Aksharathalukal

❤തോരാമഴ❤ - ഭാഗം 3

ഭാഗം 3
°°°°°°°°
 
എന്നാണെന്നോ എങ്ങിനെയാണെന്നോ അറിയില്ല.. എന്നോ ഒരിക്കൽ എന്ന് പറയാനും കഴിയില്ല.. ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് ഞാൻ ദേവന്റെ പെണ്ണാണെന്നുള്ളത്..
 
ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലെ കുട്ടി ആയിരുന്നു ഞാനും..ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ ആയും അമ്മയോട് കൊഞ്ചിയും വഴക്കിട്ടും അച്ഛൻ കൊണ്ടുവരുന്ന മിട്ടായിക്കും മറ്റുമായി കാത്തിരുന്നും നേരം കളഞ്ഞ ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു...
 
ഒരു വലിയ ബിസിനസ് മുതലാളിയുടെ തൊഴിലാളിയായി തുടങ്ങിയ അച്ഛന്റെ ജോലി നഷ്ടപെട്ടത് എന്റെ ആ ചെറിയ കുടുംബത്തിന് വലിയൊരു ആഘാതമായിരുന്നു..
താങ്ങായി അച്ഛന്റെ കൂട്ടുകാരൻ വിശ്വൻ അങ്കിളും കുടുംബവും ഉണ്ടായിരുന്നു..അവിടെയും രണ്ട് മക്കൾ ദേവേഷ് വിശ്വനാഥ്‌, ദേവിക വിശ്വനാഥ്.. 
 
എന്നാൽ തളരാതെ നിന്ന അമ്മ അച്ഛനെന്നും ഊർജമായിരുന്നു.. ഒരു സാധാരണ വീട്ടമ്മയാണോ അമ്മ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.. അങ്ങിനെ പതിയെ അച്ഛൻ ചെറിയ രീതിയിൽ ഉണ്ടായിരുന്ന നീക്കിയിരുപ്പ് വച്ചു ഒരു ചെറുകിട വ്യവസായം ആരംഭിച്ചു..
 
അച്ഛന്റെ കഠിന അധ്വാനം കൊണ്ടും അച്ഛന്റെ കൂടെ ഞങ്ങൾക്കൊപ്പം നിന്ന വിശ്വൻ അങ്കിളിന്റെ ബുദ്ധികൊണ്ടും മെല്ലെ ആ ബിസിനസ് വളർന്നു.. അതോടൊപ്പം ഇരു കുടുംബങ്ങളും..
 
അച്ഛന്റെയും വിശ്വൻ അങ്കിളിന്റെയും ബന്ധം അവരുടെ ചെറുപ്പം മുതൽ ഉള്ളതാണ്... പരസ്പരം ഉള്ള അവരുടെ വിശ്വാസം ആർക്കും തകർക്കാൻ ആയിരുന്നില്ല..സമ്പത് വന്നപ്പോൾ നിറയെ ബന്ധുക്കളും ആയി മുല്ലശ്ശേരി വീട്ടിൽ കൂട്ടുകുടുംബം ആയി..
 
അന്നെപ്പോഴോ അവർ പറഞ്ഞു വച്ചതാണ് എന്റെയും ദേവേഷ് എന്ന ദേവൻ മാഷിന്റെയും വിവാഹം..അത് അന്ന് അമ്മായിമാർക്കും അച്ഛന്റെ സ്വത്ത്‌ ആഗ്രഹിച്ചവർക്കും ഒരടി ആയിരുന്നു.. മുറച്ചെറുക്കൻ വാദം അച്ഛൻ അന്നേ എഴുതി തള്ളി..
 
സ്കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ പരീക്ഷക്ക് മാർക്ക്‌ കുറഞ്ഞാലോ എന്റെ വീട്ടുകരേക്കാൾ എന്നെ വഴക്ക് പറയുന്നത് അങ്ങേരായിരിക്കും..
 എന്റെ പഠിത്തത്തിനിടയിൽ ഉള്ള കൂട്ടുകെട്ട് ശെരിയല്ലെന്നും പറഞ്ഞു അയാൾ കൂട്ടുകെട്ടുകളിൽ നിന്നു വിലക്കുമ്പോളും ഞാൻ ഒന്നും കാര്യമാക്കിയില്ല..
 
