Aksharathalukal

സാധാരണമായൊരു പ്രണയം 💕

റോഡിൽ വണ്ടിയിടിച്ചു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അവൻ.
എത്തിനോക്കാനും ഫോട്ടോഎടുക്കാനും ഒരുപാട് പേർ കൂടിയെങ്കിലും അവനെ ഒന്നു ആശുപത്രിയിൽ എത്തിക്കാൻ ആരും തന്നെ തയ്യാറായില്ല. വേദനകൊണ്ട് പുളഞ്ഞു പ്രതീക്ഷയറ്റ്‌ കിടക്കുമ്പോൾ ആണ് തനിക്കു നേരെ ആശ്വാസത്തിന്റെ പുതുപ്രതീക്ഷയുടെ പൊൻകിരണവുമായി അവളുടെ കൈകൾ എത്തിയത്. ആരും തിരിഞ്ഞുനോക്കാതെ ഒരു മനുഷ്യജന്മം എന്ന പരിഗണനപോലും തരാതെ പോയപ്പോൾ അവൾ അവനെ കോരിയെടുത്തു. അവന്റെ ദേഹത്തെ ചോര അവളിൽ അറപ്പുണ്ടാക്കിയില്ല.ഒരു ഓട്ടയിൽ കയറ്റി, വേദനകൊണ്ടുപുളയുന്ന അവനെ അവൾ  പൊതിഞ്ഞു പിടിച്ചു അശ്വസിപ്പിച്ചു.



ആശുപത്രി കിടക്കയിൽ മരുന്നുകൾക്കും യന്ത്രങ്ങൾക്കും ഇടയിൽ കിടക്കുമ്പോൾ ബന്ധുക്കളുടെ വിവരം ചോദിച്ചു വന്ന അവൾക്  നേരെ നിസ്സഹായതയുടെ ഒരു നോട്ടം നൽകി മൗനംപൂണ്ടിരിക്കുവാനെ അവനു സാധിച്ചോളൂ. അതിനർത്ഥം ഗ്രഹിച്ചുകൊണ്ട് അവനു ഒരു ചെറുപുഞ്ചിരി നൽകി അവൾ പുറത്തേക്കു പോയി.



ആശുപത്രിയുടെ ചുവരിന്റെ ഭംഗി ആസ്വദിക്കുമ്പോൾ അതിനു വിഘ്‌നം സൃഷ്ടിച്ചുകൊണ്ട് കൈയിൽ മരുന്നു ഭാഷണപൊതിയുമായി കടന്നുവരുന്ന അവളുടെ മുഖത്തെ നിറപുഞ്ചിരി അവന്റെ വേദനങ്ങൾക് അല്പം എങ്കിലും ശമനം നൽകുവാൻ ഉത്കുന്നതായിരുന്നു.



ആശുപത്രി വാസം അവസാനിപ്പിച്ചു പോകാൻ നേരം കണ്ട തന്റെ കേസ്ഫയലിൽ റിലേറ്റീവ് കോളത്തിൽ അവളുടെ  ഡീറ്റൈൽസ് കണ്ടപ്പോൾ ആണ് അവളുടെ പേര് പോലും അവൻ അറിയുന്നത്. നിറക്കണ്ണുകളോടെ മാത്രമേ അവനത് വായിക്കുവാൻ സാധിച്ചോളു.


"പ്രതീക്ഷ "


എന്നിൽ പ്രതീക്ഷയുടെ പൊൻകിരണവുമായി എത്തിയവൾ "പ്രതീക്ഷ".



ഒരു ഓട്ടോ വിളിച്ചുതന്നു ഓട്ടോചേട്ടനോട് കാര്യങ്ങൾ പറഞ്ഞു പണവും ഏല്പിച്ചു തിരിയുന്ന അവളെ നന്ദിയോടെ നോക്കുന്ന അവനു ഒരു നിറപുഞ്ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി.
അവൻ കണ്ണിൽനിന്നും മറഞ്ഞതും അവളും നടന്നുനീങ്ങി ഒരു ചെറുപുഞ്ചിരിയോടെ അവളുടെ ജീവിതത്തിലേക്കു.
ദിവസങ്ങൾ നടന്നുനീങ്ങി. ആരോഗ്യം വീണ്ടെടുത്തു അവൻ അവന്റെ തൊഴിൽ വീണ്ടും ചെയ്യാൻ തുടങ്ങി.



