Aksharathalukal

ഈണമായ്‌ 15


അങ്ങനെ കരുതാൻ എനിക്ക് പറ്റത്തില്ല മമ്മ. റെയ്ച്ചൽ വീണ്ടും കെവിന്റെ കയ്യിൽ പിടിക്കാൻ ചെന്നതും അവൻ ഒരലർച്ചയോടെ പുറകിലേക്ക് നീങ്ങി.


റൂമിലിരുന്ന് കരയുകയായിരുന്ന സിദ്ധിയും കെവിന്റെ ശബ്ദം ഉയർന്നത് കേട്ട് ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നെഴുനേറ്റു വാതിൽക്കൽ വന്ന് ഹാളിലേക്ക് എത്തി നോക്കി.


കണ്ണുകൾ ചുമന്ന് കലങ്ങി കോപം കൊണ്ടു വിറക്കുന്നവന്റെ മുഖം ഒന്നും മനസിലാക്കാതെ  ഒരമ്പരപ്പോടെ സിദ്ധി നോക്കി നിന്നു.


അതുവരെ ഒരു വാക്കും മിണ്ടാതിരുന്ന കെവിന്റെ ഭാവമാറ്റത്തെ എല്ലാവരും ഒരു നടുക്കത്തോടെയാണ് കണ്ടു നിന്നത്.


മറിയം ഒളിച്ചോടി പോയതറിഞ്ഞു എന്റെ അപ്പ സ്വയം മരണത്തിന് കീഴടങ്ങിയതല്ല.
അത് പറയുമ്പോളും ദേഷ്യം ഒട്ടും കുറയാതെ തന്നെ കെവിന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു.


സിദ്ധിക്കതു പുതിയ അറിവായിരുന്നു. കെവിന്റെ അപ്പ മരിച്ചതൊന്നും അവൾ അറിഞ്ഞിരുന്നില്ല.


അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൻ പറയാൻ പോകുന്നത് എന്താണെന്ന് അവളും അവടെ നിന്ന് ശ്രദ്ധിച്ചു.


മമ്മ നേരത്തെ പറഞ്ഞില്ലേ അവള് പോണെങ്കിൽ പൊക്കോട്ടെന്ന്. ഇതേ കാര്യം  നമ്മുടെ അപ്പ അറിഞ്ഞാലും അങ്ങനെയൊക്കെ തന്നല്ലേ പറയൂ. ഈ ഒരു കാര്യത്തിന് അപ്പയേ പോലെ സ്ട്രോങ്ങ്‌ അയൊരാള് പോയി ആത്മഹത്യ ചെയ്യുമെന്ന് മമ്മക്ക് തോന്നണുണ്ടോ?


അവൻ പറയുന്നതിൽ സത്യമുണ്ടെന്നു റെയ്ച്ചലിനും തോന്നി. അല്ലെങ്കിലും ഇച്ചായൻ പോയതറിഞ്ഞ നിമിഷം തൊട്ട് പിന്നെ ഒന്നും ചിന്തിക്കാനോ എടുക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ലല്ലോ താൻ.

ആ കൂടെ തന്നെ പോയാലോ എന്ന് ചിന്തിച്ച് മനസ് മടുത്തിരുന്ന ദിവസങ്ങളിൽ. അവിടെന്നും ഇവിടെന്നുമൊക്കെ ആരൊക്കെ പറയുന്നത് കേട്ടു. മോള് പോയതിൽ മനം നൊന്താണെന്ന്. അത് വിശ്വസിച്ചു മറിയത്തോട് നീരസം തോന്നി അവളെ ശപിച്ചു പോയ നാവിനെ റെയ്ച്ചൽ ഇപ്പൊ പഴിക്കുന്നുണ്ടായിരുന്നു.


