ടൂർ കഴിഞ്ഞു വന്നതിനു ശേഷം രണ്ടു മൂന്നു ദിവസം സാറ കോളേജിൽ പോയില്ല. വീട്ടുകാരോട് ക്ഷീണം ആണെന്ന് പറഞ്ഞെങ്കിലും ക്ലാസ്സിൽ പോയി എബിനെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടു ആണ് സാറയുടെ പ്രശ്നമെന്ന് ആനിക്കും എബിനും മനസ്സിലായിരുന്നു.
എബിൻ പല തവണ ഫോൺ ചെയ്‌തെങ്കിലും സാറാ എടുത്തില്ല. ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഇറങ്ങുന്ന സമയം..
" എടി ആനി .. ഒന്ന് നിന്നേ "
" എന്താടാ എബിനെ?"
" നീ സാറയെ വിളിച്ചിരുന്നോ ?"
" ഇന്നലെ വൈകിട്ടു വിളിച്ചായിരുന്നെടാ."
" എടി എനിക്ക് സാറയുടെ സൗണ്ട് ഒന്ന് കേൾക്കണം. നീ അവളെ ഇപ്പോൾ വിളിച്ചു ഒന്ന് സംസാരിക്കാമോ? അവൾ ക്ലാസ്സിൽ വരാഞ്ഞിട്ടു മൂന്നു ദിവസം ആയില്ലേ? ഞാൻ വിളിച്ചിട്ടു അവൾ ഫോൺ എടുക്കുന്നില്ല."
" അവൾ എങ്ങനെ ഫോൺ എടുക്കാനാ നീ അമ്മാതിരി ചുംബന സമരം അല്ലെ നടത്തിയത്."
ആനി അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
" ആനി മോളെ ... ശവത്തിൽ കുത്താതെടി .."
"മ്മ്മ് മ്മ്മ് ഞാൻ ഫോൺ ചെയ്തു സ്‌പീക്കറിൽ ഇടാം.."
ആനി ഫോൺ എടുത്തു സാറയെ വിളിച്ചു.
" ഹലോ .. സാറ.."
" ഹലോ ആനി കൊച്ചേ .."
സാറയുടെ ശബ്ദം കേട്ടതും എബിന് ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.
" എന്നാടി നീ ഇന്നും കോളേജിൽ വരാഞ്ഞത്? ഇതിപ്പപ്പോ മൂന്നു ദിവസം ആയില്ലേ?"
" ഭയങ്കര ക്ഷീണം അതാടി "
" ഹ്മ്മ് ഒരു ഉമ്മ കിട്ടിയാൽ ഇത്രേം ക്ഷീണമോ സാറ കൊച്ചെ?"
" ഡി .. നീ എന്റെ വായിൽ നിന്ന് കേൾക്കാനാണോ ഇപ്പോ വിളിച്ചത്?"
" ദേഷ്യപ്പെടല്ലേ സാറ കൊച്ചേ .."
" ഹ്മ്മ് .. പിന്നെ ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു? കുറെ പഠിപ്പിച്ചോടി?"
" പോർഷൻസ് ഒക്കെ തകർത്തു പോകുന്നുണ്ട് മുന്നോട്ടു. നീ വേഗം ക്ലാസ്സിൽ വന്നു തുടങ്ങാൻ നോക്ക്. അല്ലാതെ എബിനെ പേടിച്ചു വീട്ടിൽ ഇരിക്കാതെ."
" ആര് പറഞ്ഞു ഞാൻ അവനെ പേടിച്ചു ഇരിക്കുവാന്നു ? ഒന്ന് പോടീ ..."
" എടി മോളെ അവൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല. നാളെ വരുമോ നീ ക്ലാസ്സിൽ ?"
" നാളെ മുതൽ വരാമെന്നു വിചാരിക്കുവാ. എല്ലാരും ക്‌ളാസിൽ വരുന്നുണ്ടോടി? പാർവതി .. മീനാക്ഷി.. ടീന .. പിന്നെ..."
" പിന്നെ... പിന്നെ ആര് വരുന്നുണ്ടോന്നാടി അറിയേണ്ടത്?"
" ആര് .. ആരുമില്ല."
" അവൻ വരുന്നുണ്ട് ... നിന്റെ ഇച്ചായൻ... എല്ലാ ദിവസവും വന്നു നീ വന്നില്ലെന്ന് പറഞ്ഞു മാനസ മൈന പാടി നടക്കുന്നുണ്ട് ക്ലാസ്സിൽ.." ആനി എബിനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.