ഒരു ദിവസം ചന്തയിൽ ചുമടിറക്കി വരുമ്പോൾ അവൻ കണ്ടു വഴിയരികിൽ വിശന്നിരിക്കുന്ന ഒരു വൃദ്ധനു ഭക്ഷണം നൽകുന്നവളെ. അവന്റെ കണ്ണുകൾ വിടർന്നു. അത്രമേൽ പ്രിയപ്പെട്ടതെന്തോ കണ്ടുകിട്ടിയ തിളക്കം ആഹ് കണ്ണുകളിൽ തെളിഞ്ഞു. ഒരു മരത്തിനു മറവിൽ നിന്നു അവളെ അവൻ കണ്ണ് നിറയെ കണ്ടു. ആശ്രയം എന്ന സ്ഥാപനത്തിലെ വാഹനം അവിടെ എത്തിയതും ആഹ് വൃദ്ധനെ അവരെ ഏല്പിച്ച അവൾക്കായി വിശപ്പ് അടങ്ങി കഴ്ഞ്ഞപ്പോൾ ആഹ് വൃദ്ധന്റെ മുഖത്തു തെളിഞ്ഞത് നന്ദി ആയിരുന്നില്ല, അവജ്ഞയായിരുന്നു അവളുടെ രൂപത്തോടുള്ള അവജ്ഞ.അപ്പോഴും സ്വതസിദ്ധമായ ആഹ് ചിരിയോടു കൂടി തന്നെ അവൾ അവിടെ നിന്നും നടന്നകന്നു.



കരം അടക്കുന്നതിനായി കാര്യത്തിനായി വില്ലേജ് ഓഫീസിൽ പോയപ്പോൾ ആണ് അപ്രതീക്ഷിതമായി ക്ലർക്കിന്റെ കസേരയിൽ അവൻ അവളെ വീണ്ടും കണ്ടത്. അവനെ തിരിച്ചറിഞ്ഞു പരിചിതഭാവത്തിൽ അവനെ നോക്കിയ അവളുടെ ചൊടികളിൽ അപ്പോഴും ഉണ്ടായിരുന്നു അവനേറെ പ്രിയപ്പെട്ട ആഹ് പുഞ്ചിരി. അവന്റെ വേദനയെകുറിച്ചു അന്വേഷിക്കുമ്പോഴും അവന്റെ ആരോഗ്യത്തെ കുറിച്ചുള്ള അവളുടെ ആകുലത നിറഞ്ഞ ചോദ്യങ്ങളും അവനിൽ ഇതുവരെ അവനു അന്യമായിരുന്ന കരുതലിന്റെ പ്രതീക്ഷ വിരിയിച്ചു. അപ്പോഴും അവരെ അവജ്ഞയോടെ നോക്കുന്ന കണ്ണുകൾ അവന്റെ കണ്ണിൽ ഉടക്കിയില്ല. അവന്റെ കണ്ണിൽ അവൾ മാത്രം ആയിരുന്നു അവൾ മാത്രം..



ഒരിക്കൽ രാത്രിയിൽ ജോലികൂടുതൽ കാരണം ഒരുപാട് താമസിച്ചു ബസ്സ്റ്റാൻഡിൽ നിൽകുമ്പോൾ വീണ്ടും കണ്ടു അവളെ. അവൾക്കായി വിരിഞ്ഞ ചിരിയോടെ അവൻ അവൾക്കടുത്തേക്കു നടന്നപ്പോൾ ആണ് മൂന്നു ആണുങ്ങൾ അവൾക്കരികിലേക്കു ചെല്ലുന്നതു കണ്ടത്.



