Aksharathalukal

ഈണമായ് 3

എബിക്കും ജോക്കും ഒപ്പം കെവിൻ അകത്ത് കയറുമ്പോൾ കൂടി നിന്നവരെല്ലാം ഡാനിയേലിന്റെ മകനെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

ഹാളിലായി ചില്ലുകൂടിനകത്ത് കിടക്കുന്ന തണുത്തുറഞ്ഞ ശരീരം താൻ കാണുന്ന ഒരു ഭീകര സ്വപ്നം മാത്രമായിരുന്നെങ്കിലെന്നു കെവിൻ ആഗ്രഹിച്ചു. കണ്ണ് തുറക്കുമ്പോൾ മാഞ്ഞു പോകുന്ന ഒരു പേടി സ്വപ്നം.

കെവിനെ കണ്ടതും ആ പെട്ടിക്ക് പുറത്തുകൂടെ തന്റെ ഭർത്താവിനെ പൊതിഞ്ഞു പിടിച്ച് അതിന് പുറത്ത് തല ചായ്ച്ചു കിടന്ന റെയ്ച്ചൽ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് അലച്ചു തല്ലി വീണു.

കെവി അപ്പ പോയി കെവി നമ്മളെ.... നമ്മളെ എല്ലാവരെയും വിട്ടു നിന്റെ അപ്പ പോയി. നമ്മളോടൊന്നും ഒരു വാക്കു പോലും പറയാതെ പോയി. എന്തിനാ ഇങ്ങനെ ചെയ്തതെന്ന് ചോദിക്കട. നീ പോയി ചോദിക്ക്. മമ്മ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല നിന്റെ അപ്പ.

റേയ്ച്ചൽ പാറ പോലെ ഉറച്ച കെവിന്റെ നെഞ്ചിൽ തലയിട്ടുരുട്ടി കരഞ്ഞു നിലവിളിച്ചു.

അലറി വിളിച്ച് കരയുന്ന മമ്മയെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ അവന്റെ നെഞ്ച് നീറി. അവൻ  ഉള്ളറകളിൽ പൂട്ടി വെച്ചിരുന്ന  കണ്ണുനീർ കാഴ്ചയെ മറച്ചുകൊണ്ട് പുറത്തേക്ക് ഒഴുകി.

തന്റെ നെഞ്ചിൽ നിന്ന് ഊർന്നു വീണു പോകുന്ന മമ്മയെ അവന്റെ കരുത്തുറ്റ കൈകൾ താങ്ങി പിടിച്ചു.

അപ്പോഴേക്കും റെയ്ച്ചലിന്റെ സഹോദരങ്ങൾ ആരൊക്കെയോ വന്ന് അവരെ താങ്ങിപ്പിടിച്ച് റൂമിലേക്ക് കൊണ്ടുപോയിരുന്നു.

കെവിൻ ഇടറുന്ന കാലുകളോടെ ശാന്തമായി ഉറങ്ങുന്ന തന്റെ അപ്പയുടെ അടുക്കലേക്ക് നടന്നു.

സാധാരണ താനെത്തുമ്പോൾ നീ എത്തിയോട ചെറുക്കാ എന്ന് ചോദിച്ചു ചിരിയോടെ തന്റടുക്കലേക്കോടി എത്തുന്ന അപ്പ ഇന്ന് ചലനമറ്റ് കിടക്കുന്നു.

കെവിൻ തറയിൽ മുട്ടുകുത്തിയിരുന്ന് പെട്ടിയുടെ മുകളിൽ നെറ്റി ചേർത്തുവെച്ചു. അവന്റെ കണ്ണുനീർ ആ ചില്ലുപെട്ടിക്കു മുകളിൽ വീണ് മുത്ത്‌ പോലെ തിളങ്ങി.

മൂന്നുമാസം മുൻപ്  ഇവിടെ നിന്ന് പോകുമ്പോൾ അവസാനം അപ്പയെ കണ്ടത് അവൻ ഓർത്തു.

വരാൻ പോകുന്ന മാച്ചിന്റെ ഭാഗമായുള്ള ട്രെയിനിങ്ങിനും പ്രാക്ടീസിനും ഒക്കെയായി കെവിൻ ഹൈദരാബാദിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുമ്പോഴാണ്. ഡാനിയേൽ അവന്റെ റൂമിലേക്ക് കയറി വരുന്നത്.

