Aksharathalukal

ജീവിതം മടുത്ത പലരും എടുത്ത്ചാടി ആത്മഹത്യ ചെയ്യാറുള്ള സ്ഥലമായത് കൊണ്ട്

ചേട്ടാ... ഒരു സവാരി പോകണം

ഓട്ടോറിക്ഷയുടെ ബാക്ക് സീറ്റിൽ ചാരികിടന്ന് മൊബൈൽ കണ്ട് കൊണ്ടിരുന്ന ദിനേശൻ, ആ പെൺകുട്ടി പറഞ്ഞത് കേട്ട് അവിടെ നിന്നിറങ്ങി മുൻസീറ്റിലേക്ക് വന്നിരുന്നു.

എങ്ങോട്ടാ മോളേ പോകേണ്ടത്?

കടൽപ്പാലത്തിലേക്ക്

ങ്ഹേ, ഈ പാതിരാത്രിയിലോ ? അവിടെയിപ്പോൾ ആരുമുണ്ടാവില്ല മോളേ.. സാധാരണ വൈകുന്നേരം ആറേഴ് മണി വരെയെ, ആളുകൾ അവിടെ നില്ക്കാറുള്ളു ,ആ പാലത്തിൻ്റെ അങ്ങേ അറ്റത്ത് നിന്ന് ,സൺ സെറ്റ് കാണാൻ നല്ല രസമാണ്

അതൊന്നും സാരമില്ല,

ചേട്ടൻ എന്നെ അവിടെ കൊണ്ട് വിട്ടാൽ മതി

അവൾ കടുപ്പിച്ച് പറഞ്ഞത് കേട്ട് ,ദിനേശൻ റിയർവ്യൂ മീറ്റിലൂടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ, അവളുടെ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നയാൾ ശ്രദ്ധിച്ചു.

അല്ല, മോള് തനിച്ചേയുള്ളോ ?അതോ ഫ്രണ്ട്സ് ആരെങ്കിലും അവിടെ വന്ന് നില്പുണ്ടോ?

നിങ്ങളെന്തിനാ അതൊക്കെ അറിയുന്നത്? സവാരി പോകുന്ന യാത്രക്കാരൊക്കെ, നിങ്ങളോട് വിശേഷങ്ങൾ പറയണമെന്ന് നിർബന്ധം വല്ലതുമുണ്ടോ?

അപ്രതീക്ഷിതമായ അവളുടെ മറുപടി, അയാളെ സ്തബ്ധനാക്കി.

സോറി മോളേ..

എനിക്കും നിന്നെ പോലൊരു മോളുണ്ട് ,ഒറ്റയ്ക്കൊരു പെൺകുട്ടി, ഈ അസമയത്ത് ആളൊഴിഞ്ഞ കടൽപാലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ, ഒരച്ഛൻ്റെ ഉത്ക്കണ്ഠ കൊണ്ടാണ്, ഞാൻ മോളോട് അങ്ങനെ ചോദിച്ചത് ,ജീവിതം മടുത്ത പലരും എടുത്ത്ചാടി ആത്മഹത്യ ചെയ്യാറുള്ള സ്ഥലമായത് കൊണ്ട് , ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ , ആണുങ്ങൾ പോലും ആ വഴിക്ക് പോകാറില്ല ,മോള് പറഞ്ഞത് പോലെ ,ഒരു ഓട്ടോ ഡ്രൈവർ, സവാരി പോകുന്നവരുടെ ഡിറ്റൈൽസ് അറിയുന്നതെന്തിനാ? അവർ കൂലി തരുന്നുണ്ടോന്ന് മാത്രം നോക്കിയാൽ പോരെ?

സോറി അങ്കിൾ... ഞാൻ സങ്കടം ഉള്ളിലുള്ളത് കൊണ്ട് ,പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞ് പോയതാണ്

അത് കേട്ട്, ദിനേശൻ്റെ ഉള്ളിലൊരു വെള്ളിടി വെട്ടി .

അപ്പോൾ ,ഈ കുട്ടിയും ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിൽ തന്നെയാണല്ലോ ഈശ്വരാ .. അതിന് കാരണം മറ്റൊന്നുമായിരിക്കില്ല, പ്രേമനൈരാശ്യം തന്നെ,

അയാൾ ഊഹിച്ചു .

അല്ല, മോളെന്തിനാ ആത്മഹത്യ ചെയ്യുന്നത്? ആരെങ്കിലും തേച്ചിട്ട് പോയി കാണും അല്ലേ?

രണ്ടും കല്പിച്ചയാൾ അവളോടങ്ങനെ ചോദിച്ചപ്പോൾ, അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി.

തൻ്റെ ഉദ്ദേശ്യം അയാൾക്ക് മനസ്സിലായെന്ന് അവൾക്ക് ബോധ്യമായി .

മോള് പേടിക്കണ്ട കെട്ടോ, ഒരാൾ മരിക്കാൻ തീരുമാനിച്ചാൽ, അയാളെ ആർക്കും പിന്തിരിപ്പിക്കാനാവില്ലന്ന് എനിക്കറിയാം ,ഞാനിപ്പോൾ മോളെ അങ്ങോട്ട് കൊണ്ട് പോയില്ലെങ്കിലും, മറ്റേതെങ്കിലും വിധേന മോൾ ലക്ഷ്യത്തിലെത്തിയിരിക്കുമെന്നും എനിക്കറിയാം, പിന്നെ ഒരു കൗതുകം കൊണ്ട് ചോദിച്ചെന്നേയുള്ളു ,രണ്ട്മൂന്ന് ദിവസം കഴിയുമ്പോൾ, ഏതെങ്കിലുമൊരു കരയിൽ, മോളുടെ ഡെഡ് ബോഡി അടിഞ്ഞിട്ടുണ്ടെന്ന വാർത്ത കേൾക്കുമ്പോൾ ,മോള് മരിച്ചതിന് തക്കതായ കാരണമുള്ളത് കൊണ്ടായിരുന്നെന്ന്, എനിക്ക് തന്നെ സ്വയം സമാധാനിക്കാമല്ലോ എന്ന് കരുതിയാ ഞാൻ ചോദിച്ചത്

താൻ മരിക്കാൻ പോകുവാണെന്നിഞ്ഞിട്ടും ,

അയാൾ വളരെ ലാഘവത്തോടെ സംസാരിക്കുന്നത് കേട്ട് ,അവൾക്ക് അത്ഭുതം തോന്നി.

അങ്കിള് പറഞ്ഞത് ശരിയാ ,

ഞാൻ മരിക്കാൻ തന്നെ പോകുവാ ,അങ്കിളുദ്ദേശിച്ചത് പോലെ , ജീവന് തുല്യം സ്നേഹിച്ചയാൾ, എന്നെ ചതിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചു, അതറിഞ്ഞപ്പോൾ, എനിക്ക് സഹിക്കാൻ കഴിയുന്നില്ല, അത് കൊണ്ടാണ് ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്

ഓഹ് അത് ശരി ,മോൾക്ക് വീട്ടിലാരൊക്കെയുണ്ട് ?

അച്ഛനും ,അമ്മയും, ഒരനുജത്തിയും

ഓകെ, ഈ പറയുന്നയാളുമായി മോൾക്ക് എത്ര നാളത്തെ ബന്ധമുണ്ട് ?

മൂന്ന് മാസം മുമ്പ് ഞങ്ങൾ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതാണ് ,ഒടുവിലത് ഒരിക്കലും പിരിയാൻ പറ്റാത്ത വിധത്തിലുള്ള ബന്ധമായി, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു, ഞാനത് വീട്ടിലവതരിച്ചപ്പോൾ, അച്ഛനും അമ്മയും എതിർത്തെങ്കിലും, പിന്നീടവർ എൻ്റെ നിർബന്ധത്തിന് വഴങ്ങിയതായിരുന്നു ,പക്ഷേ അവൻ്റെ അമ്മ, വലിയ സ്ത്രീധനം ചോദിച്ചപ്പോൾ, എൻ്റെ അച്ഛനത് കൊടുക്കാൻ വിസമ്മതിച്ചു ,ആ ഒറ്റ കാരണം കൊണ്ടാണ്, അവൻ വേറെ വിവാഹം കഴിച്ചത് ,എൻ്റെ അമ്മയും അച്ഛനും ശ്രമിച്ചിരുന്നെങ്കിൽ, അവൻ്റെ വീട്ടുകാർ ചോദിച്ച സ്ത്രീധനം നല്കി ,എൻ്റെ വിവാഹം നടത്താമായിരുന്നില്ലേ? അപ്പോൾ അവന് മാത്രമല്ല ,എൻ്റെ പേരൻ്റ്സിനും എന്നോട് തീരെ സ്നേഹമില്ല, അത് കൊണ്ടല്ലേ അങ്കിൾ?അവരാരും എൻ്റെ സ്നേഹത്തിന് വില കല്പിക്കാഞ്ഞത്?

ശരിയാ മോളേ .. നിന്നോടവന് ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നെങ്കിൽ സ്ത്രീധനം ചോദിച്ച അമ്മയുടെ വാക്ക് കേൾക്കാതെ നിന്നെയവൻ എത് വിധേനയും സ്വന്തമാക്കിയേനെ, അപ്പോൾ അവന് നിന്നോടായിരുന്നില്ല, നിൻ്റെ സ്വത്തിനോടായിരുന്നു ഇഷ്ടം എന്ന് നിനക്ക് മനസ്സിലായില്ലേ? അത് കൊണ്ട് അവനെ തോല്പിക്കാൻ നീ