" ഓഹ് .. പിന്നെ ഒരു ഇച്ചായൻ ... അവൻ ആ ലക്ഷ്മിയുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നുണ്ടാവും.. അലവലാതി. എനിക്ക് അത് കാണുമ്പോൾ ചൊരിഞ്ഞു കയറും. ഒരു ആവേശത്തിൽ നാവിൽ നിന്ന് വീണത് ഓർത്തു സാറ തന്റെ തലയ്ക്കു ഇട്ടു ഒരു കൊട്ട് കൊടുത്തു. എന്നാൽ താൻ ലെക്ഷ്മിയോട് മിണ്ടുന്ന കാര്യത്തിൽ സാറയ്ക്കു കുശുമ്പ് വന്നത് ഓർത്തു എബിന് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു. അവനും ശ്രദ്ധിച്ചിരുന്നു ടൂറിന്റെ സമയത്തു ലക്ഷ്മി തന്റെ കൂടെ ഇരിക്കുമ്പോളും സംസാരിക്കുമ്പോളും ഒക്കെ സാറയുടെ മുഖം കടന്തൽ കുത്തിയ പോലെ ആവുമായിരുന്നു.
" നിനക്ക് അവനെ ഇഷ്ടമല്ലതാനും എന്നാൽ അവൻ ലക്ഷ്മിയുടെ പിറകെ നടന്നാൽ അതും നിനക്ക് പ്രശ്നമാണ് അല്ലിയോ സാറ കൊച്ചേ ? എന്താണ് നിനക്ക് അവനോടു ഒരു ചായ്‌വ്? അവന്റെ ഒരു ഉമ്മ കൊണ്ട് നിനക്ക് ഇത്രേം മാറ്റമോ?"
" എനിക്ക് ഒരു ചായ്‌വും ചരിവും ഇല്ല. അവൻ എങ്ങനെ നടന്നാൽ എനിക്ക് എന്താ? നീ ഫോൺ വെച്ചിട്ടു പോകാൻ നോക്ക് പെണ്ണെ.. നാളെ ക്ലാസ്സിൽ വച്ച് കാണാം."
സാറ ഫോൺ വയ്ക്കാൻ പോകുവാന് മനസ്സിലായപ്പോ എബിൻ ചാടി കേറി വിളിച്ചു." സാറ കൊച്ചെ... ഇച്ചായന്റെ മുത്തേ.." ഫോൺ വയ്ക്കുന്നതിന് മുൻപ് എബിന്റെ സ്വരം കേട്ടതും സാറ ഒന്ന് ഞെട്ടി.
" ആനി.. ഇവൻ… ഇവൻ എന്താ നിന്റെ കൂടെ?"
" നീ അവളോട് ദേഷ്യപ്പെടണ്ട സാറ .. നിന്റെ സ്വരം ഒന്ന് കേൾക്കാൻ വേണ്ടിയാ ഞാൻ .."
അത് കേട്ടതും സാറ മിണ്ടാതെ ഇരുന്നു കുറച്ചു സമയം.
" എടി സാറ .. ഹലോ നീ പോയോ?" ആനി ചോദിച്ചു.
" ഇ.. ഇല്ല .."
" എടി നീ ഇവനോട് ഒന്ന് സംസാരിക്ക്. പ്ളീസ് എനിക്ക് വേണ്ടി."
സാറയുടെ മറുപടിക്കു കാത്തു നില്കാതെ ആനി ഫോൺ സ്‌പീക്കറിൽ നിന്ന് മാറ്റി എബിന് കൊടുത്തു.
" ഹലോ സാറ.."
"മ്മ്മ് "
" എന്നോട് വെറുപ്പാണോ നിനക്ക് സാറ? ഞാൻ കാരണം നീ ക്ലാസ് മുടക്കല്ലേ."
സാറയുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലാത്തതു കൊണ്ട് അവൻ വീണ്ടും വിളിച്ചു.
" സാറ.."
" മ്മ്മ് .. കേൾക്കുന്നുണ്ട്. നാളെ മുതൽ ഞാൻ ക്ലാസ്സിൽ വരും. എനിക്ക് നിന്നോട് വെറുപ്പ് ഒന്നും ഇല്ല എബിൻ. പിന്നെ ഒരിക്കൽ കൂടെ പ്രണയിച്ചു തോൽക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ല. എനിക്ക് വേണ്ടി നീ കാത്തിരിക്കേണ്ട."
" മിടുക്കി. അല്ലേലും ഇച്ചായന്റെ മുത്ത് സൂപ്പർ അല്ലെ? പിന്നെ നിന്നെ പ്രണയിക്കാനും നിനക്ക് വേണ്ടി കാത്തിരിക്കാനും എനിക്ക് നിന്റെ സമ്മതം വേണ്ട സാറ. ഈ എബിന് ജീവൻ ഉള്ള കാലം വരെ നീ ഉണ്ടാവും എന്റെ മനസ്സിൽ."
