Aksharathalukal

part 7

ഭാഗം 7

എന്റെ പഠന പുരോഗതിയിൽ അച്ഛന് ഒട്ടും മതിപ്പു തോന്നിയിരുന്നില്ല. അതിന്റെ പേരിൽ അച്ഛൻ എന്നെ വല്ലാതെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ ലഭ്യമായ മസ്തിഷ്ക ശേഷി ഉപയോഗിച്ച് ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഉയർന്ന മാർക്ക് വാങ്ങുന്ന മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഞാൻ അസൂയയോടെയാണ് നോക്കിയിരുന്നത്.

എങ്ങിനെയെങ്കിലും നന്നായി പഠിക്കട്ടെ എന്നു കരുതിയാവും,
\' ഗൈഡ്സ്\' എന്ന പേരിൽ പഠനം എളുപ്പമാക്കാനിറങ്ങുന്ന പുസ്തകങ്ങളും അച്ഛൻ വാങ്ങിത്തരുമായിരുന്നു. പക്ഷേ, ഇതൊന്നും കൊണ്ട് എന്റെ പഠനനിലവാരം ഉയർന്നില്ല. അച്ഛന് ഇക്കാര്യം കൊണ്ടും എന്നോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. എന്റെ പേടിയോടെയുള്ള നോട്ടം, എപ്പോഴും കൃഷിയിടത്തിൽ നിന്ന് വന്നു കയറുമ്പോഴുള്ള എന്റെ വൃത്തിഹീനമായ ശരീരം, ഒരു ചന്തവും തോന്നാത്ത രീതിയിലുള്ള വസ്ത്രധാരണ രീതി, സംസാരിക്കുമ്പോൾ എപ്പോഴും തല താഴ്ത്തിയുള്ള എന്റെ നിൽപ്പ്, ഇതെല്ലാം അച്ഛന് എന്നോടുള്ള വെറുപ്പ് കൂട്ടിയതേയുള്ളൂ.

അച്ഛന്റെ സാന്നിധ്യത്തിൽ നിൽക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കും. അച്ഛന്റെ അടുത്താണ് എന്റെ നിൽപ്പെങ്കിൽ, അടുത്ത് നിൽക്കുന്ന ആർക്കും എന്റെ ഹൃദയമിടിപ്പ് ഉറക്കെ കേൾക്കാമായിരുന്നു.

അച്ഛൻ ഞങ്ങളോടൊക്കെ വളരെ ഗൗരവമുള്ളയാളാണെങ്കിലും മറ്റുള്ളവരുമായി ഒരുപാട് തമാശ പറയുകയും ഉറക്കെയുറക്കെ ചിരിക്കുകയും ചെയ്യുമായിരുന്നു. 

അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല.  

അച്ചന്റെ ഒരു പ്രത്യേക രീതിയിലൊരു ചിരിയുണ്ട്.
ഏതൊരുവന്റെ ആത്മവിശ്വാസവും നിമിഷനേരം കൊണ്ട് ആവിയാക്കിക്കളയുന്ന ഒരു തരം ചിരി.
 
അതുപോലെ തന്നെ, അച്ഛന്റെ ആജ്ഞാശക്തിയും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു.  
അച്ഛൻ ആരോടെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുന്നത് പെട്ടെന്നായിരിക്കും. മുഖവുരയൊന്നും കൂടാതെ തന്നെ. അച്ഛൻ ചോദിക്കുന്നതൊന്നും ആരും നിഷേധിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

ആയിടക്ക്, ലഗോൺ എന്ന പേരിൽ ഒരു പുതിയ ഇനം കോഴി വിപണിയിൽ എത്തിയ നാളുകളായിരുന്നു അത്. ഉടനെ തന്നെ അച്ഛൻ ഇരുപതോളം എണ്ണം ലഗോൺ കോഴികളെ വാങ്ങി.  

മൂന്ന് ദിവസം കൊണ്ട് , വശങ്ങൾ കമ്പി വലകൾ നെയ്ത വലിയ കോഴിക്കൂട് തയ്യാറായി. പുതിയ കോഴി ഫാമിന്റെ എല്ലാ പതിവ് ജോലികളും എന്റേതായി മാറി. കോഴിയെ പരിപാലിക്കുക, കൂട് വൃത്തിയാക്കുക, അവറ്റകൾക്ക് ഭക്ഷണം കൊടുക്കുക, മുട്ടകൾ ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്യേണ്ടി വന്നു. പക്ഷേ, എന്റെ ആഗ്രഹത്തിനനുസരിച്ച് കഴിക്കാൻ നിത്യവും എനിക്ക് മുട്ട ലഭിക്കുമായിരുന്നു. അങ്ങിനെയൊരു കുഞ്ഞു സന്തോഷം എനിക്കതിൽ നിന്ന് കിട്ടി.

