Aksharathalukal

വരത്തൻ Full Parts

Part 1

മോളികുട്ടീ... ദേ അച്ചായന് ഒരു ഗ്ളാസ്സ് വെള്ളമെടുത്ത് കൊടുക്ക്

മോളിക്കുട്ടിയുടെ രണ്ടാനമ്മ തെയ്യാമ്മ വിളിച്ച് പറഞ്ഞു.

നീയങ്ങ് കൊഴുത്തുരുണ്ടല്ലോടീ കൊച്ചേ... ഇവിടുത്തെ അടുക്കളയിൽ കിടന്ന് വെറുതെ കരിയും പുകയും കൊള്ളുന്നതെന്തിനാ?എൻ്റെ കൂടെ പോര്, ഞാൻ നിനക്ക് ചെലവിന് തരാം

തോബിയാസിൻ്റെ നേർക്ക് വെള്ളവും ഗ്ളാസ്സും നീട്ടിയപ്പോൾ അയാൾ അവളുടെ കൈത്തണ്ടയിൽ കടന്ന്പിടിച്ച് കൊണ്ട് പറഞ്ഞു

ഛീ.. വിടെന്നെ

അറപ്പോടെ കൈ പിൻവലിച്ച് കൊണ്ട് മോളിക്കുട്ടി അടുക്കളയിലേക്ക് പോയി

അടിവാരത്തെ ഏക ഭക്ഷണശാലയാണ്, മത്തായിച്ചൻ്റെ മാതാ ടീ സ്റ്റാൾ,

കൂപ്പിൽ നിന്നും തടിയും, മുളയുമൊക്കെ കയറ്റാൻ വരുന്ന ലോറിക്കാരാണ്, അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിലധികവും

മത്തായിച്ചനെ കൂടാതെ, അയാളുടെ മകൾ മോളിക്കുട്ടിയും, രണ്ടാം ഭാര്യ തെയ്യാമ്മയും സഹായത്തിനായി എപ്പോഴും കൂടെയുണ്ടാവും.

അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർ പൊതുവെ നല്ല മര്യാദയുള്ളവരാണെങ്കിലും, അച്ചായനെന്ന് തെയ്യാമ്മ വിളിക്കുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയോടിക്കുന്ന തോബിയാസ് മാത്രം, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നു

തെയ്യാമ്മ അയാളോട് കൊഞ്ചുകയും കുഴയുകയും ചെയ്യുമെങ്കിലും മോളിക്കുട്ടിക്ക് അയാളെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു.

നല്ലൊരു മദ്യപാനിയായ തോബിയാസിൻ്റെ ചോരക്കണ്ണുകളും, കൊമ്പൻ മീശയും, മുഖത്ത് വസൂരി കുത്തുള്ള അയാളുടെ

തുറിച്ച് നോട്ടവും മാത്രയിരുന്നില്ല അയാളെ വെറുക്കാനുള്ള പ്രധാന കാരണം, സ്വന്തം ഭാര്യയെ ഒറ്റ ച്ചവിട്ടിന് കൊന്ന് കളഞ്ഞവനാണ് തോബിയാ സെന്ന്, ആ ഹൈറേഞ്ച്കാർക്കൊക്കെ

അറിയാവുന്നത് പോലെ, അവൾക്കുമറിയാമായിരുന്നു.

ഊണ് തീർന്നോ ചേട്ടാ ...

അപരിചിതമായൊരു ശബ്ദം കേട്ട് മോളികുട്ടി അടുക്കളയിൽ നിന്ന് മുൻ വശത്തേയ്ക്കെത്തി നോക്കി.

മുമ്പെങ്ങും കണ്ടിട്ടില്ലാത്തൊരു മുഖം ,കട്ടി മീശയും ഉയരവും അതിനൊത്തവണ്ണവുമുള്ള

സുമുഖനായൊരുചെറുപ്പക്കാരനായിരുന്നു അത് ,

എടിയേ.. ചോറ് ബാക്കിയുണ്ടോ ?

മത്തായിച്ചൻ അടുക്കള ഭാഗത്തേയ്ക്ക് നോക്കി വിളിച്ച് ചോദിച്ചു

ഒരാൾക്ക് കഴിക്കാനുള്ളത് ഉണ്ടപ്പാ ...

ചോദിച്ചത് തെയ്യാമയോടാണെങ്കിലും മറുപടി പറഞ്ഞത് മോളിക്കുട്ടിയായിരുന്നു

നിങ്ങളൊരാളല്ലേ ഉള്ളു ? കൂടെ കിളി ( ക്ളീനർ) ഒന്നുമില്ലല്ലോ?

അയാൾ ഓടിച്ച് വന്ന ലോറിയിലേക്ക്, ജിജ്ഞാസയോടെ നോക്കിക്കൊണ്ട് മത്തായിച്ചൻ ചോദിച്ചു

ഇല്ല ഞാൻ തനിച്ചേയുള്ളു

എങ്കിൽ കൈ കഴുകി ഇരുന്നോളു,

അയാളോട് കയറിയിരിക്കാൻ പറഞ്ഞിട്ട് മത്തായിച്ചൻ കസേരയിൽ നിന്നെഴുന്നേറ്റ് മിച്ചമുണ്ടായിരുന്ന തൂശനിലയിൽ ഒരെണ്ണമെടുത്ത് ഡെസ്കിൻ്റെ മുകളിൽ നിവർത്തി വച്ചിട്ട് ജഗ്ഗിലെ വെള്ളം തളിച്ച് കൊടുത്തു

മോളേ ആ ചോറിങ്ങെടുത്തോ

അകത്തയ്ക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട്, മത്തായിച്ചൻ തിരിച്ച് ചെന്ന് ക്യാഷ് കൗണ്ടറിലെ കസേരയിലേക്കമർന്നിരുന്നു

മീൻ കറിയോ സാമ്പാറോ ഒഴിക്കേണ്ടത്?

ഇലയിൽ ചോറ് വിളമ്പിയതിന് ശേഷം മോളിക്കുട്ടി അയാളോട് ചോദിച്ചു

മീൻ കറി ഒഴിച്ചോളു

മുഖമുയർത്താതെ അയാൾ മറുപടി പറഞ്ഞു

ചോറിനൊപ്പം മറ്റ് കറികളും വിളമ്പി തിരിച്ച് അടുക്കളയിലെത്തിയ മോളിക്കുട്ടി തലനീട്ടി അയാളെ ഒരിക്കൽ കൂടി നോക്കി.

തിരിഞ്ഞും മറിഞ്ഞും നോക്കാതെ , ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അയാളെ കുറിച്ച് അവൾക്ക് അത്ഭുതം തോന്നി.

സാധാരണ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്ന ആണുങ്ങളൊക്കെ തന്നോട് സംസാരിക്കാൻ വേണ്ടി മാത്രം എന്തെങ്കിലുമൊക്കെ കുശലം ചോദിക്കുമായിരുന്നു.

ഒന്നും ചോദിക്കാൻ ഇല്ലെങ്കിൽ പോലും അവരൊക്കെ തന്നെ അടിമുടി വീക്ഷിക്കുമായിരുന്നു.

പിന്നെ ഇയാൾക്ക് മാത്രമെന്താ തന്നെ കണ്ടിട്ട് ,ഒരു മൈൻഡ് ഇല്ലാത്തത്?

ആരായിരിക്കുമയാൾ?സ്ഥിരമായിട്ട് കൂപ്പിൽ

വരുന്നയാളായിരിക്കുമോ ? ഇനിമുതൽ ഇവിടെ നിന്നായിരിക്കുമോ? അയാൾ ഭക്ഷണം കഴിക്കുന്നത്

അവൾക്കെന്ത് കൊണ്ടോ? ഇന്ന് വരെ മറ്റൊരു പുരുഷനോടും തോന്നാത്ത ഒരാകർഷണീയത ആ ചെറുപ്പക്കാരനോട് തോന്നി.

വെള്ളം ...

കാലിഗ്ളാസ്സ് നീട്ടിപ്പിടിച്ച് കൊണ്ട് അയാൾ വിളിച്ച് ചോദിച്ചപ്പോൾ ,മോളിക്കുട്ടി വേഗം ജഗ്ഗുമെടുത്ത് കൊണ്ട് അങ്ങോട്ട് ചെന്നു.

എന്താ പേര്? എവിടുന്നാ വരുന്നത്?

ഗ്ളാസ്സിലേക്ക് ചൂട് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ ഉദ്വോഗത്തോടെ അവൾ ചോദിച്ചു.

പേരും ഊരും അറിഞ്ഞാലെ ഇവിടുന്ന് ഭക്ഷണം കൊടുക്കാറുള്ളോ?

മറുപടിക്ക് പകരം അയാൾ മറു ചോദ്യം ഉന്നയിച്ചപ്പോൾ അവൾ ചൂളിപ്പോയി

കഴിച്ച് കഴിഞ്ഞ ഇല ചുരുട്ടിയെടുത്ത് കൊണ്ട് കൈ കഴുകാനായി അയാൾ പുറത്തേയ്ക്ക് പോയപ്പോൾ അവൾക്കയാളോട് ഈർഷ്യ തോന്നി.

മ്ഹും ,മൊരടൻ..

അവൾ പിറുപിറുത്ത് കൊണ്ട് അടുക്കളയിലേക്ക് തിരിച്ച്പോയി.

ആ കിടക്കുന്ന പാണ്ടിലോറി ആരുടേതാണ് ചേട്ടാ?

ഊണിൻ്റെ കാശ് കൊടുക്കുമ്പോൾ, അയാൾ അപ്പനോട് ചോദിക്കുന്നത് മോളിക്കുട്ടി കേട്ടു .

അതെൻ്റേതാണ്, എന്താ കാര്യം?

കടയുടെ മുന്നിൽ കിടന്ന ,പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു കൊണ്ട് ,സിഗരറ്റ് പുകച്ച് കൊണ്ടിരിക്കുന്ന തോബിയാസ് ചോദിച്ചു.

അത് കുറച്ച് സൈഡാക്കി നിർത്തിയാൽ, എനിക്ക് ലോറി മുന്നോട്ടെടുക്കാമായിരുന്നു

അതിന് കുറച്ച് താമസമുണ്ട്, ഞാനീ സിഗററ്റ് വലിച്ച് തീർന്നിട്ട് നമുക്കാലോചിക്കാം

ഒട്ടും മയമില്ലാതെ, തോബിയാസ് പറഞ്ഞു.

അത് വരെ കാത്ത് നില്ക്കാൻ എനിക്ക് സമയമില്ല, എൻ്റെ ടേണിന് മുമ്പ് എനിക്കവിടെത്തണം

അയാളും വിട്ട് കൊടുത്തില്ല.

നീയേതാടാ ചെക്കാ... ?

ഇവിടെ വന്ന് ഈ തോബിയാസിനോട് കയർക്കാനും മാത്രം നീ വളർന്നോ?

തോബിയാസിൻ്റെ കട്ടിയുള്ള പുരികം ,അരിശത്താൽ വില്ല് പോലെ വളഞ്ഞു .

ഞാൻ നോബിൾ ,

കട്ടപ്പനക്കാരനാണ്,

ഇനി സ്ഥിരമായിട്ട് ഈ വഴിക്ക് തന്നെയുണ്ടാവും, അപ്പോൾ ഡീറ്റെയിലായിട്ട് നമുക്ക് പരിചയപ്പെടാം, പിന്നെ ഞാനാർക്കുവേണ്ടിയും കാത്ത് നിന്നുള്ള ശീലമില്ലാത്തത് കൊണ്ട് പറയുവാ

കീ വണ്ടിയിലുണ്ടല്ലോ? തത്ക്കാലം ഞാൻ തന്നെ വണ്ടിയെടുത്ത് മാറ്റിക്കൊള്ളാം

ആ വരുത്തൻ്റെ കൂസലില്ലായ്മ കണ്ട് ,അവിടെ കൂടി നിന്നവർ മൂക്കത്ത് വിരൽ വച്ചു.

തോബിയാസിൻ്റെ മുഖത്ത് നോക്കി ,ഇന്ന് വരെ ആരും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല

അതിനുള്ള ധൈര്യം കാണിച്ച ആ ചുണക്കുട്ടനെ ഒന്ന് കൂടി കാണാനായി മോളിക്കുട്ടി മുൻ വശത്തേയ്ക്ക് വന്നു.

തോബിയാസിൻ്റെ ലോറിയെടുത്ത്

റോഡിൻ്റെ ഇടത് വശത്തേയ്ക്കൊതുക്കിയിട്ടിട്ട്, തൻ്റെ സ്വന്തം ലോറി മുന്നോട്ടെടുത്ത് പോകുന്ന ഉശിരനായ നോബിളിനെ, മോളിക്കുട്ടി ആരാധനയോടെ നോക്കി നിന്നു.

Part 2

എടിയേ... നിങ്ങള് നനയ്ക്കാനും കുളിക്കാനും പോകുന്നുണ്ടെങ്കിൽ വേഗമാവട്ടെ ,ദേ കിഴക്കുന്ന് നല്ല കോള് വച്ച് വരുന്നുണ്ട് ,

കഴിഞ്ഞ തവണത്തെ പോലെ മഴ തകർത്തെങ്ങാനും പെയ്താൽ മലവെള്ളം കുത്തിയൊലിച്ച് ആ തടിപ്പാലമൊഴുകിയങ്ങ് പോകും , പിന്നെ തിരിച്ച് വരവ് നടക്കില്ല, ഞാൻ പറഞ്ഞേക്കാം

മത്തായിച്ചൻ തെയ്യാമ്മയെ വിളിച്ച്, തൻ്റെ ആശങ്ക പങ്ക് വച്ചു.

ഓഹ് ഞാൻ പൊരേൽ പോയിട്ട് വെള്ളം തിളപ്പിച്ച് കുളിച്ചോളാം, എനിക്കെന്താണോ വല്ലാത്ത കുളിര് തോന്നണ് ,ഒരു പനീടെ ലക്ഷണമുണ്ട്, എടീ മോളിക്കുട്ടി.. നീ കടവിൽ പോകുന്നെങ്കിൽ എൻ്റെ ഈ നൈറ്റിയും പാവാടയും കൂടി ഒന്ന് തിരുമ്മിയെടുത്തേക്ക്

അതും പറഞ്ഞ് തെയ്യാമ്മ, അടുക്കളയുടെ മൂലയിലേക്ക് മാറി നിന്ന്, തൻ്റെ മുഷിഞ്ഞ നൈറ്റി ഊരിയെടുത്ത്, മോളിക്കുട്ടിക്ക് കൊടുത്തിട്ട്, അഴയിൽ കിടന്ന മറ്റൊരു നൈറ്റിയെടുത്ത് ധരിച്ചു.

അസത്ത്! ഒരു നാണോമില്ല, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ ?ശ്ശെ !

തെയ്യാമ്മയുടെ പ്രവൃത്തി മോളിക്കുട്ടിയെ അരിശം കൊള്ളിച്ചു .

മണി നാല് കഴിഞ്ഞതേയുള്ളു, എങ്കിലും, പുഴക്കടവിലേക്കുള്ള കാട്ട് വഴിയിൽ ,ഒരാറ് മണിയുടെ ഇരുള് പരന്നിട്ടുണ്ടായിരുന്നു.

ഇടയ്ക്ക് തണുത്ത കാറ്റടിച്ചപ്പോൾ ,വഴിയിലേക്ക് ഊർന്ന് വീണ കരിയിലകളിൽ ചിലത് ,മുഷിഞ്ഞ തുണികൾ നിറച്ച ബക്കറ്റുമായി നടന്ന് നീങ്ങുന്ന മോളിക്കുട്ടിയുടെ തലയിലും ദേഹത്തും വീണു.

നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചീവീടുകളുടെ ശബ്ദം ഉയർന്ന് കേൾക്കാൻ തുടങ്ങി ,ഇടയ്ക്ക് ഒരു കടവാവൽ തലയ്ക്ക് മീതെ ചിറകടിച്ച് പറന്ന് പോയപ്പോൾ, മോളിക്കുട്ടി വല്ലാതെ പേടിച്ച് പോയി ,അവൾ നടപ്പിന് വേഗത കൂട്ടി, സാധാരണ കുളിക്കാനും നനയ്ക്കാനും പോകുമ്പോൾ കൂട്ടിന് തെയ്യാമ്മയും, മറ്റ് പെണ്ണുങ്ങളുമൊക്കെയുണ്ടാവും

ഇരുവശവും കുത്തനെയുള്ള മലകൾക്കിടയിലൂടെയുള്ള ഊട് വഴി പിന്നിട്ട് മോളിക്കുട്ടി തുറസ്സായ പുഴക്കരയിലേക്ക് പ്രവേശിച്ചു

അപ്പോൾ മാത്രമാണ് അവൾക്ക് ശ്വാസം നേരെ വീണത്, കടവിലേക്ക് നടന്നടുക്കുമ്പോൾ മറ്റ് പെണ്ണുങ്ങളെയൊന്നും കാണാതിരുന്നപ്പോൾ അവൾക്ക് വീണ്ടും നേരിയ ഭയം തോന്നി

പെട്ടെന്നാണവൾ ആ കാഴ്ച കണ്ടത്, കുറച്ചപ്പുറത്തായി പുഴയിലേക്കിറക്കി നിർത്തിയ ലോറിയുടെ ബമ്പറിൽ കയറി നിന്ന് കൊണ്ട്, നോബിൾ മുൻവശത്തെ ഗ്ളാസ്സ് കഴുകുന്നു.

അവളുടെ മനസ്സിലൊരു മഴവില്ല് വിരിഞ്ഞു.

കയ്യിൽ തൂക്കി പിടിച്ചിരുന്ന ബക്കറ്റ് താഴെ വച്ചിട്ട്, അവൾ അയാളുടെ അടുത്തേയ്ക്ക് ചെന്നു .

വണ്ടി കഴുകാൻ ഞാൻ സഹായിക്കണോ നോബിച്ചായാ..

ഒരുപാട് നാളത്തെ പരിചയമുള്ളയാളെ പോലെ, തന്നോട് സംസാരിക്കാൻ വന്ന മോളിക്കുട്ടിയെ, നോബിൾ തറപ്പിച്ചൊന്ന് നോക്കി.