കൗമാരത്തിലെപ്പോഴോ വഴിയിൽ ഒരാളെ ഞാൻ അറിയാതെ ഒന്ന് നോക്കിനിന്നുപോയി.. അതിന് എന്നെ കണ്ണുപൊട്ടുന്ന ചീത്തയും വിളിച്ചു മുഖമടച്ചൊരു അടിയും..
അതെനിക്ക് നന്നായി വേദനിച്ചപ്പോൾ ഞാൻ അമ്മയോട് കാര്യം പറഞ്ഞു..
 
അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടെന്ന വാദം കേട്ട് അച്ഛനോടും ഏട്ടനോടും അവതരിപ്പിച്ചപ്പോൾ അവിടെ മൗനമായിരുന്നു.. അന്ന് ഞാൻ അറിഞ്ഞു.. എന്നേ അയാൾക്കെന്നെ തീറെഴുതി കൊടുത്തതാണെന്ന്... എനിക്ക് പിന്നീട് വെറുപ്പായിരുന്നയാളെ..
 
പ്ലസ് ടുവിൻ നല്ല മാർക്കോടെ പാസ്സ് ആവുമ്പോൾ എന്റെ കൂട്ടുകെട്ടുകൾ ഒന്നും എന്നേ ബാധിക്കില്ലെന്ന് പറഞ്ഞു അയാളുടെ മുഖത്തേക്ക് എറിയണം എന്നുണ്ടായിരുന്നു.. അവിടെയും അവരെന്നെ തോൽപ്പിച്ചു കളഞ്ഞു..
സന്തോഷത്തിൽ ചെന്നു കേറിയ വീട്ടിൽ ഞാൻ എവിടെ ഇനി കോളേജിൽ പോകണമെന്ന് നിർദേശിക്കുന്ന അയാളെയും കേട്ട് അത് ശെരിവെക്കുന്ന അച്ഛനെയുമാണ് കണ്ടത്..
ഒന്നും മിണ്ടാതെ പോകുമ്പോൾ ഞാൻ എന്റെ വിധിയെ പഴിക്കുകയായിരുന്നു..
 
അയാളുടെ നിർദേശം പോലെ തന്നെ വ്യാസയിൽ ചേർന്നു.. സബ്ജെക്ട് എന്റെ ഇഷ്ടം ആയിരിക്കണം എന്ന എന്റെ വാശി അവർ സമ്മതിച്ചുതന്നു.. അങ്ങിനെ പാരസൈക്കോളജിയിൽ ബിരുദം നേടി മെല്ലെ അയാളോടുള്ള എന്റെ വെറുപ്പ് ഞാൻ പുറത്തുകാട്ടാൻ തുടങ്ങി..എന്നാൽ അതൊന്നും അയാളെ ബാധിക്കുന്നെ ഉണ്ടായില്ല.. ആദ്യം ഒക്കെ ദേവന്റെ പെണ്ണ് എന്ന പേര് എനിക്ക് അഭിമാനം ആയിരുന്നു എന്നാൽ പിന്നീട് അത് ആരോചകമായി..
 
ഞാൻ പഠിച്ചിറങ്ങിയ വർഷം അയാൾ അധ്യാപകനായി വ്യാസയിൽ ജോയിൻ ചെയ്തു..
അന്ന് തുടങ്ങി എന്റെ കഷ്ടകാലം..
പഠിത്തം കഴിഞ്ഞുലോ അവനൊരു ജോലിയുമായി ഇനി വിവാഹം വേഗം നടത്താലോ എന്നായി അടുത്ത വാദം തുടർപ്പാഠനം എന്നൊരു കാരണം വച്ചെങ്കിലും വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ എന്ന വാദത്തിലൂടെ അവരത് എഴുതി തള്ളി..
 
വിവാഹം നടക്കുമെന്നുറപ്പായപ്പോൾ ഞാൻ അറ്റകൈ പ്രയോഗിച്ചു.. ഞാൻ പ്രയോഗിച്ചു എന്നല്ല അറിഞ്ഞുകൊണ്ട് ആർത്തി ഉള്ള അമ്മായിയുടെ മുന്നിൽ ഒരു കളിപ്പാവ ആവുകയായിരുന്നു ഞാൻ എന്നതാണ് വാസ്തവം..
എന്റെ മുറച്ചെറുക്കൻ വിവേക്കും ഞാനും പ്രണയത്തിലാണെന്ന അവരുടെ വാദത്തിന് ഞാൻ മൗനനുവാദം നൽകിയപ്പോൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ അയാൾ എന്നിൽ നോവ് സൃഷ്ടിച്ചില്ല..
 
