ഈ ആളനക്കമില്ലാതെ അടഞ്ഞുകിടക്കുന്ന പണ്ടത്തെ വീടുകളൊക്ക പ്രേതങ്ങളുടെ ആവാസകേന്ദ്രങ്ങളാണത്രെ.
ഇവിടങ്ങളും ഇവിടെ ഗതികിട്ടാതെ അലയുന്ന ആത്മാക്കളും നാട്ടിലെ മുത്തശ്ശിമാരുടെ സ്ഥിരം കഥകളിലെ കഥാപാത്രങ്ങളാണ്.
മുറ്റം നിറയെ കരിയിലകളും, മാറാലപിടിച്ച ഉമ്മറപ്പടിയും,വാതില് തുറന്നാൽ പുറത്തേക്ക് പറന്നുവരുന്ന വവ്വാല് കൂട്ടങ്ങളും,എലികളും, ഒടിഞ്ഞുവീഴാറായ കയ്യാലകളും, കാടുപിടിച്ചു കിടക്കുന്ന ചുറ്റുപാടും, കണ്ടാൽ തന്നെ പേടിയാവുന്ന ആ വീടുകൾ കണ്ടാൽ ആരായാലും പറഞ്ഞുപോകും ......ഭാർഗവീനിലയം എന്ന്.
കുഞ്ഞുനാളിൽ മുത്തശ്ശിക്കഥകൾ കേൾക്കാനിഷ്ടമില്ലാത്ത ആരാണുള്ളത് . അന്നൊക്കെ പറയുന്ന കഥകൾ മിക്കതും ഗുണപാഠങ്ങൾ തരുന്നതായിരുന്നു. എന്നും സന്ധ്യക്ക് നാമജപമൊക്കെ കഴിഞ്ഞു മുത്തശ്ശി കഥപറഞ്ഞു തരും ഞങ്ങൾക്ക്, ഞാനും മാളുവും സ്കൂൾ കഴിഞ്ഞു വന്നാൽ സന്ധ്യയാവാൻ കാത്തിരിക്കും. മാടനും മറുതയും ഒക്കെ ആണ് മുത്തശ്ശിയുടെ കഥയിലെ ഹീറോകൾ. എന്നാൽ ഞങ്ങൾക്ക് അവരെ കൂടാതെ വേറെയും കഥകൾ പറഞ്ഞുതരും. മുത്തശ്ശിയുടെ കഥകളിലെ പലരും പണ്ട് ആ നാട്ടിൽ ജീവിച്ചിരിന്നവരായിരുന്നു. പല കഥകളും സംഭവിച്ചതിനേക്കാൾ കേമമായി വർണിച്ചു തരും മുത്തശ്ശി. ചെറുപ്പകാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഓടിവരുന്നത് ആ നല്ല ഓർമകളാണ്.
ഇന്നും കേരളത്തിന്റെ പല ഭാഗങ്ങളിലും കേട്ടുകേൾവി മാത്രമായ മാടനും, മറുതയും, ഒടിയനും എല്ലാം അന്നത്തെ കഥകളിലെ സ്ഥിരം വിരുന്നുകാരായിരുന്നു. ഈ കഥകളിലെ പലതും കെട്ടിമെനഞ്ഞ കഥകളായിരുന്നില്ല. അന്നൊക്കെ പകയുള്ളവരെ തീർക്കാൻ ഇങ്ങനെ ഉള്ള ശക്തികളെ കൂട്ടുപിടിക്കുമായിരുന്നു കാരണവന്മാർ. ദുഷ്ട ശക്തികളും അവരെ നിയന്ത്രിക്കുന്ന കാരണവന്മാരും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു പണ്ട്.
പൊതുവെ ഇത്തരം കഥകൾ കേട്ടാൽ എല്ലാവർക്കും പേടി ആണ് വരേണ്ടത് ... പക്ഷെ എനിക്ക് നല്ല കൗതുകമാണ്. എന്തോ ഒരു തരം ആകാംഷ. അന്നൊക്കെ ഒരു പ്രേതത്തിനെ നേരിൽ കാണാൻ എത്ര പ്രാർത്ഥിച്ചിട്ടുണ്ടെന്നോ( ഡയലോഗ് മാത്രം മുന്നിലെങ്ങാനും വന്നെങ്കിൽ എന്റീശ്വരാ ......ഓർക്കാൻ കൂടെ വയ്യ!)
