Aksharathalukal

ഈണമായ്‌ 16

ജോയലിന്റെയും എബിയുടെയും മുന്നിൽ നിന്ന് അധികം ചമ്മാതെ  രക്ഷപെട്ട ആശ്വാസത്തിൽ കെവിൻ  റൂമിൽ എത്തി.


അപ്പോഴും അവന്റെ ചിന്ത വാതിലിന് മറവിൽ നിന്നെത്തിനോക്കിയ ഒരുവളെക്കുറിച്ചായിരുന്നു.


എന്നെ കാത്തിരുന്നതായിരിക്കുമോ അവൾ ഈ നേരം വരെ? ഛെ...  ആ ജോക്ക് തലയ്ക്കു ഓളമാ. ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടാക്കാൻ.


സ്വയം ചോദ്യവും ഉത്തരവും കണ്ടെത്തി അവൻ സമയം നോക്കി നാലര കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഫാക്ടറി വരെ പോണമെന്ന് എബിയോട് പറഞ്ഞത് ഓർത്തു.

എങ്ങാനും ഉറങ്ങി പോയാലോ എന്നോർത്ത് ഒരു ഏഴുമണിക്ക് അലാറം സെറ്റ് ചെയ്തു വച്ചു ഉറങ്ങാനുള്ള പരുപാടിയിലേക്ക് കടന്നു.


തുണി ഉടുത്ത് കിടക്കുന്ന ശീലമില്ലാത്തതു കൊണ്ട്  ബോക്സർ ഒഴികെ ബാക്കി എല്ലാം  വലിച്ചു പറിച്ചു കളഞ്ഞ് കെവിൻ കട്ടിലിലേക്ക് മറിഞ്ഞു.


കിടന്ന് കണ്ണടച്ചിട്ടും ഒന്നുറങ്ങാനാകാത്ത വണ്ണം സമാധാനം കൊടുക്കാതെ സിദ്ധിയുടെ മുഖം കൂടുതൽ മിഴിവോടെ തെളിയുന്നുണ്ടയിരുന്നു അവന്റെ മനസ്സിൽ.


ഈ പെൺകൊച്ച് ഒന്ന് കണ്ണടക്കാൻ സമ്മതിക്കുന്നില്ലല്ലോ? അവൻ ചുരുണ്ട ബ്രൗൺ നിറത്തിലുള്ള മുടിയിൽ  ഒന്ന് വിരലോടിച്ചു പറഞ്ഞ് കൊണ്ടൊന്നു കമിഴ്ന്ന് കിടന്നു.


ഇനി ജോയൽ പറഞ്ഞപ്പോൾ ഞാനും ഒന്ന് ആഗ്രഹിച്ചിരുന്നോ അവൾ എന്നെ കാത്തിരുന്നതാകണേ എന്ന്. കെവിൻ ജാള്യത നിറഞ്ഞ ഒരു കുഞ്ഞ് സംശയം തന്റെ  ഉൾമനസ്സിനോട് തന്നെ ചോദിച്ചു.


മ്മ്... അത് ഒരിക്കലും നടക്കാൻ പോകുന്നില്ല. ഇന്നവൾ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്ന ആൾ ഞാനാകും. പിടിച്ചു നിർത്തി താലി കെട്ടിയവനെയല്ലേ അവൾ കാത്തിരിക്കുന്നത്. ഡോർ അടച്ച ശബ്ദം കേട്ടു വന്നു നോക്കിയതാകും. അതിനും പരിഭവത്തിൽ ചാലിച്ചൊരു ഉത്തരം സ്വയം അവൻ തന്നെ കണ്ടെത്തി.


ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം ഒന്നെത്തി പോലും നോക്കാത്ത വിധത്തിൽ കെവിന്റെ മനസ്സിൽ അവൾ തന്നെയായിരുന്നു.


🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼


സിദ്ധി നേരിയ ഇരുട്ട് നിറഞ്ഞ മുറിയിൽ 
കണ്ണ് തുറന്നു കിടപ്പാണ്.


രാത്രി കെവിൻ ഇറങ്ങി പോയശേഷം സംസാരമൊക്കെ കഴിഞ്ഞു വീണ്ടും അവനെ കാത്തു എല്ലാവരും ഹാളിൽ തന്നെ ഇരിപ്പായിരുന്നു.