എന്നാൽ മെല്ലെ ആ മൗനനുവാദം എനിക്കുതന്നെ വിനയായി.. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത ആൾ എന്നോട് മറ്റൊരു രീതിയിൽ പെരുമാറി തുടങ്ങിയതും ഞാൻ കുറ്റസമ്മതം നടത്തി.. എല്ലാവരുടെയും മുന്നിൽ വച്ചു ഒരു കുറ്റവാളിയെ പോലെ അയാളോട് മാപ്പ് പറഞ്ഞപ്പോളും തോൽക്കുകയായിരുന്നു ഞാൻ..
 
ആയിടെ ആണ് അഞ്ജലിയുടെ വരവ്.. ദേവേട്ടന്റെ മുറപ്പെണ്ണ്.. ഒരു ശിങ്കാരി.. അവൾക്ക് ദേവേട്ടനെ വിവാഹം ചെയ്യണമെന്ന്..ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.. പക്ഷെ എന്റെ സമ്മതം ആരും ചോദിച്ചില്ലലോ.. അയാൾ അത് ശക്തമായ്‌ എതിർത്തു..
 
ഞങ്ങൾ ഇതുവരെ തുറന്നു സംസാരിച്ചില്ല.. പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല.. പക്ഷെ വിവാഹം ഉറപ്പിച്ചു.. വിചിത്രം അല്ലെ..
 
അങ്ങിനെ വിവാഹം നടക്കാൻ ഒരുങ്ങുമ്പോൾ ആണ് അത് സംഭവിച്ചത്..
അഞ്ജലിയെയും അയാളെയും ഒരേ മുറിയിൽ നിന്ന് അമ്മായിമാർ പിടികൂടി..
 
അന്ന് അച്ഛനും വിശ്വൻ അങ്കിളും തമ്മിൽ തെറ്റി.. അതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും ആ വിവാഹം അതോടെ മുടങ്ങുയതിൽ ഞാൻ സന്തോഷിച്ചു..
 
എന്നാൽ പിന്നീട് ഞാൻ മനസ്സിലാക്കുകയായിരുന്നു എന്റെ ജീവിതത്തിലെ ദേവേട്ടന്റെ സ്ഥാനം..
 
ഓരോ കാര്യങ്ങളിലും അഭിപ്രായം പറയാനും തെറ്റുകൾക്ക് വഴക്ക് പറയാനും കൂടെ ദേവേട്ടൻ ഇല്ലാതായപ്പോൾ എല്ലാം നിശ്ചലമായ പോൽ തോന്നിയെനിക്ക്.. എന്നും തോന്നുന്ന ദേഷ്യത്തിനും വെറുപ്പിനും അപ്പുറം സഹതാപത്തിനും പരിഭവത്തിനുമപ്പുറം അയാളോട് എനിക്കെന്തോ ഒരു വികാരം തോന്നി.. ഇനി അതാണോ പ്രണയം..
 
കാര്യം അവതരിപ്പിക്കാൻ ഞാൻ തുനിഞ്ഞ നാൾ ഞാൻ കണ്ടത് മദ്യപിച്ചു വന്നു വീട്ടുമുറ്റത്തു എന്നെ കാണാൻ വാശി പിടിക്കുന്ന ദേവേട്ടനെയാണ്..
എനിക്ക് പോലും അറപ്പ് തോന്നി അയാളോട്..
ആ കാഴ്ച ഇന്നും മനസ്സിൽ തെളിയുന്നുണ്ട്..
മുറി അടച്ചിരുന്നു പൊട്ടികരയുമ്പോൾ അതിവേഗത്തിൽ പായുന്ന ആ ബുള്ളറ്റിന്റെ ശബ്ദം കാതിൽ കൂർത്തു കയറി..
 
അതേ ചിലത് നാം കരുതുന്നതിലും ലഖുവായിരിക്കും.. ചിലത് നാം പ്രതീക്ഷിക്കാത്തത്ര തീവ്രവും..
 
             •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
 
തുടരും..❤
 
(ഇതൊരു ആത്മകഥ വിവരണം പോലെയാണ്.. ഏറെ സന്ദേശങ്ങൾ നിറഞ്ഞൊരു കഥയാണ്.. അഭിപ്രായം പറയണേ..)