പ്ലസ് ടൂ വിലെ വാർഷിക പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടച്ചു. നീണ്ട ആ ഒഴിവുകാലം അവൾ ആസ്വദിക്കുകയായിരുന്നു. ഒപ്പം അവൾ ഒരു ദിവസത്തിനായി കാത്തിരുന്നു.ഒടുവിൽ അവൾ കാത്തിരുന്ന ആ ദിവസം വന്നെത്തി.തൻ്റെ പുതിയ കോളജിൽ അഡ്മിഷൻ എടുക്കാനുള്ള ദിനം.അമ്മയോടോത്ത് ആദ്യമായി അവൾ കോളജിൽ പോയി.അവിടുത്തെ ഇടനാഴികളും കെട്ടിടങ്ങളും എല്ലാം തന്നെ അപ്പോൾ അവൾക്ക് അന്യമായിരുന്നു. ഇനി വരുന്ന മൂന്ന് വർഷം തൻ്റെ ജീവിതത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നത് ഇവിടം ആണ് എന്ന യാഥാർത്ഥ്യം അവൾ അപ്പോൾ തിരിച്ചറിയുക ആയിരുന്നു.കൊറോണ കാലഘട്ടം കഴിഞ്ഞ സമയം ആയതിനാൽ ക്ലാസ്സുകൾ വൈകിയാണ് ആരംഭിച്ചത്.തൻ്റെ കോളേജിലെ ആദ്യ ദിനത്തെ അൽപ്പം പേടിയോടും ഒരുപാട് ആശ്ചര്യത്തോടുമാണ് അവൾ വരവേറ്റത്.ഒരുപാട് അപരിചിതമായ മുഖങ്ങൾ അവൾ അന്ന് ആ ക്ലാസ്മുറിയിൽ കണ്ടു. ടീച്ചർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചപ്പോൾ യാതൊരു പേടിയും കൂടാതെ അവൾ എല്ലാവരെയും അഭിമുഖീകരിച്ച് സ്വയം പരിചയപ്പെടുത്തി.പ്ലസ് ടൂ കാലത്തെ എൻഎസ്എസ് ക്യാമ്പുകളും അപൂർവമായി കിട്ടിയ ചില വേദികളും ഭീതിയെ മറികടക്കാൻ അവൾക്കൊരു പ്രചോദനമായി.പിന്നീട് പതിയെ അന്ന് കണ്ട ആ അപരിചിത മുഖങ്ങൾ അവൾക്ക് പരിചിതമായി.അവർ എല്ലാവരും ഒരു കുടുംബമായി മാറി. ക്ലാസ്സിന് പുറത്തും അവൾക്ക് ഒരുപാട് കൂട്ടുകാരെ കിട്ടി.പഠനത്തോട് ഒപ്പം ഓണം , ക്രിസ്തുമസ്, ഫ്രെഷർസ് ഡേ,കോളേജ് ഡേ,തുടങ്ങി പലതും മറ്റെല്ലാവരും ഒത്ത് അവളും ആഘോഷിച്ചു. അങ്ങനെ രണ്ട് വർഷങ്ങൾ നീങ്ങിയത് അവൾ അറിഞ്ഞില്ല.പരീക്ഷകളും പരിപാടികളും ആയി നീങ്ങിയ 2 വർഷം.അങ്ങനെ മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ച് പതിവുപോലെ കോളേജിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അവൾ അന്നാദ്യമായി അവനെ കാണുന്നത്.കണ്ടമാത്രയിൽ തന്നെ അവർ പരസ്പരം ഏറെ നേരം കണ്ണെടുക്കാതെ നോക്കി നിന്നു.പിന്നീട് എന്നും അവനെ കാണുന്നത് ഒരു പതിവായി.അങ്ങനെ ഒരു ദിവസം കോളേജിലേക്ക് ഒരു പരിപാടിക്കായി അണിഞ്ഞൊരുങ്ങി തിരക്ക് പിടിച്ച് അവൾ പോവുകയായിരുന്നു.