Aksharathalukal

Part 8

ഭാഗം 8 

എന്റെ അമ്മായിയുടെ ഭർത്താവ്, അഥവാ അമ്മാവൻ വളരെ ശാന്ത സ്വഭാവമുള്ള ആളാണ്.
ആരോടും ദേഷ്യപ്പെടാറില്ല. അമ്മാവൻ ഒരുപാട് ചിരിക്കും. അമ്മായി അലോസരപ്പെടുത്തുന്ന എന്തെങ്കിലും പറഞ്ഞാൽ പോലും അമ്മാവൻ ഒരു കുട്ടിയെപ്പോലെ ചിരിച്ചു കൊണ്ടിരിക്കും.

അവധി ദിവസങ്ങളിൽ ഞാൻ അവരുടെ വീട് സന്ദർശിക്കാറുണ്ടെങ്കിലും രാത്രി അവിടെ താമസിക്കാൻ അച്ഛൻ എന്നെ അനുവദിച്ചിരുന്നില്ല. 

അമ്മായിയുടെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ നല്ല രുചിയുള്ള പലഹാരങ്ങൾ അമ്മായി എനിക്ക് ഉണ്ടാക്കിത്തരും. 

അച്ഛൻ മോശമായി എന്തു പറഞ്ഞാലും മോൻ വല്ലാതെ വിഷമിക്കരുതെന്ന് അമ്മായിയും അമ്മാവനും മാറി മാറി എന്നോട് പറയും. എന്റെ ഇരുപുറവും നിന്ന് സ്നേഹത്താൻ ചേർത്ത് പിടിച്ചുകൊണ്ടാവും അവർ എന്നോടിതൊക്കെ പറയുക. എനിക്കപ്പോൾ വല്ലാതെ സങ്കടം വരികയും ചെയ്യും.

എന്നാൽ എന്റെ വീട്ടിൽ കാര്യങ്ങളെല്ലാം പതിവുപോലെ തന്നെ. 
 
പിന്നത്തെ ഞായറാഴ്ച വൈകുന്നേരം അമ്മാവൻ ഞങ്ങളുടെ വീട്ടിൽ വന്നു. അച്ഛനുമായി എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ് അമ്മാവൻ വന്നിട്ടുള്ളത് എന്ന് എനിക്ക് തോന്നി. അതെന്താണെന്ന് എനിക്ക് പിടികിട്ടിയില്ല. പക്ഷേ അമ്മായിക്ക് എന്തോ ടെൻഷനും ഭയവും ഉള്ളതായി തോന്നി. അമ്മയുടെ മുഖവും ടെൻഷൻ ഉള്ളത് പോലെ തോന്നിച്ചു.  

കാരണം എന്താണെന്നറിയില്ലെങ്കിലും, മോശമായതെന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. 

അമ്മാവൻ തന്റെ പതിവ് ശാന്തതയോടെ, പതിഞ്ഞ ശബ്ദത്തിൽ എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോൾ, അച്ഛൻ ഉയർന്ന സ്വരത്തിൽ അതിനോട് പ്രതികരിച്ചു.

അമ്മാവൻ ശാന്തനായി പറയുന്നത് ഞാൻ കേട്ടു: 
\'\'ഞാൻ നിങ്ങളോട് ഒരു ആനുകൂല്യമല്ല ചോദിക്കുന്നത്, നിയമപ്രകാരം ഞങ്ങളൾക്ക് അവകാശമുള്ള ഭൂമിയാണ്.\"

നിയമത്തെക്കുറിച്ചുള്ള ആ പരാമർശം അച്ഛനെ കൂടുതൽ ക്ഷുഭിതനാക്കിയിട്ടുണ്ടാകണം.    
അച്ഛൻ പറഞ്ഞു, \'\'ആഹാ..., അങ്ങിനെയെങ്കിൽ നമുക്ക് കോടതിയിൽ കാണാം..!\'\'

അമ്മാവൻ ഒന്നും പറയാതെ അമ്മായിയോടൊപ്പം പുറത്തേക്ക് നടന്നു.

രാത്രിയിൽ അച്ഛൻ ദേഷ്യം കൊണ്ട് അസ്വസ്ഥനായി, കൂട്ടിലിട്ട കടുവയെ പോലെ ഞങ്ങളുടെ മുൻവശത്തെ വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.  

