Aksharathalukal

ഈണമായ്‌ 11

വൈകുന്നേരത്തോടടുത്തപ്പോൾ കെവിന്റെ ഗെസ്റ്റ്ഹൌസിനു മുന്നിലായി ഒരു ഓട്ടോ വന്നു നിന്നു.

അതിൽ നിന്ന് പച്ചക്കളറിലുള്ള ഒരു പട്ടുസാരി ഉടുത്ത് വെളുത്തു അത്യാവശ്യം തടിയൊക്കെയുള്ളൊരു പെൺകുട്ടി വന്നിറങ്ങി.

അവൾ കയ്യിലിരുന്ന പേഴ്സിൽ നിന്ന് കാശെടുത്തു ഓട്ടോക്കാരന് കൊടുത്തു ബാക്കി മേടിച്ച് പേഴ്സിൽ തിരുകി. ഓട്ടോയുടെ പിറകിലെ സീറ്റിൽ ഇരുന്ന കോളേജ് ബാഗ് എടുത്ത് തോളിൽ തൂക്കി.

ഗേറ്റ് തുറന്നു അകത്തേക്ക് കയറുമ്പോൾ മുറ്റത്ത്‌ കിടക്കുന്ന കാറ് കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ആരെയും മയക്കുന്ന രീതിയിൽ ഒരു കള്ളച്ചിരി തെളിഞ്ഞു.

അവളുടെ കാലുകളുടെ ചലനം വേഗത്തിലായി. ഒരു കണക്കിന് പറഞ്ഞാൽ ഓടുകയായിരുന്നു എന്ന് വേണം പറയാൻ.

ഓടി പാഞ്ഞ് അകത്തേക്ക് ചെല്ലുമ്പോൾ 
ജോയൽ ഹാളിൽ സോഫയിലിരുന്നു ടീവികാണുകയാണ്. ഒപ്പം തന്നെ  ചായയും കുടിക്കുന്നുണ്ട്‌.

ജോച്ചായ... അവൾ അവനെ കണ്ടതും അങ്ങ് നീട്ടി വലിച്ച് ഒരു വിളി വിളിച്ചു.

അവളുടെ വിളിയിൽ അവനൊന്നു ഞെട്ടിയതും വായിൽ വച്ച ചൂട് ചായ തുളുമ്പി നാക്കും ചുണ്ടും മൊത്തത്തിൽ പൊള്ളിപ്പോയി.

ഡയനിംഗ് ടേബിളിൽ ഇരുന്ന് ചായകുടിച്ചു കൊണ്ടിരുന്ന സിദ്ധിയും അവളുടെ മുന്നിലെ പ്ലേറ്റിലേക്കു പലഹാരം നിറച്ചു കൊണ്ടിരുന്ന അന്നമ്മച്ചിയും ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞെട്ടലോടെ നോക്കി.

ഹോ ഈ പെണ്ണ് മനുഷ്യരെ പേടിപ്പിക്കുമല്ലോ. അന്നമ്മച്ചി നെഞ്ചിൽ കൈ വച്ചു.

എന്റെ മോളാ ഇന്നലെ ഞാൻ പറഞ്ഞില്ലേ ആലീസ്. അന്നമ്മച്ചി ആലിയെ നോക്കിയിരിക്കുന്ന സിദ്ധിയോട് ഒരു ചിരിയോടെ പറഞ്ഞു.

പെണ്ണിന് ഇച്ചിരി വാല് കൂടുതലാ. ഞാൻ അവൾക്കും കൂടെ ചായ എടുത്തിട്ട് വരാം. മോള് ഇതൊക്കെ എടുത്ത് കഴിക്ക് കേട്ടോ.

അന്നമച്ചി ആലിക്കുള്ള ചായ എടുക്കാൻ അകത്തേക്ക് പോയി. 