അവർ അവളോട്‌ പറയുന്നത് കേട്ട് ക്രോധം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി എങ്കിലും പിന്നീട് അവൾ അവരോടു പറഞ്ഞ മറുപടിയാൽ അവന്റെ ക്രോധം അവനെ വിട്ടോഴിഞ്ഞു ആഹ് പഴയ പുഞ്ചിരി വീണ്ടും ആഹ് മുഖത്തു സ്ഥാനം പിടിച്ചു.



"എന്നതാ മോളെ അസമയത്തിവിടെ ഒരു കറക്കം. അല്ല മോൾ ആണോ അതോ മോനോ.
എന്നതാടാ നീ ഒക്കെ ഇങ്ങനെ പൊതിഞ്ഞു കെട്ടികൊണ്ട് നടക്കുന്നെ, ഞങ്ങളും കൂടെ ഒന്നു അറിയട്ടെ, അല്ലേടാ."


"പിന്നല്ല "


" അത്രയ്ക്ക് ആഗ്രഹം ആണ് അറിയാനെങ്കിൽ വീട്ടിൽ ചേട്ടന്മാരെ പ്രസവിച്ച അമ്മമാർ കാണില്ലേ, അവരോട് പോയി ചോദിച്ചാൽ മതി.
അവർ തന്നെ പറഞ്ഞുതരും "
അവൾ അവളുടെ മായാത്ത പുഞ്ചിരിയോടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു.



"ഡി..%%&₹₹മോളെ വീട്ടിൽ ഇരിക്കുന്ന അമ്മക്ക് പറയുന്നോടി 😡"



തെറി വിളിച്ചുകൊണ്ടു അവർ അവളെ കടന്നുപിടിച്ചപ്പോൾ വീണ്ടും അവന്റെ മുഖത്തു ദേഷ്യം ഇരച്ചുകയറി, തനിക്കു അത്രമേൽ പ്രിയപ്പെട്ട എന്തോ ഒന്നിനെ ആരൊക്കെയോ കൈടക്കാൻ ശ്രമിക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിഞ്ഞു തോന്നുന്ന അതേ ദേഷ്യവും വാശിയും അവനിൽ നിറഞ്ഞുനിന്നു. തനിക്കു പ്രിയപ്പെട്ടത്തിനെ അവരിൽ നിന്നും മോചിപ്പിച്ചു തന്നോട് ചേർക്കുവാനുള്ള വാശി.



അവരെ കത്തികുവാനുള്ള ദേഷ്യത്തോടെ മുൻപോട്ടു നടന്ന അവന്റെ കാലുകൾ പെട്ടന്ന് നിശ്ചലമായി. അവന്റെ കണ്ണുകൾ മിഴ്ഞ്ഞു പുറത്ത് വന്നു. അവൻ താഴേക്കു നോക്കിയപ്പോൾ തന്റെ കാൽച്ചുവട്ടിൽ കിടന്നു വേദനകൊണ്ടു പുളയുന്ന ആഹ് മൂവരിൽ ഒരുത്തനെ ആണ് കണ്ടത്. അവൻ നേരെ നോക്കിയപ്പോൾ അതാ അവൾ തികഞ്ഞ ഒരു കളരി അഭ്യാസിയെപോലെ ബാക്കി രണ്ടുപേരെയും കൈകാര്യം ചെയ്യുന്നു.
അവൻ ആഹ് കാഴ്ച്ച കണ്ട് അന്തംവിട്ടു നിന്നു. മൂന്നെണ്ണത്തിനെയും മിനിറ്റുകൾ കൊണ്ട് അടിച്ചുവീഴ്ത്തി അവശരാക്കി അവൾ.



" ഇനി ഇമ്മാതിരി കയ്യിലിരുപ്പുമായി നടന്നാൽ പ്രസവിച്ച അമ്മയെ മാത്രമല്ല ജനിപ്പിച്ച അപ്പനെയും പറയുന്നത് കേൾക്കേണ്ടി വരും. അതു പറ്റില്ല എന്നുണ്ടെങ്കിൽ അടക്കി നിർത്തിക്കോണം നിന്റെയൊക്കെ ഈ പുഴുവരിച്ച നോട്ടവും നാക്കും പ്രവർത്തിയുമെല്ലാം. "
ഗൗരവം തെല്ലും വിട്ടോഴിയാതെ അവൾ പറഞ്ഞു നിർത്തി.