ഇപ്പോൾ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഒരു ഭാഗം അച്ഛന് ഉടൻ തന്നെ നഷ്ടമാകുമെന്നത് കൊണ്ടാവാം ഇത്ര അരിശം.

മറ്റൊരു കാരണം, അച്ഛൻ ആദ്യമായി ഒരു തർക്കത്തിൽ തോൽക്കുകയും, എതിരാളി അച്ഛനെ വകവയ്ക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തതു കൊണ്ടുമാവാം. അച്ഛന്റെ ഈഗോ അത്രമേൽ ക്ഷതമേറ്റ് തകർന്നിട്ടുണ്ടാകണം.

രണ്ടു ദിവസം കഴിഞ്ഞ് അമ്മയുടെ കുടുംബക്ഷേത്ര ഉത്സവം. വിശാലമായ നെൽപ്പാടത്തിന്റെ അങ്ങേയറ്റത്തെ ക്ഷേത്രപരിസരത്ത് അമ്മയുടെ സഹോദരിമാരും അവരുടെ കുട്ടികളും എന്റെ അമ്മായിയും മക്കളും എല്ലാവരും വന്നു ചേർന്നു.

ആനകൾ ഘോഷയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. ഇത് എന്റെ സ്വാതന്ത്ര്യത്തിന്റെ ദിവസങ്ങളായതിനാൽ ഞാൻ വളരെ സന്തോഷവാനായിരുന്നു; എനിക്ക് ചുററുമുള്ള അദൃശ്യമായ കൂടിനെക്കുറിച്ച് ഞാൻ ഓർക്കാതെ പോകുന്ന ദിവസങ്ങൾ.

മറ്റ് കുട്ടികൾക്കൊപ്പം ഞാൻ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങി, താൽക്കാലിക കടകളിൽ വിൽക്കാൻ വച്ചിരുന്ന കളിപ്പാട്ടങ്ങളും മറ്റും കണ്ടു നടന്നു. 

സ്വർണ്ണനിറത്തിലുള്ള നെറ്റിപ്പട്ടവും അണിഞ്ഞ്, ഭഗവതിയുടെ കോലവും പേറി, അതി ഗാംഭീര്യത്തോടെ നിൽക്കുന്ന ശജവീരന്റെ ഇരുപുറവുമായി പിന്നെയും ഗജവീരന്മാർ. 

അതിന്റെ മുൻപിൽ ഉച്ചസ്ഥായിയിൽ മുഴങ്ങുന്ന ചെണ്ടമേളം.

സായാഹ്ന ഘോഷയാത്ര ആരംഭിച്ചു. ആളുകൾ അതിയായ ആഹ്ളാദത്തോടെ ഉച്ചത്തിൽ സംസാരിച്ച് കൊണ്ട് തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. ഇവർ പറയുന്നത് അവർക്കെങ്കിലും കേൾക്കാനാവുന്നുണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം അച്ഛന്റെ സാന്നിധ്യമില്ലാതെ ചുറ്റിക്കറങ്ങാനുള്ള സ്വാതന്ത്ര്യം തന്നെയായിരുന്നു വലുത്. അത് തന്നെ എന്റെ ഏറ്റവും വലിയ ആഘോഷം.

ഉത്സവത്തിരക്കിലൂടെ നടന്നുപോകുമ്പോൾ, ക്ഷേത്രവളപ്പിലെ ഒരു കളിപ്പാട്ടക്കടയിൽ നീല നിറത്തിലുള്ള ഒരു ചെറിയ പ്ലാസ്റ്റിക് പാവ ഞാൻ കണ്ടു. ഒരു കുഞ്ഞിക്കോഴിയുടെ രൂപമായിരുന്നു അതിന്. ഞാൻ ചുറ്റും നോക്കി. അത് സ്വന്തമാക്കണമെന്ന് എനിക്ക് വല്ലാത്ത ആഗഹം തോന്നി.

അത് വാങ്ങാനുള്ള ഏക സാധ്യത അമ്മായി വഴിയാണ്. ആൾക്കൂട്ടത്തിനിടയിലെങ്ങാനും അമ്മായി നിൽപ്പുണ്ടോ എന്ന് ഞാൻ തിരഞ്ഞു.

അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ, വഴിപാട് പൂജ നടക്കുന്ന ശ്രീകോവിലിനടുത്ത് അമ്മായിയെ കണ്ടെത്താനായി.

ഞാൻ അമ്മായിയുടെ അടുത്തേക്ക് ചെന്ന്, അവരുടെ ചെവിയിൽ എന്റെ ആഗ്രഹം പറഞ്ഞു. അമ്മായി ഉടൻ തന്നെ പണം സൂക്ഷിച്ചിരുന്ന തന്റെ തൂവാല തുറന്ന്, എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് , വേഗം തന്നെ പാവ വാങ്ങാനുള്ള പണം എന്റെ കയ്യിൽ വച്ചുതന്നു. 

ആ പാവ വാങ്ങാൻ പിന്നെ ഒരോട്ടമായിരുന്നു ഞാൻ! അത് കയ്യിൽ കിട്ടിയ നിമിഷം ഞാൻ വളരെ സന്തോഷിച്ചു.
കാരണം, ആ പാവയാണ് എനിക്ക് ജീവിതത്തിൽ ആദ്യമായി കിട്ടിയ ഇഷ്ട്ടസമ്മാനം.

പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അച്ഛൻ വീടിനടുത്ത് എവിടെയും ഉണ്ടാകാം എന്നതിനാൽ ഞായറാഴ്ചകൾ എനിക്ക് വെറുപ്പായിരുന്നു.

ഞായറാഴ്ചകളിലെ അച്ഛന്റെ പ്ലാൻ ആർക്കും ഊഹിക്കാനാവില്ല. പകൽ സമയങ്ങളിൽ അച്ചൻ മണിക്കൂറുകളോളം വെട്ടിയിട്ട തടി പോലെ കിടന്നുറങ്ങും. അതിനാൽ തന്നെ ഞങ്ങൾക്ക് വീടിനുള്ളിലും ചുറ്റിലും പിൻഡ്രോപ്പ് നിശബ്ദത പാലിക്കണം. ഒരു കാരണവശാലും അച്ഛനെ ശല്യപ്പെടുത്താനോ ഉണർത്താനോ ആരും ധൈര്യപ്പെടുകയില്ല.

ഒരു ദിവസം അച്ഛൻ വളരെ വൈകിയാണ് വീട്ടിലെത്തിയത്. അന്ന് അച്ഛൻ വളരെ ടെൻഷനിലായിരുന്നു. ഉള്ളിൽ കത്തിയെരിയുന്ന കോപം പ്രയാസത്തോടെ അടക്കിപ്പിടിച്ച് നിൽക്കുന്ന പോലെ തോന്നി ഞങ്ങൾക്ക്. 

അമ്മാവൻ ഉന്നയിക്കുന്ന സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ടതാകാം കോപകാരണം എന്ന് അമ്മ എന്നോട് സ്വകാര്യം പറഞ്ഞു. അവിടെ നിൽക്കുന്നത് ഗ്യാസ് ചേമ്പറിന് അടുത്ത് നിൽക്കുന്നത് പോലെ ആയതിനാൽ ഞാൻ എന്റെ സ്റ്റഡിറൂമിലേക്ക് പോയി.

കട്ടിലിൽ കിടന്ന് പുസ്തകം വായിക്കുന്നതിനിടയിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. എന്റെ ഇടതുകൈയിൽ അന്ന് ഉൽസവത്തിന് അമ്മായി വാങ്ങിത്തന്ന എന്റെ ചെറിയ കോഴിപ്പാവ ഉണ്ടായിരുന്നു.
 
പെട്ടെന്ന്, അച്ഛന്റെ ഉയർന്ന ആക്രോശത്തോടൊപ്പം എന്റെ മുറിയിൽ എന്തോ തകർന്നതിന്റെ വലിയ ശബ്ദവും കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. അച്ഛൻ ശക്തിയോടെ എന്റെ കൈയിൽ നിന്നും ആ കോഴിപ്പാവ തട്ടിപ്പറിച്ച് തറയിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.  

എന്റെ കൈകളിലും തുടകളിലും മുതുകിലും അങ്ങിനെ കഴിയുന്നിടത്തെല്ലാം അച്ഛൻ എന്നെ പലതവണ അടിച്ചു.