ആലി ഓടി വന്നു സോഫയിൽ ജോയലിനടുത്തേക്കിരുന്നു.
എവിടെയായിരുന്നു ഇത്ര നാളും കൊറേ ആയല്ലോ കണ്ടിട്ട്. എല്ലാരും ഉണ്ടോ? അവൾ അത്യധികം ആകാംഷയോടെ തന്നെ കണ്ണൊക്കെ വിടർത്തി ചോദിക്കുന്നുണ്ട്.

കാറിക്കൂവി മനുഷ്യന്റെ നാക്കു പൊള്ളിച്ചല്ലോടി പിശാശ്ശെ. ജോയൽ അവളെ ദേഷ്യത്തോടെ നോക്കി.നാക്കു പുറത്തേക്കു നീട്ടി കണ്ണ് താഴ്ത്തി നാക്കിലേക്ക് നോക്കുകയും കൈ കൊണ്ട് വീശുകയുമൊക്കെ ചെയ്തു.

വെളിയിൽ കാറ് കിടക്കുന്ന കണ്ടപ്പോ ആ ഒരു എക്‌സയിറ്റ്മെന്റിൽ വിളിച്ചു കൂവി പോയതല്ലേ ജോച്ചായ സോറി..  അവനെ നോക്കി നന്നായൊന്നിളിച്ചു കാണിച്ചു കൊച്ച്.

ഹ... അത്‌ വിട് ജോച്ചായ
നാക്കിൽ പിടിച്ച് കാര്യമായി സെർച് ചെയുന്നവന്റെ കയ്യ് തട്ടി മാറ്റി ആലി.

എന്നിട്ട് ഇത് പറയ്‌  എല്ലാരും വന്നിട്ടുണ്ടോ. അവൾ തിടുക്കം കൂട്ടി അവന്റെ കയ്യിൽ പിടിച്ചു രണ്ടു കുലുക്ക് കുലുക്കി.

എല്ലാരും വന്നിട്ടുണ്ട് ഞാനും കെവിനും എബിയും പിന്നെ ദേ അവളും. ജോയൽ ചൂണ്ടിയാ ഭാഗത്തു നോക്കിയപ്പോഴാണ് ആലി അവിടെ ഇരിക്കുന്ന സിദ്ധിയെ കണ്ടത്.

എന്നാൽ സിദ്ധി ആലി വന്നത് മുതൽ അവളുടെ ചുറുചുറുക്കൂടെയുള്ള സംസാരവും ജോയലിനോട് ഇടപഴകുന്ന രീതിയൊക്കെ കണ്ട് ഒരു ചിരിയോടെ അവളെ തന്നെ നോക്കി ഇരിക്കുവാണ്.

ആലി ഇങ്ങോട്ട് നോക്കുന്ന കണ്ടപ്പോൾ സിദ്ധി അവളെ നോക്കി ചെറുതായി ചിരിച്ചു. തിരിച്ചു അവളും കൊടുത്തു മനോഹരമായി തന്നെ ഒരു പുഞ്ചിരി കൂടെ കൈ വീശി കാണിച്ചിട്ടൊരു ഹായും
പറഞ്ഞു.

സിദ്ധി അതിന് മറുപടിയായി തലയാട്ടി കാണിച്ചു അതേ ചിരിയോടെ തന്നെ ഇരുന്നു.

അതാരാ ജോച്ചായ ആ കൊച്ച്? ആലി സാധരണ പോലെ അടുത്തിരുന്ന ജോയലിന്റെ കയ്യിൽ ചുരണ്ടി ചോദിച്ചു.

ആളെങ്ങനെയുണ്ട് കൊള്ളാമോ? ജോയൽ ഒരു പിരികം പൊക്കി ആലിയെ നോക്കി.

കൊള്ളാമോന്നോ, നല്ല സുന്ദരി കൊച്ച്. ആരാ അത്? നിങ്ങടെ ബന്ധുവാണോ? അവൾ അറിയാനുള്ള ആകാംഷയിൽ തന്നെ ആയിരുന്നു.