നിങ്ങള് ശരിക്കും ഡ്രൈവറാണോ? അതോ ക്ളീനറോ? സാധാരണ വണ്ടി കഴുകുന്നത്, ക്ളീനർമാരാ, അത് കൊണ്ട് ചോദിച്ചതാ

നീയിവിടെ തുണി അലക്കാൻ വന്നതോ? അതോ എൻ്റെ പ്രൊഫൈല് ചെക്ക് ചെയ്യാൻ വന്നതോ ,? നീ നിൻ്റെ ജോലി നോക്കി പോടീ പെണ്ണേ ഒന്ന്,

കിഴക്കുന്ന് ഇടിച്ച് കുത്തി മഴ വരുന്നുണ്ട്, അതിന് മുമ്പ് ജീവനും കൊണ്ട് പോകാൻ നോക്ക്

നോബിൾ അവളോട് പരുഷമായാണ് പറഞ്ഞത്.

മ്ഹും, എനിക്ക് വന്നത് പോലെ തന്നെ തിരിച്ച് പോകാനും അറിയാം, ഞാനേ ഈ നാട്ടിൽ തന്നെ ജനിച്ച് വളർന്നവളാണ്, അല്ലാതെ ഞങ്ങള് വരുത്തരൊന്നുമല്ല

അയാൾക്ക് കൊള്ളത്തക്ക രീതിയിൽ ഒന്ന് മുനവച്ച് സംസാരിച്ചിട്ട്, ചാടിത്തുള്ളിക്കൊണ്ട് മോളിക്കുട്ടി,കടവിലേക്ക് തിരിച്ച് പോയി.

മുഷിഞ്ഞ തുണികളൊക്കെ തിരുമ്മി കഴുകി ബക്കറ്റിൽ നിറച്ചതിന് ശേഷം, പുഴയിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നിട്ട്, അവൾ സോപ്പെടുത്ത് കണങ്കാലിൽ നിന്ന് മുകളിലേക്ക് തേച്ച് പിടിപ്പിക്കാൻ തുടങ്ങി.

ഇടയ്ക്കവൾ തല തിരിച്ച് നോബിളിനെ നോക്കി.

അയാളപ്പോൾ

പുറം തിരിഞ്ഞ് നിന്ന് കൊണ്ട്, ലോറിയുടെ ടയറിലെ ചെളിനീക്കം ചെയ്യുകയായിരുന്നു.

ശരീരമാസകലം സോപ്പ് തേച്ച്, വീണ്ടും പുഴയിൽ മുങ്ങിയിട്ട് കരയ്ക്ക് കയറുമ്പോഴും, അവൾ പല പ്രാവശ്യം അയാളെ ശ്രദ്ധിച്ചെങ്കിലും ,ഒരിക്കൽ പോലും അയാൾ തന്നെയൊന്ന് തിരിഞ്ഞ് നോക്കാത്തതിൽ, അവൾക്കാശ്ചര്യം തോന്നി.

സാധാരണ ഈ സമയത്ത് മറ്റുള്ളവർ ലോറി കഴുകാൻ വരുന്നത്, പെണ്ണുങ്ങളുടെ കുളിസീൻ കൂടി കാണാമെന്ന ഉദ്ദേശത്തോടെയാണ് ,പക്ഷേ ഇയാൾക്ക് മാത്രമെന്താ അങ്ങനൊരു ചിന്തയില്ലാത്തത്?

ആള് നല്ല വെടിപ്പാണെന്ന് തോന്നുന്നു, അതേതായാലും നന്നായി, പെണ്ണുങ്ങളെ വായിനോക്കാൻ താല്പര്യമില്ലാത്ത ഒരുത്തനെങ്കിലുമുണ്ടല്ലോ?

വിശ്വസിച്ച് കൂടെ പൊറുക്കാൻ പറ്റും ,കെട്ടിയോളെ ഉറക്കി കിടത്തിയിട്ട് ,കണ്ടവള്മാരെ തേടിപ്പോവില്ല

ആദ്യം അയാളോട് തോന്നിയ നീരസം, പിന്നീടവളുടെ മനസ്സിൽ നിന്നും അലിഞ്ഞില്ലാതായി.

##################

രണ്ട് ദിവസമായി നോബിളിനെ കടയിലേക്ക് കണ്ടിട്ട്

ദിവസവും ഊണിൻ്റെ സമയമാകുമ്പോൾ

മോളിക്കുട്ടി , പല പ്രാവശ്യം പുറത്തേയ്ക്ക് എത്തി നോക്കും,

നോബിളിൻ്റെ ലോറി വന്ന്

കടയുടെ മുന്നിൽ പാർക്ക് ചെയ്യുന്നുണ്ടോ എന്ന് ,

ലോറിക്കാരിൽ പലരും വന്ന് രണ്ടാമത്തെ ലോഡുമായി പോയിട്ടും, നോബിളിനെ മാത്രം കാണാതിരുന്നപ്പോൾ, മോളിക്കുട്ടിയുടെ മനസ്സിൽ നിരാശ കൂട് കെട്ടി.

ഇനി, അയാളിങ്ങോട്ട്

എപ്പോഴായിരിക്കും വരുന്നത്? സാധാരണ ലോറിക്കാരെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ വന്ന് പോകാറുണ്ട് ,തോബിയാസാണെങ്കിൽ ഒരു ലോഡ് കയറ്റാൻ വന്നാൽ ,രണ്ട് ദിവസം ഇവിടൊക്കെ ചുറ്റിക്കറങ്ങി നടന്നിട്ട് ,സാവധാനമേ തിരിച്ച് പോകാറുള്ളു ,അയാൾക്കിവിടെ പല പെണ്ണുങ്ങളുമായി ചുറ്റിക്കളിയൊക്കെ ഉണ്ടെന്നാണ് പറയാറ് ,ചിറ്റമ്മ (തെയ്യാമ്മ) അയാളോട് പലപ്പോഴും അടുപ്പം കാണിക്കുന്നത്, മോളിക്കുട്ടിക്ക് ഇഷ്ടപ്പെടാറില്ല

ചിറ്റമ്മയെന്തിനാ അയാളോട് കൊഞ്ചാനും കുഴയാനുമൊക്കെ പോകുന്നത് ? അയാള് ആളത്ര ശരിയല്ല

മോളിക്കുട്ടി ,തെയ്യാമ്മയോട്

ഒരിക്കൽ ചോദിച്ചു.

ഓഹ് അതെനിക്കറിയാം, നീ നിൻ്റെ കാര്യം നോക്ക്, എന്നെ ഒരുത്തനും തോണ്ടാൻ വരില്ല

മൂന്നാം ദിവസവും നോബിളിനെ പ്രതിക്ഷിച്ച മോളിക്കുട്ടിക്ക് നിരാശയായിരുന്നു ഫലം,

അന്ന് ,തെയ്യാമ്മ സുഖമില്ലാതിരുന്നത് കൊണ്ട് കടയിലേക്ക് വന്നിരുന്നില്ല , അത് കൊണ്ട് ,മോളിക്കുട്ടി ,തനിച്ചാണ് പുഴക്കടവിലേക്ക് നനച്ച് കുളിക്കാൻ പോയത്.

നേരം ഒരു പാട് വൈകി പോയിരുന്നത് കൊണ്ട്, ഇടവഴി പിന്നിട്ട് ,കാട്ട് വഴിയിലേക്ക് നടന്ന് കയറിയ മോളിക്കുട്ടി, ഒരു കൂട്ടിനായി ആരെങ്കിലും പുറകെ വരുന്നുണ്ടോ? എന്ന് പല പ്രാവശ്യം തിരിഞ്ഞ് നോക്കി കൊണ്ടാണ് മുന്നോട്ട് നടന്നത്.

പക്ഷേ ,വഴി നന്നേ വിജനമായിരുന്നു ,നേരിയ ഇരുള് പരന്ന വഴിയിലേക്ക്, എതിർ ദിശയിൽ നിന്നൊരു ലോറി കയറ്റമിറങ്ങി വരുന്നത് കണ്ട്, അവളുടെയുള്ളിൽ പെരുമ്പറ മുഴങ്ങി.

ചെകുത്താനെന്ന ലോറിയുടെ നെയിംബോർഡിലെ പേര് വായിച്ചപ്പോഴാണ് ,അവൾ കൂടുതൽ നടുങ്ങിയത് .

അത് തോബിയാസിൻ്റെ ലോറിയാണെന്ന് അവൾക്കറിയാമായിരുന്നു

പുഴയിൽ വണ്ടി കഴുകാൻ പോയിട്ടുള്ള വരവാണ്.

അവളുടെ മുന്നിലെത്തി ബ്രേക്കിട്ട് നിന്ന ലോറിയിൽ നിന്നും, തോബിയാസ് ചാടിയിറങ്ങി.

അല്ലാ.. നീയിന്ന് തനിച്ചേ യുള്ളോ?

അയാൾ അവളെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ നിന്ന് കൊണ്ട് ചോദിച്ചു

ആണെങ്കിൽ തനിക്കെന്താ ? വഴി മാറ്, എനിക്ക് പോകണം

അവൾ ആക്രോശിച്ചു

അങ്ങനങ്ങ് പോയാലോ എനിക്ക് നിന്നോട് ചിലതൊക്കെ ചോദിക്കാനും പറയാനുമുണ്ട്

എനിക്കൊന്നും കേൾക്കണ്ട

അതെങ്ങനാ മോളേ... ശരിയാവുന്നേ, ഈ മലയടിവാരത്തിൽ തോബിയാസ് ആഗ്രഹിച്ച പെണ്ണുങ്ങളൊക്കെ ഞാൻ പറയുന്നതൊക്കെ കേട്ടിട്ടുമുണ്ട്, അവരൊക്കെ എൻ്റെ കൂടെ കിടന്നിട്ടുമുണ്ട്, ഞാനൊന്ന് ആഞ്ഞ് ശ്രമിച്ചിരുന്നേൽ, നീയും എൻ്റെ വെപ്പാട്ടിയായി മാറിയേനെ പക്ഷേ, നിന്നെ എനിക്ക് ആ രീതിയിൽ കാണാനല്ല താല്പര്യം, ഒരു മിന്ന് കെട്ടി കൂടെ പൊറുപ്പിക്കാനാണിഷ്ടം,

അതിന് നിൻ്റെ സമ്മതം ചോദിക്കാനാണ്, ഞാനിപ്പോൾ ഈ വഴിയിൽ വണ്ടി നിർത്തിയത്

എൻ്റെ പട്ടി വരും, നിങ്ങളുടെ കൂടെ പൊറുക്കാൻ ,അതിന് വച്ച വെള്ളമങ്ങ് വാങ്ങി വച്ചേര്

എന്ത് പറഞ്ഞെടീ.. നീയ് ,നിന്നെയിവിടെയിട്ട് നശിപ്പിച്ചാൽ പോലും, എന്നോട് ചോദിക്കാൻ ധൈര്യമുള്ള ഒരുത്തനും ഈ നാട്ടിലില്ല

തഴമ്പിച്ച കൈകൾ കൊണ്ട് മോളികുട്ടിയെ അയാൾ കടന്ന് പിടിച്ചു, പിടുത്തം

മുറുകിയപ്പോൾ, അവളുടെ കുപ്പിവളകൾ പൊട്ടിച്ചിതറി, കൈത്തണ്ട മുറിഞ്ഞ് ചോരയൊലിച്ചു , അവൾ അലറി വിളിച്ചു ,ആ വിളിയൊച്ച കരിമ്പാറകളിൽ തട്ടിപ്രതിദ്ധ്വനിച്ചു, വിജനമായ വഴിയുടെ ഇരുവശത്തേക്കും തന്നെ രക്ഷിക്കാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് അവൾ പ്രതീക്ഷയോടെ നോക്കി

Part 3

പൊടുന്നനെ, ഇരുളിനെ കീറിമുറിച്ച് കൊണ്ട്, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി, മറ്റൊരു വാഹനം ,എതിർ ദിശയിൽ നിന്നും ,അവരുടെ നേരെ പാഞ്ഞ് വന്നു.

അത് കണ്ടതും തോബിയാസിൻ്റെ പിടി ഒന്നയഞ്ഞപ്പോൾ, മോളിക്കുട്ടി കുതറിക്കൊണ്ട് മുന്നോട്ടോടി പോയി.

നാശം പിടിക്കാൻ,

ഇരയെ നഷ്ടപ്പെട്ട വേട്ടനായയെ പോലെ, അയാൾ മുരണ്ടു

എതിരെ വന്ന വാഹനം കടന്ന് പോകാൻ, വഴിയില്ലാതെ തുടരെ ഹോണടിച്ച് കൊണ്ടിരുന്നു.

മാറ്റിത്തരാം, കിടന്നലറണ്ട,

കലി തുള്ളി കൊണ്ട് തോബിയാസ്, തൻ്റെ ലോറിയിലേക്ക് ചാടിക്കയറി.

എതിരെ വന്നത് പഴയ വില്ലീസ് ജീപ്പാണെന്നും, അത് കൊച്ചുതറ പാപ്പിയുടെ ഇളയ മകൻ്റെയാണെന്നും മനസ്സിലായത് കൊണ്ടാണ് തോബിയാസ്, തൻ്റെ ലോറി വഴിയൊതുക്കിയിട്ട്, അയാളെ കടന്ന് പോകാൻ അനുവദിച്ചത്.

കൊച്ചുതറ പാപ്പിയുടെ കൈയ്യാള് കൂടിയാണ് തോബിയാസ്, അയാളുടെ കൊള്ളരുതായ്മകൾക്കൊക്കെ കൂട്ട് നില്ക്കുകയും, എതിരാളികളെ കായികമായി നേരിടുകയും ചെയ്യുന്ന ഒരു വാടകഗുണ്ടയുടെ റോളാണ് തോബിയാസിനുള്ളത് ,

പ്രതിഫലമായി ,കള്ളും കഞ്ചാവും പെണ്ണും മതി തോബിയാസിന്.

തൻ്റെ രക്ഷകനായി കർത്താവയച്ചതാണ്, ആ വണ്ടിക്കാരനെയെന്ന് മോളിക്കുട്ടി വിശ്വസിച്ചു.

അവൾ കർത്താവിനെ സ്തുതിച്ച് കൊണ്ട് ,പുഴക്കര ലക്ഷ്യമാക്കി വേഗം നടന്നു.

പുറകെ വരുന്ന വാഹനം തൻ്റെയടുത്ത് നിർത്താനായി, സ്ളോ ചെയ്യുകയാണെന്ന് എഞ്ചിൻ്റെ ശബ്ദം താഴ്ന്ന് വന്നപ്പോൾ, മോളിക്കുട്ടിക്ക് മനസ്സിലായി.

അത് നോബിളായിരുന്നെങ്കിലെന്ന് മോളിക്കുട്ടി വല്ലാതെ ആശിച്ചു,

പക്ഷേ, അടുത്തെത്തിയപ്പോഴത്

പാപ്പി മുതലാളിയുടെ മോനാണെന്ന് മനസ്സിലായ മോളിക്കുട്ടിക്ക്, നിരാശ തോന്നി.

ങ്ഹാ മോളിക്കുട്ടീ...താനൊറ്റയ്ക്ക് ഈ നേരത്ത് പുഴയിലേക്ക്

പോകേണ്ടിയിരുന്നില്ല ,ആ തോബിയാസ് ആളത്ര വെടിപ്പല്ല ,തക്ക സമയത്ത് ഞാൻ വന്നത് കൊണ്ടാണ്, മോടിക്കുട്ടിക്ക് മാനം പോകാതിരുന്നത്

അയാൾ സ്വയം പുകഴ്ത്തി കൊണ്ട് പറഞ്ഞത്,

തന്നെ ഫേവറ് ചെയ്യാനാണെന്ന് അവൾക്ക് മനസ്സിലായി.

കർത്താവാണ് കൊച്ചുമുതലാളിയെ ഈ സമയത്ത് ഇവിടെയെത്തിച്ചത്,

അവൾ കൈകൂപ്പി കൊണ്ട് വിനയത്തോടെ പറഞ്ഞു.

കൊച്ചുമുതലാളിയോ? മോളിക്കുട്ടിയെന്നെ അങ്ങനൊന്നും വിളിക്കേണ്ട, എൻ്റെ പേര് സിബിക്കുട്ടിയെന്നാണ്, വേണമെങ്കിൽ സിബച്ചനെന്ന് വിളിച്ചോളു,

ശരി സിബിച്ചാ.. നേരം വൈകുന്നു, ഞാൻ പൊയ്ക്കോട്ടെ,

അല്ല, ഞാനും പുഴക്കരയിലേക്കാണ്, ചൂണ്ടയിടാൻ പോകുവാ,

മോളിക്കുട്ടി ഇങ്ങോട്ട് കയറിക്കോളു ,ഒറ്റയ്ക്ക് പോകേണ്ട,

ഹല്ല അത് പിന്നെ ...

ഓഹ് എന്ത് പിന്നെ ,മത്തായിച്ചൻ്റെ മോളുടെ മാനം കാക്കണ്ടത്, എൻ്റെയും കൂടെ ചുമതലയാ, ഒന്നുമില്ലേലും,

പണ്ട് പപ്പയുടെയൊപ്പം

കുറെ നാളുണ്ടായിരുന്നയാളല്ലേ?

അയാളുടെ വാക്കുകൾ അവൾക്ക് വിശ്വസനീയമായി തോന്നി, മാത്രമല്ല ഈ അസമയത്ത്, മാന്യനായ

ഒരു പുരുഷൻ്റെ കൂട്ട്, തനിക്ക് കൂടിയേ തീരു എന്നവൾക്കറിയാമായിരുന്നു.

സിബിച്ചൻ്റെ ജീപ്പിൽ പുഴക്കരയിൽ ചെന്നിറങ്ങുമ്പോൾ, അവിടെ തൻ്റെ അയൽക്കാരി മറിയച്ചേടത്തി നിന്ന് തുണി അലക്കുന്നത് കണ്ട മോളിക്കുട്ടിക്ക് ,സമാധാനമായി.