അവരിൽ നിന്നും വിട്ടുമാറി നേരെ നോക്കിയപ്പോഴാണ് തന്നെ ആശ്ചര്യത്തോടെ നോക്കിനിൽക്കുന്ന അവനെ അവളുടെ കണ്ണിൽ പെട്ടത്.പെട്ടന്ന് തന്നെ അതുവരെ ഉണ്ടായിരുന്ന ഗൗരവം ആഹ് മുഖത്തുനിന്നും പോയിമറഞ്ഞു ആഹ് പുഞ്ചിരി വീണ്ടും സ്ഥാനം പിടിച്ചു. അതേ പുഞ്ചിരിയോടെ അവൾ അവനരികിലേക്ക് ചെന്നു.
അവൾ അവനരികിൽ എത്തിയപോഴേക്കും അവളിലെ ചിരി അവനിലേക്കു പടർന്നു. അന്ന് അവളിൽ എത്തിയ അവനിലെ കണ്ണുകളിൽ അവളോടുള്ള ആരാധനയും തെളിഞ്ഞു.



അവർ ഒരുമിച്ചു അവിടെ നിന്നും നടന്നുനീങ്ങി. നിമിഷങ്ങൾ ശരവേഗത്തിൽ പാഞ്ഞപ്പോഴും ആദ്യമായി അവർക്കിടയിൽ സ്ഥാനം പിടിച്ച മൗനം അവരിൽ നിന്നും വിട്ടൊഴിഞ്ഞില്ല.



ഒടുവിൽ അവരുടെ കാലടികൾ കടൽത്തീരത്തെ തിരക്കൾക്കു മുൻപിൽ ലക്ഷ്യസ്ഥാനം കണ്ടു.
തിരമാലകൾ അവരുടെ കാൽപാതങ്ങളെ തഴുകിപോയി. തരാളിതമായ കാറ്റ് അവരുടെ മുടിയിഴകളെ പുൽകി.



അവൻ തന്നെ ആഹ് മൗനത്തെ ഭേധിച്ചു.
അവന്റെ വാക്കുകൾക്കായി അവൾ കാതോർത്തു. അവൻ അവളോട്‌ പറഞ്ഞു അവന്റെ ജീവിതം. അനാഥലയത്തിൽ വളർന്ന അവന്റെ ബാല്യം. അവിടെ നിന്നു പുറത്തുപോകേണ്ടി വന്നപ്പോൾ അനുഭവിച്ച ഒറ്റപ്പെടൽ. അവൻ നേരിട്ട കഷ്ടപാടുകൾ സ്നേഹിക്കുവാനോ കരുതലോടെ ഒന്നു ചേർത്തുപിടിക്കുവാനോ ആരും തന്നെ ഇല്ലാത്ത ജീവിതത്തിന്റെ വിരസത.
ഒടുവിൽ അവൻ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി അവളിൽ നിന്നും അവനു ലഭിച്ച സ്നേഹത്തെകുറിച്ചു, ആകുലതകളെകുറിച്ചു, കരുതലിനെക്കുറിച്ചു.



"തരുമോ ഈ സ്നേഹ തണൽ എനിക്ക് ഈ ജന്മം മുഴുവൻ ".



അതിന് മറുപടിയായി അവൾ ഒന്നു മന്ദഹസിച്ചു. പിന്നീട് അവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞുതുടങ്ങി.
അവളെക്കുറിച്ചു, അവളിലെ അവനെക്കുറിച്ചു, അവനിൽ നിന്നും അവൾ ആകാൻ, പ്രകാശിൽ നിന്നും പ്രതീക്ഷ ആകാൻ അവൾ താണ്ടിയ കനൽവഴികളെകുറിച്ചു. തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞ നാളുകളിൽ ജന്മം നൽകിയ അച്ഛന്റെയും അമ്മയുടെയും ജീവനായി കണ്ട് സ്നേഹിച്ച കൂടപ്പിറപ്പുകളുടെയും മുഖത്തു തന്നോട് തെളിഞ്ഞ അറപ്പും വെറുപ്പും അവജ്ഞയും. കൊടിയപീഡനങ്ങൾക്കൊടുവിൽ തന്റെ അസ്ഥിത്വത്തിനും കുടുംബത്തിനും ഇടയിൽ ഒന്ന് എന്ന ചോദ്യം വന്നപ്പോൾഅസ്തിത്വത്തെ തിരഞ്ഞെടുക്കാൻ അവൾക്കു രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല.