പെട്ടന്നാണ് ജോയലിന്റെ മുഖം മാറിയത്. ആലി ഞാൻ പറയുമ്പോ നിനക്ക് വിഷമം ഒന്നും തോന്നരുത്. ജോയലിന്റെ 
സങ്കടം നിറഞ്ഞ മുഖത്തേക്ക് നോക്കിയപ്പോൾ ആലിക്കു ടെൻഷനായി.

എന്താ ജോച്ചായ?ആളെ ടെൻഷൻ കേറ്റാതെ കാര്യം പറഞ്ഞെ? ആലി കാര്യമറിയാൻ വെപ്രാളപ്പെട്ടു. 

അത്... അവള്... നമ്മുടെ എബി കൂട്ടികൊണ്ട് വന്ന കുട്ടിയ. ജോയൽ വിഷമം നടിച്ചു കൊണ്ട് ഇടം കണ്ണിട്ടു ആലിയെ നോക്കി.

കൂട്ടികൊണ്ട് വന്നതോ? ഒന്ന് തെളിച്ചു പറ മനുഷ്യ . അവൾ അവനെ ഒരു തള്ള് വച്ച് കൊടുത്തു.

അത്... ‌ ഇന്നലെ ആയിരുന്നു അവരുടെ കല്യാണം.

അത് കേട്ടതും ആലി കണ്ണൊക്കെ നിറച്ച് ചുണ്ടൊക്കെ കൂർപ്പിച്ചു സിദ്ധിയെ നോക്കി ഇരിപ്പുണ്ട്.

ജോച്ചായൻ കള്ളം പറയുവാ. എന്റെ എബിച്ചായൻ അങ്ങനൊന്നും ചെയ്യത്തില്ല. അവളുടെ ചുണ്ട് കൂടുതൽ കൂർത്തു. കൂടെ അവന്റെ കൈക്കു നല്ലൊരു പിച്ചും കൊടുത്തു.

ആ.....  എന്റെ കൈ  മാന്തി പറിച്ചല്ലോടി  യക്ഷി. ജോയൽ കൈ തടവി കൊണ്ട് അവളെ  നോക്കി കണ്ണുരുട്ടി.

കണക്കായിപ്പോയി എന്റെ എബിച്ചായനെ പറ്റി അനാവശ്യം പറഞ്ഞാൽ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. ചൂണ്ടു വിരലും നടുവിരലും കൊണ്ട് അവന്റെ രണ്ടു കണ്ണും കുത്തുന്നതുപോലെ അവൾ കാണിച്ചു.

ജോയൽ അപ്പൊത്തന്നെ കണ്ണടച്ച് കളഞ്ഞു. വിശ്വസിക്കാൻ പറ്റത്തില്ല അവള് ചിലപ്പോ വച്ച് കുത്തിത്തന്നാലോ

എന്നാ നീ അന്നമ്മച്ചിയോട് ചോദിച്ചു നോക്ക് അവളെ ഇന്നലെ ആരുമറിയാതെ വിളിച്ചിറക്കി കൊണ്ട് വന്നതല്ലേന്ന്. ജോയൽ അവള് പിച്ചിയാ കയ്യിൽ വീണ്ടും തടവിക്കൊണ്ട് അവളെ നോക്കി അടുക്കളയിലേക്ക് കണ്ണുകാണിച്ചു.

ആലി ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി. പോകുന്ന വഴിക്ക് ചായ കുടിച്ചിട്ടിരിക്കുന്ന സിദ്ധിയെ ഒന്ന് ദേഷ്യത്തോടെ നോക്കുകയും ചെയ്തു.

കുറച്ച് മുന്നേ നോക്കി ചിരിച്ചവൾ ഇപ്പൊ എന്തിനാ ഇങ്ങനെ നോക്കി കൊല്ലുന്നതെന്നുള്ള ചിന്തയിൽ സിദ്ധിയും അവളെ അതിശയത്തോടെ നോക്കി.

അമ്മച്ചി....

