part 2 - ഹൃദയത്തിലേക്കിറങ്ങിയ പെൺവേരുകൾ
മനസ്സിനുള്ളില്‍ മറക്കാതെ സൂക്ഷിച്ച ആ മേല്‍വിലാസത്തിലേയ്ക്ക്, ഒരു അസാധാരണ പ്രണയകഥ കേള്‍ക്കാനൊരുങ്ങി, ഞായറാഴ്ച്ച കാലത്ത്തന്നെ ശ്രീനാഥ് തന്‍റെ ബൈക്കില്‍ സുനിതാ മേനോനൊടൊപ്പം പുറപ്പെട്ടു.
പച്ചിലകള്‍ ഇടതൂര്‍ന്നു കുടശീലപോല്‍ വിരിഞ്ഞു നില്‍ക്കുന്ന വലിയ മരങ്ങള്‍ക്കു താഴെ, തണല്‍ വിരിപ്പിട്ട മുറ്റത്ത് ബൈക്ക് നിര്‍ത്തി അവര്‍ ആ വീടിന്‍റെ പൂമുഖത്തേക്ക് ചെന്നു.
ബൈക്കിന്‍റെ ശബ്ദം കേട്ട് അവിടേക്ക് അനുരാധ കടന്നുവന്നു.
പ്രഭാത സൂര്യന്‍റെ പ്രസരിപ്പുള്ള തെളിഞ്ഞ മുഖത്തോടെ മുന്‍വശത്തെ തൂണിനു ചാരെ നിന്ന്‍ അവര്‍ ചോദിച്ചു, “ആരാ?”
ഹൃദ്യമായി ചിരിച്ചു കൊണ്ട് ശ്രീനാഥ് പറഞ്ഞു, “ഞാന്‍ ശ്രീനാഥ്. ഇത് സുനിതാ മേനോന്‍. ഫ്രീലാന്‍സ് ജേണലിസ്റ്റ് ആണ്.”
“കയറിയിരിയ്ക്കൂ” അവര്‍ പറഞ്ഞു.
തന്നില്‍ ആകാംക്ഷ ഉണര്‍ത്തിയ ചിന്തകള്‍ക്ക് പിന്നിലെ കഥയറിയാന്‍ ശ്രീനാഥ് പതിയെ സംസാരിച്ചു തുടങ്ങി.
അവര്‍ ഇടയ്ക്കു കയറി പറഞ്ഞു, “കുറച്ചു സമയം കാത്തിരിക്കാമോ? ഞാനിപ്പോള്‍ വരാം.”
അനുരാധ, ശ്രീനാഥിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമൊന്നും പറയാതെ, അവരെ അവിടെ തനിച്ചുവിട്ട്, മുകളിലേക്ക് കയറിപ്പോയി.
മുകള്‍നിലയിലെ വിശാലമായ മുറിയില്‍ ആട്ടുകട്ടിലിലെ മെത്തയിലേയ്ക്ക് ചാരി, മനസ്സിലെന്നും പുതുമയോടെ വിരുന്നു വരാറുള്ള മുഴുവന്‍ ഓര്‍മ്മകളെയും തിരികെയെടുത്ത്, അല്‍പനേരം മിഴികളടച്ച് അനുരാധ കിടന്നു.
#ചെന്നൈ-
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍ മാസം.....
സൈക്കാട്രിസ്റ്റ് സ്വാമിനാഥന്‍റെ ക്ലിനിക്കില്‍ ഇന്ന്‍ തിരക്ക് കുറവാണ്. രണ്ടു പേര്‍ കൂടി കഴിഞ്ഞാല്‍ പിന്നെ സുചിത്രയുടെ ഊഴം. കഴിഞ്ഞ മൂന്നു തവണയും മകന്‍ നന്ദഗോപനെ കൂട്ടിയായിരുന്നു, അവളുടെ വരവ്. ഇത്തവണ തന്നോട് തനിച്ചു വരാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.
നന്ദന്‍റെ കുറെ നാളായുള്ള മാനസിക വിഭ്രാന്തി അവളെ ഒരു പ്രഷര്‍ കുക്കറിന് സമാനമായ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു.
