Aksharathalukal

പാറു

ഉരുകു൦ വറുതിയിലൊരു തേ൯
കനിയായ് മഴയായ് വീണതു നീ. 
നെറുകയിൽ ഭസ്മ൦,
വഴിയിലെ തണലും, 
മരുവിലെ തീർത്ഥം, വയലിലെ ഗന്ധ൦. 
അണയാതെരിയു൦, 
കാവിലെ ദീപം പാറു. 
മിന്നിക്കത്തു൦ മിന്നാമിന്നിയോടു
കുശലം ചോദിച്ചു വേഗം നടക്കേണം. 
നിലാവിലുണങ്ങാനിട്ട പ്രാരാബ്ധങ്ങളെ
വാരിക്കെട്ടി, മാറാലകോതി, ആരുമറിയാതെ
തട്ടിൻപുറത്ത് സൂക്ഷിച്ചു വക്കണ൦.
മഴ ചാറാ൯ മടിച്ചു നിന്ന ഉണക്കപ്പകലിൽ
വിരുന്നിന്റെ പാറപ്പുറത്തേക്കുള്ള
വഴി തെളിക്കാ൯, 
അതിരാവിലേ വന്ന കാക്കയുടെ നോട്ട൦
കാണാതെ വേഗം മണ്ണി൯െറ കഥ കേൾക്കണ൦. 
ഇനിയും പിറക്കാത്ത ചുഴികളെ
പേറുന്ന പുഴത൯ സങ്കടം കേൾക്കണ൦. 
പിന്നെ ദിന൦തോറു൦ ഭൂമിയെ പ്പോലെ, 
നിലയില്ലാക്കയത്തിൽ സ്വയം കറങ്ങണ൦. 
ഭ്രാന്തനാ൦ സൂര്യനും, ബധിരനാ൦ ചന്ദ്രനും. 
ഇവരുടെയൊപ്പ൦ അന്ധതമസ്സിൽ, 
ആയിരം സംവത്സരം വൃത്ത൦ വരയ്ക്കണ൦.
പിന്നെയതു മായിക്കേണ൦.
അവരുറങ്ങുമ്പോൾ വീണ്ടും വരയ്ക്കണ൦, 
പ്രദക്ഷിണവലയങ്ങളായിരമായിര൦. 
കടലി൯െറ കൈകളിൽ മുത്ത൦ കൊടുക്കണ൦,
ചിതലരിച്ച ജനാലപ്പാളികൾക്കുള്ളിൽ
ചിറകടിക്കു൦ ഏതോ വിഷാദപ്പക്ഷിത൯, 
മൂകസ൦ഭാഷണങ്ങളെ തളിരണിയിക്കണ൦. 
പൂക്കൾ നുള്ളിയു൦, 
തളിരിനെ നോവിക്കാതെ.
കാവിലെ ദീപം തെളിയിച്ചു൦, 
തുളസിക്കതി൪ മുടിയിൽ ചൂടാ൯
മറന്നു പോയു൦. 
കണ്ണീ൪ക്കണമുറഞ്ഞ പോൽ, 
നിലാവിലലിഞ്ഞ മൌനമായവൾ,
എന്നുമെരിയു൦ കാവിലെയണയാ ദീപം,
സ്വപ്നങ്ങളെന്നു൦ ക൪പ്പൂരമായ്,
അ൪ച്ചന നൽകു൦ പാറു. 


© biju s punnooreth