കെവിൻ കുളിച്ച് മാറി പുറത്തേക്കു വന്നതും എബി കൊണ്ട് പോകാനുള്ളതെല്ലാം ബാഗിലാക്കി എടുത്തിരുന്നു.
പോകാം. ടവ്വലിൽ മുഖം അമർത്തി തുടച്ചു കെവിൻ ചോദിച്ചു.
ആ ഭയ്യാ. എബി വളരെ ബഹുമാനത്തോടെ തലയാട്ടി കെവിന് പുറകെ നടന്നു.
കെവിൻ ഒരു സഹോദരനെ പോലെ എബിയെ കാണുന്നുണ്ട്. ആ ഒരു സ്വാതത്ര്യം എബിക്ക് കൊടുക്കുന്നുമുണ്ട്. എന്നാൽ എബി എപ്പോഴും യജമാനനെ അനുസരിക്കുന്ന കാവൽക്കാരനെ പോലെയാണ് കെവിനോട്. കെവിൻ എന്ത് പറഞ്ഞാലും അത് അക്ഷരം പ്രതി അവൻ അനുസരിക്കും. കെവിനോട് ഒരുതരം ബഹുമാനമാണ് അവനിൽ മുന്നിട്ടു നിൽക്കുന്നത്.
അനാഥനെന്ന ലേബൽ ഉള്ളത് കൊണ്ട് തന്നെ എബിക്കു അടുപ്പക്കാരൊക്കെ കുറവാണ്. ഫാദർ കഴിഞ്ഞാൽ അവന് പിന്നെ കെവിൻ ആണ് എല്ലാം. ഒരു മടിയും കൂടാതെ തന്നെ ഒരു സഹോദരനെ പോലെ സുഹൃത്തിനെ പോലെ ചേർത്ത് നിർത്തുന്ന കെവിനോട് അവന് അത്രയ്ക്ക് കടപ്പാടാണ്.
രാമകൃഷ്ണൻ സാറും അയാനും എപ്പോഴാ പോയത് എബി? കോ ഡ്രൈവർ സീറ്റിൽ കണ്ണുകളടച്ചു ചാരി കിടന്നാണ് കെവിന്റെ ചോദ്യം.
അവര് മാച്ച് കഴിഞ്ഞപ്പോൾ തന്നെ പോയി ഭയ്യാ. ഡ്രൈവിംഗിനിടയിലും കെവിനെ ഒന്ന് പാളി നോക്കിയാണ് അവൻ മറുപടി കൊടുത്തത്.
സാർ മീറ്റിങ്ങിനു പോയതല്ലേ തിരികെ എങ്ങനെ പോകുമെന്ന് വല്ലതും പറഞ്ഞിരുന്നോ നിന്നോട്?
അയാനൊപ്പമാണ് പോയത്. മീറ്റിംഗ് കഴിഞ്ഞ് സാറിനെ അവൻ കൊണ്ടാക്കാമെന്നു പറഞ്ഞിട്ടുണ്ട്. തിരക്കേറിയ റോഡായതു കൊണ്ട്
എബി ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിച്ചാണ് അതിനുള്ള മറുപടി നൽകിയത്.
20 നിലകളുള്ള ഒരു പ്രീമിയം luxury അപ്പാർട്മെന്റിന് മുന്നിൽ കാറ് വന്നു നിൽക്കുമ്പോൾ കെവിൻ സീറ്റിൽ ചാരി കിടന്നു മയങ്ങിയിരുന്നു. മാച്ച് കഴിഞ്ഞ ക്ഷീണം അവന് നന്നായി തന്നെ ഉണ്ടായിരുന്നു.
ഭയ്യാ... ഭയ്യാ. എത്തി. കെവിൻ എഴുനേറ്റു എബി തുറന്ന് പിടിച്ചിരിക്കുന്ന തന്റെ സൈഡിലെ ഡോർ വഴി പുറത്തേക്കിറങ്ങി. കൈകൾ രണ്ടും പിണച്ചു കോർത്തു മുകളിലേക്കുയർത്തി അവൻ രണ്ടു സൈഡിലേക്കും ഒന്ന് ഞെളിഞ്ഞു.
എബി കാറ് പാർക്ക് ചെയ്യാൻ പോയപ്പോഴേക്കും അവൻ ലിഫ്റ്റ് കയറി റൂമിലേക്ക് പോയി.
