Aksharathalukal

ക്രൈം ഇൻവെസ്റ്റിഗേഷൻ-ഇൻ്റർകാസ്റ്റ് മാര്യേജ് Part 1 (തിരക്കഥ)

സീൻ 1
എറണാകുളം.

1992 സെപ്റ്റംബർ മാസം. 

 രാത്രി. ഓട് മേഞ്ഞ ഒരു ചെറിയ വീട്. 
ചാറ്റൽമഴ പെയ്യുന്നു.

 കിടപ്പുമുറി.

കട്ടിലിൽ സുഭദ്ര (25) കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ  ഇരിപ്പുണ്ട്.

 പൊടുന്നനെ ശശിധരനും  സാവിത്രിയും മുറിയിലേക്ക് വന്നു.

ശശിധരൻ (56) നീരസത്തിൽ പറഞ്ഞു " ഇരുന്ന് മോങ്ങാതെ എന്തേലുമെടുത്ത് കഴിക്കെടീ.. സൂക്കേട് വരുത്തി വച്ച് കല്യാണം മുടക്കരുത്."

സുഭദ്ര വിഷമത്തിൽ അറിയിച്ചു "അച്ഛാ ജോസഫിനെ മറക്കാൻ പറയല്ലേ..എനിക്കിനി വേറൊരാള് പറ്റില്ല"

സാവിത്രി (50)പുച്ഛം കലർന്ന സ്വരത്തിൽ തിരക്കി "ഒരു നസ്രാണി ചെക്കനെ ആരതി ഉഴിഞ്ഞ് കേറ്റണം  അല്ലെടീ..അത് നടക്കില്ല പൊന്നുമോളെ. "

ശശിധരൻ ദൃഢ ശബ്ദത്തിൽ "ഒരു ഗതിയുമില്ലാത്ത അവനെ മറന്നേക്ക്. പറഞ്ഞൊറപ്പിച്ച പോലെ   കൊല്ലത്തെ ചെക്കൻ നിന്നെ കെട്ടും നമ്മുടെ ഇന്നത്തെ നിലക്ക് ഇനി ഇതുപോലെ  നല്ലൊരു ബന്ധം    കിട്ടില്ല" 

 പിന്നെയും  മിഴികൾ നിറയ്ക്കുന്ന സുഭദ്ര.

വെളിയിൽ ജനലിന് സമീപം ഭരതൻ (28)  ഗൗരവത്തിൽ നോക്കി നിന്നു.


സീൻ 2
കൊല്ലം.

പകൽ. പത്ത് പത്ത് . അഞ്ച് മുറികളും അടുക്കളയും ഉൾപ്പെടുന്ന വീട് (വിശ്വനാഥൻ്റെ വീട്) .

ഉമ്മറം. 

വിശ്വനാഥൻ (29) വിഷമത്തിൽ ഒരാലോചനയിൽ  നിന്നു.  

ഭാസ്ക്കരൻ (59) മുറിയിൽ നിന്ന്  അവിടേക്ക് വന്നു.

ഭാസ്ക്കരൻ ദേഷ്യത്തിൽ "വിഷമം കണ്ടിട്ട് നിൻ്റെ  വേണ്ടപ്പെട്ടവരാരോ ചത്ത പോലെ ഉണ്ടല്ലോടാ  " 

വിശ്വനാഥൻ
 നിസ്സംഗതയിൽ നോക്കി നിന്നതേയുള്ളൂ.

ഭാസ്ക്കരൻ :"  നസ്രാണി പെണ്ണിനെയും കൊണ്ട് കല്യാണത്തിന് മുമ്പ് ഒളിച്ചോടാനാണു ഉദ്ദേശമെങ്കിൽ.. അച്ഛനെ  ശരിക്കറിയാല്ലോ "

വിശ്വനാഥൻ വിഷമത്തിൽ"  എനിക്ക്  പെട്ടെന്നങ്ങനെ സാറയെ ഒഴിവാക്കാൻ പറ്റില്ലച്ഛാ.."

ഭാസ്ക്കരൻ ഗൗരവത്തിൽ പറഞ്ഞു :" അവളെ നിൻ്റെ മനസ്സീന്ന്   ഒഴിപ്പിക്കാനെനിക്കറിയാം.  എറണാകുളത്തെ പെങ്കൊച്ചിനെ  തന്നെ നീ കെട്ടും. " 

വിശ്വനാഥൻ ഒന്നും പറയാതെ നിസ്സഹായതയിൽ നിന്നു.

സീൻ 3
എറണാകുളം.

പകൽ. പതിനൊന്ന് .പള്ളി. അൾത്താര.

വിവാഹ വസ്ത്രമണിഞ്ഞ് നിസ്സംഗരായി ജോസഫും (30) സാറയും (26)  വൈദികർക്ക് മുൻപിൽ നിന്നു. 

ചുറ്റും ചെറു പുഞ്ചിരിയിൽ നില്ക്കുന്ന ബന്ധുക്കൾ.

  ജോസഫ്  സാറയുടെ കഴുത്തിൽ താലി കെട്ടി.

സീൻ 4
കൊല്ലം.

രാത്രി. ഒമ്പത് പതിനഞ്ച് .

ഓട് മേഞ്ഞ ഒരു കൊച്ചു വീട്.

മണിയറ.

കട്ടിലിൽ വിഷമിച്ച് 
 ജോസഫും സാറയും ഇരിക്കുന്നു. 

ജോസഫ് (30) പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "സ്നേഹിച്ച ആളെ കിട്ടാത്ത നമ്മുടെ രണ്ടുപേരുടെയും   സങ്കടം ഒരേ പോലെയാ. കുടുംബത്തെ വേണ്ടപ്പെട്ടവര്  പിണങ്ങാതിരിക്കാൻ മാത്രമല്ലല്ലോ അവരുടെ  സങ്കടം കാണാനും  മേലാഞ്ഞിട്ടല്ലേ"

സാറ (26) വിതുമ്പലിൽ അറിയിച്ചു "എൻ്റെ മനസ്സിലെ സങ്കടം പെട്ടെന്ന് മാഞ്ഞ് പോകില്ല. ഒരുപാട് നാളത്തെ സ്നേഹമുണ്ട് "

 പൊടുന്നനെ ജോസഫ്
 തെല്ല് ദേഷ്യത്തിൽ   അറിയിച്ചു :   "മതവും കുല മഹിമയും  പറഞ്ഞ് വേർപിരിക്കുന്നവർക്ക്   അറിയില്ലല്ലോ  സ്നേഹിച്ചിട്ടകലുന്നവരുടെ സങ്കടം..  നമുക്ക്  കുടുംബത്തെ  പേടിയായി പോയി  "

സാറ തേങ്ങുന്നു.


സീൻ 5.
എറണാകുളം.

പകൽ .ക്ഷേത്രം .കതിർ മണ്ഡപം. 

  സുഭദ്രയും വിശ്വനാഥനും  വിവാഹ വേഷത്തിൽ  ഇരുന്നു. ഇരുമുഖത്തും നിസ്സംഗത.

 ചുറ്റും നിന്ന  ബന്ധു ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ   സുഭദ്രയെ വിശ്വനാഥൻ  താലി അണിയിക്കുന്നു.

സീൻ 6
കൊല്ലം.

1993 നവംബർ മാസം.

 പകൽ. പതിനൊന്ന് അഞ്ച്. റോഡ്.

  കുറഞ്ഞ  വേഗതയിൽ അംബാസിഡർ കാർ ഓടിക്കൊണ്ടിരുന്നു .

ജോസഫ് (31) ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. മുൻ സീറ്റിൽ സുഭദ്ര (26)ഉണ്ട്.

ജോസഫ് : " നിന്നെ കാണാൻ വന്നത് വിശ്വനാഥനറിയണ്ട."

സുഭദ്ര "ഇല്ല.സാറയ്ക്കും കുഞ്ഞിനും സുഖമല്ലേ. " 

ജോസഫ് " ഉം. ഇവിടിറക്കാം  മോൻ ഉണരുന്നതിനു മുമ്പ് ചെല്ല്. "

അത് പറഞ്ഞ് നിർത്തുന്നതും  എതിരെ വന്ന ലോറി  കാറിൽ ഇടിച്ച് കയറിയതും  ഒരുമിച്ചായിരുന്നു. 

അവിടേക്ക് നാട്ടുകാർ നിലവിളിയിൽ    ഓടിയടുത്തു
*                                          *                           *
സീൻ 7
കൊല്ലം.

1994 ജനുവരി മാസം.

പകൽ. പത്ത് പത്ത് . അഞ്ച് മുറികളും അടുക്കളയും ഉൾപ്പെടുന്ന ഒരു   വീട്.
 (വിശ്വനാഥൻ്റെ വസതി) .

ഉമ്മറം.

 ഭാസ്ക്കരൻ (60) വിഷമത്തിൽ നിൽക്കേ വിശ്വനാഥൻ (30) ഗൗരവത്തിൽ "അമ്മ ഇല്ലാത്ത ഒരു കൊച്ച്  അകത്ത് കിടപ്പുണ്ട്.  അച്ഛൻ ഇല്ലാത്ത മറ്റൊന്ന് എറണാകുളത്തും . "

 ഭാസ്ക്കരൻ
       വിഷമത്തിൽ  വിശ്വനാഥനെ  നോക്കി.

