പത്താം വയസ്സിലെ പ്രണയം
തിരക്കിട്ട ജോലിക്കിടെ കിട്ടിയ നാല് ദിവസത്തെ ലീവ് വീട്ടിൽ ചെലവഴിക്കാമെന്ന് വച്ചു. കുറെ നാളായി ഇങ്ങോട്ട് വന്നിട്ട് ...
പണ്ടെങ്ങോ എഴുതി വെച്ചിരുന്ന കുറെ കവിതകൾ കട്ടിലിനടിയിലെ പെട്ടിക്കുള്ളിലെങ്ങോ വിങ്ങിപ്പൊട്ടി ശ്വാസം മുട്ടി ഇരിപ്പുണ്ട് .അത് തപ്പുന്നതിനിടയിലാണ് ഒരു തുണ്ട് കടലാസ് കയ്യിൽ കിട്ടിയത്.
രണ്ടു വരിയിൽ നിറച്ചും അക്ഷരത്തെറ്റുകൾ ആണ് .ലിലയുടെ പ്രിയപോട്ട അഗിലേഷ്..
പ്രണയിച്ചു തുടങ്ങാൻ പ്രായപരിധി ഉണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം ?പലർക്കും പല അഭിപ്രായമായിരിക്കും എന്നറിയാം .
എൻറെ അഭിപ്രായം എന്തെന്നാൽ തൊട്ടിൽ കിടക്കുന്ന പ്രായം തൊട്ടേ പ്രേമിച്ചു തുടങ്ങാം..
പക്ഷേ എനിക്ക് ഒരു കാമുകൻ തരപ്പെട്ടു വന്നത് എൻറെ പത്താം വയസ്സിലാണ് . എൻറെ ഹൃദയം കവർന്ന ആ മഹാനാണ് പന്ത്രണ്ട് വയസുകാരൻ അഖിലേഷ്.
ഈ കിട്ടിയ തുണ്ട് കടലാസ് അഖിലേഷിന്റെ ഹൃദയം ആയിരുന്നു.
ഈ കത്തിലൂടെ അഖിലേഷ് എന്നെ പ്രണയത്തിൻറെ ലോകത്തേക്ക് കൈപിടിച്ചു നടത്തി ..
അക്കാലത്ത് എഴുതാനും വായിക്കാനും ശരിക്ക് അറിയില്ലെങ്കിലും പ്രണയത്തിൻറെ കാര്യത്തിൽ അങ്ങനെയൊന്നും ആയിരുന്നില്ല അഖിലേഷ്..
ധീരനായ ഒരു കാമുകനായിരുന്നു
25 പൈസയുടെ ഓറഞ്ച് മുട്ടായികൾ, റോസാപ്പൂക്കൾ ..അറ്റത്തു റബ്ബ്ർ ഉള്ള നിറമുള്ള പെൻസിലുകൾ ..അങ്ങനെ ധാരാളം സമ്മാനങ്ങൾ പ്രണയപഹാരങ്ങൾ ആയി എനിക്ക് കിട്ടിക്കൊണ്ടിരുന്നു.
ഒരു 10 വയസ്സുകാരിയെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ എന്ത് വേണം??
അങ്ങനെ അഖിലേഷ് ലീലാ ബന്ധം ദിനംപ്രതി ദൃഢമായി വന്നു ...
പ്രേമം മൂത്ത് മൂത്ത് ഒരിക്കലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി..
അക്കാലത്താണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത് .അഖിലേഷിന്റെ അച്ഛന് സ്ഥലംമാറ്റം.
അങ്ങ് വടക്കോട്ടാണ് .
രണ്ടാഴ്ചക്കുള്ളിൽ അങ്ങോട്ടേക്കു പോകണം..
ഈ വാർത്ത അറിഞ്ഞതിൽ പിന്നെ ഞങ്ങൾ ഉറങ്ങിയിട്ടില്ല..
എന്ത് ചെയ്യണം എന്ന് ഒരു ധാരണയും ഇല്ലായിരുന്നു ..
ഒരുപാട് ആലോചിച്ചു ..