റൂമിലെത്തിയതും കെവിൻ ഇട്ടിരുന്ന ടീഷർട്ട് തലവഴി വലിച്ചൂരി എടുത്തു അലസമായി സോഫയിലെക്കെറിഞ്ഞു. പിറകേ തന്നെ അവൻ ഇട്ടിരുന്ന ട്രാക്ക് പാന്റും ഷഡിയും ടീഷർട്ടിനു മുകളിലായി സ്ഥാനം പിടിച്ചു.
തന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന വസ്ത്രങ്ങൾ അകന്നു പോയപ്പോൾ അവനൊരു ആശ്വാസം തോന്നി.
അലമാരയിൽ നിന്ന് ഒരു ബോക്സർ വലിച്ചെടുത്ത് ധരിച്ചു. വർഷങ്ങളായി അവന്റെ ഉറക്കം ഇങ്ങനെയാണ്. പെട്ടന്ന് വിയർക്കുന്ന ശരീരപ്രകൃതി ആയത് കൊണ്ട് തന്നെ കുഞ്ഞിലേ മുതൽ ഉറങ്ങുമ്പോൾ ഷർട്ട് ഇടാറില്ല. തനിയെ കിടക്കാൻ തുടങ്ങിയത് മുതൽ ഉറങ്ങുമ്പോൾ ഇതാണ് അവന്റെ വേഷം.
Ac യുടെ കൂളിംഗ് അഡ്ജസ്റ് ചെയ്ത്. വോളിയം വളരെ കുറച്ച് മലയാളം മെലഡി സോങ്ങും പ്ലേ ചെയ്ത് വെളുത്ത വിരിയിട്ട കട്ടിലിലേക്ക് അവൻ കമിഴ്ന്നു വീണു. കിടന്നതും ഗാഡമായ നിദ്രയിലേക്ക് വീഴാൻ അവന് അധികം സമയം ഒന്നും വേണ്ടി വന്നില്ല. അത്രയും തളർച്ചയിലായിരുന്നു അവൻ.
🌼🌼🌼 🌼🌼🌼 🌼🌼🌼 🌼🌼🌼
ഇതേ സമയം ഇങ്ങു കേരളത്തിൽ പാലക്കാടുള്ള ഒരു ആഗ്രഹാരത്തിൽ.
വഴി വിളക്കിന്റെ പ്രകാശത്തിൽ
റോഡിനിരുവശവും ആയി ഒരു പോലെ ഓട് പാകിയ കെട്ടിടങ്ങൾ. മതിലുകളുടെ മറയില്ലാതെ ഒന്നിനോടൊന്നു ചേർന്ന് നിരനിരയായി കാണുന്ന ആ കെട്ടിടങ്ങളുടെ കാലപ്പഴക്കം വ്യക്തമായി അറിയാൻ കഴിന്നുണ്ട്. ഒട്ടുമിക്ക എല്ലാ വീടുകളിലും വെളിച്ചം കെട്ടിരിക്കുന്നു. വഴി വിളക്കുള്ളത് കൊണ്ട് തന്നെ ഒരു വീട്ടിലും മുറ്റത്ത് പോലും വെളിച്ചമില്ല.
എന്നാൽ വലതു വശത്ത് ഏകദേശം നടുഭാഗത്തു കാണുന്ന ഒരു വീട് മാത്രം പ്രകാശമായമായിരിക്കുന്നു. രാത്രി വൈകിയിട്ടും വാതില് മലർക്കെ തുറന്നു വെച്ച് ആരെയോ പ്രതീക്ഷിച്ചെന്നപോലെ
മണി പതിനൊന്നായി നീ ഇപ്പോഴും ഈ വാതിൽ അടച്ചില്ലേ സിദ്ധി? അലസമായി വാരിചുറ്റിയ സാരിയും ഉറക്കം മുഷിഞ്ഞ കണ്ണുകളുമായി മുറിക്കുള്ളിൽ നിന്നും സീത പുറത്തേക്ക് ഇറങ്ങിവന്നു.
ഒരു പ്ലാസ്റ്റിക് കസേരയിൽ കാല് രണ്ടും കയറ്റി വെച്ചിരുന്നു ഉറക്കം തൂങ്ങുന്നവളോടാണ് ചോദ്യം.
അവരുടെ സംസാരത്തിൽ അവൾ ഒന്ന് ഞെട്ടി എഴുന്നേറ്റു. കസേരയിൽ നിന്ന് കാലുകളിറക്കി താഴെ വച്ചു.
പാർത്ഥേട്ടൻ ഇതുവരെ വന്നിട്ടില്ല മാമി.
അവൾ കണ്ണുകൾ തിരുമ്മിക്കൊണ്ട് സീതയെ നോക്കി വിഷമത്തോടെ പറഞ്ഞു.
