Aksharathalukal

ഭാഗം 5


റോയി നാട്ടിൽ എത്തി. എത്തിയ ദിവസം തന്നെ അവൻ സാറയെ കാണുവാൻ ഓടി വന്നു. അവൾക്കായി ഒരുപാടു സമ്മാനങ്ങളുമായാണ് അവൻ വന്നത്. അവൻ അവൾക്കായി ഏറെ സ്നേഹത്തോടെ വാങ്ങിയ സ്വർണ പാദസ്വരം അവൻ അവൾക്കു നേരെ നീട്ടിയപ്പോൾ അത് നിരസിച്ചുകൊണ്ടു സാറ പറഞ്ഞു," അയ്യോ ഇച്ചായാ സ്വർണം അല്ലിയോ ഇത് , വേണ്ട വേണ്ട മമ്മി വഴക്കു പറയും ഞാൻ ഇത് വാങ്ങിയാൽ "
എന്റെ സാറ കൊച്ചെ നീ ഇച്ചായനെ വിഷമിപ്പിക്കല്ലേ ഇത് നിന്റെ കാലിൽ ഇട്ടു കാണാൻ കൊതിച്ചല്ലേ ഇച്ചായൻ ഇത് വാങ്ങിയത് . മമ്മി എന്തിനു ദേഷ്യപ്പെടാനാ ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണിന് അല്ലിയോ ഞാൻ ഇത് വാങ്ങിയേ.
അതല്ല ഇച്ചായാ കല്യാണത്തിന് മുന്നേ ഞാൻ ഇത് ഇച്ചായന്റെ കൈയ്യിൽ നിന്ന് വാങ്ങുന്നത് ശെരിയാവില്ല.
അങ്ങനെ പറയല്ലേ മോളെ ഇച്ചായന്റെ ചങ്കു പൊട്ടും.റോയി സങ്കടത്തോടെ പറഞ്ഞു.
എന്നാൽ ഒരു കാര്യം ചെയ്യാം ഞാൻ ഇപ്പോൾ ഇതി വാങ്ങാം പക്ഷെ കല്യാണം കഴിഞ്ഞേ ഞാൻ ഇത് എന്റെ കാലിൽ അണിയൂ. സമ്മതമാണേൽ ഇങ്ങു തന്നെരു .
സാറയുടെ കൈയിൽ സന്തോഷത്തോടെ റോയി അത് വെച്ചു കൊടുത്തു. ഒരുമിച്ചു ഒരുപാടു ഫോട്ടോ എടുത്താണ് റോയിയും സാറയും അന്ന് പിരിഞ്ഞത്. 
ഏറെ വൈകാതെ സാറയുടെ അപ്പനും നാട്ടിൽ എത്തി. റോയിയും വീട്ടുകാരും സാറയുടെ വീട്ടിൽ വന്നു സാറയുടെ അപ്പനുമായി സംസാരിച്ചു. അടുത്ത ദിവസം തന്നെ റോയിയുടെ വീട്ടിലേക്കു സാറയുടെ വീട്ടുകാർ പോകുവാൻ തീരുമാനം ആയി മനസമ്മതത്തിന്റെ തീയതി നിശ്ചയിക്കാൻ. റോയി സന്തോഷം കൊണ്ട് തുള്ളി ചാടുക ആയിരുന്നു. പക്ഷെ അപ്പോഴും സാറയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വല്ലാത്ത ഒരു പേടിയും ടെൻഷനും അവളേ അലട്ടി കൊണ്ടേ ഇരുന്നു.
അന്ന് വൈകുന്നേരം സാറ രേവതിയോടു ഫോണിൽ എല്ലാ വിവരവും വിളിച്ചു പറഞ്ഞു.
"എടി സാറ അങ്ങനെ കാത്തു കാത്തു ഇരുന്നു , പെണ്ണെ പെണ്ണെ നിൻ കല്യാണമായി ....."
" ഒന്ന് നിർത്തുന്നുണ്ടോ രെവു നീ , ഇവിടെ മനുഷ്യൻ ആകെ പേടിച്ചു ഇരിക്കുമ്പോഴാ അവളുടെ ഒരു പാട്ടും കൂത്തും." സാറ ഒരു ഇടർച്ചയോടെ ആയിരുന്നു ഇത് പറഞ്ഞത്.
" എന്ത് പറ്റിയെടി , നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ?"