ഒന്ന് പതുക്കെ വിളിക്കെന്റെ ആലി. എന്നാത്തിനാ ഇങ്ങനെ അലറി മനുഷ്യനെ പേടിപ്പിക്കുന്നത്.ഇത് നമ്മുടെ വീടല്ല. പെണ്ണിന് കുറച്ച് കൂടുന്നുണ്ട് ഈ ഇടയായിട്ട്. അന്നമ്മച്ചി അലിയെ നോക്കി പേടിപ്പിച്ചു.

അപ്പുറത്തിരിക്കുന്ന ആ കൊച്ചിനെ ഇന്നലെ ചാടിച്ചു കൊണ്ട് വന്നതാണോ?
ആലി അതൊന്നും വക വയ്ക്കാതെ അമ്മച്ചിയെ നോക്കി പേടിപ്പിക്കുന്നുണ്ട്.

ഒന്ന് പതുക്കെ പറ എന്റെ പെണ്ണെ ആ കൊച്ച് കേട്ട എന്ത് കരുതും. അന്നമ്മ അവളോട്‌ ശബ്ദം താഴ്ത്തി പറഞ്ഞു. 

ചോദിച്ചതിന് ഉത്തരം താ അമ്മച്ചി അത് നേരാണോ. അവളും കാര്യം അറിയാനുള്ള തത്രപ്പാടിൽ അമ്മച്ചിയെ അനുസരിച്ച് ഒരൽപ്പം ഒച്ച താഴ്ത്തി ഒന്നു മയപ്പെട്ടു.

ആ...  നേര് തന്നെയാ. ചാടിച്ചത് മാത്രമല്ല ഇന്നലെ കാലത്ത് ഏതോ ക്ഷേത്രത്തിൽ കൊണ്ട് പോയി താലിയും കെട്ടിയിട്ട കൊണ്ട് വന്നേക്കണത്. ഇവിടെ വന്നപ്പോഴല്ലേ ഞങ്ങളും കാര്യങ്ങളൊക്കെ അറിഞ്ഞത്.
അപ്പുറത്തിരിക്കുന്ന സിദ്ധി കേൾക്കാത്ത രീതിയിൽ രഹസ്യമായാണ് അന്നമ്മച്ചി മോൾക്ക്‌ എല്ലാം വിവരിച്ചു കൊടുക്കുന്നത്. 

ആലിയുടെ കണ്ണൊക്കെ ചുമന്ന് ചുണ്ടൊക്കെ സങ്കടം കൊണ്ട് കോടിപ്പോയി.

അന്നമ്മ തിരിഞ്ഞു നിന്നു ചായ എടുക്കുന്നതിനാൽ അതൊന്നും കണ്ടില്ല

കെവി മോന്റെ നാട്ടിലെവിടോ ഉള്ള കൊച്ചാ. സ്നേഹിച്ചതാന്ന് തോന്നുന്നു. നല്ല ഒന്നാംതരം പട്ടര് കൊച്ച്. നല്ല അടക്കവും ഒതുക്കവും നല്ല സംസാരവും, നല്ല സ്നേഹവും. 

എനിക്കാണെങ്കിൽ നല്ലോണം അങ്ങ് ബോധിച്ചു. രണ്ടു പേരും തമ്മിൽ എന്നാ ഒരു ചേർച്ചയാ . അന്നമ്മച്ചി പുകഴ്ത്തി വിടുന്നത് ഇഷ്ടാപ്പെടാതെ ആലി അപ്പൊ തന്നെ തിരികെ ഇറങ്ങി പോയി.

ചോദിക്കാൻ വിട്ടു. കല്യാണമൊക്കെ എങ്ങനുണ്ടായിരുന്നു ആലിയെ. അന്നമ്മച്ചി ചായയുമായി തിരിഞ്ഞപ്പോൾ ആട് കിടന്നിടത്തു പൂടപോലുംമില്ല.

