Aksharathalukal

അപ്പൂപ്പൻ കഥകൾ - വീരഭദ്രൻ


വീരഭദ്രന്‍

പരമശിവനും ഭാര്യ സതീദേവിയുംകൂടി ഒരു ദിവസം നടക്കാനിറങ്ങി.

അതിനു പരമശിവന്റെ ഭാര്യ പാര്‍വ്വതീദേവിയല്ലേ--ആതിര അങ്ങിനെ വിടത്തില്ല.

അതെ മക്കളേ -പക്ഷേ അതിനു മുമ്പ് സതീദേവിയായിരുന്നു. ദക്ഷപ്രജാപതിയുടെ മകള്‍. അന്നത്തേ കാര്യമാണ്.

അങ്ങിനെ കാട്ടില്‍ കൂടെ നടക്കുമ്പോള്‍ പരമശിവന്‍പെട്ടെന്നു നിന്നു. അങ്ങോട്ടു പോകണ്ടാ-അദ്ദേഹം പറഞ്ഞു.

അതെന്താ? ദേവി ചോദിച്ചു.

അവിടെ ശ്രീരാമചന്ദ്രനും, ലക്ഷ്മണനും കൂടി സീതാദേവിയേ തിരഞ്ഞു നടക്കുകയാണ്.

അതിനു നമുക്കെന്തോവേണം. അവര്‍ ഇവിടെ നടക്കുന്നതുകൊണ്ട് നമുക്ക്പോകേണ്ടെടത്ത് പോകെണ്ടായോ. ഹതു കൊള്ളാം.

അല്ല ദേവീ അവതാര പുരുഷന്മാര്‍, അവതാരോദ്ദേശം നിറവേറ്റാന്‍ വേണ്ടി ഓരോ കാര്യങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ നാം ചെന്ന് ബുദ്ധിമുട്ടിക്കാന്‍ പാടില്ല. അങ്ങോട്ടു പോകണ്ടാ.

ദേവിക്ക് എന്തോ അതത്ര പിടിച്ചില്ല. ഈ ശ്രീരാമന്‍ അവതാര പുരുഷനാണൊ എന്ന് എങ്ങിനെ അറിയാം. ഏതായാലും ഞാനൊന്നു പരീക്ഷിക്കാന്‍ പോവാ. ദേവി അപ്രത്യക്ഷയായി. സീതാദേവിയുടെ വേഷം ധരിച്ച് ദേവി ശ്രീരാമചന്ദ്രന്റെ മുമ്പില്‍ ചെന്നു. സീതയേ അന്വേഷിച്ചു നടക്കുകയല്ലേ. ഇപ്പഴറിയാം അവതാരപുരുഷന്റെ പൂച്ച്.

ദേ ജ്യേഷ്ടത്തി--ലക്ഷ്മണന്‍ വിളിച്ചു പറഞ്ഞു.

ശ്രീരാമന്‍ നോക്കി. സീതയുടെ വേഷത്തില്‍ ഒരാള്‍. അദ്ദേഹം തൊഴുകൈയ്യോടെ അവരുടെ അടുത്തെത്തി. അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

ലജ്ജകൊണ്ടു കുനിഞ്ഞമുഖവുമായി ദേവി ശ്രീപരമേശ്വരന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു--എന്താ ഒരു ചമ്മല്‍ പോലെ-

ഓ ഒന്നുമില്ല ദേവി പറഞ്ഞു. ശ്രീരാമചന്ദ്രനേ കണ്ടോ അദ്ദേഹം അന്വേഷിച്ചു.

കണ്ടു-ദേവി പറഞ്ഞു.

അദ്ദേഹം എന്തു പറഞ്ഞു. വീണ്ടും അദ്ദേഹം ചോദിച്ചു.

അമ്മേ നമസ്കാരം- മഹാദേവനു സുഖമാണോ. ഞാന്‍ അന്വേഷിച്ചതായി പറയണേ-എന്നു പറഞ്ഞു.

മഹാദേവന്‍ പെട്ടെന്ന് കൈകള്‍ കൂപ്പി അമ്മേ പ്രണാമം എന്നു പറഞ്ഞു.

ഇതെന്തു തമാശ അവര്‍ചോദിച്ചു.

ശ്രീരാമചന്ദ്രന്‍ അമ്മേ എന്നു വിളിച്ച ആള്‍ ത്രിമൂര്‍ത്തികള്‍ക്കും അമ്മയാണ്. ഇനി അവിടുത്തേ സ്ഥാനം അമ്മയുടേതായിരിക്കും. പരമേശ്വരന്‍ അറിയിച്ചു. പോരേ പുലിവാല്‍.

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ദക്ഷപ്രജാപതി കൈലാസത്തില്‍ എത്തി. ധ്യാനനിമഗ്നനായിരുന്ന പരമശിവന്‍ അറിഞ്ഞില്ല.