നന്ദഗോപനിപ്പോള്‍ പത്തൊന്‍പത് വയസ്സു കഴിഞ്ഞു. പാതി വഴിയില്‍ പഠിപ്പുപേക്ഷിച്ചു വീട്ടിലിരിപ്പാണ് അവന്‍. മാസങ്ങളെത്ര കഴിഞ്ഞു!
ചെന്നെയില്‍ അവള്‍ക്ക് കണ്ടെത്താനാവുന്ന എല്ലാ നല്ല സൈക്ക്യാട്രിസ്റ്റുകളെയും അവള്‍ കണ്ടു. ഡോക്ടര്‍ സ്വാമിനാഥനിലാണ് ഇപ്പോള്‍ അവളുടെ പ്രതീക്ഷ. എന്തെങ്കിലുമൊരു പുതിയ വഴി തുറന്നു കിട്ടുമെന്ന്‍ കരുതി ക്ഷമയോടെ കാത്തിരിക്കുകയാണ് സുചിത്ര.
ഇതിലും വലിയ പ്രണയ നഷ്ടങ്ങളുടെ കഥകള്‍ അവള്‍ എത്രയോ കേട്ടിരിയ്ക്കുന്നു! പക്ഷെ നന്ദന്‍റെ ദു:ഖത്തിന് ഇത്ര ആഴമുണ്ടാകുമെന്ന് സുചിത്ര കരുതിയതേയില്ല.
മറക്കാനാകാത്ത ആ ദിവസത്തെ ഓര്‍മ്മ വീണ്ടും അവള്‍ക്കു മുന്നിലെത്തി.
അമ്മന്‍കോവില്‍ തിരുവിഴയുടെ ഭാഗമായി അമ്പലപ്പറമ്പിലെത്തിയ വലിയ യന്ത്ര ഊഞ്ഞാലിലായിരുന്നു, നന്ദനും അവന്‍റെ കൂട്ടുകാരി വാണിയും.
ഏതോ ഒരു നിമിഷം അതില്‍ കയറേണ്ട എന്ന്‍ അവരോട് പറയണമെന്ന് സുചിത്രക്ക് തോന്നിയിരുന്നു. പക്ഷെ, അവരുടെ സന്തോഷം കളയേണ്ടെന്ന്‍ തോന്നിപ്പോയി.
ആനന്ദത്താല്‍ മതി മറന്ന്‍ ആര്‍ത്ത് ചിരിച്ചുകൊണ്ട് അവര്‍ ഒന്നുചേര്‍ന്ന്‍ കറങ്ങി വരുന്നത്, തൂങ്ങിയാടുന്ന അവരുടെ കസേരകള്‍ താഴേക്ക് വരുന്നേരം അവള്‍ അടുത്തു കാണുന്നുണ്ടായിരുന്നു.
ഇടയിലെപ്പോഴോ ഉയര്‍ന്ന നന്ദന്‍റെ കരച്ചില്‍ തന്‍റെ അമ്മക്കാതുകള്‍ തിരിച്ചറിഞ്ഞു.
പിടയുന്ന നെഞ്ചോടെ യന്ത്ര ഊഞ്ഞാലിനരികില്‍ നിന്ന തന്‍റെയും മറ്റുള്ളവരുടെയും മുന്നിലേക്ക്, അലറിക്കരഞ്ഞുക്കൊണ്ട് നന്ദന്‍ വിറയലോടെ വന്നിറങ്ങിയത്, അവനോട് ചേര്‍ത്തു പിടിച്ച വേണിയുടെ ശരീരവും കൊണ്ടാണ്.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്‍പ് പാഞ്ഞുവന്ന ആംബുലന്‍സില്‍ നന്ദനൊപ്പം സുചിത്രയും പോയി.
അന്ന്‍ തിരിച്ചു വരാതെ പോയ വേണിയുടെ ജീവനോട് ചേര്‍ന്ന്‍, നന്ദന്‍റെ മനസ്സും പൊയ്ക്കളഞ്ഞു, അവന്‍റെ ജീവനുള്ള ശരീരം മാത്രം ഇവിടെ തനിച്ചാക്കിക്കൊണ്ട്.