ആലി ജോയലിനടുത്തേക്ക് തന്നെ തിരികെ വന്നു. ഇപ്പൊ ഡയനിംഗ് ടേബിളിൽ സിദ്ധിയെ കാണാനില്ല. അവൾ മുറിയിലേക്ക് പോയി കാണുമെന്ന് തോന്നി അവൾക്ക്.

എവിടെ അയാള് ഈ ജന്മം പെണ്ണ് കെട്ടുന്നില്ലെന്നു പ്രതിജ്ഞയെടുത്തു നടന്ന ആ ബ്രഹ്മചാരി. എനിക്കൊന്നു കാണണം ആ മാന്യനെ. ആലി സോഫയുടെ പിറകിൽ വന്നു നിന്ന് ജോയലിന്റെ തോളിൽ പിടിച്ചൊരു തള്ള് കൊടുത്തു.

എടി അതിന് നീ എന്തിനാ എന്റെ ദേഹം നോവിക്കുന്നത് അക്രമി .അവൻ ദേ പുറത്ത് ഉണ്ട്  അങ്ങോട്ട്‌ പോയി അവന്റെ മേലെ കേറടി കുതിരേ.  ജോയൽ എഴുനേറ്റു പുറത്ത് നിന്ന് കാറ് കഴുകുന്ന എബിയെ ചൂണ്ടിക്കാട്ടികൊടുത്തു.

ആലി പിന്നൊരു പോക്കായിരുന്നു മുറ്റത്തേക്ക്.

ഇന്നലെ രാത്രി തന്നെ ഒറ്റക്കാക്കി രക്ഷപെട്ട്  പോയ എബിക്കുള്ള പണി ആലിയുടെ രൂപത്തിൽ അങ്ങോട്ട്‌ തിരിച്ച് കൊടുത്ത ചാരിതാര്‍ഥ്യത്തിൽ ജോയൽ നിന്ന് പുളകം കൊണ്ടു.

ആലി.... ഈ പെണ്ണിതെവിടോട്ട് പോയി. അന്നമച്ചി ചായയെടുത്തപ്പോൾ അപ്രത്യക്ഷയായ ആലിയെ തിരക്കി ഹാളിലേക്ക് വന്നു.

ജോ മോനെ ആലിയെ കണ്ടായിരുന്നോ? ചായ എടുത്തപ്പോ ആളെക്കാണാനില്ല. 

ആലി എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങി അന്നമ്മച്ചി. ചായ അവിടെ വച്ചേക്കാൻ അവള് വന്നെടുത്തു കുടിച്ചോളാന്ന് പറഞ്ഞിട്ടാ പോയെ. അന്നമ്മച്ചിക്ക് സംശയം തോന്നാത്ത രീതിയിൽ അവരെ ജോയൽ മടക്കി അയച്ചു.

ഈ സമയം പുറത്ത് ബക്കറ്റിൽ പതച്ചു വച്ചിരിക്കുന്ന കാർ വാഷ് ചെയ്യാനുള്ള ലിക്വിഡിൽ ഒരു തുണി മുക്കി ഫ്രണ്ട് ഗ്ലാസ്സ്  തുടക്കുകയായിരുന്നു എബി.

അതേ...  ആലി എബിയുടെ പുറകിൽ ചെന്നു നിന്ന് ശബ്ദമുയർത്തി വിളിച്ചു.

എബി ചുളിഞ്ഞ നെറ്റിയോടെ ആരാണെന്ന രീതിയിൽ ഒന്ന് തിരിഞ്ഞു നോക്കി.

ആലിയെ കണ്ടതും എബിയുടെ നെറ്റിയിലെ വരകൾ മാഞ്ഞു അവൻ അവളെ അടിമുടി നോക്കി. അവളെ സാരിയിൽ ആദ്യമായി കാണുന്നതിന്റെ ഒരു തിളക്കം അവന്റെ കണ്ണുകളിൽ നിറഞ്ഞു . എന്നാൽ അത് അവൾക്ക് മനസിലാകാത്ത രീതിയിൽ  അവൻ ബോധപൂർവം മറച്ചു പിടിച്ചു.