അപ്പൂപ്പന്റെ വീട്ടിൽ മൂന്ന് പശുക്കളുണ്ടായിരുന്നു. കോഴിവളർത്തലിൽ എനിക്ക് രസം പിടിച്ചു തുടങ്ങിയപ്പോൾ, അപ്പൂപ്പനെപ്പോലെ പശുവിനെ വളർത്തിയാലോ എന്ന തോന്നലായി എനിക്ക്. ഞാനിക്കാര്യം അമ്മയോട് സൂചിപ്പിച്ചു. 

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അച്ഛൻ അടുത്ത ആഴ്ച തന്നെ ഒരു പശുവിനെ വാങ്ങി. അറിയാതെ തന്നെ എന്റെ ദൈനംദിന ജോലികൾ, ഞാൻ തന്നെ ഓരോന്നായി കൂട്ടിക്കൊണ്ടിക്കുകയായിരുന്നു. വൈകുന്നേരം പശുവിന് പുല്ല് പറിക്കാൻ പോണം. പശുത്തൊഴുത്ത് വൃത്തിയാക്കണം. എന്നും പശുവിനെ കുളിപ്പിക്കണം.
ഇതിനാൽ തന്നെ അമ്മയുടെ ജോലിഭാരവും കൂടി. എങ്കിലും രുചികരമായ ഫ്രഷ് പാൽ കുടിച്ച് എന്റെ ശരീരത്തിന് ആരോഗ്യകരമായ ഒരു തിളക്കം വന്നു.

ഒരു വൈകുന്നേരം, അച്ഛന്റെ ഒരു സുഹൃത്ത് ഞങ്ങളുടെ വീട്ടിൽ വന്നു. പുതുതായി വിവാഹിതയായ ഭാര്യയോടൊപ്പമാണ് ഇയാൾ വന്നത്.  

വരാനിരിക്കുന്ന വാർഷിക പരീക്ഷയിൽ ഉയർന്ന ശതമാനം മാർക്ക് നേടിയാൽ എനിക്ക് ഒരു പ്രത്യേക സമ്മാനം തരാമെന്ന് എല്ലാവരുടെയും മുൻപിൽ വച്ച് അയാൾ ഉറക്കെ പ്രഖ്യാപിച്ചു.
കുടുംബസുഹൃത്തായ അച്ഛന്റെ മതിപ്പു സമ്പാദിക്കാനാവും ഒരുപക്ഷെ അയാൾ അങ്ങിനെയൊരു പ്രഖ്യാപനത്തിന് മുതിർന്നത്. അയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇപ്പോഴേ ആ സമ്മാനം എനിക്ക് തരാൻ അയാൾ റെഡിയാണെന്ന്.

എന്നെ അടിമുടി ഞെട്ടിച്ച പ്രഖ്യാപനമായിപ്പോയി അത്. എന്റെ തലച്ചോറിന്റെ നൂറ് ശതമാനം കപ്പാസിറ്റി ഉപയോഗപ്പെടുത്തിയാലും, കിട്ടാൻ പോകുന്ന പരീക്ഷാ ഫലമോർത്ത് എന്റെ നെഞ്ചിൽ ഇടിമിന്നൽ മിന്നി.

അയാളുടെ സുന്ദരിയായ ഭാര്യ എനിക്ക് ദയനീയമായ ഒരു പുഞ്ചിരി സമ്മാനിച്ചു. എന്നോ പുറത്തു വരാൻ പോകുന്ന എന്റെ പരീക്ഷാഫലം അവൾക്ക് എങ്ങനെ ഊഹിക്കാൻ കഴിഞ്ഞെന്ന് എനിക്ക് മനസ്സിലായില്ല.

ഒരിക്കൽ, എന്റെ സ്കൂളിൽ, എന്റെ പുതിയ സഹപാഠികളിലൊരാൾ പിൻബഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. അവൻ വളരെ ആകർഷകമായ കോളർ ഉള്ള ഷർട്ട് ആണ് ധരിച്ചിരുന്നത്.
ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള ഒരു തയ്യൽക്കാരന്റെ മകനായിരുന്നു അവൻ. അതെവിടെ നിന്ന് കിട്ടി എന്ന് ഞാൻ അവനോട് ചോദിച്ചു.  

