ഇടുക്കിയിലെ തണുത്തു വിറങ്ങലിച്ച റോഡിലൂടെ ജെയ്‌സണിന്റെ മാരുതി ജിപ്സി കുതിച്ചു പായുകയാണ്.സമയം രാവിലെ 6 മണിയോട് അടുത്ത് കാണും.കനത്ത മഞ്ഞ് പെയ്ത്തിലും അവന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു.അവിശ്വസനീയമായ എന്തോ ഒന്ന് സംഭവിച്ചതിന്റെ പ്രകടമായ മാറ്റങ്ങൾ ജെയ്‌സണിന്റെ മുഖത്തുണ്ടായിരുന്നു. അവന്റെ ജീപ്പിനെ കടന്ന് പായുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് വെളിച്ചം അതിനെല്ലാം സാക്ഷിയായി.ജെയ്‌സണിന്റെ ശ്രദ്ധ റോഡിലായിരുന്നില്ല ഒരു മണിക്കൂർ മുൻപ് അവന്റെ ജീവിതത്തിലൂടെ കടന്നു പോയ അതിഭയാനകമായ സംഭവങ്ങളായിരുന്നു ജെയ്‌സണിന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.അതിനോട് പൊരുത്തപ്പെടാൻ അവന് ഇതു വരെ കഴിഞ്ഞിട്ടില്ല.ഡിസംബറിന്റെ അസ്സഹനീയമായ തണുപ്പിൽ റോഡിന്റെ ഇരു വശവും പ്രേതങ്ങളെ പോലെ മരവിച്ചു നിൽക്കുന്ന കറുത്തിരുണ്ട മരങ്ങൾ കറുത്ത പുക വമിപ്പിച്ച് എങ്ങോട്ടെന്നില്ലാതെ പായുന്ന ജെയ്‌സണിന്റെ ജീപ്പിനെ നോക്കി നിന്നു.
ഡിസംബർ 27 സമയം രാവിലെ 4 മണി.ഏട്ടാ...ഏട്ടാ.... ലൂസിയുടെ വിളിയാണ് ജെയ്‌സണെ ഗാഡ നിദ്രയിൽ നിന്ന് ഉണർത്തിയത്.തലേന്നത്തെ കൂട്ടുകാരുമൊത്തുള്ള ഹാങ്ങ് ഓവറിൽ ജെയ്‌സൺ കിടക്കയിൽ കണ്ണ് തുറന്ന് മലർന്ന് കിടന്നു.തണുപ്പ് മുറിയിലേക്ക് എവിടെ കൂടെയോ ഒക്കെ അരിച്ചു കയറുന്നുണ്ട്.ഏട്ടാ...ഏട്ടാ ലൂസി വീണ്ടും അവളുടെ ഏട്ടന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു.എഴുന്നേറ്റെടി, കുരുപ്പേ...., ജെയ്‌സൺ കിടന്ന കിടപ്പിൽ പെങ്ങളൂട്ടിയോട് വിളിച്ചു പറഞ്ഞു.വേഗം എഴുന്നേറ്റ് പൊക്കോ..., അച്ഛൻ വന്നാൽ അറിയാല്ലോ..., അവളുടെ ശബ്ദം വീടിന്റെ അകത്തളങ്ങളിൽ അലിഞ്ഞില്ലാതാകുന്നത് ജെയ്‌സൺ ശ്രദ്ധിച്ചു കിടന്നു.