ഒത്തിരി ആയിട്ടും കാണാതായപ്പോൾ വയ്യാത്ത റെയ്ച്ചലിനെ എല്ലാരും നിർബന്ധിച്ചു റൂമിലേക്കയച്ചു.


ആർക്കും കഴിക്കാനൊന്നും വേണ്ടെന്നു പറഞ്ഞപ്പോൾ അന്നമ്മയും ആലിയും വീട്ടിലേക്കു പോകാനിറങ്ങി.


കണ്ണുനിറച്ച്  നിൽക്കുന്ന സിദ്ധിയെയും സമാധാനപ്പെടുത്തി മുറിയിലേക്ക് ആക്കിയിട്ടാണ് ആലിയും പോയത്.


മുറിയിൽ കയറിയിട്ടും സിദ്ധി പാർത്ഥ സാരഥിയെക്കുറിച്ച് ജോയൽ പറഞ്ഞതൊക്കെ ഓർത്തു ഉറക്കമില്ലാതെ കിടന്നു. അതിനിടയിലും കണ്ണ് നിറച്ച് വേദനയോടെ ഇവിടന്ന് ഇറങ്ങിപ്പോയ ഒരുവനും അവളുടെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു.


സമ്മതമില്ലാതെ താലികെട്ടിയവനോട് വെറുപ്പായിരുന്നു. അത് ഓർക്കുമ്പോ ദേഷ്യം ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് പിന്നെ  എന്തിനാണ് അവന്റെ കാറിന്റെ ശബ്ദത്തിന് കാതോർത്ത് താൻ കിടന്നിരുന്നതെന്നു സിദ്ധിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.


ഏറെ നേരം അങ്ങനെ ഓരോന്നോർത്തു കിടന്നു എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു.


മുറ്റത്ത്‌ കാർ വന്നു നിൽക്കുമ്പോൾ ടയർ കയറി മെറ്റൽ നിരങ്ങുന്ന ശബ്ദം കേട്ടാണ് അവൾ പിന്നെ ഉണരുന്നത്.


എഴുനേറ്റു പോയി നോക്കാൻ തോന്നിയിട്ടും പോകാതെ വന്നത് അവനാണോ എന്നറിയാൻ കാത്കൂർപ്പിച്ചു വച്ചു അവൾ അവിടെ തന്നെ കിടന്നു.


പുറത്തേ വാതിൽ വലിച്ചടയുന്ന ശബ്ദം കേട്ടപ്പോഴാണ് പിന്നെ ഒരു സമാധാനം തോന്നാതെ കട്ടിലിൽ നിന്നെഴുനേറ്റു വാതിൽ തുറന്നു ചെന്ന് എത്തി നോക്കിയത്.


ആ സമയം അവിടെ ആരൊക്കെ ഉണ്ടാകും എന്നൊന്നും ചിന്തിച്ചില്ല. ആള് വന്നിട്ടുണ്ടോ എന്നൊന്നൊന്നറിയണം അത് മാത്രമേ കരുതിയിരുന്നുള്ളു.


മൂന്ന് പേരും തിരിഞ്ഞു നോക്കി അവളെ കണ്ടത് ഓർത്തപ്പോൾ സിദ്ധിക്ക് വല്ലാത്ത ചമ്മൽ തോന്നി.


ഇതിനിടക്ക്‌ ജോയൽ പറഞ്ഞ കമെന്റ് അവൾ കേൾക്കുകയും ചെയ്തിരുന്നു. അത് കൂടെആയപ്പോൾ ഇറങ്ങി പോകേണ്ടിയിരുന്നില്ലെന്നവൾ ഓർത്തു.


🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼


രാവിലെ എട്ടുമണിയോടെ കെവിനും എബിയും കൂടെ അവരുടെ
Tea ഫാക്ടറിയിലേക്ക് പോയി.


പണ്ടൊക്കെ വരുമ്പോ അവിടെയൊട്ടാകെ ഒന്ന് ചുറ്റിത്തിരിഞ്ഞു തിരിച്ച് പോകുകയാണ് പതിവ്. എന്നാൽ ഇന്ന്  അപ്പയുടെ ബിസ്സിനെസ്സിലേക്കുള്ള ആദ്യ ചുവടു വയ്‌പ്പാണ് കെവിന് . 