പതിവുപോലെ അവൾ അവനെ കാണുകയും ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ച് ധൃതിയിൽ കടന്നുപോവുകയും ചെയ്തു.അപ്പോഴാണ് പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും കൈവള അഴിഞ്ഞ് വീണത്.അത് കണ്ട അവൻ അത് എടുക്കുകയും ധൃതിയിൽ ഓടുന്ന അവളെ പിറകിൽ നിന്ന് വിളിച്ച് അത് കൊടുക്കുകയും ചെയ്തു.അവൾ ഒരു നന്ദി വാക്ക് പറഞ്ഞ് പെട്ടെന്ന് വന്ന ബസ്സിൽ കയറി പോയി.അങ്ങനെ അവർ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്തു. അവൾ എഴുത്തിൽ സജീവമായ കാലമായതിനാൽ അവൾ എഴുതുന്ന കഥകളെല്ലാം തന്നെ അവനെ പറ്റി ഉള്ളതായിരുന്നു.പിന്നീട് അവർ കത്തുകളിലൂടെ വിശേഷങ്ങൾ കൈ മാറാനായി തുടങ്ങി.അവളുടെ കഥ പോലെ വായിക്കാവുന്ന കത്തുകളോട് അവൻ വളരെയേറെ ഇഷ്ടം തോന്നി.അങ്ങനെ അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോയി.അപ്പോഴാണ് അവർ ഇരുവരുടെയും ജീവിതത്തിൽ അവൾ കടന്നുവന്നത്.അവൾ അവൻ്റെ ജൂനിയർ ആയി കോളജിൽ പഠിക്കുന്ന കുട്ടി ആയിരുന്നു. അവർ ഇരുവരുടെയും ഇടയിൽ വന്ന ആ ചെറിയ കൂട്ടുകാരിയെ നല്ല രീതിയിൽ തന്നെ ആണ് അവൾ സ്വീകരിച്ചത്.അങ്ങനെ ഒരു ദിവസമാണ് അവൾ അറിഞ്ഞത് ആ ജൂനിയർ പെൺക്കുട്ടിയും അവനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്.അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു.\"അവൻ്റെ സൗഹൃദത്തെ ആണോ താൻ പ്രണയമായി തെറ്റ് ധരിച്ചത്\" എന്ന് അവൾ അവളോട് തന്നെ എത്രയോ തവണ ചോദിച്ചു.തനിക്ക് അവൻ ചേരിലെന്ന് കരുതിയോ, എനിക്ക് അവനോട് ഉള്ള ഇഷ്ടം തിരിച്ചറിയാതെ പോയിട്ടോ ആണോ അവൻ ഇത് ചെയ്തത് എന്നും അവൾ ആലോചിച്ചു.തൻ്റെ ചിന്തകളെ കാടുകയറി വിടാൻ അനുവദിക്കാതെ അവൾ സ്വയം സമാധാനിപ്പിക്കുവാനായി അവൾ പല വഴികളും ആലോചിച്ചു.അവസാനം അവൾ ഒരു കാര്യം തൻ്റെ മനസ്സിൽ ഉറപ്പിച്ചു:\"നമ്മൾ അത്രയേറെ സ്നേഹിക്കുന്ന ആളുകൾ ആരോടൊപ്പം ആയാലും സന്തോഷമായി ഇരിക്കണം എന്ന് നമ്മൾ പ്രാർത്ഥിക്കണം. തൻ്റെ ജീവിതത്തിൽ വിധിച്ചത് എന്താണോ അത് നടക്കട്ടെ എന്ന് വിശ്വസിച്ച് അവളുടെ ജീവിതം പ്രതീക്ഷയോടെയും സന്തോഷങ്ങളോടെയും ലക്ഷ്യങ്ങളിലേക്ക് ഉള്ള പരിശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്.