ആ നിമിഷം മുതല്‍ നന്ദന്‍ നിശ്ശബ്ദനായി.
ചിലപ്പോള്‍ സുചിത്ര ഉണ്ടാക്കിക്കൊടുക്കുന്ന ജ്യൂസ് മാത്രം കഴിക്കും. പിന്നെ കുറെ നേരം വെറുതെ ഇരിക്കും. എങ്ങോ നോക്കി കിടക്കും. ഇടയ്ക്കുറങ്ങും. എങ്ങും പോകാതെ ഒന്നും പറയാതെ അവന്‍റെ മുറിയും ആ മുറിയുടെ ബാല്‍ക്കണിയും മാത്രമായി അവന്‍റെ ലോകം.
ഡോക്ടര്‍ സ്വാമിനാഥന്‍റെയരികില്‍ വന്നതിന് ശേഷം വലിയ മാറ്റമുണ്ടായിട്ടില്ലെങ്കിലും, മറ്റു ഡോക്ടര്‍മാരില്‍ നിന്ന്‍ വ്യത്യസ്തമായി അദ്ദേഹം നന്ദന്‍റെ കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്ത് നിരന്തരം പല രീതികളും പരീക്ഷിക്കുന്നുണ്ട്.
അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ ആത്മാര്‍ത്ഥതയുള്ള ഒരു മുതിര്‍ന്ന ബന്ധുവിന്‍റെ സ്നേഹം സുചിത്രക്ക് അനുഭവപ്പെടാറുണ്ട്. മലയാളവും തമിഴും ഇടകലര്‍ത്തി സംസാരിക്കുന്ന ഡോക്ടറുടെ അമ്മവീട് പാലക്കാട് ആയതുകൊണ്ട്, മലയാളികളോട് ഒരു പ്രത്യേക മമതയും അദ്ദേഹത്തിനുണ്ട്.
സുചിത്രക്ക് തൊട്ടു മുന്‍പ് കയറിയ പേഷ്യന്‍റ് വാതില്‍ തുറന്ന്‍ പുറത്തേക്ക് വന്നു. തിടുക്കത്തിലെഴുന്നേറ്റ് സുചിത്ര, ഡോക്ടറുടെ മുറിയിലേക്ക് ചെന്നു.
“വാ, സുചിത്രാമ്മാ..,വാ..വാ...ഉക്കാര്..” അദ്ദേഹം സ്നേഹത്തോടെ ചിരിച്ചുകൊണ്ട് അവളോട് ഇരിക്കാനാഗ്യം കാട്ടി.
“താങ്ക് യു ഡോക്ടര്‍..” അവള്‍ അദ്ദേഹത്തെ നോക്കി വിനയത്തോടെ ചിരിച്ചുകൊണ്ട് എതിരെയുള്ള കസേരയിലിരുന്നു.
“സുചിത്രാ, ഞാനിപ്പോള്‍ പറയാന്‍ പോകുന്ന വിഷയം നീ മാത്രം അറിഞ്ഞാല്‍ മതി. ഇത് കൊഞ്ചം സ്ട്രേഞ്ച് ആയ വഴി. ആനാ റിസള്‍ട്ട് കെടയ്ക്കും എന്‍റു താന്‍ എന്‍ മനം ശൊല്‍കിറത്.” ഡോക്ടര്‍ പറഞ്ഞു.
സുചിത്ര ഉല്‍ക്കണ്ഠ നിറഞ്ഞ ആകാംക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.
“സുചിത്രാമ്മാ, ഉങ്കളുക്ക് നന്ദനുടെ വയസ്സില്‍ ഏതാവത് പൊണ്ണ്‍ റിലേറ്റീവ്സ് ആയി ഇരുക്കാ?” ഡോക്ടര്‍ ചോദിച്ചു.
സുചിത്ര ഒരു മിനുട്ട് ചിന്തയിലായി. അവളുടെ മനസ്സ് ഒറ്റപ്പാലത്തുള്ള തറവാട്ടു വീട്ടിലേക്ക് ഓടിപ്പോയി.