Tea ഫാക്ടറിയിൽ നിന്നാണ് ഡാനിയേൽ മാത്തന്റെയും തുടക്കം. അതുപോലെ തന്നെ താൻ ബിസിനസിന്റെ ആദ്യാക്ഷരം കുറിക്കുന്നതും ഇവിടെ നന്നാകണം എന്ന് കെവിന് നിർബന്ധമായിരുന്നു. ഒക്കെ പ്ലാൻ ചെയ്തു തന്നെയാണ് ഇങ്ങോട്ടേക്കു വന്നത്.


ഡാനിയേലിന്റെ അപ്പൻ മാത്തൻ സ്വത്ത് ഭാഗം വെച്ചപ്പോൾ ഉണ്ടായിരുന്ന പത്ത് ഏക്കർ തേയില തോട്ടവും അതിനോട് ചേർന്നുള്ള ഗസ്റ്റ്‌ഹൗസും ഡാനിയേലിനും,  തറവാട് വീടും വയനാടുള്ള പതിനഞ്ചേക്കർ കാപ്പിത്തോട്ടവും  ഡെന്നിക്കും കൊടുത്തു.


ഡാനിയേലിന്റെ അധ്വാന ഫലം കൊണ്ട് തോട്ടത്തോട് ചേർന്നു കിടന്ന 
ഭൂമിയൊക്കെ വളരെ കാലം മുന്നേ തന്നെ അയാൾ വാങ്ങി കൂട്ടിയിരുന്നു.


അത് കഴിഞ്ഞായിരുന്നു റെയിച്ചലുമായുള്ള വിവാഹമൊക്കെ.
കൃഷി ഒന്ന് മെച്ചപ്പെട്ടപ്പോഴാണ് ഒടുവിൽ സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാമെന്ന് ചിന്തിക്കുന്നത് അന്നേരമായിരുന്നു കെവിൻ ഡാനിയേലിന്റെയും റെയ്ചലിന്റെയും ഇടയിലേക്കെത്തുന്നത്.


കെവിന്റെ വളർച്ചക്കൊപ്പം തന്നെ അയാളുടെ ആദ്യസംരംഭവും വളർന്നു തുടങ്ങി. Tea ഫാക്ടറിക്കു പിന്നാലെയാണ്  പലയിടങ്ങളിലും ഹോൾസയിൽ ഷോപ്പുകളൊക്കെ തുടങ്ങുന്നത്.


പ്രോഡക്റ്റ് വിദേശത്തേക്ക് കയറ്റി അയക്കാൻ എറണാകുളത്ത് എക്സ്പോർട്ടിങ് കമ്പനി തുടങ്ങിയതോടെ എളുപ്പത്തിനായി താമസവും എറണാകുളത്തേക്ക്  മാറ്റിയിരുന്നു.


ഡാനിയേലിന്റെ പാത പിൻ തുടർന്ന് എക്സ്പോർട്ടിങ് ഒന്നും ഇല്ലെങ്കിലും ഇന്ത്യയിൽ പലയിടത്തും ബ്രാഞ്ചുകളുള്ള ബിസ്സിനെസ്സും ഷോപ്പുകളൊക്കെ ഡെന്നിയും നേടിയെടുത്തിരുന്നു അയാൾക്ക്‌ കിട്ടിയ കാപ്പി തോട്ടത്തിൽ നിന്നും.

Mba കഴിഞ്ഞ ശേഷം ജോയലും കൂടെ ഡെന്നിയുടെ ബിസ്സിനെസ്സ് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഇനി ഇവിടെ ഒറ്റയ്ക്ക് വയ്യെന്ന് പറഞ്ഞ് അഞ്ച് വർഷം മുന്നേ ഡാനിയേലിന്റെ വീടിനടുത്തു തന്നെ വീട് വച്ച് ആയാളും എറണാകുളത്തു താമസമായതാണ്.


ഫാക്ട്ടറിയിലേ മാനേജർ രമേശനോട് കെവിൻ വരുന്ന കാര്യം ജോയൽ നേരത്തെ വിളിച്ച് പറഞ്ഞിരുന്ന കൊണ്ട് അയാൾ അവനെ സ്വീകരിക്കാനെന്ന പോലെ പുറത്ത് തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.


മുൻപ് ഡാനിയേലിന്റെ കൂടെ അവിടെ പോയിട്ടുള്ളത് കൊണ്ടു മിക്കവർക്കും 
കെവിനെ അറിയാം. പുതിയ ആളുകൾക്ക് ഡാനിയേൽ സാറിന്റെ മകനാണെന്നു കൂടെ ഉള്ളവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.