ജീവനൊടുക്കുന്നതിലർത്ഥമില്ല, കാരണം , നിൻ്റെ മരണം അവനെ ഒരിക്കലും വേദനിപ്പിക്കാൻ പോകുന്നില്ല, പക്ഷേ ഞാനതല്ല ചിന്തിക്കുന്നത്, നിങ്ങളുടെ വിവാഹത്തിന് ആദ്യം സമ്മതിച്ച അച്ഛൻ, സ്വത്ത് കൊടുക്കേണ്ടി വരുമെന്നായപ്പോൾ ,പതിയെ അതിൽ നിന്ന് പിന്മാറി, സ്നേഹമുള്ള അച്ഛനായിരുന്നെങ്കിൽ, തൻ്റെ കുടുംബം വിറ്റിട്ടാണെങ്കിലും, സ്വന്തം മകളെ അവൾക്കിഷ്ടപ്പെട്ട പയ്യനെ കൊണ്ട്തന്നെ വിവാഹം കഴിപ്പിച്ചേനെ?

അങ്കിളെന്താ ഉദ്ദേശിക്കുന്നത്?

അത് പിന്നെ മോളേ ... എനിക്ക് തോന്നുന്നത് നീയവരുടെ സ്വന്തം മോളല്ലെന്നാണ് ,നിനക്കൊരു അനുജത്തി ഉണ്ടെന്ന് പറഞ്ഞില്ലേ?അതായിരിക്കും അവരുടെ സ്വന്തം മകൾ ,നിന്നെയവർ ദത്തെടുത്തതായിരിക്കും, നീ ആരുടെയെങ്കിലും കൂടെ പോകുകയാണെങ്കിൽ, അവരുടെ സ്വന്തം മകൾക്ക് ,സ്വത്തുക്കളെല്ലാം കൊടുക്കാമെന്ന് കരുതി കാണും, അത് കൊണ്ട്, അവരും നീ മരിച്ചാൽ സന്തോഷിക്കുകയേ ഉള്ളു

നോ...

അവൾ അലറുകയായിരുന്നു.

ഇല്ല ,ഞാനവരുടെ സ്വന്തം മകള് തന്നെയാണ് ,അനുജത്തിയെക്കാൾ അവരെന്നെയാണ് കൂടുതൽ സ്നേഹിച്ചത്, എനിക്കാണവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിത്തന്നിരുന്നത്, ഞാനുപയോഗിച്ച് പഴകിയത് മാത്രമാണ്, എപ്പോഴും എൻ്റെ അനുജത്തിക്ക് കൊടുത്തിരുന്നത്, അച്ഛൻ്റെയും, അമ്മയുടെയും കല്യാണം കഴിഞ്ഞ്, ഏറെ നാളുകൾക്ക് ശേഷം, ഞാൻ ആറ്റുനോറ്റുണ്ടായതാണെന്ന് പറഞ്ഞ് ,ഇപ്പോഴും അവരെന്നെ താലോലിക്കാറുണ്ട്, എനിക്കെപ്പോഴും അമ്മ ,ആഹാരം വാരിത്തരുമ്പോൾ, അനുജത്തിക്ക് കുശുമ്പ് തോന്നാറുണ്ട്, ഞാൻ വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വരാൻ അല്പം വൈകിയാൽ, അച്ഛൻ എന്നെയും തിരക്കി ഇറങ്ങും ,

പാവം അച്ഛനും, അമ്മയും ,ഇപ്പോൾ എന്നെ കാണാതെ ,നാട് മുഴുക്കെ അന്വേഷിച്ച് നടക്കുവായിരിക്കും

ങ്ഹാ, എങ്കിൽ അവര് കുറച്ച് വേദനിക്കട്ടെ ,ദാ പാലമെത്തി, മോള് പോയി വേഗം ആത്മഹത്യ ചെയ്തോളു,

മകളുടെ ആഗ്രഹം സാധിച്ച് കൊടുക്കാത്ത അച്ഛനും ,അമ്മയും നിൻ്റെ മരണവാർത്തയറിഞ്ഞ് നീറി നീറി ചാവണം

ഇല്ല, എനിക്കവരെ വേദനിപ്പിക്കാനാവില്ല, അങ്കിള് വണ്ടി തിരിച്ച് വിടു, എനിക്കെൻ്റെ വീട്ടിൽ പോകണം ,ഞാൻ ചെല്ലാൻ താമസിക്കുന്തോറും, അവർ തളർന്ന്പോകും

അത് കേട്ട ദിനേശന്, അപ്പാഴാണ് ശ്വാസം നേരെ വീണത് ,ചില കാര്യങ്ങൾ ചിലരോട് നേരെ ചൊവ്വെ പറഞ്ഞാൽ, അവർക്കത് മനസ്സിലാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്, അയാൾ അങ്ങനൊരു കുറുക്ക് വഴി തേടിയത് .

പിന്നെ ഒട്ടും വൈകാതെ, ആ പെൺകുട്ടി പറഞ്ഞ സ്ഥലത്തേക്ക് അയാൾ ഓട്ടേറിക്ഷ പറത്തി വിട്ടു.

രചന

സജി തൈപ്പറമ്പ്.