വാശിയോടെ പഠിച്ചു, അവഗണിക്കുന്ന പരിഹസിക്കുന്ന സമൂഹത്തെ കണ്ടില്ല എന്ന് നടിച്ചു. തന്റെ ശരീരത്തെ കാമത്തോടെ കൊത്തിവലിക്കുന്ന കഴുകൻ കണ്ണുകളെ നേരിടാൻ അവൾ മനസിനെയും ശരീരത്തെയും ഒരുപോലെ പരിശീലിപ്പിച്ചു. അവൾ അവൾക്കായി സ്വയം രക്ഷകവചം തീർത്തു. ഒറ്റപ്പെടുത്തുന്നവരോടും അവഗണിക്കുന്നവരോടും എനിക്ക് ഞാൻ ഉണ്ടെന്ന് അവൾ പറയാതെ പറഞ്ഞു. നിന്നെപോലുള്ളവർക്കു പറ്റിയ ജോലി വേറെയാണ് എന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവർക്കു മുൻപിൽഏതൊരു വ്യക്തിയെയും പോലെ മാന്യമായ ഏതൊരു തൊഴിലും ചെയ്ത് ജീവിക്കുവാനുള്ള അവകാശം തന്നെപോലുള്ളവർക്കും ഉണ്ടെന്നു അവൾ പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തു.



Psc പാസ്സ് ആയി ഒരു സർക്കാർ ഉദ്യോഗസ്ഥയായി മാറുമ്പോഴും സംവരണം ഇല്ലെങ്കിൽ കാണാമായിരുന്നു ഇതൊക്കെ ഇവിടെ ഇരിക്കുന്നത് എന്ന് പറഞ്ഞവർക്കു മുൻപിൽ സംവരണത്താൽ അല്ല തന്റെ കഴിവിനാൽ നേടിയ ജോലിയാണെന്നു അവൾ തെളിയിച്ചുകൊടുത്തു.



താൻ സ്വന്തമായി സാമ്പാദിച്ച വരുമാനത്തിലൂടെ വൈദ്യസഹായത്തിന്റെ പിൻബലത്തോടെ അവൾ മനസ്പോലെ തന്നെ ശരീരം കൊണ്ടും അവനിൽ നിന്നും അവളായിമാറി. പ്രകാശിൽ നിന്നും പൂർണമായി പ്രതീക്ഷയായി മാറിയവൾ. യാതൊരു ഭാവവിത്യാസവുംഇല്ലാതെ തന്റെ ജീവിതത്തെകുറിച്ചു പറഞ്ഞു നിർത്തിയവളെ അത്ഭുതത്തോട് കൂടി അവൻ നോക്കി.
വേദനയുടെ ഒരു ചെറിയ കണികപോലും ആഹ് മുഖത്തു നിഴലിക്കുന്നില്ല. തെളിഞ്ഞു നില്കുന്നതോ സംതൃപ്തി മാത്രം.