നീ വീണ്ടും കെട്ടിപ്പറക്കി പോവാണോടാ കൊച്ചെ വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. കട്ടിലിന്റെ പുറത്തിരിക്കുന്ന അവന്റെ ബാഗിലേക്ക് നോക്കി അയാൾ ഒന്നു നെടുവീർപ്പിട്ടു.

വരുന്ന ഒക്ടോബറിൽ  ഒരു മാച്ച് ഉണ്ടപ്പാ.  പ്രാക്ടീസ് ഒക്കെ ചെയ്യണ്ടേ അതിനിപ്പഴേ പോണം. അവൻ ബാഗിലേക്ക് സാധനങ്ങൾ നിറക്കുന്നതിനിടയ്ക്ക് ഡാനിയേലിനെ തിരിഞ്ഞൊന്നു നോക്കി.

ഓ പ്രാക്ടീസ് ഒക്കെ വേണമെങ്കിൽ നിനക്ക് ഇവിടെവച്ചും ആകാല്ലോ. അതിനല്ലേ നീ ലക്ഷങ്ങള് മുടക്കി ഒരു മുറി ചെയ്ത് അതിനകത്ത് ഏതാണ്ടൊക്കെ വാങ്ങി കൂട്ടിയേക്കുന്നത്. അതിലൊട്ടൊക്കെ ഇടിച്ചു പഠിച്ചിട്ടു മാച്ച് തുടങ്ങുന്നതിനുമുമ്പ് നീ അങ്ങ് ചെന്നാൽ പോരെടാ ചെറുക്കാ. ഡാനിയേൽ ചിരിയോടെയാണ് പറയുന്നതെങ്കിലും ശബ്ദത്തിൽ അവൻ പോകുന്നതിനുള്ള വിഷമം ആവോളം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

അത് മനസ്സിലായ പോലെ കെവിൻ അപ്പനെ നോക്കി ഒന്ന് ചിരിച്ചു. എന്റപ്പ അങ്ങനെ ഒറ്റയ്ക്ക് ഒന്നും പ്രാക്ടീസ് ചെയ്ത ഒരു മാച്ച് ഒന്നും ജയിക്കാൻ പറ്റത്തില്ല. അതിനുമുമ്പ് ഒത്തിരി ട്രെയിനിങ്ങും പ്രാക്ടീസും ബാക്കി കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് രാമകൃഷ്ണൻ സാറും ആയാനും എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാണ് അവിടെ. പിന്നെ കാശുമുടക്കി ഞാൻ അവിടെ ജിം സെറ്റ് ചെയ്തിട്ടേക്കുന്നതേ മമ്മയെ പേടിച്ച. ഇവിടെ വരുമ്പോഴാ എന്റെ കംപ്ലീറ്റ് ഡയറ്റും റെയ്ച്ചേലമ്മ തെറ്റിക്കുന്നത്. കെവിൻ ബാഗിന്റെ സിബ് വലിച്ചിട്ട് ഡാനിയേലിനു നേരെ തിരിഞ്ഞു.

നീയൊക്കെ വളർന്നു അങ്ങ് മുട്ടനാകേണ്ടിയിരുന്നില്ല. ഒന്നുമില്ലെങ്കിലും കണ്ടോണ്ടിരിക്കാൻ എങ്കിലും എപ്പോഴും അടുത്തുണ്ടാകുമായിരുന്നല്ലോ. സങ്കടത്തിനൊപ്പം പരിഭവവും കലർന്നു അയാളുടെ ശബ്ദത്തിൽ.

ഈ അപ്പനിന്നിതെന്തുപറ്റി? ഞാൻ ആദ്യമായിട്ടാണോ പോകുന്നത്. പോയിട്ട് ഞാൻ ഇങ്ങോട്ടല്ലേ വരുന്നേ പിന്നെന്താ. അതോ ബിസിനസ് എറ്റെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ സങ്കടോ? കെവിൻ കളിയോടെ അപ്പന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി ചോദിച്ചു.