ആഹാ, ഇനി മോളിക്കുട്ടി പേടിക്കേണ്ട ,കടവിൽ പെണ്ണുങ്ങള് നില്പുണ്ട്

സിബിച്ചൻ പറഞ്ഞത് കേട്ട്, അവനെ നോക്കി നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചിട്ട്, ബക്കറ്റുമെടുത്ത് കൊണ്ട് മോളിക്കുട്ടി പുഴക്കരയിലേക്ക് നടന്നു.

മത്തായിച്ചാ.. അറിഞ്ഞോ? അന്നിവിടെ നിന്ന് ,ആ തോബിയാസുമായി കൊമ്പ് കോർത്ത ആ ചെക്കനില്ലേ? അവനിപ്പോൾ താലൂക്കാശുപത്രിയിലെ പതിന്നാലാം വാർഡിൽ കാലൊടിഞ്ഞ് കിടപ്പോണ്ട്,

രാവിലെ ചായ കുടിക്കാൻ വന്ന നാണു ചേട്ടനാണത് പറഞ്ഞത്.

അത് കേട്ട് കൊണ്ട് അടുക്കളയിൽ പുട്ടിൻ്റെ മാവ് നനച്ച് കൊണ്ട് നിന്ന, മോളിക്കുട്ടിക്ക് ഉള്ളിലൊരാന്തലുണ്ടായി.

അതെന്ത് പറ്റിയതാടോ? തോബിയാസ് തല്ലിയൊടിച്ചതാണോ ?

മത്തായിച്ചൻ ജിജ്ഞാസയോടെ ചോദിച്ചു.

ഹേയ്, ആ കൊച്ചൻ ബൈക്കിലെങ്ങാണ്ട് പോയപ്പോൾ, ഒരു നായ വട്ടംചാടിയതാണത്രെ?

നാശം പിടിക്കാനാൻ, മനുഷ്യൻ്റെ സമാധാനം കളയാനായിട്ട് ,ഒരോനായ്ക്കള് വന്ന് കയറിക്കോളും,

അവൾ അരിശത്തോടെ പിറുപിറുത്തു.

അല്ല, താനെന്തിനാ ഇങ്ങനെ കിടന്ന് വേവലാതി പെടുന്നത് ?അയാൾ തൻ്റെയാരാ?, ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയം മാത്രം, താനടുപ്പം കാണിച്ചപ്പോഴൊക്കെ, തന്നിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ച ഒരു മൊരടൻ, അയാളെ ഓർത്താണോ, താൻ അസ്വസ്ഥയാകുന്നത്?

തൻ്റെ മനസ്സിനെ നിലയ്ക്ക് നിർത്താൻ ആവത് ശ്രമിച്ചെങ്കിലും, മോളിക്കുട്ടിക്ക് അയാളെയൊന്ന് കാണാൻ കൊതി തോന്നി.

കട്ടപ്പനക്കാരനാണെന്നല്ലേ പറഞ്ഞത് ?അപ്പോൾ ഇവിടെ അയാൾക്ക് സഹായത്തിനായി ആരെങ്കിലുമുണ്ടാവുമോ? നാട്ടിൽ നിന്ന് ബന്ധുക്കളാരെങ്കിലും എത്തിക്കാണുമോ?

അയാൾക്ക് ബന്ധുക്കളൊക്കെയുണ്ടാവുമോ?

അങ്ങനെ ഒരു നൂറ് ചോദ്യം അവളെ അലട്ടിക്കൊണ്ടിരുന്നു.

അപ്പാ... എനിക്ക് നാളെ രാവിലെ ,ആശുപത്രി വരെയൊന്ന് പോകണം ,

കുറച്ച് ദിവസമായി വയറിനകത്ത് കുത്തി കുത്തിയുള്ള വേദന,

ഓപിയിലൊന്ന് കാണിച്ച് നോക്കാം,

ഉച്ചതിരിഞ്ഞ നേരത്ത് ,അവൾ രണ്ടും കല്പിച്ച് അപ്പനോട് വന്ന് പറഞ്ഞു.

ആണോ ?അങ്ങനെയെങ്കിൽ തെയ്യാമ്മയെയും കൂട്ടി പൊയ്ക്കോ ,നേരത്തെ ഇങ്ങ് വന്നേക്കണം ,അറിയാമല്ലോ ഉച്ചക്കത്തെ ഇവിടുത്തെ തിരക്ക്, എന്നെക്കൊണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല,

ചിറ്റമ്മ വേണ്ടപ്പാ .. ഇവിടെ നിന്നോട്ടെ ,ഞാൻ തെക്കേലെ ജാൻസിയെയും കൂട്ടി പൊയ്ക്കൊള്ളാം, അഥവാ ഇത്തിരി താമസിച്ചാലും കുഴപ്പമില്ലല്ലോ?

ഉം എങ്കിൽ ശരി ,മോള് പോയി അപ്പന് ഒരു കട്ടൻ ചായ ഇട്ടോണ്ട് വാ, കടയിന്ന് നേരത്തെ അടയ്ക്കാം, ലോറിക്കാരൊക്കെ ചെക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത് കൊണ്ട്, ഇനി നാളെയേ ഇങ്ങോട്ട് വരു.

മത്തായിച്ചൻ മേശവലിപ്പിൽ നിന്നും, നോട്ടുകൾ പെറുക്കി എണ്ണിയെടുത്തിട്ട്, റബ്ബർ ബാൻ്റിട്ട്, ഷർട്ടിൻ്റെ പോക്കറ്റിലേക്ക് വച്ചു.

പിറ്റേന്ന് ജാൻസിയേയും കൂട്ടി താലൂക്കാശുപത്രിയിലെത്തിയ മോളിക്കുട്ടി ,ഓ പി ചീട്ടെടുത്ത് കൂട്ടുകാരിയെ നീണ്ട ക്യൂവിൽ നിർത്തിയിട്ട്, ബാത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് കൊണ്ട്, അവിടെ നിന്ന് പതിയെ മുങ്ങി.

ഇരുവശങ്ങളിലും കുമ്മായക്കെട്ട് ചുമരുകൾ അതിരിടുന്ന , ഇടനാഴിയിലൂടെ പതിനാലാം വാർഡ് തേടി നടക്കുമ്പോൾ, മോളിക്കുട്ടിയുടെ ഹൃദയം പടപടാ മിടിച്ചു.

Part 4

ഇടനാഴി അവസാനിക്കുന്നിടത്തു നിന്ന് ഇടത്തോട്ട് തിരിയുമ്പോൾ വാർഡ് പതിനാലെന്ന് ചുമരിലെ വെളുത്ത പ്രതലത്തിൽ

കറുത്ത മഷി കൊണ്ടെഴുതിയിരിക്കുന്നത് മോളിക്കുട്ടി കണ്ടു.

നിരനിരയായി ഇട്ടിരിക്കുന്ന ബഡ്ഡുകൾക്കിടയിലൂടെ ആകാംക്ഷയോടെ നടക്കുമ്പോൾ

അവളുടെ മിഴികൾ നോബിളിനെ പരതുകയായിരുന്നു .

ഒടുവിൽ അവളുടെ നോട്ടം കൃത്യമായി അയാൾ കിടക്കുന്ന ബഡ്ഡിൽ തന്നെ ചെന്ന് പതിച്ചു.

വലത് കാലിൽ

പ്ളാസ്റ്ററിട്ടിരിക്കുന്ന നോബിൾ, ഉടയാത്ത ഒരു പുതിയ കൈലിമുണ്ടാണ് ഉടുത്തിരിക്കുന്നത് ,ചൂട് കൂടുതലായത് കൊണ്ടായിരിക്കും, ധരിച്ചിരുന്ന ഷർട്ടഴിച്ച് ഇരുമ്പ്കട്ടിലിൻ്റെ ക്രാസിയിലിട്ടിട്ട്, അയാൾ അർദ്ധനഗ്നനായി അതിലേക്ക് ചാരിയിരിക്കുകയായിരുന്നു,

രോമക്കെട്ടുള്ള നെഞ്ചിൻ്റെ വലത് ഭാഗത്തും, ചോരക്കറ പുരണ്ട ഡ്രെസ്സിങ്ങ് കാണാമായിരുന്നു.

പെട്ടെന്നാണവൾ ,മറ്റൊരു കാഴ്ച കണ്ടത് ,കോട്ടൺ സാരിയുടുത്ത സുന്ദരിയായൊരു യുവതി ,ഫ്ളാസ്കിൽ നിന്നും ഗ്ളാസ്സിലേക്ക് ചായ പകർത്തി, അയാൾക്ക് നേരെ നീട്ടുന്നു.

അവളുടെ മനസ്സിലേക്ക് മിന്നൽ പിണരുകൾ വീണ്, ചുട്ടുപൊള്ളുന്നൊരു ഫീലുണ്ടായി.

പിടിച്ച് കെട്ടിയത് പോലെ അവളവിടെ നിന്നു, ഒരടി മുന്നോട്ട് നടക്കാൻ അവൾക്ക് തോന്നിയില്ല ,ഒരിക്കൽ കൂടി ആ യുവതിയെ അവൾ ആപാദചൂഡം വീക്ഷിച്ചു.

കഴുത്തിൽ മിന്ന് കിടപ്പുണ്ട്.

അതെ ,ഇതയാളുടെ കെട്ട്യോള് തന്നെയാണ് ,താനെന്തൊരു മണ്ടിയാണ് ,വിവാഹിതനായ ഒരുത്തനെ തേടിയാണല്ലോ? താനിവിടെ എത്തിയത് എന്നോർത്തപ്പോൾ, അവൾക്ക് തന്നോട് തന്നെ അവജ്ഞതോന്നി.

ദുഷ്ടനാണയാൾ, വിവാഹിതനാന്നെന്നുള്ള കാര്യം അയാൾ തന്നിൽ നിന്നും മറച്ച് വച്ചു,എന്തിനായിരുന്നത് ?,

വിവാഹിതനായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ, താനയാളുടെ പുറകെ ഇങ്ങനെ നടക്കില്ലായിരുന്നു,

അല്ല, താനെന്തൊക്കെയാണ് ഈ ചിന്തിച്ച് കൂട്ടുന്നത് ,അയാളെ എന്തിനാണ് വെറുതെ കുറ്റപ്പെടുത്തുന്നത്? അയാളെന്ത് തെറ്റ് ചെയ്തു? തന്നോടയാൾ പറഞ്ഞോ പുറകെ നടക്കാൻ ?അയാൾ തൻ്റെ പുറകെ വന്നോ?ഇല്ലല്ലോ? താനല്ലേ അയാളെ ഫോളോ ചെയ്തത്?

അയാൾ തന്നെ കാണുന്നതിന് മുമ്പ് ,ഉടഞ്ഞ് പോയ മനസ്സുമായവൾ തിരിഞ്ഞ് നടന്നു.

ദിവസങ്ങൾ കടന്ന് പോയി.

ഉച്ചയൂണിൻ്റെ തിരക്കൊന്ന് കുറഞ്ഞപ്പോൾ, തെയ്യാമ്മ വീക്ക്ലിയെടുത്ത് കൊണ്ട്, നോവലിൻ്റെ തുടർ ഭാഗം വായിക്കാനായി, പുറകിലെ കമഴ്ത്തിയിട്ടിരിക്കുന്ന ഉരലിന് മുകളിൽ കയറിയിരുന്നു.

ഈ സമയം ,അടുക്കളയിൽ നിന്നും മുൻ വശത്തേക്ക് വന്ന മോളിക്കുട്ടി ,കൗണ്ടറിൻ്റെ പുറകിൽ തൂക്കിയിട്ടിരുന്ന കലണ്ടറെടുത്ത്, പുതിയ മാസത്തെ പേജ് നേരെയാക്കിയിട്ടു.

ഊണ് തീർന്നോ മത്തായിച്ചാ?

ആ ശബ്ദം കേട്ട്, മോളിക്കുട്ടി തിരിഞ്ഞ് നോക്കി,

അത് നോബിളായിരുന്നു,

ഒരു ഞെട്ടലോടെ അവൾ നോട്ടം പിൻവലിച്ചിട്ട് ,വേഗം അടുക്കളയിലേക്ക് കയറിപ്പോയി.

കസേരയിൽ മലർന്ന് കിടന്ന് മയക്കത്തിലേക്ക് വീണ മത്തായിച്ചൻ, ചോദ്യം കേട്ട് ഉണർന്നിരുന്നു.

ങ്ഹാ ചോറ് തീർന്നല്ലോ കുഞ്ഞേ? അല്ലാ കുറച്ച് കാലമായല്ലോ മോനെ ഈ വഴിക്ക് കണ്ടിട്ട് ?

ഓഹ് ചെറിയൊരു ആക്സിഡൻ്റ് പറ്റിയായിരുന്നു,

കഴിഞ്ഞയാഴ്ചയാണ് , ഡിസ്ചാർജായത്, എങ്കിൽ ഞാൻ പോകട്ടെ മത്തായിച്ചാ..

അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു.

അല്ലാ, കുഞ്ഞ് കുറച്ച് നേരമിരുന്നാൽ, ദോശ ചുട്ട് തരാം

ങ്ഹാ, ദോശയെങ്കിൽ ദോശ എടുക്ക് മത്തായിച്ചാ.. നല്ല വിശപ്പുണ്ട്,

അയാൾ അകത്തേയ്ക്ക് കയറിയിരുന്നു.

അപ്പാ...ദോശയുടെ മാവ് പുളിച്ചിട്ടൊന്നുമില്ല, അയാളോട് വേറെ ഏതെങ്കിലും കടയിൽ പോയി നോക്കാൻ പറ

അകത്ത് നിന്ന മോളിക്കുട്ടി, നിർദ്ദയം വിളിച്ച് പറഞ്ഞു.

ങ്ഹാ നേരാ അവള് പറഞ്ഞത്, ഇവിടെ സാധാരണ അഞ്ച് മണിക്ക് ശേഷമാണ്, ദോശ കഴിക്കാൻ ആൾക്കാര് വരുന്നത് ,എങ്കിൽ മോൻ ആ കവലയിലെങ്ങാനും ചെന്ന് നോക്ക്, അവിടെ ആ നാരായണൻ്റെ ഹോട്ടലിൽ എന്തേലും കാണും

അപ്പൻ പഞ്ഞത് കേട്ട്, അയാളിറങ്ങി പോകുന്നത് കണ്ടപ്പോൾ ,എന്ത് കൊണ്ടോ മോളിക്കുട്ടിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

ഞായറാഴ്ച ദിവസം പളളിയിൽ കുർബാന കഴിഞ്ഞ് തിരിച്ച് പോരുമ്പോഴാണ് ,

തൻ്റെയരികിലൂടെ മുന്നോട്ട് പോയൊരു ബൈക്ക്, പെട്ടെന്ന് ചവിട്ടി നിർത്തിയത്, മോളിക്കുട്ടി കണ്ടത്

ഹെൽമറ്റ് ഊരിയെടുത്തയാൾ തിരിഞ്ഞ് നോക്കിയപ്പോഴാണ്, അത് കൊച്ചുതറേലെ സിബിച്ചനാണെന്ന് മനസ്സിലായത്.

എന്താ മോളിക്കുട്ടീ ...

ഇന്ന് തനിച്ചേയുള്ളോ?

തെയ്യാമ്മ ചേച്ചി വന്നില്ലേ?

ചിറ്റമ്മയ്ക്ക് സുഖമില്ലായിരുന്നു, അതാ ഞാൻ തനിച്ച് വന്നത്,

എങ്കിൽ എൻ്റെ പിന്നിൽ കയറിക്കോളു, ഞാനാ വഴിക്കാണ്

അയ്യോ വേണ്ട സിബിച്ചാ.. ആരേലും കണ്ടാൽ...

സിബിച്ചൻ പൊയ്ക്കോളു, ഞാൻ നടന്ന് വന്ന് കൊള്ളാം

ഹേയ്, കണ്ടാലെന്താ? നമ്മള് തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരിക്കും, പറഞ്ഞോട്ടെ, എനിക്കതിൽ വിഷമമൊന്നുമില്ല

അയാളൊരു ഗൂഡ സ്മിതത്തോടെ പറഞ്ഞു.

പക്ഷേ, എനിക്ക് വിഷമമുണ്ട്,

ഞാനൊരു പാവം ചായക്കടക്കാരൻ്റെ മകളാണ്, സിബിച്ചൻ ,കോടീശ്വരനും, ഒരു പേര് ദോഷം വന്നാൽ നഷ്ടപ്പെടുന്നത്, എനിക്ക് മാത്രമായിരിക്കും

അല്ല മോളിക്കുട്ടി, തനിക്കെന്നെ വിശ്വസിക്കാം ,എന്ത് വന്നാലും ഞാനുണ്ടാവും കൂടെ

അയാളുടെ റൂട്ട് ശരിയായ വഴിക്കല്ലന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു.

ഈ സമയത്താണ് എതിർവശത്ത് നിന്ന് നോബിളിൻ്റെ ലോറി കടന്ന് വരുന്നത് അവൾ കണ്ടത്.

അവരുടെയരികിലെത്തി സഡൻ ബ്രേക്കിട്ട ലോറിയിൽ നിന്നും, നോബിൾ ചാടിയിറങ്ങി.

എന്താ കൊച്ചുമുതലാളി ,

പെമ്പിള്ളാരെ വഴിയിൽ തടഞ്ഞ് നിർത്തി ഒരു കിന്നാരം, വണ്ടി വിട്ട് പോകാൻ നോക്ക്, ഇത് കൊച്ച് മുതലാളിയുടെ അഭീഷ്ടം സാധിക്കാനുള്ള പെണ്ണല്ല, ങ്ഹാ വിട്ടോ വിട്ടോ

അത് പറയാൻ താനാരാ ? തന്നെയാരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ? എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം

സിബിച്ചനെ ഞെട്ടിച്ച് കൊണ്ട് മോളിക്കുട്ടിയായിരുന്നു അയാളോട് പൊട്ടിത്തെറിച്ചത്.

ടപ്പേ...!

നോബിളിൻ്റെ വലത് കൈ മോളിക്കുട്ടിയുടെ കരണത്ത് പതിച്ചു.

ഇനി മുതൽ നിൻ്റെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെയാണെടീ.. എനിക്കതിനുള്ള അവകാശമുണ്ടെന്ന് കൂട്ടിക്കോ

കവിള് പൊത്തി പിടിച്ചിരിക്കുന്ന മോളിക്കുട്ടിയോടത് പറഞ്ഞിട്ട്, നോബിൾ സിബിച്ചൻ്റെ നേർക്ക് തിരിഞ്ഞു.