അന്ന് തൊട്ടേ മനസ്സിൽ അതിനോടൊരു ആകാംഷയാണ്, വളരുന്നതിനനുസരിച്ചു ആ ആകാംഷ കൂടെ വളരാൻ തുടങ്ങി . അതിനെ കൂടുതലറിയാനും, മുത്തശ്ശിയുടെ നായകന്മാരെ കുറിച്ച് പഠിക്കാനും, ഒരു തരം കൗതുകം.
ഇടക്ക് ചിന്തിക്കും ജീവിച്ചിരിക്കുന്നവരോടോ സംസാരിച്ചിട്ട് ഒരു ഉപകാരവും ഇല്ല എന്നാ പിന്നെ മരിച്ചവരോടൊക്കെ ഒന്ന് സംസാരിച്ചു നോക്കാം എന്ന്. നമുക്ക് parayanulla പോലെ അവർക്കും kaanille കഥകൾ.
അന്ന് ഈ പാരാ സൈക്കോളജി നെ കുറിച്ചെങ്ങാനും അറിഞ്ഞിരുന്നേൽ ചിലപ്പോ അത് എങ്ങാനും പോയി പടിച്ചേനെ! ( അറിയാഞ്ഞതു നന്നായി ഇപ്പഴേ ഓരോന്ന് പറയുമ്പോ അച്ചൻ എനിക്ക് വട്ടാണെന്ന് പറയും, അപ്പൊ അതും കൂടെ ആയിരുന്നേൽ എന്നെ മുഴുവട്ടനായി കണ്ടേനെ : ആത്മഗതം)
ഞങ്ങടെ തറവാട് വീടിന്റെ മുന്നിൽ കാലങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു വീടുണ്ട്. എനിക്ക് ഓർമ വെച്ച കാലം തുടങ്ങി അല്ല അതിനു മുൻപേ അവിടെ ആരും താമസമില്ല. ഞാൻ നേരത്തെ പറഞ്ഞ ബർഗവീനിലയം പോലൊരു വീട്. കുഞ്ഞിലെ പല പ്രാവശ്യം ഞാൻ അങ്ങോട്ട് പോവാൻ ശ്രമിച്ചപ്പോഴും എല്ലാവരും വഴക്ക് പറഞ്ഞു തിരിച്ചു കൊണ്ടുവരുമായിരുന്നു. ആരും ആ വഴിക്കേ പോവാറില്ല പകലുപോലും.
അവിടെന്തോ ആപിചാര കർമങ്ങൾ നടക്കുന്നു എന്നാണ് എല്ലാരും പറയുന്നത്. ഈ അടഞ്ഞുകിടക്കുന്ന വീട്ടിൽ ദുർകർമങ്ങൾ എന്ന് പറയുമ്പോ ......മുത്തശീടെ ഒക്കെ ചെറുപ്പം തൊട്ടേ ആ വീട്ടിലോട്ട് ആരും പോവാറില്ലത്രേ. അന്നേ എല്ലാവര്ക്കും ഭയമാണ് അങ്ങോട്ട് ഒന്ന് നോക്കാൻ വരെ. കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീട്, ചുറ്റും വടവൃക്ഷങ്ങളും ആകെ കാടുപിടിച്ചു കിടക്കുന്ന ഒരു പ്രേതാലയം.
അവിടെ ഒരു ആളുണ്ട് .ആരും നേരിട്ട് കണ്ടിട്ടില്ല ഇതുവരെ, കേട്ടുകേൾവി മാത്രം. കാലങ്ങളായി അവിടെ ആ വീട്ടിനുള്ളിൽ പുറത്തേക്കിറങ്ങാതെ എന്തൊക്കെയോ കർമങ്ങൾ ചെയ്യുകയാണത്രെ. സന്ധ്യ കഴിഞ്ഞാൽ ആ വഴിക്കു ആരും പോവാറില്ല. തൃസന്ധ്യക്ക് മാത്രം അവിടെ ആളനക്കവും പല ശബ്ദങ്ങളും ഒക്കെ കെട്ടവരുണ്ടത്രെ. ഇവിടെ ഉള്ളവർ അയാളെ കുറിച്ച് പലതും പറയുന്നുണ്ട് നോക്കി ഒരാളെ കൊല്ലാനുള്ള കഴിവുണ്ടുപോലും എവിടെയോ ഇരുന്ന് മനസ്സിൽ വിചാരിച്ചാൽ വേറെയെവിടെയോ ഇരിക്കുന്ന ആളെ പോലും എന്തും ചെയ്യാൻ കഴിയും എന്ന്.