വെളുത്ത വെനീഷ്യൻ ടൈൽസ് ഇട്ട ബാത്‌റൂമിൽ ജെയ്‌സൺ നിന്നു.അവന്റെ ദൃഢമായ ശരീരത്തിലേക്ക് ഷവറിൽ നിന്നും ഇരച്ചു വരുന്ന ചൂട് വെള്ളം തെറിച്ച് വീണു കൊണ്ടിരുന്നു .ജെയ്‌സൺ തന്റെ ശരീരത്തിൽ സോപ്പ് പതപ്പിച്ച് തേച്ചു പിടിപ്പിച്ചു.അവന്റെ ശരീരത്തിലൂടെ സോപ്പിന്റെ പത വെള്ളത്തിനോടൊപ്പം ഇഴുകി താഴേക്ക് ഒഴുകി. മുന്തിയ ഇനം സോപ്പിന്റെ മണം ചൂട് നിറഞ്ഞ് പുക മയമായ ബാത്ത് റൂമിൽ തങ്ങി നിന്നു.വേഗം പോകണം, ഇനിയും അച്ഛന്റെ വഴക്ക് കേൾക്കാൻ ഉദ്ദേശമില്ല ഷവറിന്റെ ടാപ്പ് തിരിച്ച് നിശ്ചലമാക്കി കപ്പ് ബോർഡിൽ നിന്നും വൃത്തിയായി മടക്കി വെച്ചിരുന്ന ടവൽ ഒരെണ്ണം എടുത്ത് തല തോർത്തുമ്പോൾ ജെയ്‌സൺ മനസ്സിൽ കരുതി.ഒരാഴ്ചയായി അച്ഛൻ പറയുന്നു ഏലം കൊണ്ടു പോയി ഡിപ്പോയിൽ കൊടുക്കാൻ.പകലന്തിയോളം കൂട്ടുകാരോടൊത്ത് അടിച്ചു പൊളിച്ചു നടക്കുന്ന തനിക്ക് ഇതിനൊക്കെ എവിടെ നേരം കിടപ്പു മുറിയിലെ കണ്ണാടിയിൽ നോക്കി മുടി ചീകി വെക്കുമ്പോൾ തന്റെ കോലം കണ്ട് ജെയ്‌സണ് പുച്ഛം തോന്നി.മെലിഞ്ഞുണങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഡിഗ്രി അവസാന വർഷക്കാരന്റെ ദുരവസ്ഥ, തന്റെ രൂപം കണ്ട് നിൽക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് ജെയ്‌സൺ മുഖം തിരിച്ചു.ക്രിസ്മസ് അവധിക്ക് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് നഗരത്തിലെ കോളേജ് ഹോസ്റ്റലിൽ നിന്നും വീട്ടിലോട്ട് വന്നത്.ഇപ്പോ തോന്നുന്നു വേണ്ടായിരുന്നുവെന്ന് കമ്പിളിയുടെ സ്വെറ്റർ തല വഴിയിട്ട് മഫ്ലർ കഴുത്തിൽ ചുറ്റി റൂം ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി ഡൈനിങ് റൂമിലേക്ക് നടക്കുമ്പോൾ ജെയ്‌സൺ ഓർത്തു.
ലൂസി അവന് വേണ്ടി തീൻ മേശക്ക് മുകളിൽ ഉണ്ടാക്കി വെച്ചിരുന്ന ചൂട് ചായ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ജെയ്‌സൺ മാർബിളിട്ട വിശാലമായ വീടിന്റെ അകത്തളത്തിൽ നിന്നും പൂമുഖ വാതിലിന് അടുത്തേക്ക് നടന്നു.മോളെ ലൂസി...., ഇച്ചായൻ ഇറങ്ങി..., വാതിൽ അടച്ചേക്ക്..., മാരുതി ജിപ്സിയുടെ താക്കോലുമെടുത്ത് പൂമുഖ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ജെയ്‌സൺ ഉറക്കെ വിളിച്ചു പറഞ്ഞു.കൗമാരക്കാരിയായ ലൂസിയുടെ അടുത്ത് വരുന്ന പാദസരങ്ങളുടെ കിലുക്കം കേട്ട് ജെയ്‌സൺ രണ്ട് നില വീടിന്റെ പ്രകാശമാനമായ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു.നല്ല മഞ്ഞുണ്ട് കൈകൾ കൂട്ടി തിരുമ്മി ചൂട് പിടുപ്പിച്ച് തണുപ്പിൽ വിറച്ചു കൊണ്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന മാരുതി ജിപ്സിയുടെ അടുത്തേക്ക് ജെയ്‌സൺ നടക്കുമ്പോൾ ലൂസി പൂമുഖ വാതിൽ പാതി അടച്ച് കതകിന് പുറകിൽ ഏട്ടനെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.സമയം രാവിലെ 4 30. 200 കിലോയോളം വരുന്ന 5 ഏലത്തിന്റെ വലിയ ചാക്കുകൾ ഇന്നലെ രാത്രി അച്ഛനും അവനും കൂടെ ജീപ്പിന്റെ പുറകിൽ കയറ്റി വെച്ചിരുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.ജീപ്പിന്റെ പുറകിലെ താർപ്പ് ജീപ്പിന് പുറത്തേക്ക് മുഴച്ചു നിൽക്കുന്ന ഏലം ചാക്കുകൾ മൂടുന്ന വിധം വലിച്ചു കെട്ടി ജെയ്‌സൺ ജീപ്പിന്റെ ഡ്രൈവർ സീറ്റിന് അടുത്തേക്ക് നടന്നു.