" എടി നിനക്ക് അറിയാൻ വയ്യാഞ്ഞിട്ട രെവു റോയിച്ചന്റെ വീട്ടുകാര് ... അവരെ എനിക്ക് പേടിയാ.. ഒളിഞ്ഞും മറഞ്ഞും അവർ സ്ത്രീധനം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നെക്കാൾ ഒരുപാടു നല്ല ആലോചനകൾ റോയിച്ചന് വരുന്നുണ്ടെന്നും ഒക്കെ എന്നോട് പറഞ്ഞിട്ടുണ്ട് . പക്ഷെ ഞാൻ അതൊന്നും ഒരിക്കലും ന്റെ വീട്ടുകാരോട് പറഞ്ഞിട്ടില്ല. എന്റെ അപ്പനോട് അവര് അങ്ങനെ വല്ലതും പറഞ്ഞു വിഷമിപ്പിക്കുമോന്നാ എന്റെ പേടി . എന്റെ അപ്പന്റേം അമ്മേടേം കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ലെടി മോളെ... സാറ പൊട്ടിക്കരയുക ആയിരുന്നു ഇത്രേം പറഞ്ഞിട്ട്."
" സാറ .. മോളെ നീ ഇതെന്താ ആരോടും ഇത് വരെ പറയാഞ്ഞേ അറ്റ്ലീസ്റ്റ് നിനക്ക് റോയിച്ചനോട് എങ്കിലും തുറന്നു സംസാരിച്ചൂടായിരുന്നോ ഇതിനെ പറ്റി ?"
" ഇച്ചായനു അപ്പനേം അമ്മയേയും ഒരുപാടു വിശ്വാസമാ ഞാൻ ഒരിക്കൽ സൂചിപ്പിച്ചപ്പോൾ പുള്ളി അത് കാര്യമായിട്ട് എടുത്തില്ല. തമാശയ്ക്കു പറഞ്ഞതാവും ഞാൻ അത് കാര്യമാക്കണ്ടാന്നു ആണ് പറഞ്ഞെ .”
" നീ വിഷമിക്കാതെടി നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല. റോയിച്ചൻ എല്ലാം ശെരിയാക്കിക്കോളും ഒന്നുമില്ലേലും നിങ്ങൾ ഇത്രേം വര്ഷമായുള്ള അടുപ്പമല്ലേ."
" ഞാനും ആ ഒരു വിശ്വാസത്തിലാണെടി , എങ്കിലും ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചു പോകാറുണ്ട് ഈ കല്യാണ കാര്യത്തിൽ ഞാൻ കുറച്ചു എടുത്തു ചാട്ടം കാണിച്ചോന്നു ."
" അതെന്താ നിനക്ക് അങ്ങനെ തോന്നാൻ ? ഞാൻ നിന്നോട് പലപ്പോഴും ചോദിക്കണമെന്ന് കരുതിയതാണ്. നീ ശെരിക്കും റോയിച്ചനെ ഇഷ്ടപെട്ടിട്ടാണോ ഈ ബന്ധത്തിന് സമ്മതം മൂളിയത്? "
" അത് എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ആണ് രേവു. റോയിച്ചനോട് എനിക്ക് തോന്നിയ ഇഷ്ടം പ്രണയമാണോന്ന് ഉറപ്പിക്കുന്നതിനു മുൻപേ റോയിച്ചൻ എന്റെ ജീവിതത്തിന്റെ ഭാഗമായി. എനിക്ക് റോയിച്ചനെ ഇഷ്ടമാണ് എനിക്ക് എന്തും തുറന്നു സംസാരിക്കാൻ പറ്റുന്ന എന്റെ സേഫ് സോൺ ആണ് റോയിച്ചൻ.. പക്ഷെ ചിലപ്പോഴൊക്കെ .. എനിക്ക് അറിയില്ല രേവു ഞാൻ.. എനിക്ക്... റോയിച്ചനുമായുള്ള കല്യാണത്തിന്റെ കാര്യത്തിൽ സംശയം തോന്നാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പാട് കാര്യങ്ങളിൽ വ്യത്യസ്തതകൾ ഉണ്ട്. റോയിച്ചന്റെ വീട്ടുകാർ അവരെ എനിക്ക് ഉൾകൊള്ളാൻ പറ്റാറില്ല പലപ്പോഴും. എനിക്ക്  എത്ര ശ്രമിച്ചിട്ടും ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. ഇനി ഇപ്പോൾ എനിക്ക് മറിച്ച് ചിന്തിക്കാനോ തീരുമാനം മാറ്റാനോ പറ്റില്ലല്ലോ."