" ഞാൻ ഇങ്ങനെ ആകാൻ കാരണം ഞാൻ അല്ല. ആണിന്റെ ശരീരവും പെണ്ണിന്റെ മനസുമായി ഈ ഭൂമിയിൽ പിറന്നത് എന്റെ തെറ്റല്ല. പിന്നെ ഞാൻ എന്തിനു വേദനിക്കണം, എന്തിനു സ്വയം കുറ്റപ്പെടുത്തണം. ഈ ഭൂമി ആണിനും പെണ്ണിനും, അല്ലെങ്കിൽ പക്ഷികൾക്കോ, മൃഗങ്ങൾക്കോ വേണ്ടി മാത്രം ഉള്ളതാണോ. ഇവിടെ ജനിക്കുന്ന ഓരോ പുൽകൊടിക്കും ഉണ്ട് ഈ ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശം. എനിക്കും ഉണ്ട്, എന്നെപോലുള്ള ഓരോരുത്തർക്കും ഉണ്ട്, സ്വന്തം അസ്തിത്വത്തിൽ തല ഉയർത്തിപിടിച്ചു ജീവിക്കുവാനുള്ള അവകാശം. എന്റെ കണ്ണുകളിൽ വേദന തേടരുത്. കാണാൻ നിങ്ങൾക്കു സാധിക്കില്ല. കാരണം എനിക്ക് എന്റെ ആസ്‌ത്തിത്വത്തിൽ അഭിമാനം മാത്രമേ ഉള്ളു. അടുത്ത ജന്മം എങ്കിലും സ്ത്രീ ആയി ജനിക്കാൻഈശ്വരനോട് ഞാൻ കേഴാറില്ല, മറിച്ചു ഈ ജന്മം ഒരു പുരുഷശരീരത്തിൽ ജനിച്ചിട്ടു കൂടി എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞു മനസ്സിനൊത്തു ശരീരത്തെയും ഒരു സ്ത്രീയായി മാറ്റി എല്ലാ പരീക്ഷണങ്ങളെയും ആത്‍മവിശ്വാസത്തോടെ മറികടക്കാൻ ധൈര്യം തന്നതിന്, തളർന്നുപോകാതെ പിടിച്ചുനിർതിയതിനു നന്ദി പറയുവാൻ ആണെനിക്കിഷ്ടം."



"വീട്ടിലേക്കു പിന്നീടൊരിക്കലും പോയില്ലേ "



"ഇല്ല "



"അച്ഛനും അമ്മയും "



" വീട്ടിലുണ്ട്, വാർദ്ധക്യം അവരെ തേടി എത്തിയപ്പോൾ ആരോഗ്യം ഷെയിച്ചപ്പോൾ ആണായും പെണ്ണായും പിറന്ന മക്കൾക്കു അവർ ബാധ്യതയായി, എല്ലാവരും അവരവരുടെ കുടുംബവും കാര്യങ്ങളും നോക്കി പോയി, ഇപ്പോൾ ഒരിക്കൽ ഒരു പുഴുത്ത പട്ടിയെപോലെ ആട്ടിഓടിച്ച ജീവനോടെയിരികെ ബലി അർപ്പിച്ച അവരുടെ സന്താനത്തിന്റെ വിയർപ്പിനാൽ സാമ്പാദിച്ച പണം കൊണ്ട് മരുന്നുകൾ വാങ്ങി, ഉണ്ടും ഉടുത്തും വാർദ്ധക്യ ജീവിതം തള്ളിനീക്കുന്നു. മോളെ എന്ന് ഒരിക്കൽപോലും വിളിച്ചിട്ടില്ല, ഇപ്പോൾ ഞാൻ അതു ആഗ്രഹിക്കുന്നുമില്ല, കാണണം എന്ന് ഒരിക്കൽപോലും ആവിശ്യപെട്ടിട്ടില്ല. ഞാൻ ആയിട്ട് അങ്ങോട്ട് പോയിട്ടുമില്ല. എനികൊട്ടും വിഷമമില്ല, സംതൃപ്തി മാത്രം, ഒരു മകളുടെ കടമ നിറവേറ്റി എന്നുള്ള സംതൃപ്തി മാത്രം.