ഹും-അമ്മായിഅപ്പന്‍ വന്നിട്ട് ഒരു ബഹുമാനവുമില്ല. ദക്ഷന്‍ കോപിച്ച് സ്ഥലംവിട്ടു.

ദക്ഷന്‍ ഒരു യാഗം നടത്തുകയാണ്. എല്ലാ ദേവതകളേയും ക്ഷണിച്ചു-മരുമകനേ ഒഴിച്ച്.

അപ്പോള്‍ നമുക്കു മാത്രമല്ല കുശുമ്പും കുന്നായ്മയും--ശ്യാം പറഞ്ഞു.

നമ്മളെത്ര ഭേദം. അച്ഛനേ ചീത്തപറഞ്ഞ ഒരാ‍ളെ അപ്പച്ചിയുടെ കല്യാണത്തിന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്.

മോനേ ഈ ദേവന്മാര്‍ കാണിക്കുന്നത് കണ്ടാണ് മിക്കവാറും എല്ലാ തോന്ന്യവാസങ്ങളും ഇവിടെ അരങ്ങേറുന്നത്. ഇപ്പോള്‍ അവര്‍ സീരിയലുകളുടേയും ,സിനിമയുടേയും രൂപത്തിലാണ് വരുന്നതെന്നുമാ‍ത്രം. കാമരൂപികളല്ലേ. ഏതു രൂപത്തിലും അവര്‍ക്ക് മനുഷ്യരേ പറ്റിക്കാം-പറ്റാന്‍ നമ്മളിരുന്നു കൊടുത്താല്‍.

അങ്ങനെ ദക്ഷന്‍ യാഗം തുടങ്ങി. സതീദേവിക്കു യാഗത്തിനു പോകണം. പോകുന്നതു കൊള്ളാം. വേണ്ട എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഞാനുത്തരവാദിയായിരിക്കുന്നതല്ല. പരമശിവന്‍ പ്രഖ്യാപിച്ചു.

ദേവി പോകാന്‍ തന്നെ തീരുമാനിച്ചു. യാഗസ്ഥലത്ത് ദേവി അപമാ‍നിതയായി. ആരും ശ്രദ്ധിച്ചില്ല. തിരിച്ചു പോരാന്‍ അഭിമാനം അനുവദിച്ചില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ തിരിച്ചു പോരുന്നത്. ഭാര്യയ്ക്ക് ഇപ്പോള്‍ അമ്മയുടെ സ്ഥാനമല്ലേ. എല്ലാം കൊണ്ടും മനം മടുത്ത ദേവി യാഗവേദിയില്‍ യോഗാഗ്നിയില്‍ ദഹിച്ചു തന്റെ ശരീരം ഉപേക്ഷിച്ചു.

വിവരം പരമശിവന്‍ അറിഞ്ഞു. കോപം കൊണ്ടു വിറച്ച അദ്ദേഹം തന്റെ ജടയില്‍ ഒരെണ്ണം പറിച്ച് നിലത്തടിച്ചു. സംഹാരരുദ്രനേപ്പോലെ അലറിക്കൊണ്ട് ഒരുഗ്രരൂപം നിലത്തുനിന്ന് ഉയര്‍ന്നുവന്നു. ശൂലവും തുള്ളിച്ച് ഭീകരമായി സിംഹനാദം പുറപ്പെടുവിച്ചുകൊണ്ട് ആ രൂപം--വീരഭദ്രന്‍ --ആജ്ഞ നല്‍കിയാലും എന്ന് പറഞ്ഞു.

പോയി യാഗം മുടക്കി ദക്ഷനെ കൊന്നിട്ടു വരൂ- എന്ന് പരമശിവന്‍ ആജ്ഞാപിച്ചു. വീരഭദ്രനും ഭൂതഗണങ്ങളും യാഗസ്ഥലത്തേക്ക് കുതിച്ചു. കണ്ണിൽ  പെട്ടതെല്ലാം നശിപ്പിച്ചുകൊണ്ട്.

ഈ വീരഭദ്രനാണോ പാലാഴിമഥനത്തിന് അസുരന്മാരേ വിളിക്കാന്‍ പോയത്--ആതിര ചോദിച്ചു. അതേ മോളേ അതുതന്നെ.