സാറയുടെ വാക്കുകൾ വിശ്വസിക്കാൻ രേവതിക്ക് പറ്റുന്നില്ലായിരുന്നു. താൻ സാറായുടേം റോയിച്ചന്റെ ബന്ധത്തെ പറ്റി സംശയിച്ചത് ശെരി ആണെന്ന് രേവതിക്ക് പൂർണ്ണ ബോധ്യമായി.
" സാറ .. എടി.. നീ എന്തൊക്കെയാ ഈ പറയുന്നെന്നു വല്ല ബോധവും ഉണ്ടോ ? നീ ഒരു വല്ലാത്ത അവസ്ഥയിൽ ആണല്ലോ മോളെ പെട്ടിരിക്കുന്നത്. നിനക്ക് ഇത് നേരത്തെ തന്നെ സംസാരിച്ചു പരിഹരിച്ചു കൂടായിരുന്നോ? ഇതിപ്പോ മനസമ്മതം വരെ എത്തിച്ചിട്ടു.. എന്റെ കൃഷ്ണാ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ? നിന്റെ മനസ്സിനെ പൂർണമായി പാകപ്പെടുത്താതെ നീ എങ്ങനെയാ റോയിച്ചന്റെ കൂടെ ഒരു ലൈഫ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നെ ?"
" എനിക്ക് അറിയില്ല രേവു. റോയിച്ചൻ നല്ല ആളു ആണ് എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്,ഇച്ചായനെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല. ഇനി എന്ത് വന്നാലും സാറയ്ക്കു റോയിച്ചന്റെ പെണ്ണ് ആയി തന്നെ ജീവിക്കാൻ പറ്റൂ. അത് അല്ലാതെ മറ്റൊന്നിനെ പറ്റി ചിന്തിക്കാനോ തീരുമാനം എടുക്കാനോ എനിക്ക് ഇനി കഴിയില്ല. അങ്ങനെ ഞാൻ ചെയ്താൽ അത് റോയിച്ചനെ മാത്രമല്ല എന്റെ അപ്പനേം മമ്മിയെയും വിഷമിപ്പിക്കും."
സാറയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു എങ്കിലും അവളുടേത് ഉറച്ച തീരുമാനം ആണെന്ന് രേവതിക്ക് മനസ്സിലായി. അങ്ങനെ സാറ തന്റെ മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന തന്റെ സംശയങ്ങളെയും ഭയങ്ങളെയും എന്നെന്നേക്കുമായി കുഴിച്ചുമൂടാൻ തീരുമാനിച്ചു.
അങ്ങനെ റോയിച്ചന്റെ വീട്ടിലേക്കു സാറയുടെ വീട്ടുകാർ പോകുന്ന ദിവസം വന്നെത്തി. സാറയുടെ അപ്പനും അമ്മയും അമ്മച്ചിയും പിന്നെ സാറയുടെ അപ്പന്റെ സഹോദരന്മാർ അവരുടെ കുടുംബം അങ്ങനെ എല്ലാവരും കൂടി വളരെ സന്തോഷത്തോടെ റോയിച്ചന്റെ വീട്ടിലേക്കു പുറപ്പെട്ടു. സാറയുടെ വീടിനെ വച്ചു നോക്കുമ്പോൾ സാമാന്യം വല്യ വീട് ആയിരുന്നു റോയിച്ചന്റേതു വല്യ മുറ്റവും കാറും ഒക്കെ ഉള്ള ഒരു രണ്ടു നില വീട്. തന്റെ മകളുടെ ഭാഗ്യമോർത്തു ജോണും ആലീസും ഒരുപാടു സന്തോഷിച്ചു.
റോയിച്ചന്റെ ബന്ധുക്കൾ കുറെ പേരും ഉണ്ടായിരുന്നു അവിടെ. റോയിച്ചന്റെ അപ്പൻ അവരെ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു ഇരുത്തി. ചായയും പലഹാരങ്ങളുമായി റോയിയുടെ അമ്മയും പിന്നെ രണ്ടു മൂന്നു സ്ത്രീകളും സ്വീകരണമുറിയിലേക്കു വന്നു. റോയിച്ചൻ ഒരു പുഞ്ചിരിയോടെ എല്ലാരോടും സംസാരിക്കുന്നുണ്ടായിരുന്നു. അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി.