കെവിൻ ശില പോലെ നിൽക്കുന്ന മമ്മയുടെ അടുത്തേക്ക് വന്ന് അവരുടെ കയ്യിൽ പിടിച്ചു. അപ്പ ഒരിക്കലും നമ്മളെയൊക്കെ വിട്ട് പോണമെന്ന് ചിന്തിക്കുക കൂടിയില്ല മമ്മ. നമ്മളൊന്നും അറിയാത്ത വേറെന്തോ അന്ന് നടന്നിട്ടുണ്ട്. അവനൊന്നു ശാന്തനായതും അതിന്റെ പ്രതിഭലനമെന്നോണം ആ ശബ്ദവും കുറച്ചൊന്നു ആർദ്രമായി.


കെവിൻ കുറച്ച് മുന്നേ വിളിച്ച് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ റെയ്ച്ചൽ തളർന്നു പോകുന്നുണ്ടായിരുന്നു. അവർക്ക് നെഞ്ചെരിഞ്ഞു വല്ലാത്ത വേദന തോന്നി.


അവടെ നിൽക്കുന്ന ഡാനിയേലിനെ അറിയുന്ന ഓരോരുത്തരുടെയും അവസ്ഥ അതുന്നെയായിരുന്നു.


അന്ന് നടന്നതൊക്കെ എനിക്കറിഞ്ഞേ പറ്റു മമ്മ. അതിന് എന്ത് വിലകൊടുക്കേണ്ടി വന്നാലും ഞാൻ കൊടുക്കും. അതറിയുകയും ചെയ്യും.


എന്റെ അപ്പയുടെ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ. കണ്ടു പിടിക്കും ഞാൻ. അവർക്കുള്ള ശിക്ഷ എന്റെ കൈകൊണ്ടു തന്നെ ഞാൻ നടപ്പിലാക്കുകയും ചെയ്യും.


നെഞ്ചിലടിച്ചു  ഒരു ശപതം പോലെ പറഞ്ഞു കൊണ്ടു കെവിൻ പുറത്തേക്കിറങ്ങി പോയി.


എബിയും ജോയലും അവന് പിറകേ സിറ്റൗട്ടിലെത്തിയതും കെവിന്റെ കാറ് ഗേറ്റ് കടന്ന് പോയിരുന്നു.


തേയിലക്കാടിനിടയിലൂടെ ചീറിപാഞ്ഞു പോകുന്ന അവന്റെ കാറ്‌ വളവിൽ മറയും വരെ അവർ നോക്കി നിന്നു.


റെയ്ച്ചലിന് ഒരു തളർച്ച പോലെ തോന്നി.
അവർ പിറകോട്ടൊന്ന് ആഞ്ഞതും മോളി അവരെ താങ്ങിപ്പിടിച്ചു.


അന്നമ്മയും അത് കണ്ടു വേഗം തന്നെ അങ്ങോട്ട്‌ ചെന്ന് മറുവശത്ത് നിന്ന് അവരെ താങ്ങി പിടിച്ചു. രണ്ടു പേരും ചേർന്നു റെയ്ച്ചലിനെ കൊണ്ടു പോയി സോഫയിലേക്കിരുത്തി.


ആലി ഇച്ചിരി വെള്ളം ഇങ്ങേടുത്തെ. അന്നമ്മച്ചി തോളിൽ കിടന്ന തോർത്ത്‌ മുണ്ട് കൊണ്ടു റെയ്ച്ചലിന് വീശി കൊടുത്തു കൊണ്ടു പുറകിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.


സിദ്ധിയും എല്ലാം കണ്ടും കേട്ടും ഒരു വിഷമത്തോടെ വാതിൽക്കൽ നിന്ന് ഹാളിലേക്ക് വന്നു എല്ലാവരും നിൽക്കുന്നതിനു പുറകിലായി കുറച്ച് മാറി നിന്നു.

ആലി കൊണ്ടു വന്ന വെള്ളം അന്നമ്മ റെയ്ച്ചലിനെ കുറച്ച് കുടിപ്പിച്ചു.


എന്തൊക്കെയാ ഡെന്നി അവൻ പറഞ്ഞിട്ട് പോയത്. എന്റെ ഇച്ചായനെ.... അത് പൂർത്തിയാക്കാനാകാതെ അവർ വായ പൊത്തിപ്പിടിച്ചു വിതുമ്പി കരഞ്ഞു പോയി.