അവിടെയുള്ള അവളുടെ മൂത്ത സഹോദരന്‍റെ മകള്‍ അനുരാധയുടെ മുഖം തെളിഞ്ഞു വന്നു.
“ആമാ ഡോക്ടര്‍, എന്നുടയ പെരിയ അണ്ണന്‍ മകള്‍ അനുരാധയിറുക്ക്. അവങ്ക കേരളാവില്‍ ഇരുക്കേ. എന്ന ഡോക്ടര്‍?” സുചിത്ര ചോദിച്ചു.
“അതാവത്, അവള്‍ നന്ദഗോപനുടെ മുറൈ പെണ്‍ താനേ? വയസ്സില്‍ പെരിയവളാനാലും?”, ഡോക്ടര്‍ പുതിയതെന്തോ കണ്ടെടുത്ത സന്തോഷത്തോടെ പറഞ്ഞു.
ഒന്നും പിടികിട്ടാതെ സുചിത്ര ചോദിച്ചു, “ആമാ ഡോക്ടര്‍, എന്ന വിഷയം?”
“ഉങ്കള്‍ക്കും അനുരാധാവുക്കും നല്ല റിലേഷന്‍സ് താനേ?”
“ആമാ ഡോക്ടര്‍, ഇന്നലെയും ഞാന്‍ അവളോട് സംസാരിച്ചിരുന്നു. നന്ദന്‍റെ കാര്യത്തില്‍ അവളും എന്നെപ്പോലെ ഏറെ സങ്കടത്തിലാണ്.” സുചിത്ര പറഞ്ഞു.
“അപ്പടിയാനാ കാര്യം റൊമ്പ ഈസി. ഇന്ത വിഷയം ഉങ്കളും അനുരാധയും സീക്രട്ടാ വെച്ചിക്കണം. നന്ദഗോപനെയും കൂട്ടി ഇന്ത വാരത്തിലേ കേരളാവുക്ക് പോകണം. അന്ത അനുരാധയ്ക്കൊപ്പം അവന്‍ അവിടെ നിക്കട്ടും. അവളുടെ കല്യാണം കഴിഞ്ഞതാണോ?”
ഡോക്ടര്‍ ചോദിച്ചു.
“ഇല്ലൈ ഡോക്ടര്‍, അവള്‍ കല്യാണം കഴിച്ചിട്ടില്ല. അവള്‍ ഒരു കഥയെഴുത്തുകാരി. അങ്കെ ഒറ്റയ്ക്ക് താന്‍ താമസം. എപ്പോ ശൊന്നാലും കല്യാണ വിഷയം തള്ളിപ്പോട്ടേ ഇരുക്ക്. ഇപ്പോള്‍ അവള്‍ക്ക് വയസ്സ് മുപ്പത്തിയാറ്.” സുചിത്ര പറഞ്ഞു.
“നീങ്ക അനുരാധാവോട് അമൈതിയായ് ഇതേപ്പറ്റി പേസണം. നന്ദഗോപന്‍ അങ്കെ അവളോടൊപ്പം വസിക്കട്ടും. അപ്പടിയാനാല്‍ അവര്‍ പാശമാ പഴകിടും. അവര്‍ക്കിടയില്‍ കൂടുതല്‍ അടുപ്പമുണ്ടായി വരണം. മാനസികമായി ഒരു ആകര്‍ഷണം അനുരാധയോട് നന്ദഗോപന് തോന്നണം. പഴയ ഓര്‍മ്മകളിലേക്ക് തിരികെ പോകാതിരിക്കാന്‍, സ്നേഹത്താല്‍ അവനെ കെട്ടിയിടാന്‍ അനുരാധക്ക് കഴിയണം. ഇത് എന്‍റെ വെറും കണക്കു കൂട്ടലാണ്. പക്ഷെ ഈ പരീക്ഷണം വിജയിക്കുമെന്ന് എന്‍റെ മനസ്സു പറയുന്നു. എന്തു പറയുന്നു സുചിത്രാ?” പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞ്, ഡോക്ടര്‍ ചോദിച്ചു.