വീട്ടിൽ സാറയ്ക്കു ഇരുന്നിട്ട് ഇരുപ്പു ഉറക്കുന്നില്ലായിരുന്നു. ഓരോന്ന് ആലോചിച്ചു അവൾക്കു വട്ടു പിടിക്കുമെന്നു തോന്നി.
"അങ്ങനെ ആണെങ്കിൽ നമുക്ക് ഈ മാസം അവസാന ആഴ്ച്ച മനസമ്മതം അങ്ങ് നടത്താം ഇല്ലിയോ? റോയിച്ചനും സാറയുടെ അപ്പനും 2 മാസത്തെ ലീവ് അല്ലെ ഉള്ളു?" റോയിയുടെ അപ്പന്റെ ചേട്ടൻ പറഞ്ഞു.
" എനിക്കു ഒന്നര മാസത്തെ അവധിയെ ഉള്ളു , എന്റെ മുതലാളി ഇപ്പൊ തന്നെ കയറു പൊട്ടിക്കാൻ തുടങ്ങി ഈ മാസം തന്നെ മനസമ്മതം നടത്താൻ ആണ് എന്റെയും ആഗ്രഹം" സാറയുടെ അപ്പൻ കൈയ്യിൽ ഇരുന്ന ചായ ഗ്ലാസ് താഴെ വച്ചുകൊണ്ടു പറഞ്ഞു.
സ്ത്രീകൾ എല്ലാവരും വീടും പരിസരവും കാണാനും അടുക്കളയിലും ഒക്കെ ആയി പോയി. സ്വീകരണമുറിയിൽ പുരുഷന്മാർ മാത്രം തീയതി തീരുമാനിക്കുന്ന തിരക്കിലും ആയി. അതിനിടയിൽ റോയിയുടെ അപ്പനും അദ്ദേഹത്തിന്റെ അളിയനും അതുപോലെ റോയിയുടെ അമ്മയുടെ സഹോദരി ഭർത്താവും കൂടെ സാറയുടെ അപ്പനെ വിളിച്ചു മാറ്റി നിർത്തി സംസാരിച്ചു. റോയിയുടെ അപ്പൻ പറഞ്ഞു തുടങ്ങി , " ജോണിന് അറിയാമല്ലോ ഞങ്ങൾക്ക് ആൺതരി ആയി റോയിച്ചൻ മാത്രമേ ഉള്ളൂ. അവന്റെ കല്യാണത്തെ പറ്റി ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ട്. റോയിക്കു ഒരുപാടു വല്യ കുടുംബങ്ങളിൽ നിന്നൊക്കെ ആലോചന വന്നതാ പക്ഷെ അവനു സാറയെ തന്നെ മതി എന്ന് വാശി പിടിച്ചത് കൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്കു ആലോചനയുമായി വന്നത്. സാറ മോളെ ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷെ ... ഞങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ഒത്ത രീതിയിൽ വേണം അവൾ ഞങ്ങളുടെ മരുമകളായി ഈ വീട്ടിൽ കയറി വരൻ. ജോണിന് മനസ്സിലായി കാണുമല്ലോ ഞങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന്."
"മനസ്സിലാവുന്നുണ്ട് അച്ചായാ , ഞങ്ങളുടെ കഴിവിന്റെ പരമാവധി പറ്റുന്ന രീതിയിൽ തന്നെ ഞാൻ എന്റെ മകളെ കെട്ടിച്ചു അയയ്ക്കത്തുള്ളൂ. പിന്നെ ഞാൻ ഇതിനെ പറ്റി സംസാരിക്കാതെ ഇരുന്നത് റോയി സ്ത്രീധനം ഒന്ന് വേണ്ട എന്നും സാറയെ മാത്രം മതി എന്നും പല തവണ എന്നോട് പറഞ്ഞത് വച്ചിട്ടാണ്."
" റോയി കുഞ്ഞല്ലേ .. അവൻ എന്ത് അറിയാം നമ്മൾ കാർന്നോന്മാരല്ലേ ഇതൊക്കെ തീരുമാനിക്കേണ്ടത്." റോയിയുടെ അമ്മയുടെ സഹോദരൻ ആണ് അത് പറഞ്ഞത്.
" റോയിയുടെ നിലയും വിലയും വച്ചു കുറഞ്ഞത് അമ്പതു പവൻ സ്വർണവും ഒരു കാറും സുഖമായി അവനു കിട്ടും." റോയിയുടെ അമ്മയുടെ സഹോദരി ഭർത്താവു പറഞ്ഞു.