പിന്നേ ആർക്കു സങ്കടം. നിന്നെ അതിന് കിട്ടുകേലെന്നു എനിക്ക് പണ്ടേക്കു പണ്ടേ മനസിലായതാ. അത് കൊണ്ട് നിന്നെ ആ കാര്യത്തിൽ ഞാൻ എഴുതി തള്ളി. ഇനി എന്റെ പ്രതീക്ഷ നമ്മുടെ മറിയമ്മയെ കെട്ടുന്നവനിലാ. ആ ലോറൻസിന്റെ മോനില്ലേ റോയി അവന്റെ കാര്യം ഞാൻ അങ്ങ് ഉറപ്പിക്കാന്ന് കരുതി. അവളോട്‌ ചോദിച്ചപ്പോൾ അവൾക്കും ഇഷ്ടക്കേടില്ല. എന്താ നിന്റെ അഭിപ്രായം ഡാനിയേൽ പ്രതീക്ഷയോടെ കെവിനെ നോക്കി.

അപ്പനിഷ്ടപ്പെട്ടെങ്കിൽ പിന്നെ ഇനി എനിക്കെന്താ പ്രത്യേകിച്ച് അഭിപ്രായം. അവൾക്കും സമ്മതമാണെങ്കിൽ നമുക്കിതു അടിച്ചുപൊളിച്ചു നടത്താന്നെ. കെവി അപ്പയുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

അവൻ മിടുക്കനാടാ അവരുടെ ഫാമിലി ബിസിനെസ്സൊക്കെ നോക്കുന്നത് അവനാ. നമ്മുടെ ബിസ്സിനെസ്സും കൂടെ എന്റെ മരുമകനെ ഏൽപ്പിച്ചിട്ട് വേണം എനിക്ക് സുഖമായി വീട്ടിലിരുന്നൊന്ന് വിശ്രമിക്കാൻ. നിനക്ക് വയ്യല്ലോ ഒന്നിനും?
വരാൻ പോകുന്ന മരുമകനെ ഒന്ന് പൊക്കിയിട്ടു ഡാനിയേല് കെവിനോട് ചോദിച്ചു.

ഒന്ന് പോഅപ്പാ അപ്പനപ്പൂപ്പന്മാര് ഉണ്ടാക്കി വച്ചത് നോക്കി നടത്താനെ ഞാൻ ഡാനിയേലല്ല. ഡാനിയേൽ മാത്തന്റെ മകൻ കെവിൻ ഫെലിക്സ് ഡാനിയേൽ ആണ്. എന്നെ കിട്ടില്ല മോനെ അപ്പ. എനിക്ക് അതിന് ഒട്ടും താൽപ്പര്യവും ഇല്ല. കെവിൻ തന്റെ ഭാഗം പറയുന്നതിനിടക്ക് അപ്പനിട്ടൊന്ന് കൊട്ടാനും മറന്നില്ല.

ഡാ ചെറുക്കാ നി എനിക്കിട്ടു താങ്ങല്ലേ. അപ്പനപ്പൂപ്പന്മാര് ഉണ്ടാക്കി വച്ചത്തിൽ നിന്നാണ് തുടക്കമെങ്കിലും അത് പഴയതിലും പത്തിരട്ടിയിൽ ഇന്ന് കാണുന്ന പോലെ ആക്കിയത് എന്റെ വിയർപ്പാ. അതും ഈ ഡാനിയേല് ഒറ്റയ്ക്ക് നിന്ന്‌കൊണ്ട്. ഒരുത്തനെ ഇടിച്ചു താഴെ ഇടുമ്പോലെ അതത്ര എളുപ്പമല്ല പൊന്നുമോനെ. ഡാനിയേൽ മകനെ നോക്കി ഒന്ന് പുച്ഛിച്ചു.

അപ്പൻ കഷ്ടപ്പെട്ടുണ്ടാക്കിയത് നോക്കേണ്ടതെ മക്കളുടെ കടമയ. നി ഒന്നും നോക്കണ്ടഡാ കണ്ടവന്മാരെ പോയി തല്ലി അവന്മാരേന്നു തല്ലും വാങ്ങിക്കൂട്ടി നടന്നോ ഇങ്ങനെ ബോക്സിങ് ആണത്രേ ബോക്സിങ്. ഡാനിയേൽ നിന്ന് പിറുപിറുത്തു.

കെവിൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അപ്പയുടെ ഈ പിണക്കവും പരിഭവവും സ്ഥിരം കാഴ്ചയായത് കൊണ്ട് അവൻ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് കൊണ്ട് ചിരിയോടെ നിന്നു. അല്ലെങ്കിലും ഒന്നും പറയാൻ ഗ്യാപ്പു കൊടുക്കാത്ത രീതിയിൽ ഡാനിയേല് കത്തിക്കേറുവാണ്.

ദേ പോകുന്നതൊക്കെ കൊള്ളാം ഞാൻ കാണാൻ കൊതിക്കുമ്പോ വണ്ടിയോ വള്ളമോ പിടിച്ചേച്ച് എന്റെ മുന്നിൽ കണ്ടേക്കണം. അല്ലേൽ ഞാൻ ആദ്യത്തെ വണ്ടിക്ക് അങ്ങോട്ടൊരു വരവ് വരും. എന്നിട്ട് നിന്റെയൊക്കെ ഈ കോപ്രായം കാണാൻ വന്നിരിക്കുന്നവരുടെ മുന്നിലിട്ട് നിന്നെ തല്ലും ഞാൻ പറഞ്ഞില്ലെന്നു വേണ്ട. ഡാനിയേല് മുണ്ട് മടക്കിക്കുത്തി വിരല് ചൂണ്ടി പറയുന്ന മാസ് ഡയലോഗ് കേട്ട് കെവി നിന്ന് ചിരിച്ചു.

നീ കളിയാക്കി ചിരിച്ചോടാ എന്റെ കാലം കഴിയുമ്പോ ഈ അപ്പയെ ഒന്ന് കാണാൻ കൊതിക്കും നീ. അപ്പൊ ഞാൻ കാണിച്ചു തരുന്നുണ്ട് ഇതിനോക്കെയുള്ള പ്രതികാരം. ഒരു വെല്ലുവിളിയും കൂടെ നടത്തി അപ്പനിറങ്ങി പോയി.

അപ്പാ.... വേണ്ടിയിരുന്നില്ലപ്പാ ഇങ്ങനെ ഒരു പ്രതികാരം എനിക്കിതു താങ്ങുന്നില്ലപ്പാ. അവൻ വേദനയോടെ പല്ല് കടിച്ചു പിടിച്ച് കൈ മുഷ്ടി ചുരുട്ടി ഡാനിയേൽ കിടക്കുന്ന പെട്ടിക്കു മുകളിൽ ഒന്നിടിച്ചു.

നാട്ടുകാരും കുടുംബക്കാരും കൂട്ടുകാരും ഒക്കെയായി ഒത്തിരി പേർ അവസാനമായി ഡാനിയേലിനെ ഒരു നോക്ക് കാണാനായി തടിച്ചുകൂടി.

ഡാനിയേലിന്റെയും കെവിന്റെയും പരിചയത്തിലുള്ള ബിസ്സിനെസ്സുകാരും രാഷ്ട്രീയ പ്രമുഖരും അടക്കം ഒത്തിരി പേര് വന്നും പോയും ഇരുന്നു. പലരും വന്ന് കെവിന്റെ കൈപിടിച്ച് ദുഃഖം അറിയിച്ചു പോയെങ്കിലും അവൻ ആരെയും കണ്ടില്ല. അവന്റെ ശ്രെദ്ധ മുഴുവൻ ഒറ്റയ്ക്ക് പുതിയൊരു യാത്രക്കൊരുങ്ങുന്ന അപ്പയുടെ മുഖത്തായിരുന്നു.

അന്ന് അപ്പയെ കെട്ടിപ്പിടിച്ച് പിണക്കം മാറ്റുമ്പോൾ വാക്കു കൊടുത്തിരുന്നു അടുത്ത പ്രാവശ്യം വരുമ്പോൾ അപ്പയോടൊപ്പം നിന്ന് കൊതി തീർത്തിട്ടെ അടുത്ത ഒരു ടൂർണമെന്റിനു പേര് കൊടുക്കൂ എന്ന് . അപ്പയുടെ ഓർമ്മകൾ വീണ്ടും അവനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു. ഈ ജീവിതത്തിൽ ഇനി ഒരിക്കലും തനിക്ക് അപ്പയില്ല. അപ്പയുടെ ചിരി തലോടൽ ടാ ചെറുക്കാ എന്നുള്ള ആ വിളി ഇതൊക്കെ ഇല്ലാതെ ഈ വീട്ടിൽ എങ്ങനെ കഴിയും. ഓർത്തപ്പോഴേ അവന് ചങ്ക് പൊട്ടി.