ഡെന്നിക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ആയാളും കേട്ടതിന്റെ ഞെട്ടലിൽ തന്നെ ആയിരുന്നു.


അവൻ എങ്ങോട്ടാ ജോ പോയത്?
ഡെന്നി പുറത്ത് നിന്നു കയറി വരുന്ന ജോയലിനോട് ചോദിച്ചു.


അറിയില്ല പപ്പ. ഞങ്ങള് പുറത്തിറങ്ങിയപ്പോഴേക്കും അവൻ കാറും കൊണ്ടു പോയി. ജോയൽ വിഷമിച്ചിരിക്കുന്ന റെയ്ചലിനെ നോക്കി കൊണ്ടു ഡെന്നിയോട് പറഞ്ഞു.


അവന്റെ മൈൻഡ് ഒന്ന് ഓക്കെയാകുമ്പോൾ അവനിങ്ങു വന്നോളും മമ്മ. അവൻ ഇടക്കൊക്കെ ഇങ്ങനെ രാത്രി പോകാറുള്ളതല്ലെ.മമ്മ വിഷമിക്കണ്ടാ.


ജോയല് റെയ്ച്ചലിനടുത്തു പോയി മുട്ട് കുത്തി നിന്ന് അവരുടെ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു.


അവൻ പറഞ്ഞതൊക്കെ സത്യമാണോടാ. ഡെന്നി അപ്പോഴും വിശ്വാസം വരാത്ത പോലെ അവന്മാരെ നോക്കി. സഹോദരനെ ഓർത്തു ആളുടെയും കണ്ണൊക്കെ ചുമന്ന് കലങ്ങിയിട്ടുണ്ട്.


കഴിഞ്ഞ നാലഞ്ചു മാസമായി ഞങ്ങളിതിന്റെ പിറകെയാ പപ്പാ. ജോയൽ താഴെ നിന്ന് എഴുനേറ്റു നിന്നു.


അന്ന് ലോറൻസ് അങ്കിളും റോയിയും അത്രക്കൊക്കെ പറഞ്ഞപ്പോൾ നമ്മളെ പോലെ അവനും ആദ്യം അത് സത്യമാണെന്നു തന്നെയാ കരുതിയത്. 


പിന്നെ ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത് മറിയവും ആ പയ്യനും തമ്മിൽ അങ്ങനെ ഒരു അടുപ്പവും ഇല്ലെന്നാണ്. അന്ന് മുതലാ ഭയ്യക്ക് ചെറിയൊരു ഡൌട്ട് തോന്നിയത്. എബിയും പിന്നെ നടന്ന കാര്യങ്ങൾ വിവരിച്ചു. 


എന്നാലും ലോറൻസൊക്കെ അങ്ങനൊരു കള്ളം പറയേണ്ട ആവശ്യമെന്താടാ? ഡെന്നിയുടെ മുഖം സംശയം കൊണ്ടൊന്നു ചുളിഞ്ഞു.


അതറിയില്ല പപ്പ . ഞങ്ങൾക്ക് തോന്നുന്നത് അപ്പയുടെ മരണത്തെ കുറിച്ച് അവർക്ക് എന്തൊക്കെ അറിയാമെന്ന. അല്ലെങ്കിൽ അതിൽ അവർക്ക് എന്തോ പങ്കുണ്ട്. അതും ഞങ്ങളുടെ ഊഹങ്ങൾ മാത്രമാ ഒന്നിനും തെളിവൊന്നും ഇല്ല. ജോയൽ ഡെന്നിയെ നോക്കി തങ്ങളുടെ നിസ്സഹായ അവസ്ഥ പറഞ്ഞു.


നാലഞ്ച് മാസമായിട്ടും ഒരു തെളിവും കിട്ടിയില്ലെന്നോ? നിങ്ങൾക്കിതു പോലീസിൽ പറഞ്ഞാൽ പോരായിരുന്നോ ജോ.
അവര് അന്വേഷിക്കട്ടെ അതല്ലേ നല്ലത്. ഇടയ്ക്കു കയറി ഡെന്നി തന്റെ അഭിപ്രായം പറഞ്ഞു.