മുത്തശ്ശിയുടെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട് പോലും, ഒരു കാലത്തു ജന്മികളുടെ സ്ഥിരം വിഹാര കേന്ദ്രമായിരുന്നു പോലും അവിടം. ദുര്മന്ത്രവാദവും കർമങ്ങളും അങ്ങനെ പലതും. പിന്നീടെപ്പഴോ ആളനക്കമില്ലാത്ത പ്രേതാലയമായി.
ഒരു നാലുകെട്ടാണത് , ആ പറമ്പിന്റെ ഒത്ത നടുക്ക്. ചുറ്റിലും വൻ മരങ്ങൾ എല്ലാം ഔഷധഗുണമുള്ളതും. പ്രേതാലയം ആണെങ്കിലും പുറത്തുനിന്നു കാണാൻ നല്ല ഭംഗിയാണ്. പണ്ട് നാട് ഭരിച്ചിരുന്ന കുടുംബത്തിൻറെ തറവാടാണ് പോലും. നാട്ടിലെ പ്രമാണിമാരായതുകൊണ്ടു തന്നെ അവിടെ ഉള്ളവർ എല്ലാത്തിലും അഗ്രഗണ്യരായിരുന്നു. അവിടുത്തെ വലിയതമ്പുരാൻ വൈദ്യ ചികിത്സയൊക്കെ ചെയ്യുമായിരുന്നു. എല്ലാ വേദങ്ങളിലും പ്രാവീണ്യവും ഉണ്ട്. അവിടെ വീടിനോട് ചേർന്ന് അവരുടെ കുടുംബ ദേവതയുടെ ഇരിപ്പിടം ഉണ്ട് , ഒരു കുഞ്ഞമ്പലം പിന്നെ ഒരു നാഗത്തറയും. എല്ലാം കൊണ്ടും ഐശ്വര്യ ദേവത വസിച്ചിരുന്ന തറവാട്.
എന്നാൽ അന്നത്തെ തമ്പുരാൻ മാരിൽ ഏറ്റവും ഇളയ തമ്പുരാൻ, ഇതിലൊന്നും യോജിപ്പുണ്ടായിരുന്നില്ല ആരും അറിയാതെ അഥർവ വേദ ജ്ഞാനം ആർജ്ജിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെയ്തികളൊന്നും ആ തറവാട്ടിലെ ആരും യോജിച്ചിരുന്നില്ല, അവരുടെ ജ്ഞാനത്തിനും കാഴ്ചപാടുകൾക്കും ഒന്നും യോജിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അത്. ഇതിനെ ചൊല്ലി അവിടെ നിരന്തരം വഴക്കുകളായി. പലപ്പോഴും തംബുരാൻ വീട്ടിൽ വരാതെയായി. മുൻപ് ആരും അറിയാതെ ചെയ്തിരുന്ന കർമങ്ങൾ എല്ലാവരുടെയും മുൻപിലായി. എല്ലാം അതിരുകടന്നു അവസാനം ക്ഷേത്രത്തിലേ പൂജക്ക് വിഘനമായപ്പോൾ ഏട്ടൻ തമ്പുരാന് സഹിച്ചില്ല. വാക്കുതർക്കം മൂത്തു വലിയ ബഹളമായി അവസാനം
ഇളയ തമ്പുരാൻ വീടുവിട്ട് പോയി. ആദ്യമൊക്കെ എല്ലാവർക്കും അമർഷമായിരുന്നു, വലിയ തമ്പുരാന് വയ്യാതായപ്പോൾ കുറേ അന്വേഷിച്ചു കണ്ടെത്താനായില്ല, കുറേ വർഷങ്ങൾ പലരും പലയിടത്തും തിരഞ്ഞു ആരും അയാളെ കണ്ടില്ല.
ഒരു പതിനാലു കൊല്ലങ്ങൾക്കു ശേഷം, വർഷങ്ങളായി മുടങ്ങിപ്പോയ അവിടുത്തെ ഉത്സവമാണ് അന്ന്. സന്ധ്യക്ക് എഴുന്നെള്ളത്തിന്റെ സമയത്ത് ഭയങ്കര കാറ്റും ഇടിയും പിന്നെ അവിടേക്ക് ആരും പ്രതീക്ഷിക്കാത്ത ഒരതിഥി കൂടെ വന്നു. കറുത്ത മുണ്ടും തലയെല്ലാം ജടപിടിച്ചു കണ്ടാൽ പേടിപ്പെടുത്തുന്ന രൂപത്തിലെ ഒരാൾ.