" എബിൻ എടാ.. എന്റെ വീട്ടിലെ കാര്യം നിനക്ക് അറിയാവുന്നതല്ലേ? അവർക്കു ഞാൻ മാത്രമേ ഉള്ളു. ഞാൻ പ്രണയം,കല്യാണം എന്നൊക്കെ പറഞ്ഞു എന്റെ വഴിക്കു പോയാൽ പിന്നെ.. പിന്നെ അവർക്കു ആരാ ഉള്ളത്? ഞാനും എന്റെ വീട്ടുകാരും ആർക്കും ബാധ്യത ആവാൻ ആഗ്രഹിക്കുന്നില്ല. പൊന്നിന്റെയും പണത്തിന്റെയും പേരിൽ റോയിച്ചന്റെ വീട്ടുകാർക്ക് മുന്നിൽ അവര് തല താഴ്ത്തേണ്ടി വന്നത് പോലെ ഇനിയും ഒരിക്കൽ കൂടി... വേണ്ട. നിന്റെ വീട്ടുകാർക്കും കാണില്ലേ നിന്നെ പറ്റിയും നിന്റെ ഭാര്യ അകാൻ പോകുന്ന പെൺകുട്ടിയെ പറ്റിയും പ്രതീക്ഷകൾ. നീ പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കു..”
"ഞാൻ പ്രാക്ടിക്കൽ ആയി ചിന്തിച്ചു പറയട്ടെ എന്നാൽ നീ സമാധാനമായി അത് കേൾക്ക്, എന്റെ സാറ കൊച്ചു പഠിച്ചു, ജോലി വാങ്ങി ഒക്കെ കഴിയുമ്പോളേക്കും ഇച്ചായൻ ഒരു ജോലി ഒക്കെ സെറ്റ് ആക്കി നിന്നെ എന്റെ കൂടെ കൂട്ടിക്കോളാം. പിന്നെ നിന്റെ അപ്പന്റേം അമ്മയുടേം കാര്യം അവരെ സംരക്ഷിക്കേണ്ടത് നിന്റെ കടമ ആണ് . നീ ജോലി ചെയ്തു അവരെ സംരക്ഷിക്കണം എന്ന് തന്നെയാ എന്റെ അഭിപ്രായം. അതിനു ഒരിക്കലും ഞാനോ എന്റെ വീട്ടുകാരോ എതിര് നിൽക്കില്ല.ഒരു ഉറപ്പു നിനക്ക് ഞാൻ തരാം സാറ.. ഒരിക്കലും പണത്തിന്റെയോ പൊന്നിന്റെയോ പേരിൽ ഞങ്ങൾ ആരും നിന്റെ കണ്ണ് നനയിക്കില്ല. ഇത് എന്റെ മാത്രം തീരുമാനം അല്ല. എന്റെ വീട്ടുകാരുടെയും കൂടിയാ."
എബിൻ ആ പറഞ്ഞത് കേട്ട് സാറ ഞെട്ടി.
" നീ എന്നതാ പറഞ്ഞെ?"
" അതേടി സാറ.. നീ എന്നെ പറ്റി എന്താണ് ചിന്തിച്ചത്? വെറും വാക് പറയുന്നവനാണ് ഈ എബിൻ എന്നോ? നിന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ തന്നെ ഞാൻ എല്ലാം എന്റെ അപ്പനോടും അമ്മയോടും പറഞ്ഞിരുന്നു. അവരുടെ പൂർണ സമ്മതത്തോടെ ആണ് ഈ എബിൻ നിന്നോട് ഇപ്പോൾ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്.”
" നീ എന്തൊക്കെയാ ഈ പറയുന്നത് ... എനിക്ക് ഒന്നും മനസിലാവുന്നില്ല."
" എന്റെ കെട്ടിയോള് ഇപ്പൊ ഒരുപാടു ഒന്നും ആലോചിച്ചു തല പുണ്ണാക്കണ്ട. നാളെ നീ ക്ലാസ്സിൽ വരുമ്പോൾ ഈ ഇച്ചായൻ എല്ലാം വിശദമായി പറഞ്ഞു തരാം കേട്ടോ. അപ്പോൾ ഇച്ചായൻ ഫോൺ വയ്ക്കട്ടെ."
" എടാ .. അത് .."
"അല്ലേൽ എന്റെ പെണ്ണ് അങ്ങനെ വെറുതെ ഫോൺ കട്ട് ചെയ്തു പോകണ്ട. ഇച്ചായൻ ഒരു സമ്മാനം തരാം. എടി ആനി നീ ഒന്ന് അങ്ങോട്ട് തിരിഞ്ഞു നിന്നേ. ഞാൻ എന്റെ പെണ്ണിന് ഒരു ഉമ്മ കൊടുക്കട്ടെ."
" ആയിക്കോട്ടെ .." എന്നും പറഞ്ഞു ആനി തിരിഞ്ഞു നിന്ന്.
" സാറ കൊച്ചെ.. ഇച്ചായന്റെ വക കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ."
" എടാ നാറി നിന്നെ ഞാൻ ..." സാറയുടെ വാക്കുകൾ മുഴുവനാക്കാൻ സമ്മതിക്കാതെ എബിൻ ഫോൺ കട്ട് ചെയ്തു പോയി. പക്ഷെ സാറ അപ്പോഴും അവൻ പറഞ്ഞതിന്റെ ഒക്കെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. എന്തായാലും നാളെ എബിനോട് സംസാരിച്ചു എല്ലാം ക്ലിയർ ആക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു സാറ.