പോലീസിനെ ഇതിൽ ഇൻവോൾവ് ചെയ്യിക്കേണ്ടെന്ന സർ ഭയ്യ പറഞ്ഞത്.
അത് മാത്രമല്ല ആക്‌സിഡന്റ് നടന്നടുത്തെ cctv വിഷ്വൽസ് ഒക്കെ ഞങ്ങള് നോക്കിയിരുന്നു അന്ന് അത് വർക്ക് അല്ലായിരുന്നു പോലും. അവിടെന്നു ഒന്നും കിട്ടിയില്ല.


പിന്നെ ഡാനി സാറിനെ കൊണ്ടു പോയ ഹോസ്പിറ്റലിലും പോയി.
ലോറൻസൊക്കെ പറഞ്ഞത് പോലെ സാറിനെ നോക്കിയ  ഡോക്ടർ പറഞ്ഞതും  റോയിയാണ് സാറിനെ  അവിടെ കൊണ്ടു ചെന്നതെന്ന്  തന്നെയാ. അവിടെയും അവരെ സംശയിക്കുന്ന ഒരു തെളിവും നമുക്ക് കിട്ടിയില്ല. എബിയും വളരെ നിരാശയോടെ തന്നെ പറഞ്ഞു.


പുറത്ത് നിന്ന ലോറൻസ് അങ്കിളിനെ കാണണമെന്ന് അപ്പ പറഞ്ഞത് കൊണ്ടാണെന്ന് അയാളെ അകത്തേക്ക് കയറ്റിയതെന്ന്. അയാൾ പറഞ്ഞപോലെ 
അയാളോട് സംസാരിച്ച ശേഷമാണ് അപ്പ പോയതെന്നാണ് ഡോക്ടർ പറഞ്ഞത്. 

വീണ്ടും ജോയലും എബിയും പറയുന്ന ഓരോന്ന് കേൾക്കുംതോറും റെയ്ച്ചൽ മോളിയുടെ തോളിൽ തല ചായ്ച്ചിരുന്നു കരയുന്നുണ്ടായിരുന്നു.


ഇതിനിടക്ക്‌ പിന്നെ ഞങ്ങള് പാർത്ഥസാരഥിയേയും മറിയത്തിനെയും തിരക്കിയും ഒത്തിരി അലഞ്ഞതാ. അവരെ കുറിച്ചൊരു വിവരവും ഇല്ല. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടോന്നു പോലും....


അത് കേട്ടതും വാതിൽക്കൽ നിന്ന സിദ്ധിയും മോളിയുടെ തോളിൽ തല ചായ്ച്ചിരുന്ന റെയ്ച്ചലും ഒരു പോലെ കരഞ്ഞു പോയി.


ആലി വേഗം സിദ്ധിയുടെ അടുത്തേക്കു പോയി അവളെ ചേർത്തു പിടിച്ചു.


ചായാൻ ഒരു തോളു കിട്ടിയ  ആശ്വാസത്തിൽ സിദ്ധി അവളുടെ ചുമലിൽ ചാരി കണ്ണീരൊഴുക്കി.


കേൾക്കുന്നതൊന്നും നല്ല വാർത്തകളല്ലെന്ന് അവളോർത്തു. താൻ സംശയിച്ച പോലെ ഏട്ടന് എന്തോ പറ്റിയെന്ന് വേറൊരാള് പറഞ്ഞു കേട്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. 


🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼 🌼🌼


മനസ്സിൽ ഇട്ട് നീറ്റി കൊണ്ടു നടന്നതൊക്കെ എല്ലാരോടും പറഞ്ഞപ്പോൾ. ഒന്ന് ഒറ്റക്കിരിക്കണമെന്ന് തോന്നി. മലമുകളിലേക്ക് വണ്ടി ഓടിച്ചു കയറ്റുമ്പോൾ കെവിൻ ഓർത്തു.


