തിരക്കിലെരിയുന്ന സന്തോഷങ്ങള്‍
“നൊ നൊ മിസ്റ്റര്‍ ദേവദാസ്, യു ഹാവ് ടു ഗോ പേഴ്സണലി ടു റിസീവ് ദം അറ്റ് ദ എയര്‍പോര്‍ട്ട്.” റീജിയണല്‍ മാനേജര്‍ പട്ടാഭിരാമന്‍സാറിന്‍റെ, മുഖംചുവന്ന ശബ്ദം ഫോണിന്‍റെ അങ്ങേയറ്റത്ത് ഉറച്ചു നിന്നു.
ഗുരുവായൂരമ്പലത്തിലെ ചുറ്റമ്പലത്തിനുള്ളില്‍, വടക്കു ഭാഗത്ത് ഉണ്ണികള്‍ക്ക് ചോറൂണ് കൊടുക്കുന്നിടത്ത്, ചമ്രം പടിഞ്ഞിരിക്കുന്ന തന്‍റെ മടിയില്‍, കുഞ്ഞുമോണ കാട്ടിച്ചിരിക്കുന്ന പേരക്കുട്ടിയുടെ ചെവിയോട് ചേര്‍ത്തു പിടിച്ച ഇളം വെറ്റിലക്കിടയിലൂടെ, അവള്‍ക്കു നല്‍കാന്‍ മാസങ്ങളോളം താന്‍ രഹസ്യമായി കാത്തുവച്ച ഓമനപ്പേര് വിളിക്കുന്ന രംഗം, അയാളുടെ മനസ്സില്‍ ചലന ദൃശ്യമായി കടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു, അപ്പോള്‍.
“എന്‍റെ പേരക്കുട്ടിയുടെ പേരിടലാണ് സര്‍ നാളെ. ഗുരുവായൂരമ്പലത്തില്‍ വച്ച്. ഞാനാണവള്‍ക്ക് പേരിടേണ്ടത്. എയര്‍പോര്‍ട്ടിലേയ്ക്ക് വേറെ ആരെയെങ്കിലും വിട്ടാല്‍ പോരെ, സര്‍?”, അഭിമാനം തേഞ്ഞു പോയ സ്വരത്തില്‍ അയാള്‍ ചോദിച്ചു.
“മിസ്റ്റര്‍.ദേവദാസ്, നിങ്ങളുടെ ഓഫീസിന്‍റെ സ്ഥിതിയെപ്പറ്റി എന്നെപ്പോലെ നിങ്ങള്‍ക്കുമറിയാം. ഡു യു വാണ്ട് ദം ടു ഗെറ്റ് ഇറിറ്റേറ്റഡ്‍ ടു ഇന്‍വൈറ്റ് മോര്‍ ട്രബിള്‍സ്?”
“നൊ സര്‍, ഐ അണ്ടര്‍സ്റ്റാന്‍റ്.” കീഴടങ്ങിയ ശബ്ദത്തില്‍ ദേവദാസ് പറഞ്ഞു.
“ഗുഡ്. ദെന്‍, ഡു ആസ് ഐ സെ, ലീവിംഗ് യുവര്‍ സെന്‍റിമെന്‍റ്സ്. പേരിടല്‍ മകന്‍ ചെയ്യട്ടെടോ. മൈ ബെസ്റ്റ് വിഷസ്.” പട്ടാഭിരാമന്‍ ഫോണ്‍ കട്ട് ചെയ്തു.
ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും കീറിവലിക്കും പോലെ, ഒരേ സമയം മേലാവില്‍ നിന്നുള്ള വിവധ ഉത്തരവുകള്‍ക്കൊപ്പം എത്ര ചെയ്താലും തീരാത്ത പണികളില്‍ മുങ്ങിയ തന്നെ, പല കൈകളാല്‍ ആഞ്ഞു വലിക്കും പോലെ തോന്നി ദേവദാസിന്.