എന്താടാ.. നിന്നോട് പറഞ്ഞത് കേട്ടില്ലേ? അതോ എൻ്റെ കൈ വാങ്ങിച്ചിട്ടേ നീയും പോകുള്ളോ?

അയാളുടെ തീഷ്ണമായ നോട്ടത്തെ നേരിടാനാവാതെ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് സിബിച്ചൻ പാഞ്ഞ് പോയി.

തൊട്ട് പിറകെ പൊട്ടിക്കരഞ്ഞ് കൊണ്ട് മോളിക്കുട്ടിയും പോയതിന് ശേഷമാണ്, നോബിൾ ലോറിയിലേക്ക് തിരിച്ച് കയറിയത്.

Part 5

റബ്ബർ മരങ്ങൾക്കിടയിലൂടെ ചാല് കീറിയത് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഒറ്റയടി പാതയിലൂടെ നോബിളിൻ്റെ ബുള്ളറ്റ് കുടു കുട് ശബ്ദത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

നേരം പുലരുന്നതേയുള്ളു, കിഴക്ക് വെള്ള കീറിയ മാനത്ത് നിന്നും പൊഴിഞ്ഞ് വീണ ആലിപ്പഴങ്ങൾ വിളഞ്ഞ തേയില ചെടികൾക്ക് മുകളിൽ വെളുത്ത പുതപ്പ് വിരിച്ചിട്ടത് പോലെ പരന്ന് കിടക്കുന്നു

തണുത്ത കാറ്റടിച്ചപ്പോൾ ബുള്ളറ്റിന് പിന്നിലിരുന്ന മോളിക്കുട്ടി ,നോബിളിൻ്റെ വയറിലൂടെ ചുറ്റിപ്പിടിച്ച കൈ ഒന്ന് കൂടി വരിഞ്ഞ് മുറുക്കി അയാളോട് ചേർന്നിരുന്നു.

പരവശയായ തൻ്റെ നെഞ്ചിടിപ്പ് നോബിളിൻ്റെ ചുമലിൽ പതിയുന്നുണ്ടെന്നവൾക്കറിയാമായിരുന്നു

ഇന്നലെയായിരുന്നു നോബിച്ചായൻ തൻ്റെ കഴുത്തിൽ മിന്ന് കെട്ടിയത്, ഒന്നുമങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ,

കടയിൽ വച്ച് ,ഒരു ദിവസം ഊണ് കഴിച്ച് കഴിഞ്ഞ നോബിച്ചായൻ,

കാശ് കൊടുക്കുമ്പോഴാണ് അപ്പനോടത് പറയുന്നത്

മത്തായിച്ചാ.. മോളിക്കുട്ടിയെ എനിക്കിഷ്ടമാണ്, നിങ്ങളവളെ എനിക്ക് കെട്ടിച്ച് തരികയാണെങ്കിൽ, ഞാനവളെ പൊന്ന് പോലെ നോക്കി കൊള്ളാമെന്ന്

അപ്പച്ചന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല

പിന്നെ എല്ലാം പെട്ടെന്നായിരുന്നു ,അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി വലിയ പളളിയിൽ വച്ച് കല്യാണവും കഴിഞ്ഞു

ഇന്നലെ രാത്രിയിൽ താനൊരു ആഗ്രഹം പറഞ്ഞിരുന്നു

ഇവിടുത്തെ ഏറ്റവും ഉയരമുള്ള കുറത്തി മലയുടെ മുകളറ്റം വരെ നോബിച്ചായൻ്റെ ബൈക്കിന് പിന്നിലിരുന്ന് ഒരു യാത്ര ചെയ്യണമെന്ന്

അതിനാണ് മൂപ്പര് വെളുപ്പാൻ കാലത്ത് കുത്തിപ്പൊക്കിയത്

റബ്ബർ മരങ്ങളെയും തേയിലച്ചെടികളെയും പിന്നിട്ട് ബുള്ളറ്റ് കുത്തനെയുള്ള മല കയറിത്തുടങ്ങി.

മുകളിലേക്ക് ചെല്ലുന്തോറും കുറത്തി മലയുടെ അഗ്രം കാണാൻ പറ്റാത്ത വിധം കോടമഞ്ഞ് വലിയൊരു പുകമറ തീർത്തിരുന്നു

നോബിച്ചായാ.. ഒന്നും കാണാൻ പറ്റുന്നില്ലല്ലോ എനിക്ക് പേടിയാകുന്നു നമുക്ക് തിരിച്ച് പോകാം

നീയെന്തിനാ പെണ്ണേ പേടിക്കുന്നത് നിൻ്റെ ഇച്ചായൻ കൂടെ തന്നെയില്ലേ?

അവൾക്ക് ധൈര്യം പകർന്ന് കൊണ്ട് അയാൾ ബുള്ളറ്റിൻ്റെ ആക്സിലേറ്റർ തിരിച്ച് കൊണ്ടിരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്, ഏതോ വലിയ കല്ലിൽ തട്ടിയ ബുള്ളറ്റ് നില തെറ്റി അഗാധമായ കൊക്കയിലേക്ക് പതിച്ചു ,വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ നിലയില്ലാ കയത്തിലേക്ക് വീഴുമ്പോഴും നോബിൾ തൻ്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് മോളിക്കുട്ടിയെ മുറുകെ പിടിച്ചിരുന്നു

ഒടുവിൽ താഴെ ഏതോ പാറക്കെട്ടിൽ തലയിടിച്ച മോളിക്കുട്ടി, വേദനയാൽ നിലവിളിച്ചപ്പോഴാണ്, തെയ്യാമ്മ ഞെട്ടിയുണർന്നത്.

നാശം പിടിക്കാൻ ,എടീ മോളിക്കുട്ടീ.. എന്തിനാടീ കിടന്നലറുന്നത്? നീ വല്ല ദു:സ്വപ്നവും കണ്ടോ?

സുഖനിദ്രയ്ക്ക് വിഘ്നം സംഭവിച്ച തെയ്യാമ്മ, അരിശത്തോടെ അവളെ തട്ടി വിളിച്ചു.

അപ്പോഴാണ് താൻ കണ്ടതൊരു പാഴ്ക്കിനാവാണെന്ന് അവൾക്ക് മനസ്സിലായത്.

##################

തിങ്കളാഴ്ച ദിവസമായത് കൊണ്ട് ,കടയിൽ നല്ല തിരക്കുണ്ടായിരുന്നു ,പതിവ് പോലെ മറ്റുള്ളവർ പോയിക്കഴിഞ്ഞപ്പോഴാണ് നോബിൾ ഊണ് കഴിക്കാനെത്തിയത്.

തെയ്യാമ്മ ചോറ് വിളമ്പി തിരിച്ച് പോയപ്പോൾ, കറികൾ വിളമ്പാനായി തൂക്കുപാത്രവുമായി മോളിക്കുട്ടി അങ്ങോട്ട് വന്നു.

പൊരിച്ച മീൻ എടുക്കട്ടെ ,നല്ല പുഴ മീനാണ്

താനടുത്ത് ചെന്നിട്ടും തന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ,കുനിഞ്ഞിരുന്ന് ചോറ് കഴിച്ച് കൊണ്ടിരിക്കുന്ന നോബിളിനോടവൾ ചോദിച്ചു.

ഒന്നും വേണ്ട ..

പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞു

എങ്കിൽ ബീഫ് ഉലർത്തിയതെടുക്കട്ടെ?

ഒന്ന് പോയ് തരാമോ? ഒന്നും വേണ്ടന്ന് പറഞ്ഞില്ലേ?

ശബ്ദമുയർത്തിക്കൊണ്ട് അയാൾ രൂക്ഷമായി അവളെ നോക്കിയപ്പോൾ ഭീതിയോടെ അവൾ തിരിച്ച് അടുക്കളയിലേക്ക് പോയി

ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഇന്നലെ വഴിയിൽ വച്ച് തന്നെ തല്ലുകയും ശകാരിക്കുകയും ചെയ്തപ്പോൾ പറഞ്ഞത് അവകാശമുള്ളത് കൊണ്ടാണെന്നല്ലേ? പക്ഷേ ഇപ്പോഴത്തെ പെരുമാറ്റം കണ്ടിട്ട് ,അയാൾക്ക് തന്നോട് വിചാരിച്ചത് പോലെയുള്ള അടുപ്പമുണ്ടെന്ന് തോന്നുന്നില്ല

നോബിളിൻ്റെ മനസ്സിലെന്താണെന്നറിയാതെ, മോളിക്കുട്ടി ആകെ പ്രതിസന്ധിയിലായി.

ഊണ് കഴിഞ്ഞ് കൈ കഴുകി തിരികെയെത്തിയ നോബിൾ, പേഴ്സിൽ നിന്നും പൈസയെടുത്ത്കൊണ്ടിരിക്കുമ്പോഴാണ്, റോഡിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്, വളവ് തിരിഞ്ഞ് വന്ന ജീപ്പ്, എതിരെ സൈക്കിളിൽ വന്ന ഒരു പെൺകുട്ടിയെ തട്ടിയിട്ടതായിരുന്നു.

പെട്ടെന്നയാൾ കയ്യിലിരുന്ന പേഴ്സ് മേശപ്പുറത്ത് വച്ചിട്ട് ,ഓടിച്ചെന്ന് പെൺകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചു.

അവളുടെ തല പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു.

നോബിൾ പെട്ടെന്ന് തൻ്റെ തോർത്തെടുത്ത് അവളുടെ തലയിലെ മുറിവിൽ വരിഞ്ഞ് കെട്ടി, അപ്പോഴേക്കും ആ കുട്ടിയുടെ ബോധം പോയി.

നോബിൾ അവളെ കോരിയെടുത്ത്, തട്ടിയിട്ട ജീപ്പിലേക്ക് കയറി.

എത്രയും വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്,

അയാൾ ഡ്രൈവറോട് ധൃതിവച്ചു.

ജീപ്പ് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.

################,

ആ കൊച്ചൻ, നല്ല മനുഷ്യത്വമുള്ളവനാ ,നാട്ട് കാര് ഇത്രയും പേര് നോക്കി നിന്നപ്പോഴാ, എങ്ങാണ്ടുന്ന് വന്ന ആ ചെറുക്കൻ, ചോരയിൽ കുളിച്ച് റോഡിൽ കിടന്ന കൊച്ചിനെയുമെടുത്തോണ്ട് പോയത്

വൈകുന്നേരം ചായ കുടിക്കാൻ വന്നവരോടൊക്കെ മത്തായിച്ചൻ ,നോബിളിൻ്റെ നന്മയെക്കുറിച്ച് പുകഴ്ത്തി പറഞ്ഞ് കൊണ്ടിരുന്നു.

അല്ല മത്തായിച്ചാ ,ആശുപത്രിയിൽ കൊണ്ട് പോയ കൊച്ചിനെങ്ങനുണ്ടെന്ന് വല്ലതുമറിഞ്ഞോ?

കണാരൻ ചോദിച്ചു.

ങ്ഹാ, അതെങ്ങനെ അറിയാനാ? ആശുപത്രി പോയവര് തിരിച്ച് വരണ്ടേ?

വെപ്രാളത്തിന് ,ആ കൊച്ചൻ്റെ പേഴ്സും ഇവിടെ വെച്ചിട്ടാണ് പോയിരിക്കുന്നത് ,

എന്തായാലും വൈകുന്നേരം അതെടുക്കാൻ വരുമായിരിക്കും

മത്തായിച്ചൻ, മേശവിലിപ്പിൻ്റെ താഴെ വച്ചിരുന്ന പേഴ്സ് അവിടെ തന്നെയുണ്ടോയെന്ന് ഒരിക്കൽ കൂടി കൈയ്യിട്ട് പരിശോധിക്കുന്നതിനിടയിൽ, അത് നിലത്തേയ്ക്ക് വീണു.

അയാൾ കുനിഞ്ഞതെടുക്കുമ്പോൾ, നിവർന്ന് കിടന്നിരുന്ന പേഴ്സിൻ്റെ അകത്തെ അറയിൽ വച്ചിരിക്കുന്ന, ഒരു ബ്ളാക്ക് ആൻ്റ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ കണ്ട്, മത്തായിച്ചൻ ഞെട്ടി

സംശയം തീർക്കാനായിവീണ്ടും അയാൾ അതിലേക്ക് സൂക്ഷിച്ച് നോക്കി.

അതെ ,ഇതവൾ തന്നെ, തൻ്റെ മോളിക്കുട്ടിയുടെയും ,

ജോമോൻ്റെയും അമ്മ ,

തൻ്റെ ആദ്യ ഭാര്യ മേരിക്കുട്ടി .

മത്തായിച്ചന്, തൻ്റെ തലകറങ്ങുന്നത് പോലെ തോന്നി.

പതിനെട്ട് കൊല്ലം മുമ്പ് വടക്കൻ മലബാറിലെ മലയോര ഗ്രാമമായ പേരാമ്പ്രയിൽ നിന്നും, രായ്ക്കുരാമാനം നാല് വയസ്സുള്ള മോളിക്കുട്ടിയെയും തോളിലിട്ട് കൊണ്ട്, പാതിരാത്രിയിൽ പാലായനം ചെയ്തത്, ഇന്നലത്തെ പോലെ അയാളുടെ മനസ്സിൽ തെളിഞ്ഞ് വന്നു.

കൊച്ചു പള്ളിയിലെ വാർഷിക പെരുന്നാളിന്, എല്ലാവർക്കും കൂടി പളളിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും, തനിക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ്, മേരിക്കുട്ടി അന്ന് പള്ളിയിലേക്ക് വരാൻ കൂട്ടാക്കിയില്ല

അപ്പോൾ താനാണ്, ഏഴ് വയസ്സുകാരനായ ജോമോനെ അവൾക്ക് കൂട്ടിരുത്തിയിട്ട്, കളിപ്പാട്ടം വേണമെന്ന് പറഞ്ഞ് നിർബന്ധം പിടിച്ച് കരയുന്ന, മോളിക്കുട്ടിയുമായി പള്ളിയിലേക്ക് പോയത്.

വരുമ്പോൾ ജോമോന് കൈയ്യിൽ കെട്ടാൻ വാച്ച് കൊണ്ട് കൊടുക്കാമെന്ന് സമ്മതിച്ചിട്ടാണ്, അവൻ അമ്മയോടൊപ്പം നിന്നത്.

പള്ളിയിൽ ചെന്ന്, വെടിക്കെട്ട് കണ്ട് കൊണ്ട് നിന്നപ്പോൾ നേരം പോയതറിഞ്ഞില്ല

ഒടുവിൽ മക്കൾക്ക് വേണ്ട കളിപ്പാട്ടങ്ങളും വാങ്ങി, വീട്ടിലേക്ക് വരുമ്പോൾ, മണി പന്ത്രണ്ടാകാറായിരുന്നു.

മുറ്റത്തെത്തിയപ്പോൾ, മുൻ വാതിൽ തുറന്ന് തൻ്റെ മുന്നിലേക്കിറങ്ങി വന്ന പോക്കിരി വാസുവിനെ കണ്ട് താൻ ഞെട്ടിപ്പോയി.

കുറച്ച് നാളായിട്ടുള്ള ഒരാഗ്രഹമായിരുന്നു, ഇന്നാണ് അതിന് അവസരം ഒത്ത് കിട്ടിയത്, പിന്നെ.. ഇപ്പോൾ താൻ മാത്രമേ അറിഞ്ഞിട്ടുള്ളു ,വെറുതെ ബഹളം വച്ച് നാട്ട്കാരെ അറിയിച്ചാൽ, നാണക്കേട് തനിക്ക് തന്നെയാണ്

ഒരു വിടലച്ചിരിയോടെ തൻ്റെ തോളിൽ തട്ടി അങ്ങനെ പറഞ്ഞിട്ട് ,ഒരു കൂസലുമില്ലാതെ വാസു മുണ്ട് പൊക്കി കുത്തി നടന്ന് പോയപ്പോൾ, താൻ തളർന്ന് പോയിരുന്നു.

അകത്തേയ്ക്ക് കയറിയിട്ട് , തന്നെ വഞ്ചിച്ചവളെ വെട്ടിക്കൊല്ലാനാണാദ്യം തോന്നിയത് ,അതിനായി തുനിഞ്ഞതുമാണ് ,പക്ഷേ ഹാളിലെ സോഫയിൽ ഒന്നുമറിയാതെ ,കമിഴ്ന്ന്

കിടന്നുറങ്ങുന്ന ജോമോനേയും

തൻ്റെ തോളിൽ കിടക്കുന്ന മോളിക്കുട്ടിയെയും ഓർത്തപ്പോൾ അതിന് കഴിഞ്ഞില്ല.

അവളെ കൊന്നാൽ താൻ ജയിലിൽ പോകേണ്ടി വരും ,അപ്പോൾ തൻ്റെ രണ്ട് മക്കൾ അനാഥരായി പോകും,

പക്ഷേ, മറ്റൊരുത്തനുമായി ശരീരം പങ്ക് വച്ചവളെ, ഇനി ഭാര്യയായി കാണാനോ, അവളോടൊപ്പം ജീവിക്കാനോ തനിക്ക് കഴിയില്ല

അത് കൊണ്ട്, അവളെ ഉപേക്ഷിച്ച് പോകാനാണ് അന്ന് മനസ്സിൽ തോന്നിയത് ,തോളിൽ കിടന്ന മോളിക്കുട്ടിയെ ജോമോൻ്റെയൊപ്പം കിടത്തിയുറക്കിയിട്ട്, തനിച്ച് നാട് വിട്ട് പോകാനാണ് ആദ്യം ശ്രമിച്ചത്

പക്ഷേ, ഉടുമ്പ് പോലെ തൻ്റെ കഴുത്തിൽ അള്ളിപ്പിടിച്ച് കിടന്ന മോളിക്കുട്ടിയെ പറിച്ചെറിയാൻ തോന്നിയില്ല ,അന്ന് ,ജന്മനാട്ടിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ,ഒരു കുടിയേറ്റക്കാരനായി ഇവിടെയെത്തുമ്പോൾ, മോളിക്കുട്ടിയെയും കൂടെ കൂട്ടേണ്ടി വന്നത് അങ്ങനെയായിരുന്നു.