ഉറക്കെ കരയുന്ന ശബ്ദം കേൾക്കുന്നത് അച്ഛന് വെറുപ്പായതിനാൽ കരച്ചിൽ പുറത്തുവരാതിരിക്കാൻ ഞാൻ ഒരു കൈകൊണ്ട് എന്റെ വായ പൊത്തി. എന്റെ കോഴിപ്പാവ പല കഷ്ണങ്ങളാക്കി ചിതറി കിടക്കുന്ന തറയിലേക്ക് ഞാൻ നോക്കി.

അച്ഛന്റെ അനുവാദമില്ലാതെ ഞാൻ അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിച്ചുവെന്ന കുറ്റം ചെയ്തു എന്ന ഭാവേന അച്ഛൻ, അമ്മാവന്റെയും അമ്മായിയുടെയും മേലുള്ള ദേഷ്യം എന്നിലേക്ക് പുറന്തള്ളുകയായിരുന്നുവെന്ന് അച്ഛന്റെ ആക്രോശ ശബ്ദത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

അച്ഛന്റെ ശത്രു എന്റെ ശത്രുവല്ലെങ്കിൽ എനിക്ക് അവിടെ നിൽക്കാനാവില്ലെന്ന് അച്ഛൻ എന്നോട് ആക്രോശിച്ചു കൊണ്ട് പറഞ്ഞു.

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഏകദേശം രണ്ട് മണിയായപ്പോൾ ഞാൻ എന്റെ ചെറിയ മുറിയിൽ നിന്നും ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. 

എന്റെ മുറ്റത്ത് നിന്ന് കൊണ്ട് ഞാൻ ഒരു വട്ടം ആകാശത്തേക്ക് നോക്കി. അന്നേരം ആ പൗർണ്ണമിച്ചന്ദ്രൻ എന്നെ വല്ലാതെ ഉറ്റുനോക്കുന്നതായി എനിക്ക് തോന്നി.  

ഞാൻ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. ഒരിക്കൽ കൂടി എന്റെ വീടൊന്നു കാണാൻ ഞാൻ തിരിഞ്ഞു നിന്നു. കണ്ണുനീർ ഒഴുകി വറ്റിപ്പോയ എന്റെ കണ്ണുകൾക്ക് ആ നിമിഷത്തിൽ, എന്നോട് അത്രമേൽ പ്രിയമുള്ള ആരും ആ വീട്ടിൽ ഉണ്ടെന്ന് തോന്നിയില്ല.

എന്നും ഭയത്തിന്റെ ചൂട് മാത്രം തന്ന ആ അറയിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ ഞാൻ
പുറത്തേക്ക് നടന്നു. 
*******
തുടരും..

part 9

part 9

5
274

ഭാഗം 9ഞാൻ ഇതുവരെ ഒരു റെയിൽവേ സ്റ്റേഷനിൽ പോയിട്ടില്ല. ചുറ്റുമുള്ളതെല്ലാം വീക്ഷിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു. അവിടെക്കണ്ട യാത്രക്കാരുടെ കൈകളിൽ ഒരു ബാഗോ സഞ്ചിയോ ഒക്കെ കാണാനുണ്ടായിരുന്നു. അപ്പോഴാണ് ഞാനോർത്തത് , ഞാൻ വെറും കയ്യോടെയാണ് വീടിന്റെ പടിയിറങ്ങിയതെന്ന്.ഞാൻ വീട്ടിൽ നിന്ന് ഒന്നും തന്നെ എടുത്തിരുന്നില്ല. ഒരു ഹാഫ് ട്രൗസറും കോട്ടൺ ഷർട്ടുമാണ് ഞാൻ ധരിച്ചിരുന്നത്. എന്റെ കയ്യിൽ പണവുമില്ലായിരുന്നു.  എന്നിട്ടും എനിക്ക് പരിഭ്രമമോ വിഷമമോ ഒന്നും തോന്നിയില്ല.ഞാൻ ആദ്യമായി ശുദ്ധവായു ശ്വസിക്കുകയാണെന്ന് എനിക്ക് തോന്നി. അവിടെ കണ്ട ടാപ്പിൽ നിന്നും ഞാൻ കു