നിങ്ങളെ എനിക്ക് ഇഷ്ടം ആണ്. ജീവിതത്തിൽ ആദ്യമായി അവജ്ഞക്കപ്പുറം ഒരു വികാരം എനിക്കായി ഒരാളുടെ കണ്ണുകളിൽ തെളിഞ്ഞത് നിങ്ങളിൽ ആണ്. നിങ്ങളിൽ ഞാൻ നന്ദി കണ്ടു, ആരാധന കണ്ടു, സ്നേഹം കണ്ടു, ബഹുമാനം കണ്ടു, എന്നാൽ ഒരിക്കൽ പോലും ഈ കണ്ണുകളിൽ അവഗണനയോ പരിഹാസമോ അറപ്പോ കണ്ടില്ല. അതു തന്നെയാണ് നിങ്ങളെ ഇഷ്ടപെടുവാനുള്ള കാരണവും.എന്നെപ്പോലുള്ള ഒരാൾ നിങ്ങൾക്കു ചേരില്ല, നിങ്ങളെപ്പോളൊരാൾക്ക് പൂർണതയുള്ള ഒരു പെണ്ണിനെ കിട്ടും, എന്ന ക്ലിഷേ ഡയലോഗ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം എന്റെ കണ്ണിൽ ഞാൻ പൂർണയാണ്. എന്റെ പൂർണത എന്റെ മനസാണ്. നിങ്ങൾക്കും അങ്ങനെ ആയതുകൊണ്ടാണലോ നമ്മൾ രണ്ടാളും ഇപ്പോൾ ഇവിടെ നില്കുന്നത്.

ഈ ഒറ്റപ്പെടലിന്റെ ജീവിതത്തിൽ പരസ്പരം ഒരു കൈത്താങ്ങാക്കുവാൻ എനിക്ക് സമ്മതം ആണ്. പക്ഷെ ഒരു നിബന്ധന ഉണ്ട്. എപ്പോഴെങ്കിലും ഈ തീരുമാനം തെറ്റായി തോന്നിയാൽ ഈ കണ്ണുകളിൽ എന്നോടുള്ള അറപ്പു വെളിവാകുന്നതിനു മുൻപേ അതെന്നോട് പറയണം. പൂർണമാനസ്സോടെ മാറി തരും ഞാൻ.പക്ഷെ എന്റെ ആത്മാഭിമാനത്തിനെ വൃണപ്പെടുത്തിയാൽ സഹിക്കാനോ പൊറുക്കാനോ എനിക്ക് സാധികില്ല. "



 

"മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുകയും, മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിന്റെ വികൃതമായ ചേഷ്ട കണ്ടും അനുഭവിച്ചും വളർന്നവൻ തന്നെയാണ് ഞാനും. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ സൃഷ്ടി ആണ് നീ പ്രതീക്ഷ. നീ എന്റെ ജീവിതത്തിലേക്കു വരുന്നതിൽ പരം ഒരു ഭാഗ്യം ഈ ജന്മം എനിക്ക് ലഭിക്കുവാനില്ല. ഈ നെഞ്ചിലെ ശ്വാസം നിലക്കുന്നത് വരെ ഈ മാണിക്യത്തെ കൈവിടില്ല ഞാൻ. ഇരുപുഴയിൽ നിന്നും ഒരു പുഴയായി നമുക്ക് ഒഴുകാം. മരണം എന്ന സമുദ്രത്തിൽ അലിഞ്ഞു ചേരുന്നത് വരെ."

 

 


അവനായി വിരിഞ്ഞ അവളിൽ അവനു ഏറ്റവും പ്രിയപ്പെട്ട പുഞ്ചിരി തന്നെയായിരുന്നു അവനായിയുള്ള അവളുടെ മറുപടി.



അവർ ഒരുമിച്ചു കൈകോർത്തു ആഹ് മണൽപരപ്പിലൂടെ നടന്നു. അവരുടെ ചുവടുകൾ ഒരുപോലെ മണ്ണിൽ പതിഞ്ഞു. തിരമാലകൾ അവരുടെ പാതങ്ങൾ തഴുകി. കാറ്റ് അവരെപുൽകി കടന്നുപോയി. പ്രകൃതിയുടെ ആശിർവാതത്തോടെ അവർ അവരുടെ പുതുജീവിതത്തിലേക്കു ചുവടുകൾ വെച്ചു. മതിൽക്കെട്ടുകൾ ഭേധിച്ചു ഇരു പുഴ ചേർന്നു ഒരു പുഴയായി ഒഴുകാൻ.



ശുഭം..🙏