 വിശ്വനാഥൻ ദൃഢ ശബ്ദത്തിൽ   അറിയിച്ചു  :"ഇവിടുത്തെ ചെക്കന്  ഒരമ്മ വേണം. അവിടെ സാറയുടെ   പയ്യനും ഒരച്ഛൻ വേണം.  ഞാനവരെ ഇങ്ങോട്ട് കൊണ്ടു വരും. മതവും മഹിമയും    പറഞ്ഞ്   അച്ഛൻ  എതിർത്താലും  ഞാൻ അനുസരിക്കില്ല" 

  അതിന് മറുപടി ഒന്നും  പറയാതെ ഭാസ്ക്കരൻ മിഴികൾ കുനിച്ചു.
*                                   *                               *
സീൻ 8
കൊല്ലം.

1995 സെപ്റ്റംബർ മാസം.

പകൽ. വിശ്വനാഥൻ്റെ വസതി.
 മുറ്റം. 

പതിയെ നടക്കുന്ന രണ്ട് വയസ്സുള്ള രണ്ട് ആൺകുട്ടികൾ.

ഉമ്മറത്ത്  വിശ്വനാഥനും ( 32) സാറയും (29) സംതൃപ്തിയിൽ പുഞ്ചിരിക്കുന്നു.

അരികിൽ നിന്ന ഭാസ്ക്കരൻ (62) സന്തോഷത്തിൽ പുഞ്ചിരിച്ചു.
*                                *                              *
സീൻ 9
എറണാകുളം.

2022 നവംബർ മാസം .

പകൽനേരം.ഏഴ് പത്ത് . പുഴ. 

മുകളിൽ പാലത്തിലൂടെ  ഒരു പോലീസ് ജീപ്പ്  വന്നു.പതിയെ തിരിഞ്ഞ് താഴെ റോഡിലേക്ക്  ഇറങ്ങി. 

ജനങ്ങൾ കൂട്ടം കൂടി  നിൽക്കുന്നതു കാണാം.

അരികിൽ ചെന്ന് പൊലീസ് ജീപ്പ് നിന്നു.

 സിഐ ശരത്ചന്ദ്രൻ (35) മുൻവശത്ത് നിന്നിറങ്ങി.  

പോലീസുകാരും എസ് ഐ മഹേഷും ആ അടുത്തെത്തി. 

സി ഐ ശരത്ചന്ദ്രൻ പോലീസുകാർക്ക്  ഒപ്പം  നടന്നു.

 ഒരു യുവാവ് (ശ്രീജേഷ്-31) പുഴക്കരയിൽ മരിച്ച് കിടപ്പുണ്ട്. ധരിച്ചിരുന്ന    പാൻ്റ്സും ഷർട്ടും നനഞ്ഞിരിക്കുന്നു.

സിഐ ശരത്ചന്ദ്രൻ ഗൗരവത്തിൽ : "ഫോറൻസിക് എത്തിയോ "

എസ് ഐ മഹേഷ് (30) സൗമ്യശബ്ദത്തിൽ " ഉണ്ട് സാർ "

സിഐ ശരത്ചന്ദ്രൻ " അവര് പറയുന്നതനുസരിച്ച് നമുക്ക് ബോഡി പോസ്റ്റുമോർട്ടം  ചെയ്യാം. ഞാൻ  എസ് പിയെയും ഡി വൈ എസ് പിയെയും  അറിയിച്ചിട്ടുണ്ട് .അവര് പെട്ടെന്ന് എത്തും "

പോലീസ്കാരും എസ് ഐ  മഹേഷും അനുകൂലിച്ച്  നിന്നു.
*             .              .
സീൻ 10
പകൽ. പത്ത് ഇരുപത് .പോല
സി ഐ ഓഫിസ്.

സി ഐ ശരത് ചന്ദ്രന് അഭിമുഖം എസ് ഐ മഹേഷ് കസേരയിൽ ഇരിക്കുന്നു.

സിഐ ശരത് ചന്ദ്രൻ"   പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച്  പുഴയിലെ വെള്ളത്തിൽ മുങ്ങിയല്ല മരണം. നേരം വെളുക്കാൻ  ഏതാനും മണിക്കൂറുകൾ ശേഷിക്കെയാ  മരണം സംഭവിച്ചത്.  അതുവഴി രാത്രി  പോയ എല്ലാ വണ്ടികളും സിസിടിവി വച്ച് ട്രാക്ക് ചെയ്യണം "

എസ് ഐ മഹേഷ് "ശ്രീജേഷിനെ കൊല്ലാൻ പക ഉള്ള ശത്രുക്കൾ ആരും തന്നെയില്ല എന്നാ കൂട്ടുകാരും  അയൽക്കാരും പറഞ്ഞത്. വീട്ടുകാരുടെ മൊഴി കൂടി കിട്ടിയാലേ നമുക്ക് മുൻപോട്ട് പോകാനൊക്കൂ "

സി ഐ ശരത്ചന്ദ്രൻ "ഫ്യൂണറൽ കഴിഞ്ഞ് ചെന്ന് കാണാം "
*            *             *
സീൻ 11
പകൽ. പതിനൊന്ന് പത്ത് . ശ്രീജേഷും  കുടുംബവും താമസിക്കുന്ന വീട് (ഒരു അടുക്കളയും മൂന്ന് മുറികളും മാത്രമുള്ള വീട്) .

ഉമ്മറം

വിതുമ്പലടക്കി വിഷമത്തിൽ നില്ക്കുന്ന രണ്ട് പെൺകുട്ടികൾ (ശ്രീനയും ശ്രീജയും ). അരികിൽ അമ്മ സീതമ്മ (55).  ആ മുഖത്തുമുണ്ട് സങ്കടം.
  

എസ് ഐ മഹേഷും 
' ഐ ശരത് ചന്ദ്രനും  അഭിമുഖം നില്പുണ്ട്.

സി ഐ ശരത്ചന്ദ്രൻ "  വലിയ വീട്ടിലെ ഒരു പെൺകുട്ടിയുമായി ശ്രീജേഷിന് അഫയർ ഉണ്ടായിരുന്നു അല്ലെ "

" ഉം. "എന്ന് അറിയിച്ച് ഒരു പെൺകുട്ടി ( ശ്രീജ - 25 ) പറഞ്ഞു "ഗംഗേച്ചീടെ കല്യാണം ഉറപ്പിച്ച ശേഷം ഏട്ടൻ നല്ല  വിഷമത്തിലായിരുന്നു "

പൊടുന്നനെ എസ് ഐ മഹേഷ് മിഴികൾ താഴ്ത്തി.

സിഐ ശരത്ചന്ദ്രൻ "ഗംഗയുടെ വീട്ടുകാരിൽ നിന്ന്  ഭീഷണി ഉണ്ടായിട്ടുണ്ടോ....  അതിനെപ്പറ്റി ശ്രീജേഷ് എന്തെങ്കിലും പറഞ്ഞിരുന്നോ "

രണ്ടാമത്തെ പെൺകുട്ടി (ശ്രീന-23)" അവരുടെ കമ്പനിയിലെ സ്റ്റാഫ്  ആയിരുന്നു ഏട്ടൻ. പിന്മാറണം ഇല്ലെങ്കിൽ പിരിച്ചു വിടുമെന്ന് പറഞ്ഞിരുന്നു "

സി ഐ ശരത്ചന്ദ്രൻ "അന്ന് ശ്രീജേഷിനെ അവസാനം കണ്ടത് എപ്പഴാ.. ഇവിടുന്ന് എത്ര മണിക്കാ പോയത്"

സീതമ്മ
വിഷമം കലർന്ന സ്വരത്തിൽ അറിയിച്ചു "രാവിലെ പോയിട്ട് വന്നില്ല. കുറച്ച് താമസിച്ചേക്കുമെന്ന് വിളിച്ച് പറഞ്ഞു "

സി ഐ ശരത്ചന്ദ്രൻ "കാരണം പറഞ്ഞില്ലേ "

സി ഐ  ശരത്ചന്ദ്രനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ സീതമ്മ " രണ്ട് ദിവസം മുമ്പ് കമ്പനിയിൽ ഉള്ള ഒരു കൂട്ടുകാരൻ്റെ  ഒരു കല്യാണപാർട്ടി ഉണ്ടെന്ന്  പറഞ്ഞിരുന്നു."

 ഒരു ആലോചനയിൽ
സി ഐ ശരത്ചന്ദ്രൻ നിന്നു.
*        *              *
സീൻ 12
പകൽ. പന്ത്രണ്ട് അഞ്ച് ഒരു കൊച്ചു വീട്

 ഉമ്മറം
ജസ്റ്റിൻ (29) പതിയെ പുറത്തേക്ക് വന്നു സുധീഷ് (29) ഒപ്പമുണ്ട്.

സിഐ ശരത് ചന്ദ്രൻ ഇരുവരെയും നോ
ക്കി" എന്താ പേര് "

"ജസ്റ്റിൻ "എന്ന് പരിചയപ്പെടുത്തിയ യുവാവ് ഒപ്പമുള്ള ആളെ നോക്കി "സുധീഷ് " എന്ന് പറഞ്ഞു.

സിഐ ശരത്ചന്ദ്രൻ "നിങ്ങടെ സ്വന്തം സ്ഥലം എവിടാ "

"കൊല്ലം."എന്ന് അറിയിച്ച് ജസ്റ്റിൻ പറഞ്ഞു" ഞാനും സുധീഷും  ശ്രീജേഷും   ഇവിടെ ഒരു കമ്പനിയിൽ ഒരുമിച്ചായിരുന്നു "

എസ് ഐ മഹേഷ് "  അന്ന് രാത്രി നിങ്ങള് മൂന്നു പേരും  ഒരു ഫങ്ഷനിൽ ഒരുമിച്ച് ഉണ്ടായിരുന്നല്ലോ .ഏത് ഫ്രണ്ട് നടത്തിയ ഫങ്ഷനാ"

സുധീഷ് "ക്രിസ്റ്റി. ഞങ്ങടെ കമ്പനിയിൽ ഉള്ളതാ."