ഇത് കേട്ട് ജോണിന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ജോൺ അത് മറയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയിട്ടാവണം റോയിയുടെ അപ്പൻ പറഞ്ഞു,"അത്രയുമൊന്നും സാറയുടെ വീട്ടുകാരെക്കൊണ്ട് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും ഒന്നുമില്ലാതെ മകളെ കെട്ടിച്ചു അയയ്ക്കില്ലല്ലോ ജോൺ?"
" ഞാൻ പറഞ്ഞല്ലോ അച്ചായാ എന്റെ കൊണ്ട് ചെയ്യാൻ പറ്റാവുന്നതിന്റെ മാക്സിമം ഞാൻ എന്റെ മോൾക്ക് വേണ്ടി ചെയ്യും."
" പിന്നെ ജോൺ നമ്മൾ ഈ സംസാരിച്ചതൊന്നും പിള്ളേര് അറിയണ്ട കേട്ടോ , പുതിയ കാലത്തേ പിള്ളേരല്ലേ അവർക്കു ഇതൊന്നും ദഹിക്കത്തില്ല ' ചിരിച്ചുകൊണ്ട് റോയിയുടെ അപ്പൻ പറഞ്ഞു.
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു ജോണിന്റെ മറുപടി. 
പുറത്തു നടന്ന സംസാരത്തിന്റെ ഒരു ചെറിയ വേർഷൻ ആലീസിനോട് റോയിയുടെ അമ്മയും അവരുടെ സഹോദരിയും സൂചിപ്പിച്ചു. ജോണിന്റെ അതെ മറുപടി ആയിരുന്നു ആലീസിനും പറയാൻ ഉണ്ടായിരുന്നത്. അങ്ങനെ മനസമ്മതിന്റെ തീയതി ഉറപ്പിച്ചു അവർ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. പക്ഷെ തിരിച്ചുള്ള യാത്രയിൽ ജോണിന്റെയും ആലീസിന്റേയും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. റോയിയുടെ സംസാരത്തിലും പെരുമാറ്റത്തിലും അവന്റെ വീട്ടുകാർ ഇങ്ങനെയൊരു കാര്യം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്നുള്ള കാര്യം ഒരിക്കൽ പോലും പ്രകടമായിരുന്നില്ല. പക്ഷെ ഇത് ഇപ്പോൾ .. മകളുടെ മുഖം ആയിരുന്നു ജോണിന്റെ മനസ്സ് മുഴുവൻ അപ്പോൾ, അവളുടെ സന്തോഷത്തിനു ഒരു കുറവും ഉണ്ടാവാൻ പാടില്ല, തനിക്കു ഉള്ളതെല്ലാം വിറ്റു  പിറക്കി ആണെങ്കിലും അന്തസ്സായി തന്നെ സാറയുടെ മിന്നു കേട്ട് ഞാൻ നടത്തും. ജോൺ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു.
മനസമ്മതത്തിന്റെ തീയതി ഉറപ്പിച്ച സന്തോഷം അറിയിക്കാനായി റോയ് സാറയെ വിളിച്ചു.
" സാറ കൊച്ചേ നമ്മടെ മനസമ്മതിന്റെ തീയതി ഉറപ്പിച്ചെടി മോളെ. ഈ സാറ റോയിച്ചന്റെ പെണ്ണ് ആണെന്ന് എല്ലാരും അറിയാൻ പോകുവാ. എനിക്ക് ഇപ്പൊ തന്നെ വന്നു നിന്നെ കെട്ടിപിടിച്ചു ഉമ്മ തരണമെന്ന് ഉണ്ടെടി പെണ്ണേ..."
" വീട്ടുകാര് തമ്മിൽ സംസാരിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ ഇച്ചായാ എല്ലാവരും സന്തോഷമയല്ലേ പിരിഞ്ഞത് ?" സാറ ആകാംഷയോടെ ചോദിച്ചു.
" എന്ത് കുഴപ്പമാണെടി പെണ്ണേ ? എല്ലാം ഭംഗിയായി തന്നെ നടന്നു."