എന്താ? അവൻ ഗൗരവത്തിൽ അവളെ നോക്കി പുരികമുയർത്തി.

ഇയാളല്ലേ പറഞ്ഞത് കല്യാണമൊന്നും കഴിക്കാതെ ഈ ജന്മം സന്യസിക്കാനാണ് നിങ്ങളുടെ ഒടുക്കത്തെ തീരുമാനമെന്ന്.
ആലി നല്ല ദേഷ്യത്തിലായിരുന്നു. അതിനപ്പുറം മനസ് വിങ്ങുന്നത് അവളും മറച്ചു പിടിച്ചു.

അതെന്തിനാ ഇപ്പൊ ഇവിടെ പറയുന്നതെന്നുള്ള സംശയത്തിൽ എബി അവളെ തന്നെ ഒന്നും മനസിലാക്കാതെ നോക്കി നിന്നു.

പിന്നെ എങ്ങനാ ഒരുത്തിയെ കൊണ്ടു വന്ന് അകത്ത് പ്രതിഷ്ടിച്ചിരിക്കുന്നത്. അത് പറയുമ്പോൾ അറിയാതെ ശബ്ദം ഒന്നിടറി കണ്ണും നിറഞ്ഞ് പോയി.

അത് എബി തിരിച്ചറിയുകയും ചെയ്തു.

നീ ഇതെന്തൊക്കെയാ ഈ പറയുന്നത്? നിനക്കിപ്പോ എന്താ വേണ്ടേ? എനിക്ക് വേറെ ജോലിയുണ്ട് ആലി. നിന്റെ വാലും തുമ്പും ഇല്ലാത്ത തമാശകളിക്കൊന്നും നിൽക്കാൻ എനിക്ക് സമയമില്ലെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ നീ പോയെ. എബി അവളെ മയിന്റ് ചെയ്യാതെ ജോലി തുടർന്നു.

തമാശയോ? ആലി അവനടുത്തേക്ക് പോയി അവന്റെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി.

എന്റെ ഇഷ്ടം എബിച്ചായന് തമാശയാണല്ലേ. അതുകൊണ്ടായിരിക്കും എന്നെക്കാളും അടക്കവും ഒതുക്കവുമുള്ള ആ പെങ്കൊച്ചിനെ  എബിച്ചായൻ
കെട്ടി കൂടെ കൂട്ടിയതല്ലേ . ആലിക്ക് കണ്ണ് നീറി അത് കവിളിലൂടെ ഒഴുകിയിറങ്ങി.

ആലി പറഞ്ഞത് കേട്ട് എബി അമ്പരന്ന് പോയി. സിദ്ധിയെ കണ്ട് അവൾ തെറ്റിദ്ധരിച്ചതാണെന്ന് അവന് മനസിലായി. അവളീ പറയുന്നത് അന്നമ്മച്ചിയോ ആരെങ്കിലും കേട്ടോണ്ട് വന്നാലോ എന്ന് ഭയന്നു എബി അകത്തേക്കൊന്നു എത്തി നോക്കി.

ഇവിടെ നടക്കുന്നത് ഒരു സിനിമ കാണുന്ന പോലെ രസം പിടിച്ച് നിന്ന് കാണുന്ന ജോയലിനെ കണ്ടതും എബിക്ക് മനസിലായി ഇത് അവന്റെ പണിയാണെന്ന്.

എബി തന്നെ കണ്ടെന്നു മനസിലായതും ജോയല് ഒന്നും അറിയാത്തതു പോലെ സീലിങ്ങിലേക്കൊക്കെ നോക്കി ചുമരിലെ പൊടിയൊക്കെ തട്ടി പതിയെ നടന്ന് അകത്തേക്ക് കയറി പോയി.

എബി ആലിക്ക് നേരെ തിരിഞ്ഞു ഇടുപ്പിൽ കൈ കുത്തി നിന്ന് അവളെ നോക്കി. അപ്പൊ നിനക്ക് തന്നെ അറിയാം നിനക്ക് അടക്കവും ഒതുക്കവുമൊന്നുമില്ലെന്ന്.