Part 6

മോളേ.. അപ്പച്ചൻ പുഴയിൽ പോയി ഒന്ന് മുങ്ങിക്കുളിച്ചിട്ട് വരാം

നോബിളിൻ്റെ ലോറി ,പുഴക്കരയിലേക്കുള്ള കാട്ട് വഴിയിലൂടെ പോകുന്നത് കണ്ടപ്പോഴാണ് മത്തായിച്ചന് പെട്ടെന്നങ്ങനെ തോന്നിയത്

കടയിൽ വച്ച് അയാളോട് ഒന്നും ചോദിക്കാനും പറയാനും കഴിയില്ല തൻ്റെ ഊഹം ശരിയാണെങ്കിൽ ജോമോൻ തന്നെയായിരിക്കും നോബിളായിട്ട് തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പക്ഷേ അവൻ്റെ വരവിൻ്റെ ലക്ഷ്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല

അതവനോട് തന്നെ നേരിട്ട് ചോദിക്കാനും മേരിക്കുട്ടിയെക്കുറിച്ചുള്ള ജിജ്ഞാസ അടക്കാൻ വേണ്ടിയുമായിരുന്നു മത്തായിച്ചൻ്റെ ശ്രമം.

മുന്നിലെ ടയറ് രണ്ടും പുഴയിലേക്കിറക്കി നിർത്തിയിട്ട് നോബിൾ ബക്കറ്റിൽ വെള്ളം കോരി ബോണറ്റിലേക്കൊഴിച്ച് കൊണ്ടിരിക്കുകയായിരുന്നു

ജോമോനേ ...

കുറച്ച് നേരം അയാളെ തന്നെ നിർനിമേഷനായി നോക്കി നിന്നിട്ട് ,മത്തായിച്ചൻ രണ്ടും കല്പിച്ച് നോബിളിനെ വിളിച്ചു.

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോബിൾ തിരിഞ്ഞ് നോക്കി

അല്ല ഇതാര് മത്തായിച്ചനോ? നിങ്ങൾക്കെൻ്റെ പേര് മാറിപ്പോയോ? ഞാൻ ജോമോ നല്ല ,നോബിളാണ്

അത് പറയുമ്പോൾ നോബിളിൻ്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതിരുന്നത് മത്തായിച്ചനെ അത്ഭുതപ്പെടുത്തി.

നീ ജോമോനല്ലെങ്കിൽ എൻ്റെ ഭാര്യ മേരിക്കുട്ടിയുടെ ഫോട്ടോ എന്തിനാ നിൻ്റെ പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നത് ?

മത്തായിച്ചൻ തൻ്റെ കയ്യിലിരുന്ന നോബിളിൻ്റെ പേഴ്സ് അയാൾക്ക് നേരെ നീട്ടി

ഓഹ് ആ പേഴ്‌സ് മത്തായിച്ചന് കിട്ടിയായിരുന്നോ? ഞാനിന്നലെ ഹോസ്പിറ്റലിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് ,പേഴ്‌സ് തപ്പുന്നത്, അത് വഴിയിലെവിടെയോ നഷ്ടപ്പെട്ടു കാണുമെന്നാണ്, ഞാൻ വിചാരിച്ചത്, ഇപ്പോൾ സമാധാനമായി ഇതിനകത്ത് വണ്ടീടെ സി സി അടയ്ക്കാൻ വച്ചിരുന്ന കുറച്ച് പൈസയുണ്ടായിരുന്നു ,

മത്തായിച്ചൻ്റെ കൈയ്യിൽ കിട്ടിയത് കൊണ്ടാണ് ഇത് തിരിച്ച് കിട്ടിയത്

അയാൾ പേഴ്സ് തുറന്ന് മുഴുവൻ പൈസയും ഉണ്ടെന്ന് ഉറപ്പാക്കിയിട്ട്, മത്തായിച്ചനോട് നന്ദി സൂചകമായി പറഞ്ഞു.

അല്ല നീയിപ്പോഴും അതിലിരിക്കുന്ന ഫോട്ടോയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?

മത്തായിച്ചൻ വീണ്ടും നോബിളിനോട് ചോദിച്ചു.

ഓഹ് അതോ? സത്യം പറയാലോ മത്തായിച്ചാ ... കുറച്ച് നാള് മുമ്പ് ഞാൻ ലോഡുമായി മലബാറിലേക്കൊരു ട്രിപ്പ് പോയിരുന്നു, കോഴിക്കോട്ടെ പേരാമ്പ്ര വരെ ,അവിടെ ഒരു കടയിൽ നിന്ന് ചായ കുടിച്ച് വണ്ടിയിലേക്ക് കയറാൻ നേരമാണ് ,നിലത്തൊരു പേഴ്സ് കിടക്കുന്നത് കണ്ടത് ,

എടുത്ത് തുറന്ന് നോക്കിയപ്പോൾ, ആകെ അതിനകത്തുണ്ടായിരുന്നത് ഈ ഒരു ഫോട്ടോ മാത്രമായിരുന്നു, എൻ്റെ ഊഹം ശരിയാണെങ്കിൽ ,ഏതോ ഹതഭാഗ്യനായ മനുഷ്യൻ്റെ പോക്കറ്റടിച്ച വിദ്വാനായ കള്ളൻ, ഉണ്ടായിരുന്ന പൈസ മുഴുവൻ എടുത്തതിന് ശേഷം, പേഴ്സ് വഴിയിലുപേക്ഷിച്ചതാവാം, കിട്ടിയ പേഴ്സ് കാലിയായിരുന്നെങ്കിലും, അതെനിക്ക് കളയാൻ തോന്നിയില്ല, അത് പോലെ തന്നെ അതിലുണ്ടായിരുന്ന ഫോട്ടോയും ,ഇപ്പോഴാണറിയുന്നത് ,ഇത് മത്തായിച്ചൻ്റെ ഭാര്യയുടെ ഫോട്ടോ ആണെന്ന്, അല്ല മത്തായിച്ചാ,, നിങ്ങളുടെ ഭാര്യയുടെ ഫോട്ടോ എങ്ങനെയാ മലബാറിലെത്തിയത് ,?

നോബിളിൻ്റെ മറു ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിയാതെ മത്തായിച്ചൻ വീർപ്പ് മുട്ടി നിന്നു.

അതൊരു വലിയ കഥയാണ് നോബിളേ എല്ലാവർക്കുമുണ്ടാവില്ലേ ഒരിക്കലും ഓർക്കാൻ താല്പര്യമില്ലാത്ത ഒരു പഴയ കാലം ,പത്ത് പതിനെട്ട് കൊല്ലം മുമ്പ് എനിക്കുമുണ്ടായിരുന്നു അങ്ങനൊരു മോശം കാലം, ശരിക്കും എൻ്റെ നാട് പേരാമ്പ്രയായിരുന്നു ഞാനിവിടെ കുടിയേറ്റക്കരനാണ് ,

തല്ക്കാലം താനത്രയും അറിഞ്ഞാൽ മതി

തൻ്റെ ഭൂതകാലം മറ്റൊരാളോട് വിശദീകരിക്കാൻ താല്പര്യമില്ലാതെ മത്തായിച്ചൻ കുളിക്കടവിലേക്ക് നടന്നു.

തന്നെ തിരിച്ചറിയാൻ കഴിയാതെ മത്തായിച്ചൻ പോയപ്പോഴാണ് നോബിളിന് ശ്വാസം നേരെ വീണത്

താൻ നോബിളെന്ന വ്യാജ പേരിലറിയപ്പെടുന്ന നിഖിൽ വാസുവാണെന്ന കാര്യം മത്തായിച്ചനറിഞ്ഞാൽ, അയാളുടെ ആജന്മ ശത്രുവായ പോക്കിരി വാസുവിൻ്റെ മകൻ എന്തിനിവിടെവന്നുവെന്നും എന്ത് കൊണ്ട് പേര് മാറ്റിയെന്നും അയാളെ ബോധ്യപ്പെടുത്തേണ്ടി വരും

തൻ്റെ അച്ഛനെ കൊലപ്പെടുത്തിയ അയാളുടെ മകൻ ജോമോനെ തനിക്ക് ഇല്ലാതാക്കേണ്ടി വന്നതും അതിന്നെത്തുടർന്ന് താനിവിടെ ഒളിവിൽ കഴിയുകയാണെന്നും അയാളോട് പറയേണ്ടി വരും

നോബിളിൻ്റെ ( നിഖിൽ വാസു )ഓർമ്മകൾ പത്ത് കൊല്ലം പുറകിലേക്ക് പോയി അന്ന് തനിക്ക് പതിനഞ്ച് വയസ്സ് ,ചക്കിട്ടപ്പാറ ഗവൺമെൻ്റ് സ്കൂളിലെ

താൻ പഠിക്കുന്ന പത്താം ക്ളാസ്സിലേക്ക്, തൊട്ടടുത്ത ഗ്രാമമായ പേരാമ്പ്രയിൽ നിന്നും ടി സി വാങ്ങി വന്ന ജോമോൻ എന്ന വിദ്യാർത്ഥിയുമായി വളരെ പെട്ടെന്നാണ് താൻ ചങ്ങാത്തത്തിലായത്

സൗഹൃദം മൂത്തപ്പോൾ ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് ജോമോനെ താൻ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി

അവിടെയെത്തിയ ജോമോൻ തൻ്റെ അച്ഛനെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോയി.

താൻ പുറകെ ചെന്ന് വിളിച്ചെങ്കിലും അവൻ തിരിച്ച് വരാനോ കാരണം പറയാനോ കൂട്ടാക്കിയില്ല.

പിറ്റേന്ന് ക്ളാസ്സിലെത്തിയിട്ടും തന്നോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറി നടന്ന അവനോട് താൻ നിർബന്ധിച്ചപ്പോഴാണ് എട്ട് കൊല്ലം മുമ്പ് അവൻ്റെ കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് തന്നോടവൻ വിശദീകരിച്ചത്.

നിഖിലേ.. നിൻ്റെ അച്ഛൻ കാരണമാണ് എൻ്റെ കുടുംബം നശിച്ചത് ,എൻ്റെ അപ്പനും അനുജത്തിയും നാട് വിട്ട് പോയതും, ഞാനും എൻ്റെ അമ്മയും തനിച്ചായതിനും കാരണക്കാരൻ നിൻ്റെ അച്ഛനൊരാളാണ്

ജോമോനേ... നീയെന്തൊക്കെയാണീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല

അതേടാ... അന്ന് എനിക്കും ഒന്നും മനസ്സിലായില്ലായിരുന്നു

പള്ളിപ്പെരുന്നാളിന് പോയ അപ്പനെയും അനുജത്തിയെയും നോക്കി ഞാനും അമ്മയും കൂടി വഴിക്കണ്ണുമായിരിക്കുമ്പോൾ ഞാനൊന്ന് മയങ്ങിപ്പോയി ,കുറച്ച് കഴിഞ്ഞപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞാൻ ഉണരുന്നത് , കണ്ണ് തുറന്ന് നോക്കുമ്പോൾ ,നിൻ്റെ അച്ഛൻ എൻ്റെ അമ്മയെ ഉപദ്രവിക്കാൻ പോകുന്നതാണ് ഞാൻ കാണുന്നത് ,എന്ത് ചെയ്യണമെന്നറിയാതിരുന്ന ഞാൻ പെട്ടെന്ന് നിൻ്റെ അച്ഛൻ്റെ കൈയ്യിൽ കടന്ന്പിടിച്ച് പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും, അയാളെന്നെ കുതറിത്തെറിപ്പിക്കുകയായിരുന്നു, ആ വീഴ്ചയിൽ എൻ്റെ തല ,സോഫയിൽ ഇടിക്കുകയും എനിക്ക് ബോധം പോകുകയും ചെയ്തു, പിന്നീടെപ്പോഴോ ബോധം തെളിഞ്ഞ ഞാൻ അമ്മയെ അന്വേഷിച്ച് മുറിയിലെത്തിയപ്പോൾ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ,കട്ടിലിൽ കിടന്ന് പൊട്ടിക്കരയുന്ന പാവം എൻ്റെ അമ്മയെയാണ് കാണുന്നത്

എന്തിനാ അമ്മ കരയുന്നത് ,അയാൾ അമ്മയെ ഉപദ്രവിച്ചെങ്കിൽ അപ്പൻ വരുമ്പോൾ നമുക്ക് പറഞ്ഞ് കൊടുക്കാമെന്ന് ഞാൻ അമ്മയെ ആശ്വസിപ്പിച്ചു

ഇല്ല മോനേ .. അപ്പൻ ഇനി വരില്ല ,അമ്മയെ തെറ്റിദ്ധരിച്ചിട്ട് മോളിക്കുട്ടിയെയും കൊണ്ട് അപ്പൻ എങ്ങോട്ടോ ഇറങ്ങി പോയി, എല്ലാത്തിനും കാരണം ആ വാസുവാണ്, അയാൾ നമ്മുടെ കുടുംബം നശിപ്പിച്ച് മോനേ

അന്നെന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പൊട്ടിക്കരഞ്ഞ അമ്മ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും എനിക്ക് മനസ്സിലായില്ലെങ്കിലും വളരുന്തോറും എനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരുന്നു ,അപ്പനും അനുജത്തിയും അമ്മയുമടങ്ങിയ ഞങ്ങളുടെ കുടുംബത്തെ ശിഥിലമാക്കിയ, എന്നെയും അമ്മയെയും സമൂഹത്തിൽ ഒറ്റപ്പെടുത്താൻ കാരണക്കാരനായ വാസുവിനോടുള്ള പക അവൻ്റെ മകനായ നിന്നോടും എനിക്കുണ്ട്, അത് കൊണ്ട് ഇന്ന് മുതൽ നീയെൻ്റെ കൂട്ടുകാരനല്ല ,ശത്രുവാണ് ,

അതും പറഞ്ഞ് തന്നെ കുടഞ്ഞെറിഞ്ഞിട്ട് ജോമോൻ സ്കൂളിൽ നിന്നിറങ്ങി പോകുമ്പോൾ പിന്നീടൊരിക്കലും അവൻ സ്കൂളിലേക്ക് തിരിച്ച് വരില്ലെന്ന് താൻ കരുതിയിരുന്നില്ല

അങ്ങനെ ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു

ഒരു ദിവസം ക്ളാസ്സിലേക്ക് കടന്ന് വന്ന പ്യൂൺ രമേശൻ ,ടീച്ചറോട് എന്തോരഹസ്യമായ് പറയുന്നത് കണ്ടു.

നിഖിൽവാസുവിനെ കൂട്ടിക്കൊണ്ട് പോകാൻ, വീട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് ,കുട്ടി പൊയ്ക്കോളു

ടീച്ചറത് പറയുമ്പോൾ വീട്ടിലെന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന് എൻ്റെ മനസ്സ് മന്ത്രിച്ചു.

ചെങ്കല്ല് പാകിയ പടിക്കെട്ട് കടന്ന് മുറ്റത്തെത്തിയപ്പോഴെ തൻ്റെ അമ്മയുടെയും അനുജത്തിമാരുടെയും പതം പറഞ്ഞുള്ള അലമുറകൾ ഉയർന്ന് കേൾക്കാമായിരുന്നു

നെഞ്ചിനുള്ളിൽ ഒരു വലിയ കല്ലെടുത്ത് വച്ചിരിക്കുന്ന ഹൃദയഭാരത്തോടെ വരാന്തയിലേക്ക് കടന്ന് ചെന്ന താൻ കണ്ടത്, നിലത്ത് വിരിച്ച വെള്ളത്തുണിയിൽ നിശ്ചലമായി കിടക്കുന്ന അച്ഛൻ്റെ ശരീരമായിരുന്നു.

Part 7

കൊന്നതാ മോനേ.. നിൻ്റെ അച്ഛനെ അവൻ കൊന്നതാ, നിൻ്റെ കൂട്ടുകാരൻ, ആ ജോമോൻ..

എന്നെ കണ്ടതും ഹാലിളകിയത് പോലെ അമ്മ എന്നോട് വിളിച്ച് പറഞ്ഞു

തലയ്ക്കകത്ത് കരിവണ്ട് മൂളുന്നത് പോലൊരു മരവിപ്പായിരുന്നു അത് കേട്ടപ്പോൾ.

എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ വലിയമ്മാവൻ അടുത്തേയ്ക്ക് വന്നു.

ഇന്നലെ രാത്രി ,കുടിച്ചിട്ട് ബോധമില്ലാതെ, വാസു വഴിയരികിലെങ്ങാണ്ട് കിടക്കുകയായിരുന്നു ,

ആ സമയത്ത് അത് വഴി വന്ന നിൻ്റെ കൂട്ടുകാരൻ ആ ജോമോൻ ,അടുത്ത് കിടന്ന ഒരു കരിങ്കല്ലെടുത്ത് തലയ്ക്കടിച്ച് കൊന്നിട്ട് ,തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടെന്നാണ് പറയുന്നത് ,

എന്നിട്ട് ഇന്ന് രാവിലെ സ്‌റ്റേഷനിലെത്തി പോലീസുകാരോട് കുറ്റംഏറ്റ് പറഞ്ഞത് പ്രകാരമാണ്, പോലീസുകാർ അവനുമായി ബോഡി കിടക്കുന്നിടത്ത് ചെന്നതും, പിന്നീട് ബോഡി ആശുപത്രിയിലേക്ക് മാറ്റിയതും

എൻ്റെ തോളിൽ കൈപ്പത്തി അമർത്തിക്കൊണ്ട് അമ്മാവൻ കാര്യങ്ങൾ വിശദമാക്കിത്തന്നു.