“ഒരമ്മയെന്ന നിലയില്‍ ഇതൊന്നും എനിക്ക് ചിന്തിക്കാനേ കഴിയില്ല ഡോക്ടര്‍. പക്ഷെ, അതേ അമ്മമനസ്സ് തന്നെ, എന്‍റെ നന്ദനെ പഴയ മോനായി കിട്ടാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുമുണ്ട്. അതുകൊണ്ട്തന്നെ ഏറെ വിചിത്രമായ ഒരു മാര്‍ഗമായി ഇതു തോന്നുന്നുണ്ടെങ്കിലും, ഞാന്‍ ഡോക്ടറില്‍ വിശ്വാസമര്‍പ്പിക്കുന്നു. ഞാന്‍ അനുരാധയുമായി സംസാരിക്കട്ടെ. ഈ ചിന്തയുമായി പൊരുത്തപ്പെടാന്‍ എന്നെപ്പോലെ അവള്‍ക്കും പ്രയാസമുണ്ടാവും. പക്ഷെ അവളും നന്ദനെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നവളാണ്.” സുചിത്ര പറഞ്ഞു നിര്‍ത്തി.
“കവലൈപ്പെടാതെ സുചിത്രാ. നന്ദന്‍ ഒരു വട്ടം നോര്‍മല്‍സിയിലേക്ക് വന്നാല്‍ അപ്പുറം അവനുടയ പഠിപ്പ്, ജോലി, കല്യാണം എല്ലാമേ ശരിയാ വന്തിടും എന്ന്‍ നാന്‍ നിനക്കിറേന്‍. സന്തോഷമാ പോയിട്ട് വാമ്മാ. എപ്പോ വേണാലും എന്നെ കൂപ്പിടുങ്കോ.” ഡോക്ടര്‍ അവളെ നോക്കി ഏറെ ആശ്വസിപ്പിക്കും വിധം നിറഞ്ഞ പ്രതീക്ഷയോടെ ചിരിച്ചു.
ആ ചിരിയില്‍ നിന്നും ഒരുറച്ച തീരുമാനമെടുത്ത്, അദ്ദേഹം കൊടുത്ത ശുഭപ്രതീക്ഷകളെ മനസ്സിലേറ്റി, നന്ദിപൂര്‍വ്വം പുഞ്ചിരിച്ചുകൊണ്ട് സുചിത്ര ഡോക്ടറുടെ മുറിയില്‍ നിന്നും പുറത്തു കടന്നു.
(കഥ തുടരുന്നു..)
Part 3 - ഹൃദയത്തിലേക്കിറങ്ങിയ പെൺവേരുകൾ
വീട്ടില്‍ നന്ദന്‍റെ മുറി തുറന്ന്‍ കിടന്നിരുന്നു. ബാല്‍ക്കണിയില്‍ പുറത്തേക്ക് നോക്കി, ചാരുകസേരയില്‍ കിടന്നിരുന്ന അവനരികിലേക്ക് സുചിത്ര ചെന്നു.“അമ്മ മോന് ജ്യൂസ് കൊണ്ടുവരട്ടെ?” അവള്‍ ചോദിച്ചു.അവന്‍ അവളുടെ മുഖത്തേക്ക് നോക്കി. വേണമെന്നാണ് ഭാവം.അവള്‍ ജ്യൂസ് എടുക്കാന്‍ അടുക്കളയിലേക്ക് പോയി.നന്ദന് ജ്യൂസ് കൊടുത്ത് കഴിഞ്ഞ് സുചിത്ര തന്‍റെ മുറിയിലേക്ക് വന്ന്‍ അല്‍പനേരം കിടന്നു.പിന്നെ നാട്ടിലേക്ക് വിളിച്ചു.ഫോണില്‍ അങ്ങേത്തലക്കല്‍ അനുരാധയുടെ മധുരശബ്ദം: “എന്തുണ്ട് അപ്പച്ചീ വിശേഷം? നന്ദനെങ്ങനെയുണ്ട്?”“അതുപോലെ തന്നെ രാധേ. ഞാന്‍ അവനേം കൂട്ടി നാട്ടിലേക്കൊ