സാറയ്ക്കു അപ്പോഴാണ് ശ്വാസം നേരെ വീണത്. റോയിച്ചൻ ഒരുപാടു സന്തോഷത്തിൽ ആണെന്ന് അവന്റെ വാക്കുകളിലൂടെ സാറ മനസ്സിലാക്കി. അത് പോലെ റോയിച്ചൻ തന്നെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്നും. പിന്നെയും റോയിച്ചൻ സാറയോടായി ഒരുപാടു സംസാരിച്ചു മനസമ്മതത്തെ പറ്റി , ഡ്രസ്സ് ഒക്കെ എവിടുന്നു എടുക്കണം, ഏതു നിറം വേണം , ഫോട്ടോ എടുക്കാൻ ആരെ വിളിക്കണം അങ്ങനെ അങ്ങനെ ...
വീട്ടിൽ തിരിച്ചു എത്തിയപ്പോൾ തൊട്ടു ജോണും ആലീസും എന്തോ ടെൻഷനിൽ ആണെന്ന് സാറയ്ക്കു മനസ്സിലായി. പക്ഷെ അവൾ എത്ര ചോദിച്ചിട്ടും അവർ ഒന്നും പറയാൻ തയ്യാറായില്ല. അതിനിടയിൽ ജോണിനു ജോലി നഷ്ടപ്പെട്ടു. പക്ഷെ അവർ ആ വിവരം ആരെയും അറിയിച്ചില്ല. മനസമ്മതം ഒക്കെ നടന്നതിന് ശേഷം എല്ലാവരോടും പറഞ്ഞാൽ മതി എന്നായിരുന്നു അവരുടെ തീരുമാനം.
പക്ഷെ ഒരു ദിവസം ജോണും ആലീസും സംസാരിക്കുന്നതു യാദൃശ്ചികമായി സാറ കേട്ടു. അതിലൂടെ റോയിയുടെ വീട്ടിൽ നടന്ന സംസാരവും തന്റെ കല്യാണം നടത്താനായി അപ്പൻ വീടും അമ്മയുടെ സ്വർണവും അങ്ങനെ തന്റെ സകല സമ്പാദ്യവും വിൽക്കാൻ പോവുകയാണെന്ന് സാറ തിരിച്ചറിഞ്ഞു. സാറയ്ക്കു അത് വലിയ ഒരു ഷോക്ക് ആയിരുന്നു അത്. കുറച്ചു നേരത്തേക്ക് അവൾക്കു ഒന്നും മനസ്സിലായില്ല. പക്ഷെ അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. 
" അച്ചായാ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുമോ ഇത്രേം സ്വർണം, കാശ് പിന്നെ കാർ എന്നൊക്കെ പറഞ്ഞാൽ .. "
" അറിയില്ലെടി പറ്റുന്ന അത്രേം ചെയ്യാം , മനസമ്മതത്തിനു പകുതി കാശു കൊടുത്താൽ മതിയെന്ന പറഞ്ഞേക്കുന്നെ . ബാക്കി എല്ലാം ശെരിയാക്കാൻ കല്യാണം വരെ സമയം ഉണ്ടല്ലോ ."
" എന്നാലും റോയിയും വീട്ടുകാരെ പോലെ ആണോ? അവൻ അല്ലെ നമ്മടെ മോളെ മാത്രം മതി എന്ന് പറഞ്ഞുകൊണ്ടിരുന്നത് എപ്പോഴും"
" ചില്പ്പോൾ അവൻ ഇതൊന്നും അറിയില്ലായിരിക്കും, എന്തായാലും നമ്മടെ മോള് ആ വീട്ടിൽ പോയി കഷ്ടപ്പെടാൻ പാടില്ല, അവൾക്കു അന്തസ്സായി ആ വീട്ടിൽ കഴിയാൻ പറ്റണം."
“പക്ഷെ അച്ചായാ ഇപ്പോൾ നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് റോയിയുടെ വീട്ടുകാർ അറിഞ്ഞാൽ... നമ്മടെ മോളെ അവര് വേണ്ടാന്ന് പറയുമോ? കരഞ്ഞു കൊണ്ടാണ് ആലീസ് അത് ചോദിച്ചത്. ഉള്ളതെല്ലാം വിറ്റ് മോളുടെ കല്യാണവും നടത്തി കഴിഞ്ഞാൽ നമ്മൾ എങ്ങനെ ജീവിക്കും അച്ചായാ ? എനിക്ക് ഇതൊക്കെ കൂടെ ആലോചിച്ചു ആധി കയറുവാ.”