അച്ഛൻ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നില്ല ,

കൂലിത്തല്ലായിരുന്നു പ്രധാന ജോലി, സ്വബോധത്തോടെ ഞങ്ങളച്ഛനെ കാണുന്നത് വളരെ അപൂർവ്വമായിട്ടായിരുന്നു ,

നാട്ടുകാരൊക്കെ പേടിയോടെയും, അറപ്പോടെയും മാത്രമേ അച്ഛനെ നോക്കാറുള്ളു, കുപ്രസിദ്ധനായ വാസുവിൻ്റെ, വീട്ടുകാരോടും

നാട്ടുകാർക്ക് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

അത് കൊണ്ട് തന്നെ

ഞങ്ങൾ മൂന്ന് മക്കൾക്കും

അച്ഛനോട്

വലിയസ്നേഹമൊന്നുമുണ്ടായിരുന്നില്ല

അത് കൊണ്ടാവാം തന്നെയും തൻ്റെ അമ്മയെയും അനാഥരാക്കിയ വാസുവിനെ ദാരുണമായി കൊലപ്പെടുത്തിയ ജോമോനോട് തനിക്ക് വൈരാഗ്യമൊന്നും തോന്നാതിരുന്നത്.

അച്ഛൻ്റെ മരണശേഷം വീട്ടിലെ നിത്യചിലവുകൾ ആകെ ബുദ്ധിമുട്ടിലായി

ആ കാലമാടൻ്റെ തലതെറിച്ച് പോകത്തേയുള്ളു ,

കുടിയനാണേലും, കൂലി തല്ല് കാരനാണേലും ഈ വീട്ടിലെ ചെലവ് മുഴുവൻ അങ്ങേര് നോക്കുവായിരുന്നു ,ഇനി ആര് കൊണ്ട് തന്നിട്ടാണ്, ഞങ്ങള് കഞ്ഞി കുടിക്കുന്നത്?

ഇടയ്ക്കിടെ അമ്മ ജോമോനെ തലയിൽ കൈവച്ച് പ്രാകുകയും, ആരോടെന്നില്ലാതെ പരിഭവം പറയുകയും ചെയ്തു കൊണ്ടിരുന്നു.

അമ്മയുടെയും സഹോദരിമാരുടെയും വിശപ്പടക്കാൻ, താൻ ജോലിക്ക് പോകണമെന്ന സ്ഥിതി വന്നപ്പോഴാണ്,

സ്കൂൾ ബാഗ് വലിച്ചെറിഞ്ഞിട്ട് ,പ്ളാൻ്റേഷനിൽ വന്ന് പോകാറുള്ള ,തമിഴ്നാട് ലോറികളിൽ ഒന്നിൽ, ക്ളീനറായി കയറിപ്പറ്റിയത്.

ഇൻഡ്യ മുഴുവൻ സഞ്ചരിക്കുന്ന ആ വാഹനത്തിലെ യാത്ര , ചിലപ്പോൾ ദിവസങ്ങളോളം നീണ്ട് നില്ക്കുമായിരുന്നു.

മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിലെത്തുന്ന താൻ, ഒരു ദിവസം ജോമോൻ്റെ വീട്ടിലും ചെന്നു.

ആകെ ഉണ്ടായിരുന്ന ഏക മകനും ജയിലിൽ പോയതോടെ, തീർത്തും അവശയായ, ആ പാവം സ്ത്രീയുടെ മുഖത്തെ ദൈന്യത, തൻ്റെ കരളലിയിച്ചു.

എല്ലാത്തിനും കാരണം, തൻ്റെ അച്ഛനൊരാളാണ് ,മരിച്ച് തലയ്ക്ക് മുകളിൽ നില്ക്കുന്ന അച്ഛൻ്റെ ആത്മാവിനെ താൻ വീണ്ടും ശപിച്ചു.

ജോമോൻ്റെ അമ്മയോട് , അച്ഛന് വേണ്ടി, താൻ മാപ്പ് ചോദിച്ചു.

അച്ഛനെ കൊന്ന ജോമോനോട് നിനക്കൊട്ടും ദേഷ്യമില്ലേയെന്ന് അവർ തന്നോട് ആശ്ചര്യത്തോടെ ചോദിച്ചു.

ഇല്ലമ്മേ .. അവൻ്റെ സ്ഥാനത്ത് ഞാനായാലും അങ്ങനെ ചെയ്ത് പോകുമെന്ന് പറഞ്ഞ് അവരെ താൻ സമാധാനിപ്പിച്ചിട്ട്, ജോമോൻ്റെ കേസിൻ്റെ കാര്യങ്ങളൊക്കെ അന്വേഷിച്ചു.

അവന് പ്രായപൂർത്തിയാകാത്തത് കൊണ്ട്, കോടതി അവനെ ദുർഗ്ഗുണ പരിഹാര പാഠശാലയിലേക്കാണയച്ചത്,

അഞ്ചാറ് വർഷം അവിടെ കഴിയേണ്ടിവരുമെന്നാണ് വക്കീല് പറഞ്ഞത്

അത് പറയുമ്പോൾ അവർ വിതുമ്പുന്നുണ്ടായിരുന്നു.

അമ്മ വിഷമിക്കേണ്ട, ജോമോൻ തിരിച്ച് വരുന്നത് വരെ, ഞാൻ നോക്കി കൊള്ളാം അമ്മയെ,

അവരുടെ കൈകൾ ചേർത്ത് പിടിച്ച് കൊണ്ട്, താനവരെ സമാധാനിപ്പിച്ചു.

താൻ പറഞ്ഞത് പോലെ തന്നെ ഓരോ ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തുമ്പോഴും, അവരെ കാണാൻ ചെല്ലുമായിരുന്നു. തൻ്റെ അമ്മയെ നോക്കുന്നത് പോലെ ഒരു കുറവും വരാതെ താനവരെയും നോക്കി.

ദിവസങ്ങളും മാസങ്ങളും വർഷങ്ങളായി പരിണമിച്ചപ്പോൾ താനും സ്വന്തമായൊരു ലോറി വാങ്ങി,

പിന്നെ തൻ്റെ വണ്ടിയിലെ ഡ്രൈവറും ക്ളീനറുമെല്ലാം താൻ തന്നെയായിരുന്നു,

അതോടെ വരുമാനവും വർദ്ധിച്ചു, അങ്ങനെ , വലിയ ബുദ്ധിമുട്ടില്ലാതെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചു.

ഇതിനിടയിൽ കാലം കടന്ന് പോയതറിഞ്ഞില്ല,

ഒരു തമിഴ്നാട് ട്രിപ്പ് പോയി തിരിച്ച് വന്നിട്ട്, ജോമോൻ്റെ അമ്മയെ കാണാൻ ചെന്ന താൻ കണ്ടത്, ഉമ്മറത്തെ പ്ളാസ്റ്റിക് വരിഞ്ഞ ഇരുമ്പ് കസേരയിൽ, കാലിന്മേൽ കാല് കയറ്റിയിരിക്കുന്ന, ഒരു താടിക്കാരനെയാണ്, അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ്, അത് ജോമോനാണെന്ന് തനിക്ക് മനസ്സിലായത്.

എണ്ണ വയ്ക്കാതെ പ്രാകൃതമായി കിടക്കുന്ന നീണ്ട മുടിയും, ഊശാൻതാടിയും വച്ച ഒരു ഭ്രാന്തൻകോലമായിരുന്നു അവന്,

ജോമോനല്ലേ? നീ എപ്പോൾ വന്നു?

അതേടാ.. ജോമോൻ തന്നെ ,നിൻ്റെ അച്ഛനെ കൊന്നേച്ച് ജയിലിൽ പോയി ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്നതാണ് ഞാൻ ,ഇതോടെ എൻ്റെ പക തീർന്നെന്ന് നീയും നിൻ്റെ വീട്ടുകാരും കരുതേണ്ട, നിൻ്റെ കുടുംബത്തിൻ്റെ അടിത്തറ വരെ തോണ്ടിയിട്ടേ ഞാൻ അടങ്ങുകയുള്ളു,

പക മൂത്ത അവൻ്റെ

ചോരകണ്ണുകളിൽ കനലെരിയുന്നത് താൻ കണ്ടു.

എന്തിനാ ജോമോനേ.. ഞങ്ങളെ ശിക്ഷിക്കുന്നത്? തെറ്റ് ചെയ്തത് എൻ്റെ അച്ഛനല്ലേ?

അതിനുള്ള ശിക്ഷ നീ അദ്ദേഹത്തിന് കൊടുത്തില്ലേ?

കലിതുള്ളി നില്ക്കുന്ന അവനെയൊന്ന് തണുപ്പിക്കാനായിരുന്നു തൻ്റെ ശ്രമം

ഇല്ല അത് കൊണ്ട് എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടില്ലല്ലോ, എൻ്റെ കുടുംബം തരിപ്പണമായത് പോലെ, വാസുവിൻ്റെ കുടുംബവും നാമാവശേഷമാകണം, ഇനി എൻ്റെ ലക്ഷ്യം അതാണ്

അതും പറഞ്ഞ് കയ്യിലിരുന്ന് എരിയുന്ന ബീഡി അവൻ ആഞ്ഞ് വലിച്ച്, പുക പുറത്തേയ്ക്കൂതി വിട്ടു.

ചുരുളുകളായി അന്തരീക്ഷത്തിൽ തങ്ങി നിന്ന ആ പുകയ്ക്ക്, അഗ്നിയിലെരിയുന്ന മാംസത്തിൻ്റെ ഗന്ധമായിരുന്നു.

അവൻ കഞ്ചാവാണ് വലിക്കുന്നതെന്നും, സ്വബോധത്തോടെയല്ല സംസാരിക്കുന്നതെന്നും തനിക്ക് മനസ്സിലായി.

കുറച്ച് കഴിഞ്ഞപ്പോൾ ,

ബോധം നഷ്ടപ്പെട്ടത് പോലെ കസേരയിലേക്കവൻ മയങ്ങി വീണപ്പോൾ, താൻ മെല്ലെ അകത്തേയ്ക്ക് കയറി.

തന്നെ കണ്ടതും ജോമോൻ്റെ അമ്മ പൊട്ടിക്കരഞ്ഞു.

മോനേ ... അവൻ ആകെ മാറിപ്പോയി ,ജയിൽ ജീവിതം അവനെയൊരു ക്രൂരനാക്കിയെന്നാണ് തോന്നുന്നത് ,എനിക്കാകെ പേടിയാകുന്നു മോനേ...

ആ പാവത്തിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് തനിക്കറിയില്ലായിരുന്നു

സാരമില്ലമ്മേ എല്ലാം ശരിയാകും ചിലപ്പോൾ എന്നെ കണ്ടതിലുള്ള ദേഷ്യമാവും ഞാനെന്തായാലും കുറച്ച് ദിവസത്തേയ്ക്ക് ഇങ്ങോട്ട് വരുന്നില്ല ,അമ്മ അവനെ പതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയാൽ മതി

ജോമോൻ്റെ പെരുമാറ്റത്തിൽ ആ പാവം സ്ത്രീയെ പോലെ താനും തകർന്ന് പോയിരുന്നു.

അവിടെ നിന്നിറങ്ങുമ്പോൾ അവൻ്റെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലായിരുന്നു താൻ

പിന്നെ കുറേ നാളത്തേയ്ക്ക് താൻ ജോമോൻ്റെ വീട്ടിലേയ്ക്ക് പോകാറില്ലായിരുന്നു

ദിവസങ്ങൾക്ക് ശേഷം മറ്റൊരു ദുരന്ത വാർത്ത കേട്ട് കൊണ്ടാണ് ആ മലയോര ഗ്രാമം ഉണരുന്നത്

മേരിക്കുട്ടിയെ ആരോ കഴുത്തറുത്ത് കൊന്നിരിക്കുന്നു,

കൂടെ ഉണ്ടായിരുന്ന ജോമോനെ കാണാനുമില്ല

തൻ്റെ അച്ഛൻ മരിച്ചെന്നറിഞ്ഞപ്പോൾ നിറയാതിരുന്ന കണ്ണുകൾ ആ വാർത്ത കേട്ട് നിറഞ്ഞൊഴുകുകയായിരുന്നു

അന്വേഷണത്തിനെത്തിയ പോലീസിൻ്റെ നിഗമനം ,

കൊല ചെയ്തത് ജോമോൻ തന്നെയാണെന്നായിരുന്നു,

കാരണം, പോലീസ് നായ മണം പിടിച്ച് ചെന്ന് നിന്നത് ,ഡാമിൻ്റെ കരയിൽ ഊരിയിട്ട നിലയിൽ കിടന്ന, ചോര പുരണ്ട ജോമോൻ്റെ ഷർട്ടിനരികിലായിരുന്നു.

മേരിക്കുട്ടിയുടെ ഡെഡ്ബോഡി കണ്ട തനിക്കും ,ആ സംശയം തന്നെയായിരുന്നു ,കാരണം അവരുടെ ആഭരണങ്ങളൊന്നും ദേഹത്തില്ലായിരുന്നു ,

കഞ്ചാവും, മയക്ക് മരുന്നുമൊക്കെ വാങ്ങാൻ കയ്യിൽ കാശില്ലാതെ വന്നപ്പോൾ ,ആ ക്രൂരൻ സ്വന്തം അമ്മയെ കൊന്നതായിരിക്കാം

പക്ഷേ, ഒളിവിൽ പോയ ജോമോനെ കണ്ടെത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, വയനാട്ടിൽ പോയി തിരിച്ച് നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ, നേരം പാതിരാവായിരുന്നു.

വയനാടൻ ചുരമിറങ്ങുമ്പോൾ, ഇടയ്ക്കിടെ കോടമഞ്ഞ് കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് ഹെഡ് ലൈറ്റ് കൂടാതെ രണ്ട് മഞ്ഞ നിറത്തിലുള്ള ഹലോജൻ ബൾബുകൾ കൂടി ഓൺ ചെയ്യേണ്ടി വന്നു.

എങ്കിലും റോഡ് പൂർണ്ണമായും വ്യക്തമായിരുന്നില്ല ,

പെട്ടെന്നാണ് മുന്നിലെന്തോ ഒരു വസ്തുവിൽ, വണ്ടിമുട്ടിയതായി തോന്നിയത്.

ഉടൻ തന്നെ ലോറി ചവിട്ടി നിർത്തി ,

പാതിരാത്രിയായിരുന്നത് കൊണ്ട് ,മലയോരപാത വിജനമായിരുന്നു.

വണ്ടിയിൽ നിന്നിറങ്ങിയ

താൻ, പുറകിലേക്ക് വന്ന് നോക്കുമ്പോഴാണ്, റോഡിൽ കിടക്കുന്നത് ഒരു മനുഷ്യനാണെന്ന് മനസ്സിലായത്.

ഞെട്ടലോടെ തിരിച്ച് ചെന്ന് ലോറിയുടെ ക്യാബിനിൽ നിന്ന് ചെറിയ ടോർച്ചെടുത്ത് കൊണ്ട് വന്ന്, അയാളുടെ മുഖത്തടിച്ച് നോക്കിയപ്പോഴാണ്, ശരിക്കും ഞെട്ടിയത് .

അത് ജോമോനായിരുന്നു.

വിറയ്ക്കുന്ന വിരലുകൾ, അയാളുടെ മൂക്കിനരികിൽ വച്ച് നോക്കി ,ഇല്ല ശ്വാസമില്ല

അയാൾ മരിച്ചിരിക്കുന്നു, അതും തൻ്റെ കൈ കൊണ്ട്, മന:പ്പൂർവ്വമല്ലെങ്കിലും

നാളെ ഈ വാർത്ത പരക്കുമ്പോൾ, പോലീസ് മാത്രമല്ല ,നാട്ടുകാരും പറയും, തൻ്റെ അച്ഛനെ കൊന്നവനെ താൻ കൊന്നതാണെന്ന്

നിരപരാധിയായ താനങ്ങനെ ജയിലിലാകും, തൻ്റെ അമ്മയും സഹോദരിയും തനിച്ചാകും,

അത് സംഭവിക്കാൻ പാടില്ല.

ടോർച്ചടിച്ച് ചുറ്റിനും നോക്കി, പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പാക്കി, തൊട്ടടുത്തായി ,സൂയിസൈഡ് പോയിൻ്റ് എന്ന ബോർഡ് കണ്ടപ്പോഴൊരു ബുദ്ധി തോന്നി ,പിന്നെ വേറൊന്നും ചിന്തിച്ചില്ല, ജോമോൻ്റെ ചലനമറ്റ ശരീരം വലിച്ച് കൊണ്ട് പോയി ,റോഡിനരികിലെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടു

കിതപ്പോടെ ലോറിക്കരികിലേക്ക് നടക്കുമ്പോൾ ഉള്ള് നിറയെ തീയായിരുന്നു.

Part 8

പാറപ്പുറത്ത് തുണി അലക്കുന്ന ശബ്ദം കേട്ടാണ്, നോബിൾ (നിഖിൽ വാസു ) ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത്.

ശബ്ദം കേട്ടത് കുളിക്കടവിൽ നിന്നായിരുന്നു ,നൈറ്റി ഉയർത്തി എളിയിൽ കുത്തി വച്ചിട്ട്, മോളിക്കുട്ടിയായിരുന്നു അവിടെ നിന്ന് തുണി അലക്കി കൊണ്ടിരുന്നത്.

ഇവളെന്താണ് തന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയത്,? സാധാരണ എന്തെങ്കിലും ചോദിച്ചിട്ട്, തൻ്റെ വായീന്ന് കേട്ടിട്ടേ അവള് പോകാറുള്ളു.

നിഖിൽ (നോബിൾ ) അവളെ സൂക്ഷിച്ച് നോക്കി.