അവൻ കളിയാക്കുന്നപോലെ പുച്ഛത്തോടെ പറഞ്ഞതും അവൾക്ക് വീണ്ടും ദേഷ്യം വന്നു.

ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ എബിച്ചയനല്ലേ പറഞ്ഞത് എന്നെയെന്നല്ല ആരെയും ഈ ജന്മത്ത് കല്യാണം കഴിക്കില്ലെന്ന്. എന്നിട്ട് നിങ്ങളെന്നെ ചതിച്ചില്ലേ പറഞ്ഞവാക്കിന് വിലയില്ലാത്ത ദുഷ്ടാ. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് മാറ്റി അവൾ പുലിക്കുട്ടിയെ പോലെ ചീറി.

ദേ പെണ്ണെ സ്റ്റിയറിങ്ങു പിടിച്ചുതഴമ്പിച്ച കയ്യാ ഇത് കൊണ്ടൊരെണ്ണം ഇട്ട് തന്നാ നീ പിന്നെ മൂന്നിന്റന്നേ കണ്ണ് തുറക്കൂ. ഞാനെപ്പോഴാടി നിന്നെ ചതിച്ചത്. എബി വലതു കൈ നീട്ടി കൊണ്ടു പറഞ്ഞതും ആലി പേടിച്ചു കവിള് പൊത്തിപ്പിടിച്ചു.

എബിക്കൊരു വാക്കേ ഉള്ളു ഞാൻ പറഞ്ഞാൽ പറഞ്ഞതാ. ഞാനൊരുത്തിയെയും കെട്ടിയിട്ടും ഇല്ല ഇനി ഒട്ടു കെട്ടാൻ പോകുന്നുമില്ല. പ്രത്യേകിച്ച് നിന്നെ കേട്ടല്ലോ. അവൻ വിരൽ ചൂണ്ടി ഒരു താക്കീതോടെ പറഞ്ഞതും അവൾ അറിയാതെ തലയാട്ടി പോയി. എന്നാൽ  അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼🌼

ഇന്നത്തെ പാർട്ട്‌ ആലിയും എബിയും കൊണ്ടു പോയി 😂😂😂😂


ഈണമായ്‌ 12

ഈണമായ്‌ 12

5
255

എബി ഡാ മോനെ വിട്ടേ കൈ ഒടിയും  കൈ ഒടിയും ആ.... ജോയലിനെ  ഒതുക്കത്തിൽ  കിട്ടിയപ്പോ തന്നെ ആലിയെ പറഞ്ഞിളക്കി വിട്ടതിന് എബി കൈ ഉടനെ കൊടുക്കുകയാണ്.എബി തിരിച്ചൊടിച്ച കയ്യിലേക്ക് ദയനീയമായി നോക്കി കൊണ്ട് ജോയൽ അവനെ നെഞ്ചിൽ പിടിച്ച് ആഞ്ഞൊരു തള്ള് കൊടുത്തു.ഒന്ന് വേച്ചുപോയെങ്കിലും നേരെ നിന്നിട്ട് എബി അവനെ കലിപ്പിൽ നോക്കി.നിനക്ക് ഇതെന്തിന്റെ കേടാ ജോ പെണ്ണിനെ പറഞ്ഞിളക്കി വിട്ടിരിക്കുന്നു.ഇവിടേക്ക് വരുമ്പോഴെല്ലാം മനുഷ്യൻ തീയിൽ ചവിട്ടിയ പോലാ നിൽക്കുന്നത് തന്നെ.എപ്പോഴാ എന്താ ചെയ്യാന്ന് ഒരു വെളിവും വെള്ളിയാഴ്ച ഇല്ലാത്തവളാ. അവൾ ഇവിടെ ഉള്ളപ്പോൾ പേടിച്ചാ ഞാൻ  ഓ