  
🌼🌼🌼 🌼🌼🌼 🌼🌼🌼 🌼🌼🌼

മുറ്റത്ത്‌ ഭംഗിയായി അരിപ്പൊടി കൊണ്ട് വരച്ചിരിക്കുന്ന കോലത്തിൽ കാൽ വയ്ക്കാതെ സീത എങ്ങനെയോ കഷ്ടപ്പെട്ട് പടിയിൽ കാല് വച്ച് അകത്തേക്ക് കയറി.

അകത്ത് നിന്ന് അത് കണ്ട സിദ്ധിക്ക് വിയറ്റ്നാം കോളനിയിലെ ഇന്നസെന്റിനെയാണ് ഓർമവന്നത്.

\"ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ്
കെ കെ ജോസഫ് \"

സീതയെ നോക്കി ആ ഡയലോഗ് ഓർത്തു അവൾ വന്ന ചിരി ചൂണ്ടുകൾ കൂട്ടിപ്പിടിച്ചു അമർത്തി.

ചിരിക്കാ നീ. പേരിനു രാവിലെ എന്തെങ്കിലും ഒന്ന് വരച്ചിടാതെ. കോലം വരച്ച് മുറ്റം നിറക്കുമ്പോൾ ആൾക്കാർക്ക് കേറി വരാൻ ഒരിത്തിരി സ്ഥലം ബാക്കിയിട്ടൂടെ കുട്ടി. 

സിദ്ധി അതിന് മറുപടിയൊന്നും പറഞ്ഞില്ല.
മാമി എന്താ ഇന്ന് താമസിച്ചത്? തിരിച്ച് ഒരു ചോദ്യമാണ് അവൾ ചോദിച്ചത്.

ഇന്ന് തികളാഴ്ചയല്ലേ മഹാദേവനെ കാണാൻ ആള് കൂടുതലായിരുന്നു. പൂജ കഴിഞ്ഞപ്പോ ഒത്തിരി വൈകി. വിളക്കൊക്കെ ഇന്ന് കൂടുതലായിരുന്നു. ഒക്കെ കഴുകി വച്ചിട്ടല്ലേ എനിക്ക് വരാനൊക്കൂ. 

സീത അടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും അടിച്ചുവാരാനും. വിളക്ക് കഴുകാനൊക്കെ പോകാറുണ്ട്. ഭർത്താവ് മരിച്ചപ്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവർ തിരഞ്ഞെടുത്ത വഴിയായിരുന്നു അത്. പാർത്ഥസാരഥിയും സിദ്ധിയും ഇങ്ങോട്ട് താമസം മാറിയപ്പോൾ സീതയോട് ആ ജോലി നിർത്താൻ അവൻ പറഞ്ഞിരുന്നു
എന്നാൽ കാശിനു വേണ്ടി മാത്രമല്ല എണീറ്റു നടക്കാൻ കഴിയും വരെ ഭഗവാന് വേണ്ടി അത് ചെയ്യാൻ അവർക്ക് താൽപ്പര്യമാണെന്ന് പറഞ്ഞതോടെ അവനത് വിട്ടു. സിദ്ധിയും രാവിലെ തൊഴാൻ സീതയോടൊപ്പം എന്നും പോകാറുണ്ട്. ഇന്ന് അമ്പലത്തിൽ കേറാൻ പാടില്ലാത്തതുകൊണ്ടാണ് പോകാതിരുന്നത്.

സിദ്ധി.... നീ എന്തെങ്കിലും കഴിച്ചോ കുട്ടി. സീത അടുക്കളയിലേക്ക് കയറും വഴി ചോദിച്ചു.

ഞാൻ കഴിച്ചു മാമി. മറുപടി പറഞ്ഞിട്ട് അവൾ ഫോണെടുത്തു ആരെയോ വിളിക്കുന്ന തിരക്കിലേക്ക് കടന്നു.

സീത ഒരു പ്ലേറ്റിൽ ദോശയും ചട്നിയും എടുത്ത്  അകത്തളത്തിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി.