ഇല്ല, ആള് നല്ല ഗൗരവത്തിൽ തന്നെയാണ് ,താൻ നില്ക്കുന്നിടത്തേയ്ക്ക്, ഒന്ന് മൈൻഡ് ചെയ്യുന്നു പോലുമില്ല, അവൾക്ക് മനസ്സിലായി കാണും, തന്നോട് അടുപ്പം കാണിച്ചിട്ട് വലിയ കാര്യമില്ലന്ന്, അതേതായാലും നന്നായി, ഇല്ലെങ്കിൽ ചിലപ്പോൾ, താനറിയാതെ അവളെ സ്നേഹിച്ച് പോകും, ഒടുവിൽ അവളുടെ സഹോദരൻ്റെ മരണത്തിന് കാരണക്കാരനായ താൻ തന്നെ, എല്ലാം മറച്ചു് പിടിച്ച് കൊണ്ട്, അവളെ വിവാഹം കഴിക്കാൻ നിർബന്ധിതനാകും, പിന്നീടെപ്പോഴെങ്കിലും, താനും തൻ്റെ അച്ഛനുമാണ് ,അവളുടെ അമ്മയുടെയും സഹോദരൻ്റെയും വേർപാടിന് കാരണക്കാരായതെന്ന് തിരിച്ചറിയുമ്പോൾ, എല്ലാം അതോടെ അവസാനിക്കും, വെറുതെയെന്തിനാ, ഒരു പാവം പെൺകുട്ടിയുടെ ജീവിതം, അറിഞ്ഞ് കൊണ്ട് നശിപ്പിക്കുന്നതെന്ന് കരുതിയിട്ടാണ് ,ചുട്ട് പൊള്ളുന്ന മനസ്സുമായി നടന്നപ്പോഴും ഉള്ളിൽ തോന്നിയ പ്രണയം താൻ മന:പ്പൂർവ്വം മറച്ച് വച്ച്, അവളോട് അകലം കാണിച്ചത്.

കുറച്ച് കഴിഞ്ഞ്, നനച്ച് കുളിക്കാനായി, കടവിലേക്ക് മറ്റ് പെണ്ണുങ്ങളും കൂടി വരാൻ തുടങ്ങിയപ്പോൾ, മോളിക്കുട്ടിക്ക് കൂട്ടിനാളുണ്ടല്ലോ എന്ന സമാധാനത്തിൽ ,നിഖിൽ ലോറിയുമെടുത്ത് കൊണ്ട് പുഴക്കരയിൽ നിന്ന് തിരിച്ച് പോയി.

പിറ്റേന്ന് പതിവ് പോലെ, അതിരാവിലെ എഴുന്നേറ്റ നിഖിൽ ,മുറിയുടെ വാതിൽ തുറന്ന് ആദ്യം നോക്കിയത്, പത്രം വന്നിട്ടുണ്ടോ എന്നായിരുന്നു .

രണ്ടാഴ്ച മുമ്പ് ഇവിടെ വാടകയ്ക്ക് മുറിയെടുത്തപ്പോൾ തന്നെ, റിപ്ഷനിസ്റ്റിനോട് പറഞ്ഞിരുന്നു ,ഒരു ദിനപത്രം മുടങ്ങാതെ, തൻ്റെ മുറിയുടെ വാതിലിൽ വച്ചേക്കണമെന്ന്.

കാരണം ,സൂയിസൈഡ് പോയിൻ്റിൽ നിന്നും എന്നെങ്കിലുമൊരിക്കൽ, ജോമോൻ്റെ ഡെഡ്ബോഡി ഏതെങ്കിലും കാട്ട് മൃഗം കടിച്ച് വലിച്ച് കരയ്ക്കെത്തിക്കുമെന്നും, അതിനെ തുടർന്നുള്ള അന്വേഷണം, തന്നിലേക്ക് നീളുമെന്നും നിഖിൽ ആശങ്കപ്പെട്ടിരുന്നു.

അയാൾ പത്രം തുറന്ന് അകത്തെ പേജുകൾ സസൂക്ഷ്മം നോക്കി.

ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം തിരയുന്നതിനിടയിൽ, പോലീസിന് മറ്റൊരു ഡെഡ് ബോഡി കൂടി ലഭിച്ചു.

ചെറിയ പാരഗ്രാഫിലെ ആ വാർത്ത നിഖിൽ നെഞ്ചിടിപ്പോടെയാണ് വായിച്ചത്.

കോഴിക്കോട്.

വയനാട് ചുരത്തിനടുത്തുള്ള സൂയിസൈഡ് പോയിൻ്റിൽ നിന്നും, കാമുകനോട് പിണങ്ങിയ പെൺകുട്ടി, പൊടുന്നനെ കൊക്കയിലേക്ക് ചാടുകയായിരുന്നു ,കാമുകൻ തന്നെയാണ്, പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്.

ഉടൻ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ,

പെൺകുട്ടിയുടെ ബോഡി കിടന്ന സ്ഥലത്ത് നിന്ന്, അജ്ഞാതനായൊരു യുവാവിൻ്റെ മൃതദേഹം കൂടി കണ്ടെടുത്തത്, അഴുകി വ്യകൃതമായ മൃതദേഹത്തിന്, ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കിയ പോലീസ് ,പോസ്റ്റ്മോർട്ടത്തിന് ശേഷം , ബോഡിയെക്കുറിച്ച് നിലവിൽ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് ,ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്,

വരും ദിവസങ്ങളിലും, മാൻ മിസ്സിങ്ങ് എവിടെ നിന്നും റിപ്പോർട്ട് ചെയ്യാത്ത പക്ഷം ,പിന്നീട് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

അവനെ അന്വേഷിച്ച്,

ഇനി ആര് ചെല്ലാനാണ് ,അന്വേഷിക്കാനായിട്ട് ആകെയുണ്ടായിരുന്ന സ്വന്തം അമ്മയെ തന്നെ, അവൻ ആദ്യമേ ഇമാതാക്കിയില്ലേ ?

പിന്നെ ഇനി ആരും, അവൻ്റെ ബോഡി അന്വേഷിച്ച് ചെല്ലില്ല, കുറച്ച് ദിവസം കഴിയുമ്പോൾ, ആശുപത്രി അധികൃതർ തന്നെ, ആ ബോഡി മണ്ണിൽ ലയിപ്പിച്ച് കൊളളും.

ഒരു ദീർഘനിശ്വാസത്തോടെ നിഖിൽ,പത്രം മടക്കി വച്ചു.

ഇപ്പോഴാണ് ഒരു സമാധാനമായത് ,ഇനി തനിക്ക് തിരിച്ച് ചക്കിട്ടപ്പാറയെന്ന തൻ്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകാം ,അറിയാതെയാണെങ്കിലും, തൻ്റെ കൈ കൊണ്ടാണ് ജോമോൻ മരിച്ചതെന്നും, താനാണ് അവനെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞതെന്നും ഒരാൾക്കും അറിയില്ല, അത് കൊണ്ട് ,ആ രഹസ്യം തൻ്റെ അമ്മ പോലും അറിയാതെ നിഖിൽ മനസ്സിൽ തന്നെ അടക്കം ചെയ്തു.

കൂപ്പിലെ തടി ലേലം ചെയ്യുന്ന സീസണായത് കൊണ്ട്, ഇവിടുന്ന് ഉടനെ തിരിച്ചെത്താൻ കഴിയില്ലെന്നാണ്, കഴിഞ്ഞ ദിവസവും അമ്മയെ വിളിച്ചപ്പോൾ താൻ പറഞ്ഞത്

എന്തായാലും ഇന്നത്തെ ട്രിപ്പ് കൂടി കഴിഞ്ഞിട്ട് നാളെ നാട്ടിലേക്ക് മടങ്ങാം.

അയാൾ ഫ്രഷാകാനായി താഴെയുള്ള ബാത്റൂമിലേക്ക് പോയി.

####################

കൂപ്പിൽ നിന്നും തടിയും കയറ്റി കവലയിലെത്തിയപ്പോൾ ,ഇനി ഏതായാലും താനീ നാട്ടിലേക്ക് വരാൻ സാധ്യതയില്ലെന്ന് തോന്നിയ നിഖിലിന്, അവസാനമായി മത്തായിച്ചൻ്റെ കടയിൽ നിന്നും, ഒരു ചായ കുടിക്കണമെന്നും, എല്ലാവരോടും യാത്ര ചോദിക്കണമെന്നും തോന്നി.

ലോറി സൈഡാക്കി നിർത്തിയിട്ട്, നിഖിൽ ചായക്കടയിലേക്ക് കയറിച്ചെന്നു.

ചായ പറഞ്ഞിട്ട്, അയാൾ അടുക്കള ഭാഗത്തേയ്ക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു.

പക്ഷേ ,ചായകൊണ്ട് വന്നത് തെയ്യാമ്മയായിരുന്നു.

ചൂട് ചായ സാവധാനമാണ് അയാൾ കുടിച്ച് തീർത്തത്,

അതിനുള്ളിൽ മോളിക്കുട്ടി ,ഇപ്പുറത്തേയ്ക്ക് വരുമെന്നും, അവളോട് തനിച്ച് ഒരു യാത്ര ചോദിക്കണമെന്നും, അയാൾക്കാഗ്രഹമുണ്ടായിരുന്നു.

പക്ഷേ, മത്തായിച്ചൻ്റെ കൈയ്യിൽ ചായയുടെ പൈസ കൊടുത്ത് യാത്ര പറയുമ്പോൾ പോലും, അവളെ അങ്ങോട്ട് കണ്ടില്ല.

നിരാശയോടെ നിഖിൽ അവിടുന്നിറങ്ങി, ലോറി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി.

ഒരു വളവ് തിരിഞ്ഞ് കുത്തനെയുള്ള ഇറക്കമിറങ്ങുമ്പോൾ നിഖിൽ സെക്കൻ്റിലേക്ക്, ഗിയർ ഷിഫ്റ്റ് ചെയ്ത് ,വളയം ജാഗ്രതയോടെ പിടിച്ചു.

ഇരുവശങ്ങളും തട്ടുതട്ടായി കിടക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങളാണ്, കണ്ണിനെ കുളിരണിയിക്കുന്ന ആ കാഴ്ചയിലേക്ക് നിഖിൽ ഇടയ്ക്കിടെ കണ്ണോടിച്ച് കൊണ്ടിരുന്നു.

അപ്പോഴാണ് തേയില തോട്ടങ്ങൾക്കിടയിലൂടെ കൈയ്യും വീശി ഓടി വരുന്ന മോളിക്കുട്ടിയെ അയാൾ കണ്ടത്

പെട്ടെന്ന് നിഖിൽ ലോറി ചവിട്ടി നിർത്തി.

തിരിച്ച് പോകുവാണല്ലേ?ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ലേ?

നിഖിലിൻ്റെ അടുത്ത് വന്നു നിന്നിട്ട് കിതപ്പോടെ അവൾ ചോദിച്ചു.

മത്തായിച്ചൻ എല്ലാം പറഞ്ഞല്ലേ ? ഞാൻ മോളിക്കുട്ടിയോട് നേരിട്ട് യാത്ര പറയാനായി അവിടെയൊക്കെ നോക്കിയിട്ട് കണ്ടില്ല ,എന്തായാലും ഇപ്പോൾ കണ്ടല്ലോ ഇനി എനിക്ക് തന്നോട് യാത്ര ചോദിച്ചിട്ട് , സമാധാനമായി പോകാം

അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

അപ്പൻ പറഞ്ഞറിഞ്ഞതല്ല ,അപ്പനോട് യാത്ര പറയുന്നത് ഞാൻ അകത്ത് നിന്ന് കേട്ടിരുന്നു, അതാ നിങ്ങള് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ, കുറുക്ക് വഴികളിലൂടെ ഓടി ഞാൻ ഇവിടെ എത്തിയത് ,എന്താ പെട്ടെന്ന് തന്നെ തിരിച്ച് പോകുന്നത് ,മറ്റുള്ള ലോറിക്കാരൊക്കെ കുറെ വർഷങ്ങളായി ഇവിടെ വന്ന് പോകുന്നവരാണ് ,പിന്നെ നോബിച്ചായൻ മാത്രമെന്താ തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞത്?

അവളുടെ നിഷ്കളങ്കത അയാളെ വേദനിപ്പിച്ചു.

മോളിക്കുട്ടീ.. നിനക്കറിയാത്ത കുറെ കാര്യങ്ങളുണ്ട് ,അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ല, പിന്നെ നീ കരുതുന്നത് പോലെ, എൻ്റെ പേര് നോബിളെന്നല്ല ,അന്ന് ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞെന്നേയുള്ളു ,ഞാൻ ശരിക്കും നിഖിലാണ് ,എനിക്കറിയാം മോളിക്കുട്ടിക്ക് എന്നെ ഇഷ്ടമാണെന്ന് ,എനിക്ക് മോളിക്കുട്ടിയെയും ഇഷ്ടമൊക്കെ തന്നെയാണ്,

പക്ഷേ ചില കാരണങ്ങളാൽ നമുക്കൊരിക്കലും ഒന്നാകാൻ കഴിയില്ല, ഇപ്പോൾ അത്രയും മനസ്സിലാക്കിയാൽ മതി, മോളിക്കുട്ടി പൊയ്ക്കോ നേരമിരുട്ടുന്നു

അതെന്താ നമുക്ക് ഒന്നിക്കാൻ തടസ്സമാകുന്ന ആ ചില കാരണങ്ങൾ ? ഞാനൊരു ക്രിസ്ത്യാനി പെണ്ണായത് കൊണ്ടാണോ ?അതോ വെറുമൊരു ചായക്കടക്കാരൻ്റെ മോളായത് കൊണ്ടോ ?

ഹേയ് അതൊന്നുമല്ല മോളിക്കുട്ടീ... ഞാൻ പറഞ്ഞില്ലേ? എനിക്ക് മോളിക്കുട്ടിയെ ഇഷ്ടമൊക്കെ തന്നെയാണ് പക്ഷേ തന്നെ സ്വന്തമാക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല

അത് ഞാനല്ലേ തീരുമാനിക്കുന്നത് ,നിഖിലേട്ടനെ ഞാൻ കാണാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുളളു ,പക്ഷേ എന്ത് കൊണ്ടോ നിങ്ങളെൻ്റെ മനസ്സിൽ കയറി പറ്റി ,എത്ര ശ്രമിച്ചിട്ടും, മനസ്സിൽ നിന്ന് കുടിയിറക്കാനും പറ്റുന്നില്ല ,എന്നെ ഒഴിവാക്കരുത്, എന്ത് കുറവുകളുണ്ടങ്കിലും ഞാനത് സഹിച്ചോളാം, കൂടെ എന്നെയും കൊണ്ട് പോയിക്കൂടെ?

ശ്ശെ ! നീയെന്തൊക്കെയാണീ പുലമ്പുന്നത്, ആരാ, എന്താ ഒന്നുമറിയാതെ, ഇന്നലെ കണ്ട ഒരുത്തനോട്, ഉള്ളിൽ തോന്നിയ പ്രണയം കൊണ്ട് മാത്രം, സ്വന്തം ജീവിതത്തെ, ഒരു പരീക്ഷണത്തിനായി വിട്ട് കൊടുക്കുന്നത് ,ശുദ്ധ മണ്ടത്തരമാണ് മോളിക്കുട്ടീ.. നിനക്ക് നിൻ്റെ അപ്പച്ചൻ നല്ലൊരു ചെറുപ്പക്കാരനെ കണ്ട് പിടിച്ച് തരും ,അവനുമായിട്ട് സുഖജീവിതം നയിക്കുമ്പോൾ നിനക്ക് മനസ്സിലാകും, നീയിപ്പോൾ കാട്ടിക്കൂട്ടിയതൊക്കെ വെറും പാഴ് വേലകളായിരുന്നെന്ന്

ശരിയാണ് ,എന്നെ കെട്ടിച്ച് കൊടുക്കാനായി ഒരാളെ അപ്പനും, ചിറ്റമ്മയുംകൂടി കണ്ട് വച്ചിട്ടുണ്ട് ,അത് വേറാരുമല്ല, എൻ്റെ ചിറ്റമ്മ ,തെയ്യാമ്മയുടെ ആങ്ങള തന്നെയാണ് ,

പേര് റോബർട്ട് ,

പൊള്ളാച്ചിമാർക്കറ്റിലെ ഗുണ്ടാ പിരിവ് നടത്തുന്ന ഒരു റൗഡിയാണയാൾ ,

എനിക്കയാളെ പേടി മാത്രമല്ല, അറപ്പുമാണ്, അയാളോടൊപ്പം ജീവിക്കേണ്ടി വന്നാൽ,

ഇവിടെ ഒരു പാട് ഡാമുകളുള്ള സ്ഥലമാണ് ,ഏതെങ്കിലുമൊന്നിൽ ചാടി ഞാൻ , ആത്മഹത്യ ചെയ്തിരിക്കും,

എങ്കിൽ നിഖിലേട്ടൻ പൊയിക്കൊളു, ഞാൻ തടയുന്നില്ല ,നിങ്ങളെ മറക്കാൻ ഞാൻ പരമാവധി ശ്രമിക്കാം,

അത്രയും പറഞ്ഞ് ,നുള്ളാൻ പാകമായ തേയില കാടുകൾക്കിടയിലൂടെ മോളിക്കുട്ടി ദൂരേക്ക് മറഞ്ഞ് പോകുന്നത് നിഖില് നിസ്സഹായതയോടെ നോക്കിയിരുന്നു.

Part 9

അപ്പാ... കിടക്കുന്നില്ലേ?

നേരം പാതിരാവായിട്ടും ചിന്താമഗ്നനായി മുറ്റത്ത് ഉലാത്തുന്ന മത്തായിച്ചനോട് മോളിക്കുട്ടി ചോദിച്ചു

ഉറക്കം വരുന്നില്ല മോളേ അപ്പനെന്തോ ഉള്ളിലൊരു നീറ്റൽ, ആകപ്പാടെ ഒരു വെപ്രാളവും പരവേശവും

എന്തു പറ്റി അപ്പാ..കടയില് നല്ല കച്ചവടമൊക്കെ ഉണ്ടല്ലോ പിന്നെന്തിനാ അപ്പൻ വിഷമിക്കുന്നത്

അതല്ല മോളേ പഴയ കാര്യങ്ങളൊക്കെ ഓർത്തിട്ടാണ് ഇപ്പോൾ അപ്പൻ്റെ ഉറക്കം പോയത് ,ഞാനൊരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുമോ?

എന്താ അപ്പാ.. ഇത് ? അപ്പനോട് ഞാൻ എപ്പാഴെങ്കിലും കള്ളം പഞ്ഞിട്ടുണ്ടോ?

മോൾക്കെപ്പോഴെങ്കിലും

നിൻ്റെ അമ്മച്ചിയേം ചേട്ടായിയെയും ,കാണണമെന്ന് തോന്നിയിട്ടുണ്ടോ?

അത് കേട്ട് മോളിക്കുട്ടി പെട്ടെന്ന് നിശബ്ദയായി.

പറ മോളേ.. തോന്നിയിട്ടുണ്ടോ?