കുണ്ടും കുഴിയും നിറഞ്ഞ മൺ പാതയിലൂടെ  കുറച്ചേറെ ദൂരം പോയി.


അവിടെ ഏറ്റവും ഉയരം കൂടിയ ആ കുന്നിൻ മുകളിൽ കാർ നിർത്തി ഇറങ്ങുമ്പോൾ അവിടെയും അവനെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു അപ്പയുടെയും മറിയത്തിന്റെയുമൊക്കെ 
ഓർമ്മകൾ.


അവരോടൊപ്പം ഒത്തിരി തവണ വന്നിട്ടുഉള്ളതാണ് ഈ കുന്നിൻ പുറത്ത്.


ഒരു വലിയ പാറയുടെ മുകളിൽ കയറി മലർന്നു കിടന്നു കെവിൻ കണ്ണടച്ചു. അടഞ്ഞ കണ്ണുകളിക്കിടയിലൂടെ നീർതുള്ളികൾ ഒഴുകി  പാറപ്പുറത്തു  വീണു.


നൊമ്പരമെല്ലാം ഉപ്പുവെള്ളമാക്കി ഒഴുക്കിക്കളഞ്ഞപ്പോൾ ചെറിയൊരാശ്വാസം തോന്നി അവന്.


ഓരോന്നോർത്തു തണുത്ത കാറ്റേറ്റ് കിടന്നു എപ്പോഴോ മയങ്ങി പോയി. കണ്ണ് തുറക്കുമ്പോൾ ഏകദേശം വെളുക്കാറായിട്ടുണ്ട്.


പിന്നെ എഴുനേറ്റു കാറെടുത്തു  തിരിച്ച് വീട്ടിലേക്കു വിട്ടു.


മുറ്റത്തേക്ക് കാർ കൊണ്ട് വന്നു നിർത്തി. മുൻപിലത്തെ ലൈറ്റ്കളൊന്നും കെടുത്തിയിട്ടില്ല.

അവൻ അടക്കാത്ത മുൻ വാതിലിലേക്ക് കുറച്ചു നേരം നോക്കി ഇരുന്നു. 


തുറന്ന് കിടക്കുന്ന വാതിലിലൂടെ അകത്ത് കയറി നോക്കുമ്പോൾ ഹാളിലെ ഒരു സോഫയിൽ ജോയലും മറ്റൊന്നിൽ എബിയും സ്ഥാനം പിടിച്ചിട്ടുണ്ട്.


കെവിനെ കാത്തിരുന്ന് ഇവിടെ തന്നെ കിടന്നുറങ്ങിയതാണ് രണ്ടും.


രണ്ടു പേരെയും നോക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 


രണ്ടു പാളി വാതിൽ ഒരൽപ്പം ശബ്ദമുണ്ടാക്കി കെവിൻ പിടിച്ചടച്ചു.


എബി ഞെട്ടിയെഴുനേറ്റു വാതിൽക്കലേക്കു നോക്കി. അപ്പോഴേക്കും ജോയലും കണ്ണും തിരുമ്മി എഴുനേറ്റു.


അകത്ത് റൂമിൽ പോയി കിടക്കെടാ രണ്ടും. വാതിലിന്റെ കുട്ടിപിടിച്ചിട്ടു തിരിയുമ്പോൾ  അലസമായി കെവിൻ രണ്ടു പേരോടും കൂടെ പറഞ്ഞു.


ഈ നന്ദിയില്ലാത്തവനെ നോക്കിയല്ലെ നമ്മൾ രണ്ടും ഇത്രയും നേരം വാതിലടക്കാതെ തണുപ്പും കൊണ്ട് ഈ നീളമില്ലാത്ത സോഫയിൽ ചുരുണ്ടു കൂടികിടന്നത്. അതിന്റെ വല്ല വിചാരവും ഉണ്ടോന്നു നോക്കിയേ. ജോയല് എബിയുടെ ചെവിയിൽ പിറുപിറുത്തു.