സി ഐ ശരത്ചന്ദ്രൻ "ഫങ്ഷൻ കഴിഞ്ഞ് എത്ര മണിക്ക് ഇറങ്ങി. "

ജസ്റ്റിൻ പതിഞ്ഞ ശബ്ദത്തിൽ "ഒൻപത് "

എസ് ഐ മഹേഷ് "ശ്രീജേഷും നിങ്ങടെ ഒപ്പം വന്നോ "

ജസ്റ്റിൻ " ഇല്ല.കുറച്ച് നേരത്തെ അവൻ ബൈക്കിൽ കയറി പോയി "

സി ഐ ശരത് ചന്ദ്രൻ " അന്ന് പിന്നെ നിങ്ങള്  ശ്രീജേഷിനെ വിളിച്ചോ"

സുധീഷ് "വിളിച്ചു കിട്ടിയില്ല " 

ആ കണ്ണുകളിലേക്ക് ഇമ വെട്ടാതെ നോക്കി എസ് ഐ മഹേഷ് "എത്ര മണിക്ക് "

ജസ്റ്റിൻ ഭാവഭേദമന്യേ :"ഒൻപതര കഴിഞ്ഞിരിക്കും. "

സിഐ ശരത്ചന്ദ്രൻ ആ മുഖത്തേക്ക്  ഇമ വെട്ടാതെ നോക്കി "പിന്നെ രാവിലെ മരിച്ച വിവരം  അറിഞ്ഞു അല്ലെ"

ജസ്റ്റിൻ പതിയെ മൂളി.

സി ഐ ശരത് ചന്ദ്രൻ അളക്കും വിധം ഇരുവരെയും നോക്കി "അന്ന് എല്ലാവരും  മദ്യ ലഹരിയിൽ ആയിരുന്നു അല്ലെ.... "

ജസ്റ്റിൻ മിഴികൾ കുനിച്ചു. സുധീഷും.

എസ് ഐ മഹേഷ് " കമ്പനിക്ക് പുറത്ത് ശ്രീജേഷിന് ശത്രുക്കൾ ആരുമില്ല എന്നാ ബന്ധുക്കളും അയൽക്കാരും പറയുന്നത് .നിങ്ങടെ അറിവിൽ.... ശ്രീജേഷ് ബെസ്റ്റ് ഫ്രണ്ട് എന്നല്ലെ അന്ന് വന്നപ്പം പറഞ്ഞത് "

ജസ്റ്റിൻ " ഗംഗയുടെ വീട്ടുകാരുടെ എതിർപ്പ്...  ഞങ്ങൾക്ക് വേറൊന്നും അറിയില്ല. പക്ഷെ അവനെ കൊന്നിട്ട്  ഒരുത്തനും  രക്ഷപ്പെടില്ല.
"ആ മിഴികളിൽ നിശ്ചയദാർഢ്യം.
*           *            *         *
സീൻ 13
പകൽ. പന്ത്രണ്ട് ഇരുപത്.തിരക്ക് കുറഞ്ഞ ഒരു റോഡ് 

പോലീസ് ജീപ്പ് കുറഞ്ഞ വേഗതയിൽ ഓടിക്കൊണ്ടിരുന്നു.

ഡ്രൈവ് ചെയ്യുന്ന എസ് ഐ മഹേഷ് " ഗംഗേമായുള്ള കല്യാണത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് എന്നെ  ശ്രീജേഷിൻ്റെ ഫ്രണ്ട്സ് വന്ന് കണ്ടിട്ടുണ്ട്. പക്ഷെ അവര് പറഞ്ഞത് മൊത്തത്തിൽ വിശ്വസിക്കണ്ട"

കോഡ്രൈവർ സീറ്റിലിരുന്ന് 
സിഐ ശരത് ചന്ദ്രൻ " തൻ്റെ പെങ്ങടെ പിന്നാലെ ചുറ്റിത്തിരിയുന്ന രണ്ടിലൊരെണ്ണം ഇപ്പം കണ്ട ജസ്റ്റിനാ അല്ലെ"

എസ് ഐ മഹേഷ് തെല്ല് അമ്പരപ്പിൽ " സാറിനെങ്ങനെ   മനസ്സിലായി" 

അതിന്
സിഐ ശരത്ചന്ദ്രൻ  ചിരിച്ചതേ ഉള്ളൂ.

എസ് ഐ മഹേഷ് പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു  " ഈ പറയുന്ന  ജീവനും  ജസ്റ്റിനും ഒരു വീട്ടിൽ തന്നെയാ  താമസം. ബ്രദേഴ്സ് ആണെങ്കിലും ഒരമ്മയുടെ മക്കളല്ല. അച്ഛനും ഡിഫറൻ്റ്. രക്ത ബന്ധം ഇല്ലാത്ത ബ്രദേഴ്സ്." 

പോലീസ് ജീപ്പ് റോഡിലൂടെ ഓടുന്നു.
*                                 *                              *
സീൻ 14.
രാത്രി ഒൻപത് പത്ത് . സുഭദ്രയുടെ സഹോദരൻ  ഭരതൻ വസിക്കുന്ന ബംഗ്ലാവ്. (ചാലിയത്ത് വീട്)

ബെഡ് റൂം. 

 ഗംഗ (26) കട്ടിലിൽ  നിർവീകാര്യതയിൽ 
  ഇരിക്കുന്നു.

ഭരതൻ (58) മുറിയിലേക്ക് വന്നു. ഗൗതം (28) ഒപ്പമുണ്ട്.

ഭരതൻ" ഇതെന്തൊരിരിപ്പാ മോളെ. എന്തെങ്കിലും ഒന്ന് കഴിക്ക് "

ഗംഗ മിഴികൾ ഉയർത്തിയില്ല.

ഗൗതം "നീ എന്തിനാ ഞങ്ങളോട് പിണങ്ങിയിങ്ങനെ മിണ്ടാതിരിക്കുന്നത്. ശ്രീജേഷിനെ ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല.   മഹേഷ് വിളിച്ചിട്ട് നീ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞു. "

ഭരതൻ " കഴിഞ്ഞത് തീർന്നു.  അവനെ ഒഴിവാക്കണമെന്ന്  ആഗ്രഹിച്ചിരുന്നു. അതു പക്ഷെ ഈ ഭൂമിയിൽ നിന്നല്ല .
നമ്മുടെ  ജീവിതത്തിൽ നിന്നാ."  

ഭരതനെ ഗംഗ  കണ്ണുകളിൽ  നൊമ്പരം നിറച്ച്     നോക്കി.
*                                 *                            *
സീൻ 15.
പകൽ. പത്ത് പത്ത് . പോലീസ് സ്റ്റേഷൻ.

  സീറ്റിൽ  ശരത് ചന്ദ്രൻ  ഇരിപ്പുണ്ട്. എതിർവശത്ത് കസേരയിൽ 
എസ് ഐ മഹേഷും.

എസ് ഐ മഹേഷ് "രാത്രി ആ വഴി ഗംഗയുടെ ബ്രദർ ഗൗതം  കാറിൽ പോയിട്ടുണ്ട്. പാലത്തിന് മുമ്പുള്ള സിസിടിവിയിൽ പതിഞ്ഞ കാർ പിന്നെ അരമണിക്കൂർ കഴിഞ്ഞാ ടൗണിൽ എത്തുന്നത്. "

സിഐ ശരത്ചന്ദ്രൻ എസ് ഐ മഹേഷിനെ സംശയിച്ച് നോക്കി

എസ് ഐ മഹേഷ് " ക്വസ്റ്റ്യൻ ചെയ്തു. കാറിൽ ഡ്രൈവർ ആയിരുനെന്നും വീട് അവിടെ പുഴയ്ക്കരയ്ക്കരികിൽ എന്നുമാ   പറഞ്ഞത്. "

 സിഐ ശരത് ചന്ദ്രൻ  :" പുഴയ്ക്കരയിൽ.... വീട്ടിൽ ചെന്ന് തിരക്കിയൊ"

എസ് ഐ മഹേഷ് : "പതിനഞ്ച് മിനിറ്റ് അവിടെ ഉണ്ടായിരുന്നു എന്നാ വീട്ടുകാര് പറയുന്നത് "

സി ഐ ശരത് ചന്ദ്രൻ "അത് അവിടം കൊണ്ട് നിർത്തണ്ട . ഡോഗ് സ്ക്വാഡും  ഫിംഗർപ്രിൻ്റ്സും  നിരാശപ്പെടുത്തിയ സ്ഥിതിക്ക് ഇനി അതേ  വഴിയുള്ളൂ. ഡ്രൈവറെ ഫോക്കസ് ചെയ്ത് അയാൾടെ കോൾ ഡീറ്റേൽസ് കളക്ട് ചെയ്യണം."
*                            *                                 *
സീൻ 16.
പകൽ. ഒരു കൊച്ചു വീട്. ഉമ്മറം.

അജയൻ (32) പരിഭ്രമത്തിൽ  നിന്നു.
സിഐ ശരത്ചന്ദ്രൻ മുമ്പിൽ നില്പുണ്ട്.  എസ് ഐ മഹേഷും..