എല്ലാവര്ക്കും സന്തോഷമായി ,എല്ലാം നല്ലതിനാണെന്നു കരുതിയ അവർക്ക് തെറ്റി.താൻ ആർജിച്ച ശക്തി ഇല്ലാതാവുമോ എന്ന ഭയത്തിൽ ആ പൂജ മുടക്കാനായിരുന്നു അനിയൻ തമ്പുരാന്റെ വരവ്. പിന്നെന്തൊക്കെയോ വാക്കുതർക്കങ്ങളായി, അവിടെ വന്നവർ അയാളെ പേടിച്ചു തിരികെ പോയി. അന്നവിടെ ഭയങ്കര ബഹളമായിരുന്നു അിവിടുത്തെ ആരെയും പിന്നെ പുറത്തേക്ക് കണ്ടില്ല. അടുത്ത ദിവസം ആ വീടൊരു ചോരപ്പുഴ ആയിരുന്നു, ഏട്ടൻ തമ്പുരാൻ പിറ്റേന്ന് ഉമ്മറത്ത് മരിച്ചുകിടക്കുന്നു, ഇത് കണ്ടു സഹിക്കാതെ അവിടെ ബാക്കിയുള്ളവരെല്ലാം അവിടം ഉപേക്ഷിച്ചു പോയി. അന്ന് ആ മനുഷ്യൻ അവിടെ ആ വീട്ടിൽ കയറി വാതിലടച്ചതാണ്, പിന്നീടിതുവരെ ആരും കണ്ടിട്ടില്ല പുറത്തേക്ക്.
എങ്ങനെയൊക്കെയോ ആ വംശത്തിലെ എല്ലാവരും മരിച്ചു വീട് മൊത്തം നശിച്ചു പോയി. ആളനക്കമില്ലതിനാൽ അതൊരു പ്രേതാലയമായി മാറി. അതിന്റെ അടുത്തേക്ക് പോലും ആരും പോകാതായി, എന്തിന് നോക്കുന്നത് പോലും അവിടുത്തുകാർക്ക് പേടിയായി. ഒരു കാലത്തു ഐശ്വര്യത്തിന്റെ പ്രതീകമായ തറവാട് അതിൽ പിന്നെ നാട്ടുകാരുടെ പേടിസ്വപ്നം ആയി .ഇടക്കിടക്ക് അവിടുന്ന് അലർച്ചകളൊക്ക കേൾക്കുമത്രേ രാത്രികളിൽ .
മുത്തശ്ശിയുടെ കുഞ്ഞുനാളിൽ ആയിരുന്നു ഇതൊക്കെ. ഞാൻ നാളിതുവരെ അവിടെ ആരെയും കണ്ടിട്ടില്ല. ഒരനക്കവും കേട്ടിട്ടില്ല.
ഈ കഥകൾക്കൊപ്പം ഞാനും വളർന്നു. സ്കൂളിൽ പോയി വരുന്നവഴിക്ക് പലപ്പോഴും അവിടെ എന്താണെന്നറിയാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാ പ്രാവശ്യവും നല്ല തല്ലിലാണ് അത് അവസാനിച്ചിട്ടുള്ളത്. വലുതായതിനുശേഷം ഞാൻ പഠിക്കാനായി പുറത്തേക്ക് പോയി, പിന്നീടുള്ള വിശേഷങ്ങൾ ഫോണിലൂടെ ആയി മുത്തശ്ശിയുടെ വക.
അന്നത്തെ പല കഥകളും മറന്ന് തുടങ്ങിയിരുന്നു എന്നാൽ ഇന്നാള് വിളിച്ചപ്പോ അമ്മ പറയുകയുണ്ടായി, അയാള് ഒരു ദിവസം പുറത്തേക്ക് ഇറങ്ങി പോവുന്നത് കണ്ടു പോലും അച്ചൻ. ആദ്യമൊരു ആന്തലായിരുന്നു, ഇത്രേം വർഷായിട്ട് അയാള് ....ഒന്നും സംഭവിച്ചില്ലേ ?...
ചുമന്ന മുണ്ടും, ജടപിടിച്ചു നീണ്ടുകിടക്കുന്ന മുടിയും, ആരും കണ്ടാൽ പേടിക്കുന്ന ഒരു രൂപം. പിന്നീടവിടെനിന്ന് ഒച്ചയോ ബഹളമോ ഒന്നും കേട്ടിട്ടില്ല. അയാള് തിരിച്ചു വരുന്നതും ആരും കണ്ടില്ല.
