിറുക്കി.

അവൾ ആ സാരി ഉടുക്കുന്ന ഓരോ നിമിഷത്തിലും ഒരു പുതു ലഹരിയിൽ ഉണർന്ന പോലെ, ഇതുവരെ കാണാത്ത ലാസ്യഭംഗിയോടെ, പ്രണയ പരവശയായി ദേവനെ നോക്കുകയായിരുന്നു.

ആ പ്രണയച്ചുഴിയിലകപ്പെട്ട് , അവളെ മുറുകെപ്പുണർന്ന് ചേർന്നു നിൽക്കെ, അവൾ തന്റെ ചൂടുപിടിച്ച അധരങ്ങളാൽ അവനെ ചുംബിച്ച ശേഷം, കാതിൽ ശൃംഗാരസ്വരത്തിൽ ഇങ്ങനെ മൊഴിഞ്ഞു : \"എന്റെ ദേവാ, ഈ സാരിയുടെ നൂലിഴകൾക്കുള്ളിൽ എന്നിലെ പ്രണയലഹരിയെ തീ പിടിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. \" 

എന്നിട്ടവൾ അവനെ ഒന്നുകൂടി മുറുകെപ്പുണർന്നു.
ജയദേവന് അവളുടെ സ്വരം നയനയുടെ സ്വരത്തിന്റെ മാറ്റൊലി പോലെ തോന്നിച്ചു.

അതിന് തുടർച്ചയായെന്നോണം ,
നയന പറഞ്ഞ ഈ വാചകവും ജയദേവന്റ മനസ്സിലെത്തി : 

\"മാഷെ, ഞാനിതിൽ ചേർത്ത് വച്ച് നെയ്തെടുത്ത എന്റെ പ്രണയത്തിന്റെ മുഴുവൻ ലഹരിയും , മാഷിന്റെ മീരയ്ക്ക് , മാഷിനോടുള്ള പ്രണയത്തിന്റെ ആഴം കൂട്ടും. മാഷ് നോക്കിക്കോ..!!\"

ഇന്ദ്രിയാതീയമായ
ഒന്നുചേരലിന്റെ , മനോഹരങ്ങളായ ലാസ്യ തലങ്ങളിലേക്ക് , ചടുലമായ പ്രേമതാളങ്ങളോടെ, ജയദേവൻ തന്റെ പ്രിയതമയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു , 
ആ നിമിഷം മുതൽ, പുലരും വരെ, അവരുടെ ഏഴാം വിവാഹ വാർഷികരാത്രി അവിസ്മരണീയമാക്കിക്കൊണ്ട് !
*******
ശുഭം🙂