ഇന്നുവരെ ഇല്ലാത്ത ശ്രദ്ധയോടെ തന്നെ  തേയില അവിടെ എത്തുന്നത് മുതൽ ഓരോ യന്ത്രങ്ങളിലൂടെ കയറിയിറങ്ങി അത് പാക്കറ്റിലാകുന്നത് വരെ ഉള്ള ഓരോ പ്രവർത്തനങ്ങളും അവിടെത്തെ ഓരോ കാര്യവും രമേശന്റെ സഹായത്തോടെ കെവിൻ മനസിലാക്കി എടുക്കുന്നുണ്ടായിരുന്നു.


🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼


എബി ആ സമയം അവിടെ ജോലി ചെയ്യുന്ന തന്റെ നാട്ടുകാരോടൊക്കെ വിശേഷം പറയുന്ന തിരക്കിലായിരുന്നു.


എബിയെയ് ഒത്തിരി ആയല്ലോടാ കണ്ടിട്ട്? അവിടത്തെ സെക്യൂരിറ്റി ബെഞ്ചമിൻ ആണ്.


ആ.. സുഖാണോ ബെഞ്ചമിൻ ചേട്ടാ?
എബി അയാളുടെ അടുത്തേക്ക് ചെന്നു.


നീ ഇപ്പൊ എറണാകുളത്തു  അവരുടെ കൂടെ തന്നെയാണല്ലേ ? അച്ഛനെ കണ്ടപ്പോൾ പറഞ്ഞായിരുന്നു നിന്റെ വിശേഷങ്ങളൊക്കെ.


ആ ചേട്ടാ ഞാനിപ്പോ അവിടെ തന്നാ. ഇപ്പൊ അവരെല്ലാം ഇവിടെ ഉണ്ട് ആ കൂടെ പോന്നതാ ഞാനും.
അങ്ങനെ കുറച്ച് നേരം നീണ്ടു അവരുടെ സംസാരം.


ഇവിടത്തെ പള്ളിയുടെ കീഴിലുള്ള അനാഥമന്തിരത്തിലും പള്ളിവക സ്കൂളിലും ആണ് എബി വളർന്നതും പഠിച്ചതുമൊക്കെ.


സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടാണ് എബിക്ക് ജോയലിനെ പരിചയം അവർ കുഞ്ഞിലേ മുതൽ ഒരുമിച്ച് പഠിച്ചതാണ്.


പ്ലസ് ടു കഴിഞ്ഞതോടെ ജോയൽ പഠിക്കാൻ എറണാകുളത്ത് കോളേജിലേക്കും എബി പഠിത്തം നിർത്തി അല്ലറ ചില്ലറ ജോലിയിലേക്കും തിരിഞ്ഞു.


അനാഥാലയത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം എബി ജീവിക്കാൻ ചെയ്യാത്ത ജോലികളൊന്നും ഇല്ല അതുകൊണ്ട് തന്നെ നാട്ടിൽ മിക്കവാറും എല്ലാ മേഖലകളിലുള്ള തൊഴിലാളികൾക്കും എബി സുപരിചിതനാണ്.


ഇവിടെ ഫാക്ടറിയിലും കുറച്ച് നാൾ ജോലി ചെയ്തിരുന്നു. അത് കൊണ്ടു ഇവിടെ ഒട്ടുമിക്കവർക്കും എബിയെ നന്നായി അറിയാം. ഇവിടെന്നാണ് പിന്നെ എബി പള്ളിയിലെ ഫാദറിന്റെ കെയർ ഓഫിൽ കെവിന്റെ ഡ്രൈവറായി എറണാകുളത്തോട്ടു പോകുന്നത് 


അവിടെ വച്ചാണ് വർഷങ്ങൾക്കു ശേഷം ജോയൽ എബിയെ കാണുന്നതും. അന്നേരം ജോയൽ ഡെന്നിയുടെ ബിസ്സിനെസ്സൊക്കെ ഏറ്റെടുത്ത് അതിന്റെ തലപ്പത്തിരിക്കുവായിരുന്നു.

അതുകൊണ്ട് തന്നെ എബിക്ക് ജോയലിനെ കണ്ടപ്പോൾ ചെറിയൊരു കോംപ്ലക്സും  സംസാരിക്കാനൊക്കെ കുറച്ച് മടിയൊക്കെ ആയിരുന്നു.