സി ഐ ശരത്ചന്ദ്രൻ "അജയൻ ചാലിയത്തെ വണ്ടിയോടിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി "

അജയൻ "രണ്ട് വർഷം "

സി ഐ ശരത്ചന്ദ്രൻ "ശ്രീജേഷിനെ പരിചയം ഇല്ലെ"

അജയൻ "കമ്പനിയിൽ വച്ച് കണ്ടിട്ടുണ്ട് "

സി ഐ ശരത് ചന്ദ്രൻ "ശ്രീജേഷ് മരിച്ച ദിവസം രാത്രി ഗൗതം  അജയനെ വിളിച്ചിരുന്നു . അജയൻ ശ്രീജേഷിനെയും  . ഇത് രണ്ടും നടന്നത് കാർ പാലത്തിലൂടെ കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാ "

അജയൻ " ശ്രീജേഷിൻ്റെ  പെങ്ങളെ എൻ്റെ ഒരു കൂട്ടുകാരനു കെട്ടാൻ താല്പര്യം ഉണ്ടായിരുന്നു. അതിനെപ്പറ്റിയാ സംസാരിച്ചത് .  രാവിലെ  ബംഗ്ലാവിൽ കാറുമായി  വരണമെന്ന് പറഞ്ഞാ ഗൗതം സാറ് വിളിച്ചത് "

സിഐ ശരത്ചന്ദ്രൻ " ആ സമയം  എവിടെയായിരുന്നു ഗൗതം    "

അജയൻ "  ഞാൻ ഇറങ്ങുമ്പം ഭരതൻ സാറും ഗൗതം സാറും ചാലിയത്ത്
 വീട്ടിൽ ഉണ്ടായിരുന്നു. "
*                          *                        *
സീൻ 17
പകൽ. മെഡിക്കൽ ഡിവൈസ്  മാനുഫാക്ചറിംഗ് കമ്പനി. 

മാനേജർ ക്യാബിൻ.

എസ് ഐ മഹേഷിനും സിവിൽ പൊലീസ് ഓഫിസർ മാർട്ടിനും മുമ്പിൽ ജയേഷ് (35)  നിന്നു.

എസ് ഐ മഹേഷ് ചെറുചിരിയിൽ " ഒരു ഒഫീഷ്യൽ ക്വസ്റ്റ്യൻ ഉണ്ട്. സ്റ്റോർ ഇൻ ചാർജ്ജായിരുന്ന കൊല്ലപ്പെട്ട ശ്രീജേഷിനെ പ്രതി ചേർത്ത്  കമ്പനി സ്റ്റോറിൽ നിന്ന് മെഡിക്കൽ കൺസ്യൂമബ്ൾസ് നഷ്ടപ്പെട്ടു എന്നൊരു കേസ് സ്റ്റേഷനിൽ വന്നിരുന്നല്ലോ. സിസിടിവി ക്യാമറ മിഴി തുറക്കാത്ത ദിവസം ഐ സി യുവിൽ യൂസ് ചെയ്യുന്ന ബബിൾ സിപാപ്പ് മെഷിൻ്റെ കൺസ്യൂമബ്ൾസ് കട്ടെടുത്ത്  ഡീലറിന് മറിച്ച് വിറ്റെന്നൊരു കേസ്."

ജയേഷ് പരുങ്ങലിൽ നിൽക്കേ എസ് ഐ മഹേഷ്" അത് ശ്രീജേഷിനെ ഗംഗയുടെ ലൈഫിൽ നിന്ന്  ഒഴിവാക്കാൻ വേണ്ടിയുള്ള കള്ളക്കേസ് ആയിരുന്നു അല്ലെ.. കമ്പനി പാർട്ണർ ഭരതൻ സാറും മകനും ഉൾപ്പെടുന്ന  ടോപ്പ് ലെവൽ തീരുമാനം. "


ജയേഷ് " കൺസ്യൂമബ്ൾസ് പകുതി ഞങ്ങൾക്ക് കമ്പനി ഗസ്റ്റ് ഹൗസിൽ നിന്ന് കിട്ടിയിരുന്നു. സ്റ്റോറിൽ ഹെൽപ്പ് ചെയ്തിരുന്ന പയ്യൻ കാണിച്ചൊരു അബദ്ധമാ  ''

എസ് ഐ മഹേഷ് ജയേഷിനെ നേ ാക്കി " ശ്രീജേഷിന് ഒരുപാട്  ഫിനാൻഷ്യൽ പ്രോബ്ളം ഉണ്ടായിരുന്നു  അല്ലെ..നിങ്ങളും കാശ് കൊടുത്ത് സഹായിച്ചത് ഒക്കെ അറിയാം "

ജയേഷ് "ഒന്നും തിരിച്ച് കിട്ടിയിട്ടില്ല"

എസ്ഐ മഹേഷ് " അതും പറഞ്ഞ് നിങ്ങള് ഒച്ച വച്ച്   ദേഷ്യപ്പെട്ടിരുന്നു. "

മിഴികൾ കുനിച്ച് ജയേഷ്  ഉത്തരമില്ലാതെ നിന്നു.

എസ് ഐ മഹേഷ് " സംഭവദിവസം  രാത്രി എവിടെ ആയിരുന്നു  "

ജയേഷ് "എൻ്റെ വീട്ടിലുണ്ടായിരുന്നു "

സി പി ഒ മാർട്ടിൻ (33) " ഈ സരിൻ ആരാ "

ജയേഷ് "എൻ്റെ ഒരു റിലേറ്റീവാ "

സി പി ഒ മാർട്ടിൻ ഗൗരവത്തിൽ അറിയിച്ചു " ഡ്രൈവർ അജയനെ സരിൻ രണ്ട് മൂന്ന് തവണ വിളിച്ചിട്ടുണ്ട്.  ശ്രീജേഷിനെയും. ശ്രീജേഷ് കൊല ചെയ്യപ്പെട്ട രാത്രിയിലും "

ജയേഷ് ഒരമ്പരപ്പിൽ" എനിക്ക് ഒന്നും മനസ്സിലാകുന്നില്ല"

എസ് ഐ മഹേഷ് " വിളിച്ച  മൂന്ന്  ദിവസവും  ഫോൺ  ഉപയോഗിച്ചത് ജയേഷെന്നാ   സരിൻ പറഞ്ഞത്. വിളിച്ചയുടൻ നമ്പർ ഡിലീറ്റ് ചെയ്യുന്നതു കൊണ്ട് അയാൾക്ക് ആളെ അറിയില്ല. "

ജയേഷ് ഭയത്തിൽ അറിയിച്ചു"സാറിൻ്റെയും ഗംഗയുടെയും   കല്യാണം ഉറപ്പിച്ച ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീജേഷ് കമ്പനിയിൽ വരുന്നില്ല.  കാശിന് കുറച്ച് അത്യാവശ്യം ഉണ്ടായി .എൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ എടുക്കില്ല. അതാ പരിചയമില്ലാത്ത നമ്പർ ഉപയോഗിച്ചത്. "

എസ് ഐ മഹേഷും 
 സി പി ഒ മാർട്ടിനും  വിശ്വാസം വരാതെ സംശയിച്ച് നിന്നു.
*                            *                           *
സീൻ 18
പകൽ. ശ്രീജേഷും കുടുംബവും താമസിക്കുന്ന വീട്.

ഉമ്മറം.
  സരിൻ (31) നിറം  മങ്ങിയ  ചിരിയോടെ മുറ്റത്തു നിന്ന്  പടി കയറി ചെന്നു.

അവിടെ നില്ക്കുന്ന ശ്രീജ നീരസം നിറഞ്ഞ മിഴികൾ ഉയർത്തി നോക്കി.

സരിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"വിഷമിക്കരുത് എന്ന് പറയാൻ പറ്റില്ല. പക്ഷെ ശ്രമിക്കണം. പഴയ ജീവിതത്തിലേക്ക് തിരിച്ചു ചെല്ലണം."

ശ്രീജ നിസ്സംഗതയോടെ അറിയിച്ചു "ഇവിടെ ഞാൻ മാത്രേ ഉള്ളൂ. ഇങ്ങനെ  നില്ക്കണ്ട ഇവിടെ ...വേഗം പോ"

 സരിൻ നിഷ്കളങ്കത നടിച്ച് കൊണ്ട്  തിരക്കി  : " എന്താ ശ്രീജേ നീ  ഇങ്ങനെ പറയുന്നത്....   ഇനി ഈ കുടുംബം നോക്കേണ്ടത് ഞാനല്ലേ. എല്ലാം ഞാൻ ശ്രീജേഷിനടുത്ത് പറഞ്ഞതാ. പെട്ടെന്ന് നമ്മുടെ കല്യാണം നടത്താമെന്ന്  സമ്മതിച്ചിരുന്നു"

ശ്രീജ വിഷമത്തിൽ പറഞ്ഞു "ഈ സമയം ഇങ്ങനെ എന്നോട് പറയരുത്. നേരത്തെ എല്ലാം  ഞാൻ  പറഞ്ഞതല്ലേ "

സരിൻ ദേഷ്യത്തിൽ പറഞ്ഞു "നിനക്ക് മറ്റവൻ സുധീഷ് വേണമെന്ന് ആയിരിക്കും. എൻ്റെ കസിൻ ജയേഷ് കൊടുത്തതു കൂടാതെ സ്നേഹ സമ്പന്നൻ ശ്രീജേഷ് ഏട്ടൻ എൻ്റെ കൈയ്യിൽ നിന്ന് എത്ര മേടിച്ചെന്നറിയാമോ. നിന്നെ കെട്ടി അത് സഹിക്കാം എന്ന് വിചാരിക്കുമ്പം വെറുതെ ഇടഞ്ഞ് നില്ക്കല്ലെ "

ശ്രീജ വിഷമത്തിൽ പറഞ്ഞു: "കുടുംബത്തെ കടം തീർക്കാൻ കുറച്ച് പൈസ ഏട്ടൻ മേടിച്ചിട്ടുണ്ട്. ഇത് വിറ്റിട്ടാണെങ്കിലും ഞങ്ങളത് തരും"

പെട്ടെന്ന് സുധീഷ് മുറ്റത്തേക്ക് നടന്നു വന്നു.