അവൻ ഇങ്ങനെ താമസിച്ചു വരുന്നത് ഇതാദ്യമൊന്നുമല്ലല്ലോ സിദ്ധി. നീ ഇവിടെ ഇരുന്നു ഉറക്കം തൂങ്ങി താഴെ വീഴാതെ ആ കതകടച്ചിട്ട് മുറിയിൽ പോയി കിടന്നുറങ്ങു കുട്ടി.
അവിടെവിടെയായി നര ബാധിച്ച തലമുടി ചുറ്റി കെട്ടിവെച്ച് അവർ അടുക്കളയിലേക്ക് നടന്നു.
മൺകുടത്തിനകത്ത് ഒരു സ്റ്റീൽ ഗ്ലാസ് മുക്കി വെള്ളംകോരി ഗ്ലാസ്സ് വായിൽ തൊടാതെ ഉയർത്തി വെള്ളം കുടിച്ചിട്ട് സീത തിരിച്ചുവരുമ്പോഴും സിദ്ധി ആ ഇരിപ്പ് തന്നെ ഇരിക്കുന്നുണ്ട്.
ഈ കുട്ടിയോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലോ? മുറുമുറുത്തു കൊണ്ട് അവർ തന്നെ പോയി വാതിൽ അടച്ചു കുറ്റിയിട്ടു.
അവൻ വരുമ്പോൾ കതകിലു മുട്ടിക്കോളും. അപ്പൊ നീ തന്നെ വന്ന് തുറന്നു കൊടുത്താൽ മതി. സീതയുടെ ശാസനയോടുള്ള നോട്ടത്തിൽ സിദ്ധി എഴുനേറ്റു അവളുടെ മുറിയിലേക്ക് പോയി.
കട്ടിലൊക്കെ നന്നായി തട്ടിക്കുടഞ്ഞു വിരിച്ചിട്ടിട്ടുണ്ട് ഇനി കിടന്നാൽ മതി. അവൾ കിടക്കയിലെക്കിരുന്നു ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചിട്ട് ചെരിഞ്ഞു കിടന്നു.
സിദ്ധിയുടെ ഏട്ടൻ പാർത്ഥസാരഥി ഒരു പ്രൈവറ്റ് ചാനലിലെ ന്യൂസ് റിപ്പോർട്ട് ആണ്. അതുകൊണ്ടുതന്നെ അവന്റെ വരവും പോക്കും ഒക്കെ ഇതുപോലെ ആണ്. ചിലപ്പോൾ ജോലി സംബന്ധമായി എങ്ങോട്ടെങ്കിലും പോകുവാണെങ്കിൽ പിന്നെ കുറച്ച് നാളത്തേക്ക് ആളെ നോക്കുകയെ വേണ്ട.
കുഞ്ഞിലേ അമ്മ മരിച്ച സിദ്ധിയെയും പാർഥനെയും വളർത്തിയത് അച്ഛനാണ്.
രണ്ടു വർഷം മുൻപ് അച്ഛനും കൂടെ പോയതോടെ പാർഥന്റെ ജോലി തിരക്കിൽ സിദ്ധി ഒറ്റപ്പെട്ടു പോകുന്നതുകൊണ്ട് രണ്ടു വർഷമായി സിദ്ധി ഇവിടെയാണ്. അവരുടെ അച്ഛന്റെ സഹോദരിയാണ് സീത. ഭർത്താവ് മരിച്ചു മക്കളില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന സീതക്ക് അത് വലിയ സന്തോഷമായിരുന്നു.
കിടന്നെങ്കിലും സിദ്ധിക്കു ഉറക്കം വന്നില്ല.
താമസിക്കുകയോ ഫ്രണ്ട്സിനൊപ്പം അവരുടെ റൂമിൽ കൂടുകയോ ചെയ്യുമ്പോൾ വിളിച്ചു പറയാറാണ് പതിവ്. ഇന്ന് അത് ഉണ്ടാകാത്തത് കാരണം അവളുടെ മനസ്സിൽ നേരിയൊരു ഭയം അനുഭവപ്പെട്ടു.
കിടന്നിട്ട് ഉറക്കം വരാതെ നേരത്തെ വിളിച്ച പാർത്ഥസാരഥിയുടെ നമ്പറിൽ വീണ്ടും അവൾ കോൾ ചെയ്തു. മുൻപ് കിട്ടിയ അതേ മറുപടി തന്നെയായിരുന്നു സ്വിച്ച് ഓഫ്.