പൊതുവെ ഞാൻ അവധിക്ക് നാട്ടിൽ വരാറില്ല , എന്തോ അവിടെ പോയതിനു ശേഷം ഇങ്ങോട്ടു വരാനിഷ്ടമില്ല. എന്നാൽ ഇത്തവണത്തെ അവധിക്ക് നാട്ടിൽ വന്നു, മറ്റേ ആളെ കാണാനുള്ള ആകാംഷയാണോ എന്നറിയില്ല. വീട്ടിലെത്താൻ വൈകി , വന്നപാടെ ഭക്ഷണം കഴിച്ചു ഉറങ്ങിപോയതു അറിഞ്ഞില്ല. പിറ്റേന്ന് വൈകീട്ട് നടക്കാനെന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി, ഒരു റൗണ്ട് പാടത്തും പറമ്പിലും ഒക്കെ കയറി തിരിച്ചു വീടെത്താനായപ്പോ പതിയെ ആരും കാണാതെ ആ പ്രേതാലയത്തിലോട്ട് ഒന്ന് കയറി.
വലിയ അനക്കമൊന്നും കണ്ടില്ല, നിറയെ മാറാലയും പൊടിയും പിടിച്ചു കിടക്കുന്ന നടവഴികൾ. പതിയെ സ്റ്റെപ് കയറി മുകളിലേക്ക് ചെന്നപ്പോൾ ഞാനൊന്നമ്പരന്നു പോയി. പലതരം വർണങ്ങൾ കൊണ്ടെഴുതിയ കളം. ചുറ്റും കത്തിച്ചുവെച്ച നിലവിളക്കുകൾ. കിഴക്കേ അറ്റത്തു അഗ്നികുണ്ഡം, ഒരു പൂജക്കുള്ള എല്ലാ ഒരുക്കങ്ങളും അവിടെ.
മനസ്സിൽ കൂടി എന്തൊക്കെയോ ഓടിമറഞ്ഞു പോവുന്ന പോലെ.
കുറെ നാളുകൾക്ക് മുൻപ് ഇവിടെനിന്നു പോയി എന്നല്ലേ അച്ചൻ പറഞ്ഞത് പിന്നെ ആരാ ഈ ഒരുക്കങ്ങളൊക്കെ...........
പെട്ടന്ന് പുറകിൽ നിന്ന് ഒരലർച്ച.
ഇന്ന് അമാവാസി, എന്‍റെ കർമങ്ങളിൽ അവസാന കർമം,
ഹ ഹ നരബലി.
വർഷങ്ങളായുള്ള എന്‍റെ പരിശ്രമങ്ങൾക്കുള്ള പരിസമാപ്തി..
ഇന്ന് നീ. ഹ ഹ ഹാ.........
ഞാനാ കളത്തിലോട്ട് തെറിച്ചു വീണു. എണീക്കാൻ ശ്രമിച്ചു പറ്റുന്നില്ല , കയ്യും കാലുമൊക്കെ വരിഞ്ഞു മുറുകി ഇരികുന്നപോലെ. അയാളെന്തൊക്കെയോ അലറുന്നുണ്ടായിരുന്നു. എനിക്ക് കാഴ്ചയൊക്കെ മങ്ങിയപോലെ. പെട്ടന്ന് ഒരു കയ്യ് എന്നെ തൊടുന്നപോലെ.
ഞാൻ പെട്ടന്ന് അലറി വിളിച്ചു.
അയ്യോ എന്നെ കൊല്ലല്ലേ........
കണ്ണ് തുറന്നപ്പോൾ .....
പുറകിൽ ചായയുമായി നിൽക്കുന്ന എന്‍റെ അമ്മ....
ആ കണ്ടതൊരു സ്വപ്നമായിരുന്നു, എന്നാലും നല്ല ജീവൻ പോയി .....
പതിയെ ഗ്ലാസവിടെ വാങ്ങി വെച്ച് ജനാലയിലൂടെ ആ വീട്ടിലോട്ട് നോക്കിയിരുന്നു.
ഇന്നും ചുരുളഴിയാത്ത കൊറേ കെട്ടുകഥകളുടെ കൂമ്പാരം. അപ്പോഴും അവിടെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടുകൊണ്ടേയിരുന്നു,
ഞാൻ എഴുന്നേറ്റു കലെൻഡറിൽ ഒന്ന് നോക്കി
അന്ന് അമാവാസി .................