“ഒന്ന് പതിയെ പറയെടി മോൾ ഇത് ഒന്നും അറിയാൻ പാടില്ല. സന്തോഷത്തോടെ വേണം അവൾ ഒരു പുതിയ ജീവിതം തുടങ്ങാൻ.”
" അപ്പാ " ഇടറിയ ശബ്ദത്തോടെ സാറ വിളിച്ചു. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സാറയെ കണ്ടു ജോണും ആലീസും ഒന്ന് ഞെട്ടി.
" മോളെ നീ ... "
" എനിക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റു റോയിച്ചന്റെ വീട്ടുകാരുടെ കാൽകീഴിൽ കൊണ്ടുപോയി വച്ച് മോൾക്ക് നല്ല ജീവിതം വാങ്ങാൻ നില്കുവാനോ എന്റെ അപ്പനും അമ്മയും "
" മോളെ.. അത് ഞങ്ങൾ ... മോൾ കരുതുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ അവര് ആയിട്ട് ഒന്നും ചോദിച്ചില്ലെങ്കിലും കൊടുക്കേണ്ടത് നമ്മടെ കടമ അല്ലെ അതാ ഞങ്ങൾ സംസാരിച്ചേ" വിക്കി വിക്കി ആലീസ് പറഞ്ഞു നിർത്തി.
" മതി മമ്മി കള്ളം പറയണ്ട ഞാൻ എല്ലാം കേട്ടു. എന്നാലും റോയിച്ചൻ ... എന്നോട് ഇത്രേം സ്നേഹം ഒക്കെ കാണിച്ചത് അഭിനയം ആയിരുന്നോ?"
" റോയിച്ചനോട് മോൾക്ക് ദേഷ്യം തോന്നേണ്ട ആവശ്യമില്ല, അവൻ ഇതൊന്നും അറിയുകപോലും ഇല്ല. പിന്നെ അവന്റെ വീട്ടുകാർ ഇത്രയും പ്രതീക്ഷിക്കുന്നതിൽ നമുക്ക് തെറ്റ് പറയാൻ പറ്റില്ലല്ലോ മോളേ , നീ ഇതൊന്നും ആലോചിച്ചു വിഷമിക്കണ്ട. അപ്പനും മമ്മിയും എല്ലാം നോക്കിക്കോളാം. എന്റെ മോള് ഇങ്ങനെ കരയുന്നതു അപ്പന് സഹിക്കാൻ പറ്റില്ലെന്ന് മോൾക്ക് അറിയാമല്ലോ." സാറയുടെ കണ്ണുനീർ തുടയ്ച്ചുകൊണ്ടു ജോൺ പറഞ്ഞു. 
" അതെ മോളെ നിന്റെ അപ്പൻ പറയുന്നത് അനുസരിക്ക് , എല്ലാം മോളുടെ നല്ലതിന് വേണ്ടിയല്ലേ?" സാറയുടെ തലയിൽ തലോടി കൊണ്ട് ആലീസ് പറഞ്ഞു.
എന്റെ അപ്പനെയും അമ്മയെയും വഴിയാധാരം ആക്കിയിട്ടു എനിക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക് രണ്ടാൾക്കും? എന്നെ ഇത്രയും നാളും നിങ്ങൾ പൊന്നു പോലെ വളർത്തി പഠിപ്പിച്ചത് ഒക്കെ പിന്നെ എന്തിനാ? എന്തിനാ പപ്പ ജോലി നഷ്ടപെട്ട കാര്യം എന്നോടും മറച്ചു വച്ചതു? കുറച്ചു നാളും കൂടെ കഴിഞ്ഞാൽ എന്റെ കോഴ്സ് തീരും. അത് കഴിഞ്ഞു നല്ല ഒരു ജോലി വാങ്ങി എന്റെ അപ്പനെയും അമ്മയെയും നോക്കാൻ ഈ സാറയ്ക്കു കഴിയും. ഞാൻ ഒരു പെൺകൊച്ചു ആയതുകൊണ്ടു എന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന് തോന്നിയോ നിങ്ങൾക്ക് ? എങ്കിൽ നിങ്ങൾക്ക് തെറ്റി കല്യാണം അല്ല ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വലുത്. അതും ഇതുപോലെ പണത്തിനും സ്വർണത്തിനും ആർത്തി ഉള്ളവരുടെ ഇടയിലേക്ക് ഈ സാറയ്ക്കു ചെന്ന് കയറാൻ മനസ്സില്ല.