ആദ്യം മരിച്ചുകളയാമെന്ന് തീരുമാനിച്ചു..
പിന്നെ അത് വേണ്ടെന്ന് വെച്ചു ..
വിളിച്ചാൽ ഇറങ്ങി വരുമോ എന്ന് അഖിലേഷ് ചോദിച്ചു ..
അങ്ങനെ ഒരു വിളി ഞാനും കാത്തു കാത്തിരിക്കുകയായിരുന്നു ..
അഖിലേഷ് വിളിച്ചാൽ ഏത് കാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് ഞാനും ..
അയൽക്കാരായതിനാൽ അധികം ദൂരേക്ക് പോകേണ്ടി വരില്ലല്ലോ ..
അങ്ങനെ മഹത്തായ ആ ശനിയാഴ്ച എത്തി ഞങ്ങളുടെ തീരുമാനം ലോകം അറിയാൻ പോകുന്ന ദിവസം..
അഖിലേഷിന്റെ കൈപിടിച്ച് ഞാൻ ആ വീട്ടിലേക്ക് കയറിച്ചെന്നു.
ഹോംവർക്ക് ചെയ്യാനോ കളിക്കാനോ, വന്നതാണെന്നാണ് ഉമ്മറത്തിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന അഖിലേഷിന്റെ അച്ഛൻ ആദ്യം വിചാരിച്ചത് .
അപ്പോഴാണ് അഖിലേഷ് തൻറെ ജീവിതത്തിലെ വിപ്ലവകരമായ ആ തീരുമാനം അച്ഛനെ അറിയിച്ചത് ..
ലീല ഇനി അവളുടെ വീട്ടിലേക്ക് തിരിച്ചു പോകുന്നില്ല.അവൾ എൻറെ പെണ്ണാണ് .ഇനി താമസിക്കാൻ പോകുന്നത് നമ്മുടെ വീട്ടിലാണ്.ആദ്യം ഒന്ന് അമ്പർന്നെങ്കിലും അച്ഛന് ഒരു തീരുമാനം എടുക്കാൻ ഞങ്ങളുടെ അത്രയും ആലോചിക്കേണ്ടി വന്നില്ല... ഉത്തരത്തിലിരുന്ന ചൂരൽ എടുത്ത് നാല് കൊടുത്തപ്പോൾ തന്നെ അഖിലേഷിലെ കാമുകൻ മരിച്ചു. അപ്പോൾ തന്നെ ലീലയെ നിഷ്കരുണം തള്ളിപ്പറഞ്ഞു..
സംഭവമറിഞ്ഞ് ചൂരലുമായി ലീലയുടെ അമ്മയും വേലിക്കൽ നിൽപ്പുണ്ടായിരുന്നു ...
അതോടെ ലീല എന്ന കാമുകിയും മരിച്ചു...
അഖിലേഷ് അഖിലേഷിന്റെ വഴിക്ക് ലീല ലീലയുടെ വഴിക്ക് ...
കൊടുമ്പിരി കൊണ്ട ആ പ്രണയത്തിൻറെ പര്യവസാനം അങ്ങനെയായി തീർന്നു ..
തുണ്ട് കടലാസ് നോക്കി പലതും ഓർത്തു ചിരിച്ചുകൊണ്ടിരുന്ന എന്നെ കണ്ടു അമ്മ വന്നു നോക്കി.. എന്താ ലീലേ ഒന്നുകൂടെ ഒളിച്ചോടുന്നോ?
അതിന് അഖിലേഷ് എവിടെയാണെന്ന് അറിയില്ലല്ലോ, ആദ്യം ആളെ കണ്ടു പിടിക്കട്ടെ എന്നിട്ട് നോക്കാം അമ്മേ ..
അമ്മയുടെ ചോദ്യത്തിന് ഉത്തരമായി ഞാനും പറഞ്ഞു .
പരസ്പരം നോക്കി ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു ..
പിന്നെ പുതിയ വിശേഷങ്ങൾ പറയാനും കേൾക്കാനും കഴിക്കാനും ഒക്കെയായി അടുക്കളയിലേക്ക് നടന്നു നീങ്ങി...