പാർഥൻ വിളിച്ചിരുന്നോ സിദ്ധി. അവർ കഴിക്കുന്നതിനിടയിൽ അവളോട്‌ ചോദിച്ചു.

ഇല്ല മാമി ഇതുവരെ ഒരറിവും ഇല്ല. ഞാൻ ഏട്ടന്റെ കൂടെ ജോലി ചെയ്യുന്ന ഹരിയേട്ടനെ വിളിച്ചു ചോദിക്കുവായിരുന്നു. സിദ്ധി സീതക്കടുത്തായി കസേരയിൽ വന്നിരുന്നു. ഇരുന്ന ഉടനെ കാലുകൾ രണ്ടും മടക്കി കസേരയുടെ മേലേക്ക് കയറ്റി വച്ചു.

ഏതു അവന്റെ കൂടെ ഇവിടെ വരാറുള്ള ആ വെളുത്ത പയ്യനാണോ. എന്നിട്ട് ആ കൊച്ചെന്തു പറഞ്ഞു. അവർ സംശയത്തോടെ തിരക്കി.

ആ അത് തന്നെ ഹരി ശങ്കർ. ഹരിയേട്ടൻ ഇന്നലെ നേരത്തെ ഓഫീസിൽ നിന്നിറങ്ങിയെന്ന്. അതിന് ശേഷം വല്ല എമർജൻസി വന്നിട്ടുണ്ടെങ്കിൽ ഏട്ടൻ അങ്ങോട്ട്‌ പോയിട്ടുണ്ടാവും എന്ന്. അന്വേഷിച്ചിട്ടു വിളിക്കാന്ന് പറഞ്ഞു.

ഏട്ടൻ അങ്ങനെ എന്തിനെങ്കിലും പോയതാകും. ഫോൺ ചിലപ്പോ ചാർജ് തീർന്ന് സ്വിച്ച് ഓഫ്‌ ആയതാകും. അവൾ തന്നെ കാരണം കണ്ട് പിടിച്ചു സമാധാനിച്ചു.

ആ ഇനി കുറച്ച് നാളത്തേക്ക് അപ്പൊ ഇങ്ങോട്ട് നോക്കണ്ട അവനെ. ഒരു കറിവേപ്പില മാത്രം അവശേഷിപ്പിച്ച് വടിച്ചു നക്കിയ പ്ലേറ്റുമായി സീത അടുക്കളയിലേക്ക് നടന്നു.

ഇന്നലെ പാർഥസാരഥി വിളിക്കാതിരുന്നപ്പോൾ ഒന്ന് ഭയന്നെങ്കിലും. ഇന്ന് ഹരിയെ വിളിച്ചപ്പോ ചെറിയൊരാശ്വാസം തോന്നി അവർക്ക് രണ്ടുപേർക്കും.


കാത്തിരിക്കൂ 🌼🌼🌼🌼


ഈണമായ് 4

ഈണമായ് 4

4.5
671

ഫോൺ ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ഹാളിൽ ഇരിക്കുന്ന  കുട്ടികളോട് ഇപ്പൊ വരാമെന്ന് പറഞ്ഞ് സിദ്ധി മടിയിലിരുന്ന പുസ്തകം മടക്കി തറയിൽ വച്ച് എഴുനേറ്റ് അകത്തേക്കോടി. റൂമിനുള്ളിൽ ചാർജിൽ വച്ചിരിക്കുന്ന  മൊബൈൽ എടുത്തു ആവേശത്തോടെ നോക്കുമ്പോൾ ഹരിയാണ്. പ്രതീക്ഷിച്ച പോലെ പാർത്ഥസാരഥി അല്ലെന്നു കണ്ടപ്പോൾ മുഖമൊന്നു മങ്ങി. എങ്കിലും ഏട്ടനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാമെന്നുള്ളത് കൊണ്ട് അവൾ പെട്ടെന്ന് ഫോൺ ഓൺ ആക്കി ചെവിയിലേക്ക് വെച്ചു. ഹലോ.... സിദ്ധി സോറി കേട്ടോ എനിക്ക് രാവിലെ കുറച്ചു പരിപാടിയുണ്ടായിരുന്നു. ഞാൻ ഇപ്പോൾ ഓഫീസിൽ എത്തിയതേയുള്ളൂ. ഫോൺ എടുത്താതെ