ഉറങ്ങാതെ നോക്കിയിരിക്കാൻ നീയൊക്കെ ആരാ എന്റെ ഭാര്യമാരോ.
ജോയലിന്റെ പിറുപിറുപ്പ് കേട്ടു കെവിന്റെ കൃത്യമായ മറുപടിയും വന്നു.


വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം കേട്ടു മൂന്ന് പേരുടെയും ശ്രെദ്ധ അങ്ങോട്ടായി.


ഗസ്റ്റ്‌റൂമിന്റെ വാതിൽ തുറന്നു ഹാളിലേക്ക് എത്തിനോക്കിയ സിദ്ധിയുടെ തല കണ്ട് ജോയലിനു ചിരി പൊട്ടി.


ഇവളിതു വരെ ഉറങ്ങിയില്ലേ. ആത്മാഗതം പറഞ്ഞു കൊണ്ടു കെവിനും അതിശയത്തോടെ നോക്കി.


മൂന്ന് പേരും കണ്ടുവെന്നറിഞ്ഞപ്പോൾ ആമ തല വലിക്കുമ്പോലെ സിദ്ധി ഉള്ളിലേക്ക് വലിഞ്ഞു. പിറകേ വാതിലും അടഞ്ഞു മുറിയിലെ വെളിച്ചവും അണഞ്ഞു.



ഓ...  ഭാര്യ ഉറക്കമൊഴിച്ചു കാത്തിരിപ്പുണ്ടായിരുന്നല്ലോ. നമ്മള്  രണ്ടു പേര് ഇവിടെ കാത്തിരുന്ന് വേരിറങ്ങിയത് വെറുതെ. ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ജോയൽ നീട്ടി ഒരു കോട്ടുവായ ഇട്ടു.


ചെറുതായി ഒന്ന് ചമ്മിയതു മറച്ചു പിടിക്കാനായി കെവിൻ തിരിഞ്ഞു പോലും നോക്കാതെ മുകളിലേക്ക് കയറി.


വാടാ ചെക്കാ. ഇനി  എന്ത് കോപ്പ് കാണാൻ നിക്കുവാ നീ. കെവിൻ പോയ വഴി അവനെ നോക്കി ചിരിയോടെ നിന്ന എബിയെ പിടിച്ചു ജോയൽ മുന്നിലേക്ക്‌ നടന്നു.


അതിന് നീ എന്നെയും കൊണ്ടു എവിടെ പോകുവാ? എബി ജോയലിൽ നിന്ന് തന്റെ കൈ വേർപെടുത്തിയെടുത്തു.


ഉറങ്ങാൻ അല്ലാതെ പിന്നെ എങ്ങോട്ടാ?
ജോയൽ അലസമായി പറഞ്ഞു കൊണ്ടു എബിയുടെ മുറിയിലേക്ക് നടന്നു.

നീ മുകളിൽ നിന്റെ മുറിയിൽ പൊയ്‌ക്കെ ജോ. എനിക്ക് അടുത്ത് ആള് കിടന്ന ഉറക്കം വരില്ല. ജോയലിന്റെ പോക്ക് എവിടേക്കാണെന്നു മനസിലായതും എബി അവനെ തടയാൻ ഒരു ശ്രമം നടത്തി.


ആ സ്റ്റെപ്പ് കേറി മുകളിൽ എത്തുമ്പോഴേക്കും നേരം പുലരും എന്റെ എബി. എനിക്കെങ്ങും മേല ഇനി അങ്ങോട്ട്‌ വലിഞ്ഞു കയറാൻ. ഞാൻ നിന്നെ ശല്യം ചെയ്യാതെ ഒരു മൂലക്ക് കിടക്കടാ. പറയലും എബി വിരിച്ചിട്ടിരുന്ന കട്ടിലേക്ക് കമിഴ്ന്നൊരു വീഴ്ചയും വീണു ജോയൽ.


അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നായപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്തു എബിയും വന്നു മറു സൈഡിൽ ജോയുടെ അടുത്ത് കിടന്നു.

കാത്തിരിക്കൂ 🌼🌼🌼🌼🌼🌼