യാഗസ്ഥലത്തെത്തിയ അവര്‍ യാഗ സംഭാരങ്ങളെല്ലാം എടുത്ത് ഒന്നിച്ച് യാഗാഗ്നിയില്‍ നിക്ഷേപിച്ചു. തടഞ്ഞ ഭൃഗുമുനിയേ തള്ളിമാറ്റി. ഭൃഗു മുനി അവര്‍ പാഷണ്ഡന്മാരായിപോകട്ടെന്ന് ശപിച്ചു. എന്നാല്‍ പാ‍ഷണ്ഡ വൃത്തി ഇതാ കണ്ടോ എന്നു പറഞ്ഞ് അവര്‍ ഭൃഗുവിന്റെ താടിരോമം ചവിട്ടി പിഴുതു. കണ്ടുനിന്നവര്‍ ഭയന്ന് ഓടി. വീരഭദ്രന്‍ ദക്ഷനെ പിടിച്ച് തല അറുത്ത് യാഗാഗ്നിയില്‍ ഹോമിച്ചു. ബ്രഹ്മാവും വിഷ്ണുവും കൂടി ഇതിനു പരിഹാരം ഉണ്ടാക്കാന്‍ മഹാദേവനല്ലാതെ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കണമെന്നും തീരുമാനിച്ച് അദ്ദേഹത്തേകണ്ടു. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒരു ആടിന്റെ തല കൊണ്ടുവന്ന് ദക്ഷന്റെ കഴുത്തില്‍ ഉറപ്പിച്ചു.

ബ്രഹ്മാവുള്ളപ്പഴാണോ ആയുസ്സിനു പഞ്ഞം.

വടക്കോട്ടു തലവച്ചുറങ്ങിയ ആടിന്റെ തലയെന്ന് ആരോ പറഞ്ഞല്ലോ--കിട്ടു പറഞ്ഞു.

കറക്റ്റ്. അവിടെയാണ് നമ്മുടെ മഹര്‍ഷിമാരുടെപ്രായോഗിക ബുദ്ധി. ഭൂമിയില്‍ കാന്തിക വലയമുണ്ടെന്നും അതുമായി നമ്മുടെ ശരീരത്തിനുള്ളിലുള്ള ഹീമോഗ്ലോബിനിലേ ഇരുമ്പ് പ്രവര്‍ത്തിക്കുമെന്നും ഇതെഴുതിയ കാലത്ത്--അതു പോകട്ടെ ഇന്നും--ആരെങ്കിലും വിശ്വസിക്കുമോ? നേരേ തെക്കുവടക്ക് വടക്കോട്ട് തലയുമായി കിടന്നാല്‍ ഉത്തരധ്രുവത്തിലേ കാന്തശക്തിയാല്‍ ആകര്‍ഷിക്കപ്പെട്ട് രക്തം തലയിലേക്ക് കയറും.

ഇപ്പോഴത്തെ പുതിയ ഏതോ സ്കാനിങ് കൊണ്ട് വടക്കോട്ടു തലവച്ചുറങ്ങുന്നവരുടെ തലച്ചോറില്‍ ഒരു സര്‍വ്വേ നടത്തിയപ്പോള്‍ അത് ഭ്രാന്തന്മാരുടെ തലച്ചോറിനു തുല്യമായിരുന്നെന്ന് കണ്ടുപിടിച്ചെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതുകൂടി ഭംഗ്യന്തരേണ കഥയില്‍ ചേര്‍ത്തതായിരിക്കും.

അങ്ങനെ യോഗാഗ്നിയില്‍ ദഹിച്ച ദേവിയാണ് പിന്നീട് ഹിമവാന്റെ മകളായി-പാര്‍വ്വതിയായി ജനിച്ചത്.

ശുഭം

അപ്പൂപ്പാ കഥകൾ- പാലാഴിമഥനം ഒന്ന്

അപ്പൂപ്പാ കഥകൾ- പാലാഴിമഥനം ഒന്ന്

0
359

പാലാഴി മഥനം ഒന്ന്അപ്പൂപ്പാ ആതിര വിളിച്ചു--ആ വല്യച്ഛന്മാരു കാണാന്‍ വരുമെന്നു പറഞ്ഞിട്ട് വന്നില്ലേ. ഇല്ല മക്കളേ. എന്നും അപ്പൂപ്പന്‍ ഉച്ചക്ക് അവര്‍ വരുമെന്നു വിചാരിച്ച് പോയി കിടക്കും. പക്ഷേ ഇതുവരെ വന്നില്ല. നമുക്ക് പ്രപഞ്ചത്തിന്റെ ഉച്ചകോടിയിലേക്കു പോകാം. അവരെന്തോ തീരുമാനമെടുത്തെന്നു പറഞ്ഞില്ലേ. അത് പരമരഹസ്യമായതുകൊണ്ട് നമുക്കറിയാന്‍ വയ്യാ. പക്ഷേ തുടര്‍ന്നു നടന്ന ചില സംഭവങ്ങളില്‍ നിന്ന് നമുക്ക് ഊഹിക്കാം.നമ്മുടെ ദുര്‍വ്വാസാവ് മഹര്‍ഷി പതിവുപോലെ തപസ്സുകഴിഞ്ഞ് ഇന്ദ്രനെ