ജീപ്പിനകത്തു മുഴുവൻ ഏലയ്ക്കയുടെ സുഗന്ധമാണ്.ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുറ്റത്തിട്ട് വളച്ച് വഴിയിലേക്കാക്കി ജെയ്‌സൺ വീടിന്റെ പൂമുഖത്തേക്ക് നോക്കി.കേറി പോടീ കുരുപ്പേ!.., വാതിലിനു പുറകിൽ നിന്ന് എത്തി നോക്കിയ പെങ്ങളൂട്ടിയെ നോക്കി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞ് ജെയ്‌സൺ ജീപ്പ് വേഗത്തിൽ മുന്നോട്ടെടുത്തു.ലൂസി ചേട്ടനെ കൊഞ്ഞനം കുത്തി കാട്ടി പൂമുഖ വാതിൽ അടച്ച് കുറ്റിയിടുമ്പോഴേക്കും ജെയ്സണിന്റെ ജീപ്പ് കറുത്ത പുക തുപ്പി കടന്നു പോയിരുന്നു.
ഒരാൾ ജീപ്പിന് മുൻപിൽ കയറി നിന്നാൽ പോലും കാണാൻ പറ്റാത്തത്ര കുറ്റാ കൂരിരുട്ടും മഞ്ഞും ഹസാർഡ് ലൈറ്റ് ഇട്ട് ജെയ്‌സന്റെ ജീപ്പ് കയറ്റം കയറാൻ തുടങ്ങി.ഏകദേശം 2 ഏക്കർ കൃഷി സ്ഥലത്തിന് നടുവിലാണ് അവരുടെ രണ്ട് നില വീട് സ്ഥിതി ചെയ്യുന്നത്.കൃഷിയെന്നു പറഞ്ഞാൽ എല്ലാമുണ്ട് റബ്ബറും കുരുമുളകും കാപ്പിയും ഏലവും..... .ജീപ്പ് മെയിൻ റോഡിലേക്ക് എത്താൻ തന്നെ 15 മിനിറ്റ് എടുക്കും.ജെയ്‌സൺ ആക്സിലെറേറ്ററിൽ കാൽ അമർത്തി ചവുട്ടി. മാരുതി ജിപ്സിക്ക് നല്ല പിക്ക് അപ്പാണ് മലയോരത്തുള്ള മിക്കവർക്കും ഇതു പോലൊരു ജീപ്പ് ഉണ്ടാകും. 200 കിലോ ഭാരമൊക്കെ അനായാസം വലിച്ച് കയറ്റം കയറും.
ജീപ്പ് മെയിൻ റോഡിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ശക്തമായ മഴ പെയ്യാൻ തുടങ്ങി.മലയോര മേഖലകളിൽ മഴ പെയ്യാൻ തുടങ്ങിയാൽ ദിവസം മുഴുവൻ നിന്ന് പെയ്യും.ജെയ്‌സണ് പരിചയമുള്ള റോഡുകൾ ആയതു കൊണ്ട് അവൻ വൈപ്പർ ഇട്ട് ജീപ്പ് മുന്നോട്ട് ഓടിച്ചു.വണ്ടി ഇടക്ക് ഇളകുന്നുണ്ട് ടയർ മൊട്ടയായിട്ടാണോ അതോ കല്ലിൽ കയറി ഇറങ്ങുന്നതാണോ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജെയ്‌സൺ ചിന്തിച്ചു .എല്ലാ വീലിലും കാറ്റടിച്ചതാണ് അതുറപ്പാണ്. ഒരു മണിക്കൂർ എടുക്കും ഏലം കൊടുക്കാറുള്ള ഡെപ്പോയിൽ എത്താൻ.കോരിച്ചൊരിയുന്ന മഴയിൽ ജെയ്‌സണിന്റെ ജീപ്പ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
--------------> തുടരും
*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ് സപ്പോർട്ട് "വിരുതൻ " പ്രതിലിപി ***
*** For business enquiries : viruthan.writes@gmail.com