 സുധീഷ് ദേഷ്യത്തിൽ ഉമ്മറത്തേക്ക് നോക്കി
 
സരിൻ പകയോടെ പടിയിറങ്ങി ആ മുൻപിലെത്തി "ഒറ്റയ്ക്ക് ഇരിക്കുമ്പം ഇവളുടെ സങ്കടം നെഞ്ചിലേക്ക് കേറ്റാൻ വന്നതാ അല്ലെ. എൻ്റെ പൈസ കിട്ടാതെ  ഇവളുടെ കൂടെ കിടന്ന് ഒരുത്തനും  ഉറങ്ങില്ല "

സുധീഷ് സൗമ്യ സ്വരത്തിൽ "കാശ് ഞാൻ തരും. അതിന് ഇവിടെ വന്ന് ഭീഷണി വേണ്ട. ഈ  വിലയിടീലും" 

സരിൻ
ഒന്നമർത്തി മൂളി കൊണ്ട്   ചെന്ന്  ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോയി

*                                 *                            *
സീൻ 19
പകൽ. ക്ഷേത്രത്തിനു സമീപമുള്ള ഒരു റോഡ്.

ഗംഗ ഒരു ഓട്ടോയിൽ വന്നിറങ്ങി.

ജസ്റ്റിൻ ബൈക്ക് നിർത്തി കാത്ത് നില്പുണ്ട്.

ഗംഗ നിസ്സംഗതയോടെ ആ മുൻപിൽ എത്തി
 
ജസ്റ്റിൻ സങ്കടത്തിൽ "മനസ്സിൽ ഒരിക്കലും വിചാരിക്കാത്ത കാര്യാ വിധി പെട്ടെന്ന് ചെയ്യുന്നത്. എല്ലാം മറക്കണം.പുറത്തേക്ക് ഒക്കെ ഇറങ്ങണം. ഇനി വീട്ടുകാര് പറഞ്ഞു വച്ചത് നടക്കട്ടെ. ഇനിയും ഒരു ജീവിതം ഉണ്ട്. " 

വേദനയോടെ ചിരിച്ചു കൊണ്ട് ഗംഗ " ചില മനുഷ്യർക്ക് വിധി നിർണ്ണയിക്കാൻ പറ്റും. അച്ഛനും അപ്പൂപ്പനും ഉണ്ടാക്കിയ ബാധ്യത തീർക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിൽ  പോയി. ഇനി വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് യന്ത്ര പാവ പോലെ...."

ജസ്റ്റിൻ " കാണണമെന്ന് പറഞ്ഞത് വേറൊരു കാര്യമുണ്ട്... സരിൻ അജയൻ ആ രണ്ട് പേര് ശ്രീജേഷ് പറഞ്ഞ് കേട്ടിട്ടുണ്ടോ."

ഗംഗ "എന്തോ പൈസയുടെ  ഇടപാടുണ്ട്. അതറിയാം. "

ജസ്റ്റിൻ "അന്ന് വൈകിട്ട്  ശ്രീജേഷ് വിളിച്ചോ"

ഗംഗ " എൻഗേജ്മെൻ്റ് തീരുമാനിച്ച ശേഷം അധികം വിളിയില്ലായിരുന്നു. പക്ഷെ അന്ന് വിളിച്ചു. രാത്രി കുറച്ച് പൈസയുടെ കാര്യത്തിന് ആ പുഴയ്ക്കരയ്ക്ക് അടുത്തുള്ള സ്ഥലത്ത് പോകുമെന്ന് പറഞ്ഞു.."

ജസ്റ്റിൻ " എന്നാ ഗംഗ ചെല്ല് "

ഗംഗ." അമ്പലത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാ.പിറകെ കുറെ കണ്ണുകളുണ്ട് "

ജസ്റ്റിൻ  ചെറുതായി മന്ദഹസിച്ചതേയുള്ളൂ.
*                                     *                         *'
സീൻ 20
രാത്രി. എട്ട് പത്ത്. ടൗൺ ബാർ.

ഏറെക്കുറെ നല്ല തിരക്കുണ്ട്

അരണ്ട വെളിച്ചത്തിൽ സരിൻ ഒരു കസേരയിൽ ഇരിപ്പുണ്ട്. എതിർവശത്ത് അജയനും. ടേബിളിൽ ഗ്ലാസ്സും മാംസം നിറച്ച പ്ലേറ്റും  മദ്യക്കുപ്പികളും .

സരിൻ " സികെ ഇടഞ്ഞ് തന്നെയാണല്ലോ. നമ്മള് ശ്രമിച്ചു. ശ്രീജേഷ് അടുത്തില്ല. "

അജയൻ "പൊലീസ് പ്രതിയെ തേടി പരക്കം പാഞ്ഞ് നടക്കുവാ.ഇപ്പം തന്നെ ഇവിടെ ആളുണ്ട്  ചെക്ക് ചെയ്യാൻ "

സരിൻ " എന്നെ  സിഐ  നാളെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്. ആ സികെയെ കൂടെ കൂട്ടിയത് വിനയായി. എങ്ങോട്ടും മാറാൻ പറ്റാത്ത അവസ്ഥയായി പോയില്ലേ" 

അജയൻ പതിയെ  മദ്യം  കുടിക്കുന്നു.
*                           *                               *
 സീൻ 21
പകൽ പതിനൊന്ന് ഇരുപത്  പോലീസ് സ്റ്റേഷൻ.

കസേരയിൽ ഒരു ചെറുപ്പക്കാരൻ ( സുമേഷ് - 28) ഇരിപ്പുണ്ട്. സമീപം എസ് ഐ മഹേഷും സി പി ഒ മാർട്ടിനും നില്പുണ്ട്.

സി ഐ ശരത് ചന്ദ്രൻ സുമേഷിനെ നോക്കി "സുമേഷ് എത്ര വർഷമായി കമ്പനിയുടെ സ്റ്റോറിൽ ജോലി ചെയ്യുന്നു"

സുമേഷ് "മൂന്ന്"

സി ഐ ശരത് ചന്ദ്രൻ അളക്കുന്ന വിധം നോക്കി" ശ്രീജേഷ് ഇല്ലാത്ത സമയം സുമേഷ് ആണ്    സ്റ്റോറിൽ ഇൻവെൻ്ററി മാനേജർ..ഏതോ ഡീലർ കേസ് പറഞ്ഞല്ലോ മാനേജർ ജയേഷ് ... എന്താ സംഗതി "

സുമേഷ് പതിഞ്ഞ ശബ്ദത്തിൽ "
 ഹോസ്പിറ്റലിൽ എൻഐസിയുവിൽ ഡിവൈസ് റണ്ണിംഗ് ടെസ്റ്റ് ചെയ്യാറുണ്ട് അതിനു വേണ്ട മെഡിക്കൽ കൺസ്യൂമബ്ൾസ് കമ്പനി ഡീലറിന് ആദ്യം ഫ്രീയായിട്ടാ കൊടുത്തിരുന്നത്. "

സി ഐ ശരത്ചന്ദ്രൻ "മാർക്കറ്റിംഗ് ടൂൾ. മെഷീൻ ബബ്ൾ  സിപ്പാപ്പ് അല്ലെ..  മെഡിക്കൽ കൺസ്യൂമബ്ൾ എന്നു പറയുമ്പം നേസൽ മാസ്ക്കും ബോണറ്റും  എക്സ്പിറേറ്ററി ട്യൂബും ഇൻഫ്ലോ ജനറേറ്ററും ബബ്ൾ ജാറും ഒക്കെ അല്ലെ..  ഇവിടുത്തെ കംപ്ലയ്ൻ്റ് ബുക്കിലുണ്ട് ലിസ്റ്റ്. "

സുമേഷ് "അതെ.ഫ്രീ ഓഫ് കോസ്റ്റ് സപ്ളെ നിർത്തി  കൺസ്യൂമബ്ൾസെല്ലാം ബിൽ ചെയ്യാൻ കമ്പനി മാനേജ്മെൻ്റ് പറഞ്ഞു. ഡീലർ കുറച്ച് പൈസ ഓഫർ ചെയ്ത് നിർബ്ബന്ധിച്ചു. സിസിടിവി ഓഫ് ചെയ്തു  കുറെ ഞാൻ ഗസ്റ്റ് ഹൗസിൽ എത്തിച്ചു. "

സി ഐ ശരത്ചന്ദ്രൻ സംശയത്തോടെ  "സ്റ്റോക്ക് എങ്ങനെ മാനേജ് ചെയ്യും."

സുമേഷ് പതിഞ്ഞ ശബ്ദത്തിൽ " അത് ഞാൻ  സോഹോ  ഇൻവെൻ്ററി അഡ്ജസ്റ്റ് ചെയ്ത് സ്റ്റോക്ക്  ക്ലിയറാക്കി "

സി ഐ ശരത്ചന്ദ്രൻ " ശ്രീജേഷിനെ കമ്പനി  പ്രതിയാക്കി അല്ലെ"

സുമേഷ് "മാനേജർ ജയേഷ് സാർ അത് കണ്ടു പിടിച്ചു "

സി ഐ ശരത് ചന്ദ്രൻ " ഏതാ ആ ഡീലർ "

സുമേഷ് പതിഞ്ഞ ശബ്ദത്തിൽ "കുര്യൻ "

 എസ് ഐ മഹേഷും
സി ഐ ശരത് ചന്ദ്രനും സംശയത്തോടെ പരസ്പരം നോക്കി.
*                         *                            *
സീൻ 22 A
പകൽ. പതിനൊന്ന് ഇരുപത്. പോലീസ് സ്റ്റേഷൻ.