അപ്പനെന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം?

അതോ? അപ്പൻ കഴിഞ്ഞ ദിവസം നിൻ്റെ അമ്മച്ചിയുടെ ഫോട്ടോ കാണാനിടയായി

ങ്ഹേ, എങ്ങിനെ?

അയാൾ നടന്ന സംഭവങ്ങൾ അവളോട് വിശദമായി പറഞ്ഞു

അത് കേട്ട് മോളിക്കുട്ടിക്ക് തല കറങ്ങുന്നത് പോലെ തോന്നി

അതെ മോളേ ... അവൻ ജോമോനല്ലന്ന് പറഞ്ഞെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല ,ഇപ്പോഴും എൻ്റെ ബലമായ സംശയം അവൻ ജോമോൻ തന്നെയാണെന്നാ ,

അവനെന്തൊക്കെയോ കണക്കുകൂട്ടലുകളുണ്ട്, അതിനാണ് അവൻ ഇവിടെ വന്നത്, അത് കൊണ്ടായിരിക്കും ,നമ്മളിൽ നിന്ന് അവൻ എല്ലാം മറച്ച് വയ്ക്കാൻ ശ്രമിച്ചത്

മോളിക്കുട്ടിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി.

കർത്താവേ ..ഞാനപ്പോൾ സ്വന്തം സഹോദരനെയാണോ പ്രേമിച്ചത് ?

പശ്ചാതാപത്താൽ,മോളിക്കുട്ടി വിയർത്തൊലിച്ചു

നമുക്കൊന്ന് ,അവിടം വരെ പോയാലോ മോളേ ... ?

അപ്പൻ്റെ ചോദ്യം കേട്ട് മോളിക്കുട്ടി വിഷണ്ണയായി നിന്നു

എത്രയായാലും അവിടെയുള്ളത് നിൻ്റെ കൂടപ്പിറപ്പും പെറ്റ തള്ളയുമല്ലേ? നീ മുൻപ് എന്നോട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഞാനന്നത് നിരസിക്കുകയായിരുന്നില്ലേ? എൻ്റെ ദുർവ്വാശി കാരണമല്ലേ നിനക്കവരെ നഷ്ടമായത്, അവൾ വഞ്ചിച്ചത് എന്നയല്ലേ? അതിനുള്ള ശിക്ഷ ഈ കാലയളവിനുള്ളിൽ അവൾ അനുഭവിച്ചിട്ടുണ്ടാവും, മാത്രമല്ല അവൾക്കും കൂടി അവകാശമുള്ള നിന്നെ ഞാൻ എക്കാലവും പിടിച്ച് വയ്ക്കുന്നത് ശരിയല്ലല്ലോ?ഇനിയിപ്പോൾ നിൻ്റെ മിന്ന് കെട്ടിന് അവർ രണ്ട് പേരും ഉണ്ടാവണമെന്നാണ് അപ്പൻ്റെ ആഗ്രഹം

അത് വേണോ അപ്പാ ... അമ്മയെ കാണാനും അമ്മ പറയുന്ന കഥകൾ കേട്ട് ഉറങ്ങാനുമൊക്കെ ആശിച്ച ഒരു കാലമുണ്ടായിരുന്നു, അന്നൊക്കെ അമ്മ ഒരു ചീത്ത സത്രീയാണെന്നും അവരെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്നുമൊക്കെ അപ്പനാ എന്നോട് ദേഷ്യപ്പെട്ട് പറഞ്ഞിട്ടുള്ളത് ,അങ്ങനെ അമ്മയെക്കുറിച്ച് മോശമായ കഥകൾ മാത്രം കേട്ട് വളർന്ന എൻ്റെ മനസ്സിൽ നിന്നും എപ്പോഴോ ആ ഒരാഗ്രഹം ഇല്ലാതാവുകയായിരുന്നു,

ഇനി അവരെ കണ്ടാലും എനിക്ക് യാതൊരു സ്നേഹവും അവരോട് തോന്നാൻ പോകുന്നില്ല ,ഇത്രയും നാളും എന്നെ നോക്കിയതും വളർത്തിയതുമൊക്കെ എൻ്റെ അപ്പനല്ലേ? എനിക്ക് അപ്പനെ മാത്രം മതി ,എൻ്റെ കാര്യമോർത്ത് അപ്പൻ വിഷമിക്കേണ്ട ,അതൊക്കെ വിട്ട കളയപ്പാ ,വന്നത് ജോമോനാണെങ്കിലും അല്ലെങ്കിലും അയാളിനി ഈ വഴിക്ക് വരില്ല, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് ഉറക്കം കളയുന്നത് ,നാളെ കട തുറന്നാലേ നമുക്ക് ജീവിക്കാൻ പറ്റു, അത് കൊണ്ട് അപ്പൻ പോയി കിടന്നുറങ്ങാൻ നോക്ക് മണി പതിനൊന്ന് കഴിഞ്ഞു

അയാൾ ജോമോനാണെങ്കിൽ, തനിക്കിനി ഒരിക്കലും അയാളുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടാണ് ,മോളിക്കുട്ടി അപ്പനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

#############$$$########

ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നിഖിലിൻ്റെ മുഖത്തെ തെളിച്ചമില്ലായ്മ അമ്മ രേണുകയിൽ ജിജ്ഞാസയുണ്ടാക്കി ,

എന്ത് പറ്റി മോനേ നീ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ,ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ

അമ്മയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കൊടുക്കണോ അതോ ഒഴിഞ്ഞ് മാറണമോ എന്ന് ഒരു നിമിഷം അയാളാലോചിച്ചു

മോളിക്കുട്ടിയെ മരണത്തിന് വിട്ട് കൊടുക്കാൻ അയാൾക്ക് മനസ്സില്ലായിരുന്നു

മത്തായിച്ചനോട് എല്ലാം മറച്ച് വച്ച് കൊണ്ട് മോളിക്കുട്ടിയെ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ,എന്നെങ്കിലും താൻ അയാളുടെ ശത്രുവിൻ്റെ മകനാന്നെന്ന കാര്യം തിരിച്ചറിയുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള സാധ്യത വളരെ കൂടുതലാണ്

പിന്നെ ഏക മാർഗ്ഗം ആരുമറിയാതെ അവളെയും കൊണ്ട് ഒളിച്ചോടുക എന്നതാണ് ,അമ്മയോടും സഹോദരിമാരോടും അവൾ മത്തായിച്ചൻ്റെ മകളാണെന്ന കാര്യം മറച്ച് വയ്ക്കുക, നാല് വയസ്സുള്ളപ്പോൾ ഇവിടെ നിന്നും അപ്പനോടൊപ്പം പലായനം ചെയ്ത മോളികുട്ടിക്ക്, ഈ നാട്ടിലാരെയും തിരിച്ചറിയാൻ കഴിയില്ല ,പിന്നെ മോളിക്കുട്ടിയെ നാട്ടുകാരും തിരിച്ചറിയാനിടയില്ലാത്തത് കൊണ്ട് പഴങ്കഥകളൊന്നും പുറത്ത് വരാൻ സാധ്യതയുമില്ല

ആ ഒരു ആത്മവിശ്വാസത്തിലാണ് നിഖിൽഅമ്മയോട് വിവരങ്ങളൊക്കെ പറഞ്ഞത്

നിനക്ക് വേറെ ആരെയും കിട്ടിയില്ലേടാ കല്യാണം കഴിക്കാൻ , നിൻ്റെ അച്ഛനെ കൊന്നവൻ്റെ സഹോദരിയാണവൾ, അത് നീ എന്താ ആലോചിക്കാതിരുന്നത്?

എൻ്റെ ജീവനുള്ള കാലത്തോളം ഞാനിതിന് സമ്മതിക്കില്ല

നിഖിലിൻ്റെ തീരുമാനത്തെ രേണുക, നിർദ്ദയം തള്ളിക്കളഞ്ഞു

അമ്മയുടെ സമ്മതത്തോടെ മോളിക്കുട്ടിയെ തനിക്ക് സ്വന്തമാക്കാൻ കഴിയില്ലെന്ന് നിഖിലിന് മനസ്സിലായി

എങ്കിലും മോളിക്കുട്ടിയെ കൈയ്യൊഴിയാൻ അയാൾക്ക് മനസ്സ് വന്നില്ല

പിറ്റേ ദിവസം തന്നെ അയാൾ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു

ഇരുള് വീണ് തുടങ്ങിയപ്പോഴാണ് അടിവാരത്തെത്തിയത്

ദൂരെ നിന്നേ, മത്തായിച്ചൻ്റെ മാതാ ഹോട്ടൽ അടഞ്ഞ് കിടക്കുന്നത് കണ്ട നിഖിൽ അമ്പരന്നു.

അടച്ചിട്ടിരിക്കുന്ന ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് അതിൻ്റെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള മത്തായിച്ചൻ്റെ

ഫോട്ടോ പതിച്ച കട്ടൗട്ട് കണ്ട് അയാൾ ഞെട്ടിയത്

വൈദ്യുതാഘാതമേറ്റപോലെ തരിച്ച് നിന്ന നിഖിൽ അവിടെ നിന്ന ഒരു മദ്ധ്യവയസ്കനോട് കാര്യങ്ങൾ അന്വേഷിച്ചു.

അറ്റാക്കായിരുന്നു, ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതാ, രാവിലെ മോള് ചെന്ന് വിളിക്കുമ്പോൾ അനക്കമില്ലായിരുന്നു, അങ്ങനെ എല്ലാവരും കൂടി ഹോസ്പിറ്റലിലെത്തിച്ചപ്പോൾ ഡോക്ടറാ പറഞ്ഞത്, മരിച്ചിട്ട് മണിക്കൂറുകളായെന്ന്, മനുഷ്യൻ്റെ കാര്യങ്ങൾ ഇത്രയൊക്കെ ഉള്ളു

നിഖിലിന് തൻ്റെ കൈകാലുകൾക്ക് ബലം കുറയുന്നത് പോലെ തോന്നി

കഴിഞ്ഞ ദിവസമല്ലേ താൻ അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചിട്ട് യാത്ര പറഞ്ഞ് പോയത്

എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്

അടക്കം എപ്പോഴാ ചേട്ടാ

മത്തായിച്ചൻ്റെ ശവമടക്കിന് പങ്കെടുക്കണമെന്ന ആഗ്രഹത്തിൽ നിഖിൽ അയാളോട് ചോദിച്ചു

അത് നാല് മണിക്കായിരുന്നു അടക്കം കഴിഞ്ഞാണ് ഞാൻ വരുന്നത്

പാവം മോളിക്കുട്ടി അവൾക്കിപ്പോൾ അപ്പനുമില്ല

അമ്മയുമില്ല, സഹോദരനുമില്ല

തീർത്തും അനാഥ ,

അയാൾക്കവളോടുള്ള അനുകമ്പ കൂടി വന്നു.

ഇപ്പോൾ മരണ വീട്ടിലേക്ക് ചെന്നാലോ എന്നയാൾ ആലോചിച്ചു

വേണ്ട, ഈ സമയത്ത് മോളിക്കുട്ടിയോട് ഒന്നും പറയാൻ പറ്റിയ സാഹചര്യമല്ല

രണ്ട് ദിവസം കഴിയട്ടെ

അയാൾ വണ്ടിയുമെടുത്ത് കൊണ്ട് പഴയ ആ ലോഡ്ജിലേക്ക് പോയി .

രണ്ട് ദിവസത്തിന് ശേഷം പുഴക്കരയിൽ ലോറി കഴുകാനെത്തിയ നിഖിൽ കടവിൽ നിന്ന് തുണി അലക്കുന്ന മോളിക്കുട്ടിയെ കണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു

അപ്രതീക്ഷിതമായി അയാളെ കണ്ട മോളിക്കുട്ടിയുടെ ഉള്ളാലൊരു പിടച്ചിലുണ്ടായി

നിങ്ങളിത് വരെ പോയില്ലേ?

നെഞ്ചിടിപ്പ് പുറത്തറിയിക്കാതെ അവൾ ചോദിച്ചു

പോയതായിരുന്നു ,പക്ഷേ വീട്ടിലെത്തിയപ്പോഴാണ് നിന്നെ എനിക്ക് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കുന്നത് അത് കൊണ്ടാണ് പിറ്റേന്ന് തന്നെ ഞാൻ തിരിച്ച് വന്നത് ,അപ്പോഴാണ് വിവരങ്ങളൊക്കെ അറിഞ്ഞത്

സത്യത്തിൽ നിങ്ങളാരാണ് എന്തിനാണ് നിങ്ങളിവിടെ കിടന്ന് കറങ്ങുന്നത് ? നിങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ കാരണമാണ് എൻ്റെ അപ്പൻ നെഞ്ച് പൊട്ടി ചത്തത്

മോളിക്കുട്ടിയുടെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്ന് തുടുത്തു

അപ്പോഴാണ് മത്തായിച്ചൻ്റെയുള്ളിൽ തന്നെക്കുറിച്ച് സംശയം നിലനിന്നിരുന്നു എന്നയാൾക്ക് മനസ്സിലായത്

എല്ലാം ഞാൻ പറയാം മോളിക്കുട്ടി ,മുഴുവൻ കേട്ട് കഴിയുമ്പോൾ നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം

നിഖിൽ ജോമോനെ പരിചയപ്പെട്ടത് മുതലുള്ള ഓരോ കാര്യവും അവളോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കേൾപ്പിച്ചു

നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടും സ്വന്തമാക്കാൻ ഞാൻ ശ്രമിക്കാതിരുന്നത് അറിയാതെയാണെങ്കിലും നിങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഞാനുമൊരു കാരണക്കാരനാണല്ലോ എന്ന പശ്ചാത്താപം കൊണ്ടായിരുന്നു മോളിക്കുട്ടിക്ക് ഇനിയെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് ഇപ്പോഴെനിക്ക് നന്നായിട്ടറിയാം തനിക്ക് വേണമെങ്കിൽ ജോമോൻ്റെ മരണത്തിന് ഉത്തരവാദിയായ എന്നെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാം

അയാൾ പറഞ്ഞ് നിർത്തി

എല്ലാം കേട്ട് കൊണ്ട് തരിച്ച് നില്ക്കുകയായിരുന്ന മോളിക്കുട്ടി, തൊട്ടടുത്ത നിമിഷം കൈയ്യിലിരുന്ന അലക്കിയ തുണി ബക്കറ്റിലേക്കിട്ട് കൊണ്ട് അയാളുടെ അടുത്തേയ്ക്ക് വന്നു.

നിങ്ങള് ജയിലിൽ പോയാൽ പിന്നെ ,ആരാണ് എന്നെ സംരക്ഷിക്കുന്നത് ,അപ്പനും അമ്മയും ആങ്ങളയും പോയപ്പോൾ എന്നെ ഏറ്റെടുക്കാൻ കർത്താവാണ് നിങ്ങളെ ഇങ്ങോട്ടയച്ചത്,

തത്ക്കാലം നിങ്ങളെ ഞാൻ ഒരു പോലീസിനും കോടതിക്കും വിട്ട് കൊടുക്കുന്നില്ല, നിങ്ങൾക്കുള്ള ശിക്ഷ വിധിക്കുന്നത് ഞാനാണ് ,എന്നോടൊപ്പം മരണം വരെ ജീവപര്യന്തം, അതാണ് ശിക്ഷ , എന്താ സമ്മതമാണോ? ഇല്ലെങ്കിൽ പറ ഞാൻ പോലീസിനെ വിളിക്കാം

സങ്കടം മാറി അവളുടെ മുഖത്ത് കുസൃതി നിറഞ്ഞപ്പോഴാണ് അയാൾക്കാശ്വാസമായത്.

പുഴക്കരയിൽ നിന്നും മോളിക്കുട്ടിയെയും കൂട്ടി അയാൾ ആദ്യം പോയത് മത്തായിച്ചൻ്റെ കുഴിമാടത്തിലേക്കായിരുന്നു .

മാത്തൻ പറമ്പിൽ മത്തായിച്ചൻ്റെ മകൾ മോളിക്കുട്ടിയെ ,പോക്കിരി വാസുവിൻ്റെ മകൻ ,ജീവനുള്ള കാലത്തോളം ഒരു കുറവും വരുത്താതെ സംരക്ഷിച്ച് കൊള്ളാമെന്ന്, വാക്ക് തരുന്നു

മോളിക്കുട്ടിയുടെ കൈകൾ ചേർത്ത് പിടിച്ച് കൊണ്ട് നിഖിൽ മത്തായിച്ചൻ്റെ ആത്മാവിനോട് സത്യം ചെയ്തു.

ചക്കിട്ടപ്പാറയിലേക്ക് യാത്ര തിരിക്കുമ്പോൾ അമ്മയെ എങ്ങനെ പാട്ടിലാക്കുമെന്ന ചിന്തയിൽ തല പുകച്ച് കൊണ്ടിരുന്ന നിഖിലിനെ മോളിക്കുട്ടിയാണ് ആശ്വസിപ്പിച്ചത്

അതൊക്കെ എനിക്ക് വിട്ടേക്ക് സ്നേഹം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റാത്ത ഒന്നും ഈ ഭൂമിയിലില്ല

അവൾ പറഞ്ഞത് ശരിയാണെന്ന് സ്വന്തം അനുഭവത്തിലൂടെ അയാൾക്ക് മനസ്സിലായിരുന്നു

അവസാനിച്ചു.

NB :- ഈ കഥ, കുറച്ച് ഭാഗങ്ങളെ ഉണ്ടായിരുന്നുവുള്ളുവെങ്കിലും, ഓരോ പാർട്ടും വളരെ താമസിച്ചാണ് എനിക്ക് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞത്, അത് മറ്റൊന്നുമല്ല, എൻ്റെ ജോലിത്തിരക്ക് കൊണ്ടായിരുന്നു ,എന്നിട്ടും എന്നോടൊപ്പം സഹകരിക്കുകയും, കഥ വായിച്ച് നല്ല അഭിപ്രായങ്ങൾ പങ്ക് വച്ച് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സഹോദരീ സഹോദരൻമാർക്കും, എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

എന്ന്,

നിങ്ങളുടെ സ്വന്തം

സജി തൈപ്പറമ്പ്.