പഴയകാല രീതികള്‍ മാറ്റിയ ഡിജിറ്റല്‍ യുഗത്തിനൊപ്പം, എത്താന്‍ കഴിയാതെ പോയ തന്‍റെ വിവരമില്ലായ്മയില്‍, തനിക്കു താഴെയുള്ളവന്‍റെ പരിഹാസച്ചുവയുള്ള പരസഹായം തേടേണ്ട സ്ഥിതി, സ്വാഭിമാനത്തെയെങ്ങോട്ടോ കൊണ്ടു പോയൊളിച്ചു നിര്‍ത്തി. ഇരിക്കുമ്പോള്‍ അല്‍പം വളഞ്ഞ നട്ടെല്ല്, നില്‍ക്കുമ്പോഴും വളയാന്‍ തുടങ്ങിയോ?
രാത്രിയേറെ വൈകി, ഓഫീസിലെ ഓരോ വിളക്കുമണച്ച്, ഓരോ താഴും പൂട്ടി, ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോള്‍, ഒടുവില്‍ കത്തിയണയുന്ന തിരിയിലെ നാളം പോലെ മങ്ങിയ കണ്ണുകള്‍ തിരയുന്നത്, അവസാനത്തെ ബസ്സിന്‍റെ കണ്‍വെളിച്ചം. ആ നേരങ്ങളിലെ ബസ്സില്‍ നിറയുന്ന മദ്യഗന്ധത്തിന്‍റെ രാത്രിക്കാറ്റിനൊപ്പം, പുറകോട്ടു മറയുന്ന വഴിക്കാഴ്ചകള്‍ കാണാതെ, മനസ്സു തിരയുന്ന പണ്ടത്തെയോര്‍മ്മകള്‍. അതിലങ്ങിനെ ജലശയനം നടത്തുന്ന മനസ്സിനെ, തന്‍റെ ബസ്സ് സ്റ്റോപ്പെത്തും വരെ തടഞ്ഞില്ല ദേവദാസ്.
ജങ്ങ്ഷനിലെ ഒരു തകര ഷെഡ്ഡിനടുത്ത് എന്നും വയ്ക്കുന്ന തന്‍റെ ബൈക്ക് എടുത്ത് വീട്ടിലേയ്ക്ക് തിരിക്കുന്നതിനു മുന്‍പ് അസീസിന്‍റെ തട്ടുകടയില്‍ നിന്നൊരു പതിവു ചായക്ക് നിന്നു.
“ഇതും കുടിച്ച് ഇനിയെപ്ലാ ങ്ങള് അത്താഴം കഴിക്ക്യാ? ഇത് വെശപ്പ് കളയണ സാധനാട്ടോ.” അസീസ് ഗ്ലാസ് കഴുകിക്കൊണ്ട് പറഞ്ഞു.
അതിന് മറുപടിയൊന്നും ദേവദാസ് പറഞ്ഞില്ല.
ആ തട്ടുകടയിലെ ബെഞ്ചിലിരുന്ന് ചായ കുടിക്കുമ്പോള്‍ ദേവദാസ് ആസ്വദിക്കുന്നത് ചായയല്ല. പണ്ടത്തെ വൈകുന്നേരങ്ങളില്‍ ചങ്കു ചേര്‍ത്തുവച്ചൊരു സൗഹൃദമുണ്ടായിരുന്നു അയാള്‍ക്ക്. എന്നും ചായ കുടിച്ചു പിരിയുന്നൊരു ചങ്ങാതിക്കൂട്ടം. അവരെ മനസ്സാല്‍ ചേര്‍ത്തിരുത്തിയാണീ ചായകുടി. ഓരോ കവിള്‍ ചായക്കൊപ്പം അലിഞ്ഞിറങ്ങുന്ന ഓര്‍മകളില്‍ അയാളങ്ങിനെയിരിന്നു. പിന്നെ ബൈക്കെടുത്ത് പതിയെ വീട്ടിലേക്ക് തിരിച്ചു.
ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും ചോര്‍ത്തിക്കളയുന്ന സ്കൂള്‍ ജോലി കഴിഞ്ഞ് തളര്‍ന്നു വന്ന്‍, പിന്നെ വീട്ടു ജോലിയും തീര്‍ത്ത്, വാടിയ താള്‍ പോലെ സ്വീകരണ മുറിയിലെ സെറ്റിയില്‍ തളര്‍ന്നുറങ്ങുകയാണ് ചിത്ര.
പാവം. അവളെ ഉണര്‍ത്താതെ ഒന്നു കൈ കാല്‍ കഴുകി വന്ന്‍ ഡയിനിംഗ് ടേബിളില്‍ മൂടി വച്ച തണുത്തു തുടങ്ങിയ ഭക്ഷണം ഒന്നു തുറന്നു നോക്കി. മടുത്ത മനസ്സ് കരിച്ചു കളഞ്ഞ വിശപ്പ് ഭക്ഷണപ്പാത്രത്തെ വിരക്തിയോടെ നീക്കി വയ്പ്പിച്ചു.
ജോലിത്തിരക്കിനിടയില്‍ മകന്‍റെ മിസ്സ്‌കാള്‍ കണ്ടിട്ടും ഒന്നു തിരിച്ചു വിളിക്കാനായില്ലല്ലോ എന്ന്‍ കുറ്റബോധത്തോടെ ഓര്‍ത്തു.
എന്നാണ് രുചിയറിഞ്ഞ് താനുണ്ടത്? ങ്ങാ, കഴിഞ്ഞ ഓണത്തിന്. നിരന്തരമായി ശല്യപ്പെടുത്തുന്ന പ്രമേഹത്തെ അവഗണിച്ച്, അന്ന് ചിത്ര കാണാതെ പടിഞ്ഞാറേ വരാന്തയില്‍ നിന്ന്‍കൊണ്ട് ഒരു കപ്പ് പായസം കൂടി കുടിച്ചു. എന്തു രുചിയായിരുന്നു അതിനന്ന്‍! ദേവദാസിന്‍റെ നനഞ്ഞു നിറഞ്ഞ കണ്ണുകളപ്പോള്‍ പഴയ ഓണനാളുകള്‍ കാണുകയായിരുന്നു.
മുറ്റത്തേക്കിറങ്ങി, കിണറ്റു മതിലിനരികിലെ കല്‍ത്തിണ്ണയിലിരുന്ന്‍ അയാള്‍ ആകാശത്തെ നോക്കി.
വേനലില്‍ ജലം വറ്റി മണ്‍പറമ്പാവുന്ന ഭാരതപ്പുഴയില്‍, കുട്ടികള്‍ കുഴിയുണ്ടാക്കി തെളിനീര്‍ കണ്ടെടുക്കും പോലെയാണ്, ജീവിതത്തില്‍ സന്തോഷങ്ങളുണ്ടാവുന്നത്. കോണി കയറിച്ചെന്നു നിന്ന തന്‍റെ ഉദ്യോഗത്തിരക്കില്‍ അതു പോലും നിഷേധിക്കപ്പെട്ടു പോവുന്നല്ലോ.
അല്ല; തനിക്കത് തന്നെ വേണം. സ്ഥാനക്കയറ്റം കൊണ്ട് മാനക്കയറ്റം ഉണ്ടാവുമെന്ന കോടിയ ചിന്ത മനസ്സില്‍ കേറിയ പൊട്ട സമയത്തെ, എത്ര വട്ടം പഴിച്ചിട്ടുണ്ട് താന്‍.
അകത്തെ മുറിയില്‍ ചെന്ന്‍, തലേന്ന്‍ വാങ്ങി വച്ച തന്‍റെ കസവു മുണ്ടിനോടൊപ്പമുണ്ടായിരുന്ന, കുഞ്ഞുമോളുടെ കൊച്ചു കസവുമുണ്ട് അയാള്‍ പുറത്തെടുത്തു. ഇടത് കയ്യാലത് നെഞ്ചോട് ചേര്‍ത്ത്, തനിക്കായി വാങ്ങിയ കസവു മുണ്ടയാള്‍ വ്യസനത്തോടെ നോക്കി നിന്നു.
സങ്കടം തികട്ടി വന്ന മിഴി നീരിന്‍റെ നനവ് കൊച്ചുമോളുടെ കുഞ്ഞു മുണ്ടിനെ നനയ്ക്കാതിരിക്കാന്‍ അയാളത് മറ്റൊരിടത്ത് ഭദ്രമായി വച്ചു.
പിറ്റേന്ന് എയര്‍പോര്‍ട്ടിലേയ്ക്ക് വെളുപ്പിനേ യാത്ര തിരിച്ചു ദേവദാസ്. നിരാശയും അരിശവും തളര്‍ത്തിയ മനസ്സ് ശരീരത്തെയും വല്ലാതെ തളര്‍ത്തി. കാറിലിരുന്ന് മയങ്ങിപ്പോയ അയാളെ ഉണര്‍ത്തിയത് എയര്‍പോര്‍ട്ടിനടുത്തെ ബഹളങ്ങളായിരുന്നു.
ചീഫ് ഗസ്റ്റിനെയും കൂട്ടി കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു, “മിസ്റ്റര്‍ ദേവദാസ്, ഈസ് ദി ഫേമസ് ഗുരുവായൂര്‍ ടെമ്പിള്‍ ഓണ്‍ ഔര്‍ വെ?”
തിളങ്ങി മിന്നിയ കണ്ണുകളാല്‍ അദ്ദേഹത്തെ നോക്കി തന്‍റെ കൊച്ചുമോളുടെ പേരിടലിന്‍റെ കാര്യവും മറുപടിയോടൊപ്പം ദേവദാസ് പറഞ്ഞു.
“ദെന്‍, മിസ്റ്റര്‍ ദേവദാസ്, ലെറ്റ് അസ് ഗോ സ്ട്ട്രൈറ്റ് ടു ഔര്‍ ഗുരുവായൂര്‍ ടെമ്പിള്‍.”
“താങ്ക് യു സര്‍. ഐ വില്‍ കാള്‍ മൈ സണ്‍ ടു അറേഞ്ച് എവെരിതിംഗ് ഫോര്‍ യുവര്‍ ദര്‍ശന്‍ ദേര്‍.”
ഗുരുവായൂരമ്പലത്തിലെ ചുറ്റമ്പലത്തിനുള്ളില്‍, വടക്കു ഭാഗത്ത് ഉണ്ണികള്‍ക്ക് ചോറൂണ് കൊടുക്കുന്നിടത്ത്, ചമ്രം പടിഞ്ഞിരിക്കുന്ന തന്‍റെ മടിയില്‍, കുഞ്ഞുമോണ കാട്ടിച്ചിരിക്കുന്ന പേരക്കുട്ടിയുടെ ചെവിയോട് ചേര്‍ത്തു പിടിച്ച ഇളം വെറ്റിലക്കിടയിലൂടെ, അവള്‍ക്കു നല്‍കാന്‍ മാസങ്ങളോളം താന്‍ രഹസ്യമായി കാത്തുവച്ച ഓമനപ്പേര് വിളിക്കുന്ന ത്തിനിടയില്‍, തനിക്കരികില്‍ നിന്നിതെല്ലാം കണ്ടുനില്‍ക്കുന്ന ചീഫ് ഗസ്റ്റിനെ ദേവദാസ് ഒന്നു പാളി നോക്കി.
അയാളുടെ ചിരിയില്‍ ഗുരുവായൂര്‍ കണ്ണന്‍റെ കള്ളപ്പുഞ്ചിരി കാണുകയായിരുന്നു ദേവദാസപ്പോള്‍.
*******