കസേരയിൽ ഇരിക്കുന്ന സരിൻ .

സി ഐ ശരത് ചന്ദ്രൻ ആ മുഖത്തേക്ക് നോക്കി : "അന്ന് രാത്രി മാനേജർ ജയേഷ് ഒപ്പമുണ്ടായിരുനെന്നല്ലേ പറഞ്ഞത്..... അങ്ങനെയാണെങ്കിൽ ജയേഷ് പറഞ്ഞത് 
സത്യം .വിശ്വസിക്കാം. അല്ലെങ്കിൽ  എപ്പഴാ  ജയേഷ് ഫോൺ വാങ്ങിയതെന്ന് പറയേണ്ടി വരും."

സരിൻ " ഞങ്ങളൊരുമിച്ച് ഒന്ന് കൂടിയിരുന്നു രാത്രി"

    (ഫ്ലാഷ് ബാക്ക്)

സീൻ 23

രാത്രി. സരിൻ താമസിക്കുന്ന കൊച്ചു വീട്.
മുൻവശത്തെ മുറി.

സെറ്റിയിൽ ഇരുന്ന് കൊണ്ട് ജയേഷ് പറഞ്ഞു" കാശ് കുറച്ച് അവൻ തിരിച്ചു തരണം. നീ വെറുതെ ഓരോന്ന് പറഞ്ഞ് പൈസ എത്രയാ ഞാൻ കൊടുത്തത്"

എതിർ വശത്ത് സെറ്റിയിൽ ഇരിക്കുന്ന സരിൻ "അവളെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാ.ശ്രീജേഷ് പാട്ടിലാകണം
 അല്ലാതെ വേറെ  വഴിയില്ല. "

ഇരുവർക്കുമിടയിൽ ടേബിളിൽ ഗ്ലാസ്സും മദ്യകുപ്പിയും ഉണ്ട്.

ജയേഷ് "അത് നിനക്ക്. ആ
ഫോണിങ്ങെടുക്ക്. ഞാൻ നിൻ്റെയാ ഭാവി അളിയനെ വിളിക്കട്ടെ "

സരിൻ നീട്ടിയ ഫോൺ മേടിച്ച്
ജയേഷ് എണീറ്റ് മാറി നിന്നു.

 അത് ശ്രദ്ധിച്ചു കൊണ്ട് സരിൻ പതിയെ മദ്യം കുടിക്കുന്നു.

തിരികെ വന്ന് മൊബൈൽ നൽകി കൊണ്ട് ജയേഷ്  "അടുത്താഴ്ച . ഇനി അവധിയില്ല. ഇത് ലാസ്റ്റ് എക്സ്ക്യൂസ് ആണെന്ന്  പറഞ്ഞു. വെറുതെ പുളിക്കൊമ്പേൽ കേറി പിടിച്ചിട്ട്  കമ്പനിയിൽ പോലും വരാതെ.... എന്നാ ഞാനിറങ്ങുവാ .നീ ഫിനിഷ് ചെയ്തോ. "
ജയേഷ് പതിയെ പുറത്തേക്ക് നടന്നു.
      
         സീൻ 22 B
പകൽ പോലീസ് സ്റ്റേഷൻ

സരിൻ ഒരു പേടിയോടെ കസേരയിൽ ഇരിക്കുന്നു

 സി ഐ ശരത്ചന്ദ്രൻ "പിന്നീട് അവിടെ  ഡ്രൈവർ അജയൻ വന്നു. നിങ്ങളൊരുമിച്ച് ശ്രീജേഷിനെ തേടിയിറങ്ങി."

സരിൻ സംഭ്രമത്തിൽ" ഇല്ല "..

സിഐ ശരത്ചന്ദ്രൻ "ജയേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ  ഡീലർ  കുര്യൻ .... അയാളെ അറിയില്ലേ " 

സരിൻ  ഒരന്ധാളിപ്പോടെ" ഇല്ല സാർ" 

സി ഐ ശരത്ചന്ദ്രൻ ആ മുഖത്തേക്ക്  സംശയിച്ച് നോക്കി.

സീൻ 24
പകൽ. പത്ത് പതിനഞ്ച് . 'ചെങ്ങറ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്. '  എന്ന കമ്പനി.

 ബൈക്ക് കൊണ്ട് വന്ന് നിർത്തി ജസ്റ്റിൻ ഇറങ്ങി. പിന്നിൽ നിന്ന് സുധീഷും.

റിസപ്ഷൻ.

കൗണ്ടറിലെ പെൺകുട്ടിയോട് ജസ്റ്റിൻ" കുര്യൻ സാർ ഇല്ലെ."

പെൺകുട്ടി (25) "സാർ ബിസിനസ് ട്രിപ്പ് പോയി. "

സുധീഷ് "എന്ന് വരും."

പെൺകുട്ടി "ഈ വീക്കെൻഡ് എത്തും "

 ജസ്റ്റിൻ  ഇച്ഛാഭംഗം നിറഞ്ഞ കണ്ണുകളോടെ   സുധീഷിനെ  ഒന്ന് നോക്കി.
*                               *                          *
സീൻ 25

പകൽ രണ്ട് അമ്പത്. ഗംഗയുടെ ചാലിയത്ത്  വീട്.
മുറ്റം

പോലീസ് ജീപ്പ് വന്ന് നിന്നു.

സിവിൽ പൊലീസ് ഓഫിസർ മാർട്ടിനും സി ഐശരത്ചന്ദ്രനും  സിറ്റൗട്ടിൽ നിന്ന്
 ഹാളിൽ കയറി.

 ഗൗതം സംശയിച്ച് സെറ്റിയിൽ നിന്ന് എഴുന്നേല്ക്കുന്നു. അരികിൽ നില്ക്കുന്ന അജയൻ പരിഭ്രമം കാട്ടി.

സി ഐ ശരത്ചന്ദ്രൻ "രണ്ടു പേരെയും ഒരുമിച്ച് കാണണമെന്ന് പറഞ്ഞത് എൻ്റെ ഒരു സംശയം മാറ്റാൻ വേണ്ടിയാ.
 ഒന്ന് പുറത്തേക്ക് വാ. നമുക്കവിടെ നിന്ന് സംസാരിക്കാം."

മുറ്റം.

പോർച്ചിൽ  പുതിയതെന്ന് തോന്നിപ്പിക്കുന്ന ഒരു കാർ കിടപ്പുണ്ട്. ശ്രീജേഷ് കൊല്ലപ്പെട്ട രാത്രി പാലം വഴി പോയ കാർ.

സി ഐ ശരത്ചന്ദ്രൻ "അന്ന് രാത്രി അജയൻ പോയത് ഈ വണ്ടിയിൽ അല്ലെ"

അജയൻ " അതെ "

സി ഐ ശരത്ചന്ദ്രൻ "സർവ്വീസ് ചെയ്ത് സൂപ്പറാക്കിയിട്ടുണ്ടല്ലോ"

ഗൗതം ഒരു സംശയത്തിൽ   "എന്താ സാറെ "

സി ഐ ശരത്ചന്ദ്രൻ "അജയൻ അന്ന്  രാത്രി പന്ത്രണ്ടിന്  ഒരു നമ്പറിൽ വിളിച്ചിരുന്നു. ഇവിടുത്തെ പണിക്കാരൻ ഉപയോഗിക്കുന്ന നമ്പർ. ചോദിച്ചപ്പോൾ  ശ്രീജേഷ് മരിച്ച ദിവസം ഫോൺ  അയാളുടെ കൈയ്യിൽ  ഇല്ലായിരുനെന്നാ പറഞ്ഞത്.." 

അജയൻ പരിഭ്രമിച്ച് നിൽക്കുമ്പോൾ സിഐ ശരത്ചന്ദ്രൻ" അന്നാരാ സംസാരിച്ചത് " 

അജയൻ പതർച്ചയിൽ " അത് വണ്ടിയുടെ കാര്യമാ "

ഗൗതം  പരിഭ്രമിച്ച് നോക്കി  നിൽക്കേ സി ഐ ശരത്ചന്ദ്രൻ "അത്  ഗൗതം സാറിനെ അല്ലെ വിളിച്ച് പറയേണ്ടത്. നമ്പർ മാറ്റി വിളിക്കാൻ ഗൗതം സാറ് പറഞ്ഞോ.."
 
അജയൻ തിടുക്കത്തിൽ "വാസുവേട്ടൻ്റെ കൈയ്യീന്ന് ഫോൺ പോയ കാര്യം ഞാനറിഞ്ഞിരുന്നില്ല"

സി ഐ ശരത്ചന്ദ്രൻ ദേഷ്യത്തോടെ "ഉരുളല്ലേ. നീയിവനെ വിളിച്ച് അന്നെന്താടാ പറഞ്ഞത്. ശ്രീജേഷിനെ തീർത്തെന്നോ "

അജയൻ ദൈന്യത നിറഞ്ഞ സ്വരത്തിൽ അറിയിച്ചു : " സത്യായിട്ടും ഞാനല്ല സാറെ..."