ഉറക്കം വരാത്തതുകൊണ്ട് ഫോണിൽ. രണ്ടുദിവസം മുമ്പ് ഏട്ടൻ കയറ്റികൊടുത്ത ഒരു പുതിയ സിനിമ കണ്ടു കൊണ്ട് കിടന്നു.
ഒരിക്കൽ കണ്ടത് കൊണ്ട് സിനിമ പകുതി മുക്കാൽ എത്തിയപ്പോഴേക്കും സിദ്ധി ഉറങ്ങി പോയിരുന്നു.
🌼🌼🌼 🌼🌼🌼 🌼🌼🌼 🌼🌼🌼
വാതിലിൽ തുടരെ മുട്ടുന്നതിനോടൊപ്പം എബിയുടെ ഭയ്യ ... ഭയ്യാ.... എന്നുള്ള വിളിയും കേട്ടുകൊണ്ടാണ് കെവിൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്.
വളരെ ക്ഷീണിച്ച് ഉറങ്ങിയത് കൊണ്ട് തന്നെ സ്ഥലകാലബോധം വരാൻ കുറച്ചു സമയം എടുത്തു. ബോധത്തിൽ എത്തിയതും ഉടൻതന്നെ കെവിൻ പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന എബിയെ നോക്കി. ചോദ്യഭാവത്തിൽ കെവിന്റെ കണ്ണുകളും പുരികങ്ങളും ചുളിഞ്ഞു.
ജോ വിളിച്ചിരുന്നു ഇപ്പോ. ഭയ്യയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു.
എന്താ ഈ രാത്രിയിൽ ഇത്ര അത്യാവശ്യം? സംസാരിക്കാനുള്ള എബിയുടെ പതർച്ച കണ്ടു കെവിന്റെ ശബ്ദത്തിൽ വെപ്രാളം നിറഞ്ഞു. അവന്റെ പുരികങ്ങൾ കൂടുതൽ ചുളിഞ്ഞു.
അത് അപ്പാ... അപ്പക്ക് ചെറിയൊരു ആക്സിഡന്റ്. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. അപ്പക്ക് ഒന്ന് കാണണം അവിടെ വരെ ഒന്ന് ചെല്ലാൻ.
നീ പെട്ടെന്ന് ഫ്ലൈറ്റിന് ടിക്കറ്റ് കിട്ടുമോ നോക്കൂ രണ്ടെണ്ണം ബുക്ക് ചെയ്തോ? ഒരു നിമിഷം കേട്ട വാർത്തയുടെ ഞെട്ടലിൽ നിന്നുണർന്ന് എബിയോട് പറഞ്ഞുകൊണ്ട് കെവിൻ പെട്ടെന്ന് മുറിക്കുള്ളിലേക്ക് പോയി.
കെവിൻ റെഡിയായി വരുമ്പോഴേക്കും
എബി എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്ത് റെഡിയായി അവനുവേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
കെവിനും എബിയും കൊച്ചി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അവരെ കാത്ത് പുറത്ത് ജോയൽ നിൽക്കുന്നുണ്ടായിരുന്നു.
കെവിന്റെ അപ്പാ ഡാനിയൽ മാത്തന്റെ സഹോദരൻ ഡെന്നി മാത്തന്റെ മകനാണ് ജോയൽ.
എന്താ ജോ എന്താ ഉണ്ടായത്? ഏത് ഹോസ്പിറ്റലില അപ്പാ? അപ്പയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ജോയലിനെ മുന്നിൽ കണ്ടതും കെവിൻ തന്റെ തളർച്ചയെല്ലാം മറന്നു ആകുലതയോടെ ചോദ്യങ്ങൾ നിരത്തി.
നീ വാ നമുക്ക് വലിയ പപ്പയുടെ അടുത്തേക്ക് പോകാം. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ജോയൽ അവന്റെ കയ്യിലെ ബാഗ് വാങ്ങി ഡിക്കിയിലേക്ക് എടുത്തുവച്ചു. തൊട്ടു പിറകിലായി എബിയും അവന്റെ ബാഗ്
കൊണ്ട് വന്നു വച്ചു.
വണ്ടി ഞാനെടുക്കണോ ജോ? എബി ജോയെ നോക്കി ചോദിച്ചു.
വേണ്ടെടാ നി യാത്ര കഴിഞ്ഞ് വന്നതല്ലേ ഞാനെടുത്തോളാം. നീ കേറിക്കോ.
കാറിന്റെ പുറകിലായി കെവിനും കോഡ്രൈവർ സീറ്റിൽ ആയി എബിയും കയറിയതും ജോയൽ വണ്ടി മുന്നോട്ട് എടുത്തു.