എന്നാൽ ജോയൽ ഒരു മടിയും കൂടാതെ പഴയ പോലെ തന്നെ അവന്റെ തോളിൽ കയ്യിട്ട് ഇങ്ങോട്ട് വന്ന് മിണ്ടി. അവന്റെ കോംപ്ലക്സൊക്കെ ഓടിച്ചു മടക്കി പോക്കറ്റിൽ വച്ച് കൊടുത്തു.


അങ്ങനെയാണ് ഇപ്പോൾ പഴയതിലും കൂടുതൽ ആത്മബന്ധത്തിൽ വന്നെത്തി നിൽക്കുന്നത് രണ്ടു പേരും.

ഉച്ചയോടടുത്തു അവിടത്തെ ഓഫീസ് കാര്യങ്ങളും ഒരുവിധം മനസിലാക്കി  കെവിനും എബിയും തിരികെ വീടെത്താൻ എത്താൻ 

🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼


നീയാണോ  ആ പെൺ കൊച്ചിനെ കെട്ടാനുള്ള വഴി കെവിക്ക് ഉപദേശിച്ചു കൊടുത്തത്? ഡെന്നി ജോയലിനെ നോക്കി കണ്ണ് കൂർപ്പിച്ചു.


മകന്റെ തോന്നിയവാസങ്ങൾ അറിയുന്നത് കൊണ്ടാണ് ഡെന്നി അങ്ങനെ ചിന്തിച്ച് പോയത്.


സിദ്ധിയെയും കെവിനെയും ഇങ്ങനെ നിർത്തിയിരുന്നാൽ ശെരിയാകില്ലെന്നു പറഞ്ഞുള്ള ചർച്ച നടക്കുവാണ് ഹാളിൽ.
അതിനിടക്കാണ് ജോയലിനു നേരെ പപ്പയുടെ ചോദ്യശരം ഉയർന്നത്.

ഇവിടെ എന്ത് നടന്നാലും എന്റെ മണ്ടക്കണല്ലോ. അവൻ കെട്ടുന്നതിന്റെ അന്നാ ഞാൻ തന്നെ ഇതറിയുന്നത്.
അവനെ പിന്തിരിപ്പിക്കാനും ഒത്തിരി നോക്കിയതാ ഞാൻ. സംശയം ഉണ്ടെങ്കിൽ ദേ ഇവനോട് ചോദിച്ചു നോക്ക്. ജോയൽ ഡെന്നി പറഞ്ഞത് ഇഷ്ടപ്പെടാത്ത പോലെ മുഖം വെട്ടിച്ചു മാറ്റി.

അറിഞ്ഞിട്ട് ഈ നേരം വരെ നി ഞങ്ങളെ ഒന്നറിയിച്ചില്ലല്ലോ. റെയിച്ചലിനടുത്തിരുന്ന മോളിയും ജോയലിനു നേരെയാണ്.

അതിനവൻ മറുപടി ഒന്നും കൊടുത്തില്ല. പകരം പപ്പക്ക് ഓരോന്ന് ഇട്ടു കൊടുക്കുന്നതിനു അവരെ നോക്കി പല്ല് കടിച്ചു.

നമ്മള് പിന്നെ എല്ലാത്തിനും ഭയ്യക്കൊപ്പമാണല്ലോ.ഇതിലൊന്നും ഇടപെടാതെ ജോയലിനടുത്ത് വെറുതേ നിന്ന എബിയെയും ഡെന്നി വെറുതേ വിട്ടില്ല. 


ഭയ്യാ തല്ലാൻ പറഞ്ഞാൽ തല്ലും കൊല്ലാൻ പറഞ്ഞാൽ കൊല്ലും. എബിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന പോൽ അയാളവനെ ഒന്നിരുത്തി നോക്കി.


അത് സത്യമായതു കൊണ്ട് എബി മുഖം കുനിച്ചു തന്നെ നിന്നു.