സി ഐ ശരത്ചന്ദ്രൻ "പിന്നെന്താ ഗൗതം ഏല്പിച്ച ദൗത്യം "

അജയൻ ഭയത്തോടെ നിൽക്കുമ്പം 
ഗൗതം വെളിപ്പെടുത്തി" കൊല്ലാൻ ഞാൻ പറഞ്ഞിട്ടില്ല. രണ്ട് കൊടുക്കണമെന്ന്
 പറഞ്ഞു.ഗംഗയുടെ കല്യാണ സമയം ഒരു പോബ്ലം ഉണ്ടാകാതിരിക്കാൻ. പക്ഷെ വേറെയാരൊ അതിനു മുമ്പ്.... "

സിഐ ശരത്ചന്ദ്രൻ "അങ്ങനെ പറഞ്ഞ് കൈ കഴുകണ്ട . താനും ക്രിമിനൽ കോൺസ്പിറസിയിൽ   ഉണ്ട് . ഇനിയും നമുക്ക് കാണേണ്ടി വരും."

സിഐ ശരത്ചന്ദ്രൻ തിരിഞ്ഞ് വന്ന് ജീപ്പിനു നേരെ നടന്നു. ഒപ്പം മാർട്ടിനും.

സീൻ 26
പകൽ. രണ്ട് പത്ത് . റോഡ്

ഒരു കടയിൽ നിന്നിറങ്ങി സരിൻ റോഡിലെത്തുമ്പം മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.

മൊബൈൽ കാതിലമർത്തി കൊണ്ട് സരിൻ "എന്താടാ"

 അജയൻ പറയുന്നതു സരിനു കേൾക്കാം  " സി  കെ വിളിച്ചു ഒന്ന് കാണണമെന്ന് "

സരിൻ "എന്തിന്. എല്ലാം  നമ്മള് കാരണമെന്ന് അല്ലെ അന്നയാള് പറഞ്ഞത്. ഇപ്പം എന്തിനാ പുണ്യാളൻ  നേരിൽ കാണുന്നത് " 

അജയൻ പറയുന്നതു സരിനു കേൾക്കാം " നീ നമ്മുടെ പഴയ സ്ഥലത്തേക്ക് വാ. ഞാൻ ഇവിടുണ്ട് .

നമുക്ക് ഒരുമിച്ച് പോകാം" 

സരിൻ 
മൊബൈൽ കയ്യിൽ പിടിച്ച്  ചിന്തിച്ച് നിന്നു.
*                                  *                                 
സീൻ 27.
പകൽ രണ്ട് പതിനഞ്ച്. ഇടവഴി.

ജസ്റ്റിൻ ഗൗരവത്തോടെ കൈ കെട്ടി നിന്നു.

അജയൻ മിഴികൾ കുനിച്ച് നിൽക്കുന്നു.

 പോലീസ് ജീപ്പിന് അരികിൽ  നിന്നു കൊണ്ട് സിഐ ശരത്  ചന്ദ്രൻ : " സരിൻ വരില്ലേ "

മിഴികൾ ഉയർത്താതെ അജയൻ " വരേണ്ടതാണ് "

സി ഐ ശരത്ചന്ദ്രൻ "  തനിക്ക് സികേമായി  നേരിട്ട് ബന്ധമൊന്നുമില്ലല്ലോ ...ബിസിനസ്സ് ട്രിപ്പ് കഴിഞ്ഞ് അയാള് പോലീസ് സ്റ്റേഷനിലേക്ക്  വരും നിങ്ങള് തമ്മിലുള്ള കണക്ഷൻ പറഞ്ഞ് തരാൻ "

അജയൻ മിഴികൾ ഉയർത്തിയില്ല.

ജസ്റ്റിൻ നില്ക്കുന്ന ഭാഗത്തേക്ക്  നോക്കി സി ഐ ശരത്ചന്ദ്രൻ "ബാറിൽ വച്ച് തൻ്റെ ഫ്രണ്ട് കേട്ട പേരാ ഇനി പോലീസിന് മുൻപിലുള്ള ലീഡ്.  "

ജസ്റ്റിൻ വിഷമത്തോടെ പതിയെ  മന്ദഹസിച്ചതേയുള്ളൂ.

സീൻ 28
പകൽ .മൂന്ന് പതിനഞ്ച്. .പോലീസ് സ്റ്റേഷൻ.

സരിൻ ഭയത്തോടെ  നിന്നു.

സി ഐ ശരത് ചന്ദ്രൻ ആ കണ്ണുകളിലേക്ക് നോക്കി "ജയേഷ് ഇറങ്ങി കഴിഞ്ഞ് താനും അജയനും  കൂടി അന്ന് രാത്രി ശ്രീജേഷിനെ തേടിയിറങ്ങി എന്ന ചോദ്യത്തിന് എന്തിനാ കള്ളം പറഞ്ഞത്. " 

ഒരു സി പി ഒ (34)  ശ്രദ്ധിച്ച് നില്പുണ്ട്.

സരിൻ തെല്ല് നീരസം കാട്ടി " അജയൻ എൻ്റെ അടുത്ത  ഫ്രണ്ട് തന്നെയാ.  ഈ പറയുന്ന സി കെ  അവൻ വർക്ക് ചെയ്യുന്ന കമ്പനിയുടെ  ഒരു ഡീലർ മാത്രമാ "

സി ഐ ശരത്ചന്ദ്രൻ "മുമ്പ് ചോദിച്ചപ്പോൾ അറിയില്ലെന്ന് അല്ലെ പറഞ്ഞത് "

സരിൻ " അജയൻ പറഞ്ഞ് കേട്ടിട്ടുണ്ട് "

സിഐ ശരത്ചന്ദ്രൻ "വെറും കേട്ടറിവ്.പിന്നെ നീ അജയൻ വിളിച്ചപ്പോൾ എന്തിനാ  വന്നത് "

സരിൻ "  ശ്രീജേഷ് പലർക്കും 
കാശ് കൊടുക്കാൻ ഉണ്ട്.    അക്കൂട്ടത്തിൽ സി കെ  കാണും .  "

സി ഐ ശരത്ചന്ദ്രൻ "അതല്ലല്ലോ ഉത്തരം. അന്ന് രാത്രി അജയൻ ഓടിച്ച് കൊണ്ടുവന്ന കാറിൽ നീ ആ പുഴക്കരയിൽ
ചെന്നു. കൊല നടത്താൻ  ആ സി കെ കൂടെയുണ്ടായിരുന്നോ "

സരിൻ അസഹിഷ്ണുത പ്രകടിപ്പിച്ചു. "എന്തിനാ സാറേ ഞാൻ  ശ്രീജേഷിനെ കൊല്ലുന്നത് "

സി ഐ ശരത് ചന്ദ്രൻ സിവിൽ പൊലീസ് ഓഫിസറുടെ  നേർക്ക് നോക്കി. 

സിവിൽ പൊലീസ് ഓഫിസർ 
മുൻപോട്ട് ചെല്ലുന്നു. 

സരിൻ സിവിൽ പൊലീസ് ഓഫിസറുടെ  അടി കൊണ്ട്  ഭയന്ന്  പിറകിലേക്ക്  മാറുന്നു. 

സി ഐ ശരത്ചന്ദ്രൻ" ഇനി പറ" 

സരിൻ
 നിസ്സഹായതയിൽ മിഴികൾ ഉയർത്തി നിന്നു.
*                                *                                 *
സീൻ 29
പകൽ പന്ത്രണ്ട് ഇരുപത്.

 കൊച്ചി എയർപോർട്ട് .

അലോഷ്യസ് മാത്യുവും ചെങ്ങറ കുര്യനും യാത്രക്കാരുടെ കൂടെ വെളിയിലേക്ക് വന്നു ഇരുവരുടെയും കൈവശം ലഗേജ് ഉണ്ട്.

"ഒത്തിരി വൈകി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു " എന്ന് പറഞ്ഞ ശേഷം ചെങ്ങറ കുര്യൻ (55) പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു " ശ്രീജേഷിന് പകരം ചാലിയത്ത് കമ്പനിയിൽ നമ്മള് പറഞ്ഞ ആള് തന്നെ വരും."

അലോഷ്യസ് മാത്യു (50) മുന്നറിയിപ്പ് നല്കി "  പക്ഷെ സ്വഭാവം  ആ ചത്തവൻ്റേതു പോലെയാകാതിരുന്നാ മതി. ഒരാവശ്യമുണ്ടേൽ സപ്പോർട്ട് കിട്ടണം."

ചെങ്ങറ കുര്യൻ പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു "ആ അജയനും സരിനും ചെയ്ത ഹെൽപ്പിന് ലൈഫ് ലോംഗ് ചുമക്കാനൊക്കില്ല വി ജസ്റ്റ് ഷുഡ് അവോയ്ഡ് ദം "

ഇരുവരും നടന്ന് കാറിനരികിലെത്തി.

അലോഷ്യസ് മാത്യു " വി വർക്കിംഗ് ആസ് ദ ഡീലേഴ്സ് ഓഫ് ദ സേം ഫേം. ബട്ട് ഔവർ മാർക്കറ്റിംഗ് പ്ലേസ് ഈസ് ഡിഫറൻ്റ്. വി ഷുഡ്  എഗ്രി വിത്ത്  വർക്ക്  ടുഗെദർ ടു ഇലിനിമേറ്റ് ദ അൺവാൻറഡ് ഇലമെൻസ് "
*                                 *                              *
സീൻ 30 A
പകൽ. പോലീസ് സ്റ്റേഷൻ.