അവന്റെ അച്ഛൻ അവനുവേണ്ടി തുന്നിക്കൊടുത്തതാണെന്ന് അവൻ പറഞ്ഞു. 
എന്റെ മുഖഭാവം കണ്ടപ്പോൾ, അവന്റെ അച്ഛനോട് പറഞ്ഞ്, എന്റെ കോളറും അതുപോലെയുള്ള പ്രത്യേക ലേസ് ഡിസൈൻ ഉപയോഗിച്ച് ഉണ്ടാക്കിത്തരാമെന്ന് അവൻ പറഞ്ഞു.  

പിറ്റേന്ന് രാവിലെ ഞാൻ എന്റെ ഷർട്ട് അവന് കൊടുത്തു. 
രണ്ടു ദിവസം കഴിഞ്ഞ് അവൻ പുതിയ ഫാഷൻ കോളർ കൊണ്ട് തുന്നിയെടുത്ത എന്റെ ഷർട്ട് കൊണ്ടുവന്നു. അടുത്ത ദിവസം ആ ഷർട്ടും ധരിച്ച് സ്കൂളിൽ വരുന്നത് സ്വപ്നം കണ്ട്, ആ ഷർട്ടും പൊതിഞ്ഞെടുത്ത് ഞാൻ വീട്ടിലേക്ക് പോയി. 

വൈകുന്നേരം അച്ഛൻ വീട്ടിൽ വന്നപ്പോൾ , ആദ്യം കണ്ടത് പുതിയ കോളറുള്ള എന്റെ ഷർട്ടാണ്. അത് കണ്ട മാത്രയിൽത്തന്നെ അച്ഛൻ ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിച്ച പോലെയായി. ലോകത്തിലേക്കും വച്ച് ഏറ്റവും വൃത്തികെട്ടത് എന്തോ കണ്ടതുപോലെ, അച്ഛൻ അത് എടുത്ത് രണ്ട് മൂന്ന് കഷ്ണങ്ങളാക്കി വലിച്ചു കീറി പുറത്തേക്ക് എറിഞ്ഞു.  

പേടിച്ചു വിറച്ചു കൊണ്ടിരുന്ന ഞാൻ, ആ സമയം വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന അമ്മായിയുടെ അടുത്തേക്ക് ഉറക്കെ കരഞ്ഞു കൊണ്ട് ഓടിച്ചെന്നു.  

ഞാൻ അമ്മായിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്റെ കുമിഞ്ഞുകൂടിയ സങ്കടങ്ങൾ ആ നിമിഷം മഴ പോലെ പെയ്തു. ഒന്നുരണ്ടു ദിവസത്തേക്കെങ്കിലും അമ്മായിയുടെ വീട്ടിലേക്ക് ഓടിപ്പോവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കാൻ അച്ഛൻ ഒരിക്കലും എന്നെ അനുവദിക്കാറില്ല. അന്ന് ഞാൻ ഉറങ്ങാൻ തുടങ്ങിയപ്പോഴേക്കും എന്റെ കണ്ണുനീരൊക്കെ വറ്റിപ്പോയിരുന്നു.
*******
തുടരും..

Part 8

Part 8

5
190

ഭാഗം 8 എന്റെ അമ്മായിയുടെ ഭർത്താവ്, അഥവാ അമ്മാവൻ വളരെ ശാന്ത സ്വഭാവമുള്ള ആളാണ്.ആരോടും ദേഷ്യപ്പെടാറില്ല. അമ്മാവൻ ഒരുപാട് ചിരിക്കും. അമ്മായി അലോസരപ്പെടുത്തുന്ന എന്തെങ്കിലും പറഞ്ഞാൽ പോലും അമ്മാവൻ ഒരു കുട്ടിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കും.അവധി ദിവസങ്ങളിൽ ഞാൻ അവരുടെ വീട് സന്ദർശിക്കാറുണ്ടെങ്കിലും രാത്രി അവിടെ താമസിക്കാൻ അച്ഛൻ എന്നെ അനുവദിച്ചിരുന്നില്ല. അമ്മായിയുടെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ നല്ല രുചിയുള്ള പലഹാരങ്ങൾ അമ്മായി എനിക്ക് ഉണ്ടാക്കിത്തരും. അച്ഛൻ മോശമായി എന്തു പറഞ്ഞാലും മോൻ വല്ലാതെ വിഷമിക്കരുതെന്ന് അമ്മായിയും അമ്മാവനും മാറി മാറി എന്നോ