കാറിൽ കയറിയ പാടെ എപ്പോഴും പോലെ കെവിൻ പിറകിലേക്ക് തലചായ്ച്ച് കണ്ണുകൾ അടച്ചു കിടന്നു.
അവന്റെ മനസ്സിൽ എല്ലാ കാര്യങ്ങളും പോസിറ്റീവായി എടുത്ത് എപ്പോഴും ചിരിയോടെ നിൽക്കുന്ന അപ്പയുടെ മുഖം തെളിഞ്ഞു.
ഇന്നുവരെ ഒരു പനി വന്നുപോലും കിടന്നു കണ്ടിട്ടില്ലാത്ത അപ്പക്ക് ആക്സിഡന്റ് ആണെന്ന് കേട്ടപ്പോൾ കെവിന്റെയും മനസ്സൊന്നുലഞ്ഞുപോയി.
ജോയലിന്റെ കാറ് കെവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞതും എബിയുടെ സംശയം നിറഞ്ഞ നോട്ടം ജോയ്ക്കു നേരെയായി.
അവന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ച് ജോ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ ചെലുത്തി.
ജോയുടെ നിറഞ്ഞുവരുന്ന കണ്ണുകൾ കണ്ട് എന്തോ ഊഹിച്ച പോലെ എബിയുടെ നെഞ്ചിൽ വല്ലാത്തൊരു ഭാരം തോന്നി. ഭയ്യയെ പോലെ ജോയെ പോലെ കാണുമ്പൊഴേല്ലാം ചിരിയോടെ തന്നെയും തോളിൽ ചേർത്ത് പിടിക്കുന്നൊരു അപ്പയെ അവനും ഓർത്തു. കൊതിച്ചു പോയിട്ടുണ്ട് അതുപോലൊരു അപ്പയുടെ മകനായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അത്രയ്ക്ക് നന്മയും സ്നേഹവുമുള്ള നല്ലൊരു മനുഷ്യൻ.
എബി തിരിഞ്ഞ് പുറകിലിരിക്കുന്ന കെവിനെ നോക്കി അപ്പോഴും കെവിൻ കണ്ണടച്ച് ചാരി കിടക്കുകയാണ് അതുകൊണ്ട് തന്നെ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നത് ആള് അറിഞ്ഞിട്ടില്ല.
കാർ നിർത്തിയതും സ്വന്തം വീടിനു മുന്നിൽ തടിച്ചുകൂടി നിൽക്കുന്ന ആൾക്കാരെ കണ്ട് കെവിനിൽ ഒരു ഞെട്ടലുണ്ടായി. ഉള്ളിൽ നിന്ന് ഉയർന്നു കേൾക്കുന്ന മമ്മയുടെ കരച്ചിൽ അവനെ ആകെ തളർത്തിക്കളയുന്നുണ്ടായിരുന്നു.
ജോ... തനിക്കിറങ്ങാനായി ഡോർ തുറന്ന് പിടിച്ചിരിക്കുന്ന ജോയുടെ മുഖത്തേക്ക് ചുമന്ന് കലങ്ങിയ അവന്റെ കണ്ണുകൾ തറഞ്ഞുനിന്നു.
പോയി... ജോയുടെ ശബ്ദം തീർത്തും ഇടറിയിരുന്നു.
ഇറങ്ങു കെവി. ജോ അവന്റെ തോളിൽ കൈ വച്ചു.
ഉള്ളിൽ എരിയുന്ന നേരിപ്പോട് അടക്കിപ്പിടിക്കുന്നതിന്റെ ഫലമായി അവന്റെ കഴുത്തിലെ ഞരമ്പുകൾ ഉയർന്നുപൊങ്ങി.
എബിക്കും ജോക്കും ഒപ്പം കെവിൻ അകത്ത് കയറുമ്പോൾ കൂടി നിന്നവരെല്ലാം ഡാനിയേലിന്റെ മകനെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.
ഹാളിലായി ചില്ലുകൂടിനകത്ത് കിടക്കുന്ന തണുത്തുറഞ്ഞ ശരീരം താൻ കാണുന്ന ഒരു ഭീകര സ്വപ്നം മാത്രമായിരുന്നെങ്കിലെന്നു കെവിൻ ആഗ്രഹിച്ചു. കണ്ണ് തുറക്കുമ്പോൾ മാഞ്ഞു പോകുന്ന ഒരു പേടി സ്വപ്നം.
കാത്തിരിക്കൂ......
കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞിട്ട് പോകണെ. 😍😍😍