കസേരയിൽ ചെങ്ങറ കുര്യൻ പകച്ച് ഇരിപ്പുണ്ട്. അരികെ മറ്റൊരു കസേരയിൽ സരിൻ മിഴികൾ കുനിച്ച് ഇരിക്കുന്നു. 

 മുറിയിൽ  സിവിൽ  പൊലീസ് ഓഫിസർ  മാർട്ടിൻ സി ഐ ശരത്ചന്ദ്രൻ എസ് ഐ മഹേഷ് എന്നിവർ  നില്പുണ്ട്.

സി ഐ ശരത്ചന്ദ്രൻ : "ഞങ്ങളോട് പറഞ്ഞത് സരിൻ ഒന്നു കൂടി കുര്യൻ സാർ കേൾക്കാൻ വേണ്ടി പറ "

സരിൻ നിസ്സഹായതയോടെ കുര്യനെ നോക്കി.

ചെങ്ങറ കുര്യൻ ഭയത്തോടെ ഇരിക്കുന്നു.

സരിൻ ശ്രീജേഷ് കൊല്ലപ്പെട്ട ദിവസം ഓർക്കുന്നു..

(ഫ്ലാഷ് ബാക്ക്)

സീൻ 31
രാത്രി. നന്നേ തിരക്ക് കുറവുള്ള റോഡ്.

അജയൻ കാർ ഡ്രൈവ് ചെയ്യുന്നു. 

 അരികിൽ  ശ്രീജേഷ്  ഇരിപ്പുണ്ട്. സരിൻ
തൊട്ട് പിറകിലുള്ള സീറ്റിൽ  ഇരിക്കുന്നു.

 സരിൻ
പതിഞ്ഞ ശബ്ദത്തിൽ അറിയിച്ചു:  " ഒന്നു കൂടി ആലോചിച്ചിട്ട് ഒരു മറുപടി തന്നാൽ മതി."

ശ്രീജേഷ് നിസ്സംഗതയോടെ  അറിയിച്ചു" ഇനിയൊന്നും ആലോചിക്കാൻ ഇല്ല.  സുധീഷിനെ ശ്രീജ  ഇഷ്ടപ്പെടും പോലെ  അവളോട്  അവനും ഇഷ്ടം ഉണ്ട്.  എനിക്ക് അതേ  നടത്താൻ പറ്റൂ " 

മുൻപിലെ മിററിൽ അജയൻ  ഒന്ന് പാളി നോക്കി.

സരിൻ ഇരുണ്ട മുഖത്തോടെ ഇരിക്കുന്നു.

അജയൻ " സരിൻ ഒത്തിരി ഇഷ്ടപ്പെട്ടു പോയി. ഒരാവശ്യം വന്നപ്പം തന്നെ സഹായിച്ചതും ഇവൻ തന്നെയാ. ഒറ്റവാക്കിൽ പറഞ്ഞ് ഒഴിവാക്കാൻ പറ്റുമോ."

ശ്രീജേഷ് " പരസ്പരം സ്നേഹിക്കുന്നവർ ഒരുമിച്ച് ജീവിക്കണം. എനിക്ക് അതേ പറയാനുള്ളൂ "

അജയൻ " അത് പോട്ടെ കമ്പനി കേസ് എന്തായി.  അങ്ങോട്ടിനി ഇല്ലെ.."

ശ്രീജേഷ്   : " തല്ക്കാലം  വിരട്ടാൻ ഒന്ന്  മാറി നില്ക്കുവാ. ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടെ അറിയട്ടെ.അടുത്താഴ്ച ഞാൻ വരും" 

അജയൻ "അപ്പൊ ഡീലർമാർ വീണ്ടും പെടും. ശ്രീജേഷിന് പകരം വേറെ ആളെ വരെ അവര് കണ്ടു പിടിച്ചു  "

ശ്രീജേഷ് വെറുതെ ചിരിക്കുന്നു. 

കാർ   വലത്തേക്ക് തിരിയുന്നു. ഒരു വിജന വഴി കയറുന്നു.

ശ്രീജേഷ് ഒരു സംശയത്തിൽ തിരക്കി " ഇവിടെ തന്നെയാണൊ ബ്ലേഡ് രാമദാസിൻ്റെ വീട് "

അജയൻ "ഒരു ബ്ലേഡ് ഇവിടുണ്ട് "

പൊടുന്നനെ കാർ നിന്നു.

 കാത്ത് നിന്ന പോലെ ഡോർ തുറന്ന്
ചെങ്ങറ കുര്യൻ  പിൻസീറ്റിൽ കയറി.

ശ്രീജേഷ് അദ്ഭുതത്തോടെ തിരക്കി  " ഇതിൽ  സാറെന്താ "

കാർ മുൻപോട്ട്  നീങ്ങി.

കുര്യൻ "ബ്ലേഡ് തപ്പി അല്ലെ ഇറങ്ങിയത്. മൂർച്ച കൂട്ടാൻ ഒരു കൂട്ട്. പൈസ എന്ന്  കേൾക്കണ്ട. ആർത്തി പൂണ്ട് ഇറങ്ങും. ഞങ്ങള് കുറെ പാവപ്പെട്ട ഇടനിലക്കാരുടെ  ഓഫറൊട്ട് വേണ്ട താനും "

ശ്രീജേഷ് ഭയം കലർന്ന ദേഷ്യത്തോടെ ഒച്ച 
ഉയർത്തി "എങ്ങോട്ടാ പോകുന്നെ.വണ്ടി നിർത്ത് "

പൊടുന്നനെ  സരിൻ പിന്നിൽ നിന്ന്  കഴുത്തിൽ കയർ എറിഞ്ഞ് കുരുക്കിയത് അറിഞ്ഞ് ശ്രീജേഷ് ഒന്നു ഞെട്ടി.

അടുത്ത നിമിഷം ശ്രീജേഷ് കുതറി. 

കുര്യൻ ആ വലതു കൈയ്യിൽ  ഒരു മെഡിസിൻ സിറിഞ്ച് ഉപയോഗിച്ച്   ഇഞ്ചക്ട് ചെയ്തു.

ചെങ്ങറ കുര്യൻ " ഇത് എൻ്റെ മാത്രം തീരുമാനമല്ല. ഞങ്ങളെ പോലെയുള്ള പാവം ഡീലർമാർ ഇന്ത്യയ്ക്ക് വെളിയിൽ നിന്ന് എത്തുന്ന കൺസ്യൂമബ്ൾസ് എങ്ങനെ ഇംപോർട്ട്  ചെയ്യും."


 പ്രതിഷേധം അവസാനിപ്പിച്ച് ശ്രീജേഷ്  സീറ്റിൽ മയങ്ങി കിടക്കുമ്പോൾ സരിൻ കയർ വലിച്ചെടുക്കുന്നു.
*                                *                             *
സീൻ 32
രാത്രി. പന്ത്രണ്ട് അഞ്ച് .

പുഴ.
കാർ വന്ന് കരയിൽ നിന്നു.   

ഡ്രൈവിംഗ് സീറ്റിൽ  നിന്ന് അജയൻ ഇറങ്ങി.

 പിൻഭാഗത്തെ വാതിൽ തുറന്ന് സരിൻ  ഇറങ്ങി.  ഇരുവരും കൈകളിൽ  ഗ്ലൗസ് ഇട്ടിട്ടുണ്ട്.

 രണ്ടു പേരും കരുതലോടെ പരിസരം വീക്ഷിക്കുന്നു. 

 കോ ഡ്രൈവർ സീറ്റിൽ മരിച്ച പോലെ  ശ്രീജേഷ് കിടക്കുന്നു. 

രണ്ടാളും ചേർന്ന് പുഴയിലെ ജലത്തിൽ
  ശ്രീജേഷിനെ കൊണ്ട് വന്ന്   ഇടുന്നു.
*      
സീൻ 30B                                      
പകൽ.പോലീസ് സ്റ്റേഷൻ.

മുറിയിൽ സിഐ ശരത്ചന്ദ്രൻ എസ് ഐ മഹേഷ്  എന്നിവർ നില്പുണ്ട്.

അജയനെ സിവിൽ പൊലീസ് ഓഫിസർ  മാർട്ടിൻ  അവിടേക്ക് കൊണ്ട് വന്നു.

ചെങ്ങറ കുര്യൻ നിസ്സഹായതയോടെ കസേരയിൽ  ഇരിക്കെ  സിഐ ശരത്ചന്ദ്രൻ പറഞ്ഞു :" ഒരു കുടുംബത്തെ നെടുംതൂണ് തകർത്തപ്പൊ മൂന്നിനും മതിയായി അല്ലെ."

കസേരയിൽ സരിൻ മിഴികൾ കുനിച്ച് ഇരിക്കുകയാണ്.

സി ഐ ശരത്ചന്ദ്രൻ " പകുതി ജീവനെടുക്കാൻ ഗൗതം നിയോഗിച്ച അജയൻ നിങ്ങടെ സഹായിയായി നിന്ന്   പൂർണ്ണമായും ശ്രീജേഷിനെ  ഇല്ലാതാക്കി. "

പൊടുന്നനെ അജയൻ മിഴികൾ കുനിച്ചു.

സിഐ ശരത്ചന്ദ്രൻ "ഇനി   മൂന്നു പേർക്കും ഒരുമിച്ച്   ജയിലിൽ കിടക്കാം. വേറൊരു ഐ പി സി വൺ ട്വൻ്റ്വി ബി വകുപ്പ് സ്വപ്നം കണ്ട് "

സിഐ ശരത്ചന്ദ്രൻ ഗൗരവത്തോടെ നിന്നു.

*                                   *                                       *