അവന്റെ മാത്രം ഇമ...!! 💕 - 27
സംശയത്തോടെ തങ്ങളെ നോക്കുന്ന ശിവൻകുട്ടിയെ കണ്ട് പൂർണിയൊന്ന് ഭയന്നു...
\"\"\" അതാണോ ചേച്ചി പറഞ്ഞ ആള്...? \"\"\" സാക്ഷി അവളെ ചോദ്യഭാവത്തിൽ നോക്കി.. പൂർണിയൊന്ന് മൂളി.. ഇനിയെന്ത് എന്നോർക്കെ അവൾക്ക് പേടി തോന്നി...
\"\"\" ചോദിച്ചത് കേട്ടില്ലേ? ആരാത്? \"\"\" ചോദിച്ച് കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയ ശിവൻകുട്ടി പെട്ടന്നാണ് തറയിലെ ചെളിവെള്ളത്തിൽ വഴുതി വീണത്...
\"\"\" അയ്യോ... \"\"\" പൂർണി വേഗം അയാൾക്കരികിലേക്ക് ഓടി.. വേദനയാൽ മുഖം ചുളിക്കുന്ന അയാൾക്ക് മുന്നിലായി അവൾ ചെന്ന് നിന്നു...
\"\"\" വേദനയുണ്ടോ?, മാമാ.. ഞാൻ പിടിക്കാം എഴുന്നേൽക്ക്.. സൂക്ഷിച്ച് നടക്കണ്ടേ... \"\"\" നിർത്താതെ കരുതലോടെയും ശാസനയോടെയും പറഞ്ഞ് കൊണ്ട് തന്നെ എഴുന്നേൽക്കാൻ സഹായിക്കുന്നവളെ ഒരു നിമിഷം അയാൾ അത്ഭുതത്തോടെ നോക്കി.. അവൾക്ക് പിന്നാലെ വന്ന സാക്ഷിയിലും അമ്പരപ്പായിരുന്നു.. എന്ത് പാവമാണ് ഈ ചേച്ചി!! അവൾ ചിന്തിച്ച് പോയി...
\"\"\" കു.. കുഴപ്പമില്ല, മോളെ... \"\"\" വേദന കടിച്ച് പിടിച്ചാണ് അയാളത് പറഞ്ഞത്.. അയാളുടെ സംസാരം കേട്ടപ്പോൾ തന്നെ അയാൾ കുടിച്ചിട്ടില്ല എന്ന് പൂർണിയ്ക്കും സാക്ഷിയ്ക്കും ഒരുപോലെ മനസ്സിലായി...
\"\"\" വാ.. ഞാൻ അങ്ങോട്ട് ആക്കി തരാം... \"\"\" അയാളെ താങ്ങി പിടിച്ച് പൂർണി അയാളുടെ വീടിനരികിലേക്ക് നടക്കുന്നത് കാൺകെ സാക്ഷിയുടെ വായ തുറന്ന് പോയി...
അയാളുടെ ഷർട്ടിൽ പറ്റിയ ചെളി അവളുടെ ദേഹത്തേക്കും മറ്റും പടരുന്നുണ്ടായിരുന്നു.. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെ കൊണ്ട് ആകും വിധം അയാളെ താങ്ങി പിടിച്ച് അവൾ വീടിന്റെ പടിയിൽ കൊണ്ട് ചെന്നിരുത്തി.. സാക്ഷിയുടെ മിഴികളിൽ അപ്പോഴും അമ്പരപ്പ് വിട്ട് മാറിയിരുന്നില്ല.. തന്നെ തല്ലിയ ഒരു വ്യക്തിയോട് ഇത്ര കരുതലോടെ പെരുമാറാൻ എങ്ങനെ കഴിയുന്നു....?! അവൾ ഓർത്തു പോയി...
\"\"\" മാമൻ ഇവിടെയിരിക്ക്... \"\"\" അയാളെ നോക്കി അതും പറഞ്ഞ് പൂർണി വീടിനകത്തേക്ക് കയറി.. അവൾ ചുറ്റും നോക്കി.. മേശയുടെ താഴെയായി വീണുകിടക്കുന്ന ഒരു സ്റ്റീൽ പാത്രം കണ്ടതും അവൾ വേഗം അവിടേക്ക് ചെന്ന് അത് കൈയ്യിൽ എടുത്തു.. എന്തോ ഓർത്ത് കൊണ്ട് തിരിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അവളുടെ കണ്ണുകൾ കട്ടിലിൽ ഇരിക്കുന്ന ഒരു ഫോട്ടോഫ്രെയിമിൽ ഉടക്കിയത്.. ഏതോ ഒരു ഉൾപ്രേരണയിൽ അവൾ കട്ടിലിന് അടുത്തേക്ക് ചെന്ന് അത് കൈയ്യിൽ എടുത്ത് നോക്കി.. ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു അത്.. പഴയ ഫോട്ടോ ആണെന്ന് അവൾക്ക് അത് കണ്ടപ്പോൾ തന്നെ മനസ്സിലായി.. ആ പെൺകുട്ടിയെ കാണാൻ അതീവസുന്ദരിയാണെന്ന് തോന്നി പൂർണിയ്ക്ക്.. മാമന്റെ അനുജത്തി ആയിരിക്കുമോ? അതോ ഇനി ഭാര്യയോ? ഒന്ന് ആലോചിച്ച ശേഷം അവൾ ആ ഫോട്ടോ എടുത്തിടത്ത് തന്നെ വച്ചിട്ട് പാത്രവുമായി പുറത്തേക്ക് ഇറങ്ങി...
\"\"\" ഞാൻ ഇപ്പൊ വരാട്ടോ... \"\"\" വാതിൽക്കൽ ഇരിക്കുന്ന ശിവൻകുട്ടിയോടായി പറഞ്ഞിട്ട് പൂർണി വേഗം പുഴയുടെ അരികിലേക്ക് ഓടി...
പുഴയിൽ നിന്ന് വെള്ളം എടുത്ത് അവൾ തിരികെ വരുമ്പോൾ സാക്ഷിയും അവൾക്കൊപ്പം അയാൾക്ക് അരികിലേക്ക് ചെന്നു...
\"\"\" കാല് നീട്ടിക്കേ... \"\"\" അവൾ അയാൾക്ക് മുന്നിലായി മുട്ടുകുത്തിയിരുന്നു.. അധികാരത്തോടെ പറയുന്നവളെ അയാൾ ചെറുചിരിയോടെ നോക്കി.. വല്ലാത്ത വാത്സല്യം തോന്നി അയാൾക്ക് അവളുടെ ഭാവം കാൺകെ.. ഒന്നും മിണ്ടാതെ അയാൾ അവൾക്ക് മുന്നിൽ കാല് നീട്ടി കൊടുത്തു.. അവൾ മെല്ലെ അയാളുടെ കാലിലെ ചെളി കഴുകി കളഞ്ഞപ്പോഴാണ് തന്റെ കാൽ മുറിഞ്ഞ കാര്യം അയാൾ അറിഞ്ഞത്...
\"\"\" കണ്ടോ.. എനിക്ക് അപ്പോഴേ അറിയാമായിരുന്നു.. പണ്ട് അച്ഛൻ ഇതുപോലെ ഒരിക്കൽ പണി കഴിഞ്ഞ് വന്നപ്പോ ചെന്ന് വീണിരുന്നു.. ചെളിയിൽ കുളിച്ച് നിൽക്കായിരുന്നു ആള് അന്ന്.. തല വഴി വെള്ളം കോരി ഒഴിച്ചപ്പോ ഞെട്ടി പോയിന്നേ ഞാൻ.. ദേഹം എന്തോരം മുറിഞ്ഞിട്ടുണ്ടായിരുന്നെന്നോ... \"\"\" കണ്ണൊക്കെ തുറിപ്പിച്ച് കാര്യമായി നിർത്താതെ പറയുന്ന അവളെ കൗതുകത്തോടെയാണ് അയാൾ നോക്കിയത്.. സാക്ഷിയും...
\"\"\" ഹാ.. അതൊക്കെ ഇപ്പൊ ഓർമ്മയുണ്ടോ ആവോ? \"\"\" അവൾ ആകാശത്തേക്ക് നോക്കി കെറുവോടെ ചോദിക്കുന്നത് കേട്ട് ശിവൻകുട്ടി നെറ്റിചുളിച്ചു.. എങ്കിലും എന്തോ അയാൾക്ക് അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല...
\"\"\" ദേ.. ഇവിടെ അടങ്ങി ഇരിക്കണേ.. ഞാനിപ്പോ വരാം... \"\"\" ശിവൻകുട്ടിയെ നോക്കി ഗൗരവത്തോടെ പറഞ്ഞിട്ട് അവൾ അവിടുന്ന് എഴുന്നേറ്റ് വയലിന്റെ ഭാഗത്തേക്ക് നടന്നു...
അല്പ നേരം കഴിഞ്ഞതും എന്തൊക്കെയോ പച്ചിലകളുമായി തിരികെ വരുന്നവളെ ശിവൻകുട്ടിയൊന്ന് നോക്കി...
\"\"\" എ.. എന്താ ഇത്? \"\"\" അയാൾ അവളെ മനസ്സിലാകാതെ നോക്കി...
\"\"\" അഹ്.. ബെസ്റ്റ്.. ഇവിടെ ഇത്രയും കാലം ജീവിച്ചിട്ടും മാമന് ഈ ചെടികളെ പറ്റിയൊന്നും അറിയില്ലേ? \"\"\" അവൾ അയാൾക്ക് അടുത്ത് ചെന്ന് ഇരുന്ന് ആ ചെടി കൈ കൊണ്ട് കൂട്ടി തിരുമ്മി മിശ്രിതം പരുവം ആക്കി അയാളുടെ കാലിലെ മുറിവിൽ തേച്ച് കൊടുത്തു...
\"\"\" ഇനി വേഗം ഉണങ്ങിക്കോളും... \"\"\" പറഞ്ഞ് കൊണ്ട് അവൾ എഴുന്നേറ്റ് നിന്ന് പാത്രം അവിടെ പടിയുടെ ഒരു ഭാഗത്തായി വച്ചു...
\"\"\" മാമന് ഇവിടെ കൂട്ട് ആരുമില്ലേ? \"\"\" അവൾ സംശയത്തോടെ ചോദിച്ചു...
\"\"\" ആരൂല്ല്യ... \"\"\" അയാൾ നേർമ്മയായൊന്ന് ചിരിച്ചു.. ഒരുപാട് വേദനകൾ ഉള്ളിൽ ഒതുക്കിയ ചിരി...
\"\"\" എന്താ മോളുടെ പേര്? \"\"\"
അവൾ ചിരിച്ചു...
\"\"\" പൂർണിമ ... \"\"\" അവൾ പറഞ്ഞ് നിർത്തിയതും സാക്ഷി അവരെ രണ്ട് പേരെയും ഒന്ന് നോക്കി.. തല്ലിയ കാര്യമൊക്കെ ബോധം വന്നപ്പോൾ ഇയാൾ മറന്നു പോയെന്ന് തോന്നുന്നു.. ഈ ചേച്ചി എന്താ അത് പറയാത്തത്..?! അവൾ ആലോചിച്ചു...
\"\"\" കുട്ടിയുടെ പേരെന്താ? \"\"\" തന്നെ നോക്കിയുള്ള ശിവൻകുട്ടിയുടെ ചോദ്യം കേട്ട് സാക്ഷി അയാളെ നോക്കി ചിരിച്ചു...
\"\"\" സാക്ഷി ... \"\"\"
അയാളൊന്ന് മൂളി...
\"\"\" ഇവിടെ അടുത്താണോ നിങ്ങളുടെ വീട്? \"\"\"
\"\"\" മ്മ്മ്.. കവല കഴിഞ്ഞ് കുറച്ച് പോകണം... \"\"\" പൂർണിയാണ് പറഞ്ഞത്...
\"\"\" മാമൻ എന്തെങ്കിലും കഴിച്ചോ? \"\"\" പെട്ടന്ന് ഓർത്തത് പോലെ പൂർണി അയാളെ നോക്കി ചോദ്യം ഉന്നയിച്ചു...
\"\"\" ഉവ്വ്.. കഞ്ഞി കുടിച്ചിരുന്നു.. എന്നാ നിങ്ങള് പൊയ്ക്കോ, കുട്ട്യോളെ.. മഴ വരുന്നുണ്ട്.. വേഗം വീട്ടിൽ എത്താൻ നോക്കിക്കോ... \"\"\" അയാൾ ആകാശത്തേക്ക് ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.. കാർമേഘങ്ങൾ മൂടാൻ തുടങ്ങിയിരുന്നു...
\"\"\" മാമൻ അകത്തേക്ക് കയറി കുറച്ച് നേരം കിടക്ക്.. നടക്കാൻ ബുദ്ധിമുട്ടുണ്ടോ? \"\"\" പൂർണി ഗൗരവത്തോടെ ആരാഞ്ഞു...
\"\"\" കുഴപ്പില്യ.. ആ വടിയൊന്ന് എടുത്ത് തന്നാച്ചാൽ... \"\"\" അയാൾ ദൂരെയിരിക്കുന്ന ഒരു വടിലേക്ക് നോക്കി ചോദിച്ച് പൂർത്തിയാക്കും മുൻപ് പൂർണി അവിടേക്ക് പോയി വടിയുമായി തിരികെ അയാൾക്കരികിൽ എത്തിയിരുന്നു.. അയാൾ കൈ ഉയർത്തി അവളുടെ നെറുകയിൽ ഒന്ന് തഴുകി...
\"\"\" നന്നായി വരൂട്ടോ... \"\"\" ആ കണ്ണുകൾ അത് പറയുമ്പോൾ ഒന്ന് നിറഞ്ഞത് പോലെ തോന്നി പൂർണിയ്ക്ക്...
അയാൾ ആ വടിയിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് ഒന്ന് നിവർന്നു നോക്കി.. എവിടെയൊക്കെയോ ഒരു പിടിത്തം പോലെ തോന്നി അയാൾക്ക്...
\"\"\" എന്നാ പൊയ്ക്കോ... \"\"\" അയാൾ ചിരിയോടെ പറഞ്ഞതും പൂർണി ശരിയെന്ന പോലെ തലയനക്കിയിട്ട് സാക്ഷിയെയും കൂട്ടി തിരിഞ്ഞ് നടന്നു... പെട്ടന്ന് അവളൊന്ന് നിന്നിട്ട് അയാളെ തിരിഞ്ഞ് നോക്കി...
\"\"\" കഞ്ഞി ബാക്കിയിരുപ്പുണ്ടോ? \"\"\"
അയാൾ ഉണ്ടെന്ന പോലെ തലയനക്കി...
\"\"\" മ്മ്മ്.. ഞാൻ നാളെ രാവിലെ വരാം.. മാമൻ ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട.. എവിടെയെങ്കിലും വേദനയോ മറ്റോ ഉണ്ടെങ്കിൽ പറയണം.. ഞാൻ സിദ്ധുവേട്ടനോട് പറഞ്ഞ് വൈദ്യന്റെ അടുത്ത് കൊണ്ട് പോകാം... \"\"\" ഒരു കുഞ്ഞുകുട്ടി കാര്യമായി പറയും പോലെ തോന്നി അയാൾക്ക് അവളുടെ സംസാരം കേൾക്കെ...
\"\"\" ഒന്നും വേണ്ട, കുട്ട്യേ... \"\"\"
\"\"\" അതൊന്നും പറഞ്ഞാൽ പറ്റില്ല... ഞാൻ കൊണ്ട് വന്ന് തരാം ഭക്ഷണമൊക്കെ.. പോയി കുറച്ച് നേരം കിടക്കാൻ നോക്ക്... \"\"\" കണ്ണുരുട്ടി പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞ് നടക്കാൻ തുടങ്ങിയെങ്കിലും അവൾ വീണ്ടുമൊന്ന് നിന്നിട്ട് തിരിഞ്ഞ് നോക്കി...
\"\"\" അല്ല.. മാമൻ ഇന്ന് കുടിച്ചില്ലേ? \"\"\" അവൾ അയാളെ സൂക്ഷിച്ച് നോക്കി.. അവളുടെ നോട്ടം കണ്ട് അയാൾക്ക് ചിരി വന്നു.. എങ്കിലും തന്നെ അവൾക്ക് നേരത്തെ പരിചയമുണ്ടോ എന്ന് അയാൾ ആലോചിച്ചു.. ഇതിന് മുൻപ് അവളെ കണ്ടതായി ഒരോർമ്മയും അയാൾക്ക് ഉണ്ടായിരുന്നില്ല...
\"\"\" കുറച്ച് ദിവസമായി ... \"\"\" അത്രയേ അയാൾ പറഞ്ഞുള്ളൂ.. ആ നിമിഷം അയാളുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞ് വന്നു.. തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഒരുവന്റെ മുഖം! എന്തിനോ അയാളൊന്ന് ചിരിച്ചു...
🔹🔹🔹🔹
പുഴയിൽ നിന്ന് കൈയ്യും കാലമൊക്കെ കഴുകിയിട്ടാണ് പൂർണി സാക്ഷിയെയും കൂട്ടി വീട്ടിലേക്ക് വന്നത്.. മഴ പെയ്തു തുടങ്ങിയിരുന്നതിനാൽ മഴയും നനഞ്ഞിരുന്നു അവർ.. അതുകൊണ്ട് തന്നെ സിദ്ധു അവർ വയലിൽ പോയതൊന്നും അറിഞ്ഞിരുന്നില്ല.. ഉച്ച ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഒന്ന് കിടക്കാനായി മുറിയിലേക്ക് പോയതും പൂർണി നേരെ സിദ്ധുവിന്റെ മുറിയിലേക്ക് ചെന്നു...
\"\"\" സിദ്ധുവേട്ടാ... \"\"\" മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി കൊണ്ട് പൂർണി വിളിച്ചതും കട്ടിലിൽ ചരിഞ്ഞ് കിടന്ന സിദ്ധു തിരിഞ്ഞ് നോക്കി...
\"\"\" മ്മ്മ്മ്..? എന്തേ? രാവിലെ മുതൽ എന്നെ കണ്ടിട്ട് വലിയ മൈൻഡ് ഒന്നും ഇല്ലാതെ നടന്നതാണല്ലോ.. പിന്നെന്താ ഇപ്പൊ ഒരു വിസിറ്റ്? \"\"\" അവൻ എഴുന്നേറ്റ് കൈയ്യും കെട്ടി കട്ടിലിന്റെ തലപ്പിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുരികം ഉയർത്തി...
\"\"\" അതോ... \"\"\" അവൾ മെല്ലെ ചെന്ന് അവന്റെ അടുത്തായി കട്ടിലിൽ ഇരുന്നു...
\"\"\" ഏതോ? \"\"\" അവൻ ചിരിച്ചു...
\"\"\" അത് പിന്നെ... \"\"\" അവൾ അവന്റെ കൈയ്യിൽ തോണ്ടി അവനെയൊന്ന് ഒളികണ്ണിട്ട് നോക്കി...
\"\"\" എന്താണ് എന്റെ ഇമകുട്ടിയ്ക്ക് ഒരു കള്ളത്തരം...? \"\"\" അവൻ അവളെ കൂർപ്പിച്ചു നോക്കി ചോദിച്ചതും അവൾ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു...
\"\"\" കാര്യം പറ ഇമകുട്ട്യേ... \"\"\" അവൻ അവളുടെ കവിളിൽ പിടിച്ച് വലിച്ച് പറഞ്ഞതും അവൾ കണ്ണുകൾ മുറുക്കി അടച്ച് രാവിലെ വയലിൽ പോയത് മുതലുള്ള കാര്യങ്ങൾ ഓരോന്നും അവനോട് പറഞ്ഞ് കേൾപ്പിച്ചു.. എല്ലാം കേട്ട് കഴിഞ്ഞിട്ടും അവനിൽ നിന്ന് മറുപടിയായി ഒരു വാക്ക് പോലും കേൾക്കുന്നില്ല എന്ന് കണ്ടതും അവൾ പതിയെ കണ്ണ് തുറന്ന് അവന്റെ മുഖത്തേക്ക് നോക്കി...
ഗൗരവമായിരുന്നു ആ മുഖത്ത്...
\"\"\" സിദ്ധുവേട്ടാ... \"\"\" അവളുടെ മുഖവും സ്വരവും ഒരുപോലെ ദയനീയമാർന്നു...
\"\"\" നിന്നോട് ഞാൻ അന്ന് പറഞ്ഞിരുന്നോ ഇനി അവിടേക്ക് പോകരുതെന്ന്? \"\"\" അവൻ അവളെ നോക്കി കടുത്ത ശബ്ദത്തിൽ ചോദിച്ചതും അവൾ തലതാഴ്ത്തി...
\"\"\" സാക്ഷി ആഗ്രഹം പറഞ്ഞിട്ടാ.. ഇല്ലെങ്കിൽ ഞാൻ പോകില്ലായിരുന്നു... \"\"\"
\"\"\" മ്മ്മ്.. പ്രശ്നം ഒന്നും ഉണ്ടാകാത്തത് കൊണ്ട് ഞാനൊന്നും പറയുന്നില്ല... \"\"\" അവളോട് കടുപ്പിച്ച് പറയുമ്പോഴും അവന് എന്തിനെന്ന് അറിയാതെ ഉള്ളിലൊരു നോവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.. ഒപ്പം ശിവൻകുട്ടിയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ പൂർണിയുടെ മുഖത്തേക്ക് നോക്കി...
\"\"\" അ.. അയാള്.. അയാള് ഓക്കേ അല്ലേ? കുഴപ്പമൊന്നുമില്ലല്ലോ? \"\"\" വല്ലാതെ നേർത്തു പോയി ആ ശബ്ദം.. നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ പോലെ തോന്നി അവന്.. അവൻ തന്റെ കണ്ണുകൾ ഒന്ന് മുറുക്കി അടച്ചു...
തുടരും...................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 28
ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി.. സാക്ഷിയും കിരണും വൈകുണ്ഠത്തിൽ എത്തിയിട്ട് ഇന്നിപ്പോൾ പത്ത് ദിവസം കഴിഞ്ഞു.. ഇതിനിടയിൽ സുഭദ്രയും വർദ്ധനും അവിടെ അടുത്തുള്ള ഒരു നല്ല ജ്യോൽസ്യനെ പോയി കണ്ട് സിദ്ധുവിന്റെയും പൂർണിയുടെയും വിവാഹതീയതി കുറിച്ചു...അന്ന് സിദ്ധുവിനോട് ശിവൻകുട്ടിയുടെ കാര്യം പറഞ്ഞ ശേഷം പിറ്റേ ദിവസം അയാൾക്ക് ഭക്ഷണം കൊണ്ട് കൊടുത്തത് പൂർണി തന്നെയായിരുന്നു.. എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ വൈദ്യന്റെ അടുത്ത് കൊണ്ട് പോകണമെന്ന് പറഞ്ഞ് പൂർണി സിദ്ധുവിനെയും കൂട്ടിയാണ് അവിടേക്ക് പോയതെങ്കിലും അവൻ വഴിയിൽ നിന്നതല്ലാതെ അവളുടെ ഒപ്പം പോയിരുന്നില്ല.. അധികം