കവിളിൽ കൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് സാറ എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു. ഇത്രയും നാളുകളായി  കണ്ട തൊട്ടാവാടി ആയ തങ്ങളുടെ മകൾ അല്ല മുന്നിൽ നിൽക്കുന്നതെന്ന് തോന്നി ജോണിനും ആലീസിനും. വല്ലാത്തൊരു ആത്മവിശ്വാസവും ധൈര്യവും ആണ് അപ്പോൾ സാറയുടെ കണ്ണുകളിൽ അവർക്കു കാണാൻ സാധിച്ചത്.
സാറ ഫോൺ എടുത്തു റോയിയെ വിളിച്ചു, " ഹലോ റോയിച്ചാ എനിക്ക് അത്യാവശ്യമായി റോയിച്ചനെ ഒന്ന് നേരിൽ കാണണം, പറ്റുമെങ്കിൽ നാളെ തന്നെ "
" എന്നാ പറ്റി കൊച്ചേ നിന്റെ ശബ്ദം ഒക്കെ വല്ലാതെ ഇരിക്കുന്നല്ലോ? കരഞ്ഞോ നീ ? എന്തുപറ്റി പെട്ടന്ന് കാണണം എന്ന് പറഞ്ഞേ? "
" എല്ലാം നാളെ നേരിൽ കാണുമ്പോ പറയാം എവിടെ വച്ച് എപ്പോൾ കാണാൻ പറ്റുമെന്നു റോയിച്ചൻ തന്നെ തീരുമാനിച്ചു മെസ്സേജ് അയച്ചാൽ മതി"
" സാറ .. മോളെ ... സാറ … ഞാൻ ചോദിച്ചതിന് ഉത്തരം പറ "
സാറ റോയിച്ചന്റെ വാക്കുകൾ കേൾക്കാൻ നില്കാതെ ഫോൺ കട്ട് ചെയ്തു.സാറ ആദ്യമായി ആണ് ഇങ്ങനെ തന്നോട് പെരുമാറുന്നത്. അവൾക്കു ഇത് എന്ത് പറ്റി? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ? അന്ന് രാത്രി റോയിച്ചന് ഉറക്കം വന്നില്ല അവൻ നാളെ സാറ എന്തിനാവും നേരിൽ കാണണം എന്ന് പറഞ്ഞത് എന്ന് ഓർത്തു ആധി പിടിച്ചു ആ രാത്രി എങ്ങനെയോ തള്ളി നീക്കി .
(കഥ വായിക്കുന്നവർ അഭിപ്രായം പോലും പറയാത്തതെന്താണ്? നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞിട്ടു വേണം എനിക്ക് ബാക്കി കഥ എഴുതണോ വേണ്ടയൊന്നു തീരുമാനിക്കാൻ. പ്ളീസ് അറ്റ്ലീസ്റ്റ് കഥ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് എങ്കിലും തന്നൂടെ?)

ഭാഗം 6

ഭാഗം 6

0
277

പിറ്റേ ദിവസം അധികം തിരക്കില്ലാത്ത ഒരു സ്ഥലത്തു വച്ച് സാറയും റോയിച്ചനും കണ്ടുമുട്ടി.എപ്പോഴും  കാണുന്ന പ്രസരിപ്പ് ഒന്നും സാറയുടെ മുഖത്തു കാണാത്തതു റോയിയുടെ മനസ്സിന്റെ ആധി ഒന്നുകൂടെ കൂട്ടി .റോയി തന്റെ രണ്ടു കൈകളും സാറയുടെ കവിളിൽ ചേർത്ത് വച്ചുകൊണ്ടു ചോദിച്ചു ," എന്നാ പറ്റി എന്റെ പെണ്ണിന് ? നിന്റെ കണ്ണും മുഖവും ഒക്കെ വീങ്ങി ഇരിപ്പുണ്ടല്ലലോ, നീ കരഞ്ഞോ? എന്തെങ്കിലും ഒന്ന് പറ എന്റെ സാറ നീ വെറുതെ മനുഷ്യനെ ഇങ്ങനെ ആധി പിടിപ്പിക്കാതെ "സാറ റോയിയുടെ കൈകൾ അവളുടെ മുഖത്തു നിന്നും എടുത്തു മാറ്റിക്കൊണ്ട് പിന്നെലേക്കു മാറി." റോയിച്ചനും കൂടെ അറിഞ്ഞോണ്ടാണോ റോയിച്ചന്റ