കെവിയെ ചെന്നൊന്നു വിളിച്ചിട്ട് വാ. എന്നാ ആണേലും അവൻ ആ കൊച്ചിനെ കെട്ടി. ഇനി അതിനെ ഉപേക്ഷിക്കില്ലെന്ന് പറയുവേം ചെയ്തു. ആ കൊച്ചിനാണെങ്കിൽ ചോദിക്കാനും പറയാനും ഇപ്പൊ ആരുമോട്ടില്ല താനും. അത് കൊണ്ട് നമ്മുടെ ഇവിടത്തെ പള്ളിയിൽ വച്ച് ഒന്നുകൂടെ കെട്ടിച്ചങ്ങു വിട്ടേക്കാമെന്ന ഞങ്ങള് വയസായവരുടെ തീരുമാനം. ഡെന്നി എബിയെയും ജോയലിനെയും നോക്കി പറഞ്ഞു.

അതിനവരുടെ കേട്ടു കഴിഞ്ഞതല്ലേ? ഇനി എന്തിനാ ഒന്നേന്ന് കെട്ടിക്കുന്നത്. ജോയൽ മനസിലാകാതെ ചോദിച്ചു.


നീ കണ്ടിരുന്നോ അവന്റെ കേട്ട്? ഡെന്നിയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന് ജോയല് കണ്ണടച്ച് തോള്കുലുക്കി ഇല്ലെന്ന് ഒരു ശബ്ദമുണ്ടാക്കി കാണിച്ചു.


ആ...  ഞങ്ങളും കണ്ടില്ല. അത് കാണാൻ ഞങ്ങൾക്കും അവന്റെ മമ്മക്കും ഒക്കെ ആഗ്രഹമുണ്ട്. നമ്മുടെ കുടുംബത്തിലെ ആദ്യത്തെ ചെറുക്കൊച്ച അവൻ. എങ്ങനെ നടക്കേണ്ടതാ അവന്റെ കെട്ട്.
ഡെന്നി ഒന്ന് നെടുവീർപ്പെട്ടു.


ഇതിപ്പോ കേട്ടിയെന്നു പറഞ്ഞിട്ടെന്താ രണ്ടും രണ്ടറ്റത്തല്ലെ. നമ്മള് വലിയവര് കൂടെ ചേർന്ന് കൂട്ടി ചേർത്ത് വിട്ടാൽ ഇച്ചിരി കഴിഞ്ഞാണേലും ഒന്നിച്ചങ്ങ് ജീവിച്ചു പൊയ്ക്കോളും രണ്ടു പേരും. മോളി ഇപ്പൊ അവരെ ഒന്ന് കൂടെ കെട്ടിക്കാനുള്ള മറ്റൊരു കാരണം കൂടെ വ്യക്തമായി പറഞ്ഞ് കൊടുത്തു അവന്മാർക്ക്.


ഇല്ലെങ്കിൽ അപ്പയുടെ മരണത്തിന് പിറകേ പോയി എന്റെ കുഞ്ഞിന്റെ ജീവിതം അങ്ങ് പോയ്‌ പോകും കൂടെ ആ പാവം പിടിച്ച കൊച്ചിനെയും. റെയ്ച്ചൽ തോളിലൂടെ പുതച്ചിരുന്ന ഷോളിന്റെ തുമ്പിൽ കണ്ണീരൊപ്പി.


കെവിൻ ഉച്ചക്ക് ആഹാരവും കഴിഞ്ഞു മുകളിൽ മുറിയിലേക്ക് പോയ നേരത്താണ് താഴത്തെ ഈ കല്യാണ ചർച്ച.


സിദ്ധിയാണെങ്കിൽ ആലിയുടെ കൂടെ അവളുടെ വീട്ടിലേക്കു പോയിരിക്കുവാണ്. മുറിയിൽ അടഞ്ഞിരിക്കാതെ ഒന്ന് പുറത്തേക്കിറങ്ങാൻ പറഞ്ഞ് മോളിയും റെയ്ച്ചലും കൂടെ കുറച്ചൊന്നു നിർബന്തിച്ചിട്ടാണ് ഇപ്പൊ ഈ പോക്ക്തന്നെ.

കെവിൻ രാവിലെ ഫാക്ടറിയിൽ പോയിരുന്ന സമയം സിദ്ധിയോട് ഓരോന്നൊക്കെ ചോദിച്ചും പറഞ്ഞും അമ്മച്ചിമാര് കുറച്ചൊന്നു അടുപ്പമായി അവളോട്‌. രണ്ടു പേർക്കും അവളെ ഇഷ്ടപ്പെടുകയും ചെയ്തു.


ഡെന്നി ഒന്ന് കൂടെ പറഞ്ഞതും കെവിനെ വിളിക്കാനായി എബി മുകളിലേക്ക് കയറി.

കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼🌼