Part 5
ഭാഗം 5
ദിവസേന നിരവധി പേർ അച്ഛനെ കാണാൻ വീട്ടിലെത്താറുണ്ട്. അവരുടെ പ്രശ്നങ്ങൾ അവർ അച്ഛനുമായി ചർച്ച ചെയ്യുന്നത് കേൾക്കാം.
അച്ഛനോട് വളരെയധികം മതിപ്പോടെയുള്ള അവരുടെ നന്ദി നിറഞ്ഞ പുഞ്ചിരി കാണുമ്പോൾ, എന്റെ അച്ഛന് മാത്രമേ, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് ഞാൻ ചിന്തിച്ചു പോകും.
ചിലർ ഇംഗ്ലീഷിലുള്ള ചില രേഖകൾ കൊണ്ടുവരും. അത് അച്ഛൻ വായിച്ച്, വളരെ വ്യക്തതയോടെ അവർക്ക് വിശദീകരിച്ചു കൊടുക്കും. എന്തെങ്കിലും എഴുതി തയ്യാറാക്കേണ്ടതുണ്ടെങ്കിൽ അതും ചെയ്തു കൊടുക്കുന്നതു കാണാം.
നാട്ടുകാരുടെ ചില തർക്കങ്ങൾ പരിഹരിക്കുന്ന നേരത്ത് അച്ഛൻ ഇടപെടുമ്പോൾ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു...
മിക്കവാറും എല്ലാ കേസുകളിലും അച്ഛന്റെ തീരുമാനങ്ങൾ ഇരു കക്ഷികൾക്കും സ്വീകാര്യമാകുമായിരുന്നു.
ഇത്തരം ഒത്തുതീർപ്പ് ചർച്ചകൾക്കിടയിലേക്ക് , ഇവർക്കെല്ലാം ചായയുമായി എന്റെ അമ്മ ചെല്ലും.
ഈ ചർച്ചകൾ നടക്കുന്ന സമീപ പ്രദേശത്തേക്ക് പോലും എന്നെ കടക്കാൻ അനുവദിക്കില്ല. പക്ഷേ ആരും കാണാത്ത ദൂരെ ഒരിടത്ത് നിന്ന് ഞാനതെല്ലാം നോക്കി നിൽക്കും.
അച്ഛൻ എന്നെ വല്ലാതെ അവഗണിച്ചിരുന്നെങ്കിലും അന്നത്തെ എന്റെ ഹീറോ തന്നെ ആയിരുന്നു അച്ഛൻ.
വീടിനടുത്തു തന്നെയായിരുന്നു എന്റെ സ്കൂൾ. സ്കൂളിൽ നിന്നും ഫസ്റ്റ് ബെൽ എന്റെ വീട്ടിലിരുന്നാൽ കേൾക്കാം. അത്ര അടുത്ത് . രണ്ടാമത്തെ ബെൽ കേൾക്കുമ്പോൾ ഞാൻ എന്റെ പുസ്തകങ്ങളുമായി സ്കൂളിലേക്ക് ഓടും.
ഞാൻ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു. എന്റെ സ്‌കൂളിലെ ടീച്ചർമാർക്കിടയിൽ അച്ഛന് നല്ല പേരുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഞാൻ അച്ഛനെപ്പോലെ മിടുക്കനല്ലാതായിപ്പോയതെന്ന് അവർ എപ്പോഴും എന്നോട് കുറ്റം പറയും. അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. അത് എന്നിൽ വല്ലാത്ത അപകർഷതാബോധം ഉണ്ടാക്കി. അച്ഛന് എന്നെ ഇഷ്ടമല്ലാത്തതിന് അതും ഒരു കാരണമായിരിക്കുമോ എന്ന് എനിക്ക് തോന്നിയിരുന്നു.
എല്ലാ ആഴ്‌ചയിലെയും സായാഹ്നങ്ങളിൽ, എന്റെ സ്‌കൂൾ സമയം കഴിഞ്ഞാൽ, എനിക്ക് പല ഡ്യൂട്ടികളും ഉണ്ടായിരുന്നു. സബ്‌സിഡിയുള്ള അരിയും ഗോതമ്പും വാങ്ങാൻ ഞങ്ങളുടെ അടുത്തുള്ള റേഷൻ കടയിൽ പോകേണ്ടി വരും. പിന്നെ മറ്റു കടകളിൽ നിന്നും പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മുതലായവ വാങ്ങേണ്ടി വരും.
വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നാണ് എന്റെ പഠനം. ആ വിളക്കിലെ പുക മുഴുവൻ ശ്വസിച്ച് , കിടന്നുറങ്ങി, രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മൂക്കിന് താഴെ കരിയുണങ്ങിപ്പിടിച്ച്, ഹിറ്റ്ലറിന്റെ മീശപോലെ രണ്ടു കറുത്ത വരകൾ കാണാം. ഞാനത് കണ്ണാടിയിൽ നോക്കി , എന്നെത്തന്നെ കളിയാക്കി ചിരിക്കും.
അച്ഛൻ രാവിലെ സാധാരണയായി ഏകദേശം എട്ട് മണിക്കേ ഉണരാറുള്ളൂ. ചായയ്‌ക്കൊപ്പം പത്രം വായിച്ചുകൊണ്ടാണ് അച്ഛന്റെ ദിവസം ആരംഭിക്കുക. അതു കഴിഞ്ഞ് ടോയ്‌ലറ്റിൽ പോകും. അതിനു ശേഷം പറമ്പിലൊക്കെ ഒന്നു ചുറ്റി നടക്കും. പറമ്പിൽ കാര്യമായ പണികളുണ്ടെങ്കിൽ, അതിനുള്ള നിർദ്ദേശങ്ങളും എത്ര പണിക്കാരെ ഏർപ്പാടാക്കണമെന്നും അമ്മയോട് പറയും.
പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ്, തിരിച്ചു വരുമ്പോഴേക്കും, അച്ഛന്റെ ഷേവിംഗ് റേസറും ചൂടുവെള്ളവും ഷേവിംഗ് സോപ്പും അമ്മ റെഡിയാക്കി വയ്ക്കും. അച്ഛൻ ഷേവ് ചെയ്തു കഴിയുമ്പോഴേക്കും അമ്മ, അച്ഛന് കുളിക്കാനുള്ള ചൂടുവെള്ളം കുളിമുറിയിലേക്ക് കൊണ്ടുചെന്നു വയ്ക്കും. അച്ഛന്റെ കുളി കഴിയുമ്പോഴേക്കും അമ്മ അച്ഛന്റെ വസ്ത്രം ഇസ്തിരിയിടുകയും അച്ഛനുള്ള പ്രഭാതഭക്ഷണം മേശപ്പുറത്ത് വിളമ്പിവയ്ക്കുകയും ചെയ്യും.
അക്കാലത്തെ എല്ലാ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും അച്ഛൻ ഉപയോഗിക്കുമായിരുന്നു. ഷേവിംഗിനായി വിൽക്കിൻസൺ അല്ലെങ്കിൽ സ്വിഷ് ബ്ലേഡ്, ടൂത്ത് പേസ്റ്റായി ഫോർഹാൻസ്, കുളിക്കാൻ പിയേഴ്സ് സോപ്പ്, ഫ്രഷ് ടർക്കി ടവലുകൾ തുടങ്ങിയവ ആയിരുന്നു അത്.
ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യമായി ബൈക്ക് സ്വന്തമാക്കിയത് അച്ഛനായിരുന്നു. വിപണിയിൽ ഏതു പുതിയ തരം ബൈക്ക് ഇറങ്ങിയാലും അത് അച്ഛൻ ഉടൻ തന്നെ വാങ്ങിയിരിക്കും. എല്ലാ ദിവസവും രാവിലെ ബൈക്ക് കഴുകലും വൃത്തിയായി തുടച്ചു വയ്ക്കലുമെല്ലാം എന്റെ പണി തന്നെയായിരുന്നു. അച്ഛൻ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ, അമ്മ എന്നെ വിളിക്കും. അച്ഛന് ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊടുക്കാൻ വേണ്ടിയാണ് ആ വിളി. അന്ന് ബൈക്കുകൾക്ക് ഓട്ടോമാറിക് സ്റ്റാർട്ട് ഉള്ള കാലമല്ലല്ലൊ. അച്ഛന്റെ ബൈക്ക് ഞാൻ കിക്കറടിച്ച് സ്റ്റാർട്ട് ചെയ്ത് കൊടുക്കണം. അന്നേരം അച്ഛൻ സീറ്റിലേക്കിരുന്ന് ഗൗരവത്തിൽ ആക്സിലറേറ്റർ ഇരപ്പിച്ച് വേഗത്തിൽ മുന്നോട്ട് പോകും.
ഈ പണികളെല്ലാം തികച്ചും യന്ത്രം പോലെയാണ് ഞാൻ ചെയ്യുക. കാരണം അച്ഛൻ എന്നോട് ദേഷ്യപ്പെടുന്നത് കാണാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അച്ഛന്റെ ദേഷ്യം നേരിടാനുള്ള ശേഷിയും എനിക്കുണ്ടായിരുന്നില്ല.
അച്ഛൻ എന്നോട് ദേഷ്യപ്പെടുമ്പോൾ ഞാൻ ഭയത്താൽ വിറയ്ക്കും. എന്നെ ഉപേക്ഷിച്ചാലോ എന്ന് ഞാൻ ഉൽക്കണ്ഠപ്പെടും. ഞാൻ ആ വീട്ടിലെ ആരുമല്ലെന്ന് തോന്നും. എന്നെ ഒരു പക്ഷേ, വീട്ടിൽനിന്നും ഇറക്കിവിട്ടേക്കുമോ എന്ന് പോലും ഞാൻ പേടിക്കും.
*******
തുടരും..
Part 6
ഭാഗം 6അമ്മയുടെ ബന്ധുക്കൾ വല്ലപ്പോഴും ഒരിക്കലേ ഞങ്ങളുടെ വീട്ടിലേക്ക് വരികയുള്ളൂ. അച്ഛൻ വീട്ടിലുണ്ടെങ്കിൽ അവർ ശബ്ദം താഴ്ത്തി മാത്രമേ സംസാരിക്കൂ. അവർക്കും അച്ഛനെ ഭയമായിരുന്നു. അവരുടെ കുട്ടികളുമായി കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴൊക്കെ അച്ഛൻ ദേഷ്യപ്പെടുമെന്ന് അമ്മ മുന്നറിയിപ്പ് നൽകും. അതൊഴിവാക്കാൻ ഞങ്ങൾ പറമ്പിന്റെ അങ്ങേയറ്റത്തേക്ക് പോകും. അവിടെ ഞങ്ങൾ കളിക്കുന്നത് അച്ഛന് കേൾക്കാനോ കാണാനോ കഴിയില്ല.ആ നാളുകളിൽ ക്ഷേത്രോത്സവങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. കാരണം, അവിശ്വാസിയായി അറിയപ്പെട്ടിരുന്നതിനാൽ അച്ഛൻ ഒരിക്കലു